Saturday, February 9, 2008

തിമിംഗലവേട്ടക്കാരന്‍ ചീഞ്ഞകക്ക വാരുന്നു


എഴുപതുകളിലെ സിനിമാപ്പാട്ടുകളായിരുന്നു ജീവിതത്തിലെ ആദ്യസന്തോഷങ്ങളിലൊന്ന്. അവ കേള്‍പ്പിച്ചു തന്ന കെല്‍ട്രോണിന്റെ ആ പഴയ ട്രാന്‍സിസ്റ്റര്‍ റേഡിയോ, കെല്‍ട്രോണിനെപ്പോലെ തന്നെ വിസ്മൃതമായി (ഇലക്ട്രോണിക്സ് എന്ന വാക്കു തന്നെ പ്രചാരത്തിലാവും മുമ്പേ അങ്ങനെയൊരു സംരംഭത്തിന് കേരളത്തില്‍ തുടക്കമിട്ട ടി. വി. തോമസിന്റെയും കെ. പി. പി. നമ്പ്യാരുടെയും ജീനിയസ്സിനും ദീര്‍ഘദര്‍ശനത്തിനും പ്രണാമം. അങ്ങനെയൊരു ആധുനികത ഏറ്റുവാങ്ങാന്‍ അന്നും ഇന്നും പക്വതയോ കെല്‍പ്പോ ഇല്ലാത്ത മലയാളനാടേ, നിനക്ക് ഹാ, കഷ്ടം!)

റേഡിയോയും അതുണ്ടാക്കിയ കമ്പനിയും അത് കേട്ട കാലവും അത് കേട്ട് വികാരം കൊണ്ട മനസ്സും മാറിപ്പോയി. ഭാഗ്യം, പാട്ടുകളില്‍ ചിലത് എല്ലാത്തിനെയും അതിജീവിക്കുന്നു. ആയതിനാല്‍ വലുതാകുമ്പോള്‍ (ഇനിയും വലുതായിട്ടില്ല കെട്ടൊ, വയസ്സ് നാല്‍പ്പത്തൊന്നേ ആയിട്ടുള്ളു. അതുകൊണ്ട് കഴിഞ്ഞൊരു പോസ്റ്റിന് കിട്ടിയ 'ഭാവിയുണ്ട് മകനേ' എന്ന കമന്റ് സീരിയസ്സായി എടുക്കുന്നു) ആയതിനാല്‍ വലുതാകുമ്പോള്‍ ആരാകണമെന്ന് ചോദിച്ചാല്‍ ഇപ്പോഴും പറയും ഒരു സിനിമാപ്പാട്ടെഴുത്തുകാരനാകണമെന്ന്. വയലാറും ഭാസ്ക്കരനും ഓയെന്‍.വിയും ശ്രീകുമാരന്‍തമ്പിയും ദേവരാജനും ബാബുരാജും ദക്ഷിണാമൂര്‍ത്തിയും എംബീയെസ്സും കെ. രാഘവനും അര്‍ജുനനും യേശുദാസും ജയചന്ദ്രനും ജാനകിയും സുശീലയുമെ‍ല്ലാം ഒത്തുപിടിച്ചിട്ടാണ് കൌമാരം കടന്നുകിട്ടിയത്. വര്‍ഷങ്ങള്‍ നീണ്ട ഒരു കര്‍ക്കടകം.

വലിയ സംഗീതരാജാവായ ഇളയരാജ ആദ്യമായി മലയാളഗാനങ്ങള്‍ക്ക് ഈണമിട്ടത് 'ദൂരം അരികെ' എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നുവെന്നാണോര്‍മ. അതിന്റെ റെക്കോഡിംഗിനിടെ ആദ്യമായി കണ്ടപ്പോള്‍ രാജ തന്റെ കാലു തൊട്ടു വന്ദിച്ചതിനെപ്പറ്റി ഓയെന്‍.വി എഴുതിയിരുന്നു. പിന്നീട് വളരെക്കാലം കഴിഞ്ഞ്, എന്തിന്റെ പേരിലാണെന്നറിയില്ല, നമ്മുടെ എക്കാലത്തെയും വലിയ കവികളിലൊരാളായ ബാലചന്ദ്രന്‍ ചുള്ളിക്കാട് സിനിമാപ്പാട്ടുകളുടെ പേരില്‍ ഓയെന്‍.വിയെ പരിഹസിച്ചതു വായിച്ചപ്പോള്‍ ഓയെന്‍.വിയുടെ ദൂരത്തുള്ള ഓര്‍മകള്‍ വീണ്ടും അരികില്‍ വന്നു. അന്തരശ്രു സരസ്സിലെ കക്ക വാരലല്ല, സംസാരസാഗരത്തിലെ തിമിംഗലവേട്ടയാണ് കാവ്യോപാസന എന്നായിരുന്നു ബാലചന്ദ്രന്റെ കൊള്ളിവാക്കുകള്‍.

