Sunday, May 25, 2008

ഈച്ചയാര്‍ക്കുന്ന മുന്തിരിയുണ്ടെങ്കില്‍ ഒരു കിലോ...


കാശ്മീരം മുതല്‍ കാശ്മീരി ചില്ലി വരെയുള്ള മിക്കവാറും എല്ലായിനം മസാല, ധാന്യ, പരിപ്പു, പയര്‍ വര്‍ഗങ്ങളും വാങ്ങി വൃത്തിയാക്കി പൊടിച്ചോ പൊടിക്കാ‍തെയോ പാക്കറ്റുകളിലാക്കി ബ്രാന്‍ഡ് നെയിമൊട്ടിച്ച് കച്ചവടം നടത്തി ജീവിക്കുന്ന ഒരു പരിചയക്കാരനുണ്ടെനിക്ക്. ആ ചെറുപ്പക്കാരന് കഴിഞ്ഞ ദിവസം ഒരു സര്‍ദാര്‍ജിയുടെ ഫോണ്‍. സംഭവം ഭീഷണിയാണ്. ആ സര്‍ദാര്‍ജി എന്റെ പരിചയക്കാരന്റെ ബ്രാന്‍ഡ് വെള്ളപ്പയര്‍ ഒരു പാക്കറ്റ് വാങ്ങിയിരുന്നു. തുറന്നു നോക്കുമ്പോള്‍ നിറയെ പ്രാണികള്‍. സര്‍ദാര്‍ജിയുടെ ആവശ്യം വിചിത്രമായിരുന്നു. 'നഷ്ടപരിഹാരമായി' ഉടന്‍ 50,000 ലോക്കല്‍ കറന്‍സി അയാള്‍ക്ക് കൊടുക്കണം - അല്ലെങ്കില്‍ അയാള്‍ മുനിസിപ്പാലിറ്റിയില്‍ പരാതിപ്പെടും, പത്രങ്ങളിലൂടെ വാര്‍ത്ത പ്രചരിപ്പിക്കും.

പയറില്‍ പ്രാ‍ണികളെ കണ്ടതറിഞ്ഞ് എന്റെ പരിചയക്കാരന്‍ അത്ഭുതമൊന്നുമുണ്ടായില്ല. കാരണം ഇത് ചിലപ്പോള്‍ സംഭവിക്കാറുള്ളതാണ്. അയാള്‍ പറഞ്ഞു "സര്‍ദാര്‍ജീ, ഞങ്ങള്‍ പരിപ്പും പയറുമൊന്നും പാക്കു ചെയ്യുമ്പോള്‍ കേടുകൂടാതിരിക്കാനും പ്രാണികളും പുഴുക്കളും വരാതിരിക്കാനും കെമിക്കത്സൊന്നും ചേര്‍ക്കാറില്ല. അത്തരം കെമിക്കലുകളും പുക കയറ്റലും നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ്. ഈ പ്രാണികള്‍ വന്നുവെന്നത് ഞങ്ങളുടെ പ്രൊഡക്റ്റിന്റെ ഉയര്‍ന്ന ഗുണനിലവാരത്തെയാണ് കാണിക്കുന്നത്. ഏതായാലും നമ്മളാരും പ്രാണികളെ ഭക്ഷിക്കാത്തതുകൊണ്ട് ഞങ്ങള്‍ നല്ലതു നോക്കി രണ്ടു പാക്കറ്റ് പയര്‍ നിങ്ങള്‍ക്കു തരാം". 50000 കാശ് പിടുങ്ങാനിരിക്കുന്ന സര്‍ദാര്‍ജിയുണ്ടോ ഇതുവല്ലതും കേള്‍ക്കുന്നു? "നിങ്ങളെ ഞാന്‍ അഴിയെണ്ണിക്കും" എന്നാക്രോശിച്ചുകൊണ്ട് സര്‍ദാര്‍ജി ഫോണ്‍ വെച്ചു.

ഭക്ഷ്യവസ്തുവില്‍ പുഴുക്കളേയും പ്രാണികളേയും കാണുന്നത് എവിടെയായാലും ചില്ലറക്കാര്യമല്ല. എന്തായാലും എന്റെ പരിചയക്കാരന്‍ കുലുങ്ങിയില്ല.കാരണം അയാള്‍ പറഞ്ഞത് സത്യമായിരുന്നു. ഭക്ഷ്യവസ്തുക്കള്‍ കേടുകൂടാതിരിക്കാന്‍ അവ പാക്ക് ചെയ്യും മുമ്പ് മാരകമായ കെമിക്കലുകള്‍ ചേര്‍ത്ത പുക കയറ്റലും ലായനി തളിക്കലും ഒരിക്കലും ചെയ്തിട്ടില്ലാത്ത ഒരു കച്ചവടക്കാരനായിരുന്നു അയാള്‍.

