Saturday, February 23, 2008

പെരിങ്ങോടന് എന്തുപറ്റി?


ബ്ലോഗിംഗിന് ഈയിടെ പത്തു വയസ്സായെന്ന് ബീബീസിയുടെ സൈറ്റില്‍ വായിച്ച കഥ പറഞ്ഞല്ലൊ. ആദ്യമലയാളം ബ്ലോഗിന് 7 വയസ്സായിട്ടുണ്ടാകുമോ? അതാരുടേതാണെന്നൊരു ചര്‍ച്ച കുറേ മുമ്പ് വായിച്ചിരുന്നു. അതൊക്കെയെന്തായാലും മലയാളം ബ്ലോഗിംഗിന്റെ എഴുത്തച്ഛന്‍ എന്ന് എനിക്ക് വിളിക്കാന്‍ തോന്നിയത് പെരിങ്ങോടനെയാണ്. (കുഞ്ചന്നമ്പ്യാര്‍, പൊറ്റെക്കാട് എന്നിവരൊക്കെ ആരാണെന്നാലോചിച്ച് തല പുകയ്ക്കേണ്ട - 'എഴുത്ത'ച്ഛന്‍ എന്ന ടെക്നിക്കല്‍ പിതൃത്വത്തിലാണ് എന്റെ ഊന്നല്‍).

[ഓഫ്: ലൈംഗികബന്ധം നടത്തിയാല്‍ മക്കളെയുണ്ടാക്കാമെന്ന് ആരും കണ്ടുപിടിച്ചതായിരിക്കില്ല. ആദിമമനുഷ്യന് അത് ആഹ്ലാദത്തിന്റെ ഉപോത്പ്പന്നമായിരിക്കണം. ആ ആഹ്ലാദം ഇല്ലായിരുന്നില്ലെങ്കില്‍ ജനസംഖ്യ കുറയുമായിരുന്നോ? അതുകൊണ്ട് ടെക്നിക്കലി നോക്കുമ്പോള്‍ ലൈംഗികതയുടെ പിതാവ് എന്നൊരു ടെക്നിക്കല്‍ പിതൃത്വം കല്‍പ്പിയ്ക്കലിന് സ്കോപ്പില്ല. ടോപിക് എന്തായാലും അക്കാര്യം മറന്നൊരു കളിയില്ലല്ലൊ].

ഞാനിത് കീയിന്‍ ചെയ്യുന്നത് പെരിങ്ങ്സ് ഡെവലപ് ചെയ്തെടുത്ത് സൌജന്യമായി ഡൌണ്‍ലോഡാന്‍ വെച്ചിരിക്കുന്ന കീമാനുപയോഗിച്ചാണ്. ബ്ലോഗിലെ ഭൂരിപക്ഷവും അങ്ങനെയായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. (പാര്‍ട്ട് A. തെറ്റുണ്ടെങ്കില്‍ തിരുത്തുക. ഓരോ ശരിയുത്തരത്തിനും അരമാര്‍ക്ക് വീതം). ഒരഞ്ച് മെഷീനിലെങ്കിലും ഞാനത് കറന്നൊഴിച്ചിട്ടുണ്ടാവും. പെരിങ്ങ്സ് പറയുന്നത് (സ്വകാര്യസംഭാഷണത്തില്‍) അത്തരം ഡൌണ്‍ലോഡുകളുടെ എണ്ണം 50,000 എത്തിയിട്ടുണ്ടാവുമെന്നാണ്. എന്റെ ആവറേജ് വെച്ച് നോക്കിയാല്‍ ഒരു പതിനായിരം പേരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടാവും. അതിന്റെ പകുതിയെങ്കിലും സജീവന്മാരായിരിക്കില്ലേ? (വിശാലനടക്കം). പട്ടാമ്പിയ്ക്കടുത്ത പെരിങ്ങോടുകാരന്‍ രാജ് നായര്‍ നീട്ടിയത്ത് തന്നെയല്ലേ മലയാളം ബ്ലോഗിംഗിന്റെ എഴുത്തച്ഛന്‍?

സിബുവിന്റെ വരമൊഴി ആയിരുന്നു പെരിങ്ങോടനുള്‍പ്പെടെ പലരും ആദ്യം ഉപയോഗിച്ചിരുന്നത്. (എഴുത്തച്ഛനും മുമ്പാണ് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ). അതുപോലെ മറ്റൊരു സോഫ്റ്റ്‌വെയര്‍ ഉണ്ടായിരുന്നതിന്റെ സോഴ്സ് ഓപ്പണ്‍ ആയിരുന്നില്ല. അതിന്റെ ഡെവലപ്പറോട് അന്ന് ലിനക്സ് ഉപയോ‍ഗിച്ചിരുന്ന പെരിങ്ങ്സ് അതിന്റെ സോഴ്സ് ചോദിക്കുകയും അദ്ദേഹം മറുപടി കൊടുക്കാതിരിക്കുകയും ചെയ്തപ്പോളാണ് അങ്ങനെ ഒരു സാധനം തനിയെ ഡെവലപ്പ് ചെയ്യണ്ട അവസ്ഥ പെരിങ്ങ്സിനുണ്ടാകുന്നത്. ചില്ലക്ഷരം നേരിട്ട് കാച്ചാമെന്നും വരമൊഴിയുമായി ഏറ്റവും സാദൃശ്യമുണ്ടായിരുന്നതുമാകാം മൊഴി കീമാനെ പോപ്പുലറാക്കിയത്. പിന്നീട് വരമൊഴി പ്രൊജക്റ്റില്‍ ഉള്‍പ്പെട്ടതോടെ ആള്‍‌റെഡി ഫേമസ് ആയിരുന്ന വരമൊഴിയുടെ നല്ല പേര് മൊഴി കീമാനും ലഭിച്ചു. നിത്യവും എകദേശം നൂ‍റോളം ആളുകള്‍ മലയാളം എഴുതാന്‍ ഉപയോഗിക്കുന്ന ഈ സൈറ്റിലും പെരിങ്ങ്സിന്റെ കോഡ് തന്നെ, വിക്കിപീഡിയയും മലയാളം എഴുതുന്നത് ഇതേ കോഡ് ഉപയോഗിച്ച്.
(ഇരുപത് കമന്റിന് ശേഷം കീയിന്‍ ചെയ്യുന്നതാണ് ഈ ബ്രാക്കറ്റിനുള്ളിലെ addendum. ഡൌണ്‍ലോഡിംഗിന്റെ കണക്ക് മാത്രമെടുത്താല്‍പ്പോലും - മൊഴി: 45,856 ഡൌണ്‍‌ലോഡുകള്‍, വരമൊഴി: 55,353 ഡൌണ്‍‌ലോഡുകള്‍ - ബ്ലോഗിംഗ് മലയാളത്തിന്റെ എഴുത്തച്ഛന്‍ സിബു തന്നെയാണെന്നാണ് കരുതേണ്ടത്. അതുകൊണ്ട് രാജിന്റെ കോണ്ട്രിബ്യൂഷന്റെ തിളക്കം കുറയുന്നുമില്ല).

ഇങ്ങനെയെല്ലാം സുപരിചിതനായ പെരിങ്ങ്സിന്റെ ബ്ലോഗായിരുന്നല്ലൊ പെരിങ്ങോടന്‍. അത് ഈയിടെ അപ്രത്യക്ഷമായി. അല്ല, എനിക്ക് തെറ്റിയതല്ല, URL അതു തന്നെ. പക്ഷേ പേരു മാറി. രാജിന് അതിന് വ്യക്തമായ കാരണങ്ങളുണ്ട്. എനിക്കാണെങ്കില്‍ അതു തന്ന സന്തോഷങ്ങള്‍ക്ക് വേറെയാണ് കാരണങ്ങള്‍. അതു പങ്കുവെയ്ക്കാനാണ് ഈ പോസ്റ്റ്.

1) രാജ് എന്തൊക്കെ പറഞ്ഞാലും പെരിങ്ങോടന്‍ എന്ന പേര് ഹ്യൂമറസാണ്. പെരിങ്ങോട് എന്നോ പെരിങ്ങോട്ടുകാരന്‍ എന്നോ ആയിരുന്നെങ്കിലും വേണ്ടീലായിരുന്നു. പെരിങ്ങോടന്‍ എന്നാദ്യം കേട്ടപ്പോള്‍ സി. ആര്‍. ഓമനക്കുട്ടന്‍സാറ് എപ്പോഴും പറയാറുണ്ടായിരുന്ന പറങ്ങോടീപരിണയം എന്ന കാവ്യനാമമാണോര്‍ത്തത്. സറ്റയറിന് അതിന്റെ രാഷ്ട്രീയമുണ്ട്. പക്ഷേ മലയാളം ബ്ലോഗിംഗ് എന്നാല്‍ നര്‍മം മാത്രമാണെന്ന ഇമേജ് പുറത്ത് നില‍നില്‍ക്കുന്നതില്‍ കുണ്ഠിതമുള്ളയാളും ശൈലിയിലായാലും കണ്ടെന്റിലായാലും ഗൌരവത്തോടെ എഴുതുന്നയാളുമായ രാജ് എന്തിനാണ് നല്ല എരിവുള്ള തലച്ചോര്‍പ്പിക്കിളിന്റെ കുപ്പിയുടെമേല്‍ ഹാപ്പിജാം എന്ന് സ്റ്റിക്കറൊട്ടിക്കുന്നത്? അതുകൊണ്ട്, ഈ മാറ്റം നന്നായി. (മലയാള ബ്ലോഗിംഗ് അതിവഗൌരവത്തിന്റെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങുന്ന കാലത്ത് രാജിന് വീണ്ടും പെരിങ്ങോടനാവാം)

2) പെരിങ്ങോട് എന്ന നാട് രാജിന്റെ തറവാട്ടുവകയാണോ? നീട്ടിയത്ത് എന്ന വീട്ടുമ്പേര് രാജിന്റെ മാത്രം സ്വന്തമാണോ? അതുകൊണ്ട് നീട്ടിയന്‍ എന്നുപോലും ഇടരുതെന്നാണ് എന്റെ അഭിപ്രായം. നിട്ടിയത്തുവീട്ടില്‍ രാജിനേക്കാള്‍ നന്നായി ബ്ലോഗ് ചെയ്യാന്‍ പോകുന്ന ഒരു ചെക്കന്‍ ഇനി ഉണ്ടായിക്കൂടെ? എങ്കിലയാള്‍ പോലും നീട്ടിയന്‍ എന്ന് ബ്ലോഗിന് പേരിടരുത്. തകഴി ശിവശങ്കരപ്പിള്ളയെ നാട്ടുകാര്‍ക്ക് തകഴി എന്നു വിളിക്കാം. അങ്ങേര്‍ക്ക് ഒരു ബ്ലോഗുണ്ടായിരുന്നെങ്കില്‍ പക്ഷേ സ്വയമതിന് തകഴി എന്ന് പേരിടുന്നത് ശരിയല്ല. തകഴിയേക്കാള്‍ വലിയ ഒരു തകഴി തകഴിയില്‍ ഉണ്ടാവില്ലെന്നാരു കണ്ടു? അതുകൊണ്ടാണ് എന്റെ ചങ്ങാതി കുഴൂര്‍ ഡോട്ട് കോം തുടങ്ങി, അത് അങ്ങേരുടെ മാത്രം വിശേഷങ്ങളിലേയ്ക്കൊതുക്കിയപ്പോള്‍ ഞാന്‍ എന്റെ വിയോജിപ്പ് നേരിട്ടറിയിച്ചത്. കവിതയില്‍ കുഴൂര്‍ നാരായണമാരാരേക്കാള്‍ നന്നായി തിമില വായിച്ചാലും വിത്സണങ്ങനെ ചെയ്യരുത്. കുഴൂരും തകഴിയും പെരിങ്ങോടും കുറേയധികം ആളുകളുടേതാണ്.

[ജീ, ഹോട്ട് മെയിലൈഡികള്‍ക്ക് പാലിയത്ത് എന്ന് പേരിട്ടതില്‍ പല നാടുകളിലുമുള്ള പല പല പാലിയത്തുകാരോടും മാപ്പു ചോദിക്കാനും ഈ സന്ദര്‍ഭം വിനിയോഗിക്കട്ടെ. അങ്ങനെയാണെങ്കില്‍ എന്തുപേരിടും, രാജ് എന്നിട്ടാല്‍ വേറെ കാക്കത്തൊള്ളായിരം രാജുമാരുടെ ജനാധിപത്യ അവകാശങ്ങളെ ചോദ്യം ചെയ്യലാവില്ലേ എന്ന് തിരിച്ചുചോദിച്ചാല്‍ ഞാന്‍ കുഴങ്ങി. പെരിങ്ങോട്ടുകാരുടെ എണ്ണത്തേക്കാള്‍ കുറവായിരിക്കുമോ രാജ് എന്ന് പേരുള്ളവരുടെ എണ്ണം? അതിന് സന്തോഷം നമ്പര്‍ 3 വായിക്കുക.]

3) അദ്ദേഹം ജീവിച്ചിരിയ്ക്കെ, സാഹിത്യവാരഫലം കൃഷണന്‍ നായരോട് ഒരു മറുപടി പറയാനൊത്തില്ല. അതുങ്കൂടിയാണിത്. ഒരു വാരഫലം അദ്ദേഹം അവസാനിപ്പിച്ചത് ഇങ്ങനെയാണ്: "വായന കൂടിയാല്‍ ബുദ്ധി കുറയും." അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത് ശരിയായിരുന്നോ? വൈലോപ്പിള്ളി എന്ന വേള്‍ഡ് ക്ലാസ് കവിയോടുണ്ടായിരുന്ന എന്തോ പെഴ്സണല്‍ കെറുവോ മറ്റോ മൂലം അദ്ദേഹത്തിന്റെ കവിതയെ പരിഹസിച്ചിരുന്നതോര്‍ക്കുമ്പോള്‍ കൃഷ്ണന്‍ നായര്‍ സാറിന് വായന കൂടിയതിന്റെ കുഴപ്പമുണ്ടെന്ന് പണ്ടേ തോന്നിയിരുന്നു. മലയാളി എഴുത്തുകാര്‍ സ്ഥലപ്പേരും വീട്ടുപേരും ജാതിപ്പേരും മറ്റും പേരിനോട് ചേര്‍ത്ത് എഴുതുന്നതിനെ അദ്ദേഹം പലവട്ടം പരിഹസിച്ചിരുന്നു. അങ്ങനെയാണെങ്കില്‍ കവി വേഡ്സ്വര്‍ത്ത് അങ്ങേരുടെ പേര്‍ വേഡ്സ്.വര്‍ത്ത് കോക്കര്‍മൌത്ത് എന്നു വെയ്ക്കേണ്ടിയിരുന്നില്ലെ എന്നായിരുന്നു കൃഷ്ണന്‍ നായര്‍ സാറുടെ ചോദ്യം.

