Sunday, January 13, 2008

എല്ലാ പെണ്‍ചിലന്തികളുടേയും പ്രണയം



പഴയ പാട്ടുകള്‍ മാത്രമാണ് നല്ലത് എന്ന് കരുതുന്നവരുണ്ട്. അവരെ ചികിത്സിച്ച് ഭേദമാക്കാം. പോപ്പ് മ്യൂസിക് എന്നാല്‍ വെറും ശബ്ദഘോഷം മാത്രമാണെന്ന് വിമര്‍ശിക്കുന്നവരുണ്ട്. അവരുടെ കര്‍ണമലം കളയാന്‍ ദൈവം ഒരു കാക്കത്തൂവല്‍ പൊഴിച്ചു കൊടുക്കട്ടെ എന്ന് പ്രാത്ഥിക്കാം.

ബിബിസി റേഡിയോയുടെ ഒരു ഇന്റര്‍വ്യൂവിലൂടെ പരിചയപ്പെട്ട കാത്തീ മെലുവയുടെ ഇഫ് യു വേര്‍ എ സെയില്‍ബോട്ട് എന്ന പുതുപുത്തന്‍ പാട്ടു കേട്ടപ്പോള്‍ ഇത്രയും കുറിക്കാന്‍ തോന്നി. ഇക്കഴിഞ്ഞ സെപ്തംബറിലാണ് ഈ പാട്ട് പുറത്തിറങ്ങിയത്. അമേരിക്കന്‍ ചെറുകഥകളോടുള്ള ആഭിമുഖ്യം കാരണമാവാം മഞ്ഞ് എന്ന നോവെല്ലയിലെ ഏറ്റവും നിര്‍ണായക മുഹൂര്‍ത്തത്തില്‍ പട്ടുപോലെ മിനുത്തത് എന്നുപമിച്ച് അന്നത്തെ അമേരിക്കന്‍ ലെജണ്ടായിരുന്ന പോള്‍ അങ്കയുടെ ശബ്ദത്തെ എംടി പശ്ചാത്തലമാക്കുന്നു. അദ്ദേഹമിപ്പോള്‍ മെലുവയുടെ ശബ്ദം കേട്ടെങ്കിലെന്ന് ഞാന്‍ കൊതിച്ചുപോവുന്നു.

ആദ്യശ്രവണത്തില്‍ത്തന്നെ ശബ്ദവും ആലാപനശൈലിയും വശീകരിച്ചെങ്കിലും ലിറിക്സില്‍ ഒരു പൈങ്കിളി, വെല്ലവും പാല്‍ക്കുഴമ്പും കഴിച്ച് കുഴയുന്നോ എന്ന് തോന്നി. ഇല്ല, അല്ലെങ്കില്‍

sometimes i believe in fate,
but chances we create,
always seem to ring more true.
you took a chance on loving me,
i took a chance on loving you എന്ന വരികള്‍ നോക്കൂ. വിധി എന്നത് നമ്മളുണ്ടാക്കുന്ന അവസരങ്ങളുടെ ആകത്തുകയാണെന്ന ദര്‍ശനത്തെ ഒരു മധുരമാദകശബ്ദം ഗാനമായി പകര്‍ന്നു തരുമ്പോള്‍ ഉന്മാദം പിടിപെടാതെങ്ങനെ?

നീയൊരു മരക്കഷണമായിരുന്നെങ്കില്‍ നിന്നെ ഞാന്‍ തറയില്‍ ആണിയടിച്ച് ഉറപ്പിച്ചേനെ എന്നു പാടുന്ന വരികളില്‍ എല്ലാ പെണ്‍ചിലന്തികളുടേയും പ്രണയം ഇറ്റുവീഴുന്നു. ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

7 comments:

Rammohan Paliyath said...

ഇസബെല്ലയിലെ നേരം മങ്ങിയ നേരം, സൈമേട്ടന്‍ & ഗാര്‍ഫുങ്കലേട്ടന്റെ നൈറ്റ് സെറ്റ് സോഫ്റ്റ്ലി (ഡാങ്ക്ലിംഗ് കോണ്വസേഷന്‍) എന്നീ ഈണങ്ങളുടെ ഓര്‍മയ്ക്ക്.