എന്തായാലും സര്‍ദാര്‍ജി മുനിസിപ്പാലിറ്റിയില്‍ ചെന്ന് പരാതിപ്പെട്ടു. ഫാക്ടറി വന്ന് കണ്ടപ്പോള്‍ മുനിസിപ്പാലിറ്റിക്കാര്‍ക്ക് കാര്യം മനസ്സിലായി. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ സര്‍ദാര്‍ജി വിജയിച്ചു. പീയാര്‍ ഏജന്‍സികള്‍ കൊടുക്കുന്ന ബിസിനസ് വാര്‍ത്തകളും ഗവണ്മെന്റ് വക വികസന വാര്‍ത്തകളും മാത്രം കൊടുത്താല്‍പ്പോരല്ലൊ, ഇന്‍.വെസ്റ്റിഗേറ്റീവ് ജീര്‍ണലിസത്തിന്റെ മസാല വല്ലതും വേണ്ടേ - അതുകൊണ്ടുതന്നെയാവണം കേട്ടപാതി ഒരു പത്രം അതില്‍ കൊത്തി. മൂന്നാം പേജില്‍ ആണ്ടെ കെടക്കുന്നു കളര്‍ ഫോട്ടോ സഹിതം വാര്‍ത്ത. അല്‍പ്പം പൊളിഞ്ഞിരിക്കുന്ന പാക്കറ്റിന്റെ വായിലൂടെ പ്രാണികള്‍ അരിച്ചിറങ്ങുന്ന നാടകീയ ചിത്രം. ബ്രാന്‍ഡിനെ പേരു പറഞ്ഞ് അപമാനിച്ച്, സര്‍ദാര്‍ജിയുടെ കദനകഥ പ്രാണികളേയും ചേര്‍ത്ത് വിഴുങ്ങിക്കൊണ്ട് ആ പത്രം കത്തിക്കയറി. ഒടുവില്‍ എന്റെ പരിചയക്കാരന്‍ വിളിച്ച് വിശദീകരണം കൊടുത്തതോടെ അതും തേഞ്ഞുമാഞ്ഞു പോയി. [ബ്രാന്‍ഡിനിട്ട് കൊടുത്ത ഡാമേജ് ബാക്കി].

പ്രായം ചെന്നവരേയും ഗുരുനാഥന്മാരെയും കുഞ്ഞുങ്ങളേയും കാണാന്‍ പോകുമ്പോള്‍ വെറും കയ്യോടെ പോകരുതെന്നാണ് നീതിസാരം അനുശാസിക്കുന്നത്. ഇതറിഞ്ഞിട്ടൊന്നുമായിരിയ്ക്കില്ല, എന്നാലും വിരുന്നുപോകുമ്പോള്‍ മിക്കവാറും മലയാളികള്‍ കയ്യിലെന്തെങ്കിലും കരുതും. അതുകൊണ്ടാണ് ചെറുപട്ടണങ്ങളെ മുത്തുകള്‍ പോലെ കോര്‍ത്തുണ്ടാക്കിയ കേരളത്തില്‍ മുത്തിന് മുത്തിന് [മുട്ടിന് മുട്ടിന്] ബേക്കറികള്‍. വിരുന്നിനു പോകുമ്പോള്‍ ആപ്പ്ളോ മുന്തിരിയോ ഓറഞ്ചോ ചോക്കലേറ്റോ കടലമാ‍വ് വിവിധ രൂപങ്ങളിലും വര്‍ണങ്ങളിലും വറുത്തതോ പ്ലാസ്റ്റിക് സഞ്ചിയിലാക്കി കൊണ്ടുപോയി കാഴ്ച വെയ്ക്കേണ്ടുന്നത് ഒരുപാട് കാലമായുള്ള അലംഘനീയമായ നാട്ടുനടപ്പാണ്.

[തിരുവോണത്തിന്റന്നും വിഷുവിനും ഉച്ചകഴിഞ്ഞാല്‍ 'മാമന്റോടയ്ക്ക്' വിരുന്നു പോകുന്ന അമ്മയേയും മക്കളെയും കാത്ത് മധ്യകേരളത്തിലെ ജംഗ്ഷനുകളിലൊക്കെയും ബേക്കറികളും ഫ്രൂട്ട്സ്റ്റാളുകളും തപസ്സു ചെയ്യുന്നു].

