Wednesday, March 12, 2008

റാബ്രി ദേവി തന്നെ അമേരിക്കന്‍ പ്രസിഡന്റ്


നരേന്ദ്രമോഡിയുടെ വെബ്സൈറ്റ് കാണേണ്ടതു തന്നെ. ഡൌണ്‍ലോഡ് ചെയ്യാവുന്ന റിംഗ്ടോണുകളും വാള്‍പേപ്പറുകളും കൊണ്ട് ഈ സൈറ്റ് ദിവസേന അപ്ഡേറ്റ് ചെയ്യുന്നത് അയാള്‍ തന്നെയാണത്രെ. മോഡേണ്‍ ടെക്നോളജിയെ പഴഞ്ചന്‍മനുഷ്യര്‍ക്ക് അപകടകരമായി ഉപയോഗപ്പെടുത്താമെന്ന ഐറണി ഇന്റര്‍നെറ്റ് പോലൊരു സംവിധാനത്തില്‍ കൂടുതല്‍ സ്വീകാര്യത്യയും വേഗതയും കൈവരിക്കുന്നു [ഈ ബ്ലോഗ് അടക്കം]. സോ കാള്‍ഡ് സ്യൂഡോ സെക്കുലറിസത്തിന്റെ കോസ്മെറ്റിക് കടമയായല്ല ഈ വാക്കുകള്‍ എഴുതുന്നത്. ആഴ്ചയില്‍ ഏഴു ദിവസവും അമ്പലത്തില്‍ പോകാനാഗ്രഹിക്കുന്ന ഒരു ഗോഡ് ഫിയറിംഗ് ഹിന്ദുവാണ് ഞാന്‍. അത് പക്ഷേ ഒരു പള്ളി പൊളിച്ചിടത്ത് പണിഞ്ഞ അമ്പലത്തിലേയ്ക്ക് വയ്യ.

സീസറിന്റെ ഭാര്യമാരില്‍ നിന്ന് ജനാധിപത്യം നേരിടുന്ന ഭീഷണിയെപ്പറ്റി പറയാന്‍ തുടങ്ങിയപ്പോള്‍ ഒരു വെബ്സൈറ്റില്‍ ചെന്ന് മുട്ടി - ലാലുറാബ്രിഡോട്ട്കോം. അങ്ങനെ പോയിപ്പോയി മോഡിയുടെ സൈറ്റിലും ചെന്നുവെന്ന് മാത്രം. ലാലുറാബ്രിഡോട്ട്കോമിന്റെ കഥ രസകരമാണ്. ഇന്ത്യ ആസ്ഥാനമായുള്ള ഒരു ഡേറ്റിംഗ് സൈറ്റാണത്. ലാലുവിന്റേയും റാബ്രിയുടേയും വിജയകരമായ ദാമ്പത്യത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടാണ് ആ ഡേറ്റിംഗ് സൈറ്റിന് അങ്ങനെ പേരിട്ടിരിക്കുന്നത്. ലാലുവിനോട് തങ്ങള്‍ക്ക് വലിയ മതിപ്പാണെന്നും അങ്ങനെ പേരിടുന്നതില്‍ അങ്ങേരോടോ റാബ്രിയോടോ പരിഹാസമൊന്നുമില്ലെന്നുമാണ് ആ സൈറ്റ് നടത്തിപ്പുകാരുടെ ഭാഷ്യം. പിന്നീടെന്തായെന്നറിഞ്ഞില്ല - നടത്തിപ്പുകാര്‍ക്ക് ഫ്രീ റെയില്‍പ്പാസു കിട്ടിയോ അതോ ആര്‍ജേഡികള്‍ അവരെ എരുമച്ചാണകത്തില്‍ കുളിപ്പിച്ചോ?

എന്താ‍യാലും ജനാധിപത്യത്തെ അമേരിക്കക്കാര്‍ എരുമച്ചാണകത്തില്‍ കുളിപ്പിച്ച് കിടത്തുമെന്നുറപ്പ്. കൂടുതല്‍ ഇവിടെ.

Wednesday, March 5, 2008

മൃഗങ്ങള്‍ പ്രണയങ്ങള്‍ ഉപകരണങ്ങള്‍


നമ്മളാണോ പ്രണയിക്കുന്നത്? അതോ നമ്മുടെയുള്ളിലെ പുംബീജങ്ങളുടേയും അണ്ഡങ്ങളുടേയും ഉപകരണങ്ങള്‍ മാത്രമാണോ നമ്മളും നമ്മുടെ പ്രണയങ്ങളും? പുംബീജങ്ങളുടേയും അണ്ഡങ്ങളുടെയും അവയുടെ പ്രണയങ്ങളുടേയും ഇടയില്‍ നാം തീര്‍ക്കുന്ന റബ്ബര്‍ മതിലോ? മൃഗത്തിനേയും മനുഷ്യനേയും വേര്‍തിരിയ്ക്കുന്നത് ഇത്ര നേര്‍ത്ത ഒരു റബ്ബര്‍പാളിയോ? രാത്രി നമ്മള്‍ ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ പ്ലാസ്റ്റികിന്റെ ചവറ്റുകുട്ടയില്‍ റബ്ബറിന്റെ ബലൂണീല്‍ നമ്മുടെ മക്കളും അവരുടെ പ്രണയവും അഞ്ഞൂറാന്‍ പറയുന്ന പോലെ പിടഞ്ഞ് പിടഞ്ഞ് മരിക്കുകയാണോ?

