Monday, February 4, 2008

സബ്മറൈനുകള്‍ക്ക് മാത്രമോ സിഗ്നേചര്‍?


ആളുകള്‍ മാത്രമല്ല ജീവിതത്തില്‍ വന്നുപോകുന്നത്. നമ്മുടേതെന്ന്, എന്നും നമ്മുടേതെന്ന് വ്യാമോഹിച്ച് എടുത്തണിഞ്ഞിരുന്ന ഷര്‍ട്ടുകള്‍, പാന്റുകള്‍, മുണ്ടുകള്‍, അടിവസ്ത്രങ്ങള്‍, ചെരിപ്പുകള്‍, പാത്രങ്ങള്‍, വീടുകള്‍, ഫര്‍ണിച്ചറുകള്‍, കിടയ്ക്കവിരികള്‍, കര്‍ട്ടനുകള്‍, വാഹനങ്ങള്‍... അങ്ങനെ എന്തെല്ലാം വന്നുപോകുന്നു. ഓര്‍മയുണ്ടോ നിക്കറില്‍ നിന്ന് വലുതായപ്പോള്‍ ആ‍ദ്യമുടുത്ത മുണ്ട്? പഴകിയിട്ടും മാറ്റാന്‍ പറ്റാതെ പിഞ്ഞിപ്പോയ ഒരണ്ടര്‍വെയര്‍? ഓരോ കാലത്തുമിട്ട ചെരിപ്പുകള്‍? ചില ഷര്‍ട്ടുകളെയോര്‍ക്കുമ്പോള്‍ ചില കാലം ഓര്‍മ വരും. ചില കാലങ്ങളെ ഓര്‍ക്കുമ്പോള്‍ ചില ഉടുപ്പുകളെ ഓര്‍മ വരും. കുട്ടിക്കാലത്ത് എന്നും ഊണു കഴിച്ചിരുന്ന ഒരു പ്ലേറ്റുണ്ടായിരുന്നു. പഴകി കുത്തുകള്‍ വീണിട്ടും, പുതിയത് കിട്ടിയിട്ടും, അത് മാറ്റാന്‍ മടിയായിരുന്നു. കോളേജില്‍ പോയി വന്നിരുന്ന ബസ്സിന്റെ മുഖഛായ ചിലപ്പോള്‍ ആദ്യമായി പല്ലുപോയ കുട്ടിയുടെ നാണം കാട്ടും - ഫ്രണ്ടിലെ ആ അടപ്പ് ഊരിവെച്ച് വരുമ്പോള്‍. ചില ചെരിവുകള്‍ ചെരിയുമ്പോള്‍ എല്ലാ ബസ്സുകളുടെയും പിന്‍ഭാഗചലനങ്ങള്‍ക്ക് മനുഷ്യരുടേതുപോലെ എന്തൊരു വ്യതിരിക്തത. ഓരോ അന്തര്‍വാഹിനിക്കും ഓരോ ഒപ്പുശബ്ദം (സിഗ്നേചര്‍) ഉണ്ടെന്നറിഞ്ഞത് പിന്നീട് എത്രയോ കഴിഞ്ഞ്.

