Tuesday, October 7, 2008

രജതോദരി അഥവാ മുള്ളന്‍!


സംസ്കൃതം വ്യവഹാരഭാഷയായിരുന്ന കാലത്ത് ഇന്ത്യയില്‍ ജീവിച്ചിരുന്നവര്‍ മീന്‍ തിന്നിരുന്നൊ ആവൊ. തിന്നിരുന്നെങ്കില്‍ അവര്‍ക്കുകൊള്ളാം. മേല്‍പ്പത്തൂര്‍ നാരായണന് റൂമാറ്റിസിസത്തിന്റെ കമ്പ്ലെയ്ന്റുണ്ടായപ്പൊ ആരാ പറഞ്ഞെ മീന്‍ തൊട്ടു കൂട്ടാന്‍? പണ്ഡിതന്മാര്‍ക്ക് ഒന്നും നേരേചൊവ്വെ എടുക്കാനറിയില്ല.അതുകൊണ്ടങ്ങേര് മീന്‍ തൊട്ടു കൂട്ടുക എന്നു കേട്ടപ്പോള്‍ മത്സ്യാവതരം മുതലുള്ള വിഷ്ണുവിന്റെ ലീലാവിലാസങ്ങള്‍ സംസ്കൃതകാവ്യമാക്കി. അതാണ് നാരായണീയം.

മുള്ളന്‍ എന്ന മീനിന് ഇംഗ്ലീഷില്‍ പറയുന്നത് silver bellly എന്നാണെന്ന് കണ്ടുപിടിച്ചപ്പോള്‍ അത് സംസ്കൃതത്തിലാക്കിയാല്‍ എങ്ങനുണ്ടാവും എന്ന് ശ്രമിച്ചതിന്റെ ഫലമാണ് രജതോദരി. വേണമെങ്കില്‍ ചക്ക, അല്ല മുള്ളന്‍, അക്വേറിയത്തിലും കായ്ക്കുമോ?

ഇത്രയും പറഞ്ഞു വന്നപ്പോള്‍ ഒന്നൊന്നര വര്‍ഷം മുമ്പ് ഡിലീറ്റിയ മറ്റൊരു കുറിപ്പ് ഓര്‍ത്തു - കോവയ്ക്ക അഡ്ഡര്‍ഗോഡല്ല!

പറയി പെറ്റ പന്തിരുകുലത്തിന്റെ കഥ അമ്മ പറഞ്ഞുതരും മുമ്പു തന്നെ കോവയ്ക്കയെ മനസ്സ് പശുവിന്റെ അകിട്ടിനോട് ഉപമിച്ചിരുന്നു. വരരുചിയുടെ (പറച്ചി പെറ്റ) മക്കളെ പലര്‍ വളര്‍ത്തി. എങ്കിലും അമ്മയുടെ ശ്രാദ്ധത്തിന് അവര്‍ തറവാട്ടില്‍ ഒത്തുകൂടുമായിരുന്നു (ഗള്‍ഫും ബോംബെയും ന്യൂ‍യോര്‍ക്കും വളര്‍ത്താന്‍കൊണ്ടുപോയ ഇന്നത്തെ വരരുചിയുടെ മക്കള്‍ ചിലപ്പോള്‍ ഒത്തുകൂടുന്നതുപോലെ).

പാക്കനാരെ വളര്‍ത്തിയത് ഒരു പറയന്‍. അതുകൊണ്ട് അമ്മയുടെ ശ്രാദ്ധത്തിനുള്ള തന്റെ വീതമായി പാക്കനാര്‍ ഒരിക്കല്‍ കൊണ്ടുവന്നത് പശുവിന്റെ അകിടായിരുന്നത്രെ (ഇന്ന് ഞാനും ബീഫ് തട്ടിവിടും. അന്ന് പറയരെപ്പോലെ ചിലര്‍ മാത്രമേ പശുവിനെ തിന്നുകയുള്ളായിരുന്നു. അതുകൊണ്ടാണ് പാക്കനാരുടെ കാഴ്ച അകിടായിപ്പോയത്). അത് കുഴിച്ചിട്ടെന്നും അത് മുളച്ചുണ്ടായതാണ് കോവല്‍ എന്നുമായിരുന്നു കഥ. അതുകൊണ്ടാണോ ശ്രാദ്ധദിനങ്ങളില്‍ കോവയ്ക്ക വിശേഷമായത്? ചാരത്തില്‍പ്പൂണ്ടവന്‍ കുമ്പളങ്ങ എന്ന ചൊല്ലില്‍ ഒതുക്കാതെ കുമ്പളങ്ങയെ നേരിട്ട് തന്നെ Ash Gourd എന്ന് വിളിച്ചു സായിപ്പ്. അതുപോലെ കോവയ്ക്കയെ Udder Gourd എന്നു വിളിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചത് തെറ്റാണോ? ഈയിടെയാണ് കോവയ്ക്കയുടെ ആംഗലേയമറിഞ്ഞത് - ലതാഫലം എന്ന് പരിഭാഷപ്പെടുത്താവുന്ന Ivy Gourd!

