Saturday, October 25, 2008

വന്ദനം


ഇന്നലെ രാവിലെ എം. ജി. റോഡ് മുറിച്ചു കടക്കാന്‍ നില്‍ക്കുകയായിരുന്നു ഞാന്‍. രാവിലത്തെ തിരക്ക് അറിയാമല്ലൊ - ഒരു പതിനഞ്ച് മിനിറ്റെങ്കിലും അങ്ങനെ നിന്നു കാണും - ഒരു രക്ഷയുമില്ല. വാഹനങ്ങളങ്ങനെ അണ മുറിയാതെ വന്നുകൊണ്ടിരിക്കയല്ലെ!

പെട്ടെന്ന് ഞാനൊരു ഞെട്ടിപ്പിക്കുന്ന സുന്ദരദൃശ്യം കണ്ടു. ഒരു തേരട്ട അപ്പുറത്തെ സൈഡില്‍ നിന്ന് മെല്ലെ ഇഴഞ്ഞ് റോഡ് മുറിച്ചു കടക്കാന്‍ തുടങ്ങുന്നു. അയ്യോ, ഞാന്‍ കണ്ണു പൊത്തി. കണ്ണു തുറന്നപ്പോളോ - ഇല്ല, ഒന്നും സംഭവിച്ചിട്ടില്ല, അതിങ്ങോട്ട് വന്നു കൊണ്ടിരിക്കയാണ്. ഏതൊക്കെയോ കുരുട്ടു ഭാഗ്യങ്ങള്‍ കൊണ്ട് അതങ്ങനെ വന്നു കൊണ്ടിരിക്കുന്നു. ചുവന്ന പെയിന്റടിച്ച മൂന്നാല് പ്രൈവറ്റ് ബസ്സുകൾ, എണ്ണിയാലൊടുങ്ങാത്ത ഓട്ടോറിക്ഷകൾ, എത്രയോ സൈക്കിളുകൾ, മോട്ടോർ ബൈക്കുകൾ... അതൊന്നും അറിയാതെ, എന്നുവെച്ചാൽ അതുങ്ങളുടെ ചക്രങ്ങളിലൊന്നും പെട്ട് അരയാതെ ആ തേരട്ട അതാ മീഡിയനും മുറിച്ച് കടക്കുന്നു.

പിന്നെ ഇപ്പുറത്തെ വൺ വേ റോഡായി. ഇല്ല, അതിനൊന്നും പറ്റിയിട്ടില്ല. ഒരു ലോറി അതിനെ തൊട്ട് തൊടാതെ കടന്നു പോയി. അതാ വരുന്നു കരഞ്ഞുവിളിച്ചുകൊണ്ട് ഒരാംബുലൻസ്. പിന്നാലെ ഒരു പോലീസ് ജീപ്പ്, അതിനും പിന്നാലെ കൊടിവെച്ച കാറിൽ - ആരാ മന്ത്രിയോ മേയറോ - ആരാണാവോ, പിന്നെയും ബസ്സുകൾ, ഓട്ടോറിക്ഷകൾ... ഇല്ല ഒരു വാഹനത്തിന്റെയും ടയർ അതിനെ തൊട്ടില്ല.

മറ്റാരും അതിനെ ശ്രദ്ധിക്കുന്നില്ലെന്നു തോന്നുന്നു. എന്തിൻ, ഞാനൊരാൾ പോരേ... ഞാനങ്ങനെ അന്തം വിട്ട് നിൽക്കുകയാൺ. ഞാനടക്കം ഒരുപാട് മനുഷ്യർ റോഡ് മുറിച്ചു കടക്കാൻ നിന്ന് പരാജയപ്പെട്ടിടത്ത് ഒരു തേരട്ട പുല്ലുപോലെ... ഹൊ, എനിക്കെന്റെ അത്ഭുതം ഒളിച്ചുവെയ്ക്കാൻ കഴിയില്ലെന്നു തോന്നി. തേരട്ടയോ, അത് മെല്ലെ ഇഴഞ്ഞ് ഞാൻ കാത്തുനിൽക്കുന്ന ഫുട്പാത്തിലേയ്ക്ക് കയറി.

പെട്ടെന്ന് തിരക്കിട്ട് നടന്നുപോയ ഒരാളുടെ ഷൂസിനടിയില്‍പ്പെട്ട്... പാവം തേരട്ട...