എബ്രഹാം & ലിങ്കണ്‍ എന്ന സിനിമയ്ക്കു വേണ്ടി അടുത്തകാ‍ലത്ത് ചുള്ളി എഴുതിയ ഒരു പാട്ടുകേട്ടപ്പോളോ - ആ കൊള്ളിവാക്കുകളിലെ കനലെല്ലാം കെട്ട് അവ വെറും കൊതിക്കെറുവിന്റെ കരിക്കട്ടകളായി. 'നിന്റെ കാണാത്ത മാമ്പഴങ്ങള്‍ കാന്താരീ ഞാനൊന്നു കണ്ടോട്ടെ' എന്നിങ്ങനെ അതീവദയനീയമായാണ് അതിലെ ഒരു വരിയുടെ വരിയുടഞ്ഞ പോക്ക്. പിന്മുറക്കാരായ ബീയാര്‍ പ്രസാ‍ദും ശരത്ചന്ദ്രവര്‍മയും പഠിച്ച ഗുട്ടന്‍സ് പോലും കമിഴ്ന്നടിച്ചു വീഴുമ്പോള്‍ ബാലചന്ദ്രന് സ്വപ്നം കാണാന്‍ പറ്റുന്നില്ല.

മലയാളത്തിലെ അവസാനത്തെ ലക്ഷണമൊത്ത കവിയായ ചുള്ളി എത്രയോ കാലമായി ഇങ്ങനെ സിനിമാപ്പാട്ടെഴുതാനും സിനിമയിലഭിനയിക്കാനും ശ്രമിച്ച് പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. ഒടുവില്‍ കാണുമ്പോള്‍ സുരേഷ് ഗോപിയുടെ ചിന്താമണിയിലും മമ്മൂട്ടിയുടെ രാപ്പകലിലും പിഷാരടിമാഷായി അദ്ദേഹം പഴത്തൊലി ചവിട്ടുന്നു.

ട്യൂണിനൊപ്പിച്ച്, തീമിനൊപ്പിച്ച് എഴുതുമ്പോളുള്ള കുറവുകള്‍ എന്ന് പറയല്ലേ. അതല്ലേ ഈ കളിയുടെ ഒന്നാം നിയമം? ഉദരനിമിത്തം എന്നു പറഞ്ഞിട്ടും കാര്യമില്ല. അത്രയ്ക്ക് വലുതാണോ കാവ്യോദരം? [പിഷാരടി സമാജക്കാര്‍ ഇതു വായിച്ച് തല്ലാന്‍ വരല്ലേ എന്നും ഒരപേക്ഷ. ചെറുകാടിനെപ്പോലുള്ളവരെയൊക്കെ അറിയാതെയോ അവഗണിച്ചോ, ഇന്നസെന്റ് മുതല്‍ ഇപ്പോള്‍ ചുള്ളി വരെയുള്ളവരെ അങ്ങനെയൊക്കെ പേരിട്ട് ഇറക്കുന്ന രഞ്ജി പണിക്കരോടോ രഞ്ജിത്തിനോടോ വേണം ചോ/ഭേ-ദ്യം].

ചുരുക്കിപ്പറഞ്ഞാല്‍ ഗാനരചന വേറെ ബോളു കൊണ്ടുള്ള കളിയാണ്. പരിഹസിക്കാന്‍ മാത്രം അത് മോശവുമല്ല. പൊന്നരിവാളമ്പിളിയില് എന്ന ഒറ്റപ്പാട്ടുമതി ചുണ്ടുകളിലും ചരിത്രത്തിലും ഓയെന്‍.വിയുടെ പേര് അനശ്വരമാക്കാന്‍. അതേസമയം കവിതയുടെ കാര്യം പറയുകയാണെങ്കിലോ - ഓയെന്‍.വിക്കവിത അമ്പിളിക്കലപോലെ തന്നെ ഒതുങ്ങി നില്‍ക്കുമ്പോള്‍ ബാലചന്ദ്രന്‍ മലയാളകവിതയുടെ പതിനാലാം രാവായി നിറനിലാവ് പരത്തുന്നു. (അമാവാസി എന്ന കവിത എഴുതിയത് ബാലചന്ദ്രനാണെങ്കിലും ബാലചന്ദ്രന് ശേഷമുള്ള മലയാളകവിതയ്ക്ക് മൊത്തത്തിലാണ് ആ പേര് കൂടുതലിണങ്ങുക). ആ ബാലചന്ദ്രനാണ് പറ്റാത്ത പണിയെടുത്ത് വെറുതെ സ്വയം വഷളാകുന്നത്. സിനിമയിലും സീരിയലിലും അഭിനയിക്കുന്നതും സിനിമാപ്പാട്ടെഴുതുന്നതും മറ്റും ജീവിക്കാന്‍ വേണ്ടിയാണെന്നാണ് ഇത്തരക്കാരുടെ വാദം. ഇവര്‍ക്കൊക്കെ വന്ന് നിരങ്ങാന്‍ പാകത്തിന് അത്ര മോശം ഫീല്‍ഡുകളാണോ ഇതെല്ലാം? അല്ലെന്ന് എത്ര പ്രഗല്‍ഭമതികള്‍ തെളിയിച്ചിരിക്കുന്നു, തെളിയിച്ചുകൊണ്ടിരിക്കുന്നു.

