Thursday, December 11, 2008

ആത്മകഥകൾ - എന്റെയും അവരുടേയും

ആത്മകഥകൾ അമിതമായി വായിക്കുന്നതും ഇഷ്ടപ്പെടുന്നതും ഒരു തരം മനോരോഗമാണ്. എന്റെ ആ രോഗാവസ്ഥയാകട്ടെ ഗുരുതരവുമാണ്. [അരോഗാവസ്ഥ എന്നു വായിക്കല്ലെ. 'ആ' കഴിഞ്ഞിട്ട് സ് പെയ്സുണ്ട്. എന്റെ ഏറ്റവും പ്രിയപ്പെട്ട മലയാളം വാക്കാണ് 'ആ'. This/that എന്നർത്ഥം. വംശനാശം നേരിടുന്ന വാക്കാണ് 'ആ'. അതിന്റെ കടുത്ത ആരാധകനായ ഞാൻ പോലും അത് കുറേക്കാലമായി ഉപയോഗിക്കാറില്ല. ഈയിടെ വായിച്ച മുണ്ടശ്ശേരിയുടെ ആത്മകഥയിൽ - കൊഴിഞ്ഞ ഇലകള്‍ - ഡാൽമേഷ്യന്റെ കുത്തുകൾ പോലെ, ബർഗറിലെ വെളുത്ത എള്ളിന്മണികൾ പോലെ, തൂവിപ്പരന്നു കിടക്കുന്ന ആകളെ കണ്ടപ്പോൾ, സന്തോഷമായി, വീണ്ടും ഉപയോഗിക്കാൻ കോൺഫിഡൻസായി].

പറഞ്ഞുവന്നത് മനോരോഗത്തെപ്പറ്റിയാണല്ലൊ. എന്റെ രോഗത്തിന്റെ വിശദാംശങ്ങളുംകൊണ്ട് ചെന്നാൽ പി. എം. മാത്യു വെല്ലൂരുപോലും ഹോപ്.ലെസ്സ് കേസായി എന്നെ മടക്കും. ഫ്രോയിഡ് ഉണ്ടായിരുന്നെങ്കിൽ എന്നെ കേസ് സ്റ്റഡിയാക്കും. മറ്റുള്ളവന്റെ സ്വകാര്യതകൾ പറഞ്ഞു നടക്കുന്നതിനേക്കാൾ മോശമാണ് രഹസ്യമായി അവ അറിയാനാഗ്രഹിക്കുന്നതും അറിയുന്നതും. മഹാന്മാരുടെ ആത്മകഥകൾ കയ്യിൽ ഒത്തുകിട്ടിയാൽ അവ വായിക്കുന്നവരെയും ഞാൻ കിടക്കുന്ന ആശുപത്രിയിൽ കിടത്തണമെന്നല്ല പറഞ്ഞുവരുന്നത്. ഉദാഹരണത്തിന് ഇംഗ്ലീഷിലും മലയാളത്തിലുമായി എത്ര തവണ ഗാന്ധിജിയുടെ ആത്മകഥാപുസ്തകം - My Experiments with Truth - എന്റെ കയ്യിൽ വന്നു. ഞാൻ ആ ഓരോ കോപ്പിയും ഒന്ന് മറിച്ചു നോക്കിയതേയുള്ളു, വായിച്ചില്ല.

ഇക്കഴിഞ്ഞയാഴ്ചയും സമ്മാനമായി കിട്ടി ഒരു ഹാർഡ് ബൗണ്ട് സത്യാന്വേഷണ പരീക്ഷ. സാക്ഷാൽ ജോർജ് ഇരുമ്പയത്തിന്റെ പരിഭാഷ. [ഞാൻ മഹാരാജാസിൽ പഠിയ്ക്കുന്ന കാലത്തൊരിയ്ക്കൽ മലയാളം ഡിപ്പാർട്ട്മെന്റ് ഹെഡ്ഡായിരുന്നു ഡോ. ജോർജ് ഇരുമ്പയം. തികഞ്ഞ അക്കാദമിക്. ബി.എസ്.സി ഫിസിക്സ് ഒന്നാം ക്ലാസിൽ പാസ്സായിട്ടും പീജിയ്ക്ക് മലയാളത്തിനു ചേർന്ന എന്റെ ചങ്ങാതി കട്ടപ്പനക്കാരൻ ഏബ്രഹാം മാത്യു എന്ന അവറാച്ചന്റെ ക്ലാസിലൊരിയ്ക്കാൽ ഇരുമ്പയം സാറ് ചൂടായി. പിള്ളേരൊന്നും സാറിന്റെ ക്ലാസ് ശ്രദ്ധിയ്ക്കുന്നില്ലപോലും. എംടിയുടെ ഏതോ നോവലായിരുന്നു സാറ് പഠിപ്പിച്ചുകൊണ്ടിരുന്നത്. ദേഷ്യം സഹിയ്ക്കവയ്യാതെ സാറ് ഏബ്രാഹിമിനെ നോക്കി ഇങ്ങനെ അലറി: "എംടിയുടെ കഥാപാത്രങ്ങളുടെ പ്രത്യേകതയെന്താണെന്ന് പറയെടോ". ഫിസിക്സുകാരനും കുരുമുളകുവിലമാത്രംനോക്കിയുമായ ഒരു കെഴക്കൻ അച്ചായൻ എന്നാ പറയാനാ എന്നായിരിക്കണം ഇരുമ്പയൻ ഓർത്തത്. "സാർ, M. T.-യുടെ കഥാപാത്രങ്ങൾക്കൊന്നും തന്തയില്ല സർ" , അച്ചായന്റെ തകർപ്പൻ മറുപടി സാറിന്റെ മിണ്ടാട്ടം മുട്ടിച്ചു എന്നു പറഞ്ഞാൽ മതിയല്ലൊ.