ട്ടാവട്ടങ്ങളിലുള്ള ഇംഗ്ലണ്ടിലേയും ഫ്രാന്‍സിലേയുമെല്ലാം എഴുത്തുകാര്‍ക്ക് സെക്കന്‍ഡ് നെയിമുകളിലൂടെത്തന്നെ തങ്ങളുടെ ഐഡന്റിറ്റി വ്യക്തമാക്കാന്‍ കഴിഞ്ഞിരുന്നു. അതാണോ ജനസാന്ദ്രമായ, സെക്കന്റ് നെയിമില്ലാത്ത മലയാളീസിന്റെ കാര്യം. എം. കൃഷണ്‍നായര്‍ തന്നെ രണ്ടുണ്ടായിരുന്നു. അയ്യേയെസ്സ് കവി കെ. ജയകുമാറിന്റെ അച്ഛനും സിനിമാസംവിധായകനുമായിരുന്നു മറ്റെയാള്‍. സിനിമാക്കാരന്‍ അരവിന്ദന്റെ അച്ഛനും ഒരു എം. എന്‍. ഗോവിന്ദന്‍ നായരായിരുന്നു. കോട്ടയത്തുകാരന്‍ വക്കീല്‍, ഹാസ്യസാഹിത്യകാരന്‍. ലക്ഷം വീട് പദ്ധതിയിലൂടെ അനശ്വരനായ സാക്ഷാല്‍ എമ്മെനുമായി തന്റെ ഐഡന്റിറ്റി ക്ലാഷായിരുന്നതിനെപ്പറ്റി അരവിന്ദന്റെ അച്ഛന്‍ എഴുതിയിരുന്ന നര്‍മഭാവന ഓര്‍ക്കുന്നു. എം. ജി. രാധാകൃഷ്ണന്‍ എന്ന പേരോ? സംഗീതസംവിധായകന്‍ ഒന്നാമന്‍, ഇന്ത്യാ ടുഡെ ലേഖകനും ഗോവിന്ദപ്പിള്ളയുടെ മകനുമായ രണ്ടാ‍മന്‍, മാതൃഭൂമിയില്‍ എഴുതുന്ന ബോംബെ കഥാകൃത്ത് മൂന്നാമന്‍.

കേരളീയ ക്രൈസ്തവ ശൈലിയിലുള്ള സെക്കന്റ് നെയിമുകളും ചിലപ്പോള്‍ കാര്യസാധ്യത്തിന് പോരാതെ വരുന്നു. കോട്ടയത്ത് എത്ര മത്തായിമാര്‍ ഉണ്ട് എന്നൊരു ചെറുകഥയ്ക്ക് പേരിട്ട ജോണ്‍ ഏബ്രഹാമിന്റെ കഥയെടുക്കുക. ജോണ്‍ ഏബ്രഹാം എന്നാരെങ്കിലും പറഞ്ഞാല്‍ ഇക്കാലത്ത് ഭൂരിപക്ഷവും കരുതും ആ മോഡല്‍-ടേണ്ഡ്-ബോളിവുഡ്-ആക്റ്ററാണെന്ന്. അല്ലെന്നേ, സിനിമാക്കാരന്‍ ജോണ്‍ ഏബ്രഹാം എന്നു പറഞ്ഞാലും നമ്മുടെ ജോണിനെ ഫ്രെയിമില്‍ കിട്ടുമോ? (ഇന്ത്യാ ടുഡേ ലേഖകനായ എം. ജി. രാധാകൃഷ്ണന്റെ പ്രൊഫൈലിന് പണ്ട് ഞാനൊരു തലക്കെട്ടിട്ടു - തിരുവനന്തപുരത്ത് എത്ര എം. ജി. രാധാകൃഷ്ണന്മാര്‍ ഉണ്ട്?)

പറഞ്ഞുവരുന്നത് ഇതാണ് - കൃഷ്ണന്‍ നായര്‍ സാറിനു തെറ്റി. ജനസംഖ്യാബാഹുല്യവും അതിനാല്‍ത്തന്നെ പ്രശസ്തരുടെ എണ്ണത്തിലും ബാഹുല്യവുമുള്ള കേരളത്തില്‍ ആളെ തിരിച്ചറിയാന്‍ രണ്ട് ഇനിഷ്യലും അപ്പന്റെ പേരും പലപ്പോഴും പോരാതെ വരും. പേരിനോടൊപ്പം തിരിച്ചറിയാന്‍ സ്ഥലപ്പേരോ വീട്ടുപേരോ ഉപജാതിപ്പേരോ കൊടുക്കുന്നതായിരിക്കും പ്രായോഗികബുദ്ധി. (ഓരോരുത്തര്‍ക്കും നെറ്റിയില്‍ ഓരോ ബാര്‍കോഡ് വരുന്ന കാലം അതാ ആ വളവു കഴിഞ്ഞോ ഇല്ലയോ എന്നാരു കണ്ടു. ഐഡിയാ ഫോണിന്റെ പരസ്യത്തില്‍ പറയുമ്പോലെ ഓരോ മനുഷ്യനും ഓരോ യുനീക് നമ്പര്‍ മാത്രമാകുമോ - എന്റമ്മോ!)

പെരിങ്ങോടന്‍ പേരു മാറ്റിയത് പറഞ്ഞതില്‍പ്പിടിച്ച് എവിടെയെല്ലാമെത്തി. എബൌട്ട് മിയിലും രാജ് എഴുത്തുമാറ്റിയിരിക്കുന്നു: A blogger who believes blog sociality is all about interaction between blogs, not bloggers. This blog got its own life, its not my life anyway.

മറ്റൊരു ബ്ലോഗേഴ്സ് മീറ്റിന്റെ മേളപ്പദം കേള്‍ക്കാകുമ്പോള്‍ ഈ ചര്‍ച്ചയും പ്രസക്തം. വ്യക്തിപരമായി ഒരു ബ്ലോഗര്‍ എന്ന് അറിയപ്പെടുന്നതിനേക്കാള്‍ എനിക്കൊരു ബ്ലോഗുണ്ട് എന്ന് അറിയിക്കാനാണ് എനിക്കും താല്‍പ്പര്യം തോന്നുന്നത്.

ടെക്നിക്കലി രോമനും രാഷ്ട്രീയമായി പ്രതിലോമനുമായ എനിയ്ക്ക് ക്ഷമ കൈവിടാതെ സംശയങ്ങള്‍ പറഞ്ഞുതരുന്ന, പ്രായം കൊണ്ട് അനിയനും അഭിപ്രായം കൊണ്ട് ചേട്ടനുമായ, മറുമൊഴികള്‍ എന്തുകൊണ്ട് ഉപേക്ഷിക്കേണ്ടതാകുന്നു എന്ന് ലേഖനമെഴുതിയതിന് 'ഓ, അവന്‍ പണമുണ്ടാക്കാനുള്ള മറ്റേതൊ വിദ്യ ഉണ്ടാക്കാനാ' എന്ന് പഴി കേട്ട, ഒരു പൈസ പോലും ഉണ്ടാക്കാതെ ഒരു മലയാളം കീയിംഗിന്‍ സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ വെച്ചിരിക്കുന്ന, അമിതവിനയത്തെ അടുപ്പിയ്ക്കാത്ത, രാജ്. ബ്ലോഗിന്റെ പേരു മാറ്റിയതിന് രാജിന് എന്റെ സലാം.

4) ചില വാക്കുകള്‍ ഹൈപ്പര്‍ലിങ്കുകള്‍ പോലെയാണ്. എനിക്ക് ആണ്മ എന്ന വാക്ക് ഒരു ഹൈപ്പര്‍ലിങ്കാണ്. ആ വാക്കിലൂടെ വൈലോപ്പിള്ളിയുടെ കുടിയൊഴിയ്ക്കല്‍ ഒഴുകിവരും:

ആണ്മ തേടിന മുണ്ടകന്‍ പാടത്താണ്മെരുവിനാല്‍ വാസനിക്കുമ്പോള്‍
വേനലിന്‍ മധുവാല്‍ ഹൃദയത്തിന്‍ തേനടകള്‍ നിറഞ്ഞുവിങ്ങുമ്പോള്‍
അന്നു കണ്ടു ഞാന്‍ ശ്യാമമാം ഗ്രാമമണ്ണു പെറ്റൊരപ്പെണ്‍കൊടിയാളെ.
പുന്നപൈനുകള്‍ പൂവിട്ട താരാച്ഛന്നമാകുമിടവഴിയൂടേ
ആടിനേകാന്‍ പടര്‍ന്ന പാല്‍ വള്ളി തേടി വൈലിതള്‍ ചൂടി നടക്കേ
കുങ്കുമപ്പൂവറുക്കുവാന്‍ താന്‍ താനെന്‍ കരളില്‍ കയറി നിന്നോളേ
ഞാനരുളിയോരാദ്യ സമ്മാനം മാനവാ‍യ്പ്പാല്‍ തിരസ്കരിച്ചാലും
പാതമണ്ണില്‍ തിരിച്ചറിഞ്ഞെന്റെ പാദമുദ്രയെപ്പാര്‍ത്തു നിന്നോളേ...

അതോര്‍മിപ്പിയ്ക്കുന്നതിനും നന്ദി രാജ്. നിനക്ക് നല്ലതു വരട്ടെ.

49 comments:

സജീവ് കടവനാട് said...

പെരിങ്ങോടന്‍ എന്ന പേര്‍ ഹാസ്യാത്മകമാണോ. അപ്പൊ പെരിങ്ങോട്ടുകാരൊക്കെ ഹാസ്യന്മാര്‍ തന്നെ. ആരാണ്ടോ പറഞ്ഞു ബുക്കറാകാന്‍ പോകുന്നതുകൊണ്ടാണ് ഈ പേരുമാറ്റമെന്ന്. എന്തായാലും കീമാന്‍ തന്നതിന് വളരെ നന്ദിയുണ്ട് രാജിനോട്.

അപ്പൊ എഴുത്തച്ചനായി, ഇനി എഴുത്തമ്മേം എഴുത്തുപെങ്ങളും, എഴുത്തേട്ടനും, എഴുത്തുണ്ണിയുമൊക്കെ വരാനുണ്ട്.

simy nazareth said...

അതു തന്നെ :-) അല്പം കുശുമ്പോടെയാണെങ്കിലും രാജിന് സലാം!

ബ്ലോഗറല്ല, ബ്ലോഗും എഴുതുന്നവനാണെങ്കിലും, ബ്ലോഗുകള്‍ തമ്മിലുള്ള ഇന്ററാക്ഷന്‍ ആണെങ്കിലും അല്ലെങ്കിലും ഇതുവരെ കാണാത്ത മാഷന്മാരെ ഒക്കെ ഒന്നു നേരില്‍ കണ്ടാല്‍ കൊള്ളാമെന്നുണ്ട്. അധികം കത്തിയടിക്കാനല്ല. വെറുതേ ഒന്നു കാണാന്‍. അത്രേ ഒള്ളൂ. ബ്ലോഗ് മീറ്റിനു വാ.

Anonymous said...

[മോഡറേഷന്‍ കാരണം കമന്റിടാതെ വാശിപിടിച്ചുനടന്നിട്ട് ഇങ്ങേര് വിടുന്ന ലക്ഷണം ഇല്ല.]

ആ പേരുമാറ്റത്തിന് പ്രത്യേക സലാമിന്റെ ആവശ്യം ഉണ്ടോന്നൊന്നും എനിക്കറിയില്ല. നാളെ അതിന്റെ പേരുമാറ്റി പെണ്മ എന്നാക്കിയാലോ എരുമ എന്നാക്കിയാലോ ഞാന്‍ ഇപ്പോള്‍ പോകുന്ന സന്തോഷത്തോടെ അവിടെപോകും. (ഇവിടുത്തെ വളിപ്പുകള്‍ മാറ്റിയതിന് ഓസിന് ഒരു സലാം വേണേല്‍ ദാ പിടി)

ബ്ലോഗിങ്ങിനോടും എഴുത്തിനോടും പെരിങ്ങോടന്‍ എന്ന രാജ് നീട്ടിയത്ത് കാണിക്കുന്ന ആത്മാര്‍ത്ഥതക്ക് ഒരു വലിയ സലാം. അത് കീമാന്‍ എന്ന സംവിധാനത്തിന്റെ പേരില്‍ മാത്രമല്ല. ആശയപരമായി ഞങ്ങള്‍ പലപ്പോഴും രണ്ടുചേരിയില്‍ നിന്നിട്ടുണ്ട്. അതുകൊണ്ട് ആശയപരമായ സമവായങ്ങളുടെ പേരിലും അല്ല. എഴുത്തിന്റെ നിലവാ‍രത്തോടും ബ്ലോഗെഴുത്തിന്റെ വ്യതിരിക്തതയോടും കറയില്ലാത്ത ആത്മാര്‍ത്ഥത കാണിക്കുന്ന ഒരാളാണ് പെരിങ്ങോടന്‍. പെരിങ്ങോടന്റെ വായനക്കുറിപ്പുകളെ ഒരുപാട് ഗൌരവത്തോടെ കാണുന്ന ഒരാളാണ് ഞാന്‍. പിന്നെ ആണ്മ എന്ന പേര് അത് ബ്ലോഗിനു ചേരുന്നതരമുള്ള ആര്‍ജ്ജവത്തിനും.

(ഈ കുറിപ്പ് എങ്ങോട്ടാണ് പോകുന്നത് എന്നൊരു ഡൌട്ട് . രാഷ്ട്രീ‍യം പഠനവിഷയവും ധ്യാനവിഷയവും ആയിപ്പോയതിന്റെ കുഴപ്പം !)

Anonymous said...

http://malkey.blogspot.com/2005/08/blog-post.html

ഭൂമിപുത്രി said...

എന്റെ സൈബര്‍ജീവിതത്തിന്റെ ലൈഫ് ലൈന്‍
ആയിമാറിയ ‘കീമാ’ന്റെ സൃഷ്ടാവ് പെരിങ്ങോടനാണെന്നു
എനിയ്ക്കറിയില്ലായിരുന്നു.
ഭയങ്കര അത്ഭുതവും സന്തോഷവുമൊക്കെ തോന്നുന്നു...
ആയിരംനന്ദി പെരിങ്ങോടന്‍!
നിശ്ശബ്ദവിപ്ളവം എന്നൊക്കെപ്പറയുന്നതു ഇതല്ലേ?

Anonymous said...