[ചിത്രത്തിലെ ഐഡിയ നടപ്പാക്കാന്‍ ഇല്ലസ്ട്രേറ്ററിലും ഫോട്ടോഷോപ്പിലും സഹായിച്ച ഷെറീഫിനും ജാവേദിനും നന്ദി]

കടലിലുമുണ്ട് ദ്വീപുകള്‍


...

Tuesday, March 4, 2008

അതാണോ?


ആത്മഹത്യ ചെയ്യാനുള്ള പേടി നീട്ടിവലിയ്ക്കുമ്പോള്‍ എന്തു കിട്ടും?

Sunday, March 2, 2008

ന്യൂയോര്‍ക്കിലെ പാവങ്ങള്‍ക്ക് ബംഗ്ലാദേശിന്റെ ലോണ്‍


അതെനിയ്ക്കിഷ്ടപ്പെട്ടു - ന്യൂയോര്‍ക്കിലെ പാവങ്ങള്‍ക്ക് ബംഗ്ലാദേശിന്റെ ലോണ്‍. ഒന്ന് കണ്ണുതിരുമ്മി വീണ്ടും വായിച്ചു. അതെ, സ്വപ്നമൊന്നുമല്ല - ന്യൂയോര്‍ക്കിലെ പാവങ്ങള്‍ക്ക് ബംഗ്ലാദേശ് ബാങ്ക് ലോണ്‍ കൊടുക്കാന്‍ പോകുന്നു. കൂടുതല്‍ ഇവിടെ.

Friday, February 29, 2008

അനിമേഷന്‍ സിനിമ രാഷ്ട്രീയം പറയുന്നു



മലയാളത്തില്‍ ഒരു നല്ല ഗ്രാഫിക് നോവലേ ഉണ്ടാ‍യിട്ടുള്ളു - അരവിന്റെ ചെറിയ മനുഷ്യരും വലിയ ലോകവും. സിനിമാക്കാരനായിട്ടും അത് അരവിന്ദന്‍ സിനിമയാക്കിയില്ല. ആക്കിയിരുന്നെങ്കില്‍ത്തന്നെ ഗോപിയേയും നെടുമുടിയേയുമൊക്കെ അഭിനയിപ്പിച്ച ഒരു ഫീച്ചര്‍ ഫിലിമാകുമായിരുന്നു അത്.

എന്നാല്‍ ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഗ്രാഫിക് നോവലിസ്റ്റുകളില്‍ പ്രമുഖയായ Marjane Satrapi (1969-ല്‍ ടെഹ്രാനില്‍ ജനനം, ഇപ്പോള്‍ പാരീസില്‍)യുടെ പ്രശസ്ത ഗ്രാഫിക് നോവലായ Persepolis ഈയിടെ സിനിമയായപ്പോള്‍ അത് ബ്ലാക്ക് & വൈറ്റില്‍ അനിമേഷന്‍ സിനിമയായി. അനിമേഷന്‍ എന്നു കേള്‍ക്കുമ്പോള്‍ ഹ്യൂമര്‍ എന്നോ ചില്‍ഡ്രന്‍ എന്നോ മാത്രം ഓര്‍ക്കുന്ന നമുക്ക് ഈ സിനിമ ഒരു ഷോക്കായിരിക്കും. ഇക്കഴിഞ്ഞ ഓസ്കാര്‍ അവാര്‍ഡ് നോമിനികളുടെ കൂട്ടത്തിലും സ്ഥാനം പിടിച്ചിരുന്ന ഈ സിനിമ ഈയാഴ്ച ദുബായില്‍ റിലീസ് ചെയ്യപ്പെടുന്നു.

Wednesday, February 27, 2008

സ്പില്‍ബെര്‍ഗിന് മനസ്സാക്ഷിയുണ്ടോ?


ബെയ്ജിംഗില്‍ നടക്കാന്‍ പോകുന്ന ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങ് അടിപൊളിയാക്കാനുള്ള കമ്മറ്റിയില്‍ നിന്ന് മനസ്സാക്ഷിക്കുത്തുമൂലം സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് രാജിവെച്ചുപോലും. സുഡാനിലെ ദാര്‍ഫോറില്‍ അവിടത്തെ ഗവണ്മെന്റിന്റെ പിന്തുണയോടെ തുടരുന്നുവെന്ന് പാശ്ചാത്യലോകം ആരോപിയ്ക്കുന്ന മനുഷ്യക്കുരുതിയ്ക്ക് ചൈന നിശബ്ദ പിന്തുണ നല്‍കിവരുന്നതിലാണത്രെ സ്പില്‍ബര്‍ഗിന് മനസ്സാക്ഷിക്കുത്ത്. അങ്ങനെയാണെങ്കില്‍ ബുഷിന്റെ ഇറാക്ക് യുദ്ധമോ? അക്കാര്യത്തില്‍ അമേരിയ്ക്കക്കാര്‍ക്ക് മനസ്സാക്ഷിക്കുത്തൊന്നുമില്ലേ?