അവറാച്ചൻ അതു പറഞ്ഞപ്പോൾ ഞാനവന് കവി ലോഡ് ബൈറന്റെ കഥ പറഞ്ഞുകൊടുത്തു. അഞ്ചാം ക്ലാസിലോ മറ്റോ പഠിയ്ക്കുമ്പോൾ മഹാവികൃതിയായിരുന്നത്രെ Byron. സാറ് ക്ലാസിലുണ്ടെങ്കിലും വായ അടയ്ക്കുന്ന പരിപാടിയില്ല. ഒരു ദിവസം ഒരു സാറിന് പകരം വന്ന മറ്റൊരു സാറ്, ബൈറന്റേയും കൂട്ടുകാരുടെയും വായിട്ടലയ്ക്കലിൽ പൊറുതി മുട്ടി ഒടുക്കം ഒരു ഉപായം കണ്ടുപിടിച്ചു. ബൈറന് കവിത അന്നേ വീക്ക്നെസ്സാണെന്നറിയാമായിരുന്ന ആ അധ്യാപകൻ കവിത എഴുതാൻ ഒരു വിഷയമിട്ടുകൊടുത്തു. എല്ലാവരും ഒരു കവിത എഴുതിനെടാ എന്നു പറഞ്ഞ് ഇനി കുറേ നേരത്തേയ്ക്ക് ബൈറനേതാവും കൂട്ടരും മിണ്ടാതിരിയ്ക്കുമല്ലോ എന്നു കൊതിച്ച് അങ്ങേര് ഒന്നുറങ്ങാൻ കിടന്നു. കാനായിലെ കല്യാണമായിരുന്നു അദ്ദേഹം കൊടുത്ത കവിതാവിഷയം. വിഷയം കൊടുത്ത് അദ്ദേഹം ഉറങ്ങാൻ കിടന്നില്ല, അപ്പോഴേയ്ക്കും കുഞ്ഞുബൈറന്റെ ബഹളം പിന്നെയും കേട്ടു തുടങ്ങി. "കവിതയെഴുതാനല്ലേടാ നിന്നോട് പറഞ്ഞേ" എന്നു പറഞ്ഞ് അദ്ദേഹം ചൂരൽ വീശി ഓടിച്ചെന്നു. "കവിതയെഴുതിക്കഴിഞ്ഞു സാർ" കണ്ണുകളിൽ ഒരു കുസൃതിച്ചിരിയോടെ കുഞ്ഞുബൈറൺ കമഴ്ത്തി വെച്ചിരുന്ന നോട്ടുപുസ്തകം നീട്ടി. അതിൽ ഒരു വരി മഹാകവിതയുണ്ടായിരുന്നു. "When water saw it's Lord, it blushed!". "വെള്ളം അതിന്റെ നാഥനെ കണ്ടപ്പോൾ അത് തുടുത്തുപോയി" എന്ന്. കാനായിലെ കല്യാണവേദിയിൽ വെച്ച് കർത്താവ് ഈശോ മിശിഹാ വെള്ളം വീഞ്ഞാക്കിയതിനേക്കാൾ വലിയ മാജിക്കായിരുന്നു കുഞ്ഞുബൈറൺ കാഴ്ച വെച്ചത്.

നമ്മുടെ അവറാച്ചനും മോശമായില്ല. എം. എം. മലയാളം ഒന്നാം ക്ലാസിൽ പാസായി. പിന്നെ ഒറ്റച്ചാൻസിന് സി. എ. എഴുതിയെടുത്തു. ഒരു സിയേക്കാരിയെ കെട്ടി. കുറച്ചുനാൾ എറണാ‍കുളത്ത് പ്രാക്റ്റീസ് ചെയ്ത് 'ഗൾഫിനു' വന്നു. കുറച്ചു നാൾ ദുബായിൽ ജോലി 'ചെയ്തേച്ചും' അമേരിക്കയില്‍പ്പോയി താമസിച്ച് സി.പി.എ. എടുത്തു. യു.എ.ഇ.യിൽ തിരികെ വന്ന്, ഇപ്പോൾ ഷാർജയിൽ ഷെയ്ക്ക് കുടുംബത്തില്‍പ്പെട്ട ഒരു ഗ്രൂപ്പിന്റെ ഫിനാൻസ് ഹെഡ്ഡായി വിലസുന്നു]

ഞാൻ മഹാന്മാരുടെ ആത്മകഥകൾ വായിച്ചിട്ടില്ല എന്നൊന്നും പറയുന്നില്ല. സത്യം പറഞ്ഞാൽ വലിയ, നല്ല മനുഷ്യരുടെ ആത്മകഥകളാണ് വായിച്ചിട്ടുള്ളവയിൽ ഏറെയും. വലിയ മനുഷ്യന്മാരും ചിലപ്പോൾ ചെറിയ കാര്യങ്ങളും ക്രിമിനൽ ആക്റ്റുകളും ചെയ്യുമെന്നും ആത്മകഥകളിലൂടെയെങ്കിലും അവയെല്ലാം അറിയാമെന്നും അങ്ങനെ ആശ്വസിയ്ക്കാമെന്നുമായിരിക്കണം എന്നേപ്പോലുള്ളവരുടെ പ്രതീക്ഷകൾ.

എങ്കിലും ചില ആത്മകഥകൾ പ്രതിപാദ്യവിഷയങ്ങൾ കൊണ്ടോ കണ്ണുകളീറനാക്കുന്ന ആത്മാർത്ഥതകൊണ്ടോ രചനാസൗഭഗം കൊണ്ടോ എന്റെ പ്രാഥമികമായ ഉപബോധ വായാനോദ്ദേശങ്ങളെ വിസ്മരിപ്പിച്ചുകളഞ്ഞിട്ടുണ്ട്.

അക്കൂട്ടത്തിലെ ചിലത് ഇതാ. ഇഷ്ടമോ മികവ് പ്രകാരമോ അല്ല നമ്പറിംഗ്. ഓർമ വരുന്ന ക്രമത്തിൽ നിരത്തുന്നു എന്ന് മാത്രം.