പെരിങ്ങോടന്റെ വാലും പോയി?(ഗുഡ്.)
പല്ലിവാലാവില്ലെന്ന് കരുതുന്നു.

Inji Pennu said...

ഇങ്ങിനെ സിബു, ഏവൂരാന്‍, ഉമേഷ്, ദേവന്‍, ഇങ്ങിനെയുള്ളവരെപറ്റിയും എഴുതിയാല്‍ വായിക്കാരുന്നു.

എഴുത്തച്ഛനാണോ എന്നൊന്നും അറിഞ്ഞൂടാ, കീമാന്‍ ഉണ്ടാക്കിയോണ്ട് എനിക്ക് യാതൊരു നന്ദിയുമില്ല താനും. ആളല്ലെങ്കില്‍ മറ്റൊരാള്‍ ഉണ്ടാക്കും. അത്രേയുള്ളൂ.

പക്ഷെ രാജുമയി നല്ലോണം ഞാന്‍ ബ്ലോഗില്‍ യുദ്ധിച്ചിട്ടുണ്ട്. രണ്ടാള്‍ക്കും അങ്ങോട്ടുമിങ്ങോട്ടും കണ്ണെടുത്താല്‍ കണ്ടൂട, ആശയങ്ങളിലാണെന്ന് മാത്രം :). മാന്യമായി പ്രതിപക്ഷ ബഹുമാനത്തോട് കൂടി ആശയങ്ങളിലൂന്നി മാത്രം തര്‍ക്കത്തിലേര്‍പ്പെടുന്നയാളാണ്. അത്കൊണ്ട് രാജിനോട് ഡിബേറ്റാന്‍ ഒന്നും ഭയക്കണ്ട.

പിന്നെ ഒരു വളവ് തിരിയുമ്പോള്‍ ഹോണ്‍ അടിക്കാതെ വരുന്ന ലോറി ഇടിക്കുന്നതുപോലെയുള്ള കഥകളെഴുതി ബ്ലോഗിനെ ധന്യമാക്കി. ഇപ്പോഴും ഇത്രയുമായിട്ടും ഇത്രയധികം ആളുകള്‍ വന്നിട്ടും വിരലിലെണ്ണാവുന്ന നല്ല വായനാ ബ്ലോഗില്‍ ഒന്ന് അതാണ്.

പിന്നെ രാജിനു അഹങ്കാരം കൂടിപ്പോയതോണ്ട് ഞങ്ങടെയൊക്കെ അമിതവിനയം മനസ്സിലാക്കാന്‍ പറ്റാത്തതാണ്. അതു ശരി! അമിതവിനയാത്രെ.
:) :)

ഓഫ്:
ബുക്ക് ഇറക്കാന്‍ പേര് മാറ്റണാ‍? അതെന്താ പേര് നോക്കിയാണോ ആളോള്‍ ബുക്കിറക്കാ? ചുമ്മാ എന്തോരം യൂസ്‌ലെസ്സ് ഗോസിപ്പാണ് ദൈവമേ മലയാളം ബ്ലോഗില്‍.

Rammohan Paliyath said...

പെരിങ്ങോടന്‍ എന്ന പേരില്‍ ബുക്കിറക്കിയാല്‍ എന്താ കുഴപ്പം കിനാവേ?

ഗുപ്തരേ, മോഡറേഷനില്ലാതെ വന്ന ആ കമന്റുകള്‍ നിങ്ങള്‍ കണ്ടിരുന്നോ? തെരഞ്ഞെടുത്ത ആളുകളുടെ കമന്റുകള്‍ മാത്രം മോഡറേഷനില്ലാതെ ഇടാനൊരു ഓപ്ഷനുണ്ടെങ്കില്‍ ബ്ലോഗും ഈ-മെയിലൈഡിയും പ്രദര്‍ശിപ്പിക്കുന്ന ഏതവളുടേം കമന്റ് മോഡറേഷന്‍ ഇല്ലാതെ ഇടാന്‍ സംവിധാനമുണ്ടാക്കാം. അറിയുമോ അങ്ങനെ ഒരു ഓപ്ഷന്‍? ജനാധിപത്യത്തില്‍ അനോനികളുടെ വിലയറിയാത്ത അനോനികളുമുണ്ട്. ക്യാ കരേഗാ ബായ്.

വാലിന്റെ കാര്യമൊന്നും ഇവിടെ പറഞ്ഞില്ല. ബ്ലോഗിന്റെ പേര് മൊത്തം മാറ്റിയതാ പറഞ്ഞെ.
എവലൂഷന്‍ എന്നു പറഞ്ഞാല്‍ അത് അനോനികള്‍ക്കും ബാധകമായിരിക്കണം. അനോനികളുടെ വിലയറിയാത്ത അനോനികളുമുണ്ട്. ക്യാ കരേഗാ ബായ്.

അപ്പു ആദ്യാക്ഷരി said...

"ഞാനിത് കീയിന്‍ ചെയ്യുന്നത് പെരിങ്ങ്സ് ഡെവലപ് ചെയ്തെടുത്ത് സൌജന്യമായി ഡൌണ്‍ലോഡാന്‍ വെച്ചിരിക്കുന്ന കീമാനുപയോഗിച്ചാണ്. ബ്ലോഗിലെ ഭൂരിപക്ഷവും അങ്ങനെയായിരിക്കുമെന്ന് ഞാന്‍ കരുതുന്നു..." ഞാനും ബ്ലോഗില്‍ മലയാളം ടൈപ്പ് ചെയ്യുന്നതിന് കീ മാന്‍ ആണു ഉപയോഗിക്കുന്നത്. ഒരു സംശയം ചോദിച്ചോട്ടേ. ഈ Tavultesoft Keyman എന്ന സോഫ്റ്റ് വെയര്‍ കമ്പനിയുടെ സോഫ്ഫ് വെയറാണ് കീമാന്‍ എന്നാണ് ഞാന്‍ വിചാരിച്ചിരിന്നത്. “About Keyman" എന്ന ടാബില്‍ ക്ലീക്കു ചെയ്താല്‍ അങ്ങനെയാണല്ലോ കാണുന്നത്. ഇനി, കീമാന്‍ മലയാളം ടൈപ്പിംഗ് സോഫ്റ്റ് വെയറ് പെരിങ്ങോടന്‍ ഡിസൈന്‍ ചെയ്ത് ഈ കമ്പനി വാങ്ങിയതാണോ?

Unknown said...

മറുമൊഴികള്‍ എന്തുകൊണ്ട് ഉപേക്ഷിക്കേണ്ടതാകുന്നു എന്ന് ലേഖനമെഴുതിയതിന് രാജ് പിന്മൊഴികള്‍ ഉപേക്ഷിയ്ക്കുന്നതിനെ പറ്റിയല്ലേ മാഷേ ലേഖനം എഴുതിയത്?

ഓടോ: ഈ മോഡറേഷനുള്ള സ്ഥലത്ത് കമന്റിടുന്നത് പഴകിയ ബീഫ് ഫ്രൈ കഴിയ്ക്കുന്നത് പോലെ ആണ്. പിറ്റേന്ന് വയറിളകുമോ ഇല്ലയോ എന്ന് നോക്കിയിരിക്കേണ്ട ഒരു അവസ്ഥ. ;)

Anonymous said...

എഴുത്തച്ഛന്‍ വന്ന വഴി

ASCII യില്‍ നിന്നും യൂണികോഡിലേക്കുള്ള കോഡ് മാറ്റം ചെയ്യാന്‍ വേണ്ടുന്ന പല ഡവലപ്പിങ്ങ് സോഫ്റ്റ്വെയറുകളുമുണ്ട്, ഉദാഹരണത്തിന് tavultesoft കമ്പനിയുണ്ടാക്കുന്ന ഡവലപ്പിങ്ങ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കീ മാപ്പിങ്ങ് ചെയ്യാവുന്നതാണ്, ഇങ്ങനെ ഉണ്ടാക്കുന്ന റ്റൂള്‍സ് ഉപയോഗിച്ച് പ്രാദേശിക ഭാഷാ അക്ഷരങ്ങള്‍ സൂചിപ്പിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ തറവാടി ഇവിടെ ഇട്ടിരിക്കുന്നു

SunilKumar Elamkulam Muthukurussi said...

പാലിയത്തച്ചോ,
പെരിങ്ങോടന്‍ എന്ന പേര്‍ മാറ്റണമോ വേണ്ടായോ എന്നതദ്ദേഹത്തിന്റെ ഇഷ്ടം. എങ്കിലും “പെരിങോടന്‍” എന്ന പേരിന് ക്ലാസ്സിക് ചുവയുണ്ടായിരുന്നു എന്നദ്ദേഹത്തിനോട്‌ കുറച്ചു ദിവസം മുമ്പ് ചാറ്റിലൂടെ പറഞതാണ്. അതിനാല്‍ ഹാസ്യരസം എന്നു പറഞതിനോടെതിര്‍പ്പ്.
ഇഞ്ചിയുടെ ലോറി കമന്റിന് ഒരു സലാം. ലോറി ഇടിക്കുന്നതുപോലെയുള്ള കഥകള്‍!!!! ഹ ഹ ഹ
ഓ.ടോ:. ഇപ്പോ ഗൂഗിള്‍ കൂടെ മലയാളം ട്രന്‍സിലിറ്റിരേഷന്‍ തുടങിയേ. ബ്ലോഗില്‍ ഡയറക്റ്റ് മലയാളത്തില്‍ ടൈപ്പാം, കീമാനില്ലാതെ തന്നെ.
കീമാപ്പിനതിന്റേതായ ധര്‍മ്മം അത്‌ നിര്‍വ്വഹിച്ചുരിക്കുന്നു സംശയമില്ല.
-സു-

സുധീർ (Sudheer) said...

ധാരാളം അറിവുകള്‍ തരുന്ന
നല്ല ലേഖനം.രാജിനോട് മലയാള
ബ്ലോഗ് ലോകം കടപ്പെട്ടിരിക്കുന്നു.

എന്തായാലും മലയാള ബ്ലോഗിങ്ങിന്റെ
തുടക്കം,അതു കടന്നു വന്ന
വഴികള്‍,സാങ്കേതികമായ മുന്നേറ്റം,
ഇന്ന് എവിടെ എത്തി നില്‍ക്കുന്നു
എന്നൊക്കെ അറിയാനുള്ള ആഗ്രഹം
ഒരു പുതിയ ബ്ലോഗ്ഗര്‍ ആയ എനിയ്ക്ക്
ഉണ്ട് (അതു പോലെ മറ്റു പലര്‍ക്കും കാണും!)
അത്തരത്തില്‍ സമഗ്രമായ അറിവു
നല്‍കുന്ന ഒരു ബ്ലോഗ് ഉദ്യമം ഉണ്ടാകേണ്ടിയിരിക്കുന്നു.

തറവാടി said...

ഇലക്ട്രോണിക് ഫോര്‍ യു എന്ന മാഗസിനില്‍ വരുന്ന ഹോബി സര്‍ക്യൂട്ടുകള്‍ അസ്സമ്പിള്‍ ചെയ്ത്‌ സായൂജ്യം കൊള്ളുന്നവരില്‍ ചിലരെങ്കിലും ഉണ്ടാക്കിയവ മറ്റുള്ളവര്‍ക്ക്‌ ഉപയോഗിക്കാന്‍ കൊടുക്കാറുണ്ട്‌ , ചിലര്‍ വില്‍ക്കാറുമുണ്ട്‌. മറ്റുചിലര്‍ സര്‍ക്യൂട്ടുണ്ടാക്കി അവ അസ്സെമ്പിള്‍ ചെയ്തതിനു ശേഷം തിരിച്ചു വാങ്ങിക്കാറുമുണ്ട്‌. ഇവിടങ്ങളിലൊന്നും സര്‍ക്യൂട്ട്‌ ഡിസൈന്‍ ചെയ്തവര്‍ തങ്ങളാണെന്ന് അവകാശപ്പെടാറില്ല , മറ്റുള്ളവര്‍ പറയാറുമില്ല. അതിനുള്ള പ്രധാനകാരണം വാങ്ങുന്നവനോ അല്ലെങ്കില്‍ ബന്ധ പ്പെടുന്നവരോ സ്വല്‍പ്പം 'വെവരമുള്ളവര്‍ എന്നതുതന്നെ ,പക്ഷെ ഇവിടെപ്പോലും ,

അമ്മിണിച്ചേച്ചിയുടേയും , കുഞ്ഞന്‍റ്റേയും , ഒസ്സാന്‍ അവറാന്‍റ്റേയുമൊക്കെ മുന്നില്‍

' ദ കണ്ടോ ഞാനാണിതുണ്ടാക്കിയതെന്ന്' പറയുന്നവരും , '

, കരണ്‍ട്‌ പോയാല്‍ വീട്ടില്‍ വന്ന് ഫീസുകെട്ടുന്ന രാമനെ ചൂണ്ടി ,

' ഓനാണ് ഈ നാട്ടിലെ ഇലക്ട്രിക്‌ എഞ്ചിനീയര്‍ ' എന്നു പറയുന്ന ചില നാട്ടുകാരേയും ഓര്‍മ്മവരുന്നു ഇതൊക്കെ കാണുമ്പോള്‍.

നിങ്ങളുപയോഗിക്കുന്ന എന്തിനൊടെങ്കിലും നന്ദി പ്രകാശിപ്പിക്കണമെങ്കില്‍ ആയിക്കൊള്ളു പക്ഷെ തുടക്കത്തില്‍ നിന്നും വേണമത്‌ , അതായത്‌ ഏതോ ഒരുത്തന്‍ വൈദ്യുതി കണ്ടുപിടിച്ചല്ലോ അവന്‍ ( ക്ഷമിക്കൂ) മുതല്‍ വേണം അല്ലാതെ ഇടക്ക്‌ ബെഞ്ചുപിടിച്ച്‌ അതിന്‍മേല്‍ കമ്പ്യൂട്ടര്‍ വെച്ചവനോടാവരുത്‌. കുറെ നാളായിതു കേള്‍ക്കാന്‍ തുടങ്ങിയീട്ട്‌ അതിനാല്‍ സ്വല്‍പ്പം കടുത്തതായിപ്പോയത്‌.

Unknown said...