ഇറാക്കില്‍ അമേരിക്കയും സുഡാനില്‍ ചൈനയും കളിയ്ക്കുന്ന കളികള്‍ എണ്ണയ്ക്കു വേണ്ടിത്തന്നെ. ഒളിമ്പിക്സിലെ കളികളും എണ്ണയും കൂട്ടിക്കുഴയ്ക്കണോ? വികസിത രാജ്യങ്ങള്‍ വര്‍ഷങ്ങളായി ‘സംഭാവന’ ചെയ്തിട്ടാണ് മലിനീകരണവും ഗ്ലോബല്‍ വാമിംഗുമെല്ലാം ഈ പരുവത്തിലായത്. ഇപ്പോള്‍ ചൈനയുടെയും മറ്റും ഊഴമാണ്. ചാരിത്ര്യം പ്രസംഗിയ്ക്കുമ്പോള്‍ ചളിപ്പെങ്കിലും വേണ്ടേ സര്‍?

Saturday, February 23, 2008

പെരിങ്ങോടന് എന്തുപറ്റി?


ബ്ലോഗിംഗിന് ഈയിടെ പത്തു വയസ്സായെന്ന് ബീബീസിയുടെ സൈറ്റില്‍ വായിച്ച കഥ പറഞ്ഞല്ലൊ. ആദ്യമലയാളം ബ്ലോഗിന് 7 വയസ്സായിട്ടുണ്ടാകുമോ? അതാരുടേതാണെന്നൊരു ചര്‍ച്ച കുറേ മുമ്പ് വായിച്ചിരുന്നു. അതൊക്കെയെന്തായാലും മലയാളം ബ്ലോഗിംഗിന്റെ എഴുത്തച്ഛന്‍ എന്ന് എനിക്ക് വിളിക്കാന്‍ തോന്നിയത് പെരിങ്ങോടനെയാണ്. (കുഞ്ചന്നമ്പ്യാര്‍, പൊറ്റെക്കാട് എന്നിവരൊക്കെ ആരാണെന്നാലോചിച്ച് തല പുകയ്ക്കേണ്ട - 'എഴുത്ത'ച്ഛന്‍ എന്ന ടെക്നിക്കല്‍ പിതൃത്വത്തിലാണ് എന്റെ ഊന്നല്‍).

[ഓഫ്: ലൈംഗികബന്ധം നടത്തിയാല്‍ മക്കളെയുണ്ടാക്കാമെന്ന് ആരും കണ്ടുപിടിച്ചതായിരിക്കില്ല. ആദിമമനുഷ്യന് അത് ആഹ്ലാദത്തിന്റെ ഉപോത്പ്പന്നമായിരിക്കണം. ആ ആഹ്ലാദം ഇല്ലായിരുന്നില്ലെങ്കില്‍ ജനസംഖ്യ കുറയുമായിരുന്നോ? അതുകൊണ്ട് ടെക്നിക്കലി നോക്കുമ്പോള്‍ ലൈംഗികതയുടെ പിതാവ് എന്നൊരു ടെക്നിക്കല്‍ പിതൃത്വം കല്‍പ്പിയ്ക്കലിന് സ്കോപ്പില്ല. ടോപിക് എന്തായാലും അക്കാര്യം മറന്നൊരു കളിയില്ലല്ലൊ].

ഞാനിത് കീയിന്‍ ചെയ്യുന്നത് പെരിങ്ങ്സ് ഡെവലപ് ചെയ്തെടുത്ത് സൌജന്യമായി ഡൌണ്‍ലോഡാന്‍ വെച്ചിരിക്കുന്ന കീമാനുപയോഗിച്ചാണ്. ബ്ലോഗിലെ ഭൂരിപക്ഷവും അങ്ങനെയായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. (പാര്‍ട്ട് A. തെറ്റുണ്ടെങ്കില്‍ തിരുത്തുക. ഓരോ ശരിയുത്തരത്തിനും അരമാര്‍ക്ക് വീതം). ഒരഞ്ച് മെഷീനിലെങ്കിലും ഞാനത് കറന്നൊഴിച്ചിട്ടുണ്ടാവും. പെരിങ്ങ്സ് പറയുന്നത് (സ്വകാര്യസംഭാഷണത്തില്‍) അത്തരം ഡൌണ്‍ലോഡുകളുടെ എണ്ണം 50,000 എത്തിയിട്ടുണ്ടാവുമെന്നാണ്. എന്റെ ആവറേജ് വെച്ച് നോക്കിയാല്‍ ഒരു പതിനായിരം പേരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടാവും. അതിന്റെ പകുതിയെങ്കിലും സജീവന്മാരായിരിക്കില്ലേ? (വിശാലനടക്കം). പട്ടാമ്പിയ്ക്കടുത്ത പെരിങ്ങോടുകാരന്‍ രാജ് നായര്‍ നീട്ടിയത്ത് തന്നെയല്ലേ മലയാളം ബ്ലോഗിംഗിന്റെ എഴുത്തച്ഛന്‍?