ഈതറിന്റെ മണമുള്ള മുറിയില്‍ ഉടലാകെ മലം പുരട്ടി ശവച്ചെണ്ട കൊട്ടുന്ന പോലെ എളുപ്പമല്ല സിനിമാപ്പാട്ടെഴുതാന്‍. സംസാരസാഗരത്തിലെ തിമിംഗലവേട്ട അറിയാവുന്നവര്‍ അത് ചെയ്യുക. അവരെന്തിന് അന്തരശ്രുസരസ്സിലെ കക്ക വാരാന്‍ വരണം, എന്തിന് സ്വര്‍ണമാമ്പഴം എന്ന് വീമ്പിളക്കി പുഴുക്കള്‍ നുളയ്ക്കുന്ന ചീഞ്ഞമാമ്പഴം വില്‍ക്കാന്‍ നടക്കണം?

25 comments:

One Swallow said...

‘പിഷാരടിമാഷ്’ പാട്ടെഴുതുന്നു. എങ്ങനെ സഹിക്കും?

പരാജിതന്‍ said...

രാംസ്,
ബാലചന്ദ്രന്‍ ബ്ലോഗെഴുതിയ സമയത്ത് ഒരു സിനിമാപ്പാട്ട് ബ്ലോഗിലിട്ടിരുന്നെന്ന് ഓര്‍‌മ്മ. (വരിയൊന്നും ഓര്‍‌മ്മയില്ല.) സിനിമയ്ക്ക് പാട്ടെഴുകയെന്ന അപ്ലൈഡ് ആര്‍‌ട്ട് നല്ല പ്രാഗത്ഭ്യം ആവശ്യമുള്ള സംഗതിയാണെന്നും അദ്ദേഹം എഴുതിയിരുന്നു, അവിടെ.

(പിന്നീട്, ഭാസ്‌കരന്‍ മാഷിനെക്കുറിച്ച് ‘പാട്ടിന്റെ പാലാഴി’ എന്നൊരു കുറിപ്പും ആ ബ്ലോഗില്‍ വന്നായിരുന്നു.)

ഹരിശ്രീ (ശ്യാം) said...

ഹയ്യോ ഈ പാട്ട് , ചുള്ളിക്കാട് എഴുതിയതാണോ? കലാഭവന്‍ മണി തന്നെയാണ് എഴുതിയതെന്നാണ് ഞാന്‍ നേരത്തെ വിചാരിച്ചത്. എന്നാലും ഒരു മിനിമം സ്റ്റാന്‍ഡേര്‍ഡ് എങ്കിലും വേണ്ടേ മലയാളത്തിലെ പഴയ ഈ മഹാക(ഞ്ചാ)വിക്കു ? [ youtube സ്ലോ ആയിരുന്നു പിന്നെ പാട്ട് ഇവിടുന്നു തപ്പിയെടുത്തു. ]

sathi said...

maambazham puzhukkallengilum thinnumallonnu samadhanikkam.but!

സിമി said...

ആദ്യം ചോദിക്കാനുള്ളത് വലിയൊരു ഓഫ് ടോപ്പിക്ക് ചോദ്യമാണ്.

നന്നായി കവിതയും കഥകളും എഴുതാന്‍ കഴിയുന്ന നിങ്ങള്‍ (ഹരിതകത്തിലെ ഒറ്റക്കവിത മതി നിങ്ങളുടെ പ്രതിഭ അറിയാന്‍) എന്തിന് ഇങ്ങനെ കുറിപ്പുകള്‍ മാത്രം എഴുതുന്നു? ഗള്‍ഫിലെ ചൂടടിച്ച് കവിതയും കഥയും വറ്റിപ്പോയോ? മഴക്കാലത്തെങ്കിലും ഒന്നു തളിര്‍ത്തൂടേ? (മഴകഴിഞ്ഞ് മരുഭൂമിയില്‍ പോയിനോക്കൂ. നിറയെ പൂക്കളായിരിക്കും).