തിരിഞ്ഞുനോക്കുമ്പോള്‍, ഒരിക്കല്‍ കോടിമണവും മനസ്സു നിറയെ സന്തോഷവും തന്നിരുന്ന ആ ഓരോ പുതിയ ഷര്‍ട്ടും എവിടെ? എവിടെ? ആ ഒന്നാം പാഠം എടുത്തുവെയ്ക്കാമായിരുന്നുവെന്ന് തോന്നും. ഒന്നാം പാഠം മാത്രമല്ല സ്ക്കൂളില്‍ പഠിച്ച എല്ല ടെക്സ്റ്റ്ബുക്കുകളും. വിശേഷിച്ചും മലയാളം പുസ്തകങ്ങള്‍. ഇത് പോയകാലമോര്‍ത്തുള്ള സെന്റിമെന്റ്സിനപ്പുറത്തേയ്ക്ക് വളരുന്ന എന്തോ ഒന്നാണെന്ന് തോന്നും ചിലപ്പോള്‍. അതുകൊണ്ട് കഴിഞ്ഞ ദിവസം പഴയ മൌസ് മാറ്റിയപ്പോള്‍ അതിനെ ഒരു അന്ത്യചുംബനം കൊടുത്താണ് യാത്രയാക്കിയത്. ഇനി അതിനെ കാണുകയില്ല. അഞ്ചെട്ട് കൊല്ലം മുമ്പ് അലൂമിനിയം കളറില്‍, വഞ്ചിയുടെ ഷേപ്പില്‍ ഒരു അല്‍കാട്ടെല്‍ മൊബൈലുണ്ടായിരുന്നു - ആദ്യത്തെ മൊബൈല്‍ ഫോണ്‍. എന്തൊക്കെയായിരുന്നു അത് തന്ന വാര്‍ത്തകള്‍? എന്തെല്ലാം അതിലൂടെ പറഞ്ഞു? അന്നുണ്ടായിരുന്ന ഷൂസുമിട്ട് എവിടെയെല്ലാം പോയി? ഷൂസേ, മറ്റെന്തെങ്കിലുമായോ നീയിപ്പോള്‍? എന്നെ, എന്റെ കാലിന്റെ ചൂടിനെ ഓര്‍മയുണ്ടോ നിനക്ക്? ചില വീടുകള്‍ ഭാഗ്യമായിരുന്നെന്നോ? ചിലതിന് വര്‍ക്കത്തില്ലാഞ്ഞോ? എന്നാലും മറക്കാന്‍ പറ്റുമോ?

14 comments:

കണ്ണൂരാന്‍ - KANNURAN said...

എല്ലാം, എല്ലാം എന്നെങ്കിലുമായി ഒഴിവാക്കേണ്ടതല്ലെ, ഈ ദേഹമടക്കം!!!!!!! ചിന്തിപ്പിച്ചതിനു നന്ദി.

Anonymous said...

ഒന്നും മറക്കാന്‍ പറ്റില്ല, ആളുകളെയും, ചെരുപ്പുകളെയും, പത്താംക്ലാസ്സില്‍ അവസാനത്തെ ദിവസമിട്ട പട്ടുപാവാടയും, ഒന്നും മറക്കാന്‍ പറ്റുന്നില്ലല്ലൊ,

സു | Su said...

ഒന്നും മറക്കാന്‍ പറ്റില്ല. ഉപേക്ഷിക്കാനും. ചെരുപ്പുകള്‍, വസ്ത്രങ്ങള്‍, മറ്റുവസ്തുക്കള്‍, പഴയതാവുമ്പോള്‍ കൊടുക്കുമ്പോള്‍ ആലോചിക്കാറുണ്ട്. ഇനിയെത്തിച്ചേരുന്നിടത്ത് എന്തായിരിക്കും പ്രതികരണം? ഉപേക്ഷിക്കാന്‍ മടിച്ച് ഇവിടെക്കിടക്കുന്ന വസ്തുക്കള്‍ കുറേയുണ്ട്. പിന്നെയാകെയുള്ളൊരു ആശ്വാസം ഉപയോഗിക്കാതെ നമ്മള്‍ വയ്ക്കുന്നതിലും നല്ലത്, ഉപകാരപ്പെട്ടേക്കാവുന്ന ആര്‍ക്കെങ്കിലും കൊടുക്കുന്നതാണെന്ന് ഓര്‍ക്കുന്നതാണ്. വീട്ടില്‍പ്പോയാല്‍ ഇപ്പോഴുമുണ്ട് ചില വസ്തുക്കള്‍. ഓരോ യാത്രയിലും അതൊക്കെയെടുത്തുനോക്കി ഓര്‍മ്മപുതുക്കി വരാറുണ്ട്. വന്നുപോകുമെന്നറിഞ്ഞിട്ടും സ്വന്തമാക്കി വയ്ക്കാന്‍ കൊതിക്കുന്ന ചിലതുണ്ട്. അതിനൊക്കെ ഓരോ ഒപ്പുശബ്ദവും ഉണ്ടാവും അല്ലേ?