1. ചാർളി ചാപ്ലിന്റെ ആത്മകഥ [ഇംഗ്ലീഷാണ് വായിച്ചത്, വായിക്കേണ്ടത് - My Autobiography]
2. കസാന്ദ്സാകിസിന്റെ 'Report to Greco'
3. പി. കുഞ്ഞിരാമൻ നായരുടെ 'കവിയുടെ കാല്‍പ്പാടുകൾ' [അതിനു മുമ്പും പിമ്പും പി. വേറെ രണ്ട് ആത്മകഥകൾ എഴുതിയിട്ടുണ്ട്. മനോരമ വാരികയിൽ വന്ന നിത്യകന്യകയെത്തേടി, എന്നെ തിരയുന്ന ഞാൻ എന്നിവ.]
4. ചെറുകാട് ഗോവിന്ദപ്പിഷാരടിയുടെ ജീവിതപ്പാത
5. മുണ്ടശ്ശേരിയുടെ കൊഴിഞ്ഞ ഇലകൾ
6. Pablo Neruda - Memoirs 7. ഫാദർ വടക്കന്റെ 'എന്റെ കുതിപ്പും കിതപ്പും'
8. ക്രൈമിൽ പ്രസിദ്ധീകരിച്ച, നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്ന കോട്ടയം ശാന്തയുടെ ആത്മകഥാ ഖണ്ഡങ്ങൾ.
9. മാധവിക്കുട്ടിയുടെ/Kamala Dasന്റെ എന്റെ കഥ, My Story [രണ്ടും ഒന്നാന്തരം, തമ്മിൽ വലിയ ബന്ധമൊന്നുമില്ലെങ്കിലും]
10. നളിനി ജമീല [ഓതെന്റിക് എന്നു പറഞ്ഞിറങ്ങിയ രണ്ടാമത്തേത് വായിച്ചിട്ടില്ല]
11. എസ്. ഗുപ്തൻ നായരുടെ 'മനസാസ്മരാമി'
12. ടി. ജെ. എസ്. ജോർജിന്റെ 'ഘോഷയാത്ര' ['ഞാൻ' ഏറ്റവും കുറവുള്ള, അല്ലെങ്കിൽ തീരെയില്ലാത്ത, ഏത് ലോകഭാഷയിലും എഴുതപ്പെട്ടിട്ടുള്ള ഏറ്റവും മികച്ച ആത്മകഥകളിലൊന്ന്].
13. നെഹ്രുവിന്റെ സെക്രട്ടറിയായിരുന്ന എം. ഒ. മത്തായിയുടെ 'Reminiscences of Nehru Age'
14.സുൾഫിക്കർ അലി ഭൂട്ടോയുടെ 'If I am Assassinated'
15. കവിയും പത്രപ്രവർത്തകനുമായിരുന്ന Dom Moraesന്റെ My Father's Son [ഇതിന്റെ രണ്ടാം ഭാഗം - My Son's Father - വായിക്കാൻ കിട്ടിയിട്ടില്ല.]
16. ബഷീറിന്റെ 'അനുരാഗത്തിന്റെ ദിനങ്ങൾ'
17. മനോരമ വാരികയിൽ വന്ന നടി മല്ലികയുടെ സ്മരണകൾ
18. അജിതയുടെ ഓർമക്കുറിപ്പുകൾ
19. Mussoliniയുടെ My Autobiography
20. അമർത്യാനന്ദയുടെ അർധവിരാമം
21. എം. കെ. കെ. നായരുടെ ആരോടും പരിഭവമില്ലാതെ
22. Lee Iacocca's An Autobiography
23. മലയാറ്റൂരിന്റെ സർവീസ് സ്റ്റോറി, ഓർമകളുടെ ആൽബം
24. സി. ആർ. ഓമനക്കുട്ടന്റെ 1) നീ സത്യം, ജ്ഞാനം, ആനന്ദം 2) നിറം പിടിപ്പിയ്ക്കാത്ത നേരുകൾ
25. ബാലചന്ദ്രൻ ചുള്ളിക്കാട് - ചിദംബരസ്മരണ
26. ശ്രീബാല കെ. മേനോൻ - 19, കനാൽ റോഡ്
27. പ്രിയ എ. എസ്. - കഥബാക്കി, ഒഴുക്കിൽ ഒരില, മായക്കാഴ്ചകൾ
28. സുഭാഷ് ചന്ദ്രൻ - മധ്യേയിങ്ങനെ
29. Aubrey Menen - A Space within the Heart [സുന്ദറിന്റെ പരിഭാഷയാണ് വായിച്ചത് - ഹൃദയത്തിനുള്ളിലെ ഒരിടം]]


ആത്മകഥകളുടെ തന്നെ കൂട്ടത്തിലാണ് റോസി തോമസ്, രാധാലക്ഷ്മി പത്മരാജൻ, സീതാലക്ഷ്മി ദേവ്, പ്രഭാ നാരായണപിള്ള, പാർവതി പവനൻ, വയലാറിന്റെ ഭാരതിത്തമ്പുരാട്ടി എന്നിവരുടെ സ്മരണകളേയും ഞാൻ കൂട്ടിയത്.


ഈ പുസ്തകങ്ങളും ഇവ എഴുതിയവരുമൊമൊക്കെ ഇങ്ങനെ ഗ്രേറ്റും ഗ്രേറ്റസ്റ്റുമൊക്കെയാണെങ്കിലും എന്റെ വായനകളോ - വെറും അരാഷ്ട്രീയനായ ഒരു വളിവയറൻ നായരുടെ വായനകൾ. നമ്മൾ ഒരു പുസ്തകവും വായിക്കുന്നില്ല, പുസ്തകങ്ങൾ നമ്മളെ വായിക്കുന്നതേയുള്ളു എന്ന് ആവർത്തിച്ചോട്ടെ ഞാൻ?