നമസ്കാരം ! ഞാന്‍ എഴുത്തുകാരനോ ബ്ലോഗ്ഗറോ അല്ല. എന്നാല്‍ എല്ലാ ദിവസവും കുറെ ബ്ലോഗുകള്‍ വായിക്കുന്നു . അതിലും പ്രധാനമായി തമിഴ് ബ്ലോഗുകളാണ് കൂടുതല്‍ വായിക്കുന്നത് . ഇംഗ്ലീഷില്‍ ഏറ്റവും ലേറ്റസ്റ്റായ പദത്തിന് പോലും തത്തുല്യമായ പദങ്ങള്‍ സ്വന്തമായുണ്ടാക്കുന്ന തമിഴ് എന്നെ അമ്പരപ്പിക്കുന്നു . ഒരു തമിഴ് ബ്ലോഗില്‍ എവിടെയും ഇംഗ്ലിഷ് വാക്ക് കാണാന്‍ കഴിയില്ല . ഏറ്റവും പ്രാചീനമായ ആ ഭാഷ ഇപ്പോഴും ദിനം‌പ്രതി വളരുന്നു എന്നത് ഒരു അത്ഭുതമായിട്ടാണ് ഞാന്‍ കാണുന്നത് . ഞാന്‍ ബ്ലോഗ്ഗറല്ല എന്നേ പറഞ്ഞുള്ളൂ . എന്നാല്‍ ചിലത് ഈ മാധ്യമത്തില്‍ കുത്തിക്കുറിക്കുന്നുമുണ്ട് . അത് ബ്ലോഗ്ഗറയാത് കൊണ്ടല്ല എന്ന് പറയുകയായിരുന്നു . ഈ ബ്ലോഗില്‍ ഞാന്‍ ഇ-മെയില്‍ സബ്‌സ്ക്രൈബ് ചെയ്തത് കൊണ്ട് പതിവായി എല്ലാ പോസ്റ്റുകളും വായിക്കാറുണ്ട് . പെരിങ്ങോടന്റെ ബ്ലോഗുകളും വായിക്കാറുണ്ട് . പേര്‍ മാറ്റം ശ്രദ്ധയില്‍ പെട്ടിരുന്നു . അതിനെക്കുറിച്ച് എഴുതിയ ഈ പോസ്റ്റില്‍ ഒരു കമന്റ് എഴുതാമെന്ന് തോന്നി . ഇവിടെ മോഡറേഷന്‍ ഇനേബ്‌ള്‍ ചെയ്തത്കൊണ്ടാണ് ധൈര്യപൂര്‍വ്വം എഴുതുന്നത് . പെട്ടെന്ന് പബ്ലിഷ് ആയി ആരും വായിക്കുകയില്ലല്ലോ . പെരിങ്ങോടന്റെ പേര്‍ മാറ്റത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു . നമ്മുടെ സ്വന്തം പേര്‍ തന്നെ ഒരു തൂലികാനാമം ആണെന്നാണ് എനിക്ക് തോന്നുന്നത് . അപ്പോള്‍ ഒരു തൂലികാനാമത്തിന് പിന്നെയും മറ്റൊരു തൂലികാ നാമം ആവശ്യമില്ല എന്നെനിക്ക് തോന്നുന്നു. കെ.പി.സുകുമാരന്‍ എന്ന എന്റെ പേരിനും അഞ്ചരക്കണ്ടി എന്ന എന്റെ സ്ഥലപ്പേരിനും എനിക്ക് എന്ത് ഉടമസ്ഥാവകാശമാണുള്ളത് ? ചില ബ്ലോഗുകള്‍ വായിച്ച് എനിക്കത് ഇഷ്ടപ്പെടുമ്പോള്‍ അതെഴുതിയ ആളിനെക്കുറിച്ചറിയാന്‍ മനുഷ്യസഹജമായ ഒരു ജിജ്ഞാസ എനിക്ക് തോന്നാറുണ്ട് . പ്രൊഫൈലില്‍ എനിക്കിഷ്ടപ്പെട്ട ആ എഴുത്തുകാരന്റെ പേര്‍ വെറും അനോണി നാമം മാത്രമായി കാണുമ്പോള്‍ ദു:ഖവും തോന്നാറുണ്ട് . യഥാര്‍ഥ നാമം തന്നെ ഒരു അനോണി നാമമാണല്ലോ എന്ന് സ്വയം സമാധാനിക്കും . എഴുത്ത് എന്നത് എഴുതുന്നവനും വായിക്കുന്നവനും തമ്മില്‍ സ്വകാര്യമായി നടത്തുന്ന ആത്മസംവാദമാണെന്ന് എനിക്ക് തോന്നാറുണ്ട് . അത് കൊണ്ടാണല്ലോ ചില എഴുത്തുകള്‍ മാത്രം നമ്മുടെ ബോധതലങ്ങളെ പ്രകമ്പിപ്പിക്കുന്നത് . കീമാന്‍ രൂപപ്പെടുത്തിയതില്‍ എനിക്ക് രാജിനോട് മനസ്സില്‍ നന്ദി സൂക്ഷിക്കാതിരിക്കാന്‍ കഴിയില്ല . രാജ് അല്ലെങ്കില്‍ മറ്റാരെങ്കിലും അത് ഉണ്ടാക്കുമായിരുന്നല്ലോ എന്ന് സമാധാനിക്കാനും കഴിയില്ല . എനിക്കങ്ങനെയൊരു സാധനം ഉണ്ടാക്കാന്‍ കഴിയാത്ത നിലക്ക്, അങ്ങനെയൊന്ന് ഉണ്ടാക്കുന്ന ആരോടെങ്കിലും നന്ദി പറഞ്ഞല്ലേ പറ്റൂ . അത് കൊണ്ട് ആ നന്ദി ഞാന്‍ രാജിനോട് പറയുന്നു .

രാജ് said...

മൊഴി കീമാപ്പ് Tavultesoft ന്റെ കീമാന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്ന ഒരു കീബോര്‍ഡാണ്. കീമാനെ runtime environment എന്ന് നിര്‍വചിക്കുകയാണ് എളുപ്പം, ഒറ്റയ്ക്ക് അതൊന്നും ചെയ്യുകയില്ല, ആ runtime environment -ല്‍ പ്രവര്‍ത്തിക്കുവാന്‍ എഴുതിയിരിക്കുന്ന കീബോര്‍ഡുകള്‍ക്കു qwert കീബോര്‍ഡിലെ ഇന്‍‌പുട്ടുകളെ പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്ന ഏതാനും നിയമങ്ങളനുസരിച്ചു മാറ്റിപ്രദര്‍ശിപ്പിക്കാവുന്നതാണ്. Tavultesoft -ന്റെ കീമാന്‍ runtime environment ഇല്ലാതെയും ഈ കീബോര്‍ഡുകള്‍ ലിനക്സില്‍ പ്രവര്‍ത്തിക്കും അവിടെ runtime environment ആയി ഉപയോഗിക്കുന്നത് SCIM ഉം KMFL ഉം ആണെന്ന് മാത്രം. .നെറ്റ് CLR നു പകരം ലിനക്സില്‍ മോണോ ഫ്രേംവര്‍ക്കുള്ളത് പോലെ.

അതുപോലെ Tavultesoft കീമാന്‍ എന്ന സോഫ്റ്റ്‌വെയര്‍ സൌജന്യമല്ല, 30 ദിവസത്തെ ഉപയോഗം സൌജന്യമാണ്‌. തുടര്‍ന്നു് ആ runtime environment ഉപയോഗിക്കുന്നതിനു Tavultesoft കമ്പനിക്ക് കാശ് കൊടുക്കണം (please note: എനിക്കല്ല കാശ് തരേണ്ടത്).

ലിനക്സില്‍ ഉപയോഗത്തിനു് ആവശ്യമുള്ള runtime environment സൌജന്യമാണ്. മൊഴി കീമാപ്പ് എഴുതപ്പെട്ടതും ലിനക്സിനു വേണ്ടിയാണ്.

ചുരുക്കത്തില്‍ മൊഴി കീമാപ്പ് ഒരു റണ്‍‌ടൈം എന്‍‌വരോണ്‍‌മെന്റ് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന കീബോര്‍ഡാണ് (keyboard rules defined in a plain text file), Tavultesoft ന്റെ ചില ഡെവലപ്പര്‍ ടൂള്‍സ് ഉപയോഗിച്ചു ഈ കീബോര്‍ഡിനെ ഒരു സോഫ്റ്റ്‌വെയറായി പാക്കേജ് ചെയ്തെടുത്തു ഡിസ്ട്രിബ്യൂട്ട് ചെയ്യാവുന്നതാണ്‌. നിങ്ങള്‍ മൊഴി കീമാപ്പ് ഡൌണ്‍‌ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ഇപ്രകാരം പാക്കേജ് ചെയ്യപ്പെട്ട ഒരു സോഫ്റ്റ്‌വെയര്‍ ആയിട്ടാകും, ലിനക്സ് ഉപഭോക്താക്കള്‍ കീമാപ്പ് സോഴ്സ് ഫയലായും.

അതു പോലെ കീമാന് ഒരു ASCII to Unicode കണ്‍‌വേര്‍ട്ടര്‍ അല്ല. കീബോര്‍ഡില്‍ നിന്നു വരുന്ന ഏതൊരു ഇന്‍‌പുടിനേയും പാഴ്സ് ചെയ്ത് യഥാര്‍ഥ ഇന്‍‌പുട് പ്രിന്റ് ചെയ്യിക്കാതെ കീബോര്‍ഡ് ഫയലിലെ നിയമങ്ങള്‍ അനുസരിച്ചു പ്രിന്റ് ചെയ്യുന്ന റണ്‍‌ടൈമാണ്.

Anonymous said...

അപ്പുവിന്റെ സംശയം പലര്‍ക്കുമുണ്ട്. അങ്ങനെ സംശയമുള്ളവര്‍
Tavultesoft Keyman ന്റെ വെബ് സൈറ്റ് നോക്കുക. അവിടെ ഇങ്ങനെ പറയുന്നു.

What is Keyman Desktop?

Keyman Desktop is a program that allows you to use custom-designed keyboards for input. This makes it possible to input in languages such as Burmese, Amharic or Urdu, or even just to use alternate keyboard layouts for other languages such as English or French. It features an on-screen keyboard and close integration with Windows. Keyman Desktop has been designed with ease-of-use in mind. You can download packages of keyboards and fonts from the Internet and install them in with a single mouse click.

What is Keyman Developer?

Keyman Developer provides the tools to allow you to create your own keyboard input methods. These can range from a simple remapping of keys on your keyboard, to complex phonetic input of languages such as Burmese, Amharic, or Chinese.
You can create keyboards with a simple point-and-click wizard, or through a powerful keyboard programming language. In either case, Keyman Developer includes all the tools you need to develop, test and distribute these keyboards.

മുമ്പ് സൌജന്യമായി ലഭിച്ചിരുന്ന Tavultesoft Keyaman പ്രോഗ്രാമില്‍ പെരിങ്ങോടന്‍ മലയാളം യൂണിക്കോഡ് കീ ബോഡ് ചേര്‍ത്തു എന്നു വേണം അനുമാനിക്കാന്‍. അങ്ങനെ ചെയ്യുന്നതിന് പെരീങ്ങോടനു മുന്നില്‍ സിബുവിന്റെ വരമൊഴി മാതൃകയായി ഉണ്ടായിരുന്നു താനും(അതിന്റെ കോഡും??). വരമൊഴിയുടെ നേരിട്ട് എവിടെയും ടൈപ്പ് ചെയ്യാന്‍ ഉതകുന്ന ഒരു രൂപം മാത്രമാണ് മൊഴി കീമാന്‍ എന്നു മനസ്സിലാക്കാവുന്നതാണ്.

വരമൊഴിയുടെ ചരിത്രം പറയുന്ന ഇവിടെ ഇങ്ങനെ കാണാം.
In June 2005, Raj Nair created 'Mozhi Keyman' using Tavultesoft Keyman with inputs from Sunny Varghese who had earlier created a similar application, 'Vamozhi', with Tavultesoft Keyman. Mozhi Keyman became part of Varamozhi in July 2005.

പെരിങ്ങോടന്റെ സേവനങ്ങളെ ഒട്ടും വിലകുറച്ചു കാണാതെ തന്നെ പറഞ്ഞു കൊള്ളട്ടെ,
പെരിങ്ങോടനെ ഇങ്ങനെ കൊട്ടിഘോഷിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. എഴുത്തച്ഛന്‍ പട്ടം ചാര്‍ത്തി രാജിനെ മലയാള ഭാഷയുടെ പിതാവായി അവരോധിക്കുന്നത് ഭാഷക്കു വേണ്ടി സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്യുന്ന മറ്റു പലരോടും ചെയ്യുന്ന അനീതി മാത്രമാണ്.

ഇനി ഒട്ടുമിക്കവരും അറിയാതെ പോകുന്ന ഒരു സംഗതിയിലേക്ക് വിരല്‍ ചൂണ്ടട്ടെ.
മലയാളം സ്റ്റാന്‍ഡേഡ് ഇന്‍പുട്ട് രീതിയായ ഇന്‍‌സ്ക്രിപ്റ്റ് സങ്കേതം ഉപയോഗിച്ച് യാതൊരു മൊഴിയുടെയും ആവശ്യമില്ലാതെ തന്നെ വിന്‍ഡോസില്‍ മലയാളം യൂണിക്കോഡ് ടൈപ്പ് ചെയ്യാം. റാല്‍മിനോവ് ഉണ്ടാക്കിയ ഒരു കീബോഡ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രം മതി. വിശദ വിവരങ്ങള്‍ക്ക് ഇവിടെ നോക്കുക. MalinAlt.
ഇന്‍‌സ്ക്രിപ്‌റ്റ് രീതി ഉപയോഗിക്കുന്നവര്‍ക്ക് അതില്‍ നിന്ന് മാറാതെ തന്നെ എളുപ്പത്തില്‍ ടൈപ്പ് ചെയ്യാം. പുതിയവര്‍ക്ക് ലേ ഔട്ട് നോക്കി എളുപ്പത്തില്‍ പഠിച്ചെടുക്കുകയുമാവാം.
അപ്പോള്‍ റാം മോഹന്‍ എഴുത്തച്ഛന്‍ ഒന്നല്ല, പലരുണ്ട്. പുതിയ പുതിയ എഴുത്തച്ഛന്മാര്‍ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

Anonymous said...

പെരിങ്ങോടന്‍ വീണ്ടും ചിത്രത്തിലേക്ക് വരും
റാം മോഹന്‍റെ ഇടപെടല്‍ വിജയം കാണട്ടെ
അതില്‍ പരമൊന്നും ഈ പോസ്റ്റിന് പ്രാധാന്യമില്ല

വെള്ളെഴുത്ത് said...

