Sunday, February 17, 2008

അത് നിന്നിരുന്ന ഇടം (with video link)നസ്രേത്തുകാരന്‍ ജീസസ്സിനെ മുതല്‍ കൊടകരക്കാരന്‍ സജീവിനെ വരെ പോപ്പുലറാക്കിയതില്‍ അവര്‍ പ്രയോഗിച്ച ഉപമകള്‍ക്ക് വളരെ വലിയ പങ്കുണ്ട്. നിത്യജീവിതത്തിന്റെ ദുഷ്കര പദപ്രശ്നങ്ങള്‍ തലയിലേറ്റി നടക്കുന്ന നമ്മളേപ്പോലുള്ള സാധാരണക്കാര്‍ക്ക് നേരേ ചൊവ്വേ ചിന്തിച്ച് മെനക്കെടാന്‍ വയ്യ. അങ്ങനെ നടക്കുമ്പോളാണ് ജീസസ്സ് ഒരു കവലയില്‍ നിന്ന് പ്രസംഗിക്കുന്നത്. “മനുഷ്യന്റെ ആയുസ്സ് പുല്ലു പോലെയാകുന്നു. വയലിലെ പൂ പോലെ അത് പൂക്കുന്നു. കാറ്റ് അതിന്മേലടിയ്ക്കുമ്പോള്‍ അതില്ലാതെയാകുന്നു. അത് നിന്നിരുന്ന ഇടം പിന്നെ അതിനെ അറിയുകയില്ല.“ [അത്തികായ്കള്‍ പഴുത്തല്ലോ ചെമ്മുന്തിരി വള്ളി തളിര്‍ത്തല്ലോ എന്ന പാട്ടെഴുതിയതാരാണെന്നോര്‍മയില്ല. ‘ഈ വയല്‍പ്പൂക്കള്‍ പോല്‍ നാം പൊഴിഞ്ഞാലും’ എന്നെഴുതിയത് ഓയെന്‍.വി]

തൊണ്ണൂറുകളില്‍ എംടീവി വന്നു തുടങ്ങിയ കാലത്ത് കണ്ടും കേട്ടും രസിച്ച പാട്ടാണ് വാന്‍ ഹേലന്റെ റൈറ്റ് നൌ. അത് നിന്നിരുന്ന ഇടത്തിനെപ്പറ്റിയല്ല ‘അവ’ നില്‍ക്കുന്ന സമയബിന്ദുവിനെപ്പറ്റിയാണ് ഈ ദാര്‍ശനികഗാനം.

സ്പേസിനെ നമ്മള്‍ പലപ്പോഴും വെര്‍ട്ടിക്കലായി മാത്രം കാണുന്നു. അതേസമയം ‘അത് നിന്നിരുന്ന ഇടം‘ എന്ന് വേദപുസ്തകം പറയുമ്പോള്‍ സ്പേസിന്റെ ഹൊറിസോണ്ടല്‍ ഡൈമെന്‍ഷനാണ് കിട്ടുന്നത്. അതുപോലെ ടൈമിനെ നമ്മള്‍ പലപ്പോഴും ഹൊറിസോണ്ടലായി മാത്രം കാണുന്നു. വാന്‍ ഹേലന്റെ ഈ പാട്ടു കേള്‍ക്കുമ്പോള്‍ ടൈമിന്റെ വെര്‍ട്ടിക്കല്‍ ഇഫക്റ്റ് നമ്മളെ കുത്തിക്കീറുന്നു.

രണ്‍ജി പണിക്കരുടെ സിനിമകള്‍ക്ക് സബ്ടൈറ്റില്‍ വേണ്ട. ആറാം തമ്പുരാനില്‍പ്പോലും എന്താ പ്രശ്നം എന്നു ചോദിച്ചയുടന്‍ മോഹന്‍ലാലിന്റെ കഥാപാത്രം ‘വാട്ടീസ് ദ പ്രോബ്ലം’ എന്ന് ചോദിക്കാന്‍ മറക്കുന്നില്ല. കാനിലോ ഹോളിവുഡ്ഡിലോ കാണിയ്ക്കണമെങ്കില്‍ സബ്ടൈറ്റിലില്ലാതെ നേരെ കൊണ്ടുപോയി കാണിയ്ക്കാം. അതുപോലെയാണ് ഈ തകര്‍പ്പന്‍ ഗാനത്തിന്റെ കാര്യവും. ലിറിക്സ് മുഴുവന്‍ സൂപ്പറായി സ്ക്രോള്‍ ചെയ്യുന്നതുകൊണ്ട് സംഗതി എളുപ്പം. ഇംഗ്ലീഷ് സിനിമ കണ്ടിറങ്ങിയ ശേഷം അവമ്മാര്, മറ്റോമ്മാര്, അവന്റെ ആള്‍ക്കാര്, മറ്റോന്റെ ആള്‍ക്കാര് എന്നെല്ലാം കഥ പറഞ്ഞിരുന്ന കൌമാരവും ഓര്‍ത്തുകൊള്ളുന്നു.
നിങ്ങളുടെ ജീവിതത്തിന്റെ നീളം കുറയുന്തോറും ഓര്‍മയുടെ നീളം കൂടിയ്ക്കൊണ്ടിരിക്കുന്നു എന്ന് വാന്‍ ഹേലന്‍ പാടുന്നു. ഏത് പുലിയാണോ ആവോ ഇതെഴുതിയ കക്കവേട്ടക്കാരന്‍?
എംബെഡ്ഡിങ്ങിന് എന്തോ പ്രശ്നം. വിഡിയോ ഇവിടെപ്പോയി മറക്കാതെ കാണണേ.


3 comments:

മറ്റൊരാള്‍\GG said...

:)

വെള്ളെഴുത്ത് said...

ഞാനും ആലോചിച്ചിരുന്നു അതെന്തായിരുന്നു എന്ന്.. ഇപ്പം ടെക്നിക് പിടി കിട്ടി.. ഉപമകളായിരുന്നു അവ.. അതിനപ്പുറമാണ് ടൈമിന്റെ വെര്‍ട്ടിക്കല്‍, ഹോറിസോന്റല്‍ അനുഭവങ്ങള്‍. ആധുനികതയുടെ മദ്ധ്യാഹ്നകാലത്തു തന്നെ, സാക്ഷാല്‍ സുകുമാര്‍ അഴീക്കോട് തിരു: വൈ എം സി എയില്‍ നിന്ന് ആധുനിക നിരൂപണങ്ങളെ കളിയാക്കി ലംബമാനമായ ചിന്ത എന്നൊക്കെ പറഞ്ഞാല്‍ എന്തോന്നെന്ന് പുച്ചത്തോടെ ചോദിച്ചത് വെറുതേ ഓര്‍ത്തുപോകുന്നു.

One Swallow said...

സര്‍സ്, എംബെഡ്ഡിങ്ങിന് എന്തോ പ്രശ്നമുണ്ടായിരുന്നു. വിഡിയോ കണ്ടില്ലെങ്കില്‍ ഇപ്പോള്‍ പോസ്റ്റില്‍ ഇട്ടിരിക്കുന്ന ലിംഗം വഴി പോയി കാണണേ. ഇറ്റ്സ് എ വെയില്‍ ഓഫ് എ സോംഗ്.

Related Posts with Thumbnails