ഇതൊക്കെയാണെങ്കിലും എന്റെ ഫേവറിറ്റ് ആത്മകഥ ഇതൊന്നുമല്ല കെട്ടൊ. അത് പരസ്യവ്യവസായത്തിന്റെ പിതാവായ Claude Hopkins-ന്റെ മൈ ലൈഫ് ഇൻ അഡ്വർടൈസിംഗ് എന്ന ചെറിയ ആത്മകഥാപുസ്തകമാണ്. എന്നു വായിക്കുമ്പോൾ 'ഓ, അതിയാള് ജോലി ചെയ്യുന്ന ഫീൽഡിലുള്ള ഒരാളുടെ ആത്മകഥയായതുകൊണ്ടാവും' എന്ന് വിധിയ്ക്കാൻ വരട്ടെ. ആധുനിക പരസ്യവ്യവസായത്തിന്റെ തലതൊട്ടപ്പൻ എന്നുവിളിക്കാവുന്ന ഡേവിഡ് ഒഗില്വി അദ്ദേഹത്തിന്റെ Ogilvy on Advertising എന്ന മോഡേൺ ക്ലാസിക്കിൽ പറയുന്നത് ഹോപ് കിൻസിന്റെ സയന്റിഫിക് അഡ്വർടൈസിംഗ് എന്ന കിത്താബ് ഏഴു വട്ടം വായിക്കാതെ നിങ്ങൾ ഒരു അഡ്വർടൈസിംഗ് ഏജൻസിയിൽ പ്യൂണിന്റെ പണി പോലും ചെയ്യാൻപോകരുതെന്നാണ്. അങ്ങനെയുള്ള ഒരാളുടെ ആത്മകഥയാണ് My Life in Advertising എന്നു പറയുമ്പോൾ അതിൽ മുഴുവൻ അഡ്വർടൈസിംഗായിരിക്കും എന്ന് ഊഹിച്ചെങ്കിൽ തെറ്റി. ആത്മാവിന്റെ അടിത്തട്ട് കാണാവുന്ന ഹ്യുമിലിറ്റിയാണ് ഹോപ്കിൻസിന്റെ ആത്മകഥയുടെ ജീവൻ. പിന്നെ ഒരു പരസ്യമെഴുത്തുകാരന് മാത്രം വശമുള്ള വശീകരണശക്തിയും.

ആദ്യവാചകം കേൾക്കൂ: "എന്റെ ജീവിതത്തിലെ പ്രധാനസംഭവം നടക്കുന്നത് ഞാൻ ജനിക്കുന്നതിന് ഒരു വർഷം മുമ്പാണ് - എന്റെ അമ്മയായി ഒരു സ്കോട്ടിഷ് സ്ത്രീയെ എന്റെ അച്ഛൻ തെരഞ്ഞെടുത്തു."

പിന്നെ നിങ്ങൾ ആ പുസ്തകം നിലത്തുവെയ്ക്കില്ല. വീടുകൾ കയറിയിറങ്ങി സാധനങ്ങൾ വിൽക്കലായിരുന്നു ക്ലോഡിന്റെ ആദ്യകാല ജോലി. പരസ്യമെഴുതാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ഇത്തരം നേരിട്ടുള്ള വില്‍പ്പന നടത്തി അടിസ്ഥാന പരിചയമാർജിച്ചിരിക്കണമെന്ന് ക്ലോഡ് നിഷ്കർഷിക്കുന്നു. മറ്റൊരു രസകരമായ കാര്യമുണ്ട് - ക്ലോഡ് ഒരിയ്ക്കലും പണക്കാർക്കുവേണ്ടിയുള്ള ഉത്പ്പന്നങ്ങൾക്കുവേണ്ടി പരസ്യവാചകങ്ങൾ എഴുതിയില്ല. അവയോട് പുച്ഛമോ അസൂയയോ ഒന്നുമുണ്ടായിട്ടല്ല. പിന്നെ? “ഞാനൊരു പണക്കാരനായിരുന്നിട്ടില്ല. അതുകൊണ്ട് അവരുടെ മനോനില ഒരിയ്ക്കലും എനിയ്ക്കറിയില്ല. എനിയ്ക്കറിയാത്ത കാര്യത്തെപ്പറ്റി ഞാൻ എഴുതുകയില്ല” എന്നാണ് ക്ലോഡ് എഴുതുന്നത്.

മറ്റൊരു സുന്ദരൻ വാചകവും ഓർമയിൽ തിളങ്ങുന്നു: When you are going up, nothing is a hardship. ആദ്യകാല കഷ്ടപ്പാടുകളെപ്പറ്റി പറയുന്നിടത്താണ് അത്. ആദ്യമായി വായിച്ചപ്പോൾ, ആ വാചകം വായിച്ച്, പുസ്തകം ഒരു മിനിറ്റ് അടച്ചുവെച്ച് “When you are coming down, say from the comforts of a five star hotel to a three star hotel, everything will be hardships എന്ന് ആലോചിച്ചതുമോർക്കുന്നു.

ജനാർദ്ദനക്കുറുപ്പ് [എന്റെ ജീവിതം], പുനത്തിൽ കുഞ്ഞബ്ദുള്ള [നഷ്ടജാതകം], സി. കേശവൻ [ജീവിതസമരം], Sony സ്ഥാപകൻ Akio Morita [Made in Japan] എന്നിവരുടെ ആത്മകഥകൾ വായിക്കാൻ എടുത്തുവെച്ചിരിക്കുന്നു.

വായിക്കാൻ ആഗ്രഹിക്കുന്ന ആത്മകഥകൾ 1) ഏ. പി. ഉദയഭാനു - എന്റെ കഥയും അല്‍പ്പം 2) കേശദേവിന്റെ എതിർപ്പ് [ദേവിന്റെ ഒരു രണ്ടാം ആത്മകഥ കയ്യിലുണ്ട്] 3) My Story - Marilyn Monroe 4) കമ്മ്യൂണിസ്റ്റ് നേതാവ് കെ. സി. ജോജ്ര് 5) നെഹ്രു 6) കുമ്പളത്ത് ശങ്കുപ്പിള്ള, 7) തിക്കോടിയൻ 8) വി. ടി. ഭട്ടതിരിപ്പാട് 9) എൻ. എൻ. പിള്ള 10) ഹിറ്റ് ലർ - Mein Kampf 11) ബർഗ്മാൻ [Magic Lantern] 12) ജസ്റ്റിസ് കെ. ടി. തോമസ് 13) മാർകേസിന്റെ Living to Tell the Tale 14) തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമകൾ 15) കെ. പി. കേശവമേനോന്റെ കഴിഞ്ഞ കാലം 16) ഡി. ബാബു പോളിന്റെ കഥ ഇതുവരെ 17) സ്വദേശാഭിമാനിയുടെ എന്റെ നാടുകടത്തൽ, 18)കല്യാണിക്കുട്ടിഅമ്മയുടെ വ്യാഴവട്ടസ്മരണകൾ 19) Paramhansa Yogananda-യുടെ Autobiography of a Yogi

എഴുതപ്പെടാൻ ആഗ്രഹിക്കുന്ന ആത്മകഥകളുടെ കൂട്ടത്തിൽ എം.ടി. വാസുദേവൻ നായരുടെ ആത്മകഥയാണ് മുന്നിൽ; തൊട്ടുപിന്നാലെയുണ്ട് ഉജാല രാമചന്ദ്രന്റെ ആത്മകഥ. എഴുതപ്പെട്ടിരുന്നെങ്കിൽ എന്ന് വ്യാമോഹിക്കുന്നവയിൽ ആദ്യത്തേത് സഖാവ് ആർ. സുഗതന്റെയും രണ്ടാമത്തേത് നരേന്ദ്രപ്രസാദിന്റേതും.