കടവന്‍ said...

ഇന്നു വായിച്ച ബ്ലോഗുകളില്‍ ഇഷ്ടപ്പെട്ടത്‌....എന്തു നല്ല ഭാഷ...ഒരുപാട്‌ നന്ദി എന്നെ സന്തോഷിപ്പിച്ചതിനു....

simy nazareth said...

വെറുതേ മനുഷ്യനെ നൊസ്റ്റാള്‍ജിക്ക് ആക്കാതെ മാഷേ

prasanth kalathil said...

ഇടങ്ങള്‍ക്കുമില്ലെ സിഗ്നേച്ചര്‍, അത് വേറൊരു പേര്‍സ്പെക്റ്റീവ് ആവുമെങ്കിലും ? പലപ്പോഴും താമസിച്ചിട്ടുള്ള വാടകയിടങ്ങള്‍, ഹോട്ടല്‍ മുറികള്‍, വീടുകള്‍... ഉപയോഗിച്ച വസ്തുക്കള്‍ പോലെതന്നെ നമ്മള്‍ അവയെയും ഉപേക്ഷിച്ച് പോവുന്നുവല്ലൊ.
(‘വാടകവീടുമായ് ഏതു ജന്മാന്തര വാസനാ ബന്ധങ്ങളെന്നോ....’: ഓയെന്‍വി)

അഭയാര്‍ത്ഥി said...

ആമരം ആമരം ഇന്നു കാണുമ്പോഴും
കോള്‍മയിര്‍ കൊള്ളുന്നിതെന്‍....

അന്നത്തെ നക്ഷത്രമന്നത്തെ സന്ധ്യയു
മന്നത്തെ മന്ദസമീരനും വേറെയാം
...
പ്രേമത്തിനാല്‍ ഞാന്‍ അടിമയെന്നിങ്ങനെ
തൂമധുസ്യന്ദം നുകര്‍ന്നു ഞാന്‍ നിന്നൊരു
ശ്രീമന്നിശാമുഖം മാത്രം വിഭിന്നമാം
.....
പ്രേമ മഹാ ജൈത്ര യാത്രയും നില്‍ക്കണം
ചുടലപ്പറമ്പില്‍ മൃതിരാജ്യസീമയില്‍.
....

ക്ഷണഭ്ംഗുരമായി ദലങ്ങളുതിര്‍ന്നു പോയ
രാഗത്തെക്കുറിച്ച്‌ ജി എഴുതിയ കവിതയോര്‍ക്കുന്നു.
വേഗം സുഭഗ ദലങ്ങളൂതിര്‍ന്നുപോകുന്ന റോസാ ദലം
പോലെ പിന്നെ അത്‌ മൂള്ളുകൊണ്ട്‌ നമ്മെ കുത്തുന്നു...

ഭീത്തേ ഹുവെ ലം ക്കാ കസക്ക്‌ സാത്ത്‌ തൊ ഹോഗാ .


സിന്ദഗി ഏക്‌ സഫര്‍
ഏക്‌ സുഹാന....യഹാം കല്‍ ക്യാഹോ കിസ്നെ ജാനാ .

എന്തൊരു വരികളാ മാഷെ ഇത്‌ .
അനര്‍ഗ്ഗള നിര്‍ഗ്ഗള പദപ്രവാഹം എന്നെ ആനദം കൊള്ളിക്കുന്നു.
ഞാന്‍ സ്വയം വിസ്മൃതനാകുന്നു.

reshma said...

കടിഞ്ഞൂല്‍ കല്യാണത്തിലെ ഉര്‍വശിയെ ഓര്‍മ്മയില്ലേ? ആദ്യത്തെ ബ്രഷ്, ആദ്യമായി മാവിലെറിഞ്ഞ കല്ല്...പെട്ടിയിലല്ലാ‍തെയും ഇതൊക്കെ പെറുക്കികൂട്ടി നടക്കുന്ന മനുഷ്യരും.