19 comments:

വിഷ്ണു പ്രസാദ് said...

എപ്പോഴാണ്
എന്താണ്
എങ്ങനെയാണ്
ഒന്നും പറയാന്‍ വയ്യാണ്ടായിരിക്ക്ണൂ... :)

[ nardnahc hsemus ] said...

വരാനുള്ളത് വഴിയില്‍ തങില്ലല്ലൊ!

അനോണി ആന്റണി said...

കടലും നീന്തി കായലും നീന്തി ആറും നീന്തി കുളവും നീന്തി തോടും നീന്തി കടന്നതായിരുന്നു. കൊല്ലായില്‍ മുങ്ങിമരിച്ചു പോയി, പാവം.

Artist B.Rajan said...

കൊള്ളാം

vadavosky said...

നീ ആളുകളെ മക്കാറാക്കല്ലെ.

കുട്ടനാടന്‍ said...

പെട്ടെന്ന് തിരക്കിട്ട് നടന്നുപോയ ഒരാളുടെ ഷൂസിനടിയില്‍പ്പെട്ട്...

അത്രയും യന്ത്രങ്ങൾ കാട്ടിയ ദയ പൊലുമില്ല്ല്ലോ ഒരു മനുഷ്യ ജീവിക്ക്...

ഒരു വിരൽ ചൂണ്ടൽ

Santhosh said...

Nammal road murichu kadakkumbol chaavunnu, theratta road murichu kadannu kazhiyumbol chaavunnu. Chaaval urappu.

simy nazareth said...

മാഷേ, ഈ കഥ മുന്‍പ് ഇ-മെയിലില്‍ അയച്ചുതന്നപ്പോള്‍ തന്നെ എന്നെ ആശയക്കുഴപ്പത്തിലാക്കി. മറുപടിക്കത്തില്‍ ആശങ്കകള്‍ എഴുതുന്നത് താങ്കളെ വിഷമിപ്പിക്കുമോ എന്നു കരുതി. എന്നാല്‍ പിന്നെ പൊതുമദ്ധ്യത്തില്‍ വെച്ച് വിഷമിപ്പിക്കാം എന്ന് വിചാരിക്കുന്നു.

ആശയക്കുഴപ്പം ഇതാണ്. കഥ പറയുന്നത് 1st person-ഇല്‍ ആണ്. എഴുത്തുകാരന്‍ 1st person-ല്‍ കഥ പറയുമ്പോള്‍ കഥയും എഴുത്തുകാരനുമായി എന്തെങ്കിലും ബന്ധം ഉണ്ടാവണമെന്നില്ല. മിക്ക അവസരങ്ങളിലും എഴുത്തുകാരന്റെ ഭാവനയെ കഥയിലൂടെ അവതരിപ്പിക്കുന്നത് കൂടുതല്‍ തീക്ഷ്ണമാക്കാന്‍, വായനക്കാരനുമായി നേരിട്ടു സംവദിക്കുന്ന പ്രതീതി ജനിപ്പിക്കാന്‍ - അങ്ങനെ അവതരിപ്പിക്കുന്നു എന്നേ ഉള്ളല്ലോ.

എന്നിരിക്കിലും - 1st person -ല്‍ എഴുതുന്ന ഒരാള്‍ എപ്പോഴും സ്വന്തം ഈഗോയെ കഥയിലും (അബോധപൂര്‍വ്വമായെങ്കിലും) സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്നു കാണാം. 1st person -ഇല്‍ എഴുതുമ്പോള്‍ - ആരും - “അങ്ങനെ ഞാന്‍ അവളുടെ തുണിപിടിച്ചൂരി, അങ്ങനെ ഞാന്‍ ആ ക്രൂരത ചെയ്തു, എന്നൊന്നും എഴുതാറില്ല. മിക്കപ്പൊഴും വായനക്കാരന്റെ സിമ്പതി 1st person കഥാപാത്രത്തോട് ആവും. (പത്മരാജന്റെ ചില കഥകള്‍ അപവാദമാണ്).