ഓ..ഹ് ..രാജ്..(തബലയിലെ രാജ് ഹുസ്സൈന്റെ പഴയ ‘വാഹ് താജ്’ എന്ന മട്ടില്‍) ഇത്ര ഭയങ്കരനായ ഒരാളെയാണോ ഞാന്‍ സലീം ചേര്‍ത്തല സ്റ്റൈലില്‍ ‘ ദെ.. ദിങ്ങോട്ടു നോക്കിയേ, ദാ ദങ്ങോട്ടിട്ടു നോക്കിയേ..” എന്നൊക്കെ ബഹുമാനമില്ലാതെ വീശിയിരുന്നതെന്നോര്‍ക്കുമ്പോള്‍ എന്തോ ഇരിദ്..ജീവിച്ചിരിക്കുന്ന ആരെപ്പറ്റിയും നല്ലതു പറയാന്‍ പാടില്ലെന്നു മലയാളീസ് വ്രതമെടുത്തിട്ടുണ്ടല്ലോ, അതു തെറ്റിച്ചു കള്ളു കുടിച്ചതു കൊണ്ടാണ് എനിക്ക് രാം മോഹനോടു ഇനിക്കിപ്പോള്‍ ഇരിദ് (രണ്ടാമത്തെ ‘ഇദിന്’ ആദ്യത്തെ അര്‍ത്ഥമല്ല. ശ്രദ്ധിച്ചിരിക്കുമല്ലോ.) അതോടൊപ്പം മറ്റൊരിദു കൂടിയുണ്ട്, അദ് പറങ്ങോടി പരിണയം കാവ്യമാണെന്നു പറഞ്ഞതിനാലാണ്. അതൊരൊന്നാം ക്ലാസ് (ഉത്തരാധുനിക) നോവലാണ്. ചില അദ്ധ്യായങ്ങളുടെ തലക്കെട്ട് നോക്കുക “അദ്ധ്യായം ഒന്ന് ;‘കുളത്തില്‍ പോയതും നീര്‍ക്കോലിയെ കണ്ടതും’അദ്ധ്യായം അഞ്ച് ;‘മരുമകന്‍ വക്കീലായതും മകള്‍ തിരണ്ടതും’ അദ്ധ്യായം ഏഴ് ; ‘തോക്ക് ഉണക്കിയതും രസക്കയറു മുറിഞ്ഞതും’...(ഇങ്ങനെ തിരുത്താമെന്നു പറഞ്ഞത് ,ഉമേഷാണ് അതു കൊണ്ട് അദ്ദേഹത്തിനോട് എന്തോ ഒരിദ്...) (ഫ... തിരുത്തോ...? കാവ്യം സാഹിത്യത്തിന്റെ സാമാന്യനാമമല്ലെന്ന് ആരാടാ വെള്ളെഴുത്തേ.. നിന്നോട് പറഞ്ഞത്....?)
പെരിങ് പേരുമാറ്റിയത്, അതും പെണ്മയെക്കുറിച്ചു പറയാന്‍ ആണ്മ എന്നു പേരിട്ടതില്‍ ഒരു കാവ്യനീതിയും കാണാത്ത തരത്തില്‍ അന്ധനാണു ഞാന്‍. വൈലോപ്പിള്ളിയുടെ ആ ‘ആണ്മ’എങ്ങനെയൊക്കെ ആലോചിച്ചാലും പെരിങ്ങിന്റെ ആണ്മയുമായി ചേരും പടി ചേര്‍ക്കാനൊക്കുകയില്ലെങ്കിലും ഓക്കെ, ഈ പോസ്റ്റെനിക്കു വല്ലാതെ ഇഷ്ടപ്പെട്ടു. അത് അദിന്റെ പോക്ക് ഒരു പ്രത്യേകതരത്തിലായതു കൊണ്ടാണ്. കൊടുക്കുമ്പോള്‍ പുളിങ്കമ്പു കൊണ്ടു തന്നെ കൊടുക്കണം. കീമാനും കഥകളും രണ്ടാണ്. കഥകളില്‍ തിരിച്ചുപോകുന്നതിനെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും സംസാരിക്കാതിരിക്കുന്നതിനൊരു കൊട്ട്, ചവിട്ട് ഇത്യാദികള്‍ ഞാന്‍ നേരത്തേ ഓങ്ങി വച്ചതാണ് പുള്ളിയ്ക്ക്. ഇനി അതിവിടെ ആവശ്യത്തിന് കിട്ടിക്കോളും...ഓര്‍ക്കാപുറത്ത് തന്നെ വളവു തിരിഞ്ഞ് ലോറി റാലി...!

ദേവന്‍ said...

വരമൊഴിക്കാലത്തിനും മുന്നേ മലയാളത്തില്‍ ബ്ലോഗുകളുണ്ടാവുന്നതിനും മുന്നേ എനിക്കു പെരിങ്ങോടനെ ബുള്ളറ്റിന്‍ ബോര്‍ഡിലെ കഥയെഴുത്തുകാരനായി അറിയാം. ബ്ലോഗ് തുടങ്ങാന്‍ എന്നെ നിര്‍ബന്ധിച്ച് നിര്‍ബ്ബന്ധിച്ച് ഇവിടെ എത്തിച്ചവരില്‍ ആദ്യത്തെയാളും പെരിങ്ങോടനാണ്‌.

മലയാളവേദിയില്‍ വരമൊഴിയാന്‍ തുടങ്ങിയ കാലത്ത് എല്ലാവരും തൂലിക എന്ന ആസ്കി ഫോണ്ടായിരുന്നു ഉപയോഗിച്ചിരുന്നത് . ബുള്ളറ്റില്‍ ബോര്‍ഡിന്റെ ഗുണഗണങ്ങള്‍- കണ്ടന്റ് സേര്‍ച്ച്, സ്വെയര്‍ ഫില്‍ട്ടര്‍, സേര്‍ച്ച്& മോഡറേറ്റ് തുടങ്ങിയവയെല്ലാം അതോടെ ഇല്ലാതെയായ സമയം അവിടെ കയറി വന്ന് യൂണിക്കോഡിനെ ആളുകള്‍ക്ക് പരിചയപ്പെടുത്തിയതും പെരിങ്ങോടനാണ്‌. ഇത്രയും പെരിങ്ങോടനുമായി എനിക്കുള്ള പരിചയം.

ബ്ലോഗ് പേരിന്റെ കാര്യം രാംജി പറഞ്ഞത് പോയിന്റ്. ഞാന്‍ "കൊല്ലം" എന്ന പേരില്‍ ബ്ലോഗ് തുടങ്ങിയാല്‍ ബാക്കി കൊല്ലത്തുകാരായ പത്തു പതിനഞ്ചു ബ്ലോഗര്‍മാരുടെ കയ്യില്‍ നിന്നും നാടു തട്ടിപ്പറിക്കലാണ്‌. ഞാന്‍ കുണ്ടറ എന്ന പേരില്‍ ബ്ലോഗ് തുടങ്ങിയാല്‍ വാത്മീകിയുടെ
നാടു പോകും. ഞാന്‍ എന്റെ വീട്ടുപേരിട്ടു തുടങ്ങിയാല്‍ വീട്ടില്‍ നിന്ന് ഇനിയാരെങ്കിലും ബ്ലോഗ് തുടങ്ങിയാല്‍ അവരുടെ അവകാശം നിഷേധിക്കലാണ്‌. ദേവനെന്നു പേരിട്ടാല്‍ എം വി ദേവന്‍, സിനിമാനടന്‍ ദേവന്‍, പഴേ സിംഗപ്പൂരു പ്രസിഡന്റ് ദേവന്‍ നായര് തുടങ്ങി എന്നെക്കാള്‍ പരശ്ശതം മടങ്ങ് പ്രശസ്തരായവരുടെയും ദേവന്‍ സാനിട്ടറി, ദേവന്‍ കെമിക്കല്‍സ് തുടങ്ങിയ കമ്പനികളുടെയും പേര്‍ എടുത്തുമാറ്റുകയാണ്‌. ബ്ലോഗിനെന്തു പേരിടണം?

ഓഫ്:
വരമൊഴിയുടെ കഥ ഇതുവരെ ലവിടെ ഉണ്ട് (http://varamozhi.wikia.com/wiki/Brief_History ) വായിക്കാത്തവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഒരു സഹായമാവട്ടേന്നു കരുതി ഇട്ടതാ)

Rammohan Paliyath said...

ഇപ്പോള്‍ കിട്ടിയത്:ഡൌണ്‍ലോഡിംഗിന്റെ കണക്ക് മാത്രമെടുത്താല്‍പ്പോലും - മൊഴി: 45,856 ഡൌണ്‍‌ലോഡുകള്‍, വരമൊഴി: 55,353 ഡൌണ്‍‌ലോഡുകള്‍ - ബ്ലോഗിംഗ് മലയാളത്തിന്റെ എഴുത്തച്ഛന്‍ സിബു തന്നെയാണെന്നാണ് കരുതേണ്ടത്. അതുകൊണ്ട് രാജിന്റെ കോണ്ട്രിബ്യൂഷന്റെ തിളക്കം കുറയുന്നുമില്ല.

ചിത്രം ഇട്ടതുകൊണ്ടാണൊ വീണ്ടും ചിത്രത്തിലേയ്ക്ക് വരുമെന്ന് പറഞ്ഞത്? അങ്ങേര്‍ക്ക് എന്റെ സപ്പോര്‍ട്ട് വേണ്ടാ അതിനൊന്നും. സാങ്കേതികതയും സാഹിത്യവും അറിയുന്ന ഒരപൂര്‍വസഹോദരനാണ് ടിയാന്‍. പുള്ളി ചിത്രത്തില്‍ നില്‍ക്കുന്നതുകൊണ്ട് ആര്‍ക്കേലും വെഷമമമുണ്ടോ?

വെള്ളെഴുത്തേ, ശ്ശൊ, അത് നോവലായിരുന്നൊ. ബീയേക്കാലത്തെ ഓര്‍മയാ. പിന്നെ ആലുവാപ്പുഴയിലൂടെ എത്രയിടങ്ങഴി വെള്ളം ഒഴുകിപ്പോയി. ഓമനക്കുട്ടന്‍സാറിന്റെ മകന്‍ അമല്‍ നീരദ് സൂപ്പര്‍ഹിറ്റ് സംവിധായകനുമായി.

Visala Manaskan said...

രാജ്, അപ്പോള്‍ പെരിങ്ങോടനെ ഉപേക്ഷിച്ചോ?? വേണ്ടായിരുന്നു!

രാജ് എന്ന എഴുത്തുകാരനെ പറ്റി എന്റെ അഭിപ്രായം:
എഴുത്തിനെ വളരെ സീരിയസ്സായി കാണുന്ന, മലയാള ബ്ലോഗിനെ പരിചയപ്പെടുത്തി പറയുമ്പോള്‍‍ എടുത്തുപറയാന്‍ പറ്റിയ നിലവാരമുള്ള ഒരു ബ്ലോഗര്‍.

രാജ് എന്ന വ്യക്തിയെ പറ്റി പറഞ്ഞാല്‍:

നല്ലൊരു ചെക്കനാ‍. അത്യാവശ്യം കാര്യങ്ങളിലൊക്കെ നല്ല വിവരമുണ്ട്. എന്തെങ്കിലും ഐ.ടി. പരമായ സംശയം ചോദിച്ചാല്‍ സിന്സിയറായി പറഞ്ഞു തരും.

ബ്ലോഗിലും ചില റെയര്‍ ഒക്കേഷനുകളിലും മാത്രമായി പരിചയമൊതുങ്ങുന്ന ഒരു വ്യക്തിയെ ഇഷ്ടപ്പെടാന്‍ ഇതിലപ്പുറമൊന്നും എനിക്ക് വേണ്ട!

പിന്നെ രാജുണ്ടാക്കിയ കീമാന്‍ ഉപയോഗിക്കുന്ന വകയില്‍ ഒരു പ്രത്യേക സ്‌നേഹവും എനിക്കിദ്ദേഹത്തോട് ഇല്ലാതില്ല.

സംഗതി ഈ രാജല്ലെങ്കില്‍ മറ്റൊരു കക്ഷി അല്ലെങ്കില്‍ സിബുവല്ലെങ്കില്‍ മറ്റൊരു കക്ഷി ഇത് ഉണ്ടാക്കുമായിരുന്നേനെ ‘പിന്നെ എന്തിന് ഈ പരിഗണ’ എന്ന് പറയുന്നത്...ഒട്ടും ശരിയല്ല!കാരണം, അങ്ങിനെ നോക്കിയാ ലോകത്ത് ഒരുത്തനേം വിലവക്കേണ്ടി വരില്ല. സ്വന്തം മാതാപിതാക്കളെ പോലും! :)

അപ്പോള്‍ പാലിയത്ത് പുലിയച്ചനും, പെരിങ്ങ്സിനും എന്റെ സലാം.

ഗുപ്തന്‍സ് said...

മലയാളത്തില്‍ ബ്ലോഗുകള്‍ ഉണ്ടെന്നറിഞ്ഞു സന്തോഷത്തോടെ ഇവിടെയെത്തിയതാണു ഈ ദേഹം....(എഴുത്തല്ലായിരുന്നു, വായനയായിരുന്നു പ്രധാനം എന്നു എടുത്തു പറയട്ടെ.)...ആ സന്തോഷമെല്ലാം പോകാന്‍ അധിക നാള്‍ വേണ്ടിവന്നില്ല....

പിന്നീടു ഇടയ്ക്കെപ്പോഴെങ്കിലും ഒന്നെത്തിനോക്കുമ്പോള്‍ അതാ വീണ്ടും കമ്മ്യൂണിസ്റ്റ്‌ പച്ച പോലെ വിവാദങ്ങള്‍ തളിര്‍ത്തു നില്‍ക്കുന്നു....അതും ബ്ലോഗിനെ പറ്റിയല്ല , ബ്ലോഗറെപറ്റി.....

..കേരളത്തിനകത്തേ മലയാളിയ്ക്കു മറ്റൊരു മലയാളിയെ അംഗീകരിയ്ക്കാന്‍ വിഷമമുള്ളൂ എന്നാണു ധരിച്ചുവെച്ചിരുന്നത്‌..ആ (തെറ്റി)ധാരണയെല്ലാം എന്നേ തിരുത്തി.....

..എന്നാണു (ഞാനടക്കമുള്ള) മലയാളികള്‍ ക്രിയാത്‌മകമായി ബ്ലോഗുലകത്തില്‍ വല്ലതും ചെയ്യാന്‍ തുടങ്ങുന്നത്‌ ?..

ഓ.ടൊ...കെ.പി. സുകുമാരന്‍ മുകളില്‍ ഭാഷാപ്രയോഗത്തെപറ്റി പറഞ്ഞതിനോടു 100 ശതമാനവും യോജിയ്ക്കുന്നു...
...

സിദ്ധാര്‍ത്ഥന്‍ said...