എന്തിനു ബാലചന്ദ്രനെ കുറ്റം പറയുന്നു. സ്വന്തം സര്‍ഗ്ഗവാസനകളോട് നീതിപുലര്‍ത്താത്ത എല്ലാവരും ഫ്രീസറില്‍ വെച്ച മത്സ്യങ്ങളാണ്. നീലക്കടലില്‍ നെറ്റിയില്‍ നിന്നും പൂക്കുറ്റിപോലെ വെള്ളം ചീറ്റുന്ന തിമിംഗലങ്ങളല്ല.

ഇനി ടോപ്പിക്ക്: ചുള്ളിക്കാട് എന്തു ചെയ്യുന്നു, എന്തു പറയുന്നു എന്നത് അത്ര പ്രധാനമല്ല. ചുള്ളിക്കാട് എഴുതിയിട്ടേച്ചുപോയ ചില കവിതകളാണ് ചുള്ളിക്കാടിനെ ഡിഫൈന്‍ ചെയ്യുന്നത്. പുള്ളി മുന്‍പ് പ്രാര്‍ത്ഥിച്ചതിനു മുകളില്‍ മൂത്രിക്കും, മൂത്രിച്ചതിനു ദിവ്യത്വം കല്‍പ്പിക്കും. കലാകാരനാണ് എന്ന പരിഗണനയില്‍ ഇതും സീരിയല്‍, സിനിമാഭിനയവും മറ്റു കോപ്രായങ്ങളും ക്ഷമിക്കാം. കലാകാരന്‍ ഇന്റഗ്രിറ്റി കലയില്‍ മാത്രം കാണിച്ചാല്‍ മതി, ജീവിതത്തില്‍ കാണിക്കണ്ടാ.

നമ്മള്‍ പാതിദിവ്യത്വം നല്‍കി ചുള്ളിക്കാടിനെ ഗോപുരത്തിനു മുകളിലിരുത്തിയപ്പോള്‍ മുകളിലിരുന്നു തോന്നുന്ന സാധാരണ ഭ്രമങ്ങളാണ് ചുള്ളിക്കാടിന്റെ അഭിപ്രായങ്ങളും കോപങ്ങളും എന്നു തോന്നാറുണ്ട്. വിരലുകള്‍ പൊള്ളുന്ന കവിതകള്‍ പുള്ളി ഇനിയും എഴുതട്ടെ എന്നുമാത്രം ആശംസിക്കുന്നു.

സുമേഷ് ചന്ദ്രന്‍ said...

ഒരിക്കല്‍ ടി വിയില്‍ വന്ന ടി പാട്ട് അഞ്ചര വയസ്സുള്ള മോളേറ്റു പാടിയപ്പോള്‍ “ച്ഛ്ഹീ ...അപ്പിപ്പാട്ട്..” എന്നും പറഞ്ഞ് വിലയ്ക്കിയിരുന്നു. മണിയുടെ തന്നെ വരികളായിരിയ്ക്കുമെന്നാ ഇതുവരെ കരുതിയിരുന്നത്.
“നഷ്ടപ്പെട്ട ദിനങ്ങളുടെ ‘എഴുത്തുകാരന്‍‘..” വിലാപത്തിന്‍ നദി പോലിരുണ്ടൊരു പാത താണ്ടുന്നു, അല്ലെ?

vadavosky said...

1. എന്റെ സിനിമയ്ക്‌ പാട്ടെഴുതാന്‍ നിന്നെ വിളിക്കാം.

2.ട്യൂണിനനുസരിച്ച്‌ പാട്ടെഴുതാനാണ്‌ എളുപ്പം.

3. 'നിന്റെ കാണാത്ത മാമ്പഴങ്ങള്‍ കാന്താരി ഞാനൊന്നു കണ്ടോട്ടെ' എന്ന വരികള്‍ 'ചോളീ കേ പീച്ചേ ക്യാ ഹേ' എന്നത്‌ കോപ്പിയടിച്ചതാണ്‌.

4.ചുള്ളിക്കാടിന്‌ ഒരു മോബിഡിക്ക്‌ വങ്ങിച്ചുകൊടുക്കണം

5. ഇതാണ്‌ ചുള്ളിയുടെ എനിക്ക്‌ പ്രിയപ്പെട്ട വരികള്‍.

ഇരുളുമോര്‍മതന്‍ സീമയില്‍ച്ചുംബിക്കു
മിരു സമാന്തര രേഖകളല്ലീ നാം.
ഒരുവിലപ്പെട്ട ജന്മം മുഴുവനും
വെറുമൊരു വാക്കിനക്കരെയിക്കരെ
കടവുതോണി കിട്ടാതെ നില്‍ക്കുന്നവര്‍

6. സിമി പറഞ്ഞതുപോലെ കടലിറങ്ങി നെറ്റിയില്‍ നിന്നും പൂക്കുറ്റി പോലെ വെള്ളം ചീറ്റിക്കു.

vadavosky said...