ഒരു കാലത്ത് ഗാന്ധിജിയുടെ ആത്മകഥയും ഞാൻ വായിക്കുമായിരിക്കും. തീർച്ചയായും അതർഹിയ്ക്കുന്ന വായന എനിയ്ക്ക് കൊടുക്കാൻ പറ്റുമെന്നോ അത് വായിയ്ക്കാൻ ഞാനർഹനായി എന്നോ ആയിരിക്കില്ല അപ്പോൾ അതിന്റെ അർത്ഥം.

അനുബന്ധം:

എഴുത്തുകാരല്ലാത്തവർ - അവർ സെലിബ്രിറ്റികളായാലും മീൻകച്ചവടക്കാരായാലും - മികച്ച ആത്മകഥകൾ എഴുതുമെന്ന് പ്രതീക്ഷിക്കുക വയ്യ. അതുകൊണ്ട് അത്തരം ആത്മകഥകൾക്കു പിന്നിൽ മറ്റുള്ളവരുടെ കറുത്തതോ ഇരുനിറമുള്ളതോ വെളുത്തതോ ആയ കരങ്ങൾ പ്രവർത്തിക്കുക സ്വാഭാവികം. നളിനി ജമീലയുടേതടക്കം അങ്ങനെ സംഭവിച്ചതും വിവാദമായതുമാണല്ലൊ. ഇയാക്കോക്കയുടെ പ്രസിദ്ധ ആത്മകഥയുടെ ചട്ടയിൽത്തന്നെ സഹ-എഴുത്തുകാരന്റെ പേരുണ്ട്: വില്ല്യം നൊവാക്. പാശ്ചാത്യരാജ്യങ്ങളിൽ ആ പതിവ് അവർ നിലനിർത്തുന്നു. എന്നാൽ നമ്മുടെ നാട്ടിൽ ആ മര്യാദ പല കാരണങ്ങളാൽ പുലർന്നു കണ്ടിട്ടില്ല. നമ്മുടെ ആത്മകഥാശേഖരത്തിലെ മാസ്റ്റർപീസുകളിലൊന്നായ സി. കേശവന്റെ ജീവിതസമരം അദ്ദേഹത്തിന്റെ മകൻ കെ. ബാലകൃഷ്ണനും മയ്യനാട് കെ. ദാമോദരനും ചേർന്ന് ഗോസ്റ്റ് റൈറ്റ് ചെയ്തതാണെന്ന് അന്നേ കേട്ടിരുന്നു. ഹാസ്യനടൻ എസ്. പി. പിള്ളയുടെ ആത്മകഥ ജനയുഗത്തിൽ ഖണ്ഡ:ശ്ശ വന്ന കാലത്ത് സൂപ്പർഹിറ്റായിരുന്നു. എന്നാൽ പിള്ളയാശാൻ അത് പുസ്തകരൂപമാക്കാൻ ചെന്നപ്പോളേയ്ക്കും ഗോസ്റ്റ് റൈറ്റർ അതിന്റെ റോയൽറ്റി മറ്റാർക്കോ വിറ്റ് പുട്ടടിച്ചിരുന്നു.

ഏകെജിയുടെ ആത്മകഥ മറ്റൊരു രൂപത്തിൽ ഇംഗ്ലീഷിലായിരുന്നു ആദ്യം ഇറങ്ങിയത്. മലയാളത്തിൽ വന്നത് പരിഭാഷയായിരുന്നു. രണ്ടും ഏകെജി എഴുതിയതാകാൻ തരമില്ല. അതൊരു കുറവുമല്ല. എങ്കിലും പേനയുന്തിയവരുടെ പേരുകൾ കാണാൻ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നേനെ.

ഇപ്പോൾ ചെറിയ ആത്മകഥകളുടേയും [ഒരനുകാലികത്തിന്റെ ഒറ്റലക്കത്തിൽ തീരുന്നവ] പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ആത്മകഥകളുടേയും കാലമാ‍ണല്ലൊ. ഇതിൽ അമ്പലവാസികൾ, കഥകളികലാകാരന്മാർ തുടങ്ങിയ സവർണ വിഷയികളുടെ കാര്യത്തിൽ എൻ. പി. വിജയകൃഷ്ണൻ തുടങ്ങിയവർ സ്പെഷലൈസ് ചെയ്യുമ്പോൾ വീട്ടുവേല, മീൻ കച്ചവടം, മോഷണം, മനോവിഭ്രാന്തി തുടങ്ങിയ പാർശ്വവത്കൃതമേഖലകളിൽ താഹാ മാടായി, വി. കെ. ശ്രീരാമൻ എന്നിവർ മിടുക്കു കാണിയ്ക്കുന്നു.

ഭാഷാപോഷിണിയുടെ എഴുത്തുകാരന്റെ ദേശം എന്ന സീരിസിൽ നമ്മുടെ പല ജയന്റ്സും എഴുതിയത് മനോഹരമായ ആത്മകഥാചുരുക്കങ്ങളായിപ്പോയതും ഓർക്കുക. അക്കൂട്ടത്തിൽ എന്നെ ആകർഷിച്ചത് സച്ചിദാനന്ദൻ, ആറ്റൂർ, സേതു എന്നിവരുടേതും കവിത കൊണ്ട് ഒരിയ്ക്കലും എന്നെ ആകർഷിയ്ക്കാത്ത എ. അയ്യപ്പന്റേതും. [ആരാന്റമ്മയ്ക്ക് പ്രാന്തുപിടിയ്ക്കുമ്പോൾ കാണാൻ നല്ല ചേല്!].