നല്ലോരു നായരെ ഏഴ്ശ്ശനാക്കി.
:(

അഭയാര്‍ത്ഥി said...

പെരിങ്ങോടന്‍ എന്ന പേര്‌ നീട്ടിയത്‌ രാജെ സുഖായില്ലാ നീട്ടിയത്ത്‌ രാജെ സുഖായില്ലാ.

ഇപ്പോള്‍ ഇവിടെ പലരും പറഞ്ഞ കാര്യങ്ങള്‍ -സിബു,ഏവൂരാന്‍,പെരിങ്ങോടന്‍, വിശ്വം മാഷ്‌,ഉമേഷും പിന്നെ കലേഷും മലയാള ബ്ലോഗിങ്ങിന്റെ
കിണ്ടര്‍ഗാര്‍ട്ടന്‍ കടത്തി പ്രൈമറിയില്‍ (ഇപ്പോളത്തെ അവസ്ഥയില്‍) എത്തിച്ചവരാണ്‌. ഈ കാര്യം പലവട്ടം ഞാന്‍ പറഞ്ഞിട്ടുമുണ്ട്‌.

ഇവരില്ലായിരുന്നെങ്കില്‍ ഇതൊന്നും ഉണ്ടാകുമായിരുന്നില്ലേ?????.
ഗാന്ധി ചോട്ടന്‍ ഇല്ലായിരുന്നെങ്കില്‍ നമ്മളുകൊയ്യും വയലെല്ലാം നമ്മുടേതാകില്ലെ പൈംകിളീയേ എന്ന ചോദ്യമ്പോലെ.
ഇന്ത്യയില്ലെങ്കില്‍ ഞാനുണ്ടാകുമായിരുന്നില്ലേ എന്ന കൊച്ചു കൊച്ചു തംശം പോലെ.

എല്ലാം ഉണ്ടാവും പക്ഷെ - ചെയ്ത പ്രവര്‍ത്തികളുടെ അടി സ്ഥാനത്തിലാണ്‌ പദ്മ പൂശണം,പദ്മ സിരിമാവൊ, ഭാര്‍തി റത്തിനം,
പരം വീര്‍ ശകടം, പുഷ്പസ്യ ചക്ക്രം ഒക്കെ കല്‍പ്പിച്ചു കൊടുക്കുന്നത്‌.

ഇതു ലഭിക്കുന്നവരൊക്കെ ഇല്ലായിരുന്നെങ്കില്‍ ഇതൊന്നും കൊടുക്കുമായിരുന്നില്ലേയെന്ന ശംക പോലെയാണാ ശോദ്യം.

പെരിങ്ങോടനെ പറ്റിപ്പറയുകയാണെങ്കില്‍....

നല്ല ഉള്‍ക്കനം -
തലക്കനമില്ലേന്ന്‌ സംശയം- ഉണ്ടോ?.

എനിക്ക്‌ ശ്രദ്ദിക്കേണ്ട കാര്യമില്ലാത്ത കാര്യം. പെരിങ്ങോടന്‍ എന്റെ എമ്പ്ലോയറല്ലാത്തിടത്തോളം നോട്ട്‌ ബോതേര്‍ഡ്‌.


ഞാനിടപഴകിയ അല്‍പ്പ മാത്രകളില്‍-
മിതഭാഷണം,കാര്യ നിര്‍വഹണപടുത്വം, ഇപ്പറഞ്ഞതുപോലെ റ്റെക്നിക്കല്‍ സേവനവ്യഗ്രത -ഇതൊക്കെ മുഖമുദ്രകള്‍.
ഇടക്കിടക്കെഴുതുന്ന ഗംഭീരന്‍ കഥകള്‍...
ഇതൊക്കെ തന്നെ ഞാനറിയുന്ന പെരിങ്ങ്സ്‌.

വളരെ അവസരോചിതവും, ആരെപ്പറ്റി ആദ്യം എഴുതണമായിരുന്നുവൊ ആ ആളെപ്പറ്റിത്തന്നേയും ആയി ഈ ലേഖനം.

കരീം മാഷ്‌ said...

പെരിങ്ങോടനെ പറ്റി ചിന്തിക്കുമ്പോള്‍ എനിക്കു പാവക്കയെ ഓര്‍മ്മ വരും.
നല്ല ഔഷധഗുണമുണ്ട്!
പക്ഷെ കയ്പ്പു സഹിക്കാന്‍ മേലാ! :)
പെരിങ്ങോടന്‍ എന്ന പേരു മാറ്റിയതു നന്നായി.
പലരും തമാശയെഴുത്തുകാരനെന്നു തെറ്റിദ്ധരിക്കാനിടയായിരുന്നു.
ആരോ പറഞ്ഞപോലെ!
tavultesoft കമ്പനിയുണ്ടാക്കുന്ന ഡവലപ്പിങ്ങ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കീ മാപ്പിങ്ങ് ചെയ്യാവുന്നതാണ്, ഇങ്ങനെ ഉണ്ടാക്കുന്ന റ്റൂള്‍സ് ഉപയോഗിച്ച് പ്രാദേശിക ഭാഷാ അക്ഷരങ്ങള്‍ സൂചിപ്പിക്കാവുന്നതാണ്.
ഇതു ശരിതന്നെ പക്ഷെ അങ്ങനെ ഒന്നിനു സമയം മെനക്കെടുത്താനുള്ള ആ മനസ്സിനാണു ഞാന്‍ രാജിനു മുന്നില്‍ തലകുനിക്കുന്നത്.
(നമ്മില്‍ പലരും ചെയ്യാത്തതും).

Rammohan Paliyath said...

കമന്റുകള്‍ - നല്ലതായാലും ചീത്തയായാലും - ഒരു ഇന്‍സ്പിരേഷനാണ്. പേരെടുത്ത് വിളിച്ച് നന്ദി പറഞ്ഞ് ശീലിച്ചില്ലെന്നേയുള്ളു. രാംജീ, ഇതിന് നിങ്ങള്‍ പറഞ്ഞതു മതി എനിയ്ക്ക്.

ഒരു വളിപ്പന്‍ കമന്റു മാത്രമേ ഇതുവരെ നിരസിച്ചുള്ളു. വളിപ്പ് പറയാനുള്ള അവകാശം ബ്ലോഗുടമയ്ക്ക് മാത്രം. ഹി. ഹി.

Rammohan Paliyath said...

എഴ്ശ്ശന്‍ സമാജം ദുബായ് യൂണിറ്റ് പ്രസിഡന്റ് സിദ്ധാര്‍ത്ഥന്റെ മൊബൈല്‍ നമ്പര്‍ ചോയ്ച്ചട്ടുണ്ട്. കൊടുക്കട്ടെ?

സജീവ് കടവനാട് said...

"പെരിങ്ങോടന് എന്തുപറ്റി?" എന്ന തലക്കെട്ടുപോലെ പെരിങ്ങോടന് എന്തോ പറ്റിയെന്ന രീതിയിലായോ ചര്‍ച്ച. പെരിങ്ങോടനെന്ന പേര് ഹാസ്യത്മകമാണെന്ന് ആവര്‍ത്തിച്ചു കണ്ടു. ദേവാസുരമെന്ന സിനിമയിലെ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തിന് ഇതേ പേര് തന്നെയാണെന്നു തോന്നുന്നു. ആ സിനിമയില് ആ പേര് വിളിക്കുന്ന സമയത്ത് എനിക്കൊട്ടും ചിരി വന്നിട്ടില്ല. സീരിയസ്നസ് കുറഞ്ഞിട്ടുമില്ല.

അപ്പൊ പെരിങ്ങോടനെന്ന പേരിലും പുസ്തകം പബ്ലിഷ് ചെയ്യാം ല്ലേ,രാം മാഷെ. പിന്നെ ആ പേരില്‍ ബ്ലോഗ്ഗ്യാലെന്താ?

ഇഞ്ച്യേച്ച്യേയ്, ആ ഗോസിപ്പിന്റെ എഴുത്തച്ഛന്‍ ഞാനല്ലാട്ടോ. ആരുടെയോ കമന്റോ മറ്റോ വായിച്ചതാണ്.

ഇതെഴുതിയതും കീമാനുപയോഗിച്ചായതിനാലും കമന്റില്‍ മലയാളമടിക്കാന്‍ മറ്റു വഴിയൊന്നുമറിയാ‍ത്തതിനാലും രാജിന് ഒരു നന്ദി കൂടി. ഇങ്ങനെ നന്ദി കൊടുക്കുന്നതുകൊണ്ട് ബുദ്ധിമുട്ടുള്ളവരുണ്ടെങ്കില്‍ എനിക്ക് ഉടന്‍ തന്നെ മറ്റൊരു ഉപാധി അയ്യച്ചുതരിക.

|intimate|ചുണ്ടന്‍ said...

ഇന്‍ക്ക്‌ ആരോ ഇമെയില്‍ കൂടെ പിഡീഎഫ്‌ ആയി അയ്ച്ചന്ന പെരിങ്ങോടന്റെ ബ്ലോഗാണ്‌ ആദ്യം ഞാന്‍ വായിച്ച ബ്ലോഗ്ഗ്‌. അയിക്കുടേണ്‌ ഞാന്‍ ബോഗ്ക്ക്‌ എത്തീക്‌ക്‍ണതും..അയ്ന്‍ ഓനോട്‌ ഇന്‍ക്ക്‌ നന്ദിണ്ട്‌. ഇപ്പളും ഞാന്‍ ഓന്റെ ബ്ലോഗ്‌ സ്ഥിരായ്ട്ട്‌ നോക്കാറുണ്ട്‌.

പിന്നെ മഹാത്മാ ഗാന്ധീനൊട്‌ നന്ദീം ബഹുമാനൊന്നും ഇന്‍ക്കില്ല.അയാളല്ലങ്കി വേറെ ആരെലൊക്കെ സ്വാതന്ത്ര സമരം അഹിംസ നൊക്ക്‌ പറഞ്ഞ്‌ നടക്കൂലേ..

ന്യൂട്ടനോടും ബാബേജിനോടും ഒരു ബഹുമാനും ല്ല. ഓല്‌ കണ്ടു പുട്ച്ചതൊക്കെ വേറെ ആരെലൊക്ക്‌ കണ്ടു പുട്ച്ചൂലായ്നോ ..അത്‌ മാത്രമല്ല വേറെ ആര്‍ക്കോ കണ്ടു പുട്ച്ചാള്ളെ ചാന്‍സ്‌ ഓല്‌ കളഞ്ഞിലേ...

ഇന്റെ പേര്‌ ട്ട ഇമ്മിം ഇപ്പീം ആ പേര്‌ കിട്ടാള്ളെ ഇന്റെ കൂടെ പെര്‍പ്പാളെ അവസരോം കള്‍ഞ്ഞിലേ..

എന്ത്‌ പേര്‌ ഇടണം ന്നൊക്ക്‌ തീര്‍മാന്‍ച്ചണ്ടത്‌ അവനോംതന്നെ.അയിന്റെ പേരില്‍ സൈക്കിള്‍ട്‌ത്ത്‌ കൂടാണ്ട്‌ പൊയ്ക്കാണി ചങ്ങായ്മാരേ ഇവ്‌ട്ന്ന്

Anonymous said...

ഇതെഴുതിയതും കീമാനുപയോഗിച്ചായതിനാലും കമന്റില്‍ മലയാളമടിക്കാന്‍ മറ്റു വഴിയൊന്നുമറിയാ‍ത്തതിനാലും രാജിന് ഒരു നന്ദി കൂടി. ഇങ്ങനെ നന്ദി കൊടുക്കുന്നതുകൊണ്ട് ബുദ്ധിമുട്ടുള്ളവരുണ്ടെങ്കില്‍ എനിക്ക് ഉടന്‍ തന്നെ മറ്റൊരു ഉപാധി അയ്യച്ചുതരിക.

ഇത് ഇങ്ങനെ എഴുതിയതിന് കിനാവിന് എന്റെ ഒരു സലാം. :)

ഒരു കഥയുണ്ടോര്‍മയില്‍. ക്രിസ്റ്റഫര്‍ കൊളംബസിനെ അനുമോദിക്കുന്നു എവിടെയോ അമേരിക്ക (അങ്ങോരുടെ ഇന്ത്യ)കണ്ടുപിടിച്ചതില്‍. ആരോപറയുന്നു: ഓ ഇവനല്ലെങ്കില്‍ ആരെങ്കിലും ലത് കണ്ടുപിടിച്ചേനേ! ലതങ്ങനെ നീണ്ടുപരന്നു കെടക്കുവല്ല്യോ...

കൊളംബസ് ഒരു പുഴുങ്ങിയ മുട്ടയെടുത്ത് ആളിന്റെ കയ്യില്‍ കൊടുത്തിട്ട് അത് ലംബമായി മേശപ്പുറത്ത് നിറുത്താമോ എന്ന് ചോദിക്കുന്നു. കഥാപാത്രം മിഴുങ്ങസ്യ.

കൊളംബസ് മുട്ടയുടെ ഒരറ്റം പൊട്ടിച്ച് ആ ഭാഗം അടിയിലാക്കി മുട്ട നേരേ നിറുത്തുന്നു. ഇതിലെന്താണ് വിശേഷിച്ചെന്നായി കഥാപാത്രം.

ഒരു നിമിഷം മുന്നേ നിങ്ങള്‍ക്കത് ചെയ്യാനായില്ല എന്ന വിശേഷം തന്നെ! അല്ലാതെന്ത് ?!

asdfasdf asfdasdf said...

പെരിങ്ങോടന്‍ എന്ന പേരു മനസ്സില്‍ ആഴത്തില്‍ വളര്‍ന്നതാണ്. പൂമുള്ളിത്തിരുമേനി ആറാംതമ്പുരാനായതു പോലെ ബ്ലോഗിലെ തമ്പുരാന്‍ തന്നെയായിരുന്നു ആ പേരും. അത് രാജ് എന്ന വ്യക്തിക്ക് അത്ര പെട്ടന്നൊന്നും എടുത്ത് മാറ്റാന്‍ കഴിയുമെന്ന് തോന്നുന്നില്ല. വ്യക്തിപരമായി ഒരു സൌഹൃദത്തിനു പെരിങ്ങോടനുമായി ഒരു പക്ഷേ ഞാന്‍ ശ്രമിക്കാതിരുന്നതും ഈ പേരിനോടുള്ള ബഹുമാനം കൊണ്ടായിരിക്കണം.
എന്തുകൊണ്ട് പെരിങ്ങോടന്‍ പേരുവിട്ടുപോകുന്നുവെന്ന് ഞാനൊന്നു ആകുലപ്പെടാതിരിക്കട്ടെ.