സിബുവിന്റെ വരമൊഴി ആയിരുന്നു പെരിങ്ങോടനുള്‍പ്പെടെ പലരും ആദ്യം ഉപയോഗിച്ചിരുന്നത്. (എഴുത്തച്ഛനും മുമ്പാണ് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ). അതുപോലെ മറ്റൊരു സോഫ്റ്റ്‌വെയര്‍ ഉണ്ടായിരുന്നതിന്റെ സോഴ്സ് ഓപ്പണ്‍ ആയിരുന്നില്ല. അതിന്റെ ഡെവലപ്പറോട് അന്ന് ലിനക്സ് ഉപയോ‍ഗിച്ചിരുന്ന പെരിങ്ങ്സ് അതിന്റെ സോഴ്സ് ചോദിക്കുകയും അദ്ദേഹം മറുപടി കൊടുക്കാതിരിക്കുകയും ചെയ്തപ്പോളാണ് അങ്ങനെ ഒരു സാധനം തനിയെ ഡെവലപ്പ് ചെയ്യണ്ട അവസ്ഥ പെരിങ്ങ്സിനുണ്ടാകുന്നത്. ചില്ലക്ഷരം നേരിട്ട് കാച്ചാമെന്നും വരമൊഴിയുമായി ഏറ്റവും സാദൃശ്യമുണ്ടായിരുന്നതുമാകാം മൊഴി കീമാനെ പോപ്പുലറാക്കിയത്. പിന്നീട് വരമൊഴി പ്രൊജക്റ്റില്‍ ഉള്‍പ്പെട്ടതോടെ ആള്‍‌റെഡി ഫേമസ് ആയിരുന്ന വരമൊഴിയുടെ നല്ല പേര് മൊഴി കീമാനും ലഭിച്ചു. നിത്യവും എകദേശം നൂ‍റോളം ആളുകള്‍ മലയാളം എഴുതാന്‍ ഉപയോഗിക്കുന്ന ഈ സൈറ്റിലും പെരിങ്ങ്സിന്റെ കോഡ് തന്നെ, വിക്കിപീഡിയയും മലയാളം എഴുതുന്നത് ഇതേ കോഡ് ഉപയോഗിച്ച്.
(ഇരുപത് കമന്റിന് ശേഷം കീയിന്‍ ചെയ്യുന്നതാണ് ഈ ബ്രാക്കറ്റിനുള്ളിലെ addendum. ഡൌണ്‍ലോഡിംഗിന്റെ കണക്ക് മാത്രമെടുത്താല്‍പ്പോലും - മൊഴി: 45,856 ഡൌണ്‍‌ലോഡുകള്‍, വരമൊഴി: 55,353 ഡൌണ്‍‌ലോഡുകള്‍ - ബ്ലോഗിംഗ് മലയാളത്തിന്റെ എഴുത്തച്ഛന്‍ സിബു തന്നെയാണെന്നാണ് കരുതേണ്ടത്. അതുകൊണ്ട് രാജിന്റെ കോണ്ട്രിബ്യൂഷന്റെ തിളക്കം കുറയുന്നുമില്ല).

ഇങ്ങനെയെല്ലാം സുപരിചിതനായ പെരിങ്ങ്സിന്റെ ബ്ലോഗായിരുന്നല്ലൊ പെരിങ്ങോടന്‍. അത് ഈയിടെ അപ്രത്യക്ഷമായി. അല്ല, എനിക്ക് തെറ്റിയതല്ല, URL അതു തന്നെ. പക്ഷേ പേരു മാറി. രാജിന് അതിന് വ്യക്തമായ കാരണങ്ങളുണ്ട്. എനിക്കാണെങ്കില്‍ അതു തന്ന സന്തോഷങ്ങള്‍ക്ക് വേറെയാണ് കാരണങ്ങള്‍. അതു പങ്കുവെയ്ക്കാനാണ് ഈ പോസ്റ്റ്.

1) രാജ് എന്തൊക്കെ പറഞ്ഞാലും പെരിങ്ങോടന്‍ എന്ന പേര് ഹ്യൂമറസാണ്. പെരിങ്ങോട് എന്നോ പെരിങ്ങോട്ടുകാരന്‍ എന്നോ ആയിരുന്നെങ്കിലും വേണ്ടീലായിരുന്നു. പെരിങ്ങോടന്‍ എന്നാദ്യം കേട്ടപ്പോള്‍ സി. ആര്‍. ഓമനക്കുട്ടന്‍സാറ് എപ്പോഴും പറയാറുണ്ടായിരുന്ന പറങ്ങോടീപരിണയം എന്ന കാവ്യനാമമാണോര്‍ത്തത്. സറ്റയറിന് അതിന്റെ രാഷ്ട്രീയമുണ്ട്. പക്ഷേ മലയാളം ബ്ലോഗിംഗ് എന്നാല്‍ നര്‍മം മാത്രമാണെന്ന ഇമേജ് പുറത്ത് നില‍നില്‍ക്കുന്നതില്‍ കുണ്ഠിതമുള്ളയാളും ശൈലിയിലായാലും കണ്ടെന്റിലായാലും ഗൌരവത്തോടെ എഴുതുന്നയാളുമായ രാജ് എന്തിനാണ് നല്ല എരിവുള്ള തലച്ചോര്‍പ്പിക്കിളിന്റെ കുപ്പിയുടെമേല്‍ ഹാപ്പിജാം എന്ന് സ്റ്റിക്കറൊട്ടിക്കുന്നത്? അതുകൊണ്ട്, ഈ മാറ്റം നന്നായി. (മലയാള ബ്ലോഗിംഗ് അതിവഗൌരവത്തിന്റെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങുന്ന കാലത്ത് രാജിന് വീണ്ടും പെരിങ്ങോടനാവാം)