ഒന്നു കൂടി:-

ചെറുകാട്‌ വാര്യരായിരുന്നു.

Anonymous said...

ഈ കള്ളത്തിമിംഗലത്തിന് ഇതുപോലെ ഒരു മറുകൊട്ട് ഇതുവരെ കിട്ടിക്കണ്ടില്ല. ഇപ്പൊഴെങ്കിലും അത് കിട്ടിയതില്‍ സന്തോഷം.

സിമിക്ക് ഒരു കെ എഫ് സിയും വഡവോയ്ക്ക് ഒരു കുപ്പീം അയയ്ക്കുന്നു.

രണ്ടുപേരും പറഞ്ഞതിനു എന്റെ ഒപ്പ്.


[ഈ മോഡറേഷന്‍ സ്ഥിരമായി വച്ചിരിക്കുന്നതിനോട് യോജിപ്പില്ല. ഉദ്ദേശ്യം മോശമല്ലെന്ന് അറിയാമെങ്കിലും കമന്റ്റുകള്‍ ഒന്നും കളയാറില്ലെങ്കിലും അത് ഒരു മോശം അടയാളമാണ്]

One Swallow said...

കവിതയും കഥയും വരുമ്പോള്‍ വരും സിമീ. ഞെക്കിത്തുറിപ്പിച്ചെടുക്കാന്‍ പറ്റുവോ? ചുള്ളി കവിത മാത്രം എഴുതട്ടേ എന്നാണ് പ്രാര്‍ത്ഥന. ജീവിക്കാന്‍ വേണ്ടി വേറെ എന്തൊക്കെ ചെയ്യാം - ഇത്തരം പാട്ടുകള്‍ എഴുതുന്നതൊഴിച്ച്.

കണ്ണൂസ്‌ said...

ചുള്ളിക്കാട് ആദ്യമെഴുതിയ പാട്ടും ഒട്ടും മെച്ചമായിരുന്നില്ല. " ചീകിത്തിരുകിയ പീലിത്തലമുടി എങ്ങനഴിഞ്ഞെതെടീ കുറത്തീ" എന്ന് തുടങ്ങുന്ന ഒരു പാട്ടായിരുന്നു. ചിത്രം ഓര്‍മ്മയില്ല. (പ്രതാപചന്ദ്രന്‍ ഒക്കെ അഭിനയിച്ച ഒരു കാനനസുന്ദരി മോഡല്‍ പടം ആയിരുന്നു). ആ പാട്ട് വന്ന ഉടനെ ടി.പി.ശാസ്തമംഗലം ചുള്ളിപ്പുള്ളിയെ ഒരുപാട് തെറി പറഞ്ഞ് ഒരു ലേഖനം എഴുതിയിരുന്നു.

രാംജി, ഇളയരാജയുടെ ആദ്യ മലയാളചിത്രം ദൂരം അരികെ ആണോ? കെ.ജി.ജോര്‍ജ്ജിന്റെ വ്യാമോഹം എന്ന ചിത്രമായിരുന്നു അതെന്നാണ്‌ അറിവ്.

Anonymous said...

ചുള്ളിക്കാടിനെ അവഗണിക്കാന്‍ നിങ്ങള്‍ക്കു കഴിയുന്നില്ല.എപ്പോഴും അയാളെ പരദൂഷണം പറഞ്ഞ് ആശ്വസിക്കേണ്ടിവരുന്നു.ഇതാണ് അയാളുടെ എന്നത്തെയും വിജയവും നിങ്ങളുടെ ദയനീയ പരാജയവും.

One Swallow said...

പരദൂഷണം എന്റെ പ്രിയവിനോദം തന്നെ. പക്ഷേ ഇതെങ്ങനെ പരദൂഷണമാകും അനോണീ? ചുള്ളി വിജയിയാണെങ്കില്‍ ഞാന്‍ പരാജയി പോലുമല്ല. അങ്ങനെയൊന്നും താരതമ്യം ചെയ്യാതെ. നിങ്ങള്‍ ഞാനെഴുതിയത് ഒന്നുകൂടി വായിക്കൂ. അങ്ങേരുടെ കാവ്യപ്രതിഭ അനശ്വരമാണ്. അറിയാത്ത പണി ചെയ്യുന്നതിനോടുള്ള വിമര്‍ശനത്തെ പരദൂഷണമായി കരുതാതെ.

Anonymous said...

രാംജിയുടെ കവിതയുടെയും വിമര്‍ശനത്തിന്റെയും നിലവാരമേയുള്ളു ചുള്ളിക്കാടിന്റെ അഭിനയത്തിന്.അറിയാത്ത പണി രാംജിയും ചെയ്യുന്ന്ണ്ടല്ലൊ.കവിതയെഴുത്തും വിമര്‍ശനവും.