ഗോഡുകളുടെ പിന്നാലെ പോയപ്പൊളല്ലെ ബിറ്റര്‍ ഗോഡ് മാത്രമല്ല ഗോഡ് എന്ന് മനസ്സിലായത്. ചുരയ്ക്ക [bottle gourd], പീച്ചിങ്ങ [sponge gourd]... അങ്ങനെ എത്ര ഗോഡുകള്‍! ഞാനൊരു വെജിറ്റേറിയനുമാണെന്ന് ഇപ്പോള്‍ മനസ്സിലായല്ലൊ!

Postscript: രക്തവര്‍ണാ മാംസനിഷ്ഠാ ഗുഡാന്നപ്രിയമാനസാ എന്നു വിളിക്കുന്നുണ്ട് ലളിതാസഹസ്രനാമത്തില്‍ ഒരിടത്ത്. ശര്‍ക്കരച്ചോറ് [പായസം] പ്രിയമായവളേ എന്ന് ഒന്നിന്റെ അര്‍ത്ഥം തിരിഞ്ഞു. രജതോദരി അപ്പോള്‍ ഞാനുണ്ടാക്കിയ വാക്കല്ല?

10 comments:

വല്യമ്മായി said...

snake gourd പടവലങ്ങ http://en.wikipedia.org/wiki/Snake_gourd

ഗുപ്തന്‍ said...

സമസ്കൃതം പടിച്ചിട്ടില്ല അല്ല്യോ..
ദാ ഈ ലിങ്കില്‍ ഒന്നു പോയാല്‍ കുറേ ഒക്കെ മനസ്സിലാവും
http://sageerpr.blogspot.com/2008/10/blog-post_05.html

രജതോദരന്‍ = മുള്ളന്‍
രജതോദരി = ശൂ ശൂ.... ശ്യോ!

:))

വെള്ളെഴുത്ത് said...

വലിയ മീന്മുള്ളു കുത്തി നിര്‍ത്തി അതിനെ ദേവതയായി ആരാധിച്ചിരുന്നില്ലേ സംഘകാലത്ത്? നെയ്തല്‍ തിണക്കാരുടെ പ്രധാനഭക്ഷണം.. മീന്‍! പ്രച്ഛന്ന ബൌദ്ധനായ ശങ്കരാചാര്യര്‍ക്കു ശേഷമാവണം മാംസാഹാരം ദൈവഭക്തിയുള്ളവര്‍ക്ക് ‘പോരായ്മക്കേടാ‘യിട്ടുണ്ടാവുക. ലളിതാസഹസ്രനാമം അപ്പോള്‍ അതിനു മുന്‍പാ? എഴുത്തച്ചന്‍ ഡെഫനിറ്റായിട്ട് മീന്‍ കൂട്ടിയിരുന്നിരിക്കണം..മിന്നുന്നതു മീന്‍.. മിന്നുന്നതെല്ലാം പൊന്നല്ലാതതുകൊണ്ട് വെള്ളിയും മിന്നും എന്നൂഹിക്കാം. അങ്ങനെ സില്‍‌വര്‍ ഫിഷ്! ഹാ ഹാ രജതോദരീ....(നന്നായില്ല പരിഭാഷ.... എന്തുകൊണ്ടോ ഒരു സഹോദരീ ഫീലിംഗ്..)

One Swallow said...

pennukettiyaale sahodariyude vilayariyoo. ;-0

Anonymous said...

ഗോഡ് പാഡും മാഷേ !!
http://en.wikipedia.org/wiki/Sitar

ഉമ്പാച്ചി said...

മുള്ള് നട്ടു എന്നാ പറയാറ്.
അപ്പോ ഈ ലേഡീസ് ഫിംഗര്‍ എങ്ങനാ വന്നത്?

ak-അശോക് കര്‍ത്താ said...
This comment has been removed by the author.
ak-അശോക് കര്‍ത്താ said...
This comment has been removed by the author.
Artist B.Rajan said...

മേല്‍പത്തൂരിനോട്‌ അരോ അ ല്ലപറഞ്ഞത്‌ എന്നറിയുക.. സാക്ഷാല്‍ എഴുത്തച്ഛന്‍ തന്നെ.(എയ്ശ്ശനല്ല.-സര്‍ ചാത്തൂന്റെ കാര്യസ്ഥനല്ല എന്നര്‍ത്ഥം..ന്താ)

അശോക് കര്‍ത്താ said...