എന്നാല്‍ കേരളത്തിലെ ഈ പീടികക്കാര്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന മുന്തിരിയും മറ്റും ഈച്ചയാര്‍ക്കുന്നതല്ലെങ്കില്‍ ഇക്കാലത്ത് ഒരു മനുഷ്യനും അതിലേയ്ക്ക് തിരിഞ്ഞുനോക്കില്ലെന്ന് കേട്ടപ്പോള്‍ എനിക്ക് ശരിക്കും കൌതുകമായി. [ഞാനാ നാട്ടുകാരനല്ലല്ലൊ. പിന്നെ ഏതു നാട്ടുകാരന്‍ എന്ന് ചോദിക്കല്ലേ, ആ‍?]

വിഷം മുക്കാതെ വളര്‍ത്തിയതോ പാക്ക് ചെയ്തതോ ആയ പഴങ്ങളിലേ ഈച്ചയാര്‍ക്കുകയുള്ളുവെന്ന് കേരളത്തിലുള്ളവര്‍ മനസ്സിലാക്കിക്കഴിഞ്ഞുവത്രെ. [ഈച്ചകളുടെ പിന്നാലെ പോയി മനസ്സിലാക്കി. സോളമന്റെ കഥ ഞാനോര്‍ത്തു].

കേള്‍ക്കാന്‍ സുഖമുണ്ടായിരുന്നു ആ വാര്‍ത്ത കേള്‍ക്കാന്‍.

സര്‍ദാര്‍ജിയുടെയും പത്രലേഖികയുടെയും ഫോണ്‍ നമ്പറുകള്‍ കിട്ടിയിരുന്നെങ്കില്‍, അവരോടും പറയാമായിരുന്നു ഈ വിവരം .

ആ പയറു തിന്നാന്‍ ഭൂമിയുടെ അവകാശികളായ പ്രാണികള്‍ക്കും അവകാശമുണ്ടെന്ന് പറയാമായിരുന്നു. അല്ലെങ്കില്‍ ഒരുപാട് ജന്തുക്കളെ തിന്നുന്നതല്ലേ, പ്രാണികളോട് മാത്രം എന്തിനാണ് അറപ്പ് എന്ന് ചോദിക്കാമായിരുന്നു.

വെറും പഞ്ചസാര മാത്രമുള്ള ആപ്പ് ളിനെ an apple a day keeps the doctor away എന്ന് പഴഞ്ചൊല്‍.വത്കരിച്ചത് അമേരിക്കയിലെ ആപ്പ് ള്‍ കൃഷിക്കാരുടെ താല്‍പ്പര്യത്തിനുവേണ്ടിയാണെന്ന് പണ്ടേ വിശ്വസിച്ചിരുന്നു. എന്നാല്‍ മിക്കവാറും എല്ലായിടത്തും ഇന്ന് വാങ്ങാന്‍ കിട്ടുന്ന ആപ്പ് ളുകള്‍ മാസങ്ങളോളം കേടുകൂടാതിരിക്കുമെന്നും അതിന്റെ രഹസ്യം അവ ഏതോ രാസപദാര്‍ത്ഥങ്ങളാല്‍ പോളിഷ് ചെയ്തതുകൊണ്ടാണെന്നും അറിയുമ്പോള്‍, സാമ്രാജ്യത്വത്തിനേക്കാള്‍ വലിയ, യൂണിവേഴ്സലായിത്തന്നെയുള്ള ആ മറ്റേ താല്‍പ്പര്യത്തിന്റെ ഭാഗമായിരിക്കുന്നല്ലോ ഞാനും എന്നോര്‍ക്കുമ്പോള്‍...

11 comments:

വേണു venu said...

ഇലക്കറികള്ക്കു് ഇല വാങ്ങുമ്പോള്‍‍ , ചീര പാലക്കു് തുടങ്ങിയവ പുഴു തിന്ന അടയാളമുണ്ടെങ്കില്‍‍ അതേ വാങ്ങാവൂ എന്നു പറഞ്ഞ ഉപദേശം ഞാനോര്‍ക്കുന്നു.
മരുന്നു വീഴാത്ത ഇലകള്‍‍...
വിഷം കലര്‍ന്ന ഭക്ഷണമാണോ എന്നു് പണ്ടു് രുചിച്ചു നോക്കാന്‍ വിനിയോഗിക്കപ്പെട്ടവരുടെ ജോലി പാവം പുഴുക്കള്‍‍ നിര്‍വ്വഹിക്കുന്നു...