One Swallow said...

എങ്കില്‍ താരതമ്യേന പെഴ്സണല്‍ മാധ്യമായ ബ്ലോഗിലും യൂട്യൂബിലും മറ്റും അങ്ങോരുടെ പാട്ടുകളും അഭിനയവും ഒതുങ്ങി നിന്നിരുന്നെങ്കില്‍, എങ്കില്‍ അനോനിയായി ഞെളിഞ്ഞു നിന്ന് വിമര്‍ശിക്കാന്‍ ഞാന്‍ ചെല്ലുകില്ലായിരുന്നു. അതിനുപകരം ഏതോ ബുദ്ധിശൂന്യര്‍ പണം കൊടുത്ത് അങ്ങോരെക്കൊണ്ട് പാട്ടെഴുതിയ്ക്കുന്നു, അഭിനയിക്കുന്നു. അത് താരതമ്യേന പൊതുവായ മാധ്യമങ്ങളില്‍ വരുന്നു.

അഭയാര്‍ത്ഥി said...

ഓയെന്വിയും കവി, നെരൂദയും കവി,
പല്ലിയും ഒരു തുള്ളിമുതലയാണ്‌.
ഓയെന്വിയെ നിന്ദിച്ച്‌ ചുള്ളിക്കാട്‌ പറഞ്ഞ സത്യമിതാണ്‌.
നെരൂദയോട്‌ താരതമ്യം ചെയ്യുമ്പോള്‍ ഓയെന്വി പേരാറ്റിനിക്കരെ ഇക്കരെ ഏതൊ പേരറിയാ നാട്ടുക്കാരനാകുന്നു.

ചുള്ളിക്കാട്‌ അവകാശ വാദങ്ങളൊന്നും തന്റെ കവിതകളെക്കുറിച്ച്‌ ഉന്നയിക്കാത്തിടത്തോളം അദ്ദേഹത്തിന്റെ
പരാമര്‍ശങ്ങളിലെ സത്യം ചികഞ്ഞാല്‍ പോരെ.
ഏതില്‍ വിശ്വസിക്കുന്നുവൊ അതുറക്കെ വിളിച്ചുപറയുന്നവനാണ്‌ ചുള്ളിക്കാട്‌. സീരിയലഭിനയം ചുള്ളിക്കാടെന്ന കവിയെ ഇല്ലാതാക്കുന്നുവെന്ന
സച്ചിദാനന്ദന്റെ പരാമര്‍ശത്തെക്കുറിച്ച്‌ ഇദ്ദേഹം പറഞ്ഞതിങ്ങനെ. സച്ചിദാനന്ദനെന്തും കവിത, എന്നും കവിത.
ട്രഷറിയിലെ കണക്കെഴുത്ത്‌ പണി വര്‍ഷങ്ങളോളം ഞാന്‍ ചെയ്തിട്ടൂം എന്റെ കവിതയെ അത്‌ ബാധിക്കുമെന്ന്‌ സചിദാനന്ദന്‍ പറഞ്ഞിട്ടില്ല.

എന്തുകൊണ്ടഭിനയിക്കുന്നു എന്ന ചോദ്യത്തിന്ന്‌ കവിയായി അറിയപ്പെട്ട്‌ മടുത്തു. ഇനി ഇങ്ങിനേയും ആകട്ടെ എന്നത്രെ.
ഇദ്ദേഹം പറയുന്നത്‌ അരോചകമായി തോന്നുമെങ്കിലും പറയുന്നത്‌ കപടതയില്ലാതെ ആണെന്നതാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ള പ്രത്യേകത.

സ്വന്തം ജീവിതത്തിലെ ഒന്നും ഒളിപ്പിക്കാതെ അതെല്ലാം മനുഷ്യ ദൗര്‍ഭല്യങ്ങളാണെന്ന്‌ വിളിച്ച്‌ പറയുന്ന സത്യസന്ധത എത്ര
കവികള്‍ക്കുണ്ട്‌.ചങ്ങമ്പുഴക്ക്‌ ശേഷം ആ ജെനുസ്സിലെ ഏക പിറവി ഇയാളാണ്‌.
അതിമഹാന്മാരായ ഒരു പാട്‌ കവികള്‍ മലയാളത്തെ സമ്പന്നമാക്കിയിട്ടുണ്ടെങ്കിലും തുറന്ന പുസ്തകം പോലെ അല്ല കുത്തഴിഞ്ഞ
പുസ്തകം പോലെ സ്വജീവിതം നമുക്ക്‌ വായിക്കാന്‍ ഉപാധികളീല്ലാതെ തന്ന ചുള്ളിക്കാട്‌ റാം മോഹന്‍ പറഞ്ഞത്‌ പോലെ ലക്ഷണയുക്തമായ കവി ജെനുസ്സിലെ
അവസാനത്തെ കണ്ണി. വളരെ കുറവ്‌ മാത്രം എഴുതിയിട്ടും കിട്ടിയ പ്രശസ്തി ഇതിന്റെ സാക്ഷി പത്രം.