സജീവ് കടവനാട് said...

ഇന്നൊവേഷനും ഇന്‍‌വെന്‍ഷനും തമ്മിലുള്ള വ്യത്യാസമറിയാതെ ‎ഇന്നൊവേഷനെയൊക്കെ തള്ളി ഇന്‍‌വെന്‍ഷനെ മാത്രം ഉള്‍ക്കൊള്ളണമെന്ന് ‎പറഞ്ഞതുപോലെയായോ? രാജ് ചെയ്തത് ഇതിലേതില്പെടുമെന്നൊന്നും ‎എനിക്കറിയില്ല. അതിനുള്ള ബ്രൂണമൊക്കെ തലേല്ണ്ടായിരുന്നേല്‍ ഞാനിന്നീ ക്ഷ ‎ച്ച വരക്കുവാരുന്നില്ലല്ലോ.‎

ഗുപതാ, കൊളംബസല്ല അമരിഗോവെസ്പുച്ചിയാണ് അവിടെ പോയിട്ട് ഇദന്നെ ‎ഇന്ത്യാന്ന് വാശിപിടിച്ചത്. ആ റൂട്ട്മാപ്പ് വച്ച് കൊളംബസ് ഫ്ലൈറ്റിറങ്ങിയ ‎സ്ഥലമാണെന്ന് തോന്നുന്നു കൊളമ്പിയ. പിന്നെ കൊളംബസാണ് അമേരിക്കാന്ന് ‎തിരുത്തീത്. അമരിഗോടെ പേരാണ് അമേരിക്കക്ക് നല്‍കീത്. അങ്ങിനെയാണോ? ‎ആവോ? എനിക്കും വല്ല്യ ഉറപ്പൊന്നുമില്ല.‎

ഗുപ്തന്‍ said...

Off topic @ Kinaav

"Amerigo Vespucci's travel journals, published 1502-4, convinced Martin Waldseemüller that the discovered place was not India, as Columbus always believed, but a new continent, and in 1507, a year after Columbus' death, Waldseemüller published a world map calling the new continent America from Vespucci's Latinized name "Americus". Though he never set foot in what today is the United States, Columbus is sometimes viewed as a hero in that country."

എന്ന് വിക്കി കൊളംബസിന്റെ ലെഗസിയെക്കുറിച്ച്.

വേള്‍ഡ് ഹിസ്റ്ററി തെറ്റിച്ചാല്‍ ക്ഷമിക്കും. ഗുപ്തന്‍ എന്ന മനോഹരമായ പേര് തെറ്റിച്ചാല്‍ അടിച്ചു പിരുത്തുകളയും കേട്ടാ....

Rammohan Paliyath said...

കിനാവേ, നീ ഒടുവില്‍ എന്ന ഉല്പ്രേക്ഷ പ്രയോഗിച്ച സ്ഥിതിയ്ക്ക് അതിങ്ങനെ വിശദീകരിയ്ക്കാം: സത്യന്‍ അന്തിക്കാടിന്റെ ഒരു കാസ്റ്റിംഗ് ഡിസാസ്റ്റര്‍ ഓര്‍ക്കുക. വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ ഒടുവില്‍ ഒരു വികാരിയച്ചനാണ്. അമ്പലവാസിമലയാളം പറയുന്ന മലയാളത്തിലെ ആദ്യവികാരി.

ഇത് കാണുന്നവന്റെ ഓറിയെന്റേഷന്റെ മാത്രം പ്രശ്നമല്ല, പരകായപ്രവേശം നടത്താനുള്ള മലയാള നടീനടന്മാരുടെ പരിമിതിയാണ്. (എക്സെപ്ഷന്‍സ് ഉണ്ട്, എക്സെപ്ഷന്‍സേ ഉള്ളു).

ബ്ലോഗന്നൂരെന്നാല്‍ ഹാസ്യം മാത്രമാണ് എന്നൊരു തെറ്റിദ്ധാരണ പുറം ലോകത്തിനുണ്ട് എന്ന് കരുതുന്നയാളാണ് രാജ്. ഞാനും ആ അഭിപ്രായം പങ്കുവെയ്ക്കുന്നു. അതുകൊണ്ട് വായനക്കാരുടെയും പ്രോസ്പെക്റ്റീവ് വായനക്കാരുടെയും ഓറിയെന്റേഷനെ വിധിയ്ക്ക് വിട്ടുകൊടുക്കാതെ കോണ്‍ഷ്യസായി എന്തെങ്കിലും ചെയ്യണം എഴുത്തുകാരന്‍. ഡിങ്കനോടും ഞാനിതൊരിയ്ക്കല്‍ പറഞ്ഞു തോറ്റതാണ്.

ഞാനോ? ഞാന്‍ വളിപ്പെഴുതാന്‍ മാത്രം തുടങ്ങിയതാണിത്. പിന്നെ എന്റെ കയ്യീന്ന് പോയതാ.

ഹൃദയബാസുരാ, പഴയ ബീഫ് ഫ്രൈയാണെന്ന് കരുതിയിട്ടും കഴിച്ചതിന് നന്ദി. കഴിയ്ക്കുന്നവന്‍ ശ്രദ്ധിക്കുന്നില്ലെങ്കിലും വിളമ്പുന്നവന്‍ ഓര്‍ക്കണമല്ലോ - അതാണ് മോഡറേഷന്‍ കടയിലൂടെ മാത്രം പച്ചരി വില്‍പ്പന.

''മോഡറെഷന്‍ ഇല്ലാതെ വരുന്ന കമന്റുകളുടെ നിലവാര തകര്‍ച്ചയാണു പോലും മോഡറേഷന്‍ വയ്ക്കാന്‍ ഇങ്ങേരെ പ്രേരിപ്പ്പിച്ചത്. ഒരു മോഡറേഷനും ഇല്ലാതെ, പോസ്റ്റ് ഇടുന്ന, സിബുവിനോ/ഉമേശിനോ/ഏവൂരാനോ/ദേവനോ/വക്കാരിയ്ക്കോ/..... അങ്ങനെ പലര്‍ക്കും ഒക്കെ അവരുടെ പോസ്റ്റില്‍ യാതൊരു നിലവാരമില്ലാത്ത കമന്റോ ഒന്നും വരണ്ത് ഞങ്ങ് കണ്ടില്ലല്ലോ വലിപ്പേ? അപ്പോ യുക്തിയ്ക്ക് നിരക്കാത്തത് എഴ്തി പിടിപ്പിയ്കുമ്പോഴല്ലേ തള്ളേ മലയാള ബ്ലോഗ്ഗറ്ക്ക് ചൊറ വരണത്? അല്ലാന്ന് ആര്‍ക്കെങ്കിലും അഭിപ്രായമുണ്ടോ'' എന്നും കണ്ടു.

അതിനെപ്പറ്റിയെല്ലാം വിശദമായി പിന്നീടാട്ടെ.

absolute_void(); said...

മലയാളം കമ്പ്യൂട്ടിങ് എന്നു വച്ചാല്‍ വെറും ബ്ളോഗോ, വരമൊഴിയോ മൊഴിയോ അല്ല
പൂര്‍ണ്ണമായും മലയാളത്തില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാറാമ്പോഴേ അതു ലക്ഷ്യം കൈവരിക്കൂ.

അതിനുള്ള വഴി ട്രാന്‍സ്ലിറ്ററേഷനേ അല്ല

that is just a workaround
for writing in malayalam

ഇതു സംബന്ധിച്ചു് വിശദമായി എഴുതാനുണ്ടു്. കുറച്ചു ദിവസത്തിനുള്ളില്‍ ഒരു പോസ്റ്റുതന്നെ ആയിക്കളയാം... :)

Anonymous said...

One Swallow said...

ഞാനോ? ഞാന്‍ വളിപ്പെഴുതാന്‍ മാത്രം തുടങ്ങിയതാണിത്. പിന്നെ എന്റെ കയ്യീന്ന് പോയതാ.

അയ്യോ അങ്ങിനെ വിഷമിക്കല്ലേ
സംഗതി കയ്യീന്ന് പോയിട്ടൊന്നുമില്ല ;)
വളിപ്പ് വലിപ്പിലിട്ടാല്‍ വളിപ്പല്യാണ്ടാവോ അളിയാ

തറവാടി said...

Runtime application ഉപയോഗിച്ചാലും അടിസ്ഥാനപരമായി code conversion തന്നെയല്ലെ നടക്കുന്നത്?

Umesh::ഉമേഷ് said...

വിയോജിപ്പുകള്‍:

1. മറ്റു പലരും സൂചിപ്പിച്ചതു പോലെ, കീമാന്‍ എന്ന സോഫ്റ്റ്‌വെയര്‍ എഴുതിയതു പെരിങ്ങോടനല്ല. അദ്ദേഹം ചെയ്തതു് Tavultesoft എന്ന കമ്പനി എഴുതിയ സോഫ്റ്റ്‌വെയറില്‍ മലയാളം മൊഴി സ്കീമിനു് (സിബു വരമൊഴിയ്ക്കു വേണ്ടി ഉണ്ടാക്കിയ സ്കീം) നിയമങ്ങള്‍ എഴുതി മലയാളികള്‍ക്കു് ഉപയോഗപ്രദമാക്കി മാറ്റി എന്നതാണു്. Tavultesoft മലയാളം ട്രാന്‍സ്ലിറ്ററേഷനും നല്‍കുന്നുണ്ടു്. ഇവിടെ: http://preview.keymanweb.com/

2. പെരിങ്ങോടന്‍ ആദ്യത്തെ മലയാളം IME എഴുതി എന്നാണു വാദം എങ്കില്‍ അതും ശരിയല്ല. പെരിങ്ങോടനു മുമ്പു് സണ്ണി ഒരു IME എഴുതിയിരുന്നു. മലയാളം കമ്പ്യൂട്ടിംഗിന്റെ ചരിത്രത്തില്‍ സണ്ണി പലപ്പോഴും വിസ്മൃതനാവുന്നതു നിര്‍ഭാഗ്യകരമാണു്.

സണ്ണിയുടെ IME-യില്‍ ധാരാളം ബഗ്ഗുകളുണ്ടായിരുന്നു. കീമാനാണു ഞാന്‍ കാണുന്ന ആദ്യത്തെ ഉപയോഗപ്രദമായ IME. പിന്നീടു പലതും ഉണ്ടായിട്ടുണ്ടു്.

3. കീമാന്‍ എഴുതിയതുകൊണ്ടു് പെരിങ്ങോടനെ ബ്ലോഗിങ്ങിന്റെ എഴുത്തച്ഛന്‍ എന്നു വിളിക്കണോ പെരുമാള്‍ ചെട്ടി (പണ്ടു പെന്‍സില്‍ ഉണ്ടാക്കിയിരുന്ന ആള്‍) എന്നു വിളിക്കണോ എന്നെനിക്കറിയില്ല. എഴുത്തച്ഛനെ മലയാളികള്‍ കൂടുതല്‍ ഓര്‍ക്കുന്നതു് അദ്ധ്യാത്മരാമായണം, ഭാരതം തുടങ്ങിയ കിളിപ്പാട്ടുകളില്‍ക്കൂടിയാണു്. പെരിങ്ങോടനെ ഓര്‍ക്കാന്‍ അദ്ദേഹത്തിന്റെ കഥകളും ലേഖനങ്ങളും കവിതകളുമൊക്കെ മതി.

4. പെരിങ്ങോടന്‍ എന്ന പേരില്‍ എനിക്കു ഹാസ്യമൊന്നും തോന്നിയിട്ടില്ല. ഒരു എഴുത്തുകാരന്റെ പ്രതീതി ആ പേരു നല്‍കിയിട്ടുണ്ടു്. മരങ്ങോടനോടും പറങ്ങോടിയോടും പ്രാസമുണ്ടാക്കുന്നുണ്ടാവാം. പ്രാസം വഴി നര്‍മ്മമുണ്ടാക്കാന്‍ മലയാളികള്‍ വിരുതരാണല്ലോ. ഉദാഹരണങ്ങള്‍ നിരത്തുന്നില്ല.

5. ആളെ തിരിച്ചറിയാനാണു പേരു്. സുഹൃത്തുക്കള്‍ക്കിടയില്‍ മധു എന്നറിയപ്പെടുന്ന ആള്‍ വെളിയില്‍ പണ്ടാരത്തില്‍ പി. കെ. മധുസൂദനക്കുറുപ്പു് എന്നായിരിക്കും അറിയപ്പെടുക. ബ്ലോഗില്‍ത്തന്നെ ബിന്ദു, കുമാര്‍, അരവിന്ദ് തുടങ്ങിയ വളരെയധികം കേള്‍ക്കുന്ന പേരുകള്‍ക്കും വ്യക്തിത്വം ഉണ്ടു്. ജാതിപ്പേരും തറവാട്ടുപേരും സ്ഥലപ്പേരുമൊക്കെ ഒരേ കട്ടയുടെ പല വശങ്ങള്‍ മാത്രം.

Inji Pennu said...

എന്റെ കമന്റെടുത്ത് വറുത്ത് പുട്ടും ഇടിയപ്പോം ആക്കിയോ എന്ന് സംശയം. അതോണ്ട് ഒരു ക്ലാരിഫിക്കേഷന്‍.

എനിക്ക് രാ‍ജിനോടും സിബുവിനോടും ഏവൂരാനോടും ഒന്നും നന്ദിയില്ല അവര്‍ മലയാളത്തിനോട് ചെയ്ത പ്രവര്‍ത്തികള്‍ക്ക്. നന്ദിയുണ്ടെങ്കില്‍ എനിക്ക് അവരോട് കടപ്പാടും വരും. അതെന്തായാലും എനിക്ക് തീരെയില്ല അവരോട്. നന്ദിയില്ല എന്ന് വെച്ച് നിന്ദയും ഇല്ല. മിടുക്കരായ ഒരു കൂട്ടം ചെറുപ്പക്കാര്‍ എന്ന് മനസ്സില്‍ എപ്പോഴും തോന്നാറുണ്ട്. മറ്റുള്ളവരോട് ഇവരെക്കുറിച്ച് വളരെ അഭിമാനത്തോടെ സംസാരിക്കാറുണ്ട്. ഇങ്ങിനെയുള്ളവര്‍ കൂടുതല്‍ ഉണ്ടാവട്ടേയെന്നും ആശിക്കാറുണ്ട്. ഇവരൊക്കെ ജീവിച്ചിരിക്കുന്ന സമയത്തെ വെര്‍ചുവല്‍ കാലത്തില്‍ ഒപ്പം ജീവിച്ചിരിക്കുവാനും പറ്റിയതില്‍ സന്തോഷമുണ്ട്.