അനോണി ആന്റണി said...

അപ്പ ഷാമ പലവ്യഞ്ജനം ബ്രാന്‍ഡിന്റെ ആള്‍ അണ്ണന്റെ കൂട്ടുകാരനാ അല്ലീ?

എന്തരായാലും നാട്ടിലെ കാര്യം ലിങ്ങനാ-

സുമത്തിയോണ്‍ മലത്തിയോണ്‍ ഡെമാക്രോണ്‍ എഴുകോണ്‍ (ഒക്കെ ബ്രാന്‍ഡനാ കെമിസ്റ്റ്രിക്കാരു ഹെക്സാക്കോണാസോള്‍ മൈക്ലോബുട്ടാനില്‍ എന്നൊക്കെ ഇതിലും കഷ്ടമായ പേരാ പറയണത്‌) തുടങ്ങിയ സാധനം അടിക്കാത്ത ഒരൊറ്റ മുന്തിരിയും നാട്ടില്‍ വിളയണില്ല. (ന്യൂസിലാന്‍ഡുകാരോട്‌ ചോദിച്ചാ ഈ സുനായൊന്നും അടിക്കാതെ മുന്തിരി ഉണ്ടാക്കാന്‍ എന്നാ പാടാണെന്ന് അവരു പറഞ്ഞ്‌ തരും)

ഈച്ചയുള്ളതേ തിന്നൂ എന്ന് നാട്ടുകാര്‍, ഈച്ച പോയിട്ട്‌ പൂച്ച തൊട്ടാലും ഒടനേ വടിയാകുന്ന സാധനമേ സ്റ്റോക്കും ഉള്ളു. പച്ചക്കറി കട ചാക്കുണ്ണിച്ചേട്ടന്‍ ( അങ്ങ്‌ ജമ്മു താവി മൊതല്‍ ഇങ്ങ്‌ കന്യാകുമാരി വരെ സകല പഴക്കടക്കാരും ഇതാ ചെയ്യണേ, എനിക്കു മാത്രമെന്തിനാ കുറ്റം എന്ന് ചാക്കുണ്ണിയണ്ണാവി) ചെയ്യുന്നത്‌ ഇതാണ്‌:

വീഞ്ഞപ്പലകേല്‍ മുന്തിരിങ്ങാ നിരത്തുന്നേനു മുന്നേ ഒരച്ച്‌ വെല്ലം (വടക്കത്തെ മലയാളത്തില്‍ ഒരു വല്യേ കോണ്‍ ശര്‍ക്കര) കലക്കി ഒരു പത്രത്താളില്‍ ഒഴിച്ചിട്ട്‌ വയ്ക്കും. അതിന്മേലാണ്‌ പഴം. വിവരമുള്ള ഈച്ചകള്‍ വിഷക്കനി തൊടാതെ ചക്കര മാത്രം തിന്നും, പോഴന്മാര്‍ ജനം അതു കണ്ട്‌ വാങ്ങിത്തിന്ന് വടിയാകും.

ആഷ | Asha said...

ഇന്നലെ ഈച്ചയാര്‍ക്കുന്ന കരിമ്പിന്‍ ജ്യൂസ് കുടിച്ചേയുള്ളൂ. ഈച്ചയുടെ വലിപ്പകുറവ് ശ്രദ്ധച്ചപ്പോഴാ തേനീച്ചയാണെന്ന് മനസ്സിലായേ. ഇനി മുതല്‍ ക്വാളിറ്റി ചെക്ക് അവര്‍ക്ക് വിടാം.

ഇവിടെ നല്ല സുന്ദരന്‍ മാങ്ങകള്‍ കിട്ടും ഒരു പൊട്ടും പൊടിയുമില്ലാത്ത നല്ല സ്വയമ്പന്‍ മഞ്ഞ നിറത്തിലെ മാങ്ങകള്‍. പക്ഷേ മണം ഒട്ടും കാണില്ല. പുഴുവിനെയൊന്നും മഷിയിട്ടു നോക്കിയാല്‍ കൂടി കിട്ടില്ല. കാര്‍ബൈഡ് ഇട്ടു പഴുപ്പിക്കണത്.
http://www.tribuneindia.com/2006/20060528/spectrum/main1.htm

ഇപ്പോ കിട്ടണ ആപ്പിളിന്റെ തൊലി ചെത്തി കഴിക്കണതു തന്നാ നല്ലത്. മുഴുവന്‍ രാസവസ്തുവും കീടനാശിനിയും വാക്സുമൊക്കെയാവും. :(

Nat said...

