
ചില ചെറിയ ഞെട്ടലുകള്‍ ജീവിതത്തെ രസകരമാക്കുന്നു. കഴിഞ്ഞ ദിവസം ഒന്ന് ചെറുതായി ഞെട്ടി(ല്ലാ വട്ടയില). മലയാളത്തില്‍ സെര്‍ച്ച് ചെയ്യാമെന്ന കാര്യം കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ബ്ലോഗുന്ന നമ്മുടെ
ഒന്നാന്തരം കവി ഉമ്പാച്ചിക്ക് അറിയില്ല പോലും. ഇങ്ങനെയാണെങ്കില്‍ ഇത് പലര്‍ക്കും അറിയാന്‍ സാധ്യതയില്ലല്ലോ എന്നോര്‍ത്താണ് ഈ പോസ്റ്റ്. അറിഞ്ഞ് മടുത്തവര്‍ക്ക് വാ പൊത്താതെയും ചിരിക്കാം. ഇതിനാണ് ടേക്കണ്‍ ഫോര്‍ ഗ്രാന്റഡ് എന്നു പറയുന്നത്. ഇത് എന്ന് മുതലാണ് നടപ്പായത് എന്ന് അറിയാമ്മേല. എന്തായാലും ഫൂമിയിലെ പ്രധാന പാതാളക്കരണ്ടികളായ (സെര്‍ച്ച് ഇഞ്ചിപ്പെണ്ണിന്റെ മലയാളമാണ് പാതാളക്കരണ്ടി. കിണറുകള്‍ ഞങ്ങള്‍ക്ക് പണ്ടേ പരിചിതമായതുകൊണ്ട് സെര്‍ച്ച് ഇഞ്ചിനീരും സായിപ്പിനേക്കാട്ടും മുമ്പേ അറിയാം) ഗൂഗ്ളിലും എമ്മെസ്സെന്നിലും യാഹുവിലും മലയാളത്തില്‍ സെര്‍ച്ച് ചെയ്യാം. ഇത് വായിക്കുന്ന ഒച്ച് പത്രക്കാരുണ്ടെങ്കില്‍ (സ്നെയില്‍ മെയില്‍ പോലത്തെ ഏര്‍പ്പാടാ ഈ അച്ചടിപ്പത്രമാസികാ പ്രസിദ്ധീകരണം. 24 മണിക്കൂറെങ്കിലും ഗ്യാപ്പ് കാണും. മഷിയും മുളയും മെനക്കെടീലും അസാരം വേണം താനും)... ഉണ്ടെങ്കില്‍ ‘മലയാളത്തില്‍ സെര്‍ച്ച് ചെയ്യാം’ എന്ന ഈ വാര്‍ത്ത ഒന്ന് കൊടുക്കണെ (
ഫയര്‍ ഐറ്റമാണെങ്കില്‍ കമന്റ് ബോക്സ് വരെ ചിത്രമാക്കി കൊടുക്കത്തില്ലേ. ഇത് ജനോപകാരപ്രദം).
അതല്ല രസം. ചില സെര്‍ച്ചുകളില്‍ ഇംഗ്ലീഷ് സെര്‍ച്ചിംഗിനെ മലയാളം സെര്‍ച്ചിംഗ് പിന്തള്ളിയിരിക്കുന്നു. ഉദാഹരണത്തിന് 'malayalam' എന്ന വാക്ക് ഇംഗ്ലീഷിലടിച്ച് സെര്‍ച്ച് ചെയ്യുമ്പോ ഗൂഗ് ളില്‍ 1.2 കോടി (12 മില്യന്‍) ഫൈന്‍ഡുകളാണ് വരുന്നത്. ‘മലയാളം’ എന്ന് യൂണികോഡ് മലയാളത്തിലടിച്ച് നോക്കുമ്പോള്‍ 1.9 കോടിയും (19 മില്യന്‍). മാതൃഭൂമി യൂണികോഡിലായെന്ന് കേട്ടു. എന്നിട്ടും മലയാളത്തില്‍ സെര്‍ച്ച് ലൈറ്റടിച്ച് നോക്കിയാലധികവും കിട്ടുന്നത് വിക്കിമലയാളത്തില്‍ നിന്നും ബ്ലോഗന്നൂരില്‍ നിന്നുമുള്ള ഫൈന്‍ഡുകള്‍. ഒച്ച് പത്രക്കാര് ഇവിടെ ശ്രദ്ധിക്കണം - മലയാളപത്രസൈറ്റുകളെല്ലാം യൂണികോഡാകുമെന്നാണ് പ്രവചനം - അല്ലെങ്കിലും ഭൂതകാലത്തെ വിലയിരുത്തുന്നതിനേക്കാള്‍ എളുപ്പമാണ് ഭാവിപ്രവചനം. (തൃശൂര്‍ എഡിഷന് ആദ്യം തുടങ്ങി ഗോളടിച്ച പോലെ ഇവിടെയും റോബിന്‍സണ്‍ റോട്ടിലെ മുത്തശ്ശി ഗോളടിച്ചു). പത്രങ്ങളെല്ലാം യൂണികോഡ് ആയാല്‍ അവയുടെ ആര്‍ക്കൈവ്സ് തപ്പാന്‍ ഒരു സെക്കന്റ് മതി - മലയാളത്തില്‍ സെര്‍ച്ച് ചെയ്താല്‍ മതി. അപ്പോഴേയ്ക്കും വിക്കിമലയാളവും വിക്കലെല്ലാം പിന്നിട്ട് മിടുക്കിയാവും. ലോകത്തിലെ ഒന്നാം ഭാഷ ചൈനീസ് ആവുന്ന സമീപഭാവിയില്‍ ഇന്റര്‍നെറ്റിലെ പതിമൂന്നാം ഭാഷയെങ്കിലും മലയാളമാവില്ലെന്നാരു കണ്ടു? ഒരു ഭാഷയുടെ പ്രാമാണ്യം നിശ്ചയിക്കുന്നത് അത് ഉപയോഗിക്കുന്നവരുടെ എണ്ണത്തേക്കാള്‍ അവരുടെ ആക്റ്റീവ് ഇടപെടലുകളുടെ ബാഹുല്യമായിരിക്കുമല്ലൊ!
ഉമ്പാച്ചിയേ, നിന്റെ അറിവുകേട് ഇക്കുറി ക്ഷമിച്ചിരിക്കുന്നു. മലബാറിന്റെ പിന്നോക്കാവസ്ഥ, സമുദായിക പിന്നോക്കാവസ്ഥ എന്നെല്ലാം പറഞ്ഞ് വന്നാ അത് നെറ്റില്‍ ഓടൂല. ഇവിടെ എല്ലാവനും ഈക്വല്‍. സമ്മാര്‍ മോര് ഈക്വല്‍ എന്ന തമാശയും ഇവിടെ വേവൂലാ. അല്ലെങ്കിലും അതൊക്കെ എന്തിന് പറയുന്നു - ഈ കവികളെ പറഞ്ഞാല്‍ മതിയല്ലൊ. ഒന്നിനും പ്രായോഗികബുദ്ധി തീരെയില്ല. ഇത്രയ്ക്കെങ്കിലുമൊക്കെയെത്തിയല്ലൊ എന്ന് സമാധാനി. (കവികള്‍ ജീവിതത്തില്‍ പരാജയപ്പെടുന്നു. ജീവിതത്തില്‍ പരാജയപ്പെടുന്നവരെല്ലാം കവികളാവുന്നില്ല സര്). എമ്മെസ്സെനില്‍ പോയി ‘ഉമ്പാച്ചി’ എന്നൊന്ന് സെര്‍ച്ചി നോക്കിയാട്ടെ - 66 ഉമ്പാച്ചിയാ വരുന്നത്. നല്ല പെടയ്ക്കണ ഐക്കൂറേന്റെ ശേല്ക്ക്! ഉമ്മ വെച്ച പത്തിരി തിന്നണംന്ന് വെച്ചാ നീ ദുബായിലായിപ്പോയതോണ്ട് അത് ഇന്ന് നടപ്പില്ലെങ്കി എന്തിന് വെഷമിക്കണം - ആ 66 ഐക്കൂറേനേം മുയ്മന്‍ നീ വറുത്തു തിന്നോ. ഞങ്ങ കൊച്ചിക്കാര് ‘നെയ്മീന്’ എന്ന് ഗൂഗ് ളില്‍ വല വിരിച്ചപ്പൊ ദേ കെടക്കണ് 136 എണ്ണം. അപ്പ ആരാ ജയ്ച്ചത്? മുകളില്‍ വലതുവശത്ത് സര്‍വേ ഓപ്ഷന്‍സ്. നിങ്ങളുടെ വോട്ട് ചെയ്തിട്ട് പോകുമല്ലൊ.
(PS: പുട്ടിന് (ഓഹ്, വ്ലാഡിമറല്ല) കടല അനിവാര്യം, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് ഓഗസ്റ്റ് 15-നാണല്ലൊ, ചത്ത കുതിര ഓടുന്നില്ല... തുടങ്ങിയ എല്ലാര്ക്കും അറിയുന്ന കാര്യങ്ങള്‍ പറയുകയോ എഴുതുകയോ ചെയ്യരുത് എന്ന ഭരതന്‍സാറിന്റെ ഉപദേശമോര്‍ത്തിട്ടാണ് തലക്കെട്ടിലെ ബ്രാ-ക്കെട്ട്)