2) പെരിങ്ങോട് എന്ന നാട് രാജിന്റെ തറവാട്ടുവകയാണോ? നീട്ടിയത്ത് എന്ന വീട്ടുമ്പേര് രാജിന്റെ മാത്രം സ്വന്തമാണോ? അതുകൊണ്ട് നീട്ടിയന്‍ എന്നുപോലും ഇടരുതെന്നാണ് എന്റെ അഭിപ്രായം. നിട്ടിയത്തുവീട്ടില്‍ രാജിനേക്കാള്‍ നന്നായി ബ്ലോഗ് ചെയ്യാന്‍ പോകുന്ന ഒരു ചെക്കന്‍ ഇനി ഉണ്ടായിക്കൂടെ? എങ്കിലയാള്‍ പോലും നീട്ടിയന്‍ എന്ന് ബ്ലോഗിന് പേരിടരുത്. തകഴി ശിവശങ്കരപ്പിള്ളയെ നാട്ടുകാര്‍ക്ക് തകഴി എന്നു വിളിക്കാം. അങ്ങേര്‍ക്ക് ഒരു ബ്ലോഗുണ്ടായിരുന്നെങ്കില്‍ പക്ഷേ സ്വയമതിന് തകഴി എന്ന് പേരിടുന്നത് ശരിയല്ല. തകഴിയേക്കാള്‍ വലിയ ഒരു തകഴി തകഴിയില്‍ ഉണ്ടാവില്ലെന്നാരു കണ്ടു? അതുകൊണ്ടാണ് എന്റെ ചങ്ങാതി കുഴൂര്‍ ഡോട്ട് കോം തുടങ്ങി, അത് അങ്ങേരുടെ മാത്രം വിശേഷങ്ങളിലേയ്ക്കൊതുക്കിയപ്പോള്‍ ഞാന്‍ എന്റെ വിയോജിപ്പ് നേരിട്ടറിയിച്ചത്. കവിതയില്‍ കുഴൂര്‍ നാരായണമാരാരേക്കാള്‍ നന്നായി തിമില വായിച്ചാലും വിത്സണങ്ങനെ ചെയ്യരുത്. കുഴൂരും തകഴിയും പെരിങ്ങോടും കുറേയധികം ആളുകളുടേതാണ്.

[ജീ, ഹോട്ട് മെയിലൈഡികള്‍ക്ക് പാലിയത്ത് എന്ന് പേരിട്ടതില്‍ പല നാടുകളിലുമുള്ള പല പല പാലിയത്തുകാരോടും മാപ്പു ചോദിക്കാനും ഈ സന്ദര്‍ഭം വിനിയോഗിക്കട്ടെ. അങ്ങനെയാണെങ്കില്‍ എന്തുപേരിടും, രാജ് എന്നിട്ടാല്‍ വേറെ കാക്കത്തൊള്ളായിരം രാജുമാരുടെ ജനാധിപത്യ അവകാശങ്ങളെ ചോദ്യം ചെയ്യലാവില്ലേ എന്ന് തിരിച്ചുചോദിച്ചാല്‍ ഞാന്‍ കുഴങ്ങി. പെരിങ്ങോട്ടുകാരുടെ എണ്ണത്തേക്കാള്‍ കുറവായിരിക്കുമോ രാജ് എന്ന് പേരുള്ളവരുടെ എണ്ണം? അതിന് സന്തോഷം നമ്പര്‍ 3 വായിക്കുക.]

3) അദ്ദേഹം ജീവിച്ചിരിയ്ക്കെ, സാഹിത്യവാരഫലം കൃഷണന്‍ നായരോട് ഒരു മറുപടി പറയാനൊത്തില്ല. അതുങ്കൂടിയാണിത്. ഒരു വാരഫലം അദ്ദേഹം അവസാനിപ്പിച്ചത് ഇങ്ങനെയാണ്: "വായന കൂടിയാല്‍ ബുദ്ധി കുറയും." അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത് ശരിയായിരുന്നോ? വൈലോപ്പിള്ളി എന്ന വേള്‍ഡ് ക്ലാസ് കവിയോടുണ്ടായിരുന്ന എന്തോ പെഴ്സണല്‍ കെറുവോ മറ്റോ മൂലം അദ്ദേഹത്തിന്റെ കവിതയെ പരിഹസിച്ചിരുന്നതോര്‍ക്കുമ്പോള്‍ കൃഷ്ണന്‍ നായര്‍ സാറിന് വായന കൂടിയതിന്റെ കുഴപ്പമുണ്ടെന്ന് പണ്ടേ തോന്നിയിരുന്നു. മലയാളി എഴുത്തുകാര്‍ സ്ഥലപ്പേരും വീട്ടുപേരും ജാതിപ്പേരും മറ്റും പേരിനോട് ചേര്‍ത്ത് എഴുതുന്നതിനെ അദ്ദേഹം പലവട്ടം പരിഹസിച്ചിരുന്നു. അങ്ങനെയാണെങ്കില്‍ കവി വേഡ്സ്വര്‍ത്ത് അങ്ങേരുടെ പേര്‍ വേഡ്സ്.വര്‍ത്ത് കോക്കര്‍മൌത്ത് എന്നു വെയ്ക്കേണ്ടിയിരുന്നില്ലെ എന്നായിരുന്നു കൃഷ്ണന്‍ നായര്‍ സാറുടെ ചോദ്യം.