വാതില്‍പ്പഴുതിലൂടെന്മുന്നില്‍
കുംകുമം വാരി വിതറും തൃസന്ധ്യ പോകെ അതിഗൂഢമെന്‍ ഇടനാഴിയില്‍ നിന്‍ കള മധുരമാം കാലൊച്ചകേട്ടു

N O M A D | നൊമാദ്. said...

ആവിഷ്കാരങ്ങളില്‍ അങ്ങനെ താരതമ്യേന എന്നൊന്നുണ്ടോ വളിപ്പേ?
വളിപ്പ് പിന്നെ വലിപ്പായതും ബ്ലോഗിലെ പരസ്യപ്പലകകളും ചുള്ളിയുടേയും വളിപ്പിന്റേയും ആത്യന്തികമായ ലക്ഷ്യം ദീപസ്തംഭം മഹാശ്ചര്യം എന്നതു തന്നെയാണെന്നത് വ്യക്തമാക്കുന്നുണ്ടല്ലോ! മാതൃഭൂമിയില്‍ കെട്ടിയെഴുന്നെള്ളിച്ചു വച്ച ലേഖനത്തില്‍ പോലും പരസ്യക്കമ്പനിക്കാരുടെ ചില ലൊടുക്കുവിദ്യകളൊഴിച്ചാല്‍ (ടൈറ്റിലടക്കം) പല മാഗസിനുകളിലും വന്നിട്ടുള്ള ഗൌരവപഠനങ്ങളുടെ മിമിക്രിയല്ലാതെ എന്താണുള്ളത്?

One Swallow said...

ആവിഷ്കാരങ്ങളിലല്ല താരതമ്യേന എന്നു പറഞ്ഞത്, മാധ്യമങ്ങളെപ്പറ്റിയാണ്. വളിപ്പ് വലിപ്പാക്കലും ദീപസ്തംഭവും തമ്മിലെന്ത്? പരസ്യപ്പലകകളെപ്പറ്റി ഇന്നു തന്നെ എഴുതാം.

G.manu said...

റാംജി ഇവിടെ ഞാന്‍ മാഷിനെ ഒന്നുകൂടി നമിക്കുന്നു..
സിനിമാപ്പാട്ടിനെ പുച്ഛിച്ച് തള്ളുന്ന സമകാലീന ബുദ്ധിജീവി ജാടകളെ ഈ ഒരൊറ്റ പോസ്റ്റ് തുറന്നടിക്കുന്നു... കൌമാരത്തില്‍ നുണഞ്ഞ് യൌവനത്തില്‍ കാര്‍ക്കിച്ച് തുപ്പുന്ന പുല്‍നാമ്പയി മാത്രം കരുതപ്പെടുന്ന ഗാനരചനാശാഖയ്ക്ക് ഇങനെ ഒരു തിരിച്ചറിവ് അനിവാര്യമാണ്

One Swallow said...

ഓയെന്‍.വിയെ ഞാന്‍ നെരൂദയോടുപമിച്ചോ രാംജീ?


നൊമാഡ്ജീ, പല മാഗസിനുകളിലും വന്നിട്ടുള്ള ഗൌരവപഠനങ്ങളൊന്നും ഒമ്പതു വര്‍ഷമായി ഗള്‍ഫിലായതുകൊണ്ട് വായിക്കാനൊത്തിട്ടില്ല. അതുകൊണ്ട് മിമിക്രിയേക്കാള്‍ മോശം എന്ന് തിരുത്തി വായിക്കുന്നു. ഏതൊക്കെയായിരുന്നു അവ? കിട്ടുമോയെന്ന് നോക്കട്ടെ, വായിക്കാം. ആ വിഷയത്തില്‍ ഒരു പുസ്തകം വായിക്കാനെടുത്തുവെച്ചിട്ടുണ്ട് Naomi Kleinന്റെ No Logo

N O M A D | നൊമാദ്. said...

