Sunday, October 19, 2008

ആർക്കറിയാം?


എഴുപതുകളില്‍ കേരളത്തിലൊരിടത്ത് ഒരു സാധാരണക്കാരന്‍ ജീവിച്ചിരുന്നു. ബാഹ്യസമ്മര്‍ദ്ദങ്ങളാല്‍ അയാള്‍ക്ക് ബുദ്ധിജീവിയാകേണ്ടി വന്നു. അതിന്റെ ഭാഗമായി അയാള്‍ കുളി ഉപേക്ഷിച്ചു. തലമുടി അഴുക്കും ദുര്‍ഗന്ധവും നിറഞ്ഞ് കാടുകയറി. പേനുകള്‍ പെറ്റുപെരുകി. അക്കൂട്ടത്തിലെ രണ്ട് പേനുകളായിരുന്നു സണ്ണിക്കുട്ടിയും ഗ്രേസിക്കുട്ടിയും. മനുഷ്യരക്തം കുടിയ്ക്കുന്നതു കൊണ്ടായിരിക്കാം അവര്‍ പ്രേമത്തില്‍ വീണു. വൈകാതെ അവര്‍ വിവാഹിതരായി. അതിനിടയില്‍ തലയിലെ മാലിന്യം പേനുകള്‍ക്കുപോലും സഹിക്കാനാവാത്ത വിധം വര്‍ധിച്ചുകൊണ്ടിരുന്നു.

ഇക്കാലത്താണ് ഗ്രേസിക്കുട്ടി ഗര്‍ഭിണിയായത്. ആ ദുരിതത്തിലേയ്ക്ക് ഇനി കുഞ്ഞുങ്ങളേക്കൂടി കൊണ്ടുവരേണ്ട എന്നായിരുന്നു അവരുടെ തീരുമാനം. 'വേറെ ഏതെങ്കിലും തലേച്ചെന്നട്ടാവാം ഇനി' എന്നാശ്വസിച്ച് അവര്‍ ആ ഗര്‍ഭം അലസിപ്പിച്ചു.

'ഞാന്‍ പോയി സുരക്ഷിതമായ വല്ല തലയും കണ്ടുപിടിച്ചിട്ട് വരാം' സണ്ണിക്കുട്ടി പറഞ്ഞു. അങ്ങനെ ഒരു ദിവസം ഗ്രേസിക്കുട്ടി നിറകണ്ണീരുമായി നില്‍ക്കെ സണ്ണിക്കുട്ടി യാത്രയായി. അരിച്ചരിച്ച് അവനങ്ങനെ പോയി.

ബുദ്ധിജീവിയുടെ വലതു കൃതാവിലൂടെ അവന്‍ താഴേയ്ക്ക്, താടിയിലേയ്ക്കിറങ്ങി. പേനുകള്‍ക്കുണ്ടോ ഭൂമിശാസ്ത്രമറിയുന്നു! അങ്ങനെ അവന്‍ താടിയുടെ ഒത്തനടുവില്‍, ചുണ്ടിന് താഴെയുള്ള പോയന്റിലെത്തിയപ്പോള്‍! പോയന്റിലെത്തിയപ്പോള്‍... അപ്പോളാണ് ബുള്‍ഗാന്‍ താടി ഫാഷനായ വിവരം ബുദ്ധിജീവി അറിയുന്നത്. പെട്ടെന്നു തന്നെ അയാള്‍ രണ്ട് കൃതാവിനും താഴെ ഏതാണ്ട് രണ്ടര ഇഞ്ച് വീതം രോമം വടിച്ചു കളഞ്ഞു. സണ്ണിക്കുട്ടിയോ? പാവം - അവന്‍ ബുള്‍ഗാന്‍ താടിയും മീശയും ഉള്‍പ്പെടുന്ന വൃത്തദ്വീപില്‍ തടവുകാരനായി.

ഏകാന്തത, വ്യര്‍ത്ഥത, അസംബന്ധം എന്നിവയുടെ സ്മാരകങ്ങളായി ആ ദമ്പതിമാര്‍ കുറേനാള്‍ കൂടി അങ്ങനെ ജീവിച്ചു.