ഇതേ വിഷയത്തെപ്പറ്റിയുള്ള ഒരു നല്ല പോസ്റ്റ് ഇതാ ഇവിടെ
http://aaroral.blogspot.com/2008/02/blog-post_21.html

Rammohan Paliyath said...

അനോണിയേ, നമ്മള്‍ ട്യൂബ്ലൈറ്റ് ആയതുകൊണ്ട് ഈച്ചയാര്‍ക്കുന്നതേ ജനം വാങ്ങിക്കൂ എന്ന കാര്യം തന്നെ ഇപ്പഴാ അറിഞ്ഞെ. വണ്ടി അതും കഴിഞ്ഞ് അച്ചുവെല്ലത്തിലെത്തിയത് വായിച്ചപ്പൊ കിടുങ്ങിപ്പോയി. അച്ചുവെല്ലം ഒഴിക്കാത്ത മുന്തിരിയുണ്ടെങ്കില്‍ ഒരു കിലോ എന്നാക്കട്ടൊ തലക്കെട്ട്?

സൂര്യകാന്തീ, ലിങ്കിലെ കഥ രസികന്‍. പക്ഷേ അവസാ‍നം കൊണ്ടുപോയി ബോറാക്കി. പരിഷത്തുകാര്‍ക്കെന്താ വിശേഷാല്‍ ഉത്തരവാദിത്തം? ചെയ്തു തന്നതിനു തന്നെ അവരോട് നന്ദി പറ. കാടു വെട്ടിയപ്പോള്‍ തടയാന്‍ ചെന്നവരൊക്കെ ഇപ്പോള്‍ ഗള്‍ഫിലും അമേരിക്കയിലും ബാംഗ്ലൂരുമാ. ജീവിക്കണ്ടെ?

അഭയാര്‍ത്ഥി said...

ഈച്ചയെക്കാണുമ്പോള്‍ അറപ്പു തോന്നാത്തത്‌ കള്ളുംകുടത്തില്‍ മാത്രം.
ട്രന്‍സ്ഫോര്‍മേഷന്‍ കാലത്തിന്റെ ആവശ്യമാണ്‌. നമുക്കാവശ്യമുള്ള വലുപ്പത്തില്‍ തക്കാളിയും
ആപ്പിളും വിളയും. ആജ്ഞ അനുസരിച്ച്‌ വളരുകയും വളയുകയും വിളയുകയും ചെയ്യുന്ന വള്ളി, ചെടി, ആമരം ഈമരം
എന്നിവ ഉണ്ടാകും.
ആവശ്യമിലാത്ത പ്രാണികള്‍ ഉന്മൂലനത്തിന്ന്‌ -അനിഹിലേഷന്‌ വിധേയമാകും.

നമ്മുടെ ബലാല്‍സംഗത്തിന്ന്‌ വിധേയമാക്കപ്പെടുന്ന പൃകൃതി പരിണാമ വിധേയമായ നമ്മുടെ കുഞ്ഞുങ്ങളെ
പ്രസവിക്കും. എട്ടുകാലി മമ്മൂഞ്ഞും ഒറ്റക്കണ്ണന്‍ പോക്കരും നിറയുന്നതാകാം വരും കാല ഉലകം.

ഗോഡ്സില സിനിമ കണ്ടിറങ്ങുമ്പോള്‍ ഇതൊരു അയഥാര്‍ത്ഥ മായ ഭാവന്യാണെന്നൊ കല്‍പ്പനയാണെന്നോ കാവ്യയാണെന്നോ തോന്നിയില്ല.

ഞാന്‍ വെജിറ്റേറിയനാകണമെന്നും സ്വാത്വികനാകണമെന്നും കരുതിയിരുന്നു.
കാലത്തിന്റെ റബ്ബര്‍ ആ ചിന്തകളെ ഇറെയ്സ്‌ ചെയ്തു.
ഇപ്പോള്‍ ഞാന്‍ കിട്ടിയതീറ്റേറിയനാണ്‌. എനിക്ക്‌ ആടുന്നതെങ്കിലും മുറിക്കാവുന്ന ചവക്കാവുന്ന ഉളിപ്പല്ലും കോമ്പല്ലുമുണ്ട്‌.
അതുകൊണ്ട്‌ രസനകളെ അതിന്റെ പാട്ടിന്‌ വിടുന്നു. വയറു മുറിയേതിന്നിട്ടേ താത്വികജ്ഞാനത്തിലേക്ക്‌ കടക്കുകയുള്ളു.

