Monday, December 22, 2008

കണ്ണൂർ, വിയ്യൂർ, പൂജപ്പുര, ഗൾഫ്


കണ്ണൂർ, വിയ്യൂർ, പൂജപ്പുര എന്നിവിടങ്ങളിലുള്ളതിനേക്കാൾ മലയാളികളുണ്ട് ഗൾഫിൽ.

കഴിഞ്ഞ വർഷം ഇങ്ങനെ ഒരു വാചകം എഴുതുമ്പോൾ എന്റെ ഉപബോധത്തിൽ മണികണ്ഠന്റെ പരോൾ കഥ എന്ന ഉണ്ടായിരുന്നിരിക്കണം.

1999-ൽ അബുദാബിയിലെ സർജുവിന്റെ ഫ്ലാറ്റിൽ വെച്ച് ചാലക്കുടിക്കാരൻ മണികണ്ഠനെ പരിചയപ്പെടാൻ കാരണമായത് 1998-ൽ മണികണ്ഠൻ എഴുതിയ മനോഹരമായ ആ കഥ തന്നെ. പ്രായം കൊണ്ട് എന്നേക്കാൾ ചെറുപ്പമാണെങ്കിലും 1996-ൽ തന്നെ മണികണ്ഠൻ ഗൾഫുകാരനായിരുന്നു, രണ്ടു വർഷം കഴിഞ്ഞ്, 1998 ഡിസംബറിൽ, ഞാനും. [അങ്ങനെ ഇക്കഴിഞ്ഞ ഡിസംബർ 18-ന് ഗൾഫിൽ ദശകം തികച്ചു].

കാണാതായ കഥകൾ എന്നൊരു കഥാസമാഹാരം മൾബെറി പ്രസിദ്ധീകരിച്ചിരുന്നത് ഓർക്കുന്നോ? മൂന്നോ നാലോ നല്ല കഥകളെഴുതി പിന്നെ നിതാന്തമൗനത്തിലാണ്ട എഴുത്തുകാരുടെ കഥകളായിരുന്നു ആ സമാഹാരത്തിലുണ്ടായിരുന്നത്. എഴുതാനൊന്നുമില്ലെങ്കിൽ എഴുതാതിരിക്കുന്നതു തന്നെ ഭംഗി. [പുതുതായൊന്നും എഴുതാനില്ലേൽ എഴുതാതിരിയെട കഴുവേറീ എന്നാണ് പണ്ടത്തെ ഒരു ആത്മാലാപം]. എഴുതാ‍ൻ വേണ്ടി എഴുതിയതും മാസ്റ്റർപീസുകളാക്കിയവർ ബഷീറിനേയും കാരൂരിനേയും പോലെ അതീവ ദുർലഭം.

അല്ലെങ്കിൽ ഏത് കൊലകൊമ്പന്റെയും കൊമ്പിയുടേയും മൊത്തം കഥകൾ എടുത്തുനോക്കൂ – കാലത്തിനെ അതിശയിക്കുന്നവ നാലോ അഞ്ചോ കാണും.

ഒരു പുംബീജം അടുക്കേണ്ട കടവിൽ പതിനായിരങ്ങൾ വന്ന് ആത്മാഹൂതി നടത്തുന്ന പ്രകൃതിയുടെ ധാരാളിത്തം എഴുത്തുകാർക്കും ബാധകം എന്നു കരുതി ക്ഷമിക്കാം.

മണികണ്ഠൻ ഭാഗ്യവശാൽ അത്തരൊരു ക്ഷമാപണം മുന്നോട്ട് നീട്ടുന്നില്ല. കാരണം മണികണ്ഠൻ അധികം എഴുതിയിട്ടില്ല. എഴുതിയ അപൂർവം കഥകളിൽ മുന്നിൽ നിൽക്കുന്നു പരോൾ. പിന്നീട് മണികണ്ഠന്റെ ബ്ലോഗിലും ആ കഥ പ്രസിദ്ധീകരിക്കപ്പെട്ടു. കഥ വായിക്കാൻ ഇവിടെ ക്ലിക്കുക.

മറ്റൊരു ബ്ലോഗറായ സനലിന്റെ സംവിധാനത്തിൽ പരോൾ ഇപ്പോൾ ഹ്രസ്വചിത്രമാകുന്നു. കാണാതായ മറ്റൊരു കുട്ടം കഥകളുടെ കൂട്ടത്തിൽ ഈ നല്ല കഥയെ ഭാവിയിൽ തെരയേണ്ടി വരില്ലെന്ന് സാരം. ബ്ലോഗന്നൂരിൽ നിന്ന് മൂന്നാല് പുസ്തകങ്ങളിറങ്ങി. ഒരു പ്രസാധക സംരംഭത്തിനു തന്നെ ബ്ലോഗുലകം ഈയിടെ വഴിതുറന്നു. ഒപ്പമിതാ ബ്ലോഗിൽ നിന്നു തന്നെ ഒരു സിനിമയും.

പലിശയും പറ്റുപടിയും വൈദ്യനും വാടകയും പകുത്തെടുക്കുന്ന ഖേദത്തിന്റെ ഇരുണ്ട ഭൂഖണ്ഡങ്ങളിൽ നിന്ന് സർഗശക്തിയുടെ മറ്റൊരു പരോൾ.

4 comments:

ബയാന്‍ said...

"കണ്ണൂർ, വിയ്യൂർ, പൂജപ്പുര, ഗൾഫ് " - കഥ യുടെ തുടക്കവും ഒടുക്കവും ഈ വരി തീര്‍ത്തിരിക്കുന്നു.

സജീവ് കടവനാട് said...

അടുത്തമാസം എനിക്കു പരോളാണെന്ന് ഇനി ധൈര്യമായി പറയാം.

yousufpa said...

നല്ലത് കേട്ടപ്പോഴും കണ്ടപ്പോഴും തോന്നിയ സന്തോഷം ഇപ്പോഴും തോന്നി.

Unknown said...

നല്ല ഒരു കഥ കാണിച്ചു തന്നതിന്.... നന്ദി..

Related Posts with Thumbnails