ഇത്രയും പറഞ്ഞുവന്നത് - നിങ്ങള്‍ റോഡ് ക്രോസ് ചെയ്യുന്നതുകണ്ട് അത്ഭുതപ്പെടുന്ന ആയിരം കാലുള്ള അട്ടയെ - ചവിട്ടിക്കൊല്ലാന്‍ മൂന്നാമതൊരാളുടെ ഷൂസ് എന്തിനു വേണ്ടിവന്നു? അപ്പോള്‍ ഓടിവന്ന ഒരു ബസ്സില്‍ ചാടിക്കയറുമ്പോള്‍ ആ അട്ട നിങ്ങളുടെ (1st person nte) ചെരുപ്പിനടിയില്‍ പറ്റിയിരിക്കാത്തതെന്ത്? അല്ലെങ്കില്‍ എനിക്ക് അട്ടയെ അറപ്പാണ് എന്നുപറഞ്ഞ് നിങ്ങള്‍ (1st person) കഥാന്ത്യത്തില്‍ അട്ടയെ ചവിട്ടിക്കൊല്ലാത്തതെന്ത്? എന്തിന് അട്ടയെക്കൊല്ലാനായി മൂന്നാമതൊരാളെ കഥയില്‍ കൊണ്ടുവന്നു.

ഞാന്‍ എന്ന് കഥയില്‍ അവതരിക്കുന്ന കഥാപാത്രത്തിനെ എന്നും വായനക്കാരന്റെ മുന്നില്‍ നല്ലവനായി അവതരിപ്പിക്കാന്‍ ഓരോ എഴുത്തുകാരനും ശ്രമിക്കുന്നില്ലേ? ക്രൂരനും ദുഷ്ടനും കണ്ണില്‍ ചോരയില്ലാത്തവനും എല്ലാം third person കഥാപാത്രങ്ങള്‍ ആവുന്നത് എന്തുകൊണ്ട്.

Rammohan Paliyath said...

“മുതലകളെ അവൻ അതിജീവിച്ചു. പല്ലികൾ വന്ന് അവനെ തിന്നു കളഞ്ഞു” ലോർക

Rammohan Paliyath said...

സിമി പറഞ്ഞത് തീർച്ചയായും പ്രസക്തമായ കാര്യമാൺ. ആലോചിച്ച് പിന്നെ എഴുതാം അതിനെപ്പറ്റി. പക്ഷേ അതിന്റെ പേർ എന്തായാലും ആശയക്കുഴപ്പം എന്നല്ല. വെറുതെ ആ‍ശയക്കുഴപ്പമുണ്ടാക്കല്ലെ. :-).

ആനക്കാര്യം: നാട്ടിലെന്ത് വിശേഷം? പ്രകാശനം എന്തായി? കാക്കനാടനെ കാണുമ്പോൾ കുഞ്ഞമ്മപ്പാലത്തിന്റെ ഒരാരാധകന്റെ അന്വേഷണം അറിയിക്കണേ.

അനോണി ആന്റണി said...

സിമീ,
ഒരാളെ "അനുഭവിപ്പിക്കാന്‍" സാധാരണഗതിയില്‍ ഏറ്റവും എളുപ്പം ചെയ്യാവുന്നത് സ്വയം കണ്ട്, തൊട്ട്, അറിഞ്ഞ് അനുഭവിക്കുക എന്നതാണ്‌. കഥകള്‍ ഉണ്ടാക്കുന്ന പ്രോസസും ഏറ്റവും എളുപ്പം ആദ്യം അത് സ്വയം അനുഭവിക്കുക എന്നതല്ലേ? (ചുമ്മ ചോദിച്ചതാണ്‌, കാഥികനല്ല കലാകാരനല്ല ഞാന്‍...)

കഥകളില്‍ എഴുത്തുകാരന്‍ സാക്ഷിയോ അനുഭവിച്ചവനോ ആയിപ്പോകുന്നത് അതുകൊണ്ടാണ്‌. വില്ലന്‍ ഞാനാകാന്‍ ഉള്ളതിനെക്കാള്‍ വലിയ ബുദ്ധിമുട്ടാണ്‌ വീരനായകന്‍ ഞാനാകുന്നത്. പയ്യന്‍ കഥകളിലെ ഒരു വരി ഒന്നു ഫസ്റ്റ് പേര്‍സനില്‍ മാറ്റിയെഴുതി നോക്കൂ.