പക്ഷെ നന്ദി എനിക്ക് ഇതിലൊന്നും പെടാത്ത മറ്റൊരു വാക്കാണ്. മലയാളം ടയ്പ്പ് ചെയ്യുമ്പോള്‍ ഒരിക്കല്‍ പോലും രാജെന്നോ സിബുവെന്നോ എന്റെ മനസ്സില്‍ വന്നിട്ടില്ല. അതുകൊണ്ട് തന്നെ നന്ദി ഉണ്ട് എന്ന് ഞാന്‍ പറഞ്ഞല്‍ അത് കളവാവും. അതോ എനിക്കിനി അതിന്റെ അര്‍ത്ഥം കൂടി അറിഞ്ഞൂടേ ഈശോ!

Roby said...

"Great minds discuss ideas. Average minds discuss events. Small minds discuss people." എന്നു പറഞ്ഞത് എലനോര്‍ റൂസ്‌വെല്‍റ്റ്.

ചില വ്യക്തികള്‍ വ്യക്തിതലം വിട്ട് ആശയമായി മാറും. ഗാന്ധിയും മാര്‍ക്സുമൊക്കെ ഉദാഹരണം. മറ്റു ചിലര്‍ ആശയമായില്ലെങ്കിലും ഒരു സംഭവമായി മാറും. ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്ന വ്യക്തി വ്യക്തിതലം വിട്ടുയരാന്‍ സാധ്യത കാണാത്തതിനാലും,
പോസ്റ്റ് സദുദ്ദേശ്യപരമാണെന്ന് തോന്നാത്തതിനാലും ഇനി ഒന്നും പറയുന്നില്ല...

Condolence...:)

ദേശാടനകിളി said...

പെരിങ്ങോടന്റെ ചില കവിതകളൊക്കെ വായിച്ചിട്ടുണ്ട്. വായിച്ചതില്‍ പലതും മനോഹരവുമായിരുന്നു. ബ്ലോഗുകളില്‍ വായിച്ച വളരെ നല്ല കവിതകളുടെ കൂട്ടത്തില്‍ പെരിങ്ങോടന്റെ ചില കവിതകളും എന്റെ ഫേവറിറ്റ് ഫോള്‍ഡറില്‍ ഉണ്ട്.
പലതിനും എന്തു കമന്റെഴുതി മനസിന്റെ അഭിപ്രായം രേഖപ്പെടുത്തും എന്നു ഭയന്ന് മിണ്ടാതെ പോവുകയായിരുന്നു.

പക്ഷെ ഈ പോസ്റ്റില്‍ നിന്നും വായിച്ച് തിരിച്ചറിയാന്‍ കഴിഞ്ഞത് സന്തോഷമുള്ള രണ്ട് പുതിയ കാര്യങ്ങളാണ്. പെരിങ്ങോടന്‍ എന്ന കഥാകാരനെ കുറിച്ചും പെരിങ്ങോടന്‍ എന്ന സോഫ്റ്റ്വെയര്‍ ജീനിയസിനെ കുറിച്ചും.
മലയാളം ബ്ലോഗുകള്‍ എഴുത്തുകാര്‍ എന്ന ജീവികളുടെതു മാത്രമല്ല എന്ന് എന്റെ കൂട്ടുകാരോട് ഞാന്‍ പറയാറുണ്ട്. അതിനു എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ ഇത്തരം അറിവുകള്‍ ഉണ്ട്.

ഒരുപാടു സന്തോഷം. ഇവരെ ഒക്കെ ഇങ്ങനെ കണ്ടുപോകാന്‍ കഴിയുന്നതിലും മലയാളം ബ്ലോഗില്‍ വന്നതിലും.

തൂലികാ നാമങ്ങള്‍ പഴയ ഒരു പല്ലവിയായികൊണ്ടിരിക്കുന്നു. ഒരു ബ്ലോഗു തുടങ്ങുമ്പോള്‍ സ്വന്തം പേരില്‍ തുടങ്ങാന്‍ കൈ തരിച്ചു. പക്ഷെ പിന്‍‌വലിപ്പിക്കുന്ന ഒരുപാട് കെട്ടുപാടുകള്‍. പതിവുപോലെ!

ഇവിടെ വന്ന തര്‍ക്കവിഷയങ്ങളെ കുറിച്ച് വലിയ പിടിപാടില്ല. പക്ഷം ചേരാന്‍ ആരേയും പരിചയവും ഇല്ല. ചുമ്മാ ഒരു ബ്ലോഗര്‍. വളരെ സന്തോഷമാണ് ഈ പദവി തരുന്നത്.

Subiraj Raju said...
This comment has been removed by the author.
Subiraj Raju said...

“പെരിങ്ങോടന്‍” ആ പേര് തന്നെയാണ് ആദ്യമായി ആ ബ്ലോഗ് ശ്രദ്ധിക്കുവാനുള്ള കാരണം. വേറെ പലരും, ഇന്ന് ആ ബ്ലോഗ് സന്ദര്‍ശിക്കുന്നവരിലധികവും അങ്ങനെതന്നെയാവും. അതിനാല്‍ പേര് മാറ്റിയതിനോട് വേണ്ടായിരുന്നുവെന്നുതന്നെയാണ് വ്യക്തിപരമായ അഭിപ്രായം.
പേര് മാറ്റിയതിന്‍റെ പേരില്‍ ആ ബ്ലോഗ് ഒരിക്കലും ശ്രദ്ധിക്കപ്പെടാതെ പോവുകയുമില്ല....

ഞാന്‍ ഇരിങ്ങല്‍ said...

പെരുങ്ങോടരേ...
സത്യത്തില്‍ എനിക്ക് അരിങ്ങോടരെ ഓര്‍മ്മവരും എന്നാലും പെരിങ്ങോടനെ എനിക്ക് ഒത്തിരി ഇഷ്ടാ.. കാരണം പറയാനുള്ളത് മുഖത്ത് നോക്കിപറയും.

വളരെ കുറച്ച് കഥകളെ നല്ലത് എന്ന് ഞാന്‍ സമ്മതിക്കൂ. കവിത ദേ ഈ അവസാനമെഴുതിയതൊക്കെ കൊള്ളാം.
എന്നാലും രാജ് നീ ആളൊരു ചെക്കന്‍ തന്നെട്ടാ..

പെരിങ്ങോടന്‍ എന്ന പേരിലൊരു ഗമയൊക്കെ ഉണ്ടായിരുന്നു. ഈ നീട്ടിയത്തിലൊന്നും ആ ഗമയില്ല.
പേരെന്തായാലെന്താ... നന്നായി എഴുതിയാല്‍ വായനക്കാരുണ്ടാകും.

പിന്നെ ഇവിറ്റെ കെവിന്‍ എന്ന വ്യക്തിയെ ആരും പരാമര്‍ശിച്ച് കണ്ടില്ല. അഞ്ജലി ഫോണ്ട് കെവിന്‍ ആണ് ഉണ്ടാക്കിയതെന്നും അത് പലരും ഇപ്പോഴും ഉപയോഗിക്കുന്നുവെന്നും ഈയുള്ളവന്‍ റെ ചെറിയോരു അറിവ്. കൂടുതല്‍ രാജ് തന്നെ വിശദീകരിക്കും. കാരണം ആ കാലത്ത് അവര്‍ ഒരു പാട് ചര്‍ച്ചകളൊക്കെ നടത്തിയതാണല്ലോ...

ആരെന്തൊക്കെ പറഞ്ഞാലും മലയാളം എഴുത്ത് ബ്ലോഗില്‍ ഇത്ര പോപ്പുലരാകാന്‍ രാജ് ഒരു നിമിത്തമായിട്ടുണ്ടെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. അതില്‍ ഇത്തിരി തലക്കനം വച്ചോ.. കൂടരുത് കേട്ടോ...

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

ഹരിയണ്ണന്‍@Hariyannan said...

എനിക്ക് എല്ലാവരോടും നന്ദിയുണ്ട്...
പെരിങ്ങോടന്‍ എന്ന പേരിലോ രാജ് എന്നപേരിലോ എഴുതുകയെന്ന വ്യക്തിസ്വാതന്ത്ര്യത്തെ എന്തിനാണ് ഈ ബ്ലോഗില്‍ വലിച്ചിട്ട് ചര്‍ച്ചചെയ്യുകയും പാവം രാജ്(/പെരിങ്ങോടന്‍)കണ്ടുപിടിത്തങ്ങളുടെ പേരില്‍ അപഹാ‍സ്യനാക്കപ്പെടുകയും ചെയ്യുന്നത്?
ഒരാളെ പുകഴ്ത്താനുള്ള ഉദ്യമത്തില്‍ അസാരം ചീമുട്ടകളും പായുന്നതുകാണേണ്ടിവന്നു!

പെരിങ്ങോടന്‍ എന്നത് ഹാസ്യമെങ്കില്‍ ‘കടമ്മനിട്ട’യും അങ്ങനെവരാനേ തരമുള്ളൂ..(താരതമ്യം പേരുകളെ മാത്രം!)

മാവേലി കേരളം said...

ഒരു മലയാ‍ാളി‍ ചെയ്തത് ഒരു ചെറിയ കാര്യമാണെങ്കില്‍ പോലും അതിനെ അംഗീകരിയ്കാനും അപ്രീഷിയേറ്റ് ചെയ്യാനും മറ്റൊരു മലയാളിയ്ക്ക് വിഷമമില്ലെങ്കില്‍ പിന്നെന്തിനാണിത്രയും കോലാഹലങ്ങള്‍?

എന്നാല്‍ മറ്റു സംസ്കാരികഗ്രൂപ്പുകളില്‍ ഇങ്ങനെയല്ല പൊതുവെ.ഒരാ‍ാള്‍ ചെയ്യുന്നതിനെ മറ്റുള്ളവര്‍ അപ്രീഷിയേറ്റു ചെയ്യും.അതൊരു ചെറിയ കാര്യമായാല്‍ പോലും.

സാമൂഹ്യ നന്മയ്ക്കു വേണ്ടി ചെയ്യുന്ന ഏതുകാര്യവും അംഗീകരിയ്ക്കപ്പെടേണ്ടതാണ്‍്, എങ്കിലേ നാളെ മറ്റൊരാളും അതു ചെയ്യാന്‍ താല്പര്യപ്പെടു.

പിന്നെ പേരുമാറ്റം അതോരോരുത്തരുടേയും ഇഷ്ടം.എന്നാല്‍ ഉപയോഗ പഴമകൊണ്ടാകാം പെരിങ്ങോടന്‍ ആയിരുന്നു കൂടുതല്‍ താല്പര്യം.‍അല്പം ബഹുമാനം ചേര്‍ത്തു പെരിങ്ങോടര്‍ എന്നു സംബോധന ചെയ്യുകയും ചെയ്യാം.

deepdowne said...

കുറച്ചുനാള്‍ മുന്‍പ്‌ ഒരു രാജ്‌ എന്റെ ബ്ലോഗില്‍ കമന്റിട്ടു. ഞാന്‍ മറുപടിയും പറഞ്ഞു. വളരെ വൈകിയാണറിഞ്ഞത്‌ അത്‌ പെരിങ്ങോടനായിരുന്നെന്ന്‌. കാരണം കുറച്ചുനാള്‍ ഞാന്‍ ബ്ലോഗില്‍ അധികം ഉണ്ടായിരുന്നില്ല. ആ സമയത്തായിരിക്കണം പേരുമാറ്റം സംഭവിച്ചത്‌.

പെരിങ്ങോടന്‍ എന്ന പേര്‌ മാറ്റരുതായിരുന്നു എന്നാണ്‌ എന്റെ അഭിപ്രായം. ഇപ്പോഴുള്ള പേരില്‍ വലിയ രസം തോന്നുന്നില്ല. ഞാന്‍ ഏതായാലും പെരിങ്ങോടന്‍ എന്നേ വിളിക്കൂ. രാജ്‌ എന്ന് വിളിക്കില്ല. പിന്നെ പെരിങ്ങോടന്‍ എന്ന പേര്‌ ഹ്യൂമറസ്‌ ആണെന്നതിനോടും യോജിപ്പില്ല. പിന്നെ, ഈ പോസ്റ്റില്‍ത്തന്നെ ഒരു കാര്യം പറഞ്ഞിട്ടുണ്ടല്ലോ: "രാജ് എന്നിട്ടാല്‍ വേറെ കാക്കത്തൊള്ളായിരം രാജുമാരുടെ ജനാധിപത്യ അവകാശങ്ങളെ ചോദ്യം ചെയ്യലാവില്ലേ.."

പിന്നെ, പെരിങ്ങോടന്‍ തന്നെ പറഞ്ഞിരിക്കുന്നു അദ്ദേഹത്തിന്റെ ബ്ലോഗിനെക്കുറിച്ച്‌: "This blog got its own life, its not my life anyway. " ആ സ്ഥിതിക്ക്‌ സ്വന്തമായി ജീവിതമുള്ള ബ്ലോഗിന്‌ സ്വന്തമായ ഒരു പേരും വേണം. ബ്ലോഗറിന്റെ പേരുതന്നെ ബ്ലോഗിനും വരരുത്‌. പെരിങ്ങോടന്‍ പഴയ പേരിലേക്ക്‌ തിരിച്ചുവരുകയാണെങ്കില്‍ ഞാന്‍ അതിനെ ശക്തമായി പിന്താങ്ങും.

പെരിങ്ങോടന്റെ ബ്ലോഗിലെ മറ്റൊരു മാറ്റമായ ആ ഇംഗ്ലീഷിലുള്ള വാക്കുകളോട്‌ _ blog sociality is all about interaction between blogs, not bloggers. _ ഞാന്‍ നൂറുശതമാനമല്ല ഇരുനൂറു ശതമാനം യോജിക്കുന്നു. പക്ഷെ, ബുലോഗത്തെ ഭൂരിപക്ഷം പേരും (99 % എന്ന് എനിക്ക്‌ തോന്നുന്നു) ആ ആശയത്തില്‍ വിശ്വസിക്കുന്നില്ല എന്നാണ്‌ തോന്നിയിട്ടുള്ളത്‌.

വെള്ളെഴുത്തെ, തബലയില്‍ കൊട്ടുന്നത്‌ സാക്കിര്‍ ഹുസൈനല്ലെ? :)

Ammu said...

Pazhe post aanu ennariyaam, pakshey ipoll kandapoll parayaathe vayya, ee postinu "asooya"de gandhamundu...vidditharam parayunnathinu oru athiru venam... athu pole thanne vidditharam vaayikumbozhum athiru venam... athu kondu njan ee blog vaayikunnathu nirthi.

Related Posts with Thumbnails