സംസ്കൃതം വ്യവഹാരഭാഷയായിരുന്ന കാലത്ത് .....
അതിക്രമിച്ച് കടക്കുകയാണെങ്കില്‍ ക്ഷമിക്കുക. കാരണം ഇപ്പോള്‍ ഓരോ ബ്ലോഗുസംഘങ്ങളും ഓരോ രാഷ്ടങ്ങളാണു. അതു കൊണ്ടാണു അതിര്‍ത്തി ലംഘിച്ചോ എന്ന് ഭയക്കുന്നത്...
പിന്നെ സംസ്ക്കൃതം ഒരു കാലത്തും വ്യവഹാര ഭാഷ ആയിരുന്നില്ല. അതൊരു ശാസ്ത്ര ഭാഷയാണു. ഗണിതം പോലെ. സംസ്കൃതവ്യാകരണം നോക്കിയാല്‍ ഇത് മനസിലാകും. വ്യാകരണം പഠിക്കാതെ സംസ്കൃതം ഉപയോഗിക്കാനാവില്ല. വ്യവഹാരഭാഷകള്‍ അങ്ങനെയല്ല. അതു പറഞ്ഞും എഴുതിയും തുടങ്ങിയിട്ടാണു അതിന്റെ ഗ്രാമര്‍ പഠിച്ചെടുക്കുന്നത്!! സംസ്കൃതം ഒരു വ്യവഹാരഭാഷയാക്കുന്നതിന്റെ വൃത്തികേട് മനസിലാക്കണമെങ്കില്‍ 'സംസ്കൃത പ്രതിഷ്ഠാനു'കാരോട് ഒരു 10 മിനിറ്റ് സംസാരിച്ചാല്‍ മതി... ട്യൂബ് ലൈറ്റ് നോക്കിയിട്ട് അവര്‍ കാച്ചിക്കളയും "ദണ്ഡപീതഹ".(ഹ..ഹ...!!!) ഇതൊന്നും നിത്യപ്രയോഗത്തിനു പറ്റില്ല ഹേ! അത് ശാസ്ത്രം രേഖപ്പെടുത്താനും വിശദീകരിക്കാനുമുള്ളതാണു.
അടുത്തത് മത്സ്യം തൊട്ട് കൂട്ടുന്നതിനേപ്പറ്റിയാണു. മാംസാഹാരം നിഷിദ്ധമാനെന്ന് ആര് പറഞ്ഞു? നിത്യാന്നത്തില്‍ അത് സ്ഥിരമായി ഉള്‍പ്പെടുത്തരുതെന്നേയുള്ളു. ഭക്ഷണ വസ്തുക്കളിലെ യൌവ്വനത്തെ പ്രതിനിധീകരിക്കുന്നതാണു മാംസാഹാരങ്ങള്‍. അത് വാനപ്രസ്ഥര്‍ ഒഴിവാക്കുക തന്നെ വേണം. കാരണം വാര്‍ദ്ധക്യത്തിലാണു അതിനു പോകുന്നത്. അപ്പോള്‍ പ്രവര്‍ത്തിയെടുക്കേണ്ട ആവശ്യം വരികയില്ല. അതിനെ ദുരുദ്ദേശപരമായി സന്യാസവുമായി കൂട്ടിക്കുഴച്ചതാണെന്ന് തോന്നുന്നു ഈ വിവാദങ്ങള്‍ക്ക് ഇടവരുത്തിയത്. പലസന്യാസി വിഭാഗങ്ങളും മാംസാഹാരികളാണു. കേരളത്തിനു പുറത്തുള്ള ശ്രീരാമകൃഷ്ണാശ്രമങ്ങളില്‍ സസ്യമല്ലാത്ത ഭക്ഷണവും കിട്ടും. അമൃതാനന്ദമയി മഠത്തില്‍ സായിപ്പിനു അസസ്യം കിട്ടുമെന്ന് കേട്ടിട്ടുണ്ട്. ശരിയാണൊ എന്നറിയില്ല. അഘോരികള്‍ മാംസം ഉപയോഗിക്കും. ഇതൊക്കെ വച്ച് നോക്കുമ്പോള്‍ സനാതനികളിലെ ചെറിയൊരു വിഭാഗമല്ലെ സസ്യഭുക്കുകളായുള്ളു? പിന്നെ വിദേശികളേപ്പോലെ 100% വും മാംസാഹാരികള്‍ ഇന്ത്യയില്‍ ഇല്ല. മൂക്ക് മുട്ടെ ബീഫടിച്ചിട്ട് പാണ്ടിയില്‍ നിന്ന് വന്ന 'ഗോമാതാ'ക്കളെ തടയാന്‍ പോയ ചില ഹൈന്ദവന്മാരേയും കാണാം. അതൊക്കെ വയറ്റിപ്പിഴപ്പിനു വേണ്ടിയാണെന്നങ്ങ് വിചാരിച്ചാല്‍ മതി.

Related Posts with Thumbnails