തറവാടി said...

സത്യം!

വെള്ളെഴുത്ത് said...

ഈ തരം വസ്തുപ്രേമത്തെയല്ലേ ഫെറ്റിഷിസമെന്നൊ മറ്റോ വിളിക്കുന്നത്? അത്ര നല്ലതല്ല എന്ന് ആദ്ധ്യാത്മികം പറയുന്ന ഒരു സംഗതി കിടന്നു കറങ്ങുന്നുണ്ട് ഈ ‘മമതാ’ബോധത്തില്‍. ഒരു വിട്ടുകൊടുക്കാന്‍ പാടില്ലായ്ക! എന്നാല്‍ അതല്ല പാഠപുസ്തകപ്രേമത്തിന്റെ സ്ഥിതി എന്നു തോന്നുന്നു. അതു വ്യത്യസ്തമായ സംഗതിയാണ്. അതുപോലെ അഭയാര്‍ത്ഥി എടുത്തെഴുതിയ വകകളും.. വസ്തു പ്രേമങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്ന എന്തോ ഒന്ന് അവയ്ക്കൂണ്ട്, ആകാശത്തില്‍ ഓട്ടവീഴ്തിക്കൊണ്ടു മുറിഞ്ഞുപോയ ഒരു മരം..
“ കൂട്ടുകാരാ അന്ന് നമ്മള്‍ ഓടിക്കളിച്ച പള്ളിക്കൂടമുറ്റത്തെ മണ്ണു തന്നെയല്ലേ ഇന്നും? തട്ടി വീണു മുറിഞ്ഞപ്പോള്‍ ഒഴുകിയ ചോര തന്നെയല്ലേ ശരീരത്തിലിന്നും... “അങ്ങനെ ചോദിക്കുന്ന ഒരു ഗസലില്ലേ

Rammohan Paliyath said...

അടിവസ്ത്രശേഖരണത്തിന് വേറെന്തോ പേരു പറയും. ആരാധനയൊന്നും ഞാന്‍ ഉദ്ദേശിച്ചില്ല. ഓരോന്നിനും ഒരു ക്യാരക്ടര്‍ ഉണ്ടാവാമെന്ന് ശങ്കിച്ചു. ഇനി വെള്ള പറഞ്ഞത് തമാശയല്ലല്ലോ അല്ലേ?

മനുഷ്യമ്മാരോടും വളര്‍ത്തുമൃഗങ്ങളോടും ചില പേനകളോടും മറ്റും തോന്നുന്ന പോലത്തെ അറ്റാച്ച്മെന്റൊക്കെ വസ്തുക്കളോടും തോന്നാവുന്നതാണ്.

വിശാഖ് ശങ്കര്‍ said...

മറവി മനസ്സിന്റെ നിസ്സഹായതയെയും മനുഷ്യന്റെ ഏകാധിപത്യത്തെയും ഓര്‍മ്മിപ്പിക്കൂന്നു.

ഈ നല്ല പോസ്റ്റിനു നന്ദി..

simy nazareth said...

വെള്ളെഴുത്തേ, അചര വസ്തുക്കള്‍ക്ക് എന്തെങ്കിലും ദൈവീ‍കമോ അസാധാരണമോ ആയ ശക്തി കല്പിച്ചു കൊടുക്കുന്നതാണ് ഫെറ്റിഷിസം. ഇവിടെ ഓട്ടയുള്ള അണ്ടര്‍വെയറിനു മാസ്മരിക ശക്തിയൊന്നും കല്പിച്ചുകൊടുത്തില്ലല്ലോ :-).

ഫസല്‍ ബിനാലി.. said...

വായിച്ചു കഴിഞ്ഞതിനു ശേഷം ചിന്തിക്കാനേറെ...
ആശംസകള്‍

Related Posts with Thumbnails