ട്ടാവട്ടങ്ങളിലുള്ള ഇംഗ്ലണ്ടിലേയും ഫ്രാന്‍സിലേയുമെല്ലാം എഴുത്തുകാര്‍ക്ക് സെക്കന്‍ഡ് നെയിമുകളിലൂടെത്തന്നെ തങ്ങളുടെ ഐഡന്റിറ്റി വ്യക്തമാക്കാന്‍ കഴിഞ്ഞിരുന്നു. അതാണോ ജനസാന്ദ്രമായ, സെക്കന്റ് നെയിമില്ലാത്ത മലയാളീസിന്റെ കാര്യം. എം. കൃഷണ്‍നായര്‍ തന്നെ രണ്ടുണ്ടായിരുന്നു. അയ്യേയെസ്സ് കവി കെ. ജയകുമാറിന്റെ അച്ഛനും സിനിമാസംവിധായകനുമായിരുന്നു മറ്റെയാള്‍. സിനിമാക്കാരന്‍ അരവിന്ദന്റെ അച്ഛനും ഒരു എം. എന്‍. ഗോവിന്ദന്‍ നായരായിരുന്നു. കോട്ടയത്തുകാരന്‍ വക്കീല്‍, ഹാസ്യസാഹിത്യകാരന്‍. ലക്ഷം വീട് പദ്ധതിയിലൂടെ അനശ്വരനായ സാക്ഷാല്‍ എമ്മെനുമായി തന്റെ ഐഡന്റിറ്റി ക്ലാഷായിരുന്നതിനെപ്പറ്റി അരവിന്ദന്റെ അച്ഛന്‍ എഴുതിയിരുന്ന നര്‍മഭാവന ഓര്‍ക്കുന്നു. എം. ജി. രാധാകൃഷ്ണന്‍ എന്ന പേരോ? സംഗീതസംവിധായകന്‍ ഒന്നാമന്‍, ഇന്ത്യാ ടുഡെ ലേഖകനും ഗോവിന്ദപ്പിള്ളയുടെ മകനുമായ രണ്ടാ‍മന്‍, മാതൃഭൂമിയില്‍ എഴുതുന്ന ബോംബെ കഥാകൃത്ത് മൂന്നാമന്‍.

കേരളീയ ക്രൈസ്തവ ശൈലിയിലുള്ള സെക്കന്റ് നെയിമുകളും ചിലപ്പോള്‍ കാര്യസാധ്യത്തിന് പോരാതെ വരുന്നു. കോട്ടയത്ത് എത്ര മത്തായിമാര്‍ ഉണ്ട് എന്നൊരു ചെറുകഥയ്ക്ക് പേരിട്ട ജോണ്‍ ഏബ്രഹാമിന്റെ കഥയെടുക്കുക. ജോണ്‍ ഏബ്രഹാം എന്നാരെങ്കിലും പറഞ്ഞാല്‍ ഇക്കാലത്ത് ഭൂരിപക്ഷവും കരുതും ആ മോഡല്‍-ടേണ്ഡ്-ബോളിവുഡ്-ആക്റ്ററാണെന്ന്. അല്ലെന്നേ, സിനിമാക്കാരന്‍ ജോണ്‍ ഏബ്രഹാം എന്നു പറഞ്ഞാലും നമ്മുടെ ജോണിനെ ഫ്രെയിമില്‍ കിട്ടുമോ? (ഇന്ത്യാ ടുഡേ ലേഖകനായ എം. ജി. രാധാകൃഷ്ണന്റെ പ്രൊഫൈലിന് പണ്ട് ഞാനൊരു തലക്കെട്ടിട്ടു - തിരുവനന്തപുരത്ത് എത്ര എം. ജി. രാധാകൃഷ്ണന്മാര്‍ ഉണ്ട്?)

പറഞ്ഞുവരുന്നത് ഇതാണ് - കൃഷ്ണന്‍ നായര്‍ സാറിനു തെറ്റി. ജനസംഖ്യാബാഹുല്യവും അതിനാല്‍ത്തന്നെ പ്രശസ്തരുടെ എണ്ണത്തിലും ബാഹുല്യവുമുള്ള കേരളത്തില്‍ ആളെ തിരിച്ചറിയാന്‍ രണ്ട് ഇനിഷ്യലും അപ്പന്റെ പേരും പലപ്പോഴും പോരാതെ വരും. പേരിനോടൊപ്പം തിരിച്ചറിയാന്‍ സ്ഥലപ്പേരോ വീട്ടുപേരോ ഉപജാതിപ്പേരോ കൊടുക്കുന്നതായിരിക്കും പ്രായോഗികബുദ്ധി. (ഓരോരുത്തര്‍ക്കും നെറ്റിയില്‍ ഓരോ ബാര്‍കോഡ് വരുന്ന കാലം അതാ ആ വളവു കഴിഞ്ഞോ ഇല്ലയോ എന്നാരു കണ്ടു. ഐഡിയാ ഫോണിന്റെ പരസ്യത്തില്‍ പറയുമ്പോലെ ഓരോ മനുഷ്യനും ഓരോ യുനീക് നമ്പര്‍ മാത്രമാകുമോ - എന്റമ്മോ!)