വെള്ളെഴുത്ത് said...

പേരിലും ശബ്ദത്തിലുമുള്ള മെലുവയല്ല, രൂപത്തിലെ അലുവയാണ് നെഞ്ചില്‍ കൊള്ളുന്നത്. ചില പാട്ടുകള്‍ കേട്ടുതിരിഞ്ഞാല്‍ പോര, പറഞ്ഞുതന്നെ തിരിയണം..അപ്പോഴാണ് ഒന്നുകൂടി കേട്ട് കണ്ണടച്ച് പിന്നിലേയ്ക്ക് ചായണം എന്നു തോന്നുന്നത്..‘ഇസബെല്ല’കടല്‍ത്തീരത്തെവിടെയോ ഉള്ള ബാറാണെങ്കില്‍.. എനിക്കു ബോധം മറഞ്ഞിരിക്കുന്നു.. ദേ ജാവൂ....

എതിരന്‍ കതിരവന്‍ said...

ആരാണ്ട് ഈയിടെ പറഞ്ഞ പോലെ ലിറിക്സിലാണല്ലൊ കാര്യമൊക്കെ. നല്ല ശാരീരം ഉള്ള ഈ പെണ്‍കുട്ടി അത്ര വല്ല്യ റേഞ്ച് ഒന്നും പ്രകടമാക്കുന്നില്ല. വേറേ വല്ലതും പാടിയിട്ടുണ്ടോ ഈ പൈങ്കിളിക്കുട്ടി?

ഗുപ്തന്‍ said...

The award for the best transl. of the year goes to......, for transl. the linese "If you were a piece of wood I'd nail you to the floor."

നമിച്ചു മാഷേ....

എതിരന്‍ കതിരവന്‍ said...

അലുവക്കഷണത്തിന്റെ മറ്റു പാട്ടുകള്‍ കേട്ടു. Spider's web, I cried for you ഇവ രണ്ടും കഴിവുകള്‍ പ്രകടമാക്കുന്നവയാണ്. വിവരമുള്ള ആരോ ആണ് കൊച്ചിനു വീഡിയോ ഉണ്ടാക്കിക്കൊടുക്കുന്നത്.

Latheesh Mohan said...

ഈ പോസ്റ്റിന്റെ ഉദ്ദേശം എനിക്കു മനസ്സിലായില്ല രാം മോഹന്‍..മലയാളികള്‍ക്കിടയില്‍ മോഹന്‍ലാല്‍ എന്ന പോലെ പ്രശസ്തയാണ് യൂറോപ്പില്‍ ക്യാറ്റി. ബെസ്റ്റ് സെല്ലിം ഫീമെയില്‍ സിംഗര്‍.

ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമെന്ത്?

Rammohan Paliyath said...

ലതീഷ്, നമ്മള്‍ മലയാളികള്‍ അധികവും മസാലദോശയുടെ തടവുകാരാണ്. മറുനാട്ടില്‍ ജീവിച്ചാലും മറുനാടന്‍ ഭക്ഷണം ട്രൈ പോലും ചെയ്യില്ല,പിന്നെ വേണ്ടേ ശീലമാക്കാന്‍. എതിരന്‍ കതിരവന്‍ അമേരിക്കയിലാണെന്നാണ് എന്റെ അറിവ്. എന്നിട്ടും കണ്ടൊ പുള്ളിക്കാരനും ദുബായിക്കാരനായ എനിക്കും പരിചയമില്ലായിരുന്നു കാത്തിയെ. ഞങ്ങളെപ്പോലുള്ള മല്ലൂസിനെ ഉദ്ദേശിച്ചായിരുന്നു ഈ പരിചയപ്പെടുത്തല്‍.

അലുവയിലൊന്നും കണ്ണുടക്കിയില്ല. ടീനാ ടേണറോളം വരുമോ ഉപ്പിലിട്ടത്?

Related Posts with Thumbnails