വലിയ ആത്മകഥ എഴുതാൻ മടിച്ചിട്ടോ എഴുതാൻ വലിയ കഥകൾ ഇല്ലാഞ്ഞിട്ടോ അപ്പപ്പോളത്തെ സാമ്പത്തിക ആവശ്യങ്ങൾക്കോ വേണ്ടി ചെറിയ ഉപ-ആത്മകഥകളോ ആത്മകഥാകുറിപ്പുകളോ അനുഭവങ്ങളോ ഓർമകളോ എഴുതപ്പെട്ടതും നമ്മുടെ ഭാഷയിൽ ധാരാളം. പ്രതിഭയോ അനുഭവങ്ങളോ ഉള്ളവർ എന്തെഴുതിയാലും അതിലെല്ലാം അവരുടെ ഒപ്പുകൾ വീഴും. പി.യുടെ നിത്യകന്യകയെത്തേടി എന്ന ഒന്നാം ആത്മകഥ മനോരമ ആഴ്ചപ്പതിപ്പിലാണ് സീരിയലൈസ് ചെയ്തതെന്നോർക്കുക. മനോരമയുടെ തെക്കൻ വായനക്കാർ അതിൽ പ്രതീക്ഷിച്ചത് വള്ളുവനാടൻ പെണ്ണുങ്ങളുമായുള്ള പി.യുടെ വേഴ്ചകളുടെ വിശദാംശങ്ങളാണ്. അന്ന് മനോരമയിൽ വന്നിരുന്ന നീണ്ടകഥകളെ മാതൃകയാക്കൂ എന്നായിരുന്നു സർക്കുലേഷൻ മാനേജരിൽ നിന്നു കിട്ടിയ സമ്മർദ്ദം. പി പരാജയപ്പെട്ടെന്ന് പറയേണ്ടതില്ലല്ലൊ. അങ്ങനെ മലയാള ഗദ്യത്തിന് ഒരു കാവ്യപുസ്തകം കൂടി സ്വന്തമാ‍യി.

എന്റെ കഥ കള്ളമായിരുന്നെന്ന് മാധവിക്കുട്ടി തന്നെ പറഞ്ഞു. പിന്നീട് വന്നതാണ് നീർമാതളം പൂത്ത കാലം തുടങ്ങിയവ. ക്രിയേറ്റീവ് റൈറ്റിംഗ് ഉണ്ടാകാതിരിയ്ക്കുമ്പോൾ ക്രിയേറ്റീവ് റൈറ്റേഴ്സിന് എളുപ്പം ചെയ്യാവുന്ന പണിയായി ആത്മകഥാകുറിപ്പുകളെഴുതൽ. അത്തരമൊരു റൈറ്റേഴ്സ്-ബ്ലോക്ക്-ഇടവേളയിൽ ക്രിയേറ്റീവ് പ്രതിഭ, അനുഭവസമ്പത്ത്, കവിത തോൽക്കുന്ന ഗദ്യം എന്നിവ ചേർന്നപ്പോൾ ഉണ്ടായ മാസ്റ്റർപീസാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ചിദംബരസ്മരണ. പ്രിയ എ. എസിന്റേതായി മൂന്ന് സമാഹാരങ്ങളാണ് ഇത്തരം കുറിപ്പുകളുടേതായി വന്നത്. മൂന്നും പോപ്പുലറായി. സുഭാഷ് ചന്ദ്രന്റെ മധ്യേയിങ്ങനെ എന്ന പുസ്തകത്തിന്റെ ഒരു ഭാഗത്തെ ഉപതലക്കെട്ടു തന്നെ ആത്മം എന്നാണ്. ഇക്കൂട്ടത്തിൽ വന്ന ശ്രീബാല കെ. മേനോന്റെ 19 കനാൽ റോഡും ഹൈലി റീഡബ് ൾ തന്നെ. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ പുതിയ ആത്മകഥകളൊക്കെയും ഇങ്ങനെ ചുരുങ്ങിപ്പോകുന്നു. എന്നേപ്പോലുള്ള മനോരോഗികളെ കിടത്തി ചികിത്സിപ്പിയ്ക്കേണ്ട പൂങ്കുടിൽ മനകളുടെ സ്ഥാനത്ത് ബ്ലിസ്റ്റർ പാക്കിൽ മാനസമിത്രം ചതുരഗുളികയായി കിട്ടുന്ന സൂപ്പർമാർക്കറ്റുകൾ ഉയരുന്നു.

എന്റെ സുഹൃത്തുക്കളായ ജോർജ് ജോസഫ് കെ.യും ലത്തീഫ് മമ്മിയൂരും അവരുടെ ഓരോ കഥാസമാഹാ‍രങ്ങൾക്ക് ആമുഖമായെഴുതിയ ആത്മകഥാകുറിപ്പുകളാണ് അവരുടെ കഥകളേക്കാൾ എനിക്ക് പ്രിയപ്പെട്ടവ എന്ന അനുഭവം കൂടി ഇവിടെ പങ്കുവെയ്ക്കാതെങ്ങനെ?

മറ്റൊരു പ്രധാനകാര്യം ബഷീറിനെയും എംടിയേയും പോലുള്ള മഹാന്മാരായ എഴുത്തുകാർ സമഗ്രമായ ആത്മകഥകൾ എഴുതുന്നതിൽ നിന്ന് വിട്ടുനിന്നതെന്തേ എന്ന ചോദ്യമാണ്. അവരുടെ ജീവിതാനുഭവങ്ങൾ തന്നെയാണ് പലപ്പോഴും അവരുടെ സാഹിത്യമായത്. ഉദാഹരണത്തിന് എംടിയുടെ നിന്റെ ഓർമയ്ക്ക് എന്ന മനോഹരമായ ചെറുകഥയെടുക്കുക. അത് അദ്ദേഹത്തിന്റെ ആത്മകഥയിലെ ഒരധ്യായം തന്നെ. ആ ഒരു നേർ അനുഭവം പൊടിപ്പും തൊങ്ങലുമില്ലാതെ പകർന്നു വെച്ചതാണ് ആ കഥ. മലയാളത്തിലെ എഴുത്തുകാരെ ഇങ്ങനെ ഭാവനയുടേയും അനുഭവത്തിന്റേയും രണ്ട് ടീമുകളായി തിരിച്ച ഒരു നോട്ടം ഇവിടെ - രത്നാകരൻ ഉരുളക്കിഴങ്ങ് തിന്നിട്ടുണ്ടൊ?