പെരിങ്ങോടന്‍ പേരു മാറ്റിയത് പറഞ്ഞതില്‍പ്പിടിച്ച് എവിടെയെല്ലാമെത്തി. എബൌട്ട് മിയിലും രാജ് എഴുത്തുമാറ്റിയിരിക്കുന്നു: A blogger who believes blog sociality is all about interaction between blogs, not bloggers. This blog got its own life, its not my life anyway.

മറ്റൊരു ബ്ലോഗേഴ്സ് മീറ്റിന്റെ മേളപ്പദം കേള്‍ക്കാകുമ്പോള്‍ ഈ ചര്‍ച്ചയും പ്രസക്തം. വ്യക്തിപരമായി ഒരു ബ്ലോഗര്‍ എന്ന് അറിയപ്പെടുന്നതിനേക്കാള്‍ എനിക്കൊരു ബ്ലോഗുണ്ട് എന്ന് അറിയിക്കാനാണ് എനിക്കും താല്‍പ്പര്യം തോന്നുന്നത്.

ടെക്നിക്കലി രോമനും രാഷ്ട്രീയമായി പ്രതിലോമനുമായ എനിയ്ക്ക് ക്ഷമ കൈവിടാതെ സംശയങ്ങള്‍ പറഞ്ഞുതരുന്ന, പ്രായം കൊണ്ട് അനിയനും അഭിപ്രായം കൊണ്ട് ചേട്ടനുമായ, മറുമൊഴികള്‍ എന്തുകൊണ്ട് ഉപേക്ഷിക്കേണ്ടതാകുന്നു എന്ന് ലേഖനമെഴുതിയതിന് 'ഓ, അവന്‍ പണമുണ്ടാക്കാനുള്ള മറ്റേതൊ വിദ്യ ഉണ്ടാക്കാനാ' എന്ന് പഴി കേട്ട, ഒരു പൈസ പോലും ഉണ്ടാക്കാതെ ഒരു മലയാളം കീയിംഗിന്‍ സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ വെച്ചിരിക്കുന്ന, അമിതവിനയത്തെ അടുപ്പിയ്ക്കാത്ത, രാജ്. ബ്ലോഗിന്റെ പേരു മാറ്റിയതിന് രാജിന് എന്റെ സലാം.

4) ചില വാക്കുകള്‍ ഹൈപ്പര്‍ലിങ്കുകള്‍ പോലെയാണ്. എനിക്ക് ആണ്മ എന്ന വാക്ക് ഒരു ഹൈപ്പര്‍ലിങ്കാണ്. ആ വാക്കിലൂടെ വൈലോപ്പിള്ളിയുടെ കുടിയൊഴിയ്ക്കല്‍ ഒഴുകിവരും:

ആണ്മ തേടിന മുണ്ടകന്‍ പാടത്താണ്മെരുവിനാല്‍ വാസനിക്കുമ്പോള്‍
വേനലിന്‍ മധുവാല്‍ ഹൃദയത്തിന്‍ തേനടകള്‍ നിറഞ്ഞുവിങ്ങുമ്പോള്‍
അന്നു കണ്ടു ഞാന്‍ ശ്യാമമാം ഗ്രാമമണ്ണു പെറ്റൊരപ്പെണ്‍കൊടിയാളെ.
പുന്നപൈനുകള്‍ പൂവിട്ട താരാച്ഛന്നമാകുമിടവഴിയൂടേ
ആടിനേകാന്‍ പടര്‍ന്ന പാല്‍ വള്ളി തേടി വൈലിതള്‍ ചൂടി നടക്കേ
കുങ്കുമപ്പൂവറുക്കുവാന്‍ താന്‍ താനെന്‍ കരളില്‍ കയറി നിന്നോളേ
ഞാനരുളിയോരാദ്യ സമ്മാനം മാനവാ‍യ്പ്പാല്‍ തിരസ്കരിച്ചാലും
പാതമണ്ണില്‍ തിരിച്ചറിഞ്ഞെന്റെ പാദമുദ്രയെപ്പാര്‍ത്തു നിന്നോളേ...

അതോര്‍മിപ്പിയ്ക്കുന്നതിനും നന്ദി രാജ്. നിനക്ക് നല്ലതു വരട്ടെ.

Thursday, February 21, 2008

എന്തിനായിരുന്നു ആ ചിറകുകള്‍?

പട്ടികളുടേയും പൂച്ചകളുടേയും മനുഷ്യരുടേയും ഗതികേട് മനസ്സിലാക്കാം, സ്വന്തമായി ദഹനേന്ദ്രിയങ്ങള്‍ ഉണ്ടെങ്കിലും അവയേയും പാരസൈറ്റുകള്‍ എന്നു വിളിയ്ക്കാം. എന്നാല്‍ എന്തിനാണ് ചിറകുള്ള പ്രാവുകളും മനുഷ്യര്‍ കൂട്ടമായി ജീവിക്കുന്ന സ്ഥലങ്ങളില്‍ മാത്രം വന്ന് താമസിക്കുന്നത്? വിശേഷിച്ചും നഗരങ്ങളില്‍ത്തന്നെ?