വലിപ്പേ

ഗള്‍ഫ് ഒരന്യഗ്രഹമാണെന്ന് എനിയ്ക്ക് തോന്നുന്നില്ല.
നാടിനെ ബ്രാന്‍ഡുകള്‍ കീഴടക്കുന്നതിനെച്ചൊല്ലിയുള്ള ലേഖനങ്ങള്‍ വരുന്ന മാഗസിനുകള്‍ കണ്ടിട്ടില്ലെന്നു പറയുന്നത് വിശ്വസിക്കാനാകുന്നില്ല. അവ താങ്കള്‍ വായിച്ചിട്ടുണ്ടോ ഇല്ലേ എന്നതെന്റെ വിഷയമല്ല. മറ്റൊരാളുടെ ആവിഷ്കാരത്തെക്കുറിച്ച് വേവലാതിപ്പെടുമ്പോള്‍ നമ്മളും ചെയ്യുന്നതെന്താണെന്ന് ഒന്നു നോക്കണമെന്നാണ് പറയാന്‍ ശ്രമിച്ചത്.

അതിനു കാരണമായത് താങ്കളുടെ ഈ കമന്റും.

"എങ്കില്‍ താരതമ്യേന പെഴ്സണല്‍ മാധ്യമായ ബ്ലോഗിലും യൂട്യൂബിലും മറ്റും അങ്ങോരുടെ പാട്ടുകളും അഭിനയവും ഒതുങ്ങി നിന്നിരുന്നെങ്കില്‍, എങ്കില്‍ അനോനിയായി ഞെളിഞ്ഞു നിന്ന് വിമര്‍ശിക്കാന്‍ ഞാന്‍ ചെല്ലുകില്ലായിരുന്നു. അതിനുപകരം ഏതോ ബുദ്ധിശൂന്യര്‍ പണം കൊടുത്ത് അങ്ങോരെക്കൊണ്ട് പാട്ടെഴുതിയ്ക്കുന്നു, അഭിനയിക്കുന്നു. അത് താരതമ്യേന പൊതുവായ മാധ്യമങ്ങളില്‍ വരുന്നു."

അപ്പോള്‍ സര്‍ അത്രയേ ഉള്ളൂ. ആ പൊത്തകം കലക്കി. ഇവിടെ കേരളത്തില്‍ കിട്ടുമോ ആവോ അതൊക്കെ

One Swallow said...

:-)

ഭൂമിപുത്രി said...

എഴുപതുകളിലെ ചലച്ചിത്രഗാനങ്ങളോടുള്ള
ഇഷ്ട്ടം-
അതാണെനിയ്ക്കീവായനയില്‍
ഏറ്റവുമിഷ്ട്ടപ്പെട്ടതു.
ഒരുപക്ഷെ ചുള്ളികാടിനും ആ ഇഷ്ടത്തിന്റെ തുടര്‍ച്ചയാകുമിതു.

ചാരുദത്തന്‍‌ said...

തിമിംഗലം എന്നുമുണ്ടാവില്ലല്ലോ.
കക്കയാവുമ്പോള് കാലരുദ്രനുപോലും കാലക്ഷേപത്തിനുതകും!

One Swallow said...

എങ്കില്‍ അതിനെ പുച്ഛിക്കാതിരിക്കണം. മാത്രമല്ല ഇത് വെങ്കളിയാക്കാന്‍ പോലും കൊള്ളാത്ത പേട്ട് കക്ക. കക്ക വാരാനറിയാവുന്നവര്‍ ഇതിനു മുമ്പും പിമ്പും നല്ല ഒന്നാന്തരം കക്ക വാരിയിട്ടുണ്ട്. കറിയ്ക്കും കൊള്ളാം നീറ്റാനും കൊള്ളാം. ചുണ്ണാമ്പിനും വെങ്കളിക്കും കൊള്ളാം.

ഇനി അത്യാവശ്യം തിമിംഗലവേട്ടയും കക്ക വാരലും അറിയാവുന്നവരുമുണ്ട്. നമ്മുടെ ഭാഷയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണെന്നു തോന്നുന്നു ഒരാള്‍ക്ക് ഗാനരചനയ്ക്ക് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും കവിതയ്ക്ക് അക്കാദമി അവാര്‍ഡും ഒരേ വര്‍ഷം ലഭിച്ചത് - കഴിഞ്ഞ വര്‍ഷം റഫീക് അഹമ്മദിന്. നല്ല കവിതകള്‍ എഴുതുമ്പോളും പാട്ടെഴുത്തിന്റെ ഗുട്ടന്‍സ് പിടികിട്ടിയിട്ടുള്ള ആളാണ് റഫീക്. തൊട്ടാവാടികളുടെ അസൂസ തട്ടം പിടിച്ച് വലിയ്ക്കലില്‍ ഒതുങ്ങും. പാട്ടാക്കാനറിയാവുന്നവര്‍ അത് പാട്ടാക്കും.

റഫീക്കിന്റെ പുതിയ ജില്ലന്‍ കവിത ഇവിടെ:http://paliyath.googlepages.com/vazhukkal.jpg

Related Posts with Thumbnails