സത്യമായും ഞാന്‍ മൂന്നു ചക്ക മുള്ളോടെ വിഴുങ്ങിയിട്ടുണ്ട്. അത് നാലാളോട് പറയണമെങ്കില്‍ തെക്കേതിലെ ദിവാകരന്‍ അഞ്ചെട്ടു ചക്ക വിഴുങ്ങുന്നത് ഞാന്‍ കണ്ടു എന്ന് പറയാനേ പറ്റൂ, എന്റെ ഒരു ഗതികേട്.

ചുരുക്കി പറഞ്ഞാല്‍ ഞാന്‍ ഒരു ജാതി സാക്ഷിക്കൂട്ടില്‍ ഇരിക്കുന്ന സംഗതി ആയാലേ ആയാസമില്ലാതെ ഇരിക്കൂ. അങ്ങനെ തന്നെ വേണോ എന്നു ചോദിച്ചാല്‍, ലിഫ്റ്റിലും മേലേ പോകാം പടി കേറിയും പോകാം, ഡ്രെയിനേജ് പൈപ്പില്‍ അള്ളിപ്പിടിച്ചു കേറിയും പോകാം. ഇതൊന്നുമില്ലാതെ നാലു നില ചാടിക്കയറാന്‍ പറ്റുമെങ്കില്‍ ആളുകള്‍ കൂടി നിന്നു കയ്യടിക്കും, ഏത്.

എതിരന്‍ കതിരവന്‍ said...

മൊപസാങ് (Maupasant) ന്റെ കഥകളില്‍ ധീരമായി ക്രൂരകൃത്യം ചെയ്യുന്ന നായകനെ കാണാറുണ്ട്. അവിഹിതവേഴച്ചയിലുണ്ടായ ഒരു കുഞ്ഞിനെ നിഷ്കരുണം കൊല്ലുന്ന ഒരു കഥ ഓര്‍ക്കുന്നു.

Roby said...

രാംമോഹന്റെ പോസ്റ്റ് വായിച്ചപ്പോള്‍ 13 Tzameti എന്ന അടുത്തകാലത്തെ ഒരു ഫ്രെഞ്ച് ത്രില്ലറാണ്‌ ഓര്‍മ്മ വന്നത്. സിമി അതിനെ വേറൊരു ആംഗിളിലേക്കു കൊണ്ടുവന്നു.
ഫസ്റ്റ് പേഴ്സണ്‍ നറേറ്റീവില്‍ തന്നെ മുഖ്യകഥാപാത്രം വില്ലനാകുന്ന ചില ചെറുകഥകള്‍ പണ്ട് ഹിച്കോക്ക് എഡിറ്റ് ചെയ്ത ചില പുസ്തകങ്ങളില്‍ വായിച്ചിട്ടൂണ്ട്. എഴുതിയത് എതിരന്‍ സൂചിപ്പിച്ച മോപ്പസാങ്ങോ ജാക്ക് ലണ്ടനോ ഒക്കെ..

സമീപകാലത്തെ കോസ്റ്റഗാവ്‌രയുടെ Le Couperet എന്നൊരു ചിത്രം ഇത്തരത്തിലുള്ളതായിരുന്നു.

രാംമോഹന്‍ ഇപ്പോള്‍ കൊച്ചിയിലാണോ?..:)

Rammohan Paliyath said...

ആദ്യപുസ്തകത്തിന്റെ പ്രകാശനത്തിരക്കിനിടയിലും കമന്റിട്ട റോബിയ്ക്ക് വിശേഷാൽ നന്ദി. കഥയുടെ ശില്‍പ്പത്തെ (ഈ കഥയുടെ ശില്‍പ്പത്തെപ്പറ്റിയല്ല. മറ്റൊരാൾ വില്ലനാകുന്ന വലിയ പൊതുമുതലുകളെപ്പറ്റി)യാണോ റോബി ഉദ്ദേശിച്ചത്? അതോ അതിന്റെ പൊളിറ്റിക്കൽ കറക്റ്റെസിനെപ്പറ്റിയോ? രണ്ടാമത്തെ കേസിൽ നിന്ന് ഞാൻ ഒഴിവാൺ. ബ്ലോഗിലെ വ്യാജ ഇടത് ആൾട്രൂയിസത്തിന്റെ സ്വാധീനത്തില്‍പ്പെട്ടാണോ ഒരു കൊല്ലം അച്ചായൻ, അതും അപ്പൊളിറ്റിക്കൽ എന്നാറി അച്ചായ പാരമ്പര്യമുള്ള ഒരച്ചായൻ, പൊളിറ്റിക്കൽ കറക്റ്റെൻസിനെപ്പറ്റി വ്യാകുലപ്പെടുന്നത്?