57 comments:

സു | Su said...

നന്ദി. മൂന്നാലെണ്ണം ഇവിടെയുണ്ട്. ബാക്കിയൊക്കെ വാങ്ങി വായിച്ചുനോക്കട്ടെ.

:)

Siju | സിജു said...

ആദ്യമൊരു നന്ദി
ആത്മകഥയെഴുതുമ്പോഴും ഡയറിയെഴുതുമ്പോഴും പൊങ്ങച്ചമായിരിക്കും എഴുതുകയെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്.
എന്‍ എന്‍ പിള്ളയുടെ ആത്മകഥയും വേണമെങ്കില്‍ ലിസ്റ്റില്‍ ചേര്‍ക്കാവുന്നാതാണ് (എന്റെ അഭിപ്രായത്തില്‍)
ചാര്‍ളി ചാപ്ലിന്റെ ആത്മകഥ, മൈ ഓട്ടോഗ്രഫി
കോട്ടയം ശാന്തയുടെ ആത്മകഥ ക്രൈമിലായിരുന്നോ വന്നത്.. സിനിമാമംഗളത്തിലോ മറ്റോ ആയിരുന്നെന്നാണ് ഓര്‍മ്മ.

Rammohan Paliyath said...

ശെരിയാ, പിള്ളയുടേത് - ഞാൻ - വിഷ് ലിസ്റ്റിൽ എഴുതാൻ വിട്ടതാ. അങ്ങനെ പലതും വിട്ടു കാണും. മന:പ്പൂർവമല്ല.

ശാന്തയുടെ ആത്മകഥ സിനിമാമംഗളത്തിലും വന്നു കാണും. ഇപ്പോൾ ജോൺ പോൾ പലയിടത്തും എഴുതുന്നില്ലേ, അതുപോലെ.

വെള്ളെഴുത്ത് said...

അപ്പോള്‍ ഇസഡോറാ ഡങ്കനോ, പ്രതിമാ ബേദിയുടേ ടൈം പാസ്സോ? അമര്‍ത്ത്യാനന്ദയുടെ അര്‍ദ്ധവിരാമമോ? ഇവന്നെറ്റെ പ്രിയ സി ജെയോ..ആദ്യത്തെ രണ്ടും മലയാളത്തിലും വന്നു.. മുസ്സോളിനിയുടെയും..ആത്മകഥ പരസ്യമാക്കാന്‍ ഉദ്ദേശിച്ച എഴുത്തണല്ലോ അപ്പോള്‍ അതിലൊരു(ലേയ്ക്കൊരു) ഒളിഞ്ഞു നോട്ടം ഉണ്ടോ എന്തോ? പിന്നെ തന്റെ യജമാനനെ കണ്ടപ്പോള്‍ ‘വെള്ളം ചുവന്നു തുടുത്തത്’ മില്‍ട്ടന്റെയല്ല ലോഡ് ബൈറന്റെയാണ്.. അതൊരു കുട്ടിയ്ക്ക് എഴുതാന്‍ കഴിയുന്നതുമല്ല ആലോചിച്ചാല്‍..

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

അത്‌ Lord Byron ആയിരുന്നു, റാം മോഹന്‍. മില്‍ട്ടന്‍ ആയിരുന്നില്ല.

Rammohan Paliyath said...

ഡങ്കൻ, ബേഡി... അറിഞ്ഞിരുന്നില്ല. അർധവിരാമം മറന്നതാണ്. മുസ്സോളിനിയുടെ ആത്മകഥയും ഞാൻ വായിച്ചിട്ടുണ്ട്. ഗംഭീരം. ഹിറ്റ് ലറുടെ മെയിൻ കാംഫ് വായിച്ചിട്ടില്ല. അതിന്റെ ഒരു കോപ്പി ഒരു ബുക് സ്റ്റാളിൽ കണ്ടപ്പോൾ അത്രനേരം ഫ്രണ്ട്ലിയായി നിന്ന് സംസാരിച്ച ഒരു കിഴവി മദാമ്മ ഞെട്ടി, വെറുപ്പുകാട്ടി പുറത്തിറങ്ങിപ്പോയതിനെപ്പറ്റി ഈയിടെ എവിടെയോ വായിച്ചു/ആരോ പറഞ്ഞുകേട്ടു. ആത്മകഥയുടെ രാഷ്ട്രീയം.

മിൽട്ടണല്ല, ശരി തന്നെ, അത് ബൈറണാണ്. ഓർമപ്പിശക് തിരുത്തുന്നു. പ്രായത്തിന്റെ കാര്യം പറയാൻ പറ്റില്ല വെള്ളെഴുത്തേ, ക്രിയേറ്റിവിറ്റിയ്ക്ക് പ്രായമില്ല. ജ്ഞാനേശ്വരി ഓർക്കുമല്ലൊ.

വികടശിരോമണി said...

അതേ,ബൈറന്റെയാണെന്നാണല്ലോ കേട്ടിട്ടുള്ളത്?അതും കുട്ടിക്കഥയുമല്ല.കേംബ്രിഡ്ജിന്റെ കവിതാമത്സരത്തിൽ പങ്കെടുക്കവേയല്ലേ സംഭവം?പ്രസ്തുത മത്സരത്തിൽ പങ്കാളിയായ സൈമൺ ബ്ലാക്കിന്റെ ഓർമ്മക്കുറിപ്പുകളിലും ഈ കഥ വായിച്ചതാണ്.
ഈ ആത്മകഥ എങ്ങനെ വിഗ്രഹിക്കും?ആത്മാവിന്റെ കഥയോ ആത്മാവിനാലെഴുതപ്പെടുന്ന കഥയോ ...
ജനിച്ചു,ജീവിച്ചു,തീർന്നു.

Rammohan Paliyath said...

