
സംവിധായകന് അമല്‍ നീരദിന്റെ അപ്പനും മഹാരാജാസില്‍ ഞങ്ങളുടെ പ്രിയപ്പെട്ട മലയാളംസാറും ഒന്നാന്തരം പ്രോസ് എഴുതുന്ന ദേഹവുമായ സി. ആര്. ഓമനക്കുട്ടന്റെ പഥേര്‍ പാഞ്ചാലി എന്ന മിനിക്കഥയില്‍ നിന്നൊരു പാര: "റോമന്‍ ഹോളിഡേ, ഗോണ് വിത് ദ വിന്‍ഡ്, റിവര്‍ ക്വായി, ഹഞ്ച്ബാക്ക്, വെസ്റ്റേണ്‍ ഫ്രണ്ട്, ബേഡ്സ്, കിഡ്... വല്ലതും നീ കണ്ടിട്ടൊണ്ടൊ? അല്ല ഫിലിം സൊസൈറ്റിയുടെ കുഞ്ഞുതുണിയില്‍ കണ്ടിട്ടുള്ള ബൈസിക്ക്ല് തീവ്സ്, പോടംകിന്‍, റഷമോണ്‍, സുബര്‍ണരേഖ, പഥേര്‍ പാഞ്ചാലി എന്നീ അഞ്ചെണ്ണത്തിനെപ്പറ്റിയുള്ള വാചകമേയുള്ളൊ?"
ഹോളിവുഡിന്റെ കലാമൂല്യം അംഗീകരിക്കുന്ന ഒരു അപൂര്‍വ മലയാളി എഴുതിയ അതിഗംഭീരമായ സിനിമാനിരൂപണം, അഗാധമായ സാമൂഹ്യനിരൂപണമായി ഉയരുന്നതുകണ്ടപ്പോള്‍ ഞാന്‍ ഓമനക്കുട്ടന് സാറിന്റെ രസികന്‍ പരിഹാസം ഓര്‍ത്തുപോയി.
നമ്മുടെ പ്രിയ ബ്ലോഗര്‍ ലതീഷ് മോഹന്റേതാണ് മാധ്യമം പ്രസിദ്ധീകരിച്ച ആ നിരൂപണം.
അക്രമരാഹിത്യം നാഗരികതയുടെ മോഹമാണെന്ന് ലതീഷ് മോഹന്‍ എഴുതുന്നു. കേരളം ഒരു നെടുനീളന്‍ നഗരമാണെന്ന് നമുക്കറിയാം. ഭരണകൂട നീതിന്യായവ്യവസ്ഥയെ നമ്മള് ഒന്നടങ്കം [മറുനാട്ടില്‍ ജീവിക്കുമ്പോള്‍പ്പോലും] അനുസരിക്കുന്നതിന്റെ ലസാഗു അതുതന്നെ. അടിയന്തരാവസ്ഥയെ, അത് കാഴ്ചവെച്ച അച്ചടക്കത്തെ, നിശബ്ദതയെ, ക്രമത്തെ, അതിനു പിന്നാലെ വന്ന തെരഞ്ഞെടുപ്പിലൂടെ നമ്മള് ന്യായീകരിച്ചത് ഈ ലസാഗുകൊണ്ടാണ്.
സിപീയെമിന്റെ പട്ടികജാതി സമ്മേളനത്തെ തൊലിയുരിച്ച് സണ്ണി എം. കപിക്കാട് [ഞങ്ങളുടെ മഹാരാജാസ് കാലത്തെ പൈലി] എഴുതുന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍. ലതീഷും സണ്ണിയും പൂര്‍ണമാക്കുന്ന ചിന്തയുടെ വലിയ രണ്ട് പസിലുകള്‍ വീണ്ടും കൂട്ടിച്ചേത്താല്‍ നമുക്ക് മറ്റൊരു പൂര്‍ണചിത്രം കിട്ടുമോ?
കേരളത്തിലെ ദളിതന് ഉണരാന്‍ വൈകിയില്ല [അയ്യങ്കാളി]. പക്ഷേ, സ്വാതന്ത്ര്യത്തിനു ശേഷം അവന് ഖദറുടുത്ത് ഉറങ്ങിപ്പോയെങ്കില്‍ [ടി. കെ. സി. വടുതല മുതല്‍ കെ. ആര്. നാരായണന് വരെ], അതും ഒരു പക്ഷേ മേല്‍പ്പറഞ്ഞ ക്രമപ്രേമത്തില്‍ വീണതുകൊണ്ടാകുമോ?
"Civilization is a product. It has nothing to do with art" എന്ന് ഗൊദാര്‍ദ് പറഞ്ഞതുകൂടി ഇവിടെ ചേര്‍ത്തുവായിക്കുക - കാരണം നമ്മള് പറഞ്ഞുതുടങ്ങിയത് സിനിമയെപ്പറ്റിയാണല്ലൊ.
ലതീഷിന്റെ ചില നിരീക്ഷണങ്ങളോട് നിങ്ങള്‍ വിയോജിക്കണം. അത് ജനാധിപത്യത്തിന്റെ അരോഗലക്ഷണം തന്നെ. ലതീഷിന്റെ ലേഖനം
ഇവിടെ. സണ്ണിയുടെ ലേഖനം ചുണയുണ്ടെങ്കില്‍ തപ്പിയെടുത്ത് വായിക്ക്.
സിവിലൈസേഷന് ഒരു രോഗമാണ്. അതിന്
ചികിത്സയുണ്ട്.