നിറത്തെ തേര്‍തെടുക്കും മുഖത്തെ തേര്‍തെടുക്കും ഉരിമൈ ഉന്നിടത്തില്‍ ഇല്ലയ്‌ എന്ന്‌ അണ്ണന്‍ രജനി സെന്തിലിനെ നോക്കി പാടിയതെന്തിര്‌.

അനില്‍ശ്രീ... said...

റാം മോഹന്‍ജി,

ആ കഥ യഥാര്‍ത്ഥത്തില്‍ ഒരു സര്ദാര്‍ജി ആയിരുന്നല്ലേ ? അന്ന് ടൂറിസ്റ്റ് എന്ന് മാത്രമേ ഇവിടെ കണ്ടിരുന്നുള്ളൂ. ബാക്കി കഥ അറിഞ്ഞതിപ്പോഴാണ്.

പിന്നെ, ഒരു കാര്യം കൂടി.. ഈച്ചയാര്‍ക്കാത്തത് മുകളില്‍ വച്ച് ,അടിയിലിരിക്കുന്ന ഈച്ച പോലും തൊടാത്തതിന്റെ കച്ചവടം ആണല്ലോ കൂടുതല്‍ പേരും നടത്തുന്നത്. അപ്പോള്‍ പിന്നെ താഴെ ഇരിക്കുന്നതൊക്കെ നല്ലതായിരിക്കും എന്ന് നമുക്കങ്ങ് കരുതാം.

അനോണി ആന്റണി said...

എലിവെഷം വാങ്ങിച്ച്‌ തിന്നാലും ആ മാങ്ങ വാങ്ങിക്കല്ലേ ആഷേ.

എന്റെ ഭാര്യേടെ കൊച്ചനിയന്‍ ബൈക്കേല്‍ തെണ്ടിനടക്കുന്ന സമയത്ത്‌ വിജയവാഡയീന്നോ മറ്റോ ഈ കൊലയാളി മാങ്ങ വാങ്ങിത്തിന്നു.

രണ്ടാഴ്ച്ചയാ "ഒന്നും പറയാന്‍ പറ്റൂല്ല" എന്ന് ഡോക്റ്റര്‍മാര്‍ എഴുതിത്തള്ളിയ പരുവത്തില്‍ അടിമുടി ട്യൂബില്‍ കുരുങ്ങ്നി ആശുപത്രിയില്‍ കിടന്നത്‌. അളിയന്‍ അതിനു ശേഷം വീട്ടില്‍ നിന്നു പുറത്തിറങ്ങിയാല്‍ മാങ്ങ പോയിട്ട്‌ പച്ചത്തണ്ണി വാങ്ങിക്കൂല്ല, വെറയ്ക്കും.

വെള്ളെഴുത്ത് said...

ഞാന്‍ ഈച്ചയാര്‍ക്കുന്നതും പുഴുകടിച്ചതും വാങ്ങിയിരുന്നില്ല. ഇതുവരെ. തിന്നാനുള്ള സാതനങ്ങളില്‍ എന്തൊക്കെയോ കെമിക്കലുകള്‍ ചേര്‍ന്നു ആകെ ലോകം നശിക്കാന്‍ പോകുന്നു എന്നറിയാമായിരുന്നു.ഇപ്പോള്‍ തലയ്ക്കകത്തു ബള്‍ബു കത്തി. ഇനി പുഴുകുത്തിയതേ തിരഞ്ഞു പിടിക്കൂ..

Anonymous said...

EECHAYARKKUNNATHINTE GUNAM KANDETHIYA MALAYALIKKIDAYIL
ITHIRI SARKARA VELLAM THELICHAL
POLISHED VIDESHI APPILILUM EECHAYARKKUM ENNU KANDETHIYA
PAZHAKACHIDAKKARAN ABDUKKAYUM
MALAYALIYANU.............

ഉണ്ണി ശ്രീദളം said...

ഈച്ചയെ ആകര്‍ഷിക്കുന്ന മരുന്നു പുരട്ടിയ പഴങ്ങളാണ് പല സ്ഥലത്തും വില്ക്കുന്നത്

Related Posts with Thumbnails