പിന്നെ, ‘താങ്കളെ വിഷമിപ്പിക്കുമോ’ എന്നൊന്നും ആരെപ്പറ്റിയും കരുതല്ലേ സിമീ. എങ്കിപ്പിന്നെ നമ്മളിതൊന്നും പോസ്റ്റാതെ മിണ്ടാതിരുന്നാല്‍പ്പോരെ? പെഴ്സണൽ അറ്റാക്കുപോലും ഒരു പരിധി വരെ താങ്ങി നോക്കാം എന്ന സ്പിരിറ്റും കുടിച്ചാൺ നില്‍പ്പ്. അപ്പോഴാണോ വളരെ കാര്യമാത്രപ്രസക്തമായ കാര്യത്തിൽ ഇങ്ങനെ അപ്പോളജറ്റിക്കലാവുന്നത്?

ശില്‍പ്പത്തെപ്പറ്റി ഈ കുഞ്ഞ് കഥയുടെ കോണ്ടെക്സ്റ്റിൽ പറഞ്ഞു നോക്കട്ടെ. ഇതിൽ വില്ലനില്ലല്ലൊ?. ജീവിതത്തിന്റെ അസന്നിഗ്ദത മാത്രമല്ലെ ഇതിലെ വില്ലൻ? ഷൂസിട്ട ആൾ ഒരു നിമിത്തം മാത്രം. ഭാഗ്യം, ഷൂസിട്ടു വന്ന ഒരു ജബ്ബാർ എന്നെഴുതിയില്ലല്ലോ ഞാൻ! (ഹിഗ്വിറ്റയ്ക്ക് വന്ന ചില ബോറൻ നിരൂപണങ്ങൾ ഓർക്കുമല്ലൊ).

റോബീ, 10 വർഷമായി കൊച്ചി വിട്ടിട്ട്. ദുബായിലാണിപ്പോൾ.

അനോണീ/റോബീ/എതിരനേ, കോയിൻസിഡന്റ്ലിൽ ഇന്നലെ ഒരു ഒ. ഹെന്രി കഥ വായിച്ചു. എ റിട്രീവ്ഡ് റിഫൊമേഷൻ. ആ കള്ളൻ പൂട്ടു തുറക്കുന്ന കഥ.

ചെറിയാൻ കെ. ചെറിയാന്റെ കോട്ട എന്ന ബ്യ്യൂട്ടിഫുൾ കഥയും എന്റെ വാഴനാരിനോടൊപ്പം ഓർത്തുകൊള്ളുന്നു.

Rammohan Paliyath said...

ചിലേടങ്ങളിൽ സിമി സിമി എന്നെഴുതേണ്ടതിനു പകരം റോബി റോബി എന്നെഴുതി. ക്ഷമാപണം.

അശോക് കർത്താ said...

grt....ente malayalam aksharangal kalavu poirikkunnu...athu thirichu kittatte....prakruthiyute e vikruthikku oru vandanam cherkkunnunT

Jayasree Lakshmy Kumar said...

മുതലപിടുത്തക്കാരൻ സ്റ്റീവ് ഇർവിനെ ഓർമ്മ വന്നു. അവസാനം ഒരു കുഞ്ഞു തിരണ്ടിയുടെ വാൽക്കുത്തേറ്റ്...

Mahi said...

വളരെ ഇഷ്ടപ്പെട്ടു.പണ്ട്‌ ഒരു കഥ വായിച്ചിട്ടുണ്ട്‌ ട്രയിന്‍ യാത്രയ്ക്കിടേ ഒരാളുടെ ഷൂസിനടിയില്‍ വന്നിരിക്കുന്ന ഒരു ചത്രശലഭത്തെ ഒരു കുട്ടി ഉത്കണ്ഠയോടു കൂടി നോക്കി കൊണ്ടിരിക്കുന്നത്‌......ഇപ്പോള്‍ ചതഞ്ഞരയും എന്നു പേടിപ്പെടുന്നത്‌

Rammohan Paliyath said...

ithaa oru njettippikkunna real story from today's daily mail:

http://www.dailymail.co.uk/news/article-1214423/Tortoise-wanders-lanes-motorway-traffic-survives.html

Related Posts with Thumbnails