11 comments:

One Swallow said...

കോളേജില്‍പ്പഠിക്കുന്ന കാലത്തെഴുതിയ ഒരു മിനിക്കഥ. ഓർമയിൽ നിന്ന് വീണ്ടും എടുത്തെഴുതി നോക്കിയപ്പോൾ പഴയ ചങ്ങാതി സുധീർനാഥ് അത് കാർട്ടൂൺ അക്കാദമിയുടെ പത്രികയിലിട്ടു. കാർട്ടൂൺ, കഥ... ഇതെല്ലാം പൂർവജന്മത്തുനിന്ന് എത്തിനോക്കാൻ ശ്രമിക്കുന്നു. സിമിയുടെ നല്ല വാക്കുകൾക്ക് നന്ദിയോടെ...

ശിവ said...

എത്ര നല്ല സങ്കല്പം...ബുള്‍ഗാന്‍ ദ്വീപ് ഇവിടെ ഇപ്പോഴും ഫാഷന്‍ ആണല്ലോ!

സനാതനന്‍|sanathanan said...

great

ഗുപ്തന്‍ said...

തകര്‍പ്പന്‍ കഥ മാഷേ. ഒരുപാട് വായിച്ചെടുക്കാനുള്ള എഴുത്ത്

കുട്ടി said...

നല്ല കഥ

മാര്‍ജാരന്‍ said...

ഒതുക്കത്തോടെ നല്ല കഥ

വെള്ളെഴുത്ത് said...

കഥയല്ല ജീവിതം ! വിരുദ്ധ ലിംഗത്തില്‍പ്പെട്ട രണ്ടു പേനുകളുടെയും കാലഹരണപ്പെട്ട ഒരു ബുദ്ധിജീവിയുടെയും. മൊത്തം മൂന്നു ജീവികള്‍..! :)

Artist B.Rajan said...

സമരങ്ങള്‍ വിഘടിപ്പിച്ച്‌ ജീവിതങ്ങള്‍ വിഘടിപ്പിച്ച്‌ പണത്തിന്റെ ബ്ലൈഡുകള്‍ എല്ലാം ഷേവുചെയ്തെടുക്കുമ്പോള്‍, അടിയന്തിരാവസ്ഥക്കലത്ത്‌ കൂടെനിന്ന് പിന്നെ പിന്നെ ഒറ്റുകാരായിമാറിയ ഒത്തിരിപേര്‍ മനുഷ്യാവകാശസ്നേഹികളായി,കോളമിസ്റ്റുകളായി...
കഥ അന്നും, ആവരേജ്‌ ഗള്‍ഫുകാരനെക്കാണുമ്പോള്‍ ഇന്നും പ്രസക്തം
1978ല്‍ അടിയന്തിരാവസ്ത കഴിഞ്ഞുള്ള നാളില്‍ വായനശാലയിലെ സാഹിത്യവേദിയുടെ കയ്യെഴുത്തു മാസികയില്‍ ഞാന്‍ ഒരു മിനിക്കഥ എഴുതിയിരുന്നു.അതിന്റെ പേര്‌ " പേന്‍".
പിന്നീട്‌ എന്റെ ബ്ലോഗില്‍ പോസ്റ്റാം..

Visala Manaskan said...

എന്തൊരു എയിമിലാ എഴുതിയിരിക്കുന്നത്. എന്താ ഒരു വൃത്തി! സൂപ്പര്‍ ചുള്ളന്‍.

Sarija N S said...

നന്നായിരിക്കുന്നു. പറഞ്ഞു പോകുന്നതെങ്ങോട്ടന്നറിയാതെ ആ സണ്ണിക്കുട്ടീയുടെ പുറകെ പോയി ഞാനും ആ ദ്വീപിലകപ്പെട്ടു

Mahi said...

ഇതു മോശമില്ലല്ലൊ

Related Posts with Thumbnails