അവ കൂടുകൂട്ടുന്നതോ - ഗള്‍ഫിലെ കാര്യമാണെങ്കില്‍ എയര്‍ കണ്ടീഷണറുകളില്‍ മാത്രവും. ഓരോ രണ്ട് കെട്ടിടത്തിനുമിടയ്ക്കുള്ള കോണ്‍ക്രീറ്റിട്ട ഗ്യാപ്പുകളില്‍ പൊട്ടിത്തകര്‍ന്ന് ഉണങ്ങിപ്പിടിച്ച പ്രാവിന്‍ മുട്ടകളുടെ അവശിഷ്ടങ്ങള്‍. പഞ്ചഭൂതങ്ങളല്ല, രണ്ട്മൂലകങ്ങള്‍ എന്നു തന്നെ വ്യവച്ഛേദിയ്ക്കാവുന്ന വിധം ഫോസ്ഫറസിന്റേയും കാത്സിയത്തിന്റേയും വര്‍ണചിത്രങ്ങള്‍. വാട്ടര്‍ടാങ്കിലെ മുങ്ങിമരണങ്ങളോ?

എന്തിനാണ് മനുഷ്യര്‍ കൂട്ടമായി വന്ന് ജീവിക്കുന്ന ശപിയ്ക്കപ്പെട്ട നഗരങ്ങളില്‍ത്തന്നെ പ്രാവുകളും പൊറുക്കുന്നത്? കൂട്ടമായി പറന്നുയര്‍ന്ന് സുവനീര്‍ഷോപ്പുകളിലെ തിരിയുന്ന സ്റ്റാന്‍ഡിലെ പിക്ചര്‍ പോസ്റ്റ്കാര്‍ഡുകളില്‍ ഇടം പിടിയ്ക്കാനോ? തദ്ദേശീയരേക്കാള്‍ എല്ലാക്കാലത്തും ടൂറിസ്റ്റുകള്‍ എണ്ണത്തില്‍ കൂടുതലായ സ്പെയിനിന്റെ എല്ലാ ചിത്രങ്ങളിലും നിങ്ങള്‍ പറന്ന് പറന്ന് പോസു ചെയ്യുന്നതെന്ത്? നിങ്ങളുടെ മോഡലിംഗ് കൂലി എത്ര? ദില്ലിയില്‍ ആളുകള്‍ ഭിക്ഷയായി കൂമ്പാരമിട്ട് പോകുന്ന ഗോതമ്പുമണികള്‍ കൊത്തി പറന്നാല്‍ മതിയോ നിങ്ങള്‍ക്ക്? അവശേഷിക്കുന്ന ഏതെങ്കിലും കാടു നോക്കി പറക്കാന്‍ വയ്യായോ?

പ്രാവുകള്‍ പരസ്പരം കൊത്തിക്കൊത്തി കൊല്ലുന്നത് കണ്ടിരിയ്ക്കുന്നു. മനുഷ്യരും പ്രാവുകളും മാത്രമേ സ്വന്തം വര്‍ഗത്തില്‍പ്പെട്ടവരെ ഭക്ഷണത്തിനായല്ലാതെ കൊല്ലുന്നുള്ളു എന്ന് വായിച്ചിരിക്കുന്നു. ശരിയോ? ആ സാഹോദര്യമാണോ സമാധാനത്തിന്റെ സിംബലുകള്‍ എന്ന നിരര്‍ത്ഥമായ ഉപമയുടെ ഗര്‍ഭപാത്രം?

എന്തിനാണ് മനുഷ്യര്‍ കൂട്ടമായി വന്ന് ജീവിക്കുന്ന ശപിയ്ക്കപ്പെട്ട നഗരങ്ങളില്‍ത്തന്നെ കൂട്ടംകൂട്ടമായി പ്രാവുകളും പൊറുക്കുന്നത്?

Wednesday, February 20, 2008

ഗള്‍ഫ് എവിടെയാണ്?


“ഗള്‍ഫ് ഒരന്യഗ്രഹമാണെന്ന് എനിയ്ക്ക് തോന്നുന്നില്ല“ - കഴിഞ്ഞൊരു പോസ്റ്റിന് നൊമാദ് ഇട്ട ഒരു കമന്റ് ഇങ്ങനെയാണ് തുടങ്ങുന്നത്.

ശരിയാണ് ചങ്ങാതീ, ഗള്‍ഫ് ഭൂമിയില്‍ തന്നെയാണ്. വേറെയേതോ സൌരയൂഥത്തിന്റെ ഭൂമിയില്‍.

കണ്ണൂര്‍, വിയ്യൂര്‍, പൂജപ്പുര എന്നിവിടങ്ങളിലുള്ളതിനേക്കാള്‍ മലയാളികളുണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍. മാത്രമോ, കടച്ചക്ക, പയറ്റുമത്തി, മഹിളാരത്നം, ദശമൂലാരിഷ്ടം, വഷളന്‍, ഭ്രാന്ത്, ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ, ഓസിയാറിന്റെ കുണ്ടങ്കുപ്പി, ഉജാല... എല്ലാം ഇവിടെയും കിട്ടും. ശരിയാണ്, ഗള്‍ഫ് ഭൂമിയില്‍ തന്നെയാണ്.
Related Posts with Thumbnails