വിഷ് ലിസ്റ്റിൽ തിക്കോടിയൻ, വി. ടി. ഭട്ടതിരിപ്പാട്, എൻ. എൻ. പിള്ള, ഹിറ്റ് ലർ എന്നിവരെ ചേർത്തു. എഴുതപ്പെട്ടിരുന്നെങ്കിൽ എന്നാശിക്കുന്ന ആത്മകഥയായി സഖാവ് ആർ. സുഗതന്റെ ആത്മകഥയും ചേർത്തു.

Rammohan Paliyath said...

വെള്ളെഴുത്തേ, റോസി തോമസിനെപ്പറ്റി പറഞ്ഞിരുന്നു കെട്ടൊ. വായിക്കാനാഗ്രഹിക്കുന്ന മറ്റൊരെണ്ണം ബർഗ്മാന്റെ മാജിക് ലാന്റേണാണ്.

വികടശിരോമണി said...

വായിക്കേണ്ട ആത്മകഥ ഹിറ്റ്ലറേമാന്റേത്.മുഴുവൻ യുക്തികളും തലകീഴായിപിടിക്കുന്ന അനുഭവം.എഴുതിയ ഓരോ വാക്കിനും 140തിലേറെ പേരുടെ ജീവന്റെ വില എന്ന് പരസ്യക്കാർ.

t.k. formerly known as thomman said...

ദലൈ ലാമയുടെ “എന്റെ നാടും എന്റെ ജനതയും” (വളരെ മുമ്പ് വായിച്ച ഒരു മലയാളം പരിഭാഷ) മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു മെമൊവാര്‍ ആണ്.

ബൈറന്റെ ഒറ്റവരി മഹാകാവ്യം എടുത്തെഴുതിയതിന്ന് നന്ദി. എന്തിന് അധികം വായിക്കണം?

അശോക് കർത്താ said...

ആത്മകഥകള്‍ വായിക്കുന്നതു മാത്രമല്ല എഴുതുന്നതും മനോരോഗമാണു. ഒന്നാമതായി ആത്മനു പറയാന്‍ വലിയ കഥയൊന്നുമില്ല. ഏതൊരു മനുഷ്യന്റേയും ജീവിതം ഏതാണ്ടൊക്കെ സമാനമാണു. വീക്ഷണ വ്യത്യാസം കൊണ്ടോ സാഹചര്യങ്ങളുടെ മാറ്റം കൊണ്ടോ മാത്രമേ അതിനു വ്യത്യാസമുള്ളു. പിന്നെ ഒരാളുടെ അനുഭവത്തില്‍ നിന്നും വേറൊരാള്‍ക്കും ഒന്നും പഠിക്കാനില്ലെന്നതാണു വാസ്തവം. നാം അതു പഠിച്ചു ഇത് മനസിലാക്കി എന്നൊക്കെ പറയുന്നത് വെറുതേയാ. എവിടെയെങ്കിലും മൂല്യം കാണുന്നുണ്ടെങ്കിലും ആത്മകഥാകാരന്റെ ജീവിതം സങ്കല്പത്തിലെടുത്ത് അതുമായി ബന്ധപ്പെടുത്തി നാം രസിക്കുകയാണു ചെയ്യുന്നത്. അതുകൊണ്ട് ആത്മകഥകള്‍ വായിക്കുമ്പോള്‍ ഫിക്ഷന്റെ വേറൊരു രൂപം ആസ്വദിക്കുകയാണു ചെയ്യുന്നത്. സത്യസന്ധമെന്ന് പറയാവുന്ന ഒന്നും മഹാത്മാഗാന്ധി പോലും എഴുതിയിട്ടില്ല. പലതും മറച്ചും ഒഴിവാക്കിയുമാണു ആത്മകഥകള്‍ എഴുതാര്‍. മോണിക്കാലവിന്‍സ്കിപോലും അത്രേ ചെയ്തിട്ടുള്ളു. ക്ലിന്റന്‍ കേസുപോലെ ഒന്ന് ഉണ്ടാക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം അവിടെ സ്ഥാപിക്കപ്പെട്ട ഒരു ഉരു മാത്രമായിരുന്നില്ലെ മോണിക്കാ? നളിനീ ജമീലയാണെങ്കില്‍ ഒരാത്മക്ഥ എഴുതിയിട്ടുമില്ല. അതേതോ കമ്പക്കാരന്റെ വിഷ്‌ഫുള്‍ തിങിന്റെ പരിണിതിയാണു. ഒരു വാരികയില്‍ ‘ജീവിതം എന്നെ വടിപിടിപ്പിച്ചു’ എന്നൊരു പംക്തിയുണ്ട. ഇത്രയ്ക്ക് ഗംഭീരമായ ഒരു തമാശക്കോളം ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. ‘ജീവിതം എന്നെ ഒന്നും പഠിപ്പിച്ചിട്ടില്ല’, എന്ന് ആര്‍ജ്ജവത്തോടെ പറഞ്ഞ ഒരുവനേപ്പോലും ഇന്നു വരെ ആ പംക്തിയില്‍ കണ്ടിട്ടില്ല!! ജീവിതം ആവര്‍ത്തിക്കുന്നത് കണ്ടിട്ടുപോലും ഒരുത്തനും അത് മനസിലായിട്ടില്ല. കാലം എത്ര പുരോഗമിച്ചിട്ടും പഴയ അതേ ആര്‍ത്തിയും മോഹവുമാണു മനുഷ്യനു. അതിന്റെ രൂപത്തിനും ഭാവത്തിനും വ്യത്യാസമുണ്ടാകാം. പക്ഷെ സാധനം പഴയതു തന്നെ. പിന്നെ ഫിക്ഷന്‍ ചെര്‍ക്കാതെ അതെങ്ങനെ വായനാസുഖമുള്ളതും രസകരവുമാക്കും? ആത്മകഥകള്‍ അത് കൊണ്ടുതന്നെ ഉപേക്ഷിക്കേണ്ടതാണു. പഴയ കാ‍ല ഇന്ത്യാക്കാര്‍ അതുകൊണ്ടാണു ആത്മകഥയെഴുതാതിരുന്നത്. വ്യാസനും എഴുത്തച്ഛനും എഴുതിയിട്ടില്ല. അതുകൊണ്ട് ഇപ്പോഴത്തെ എഴുത്തുകാര്‍ക്ക് നിശബ്ദതയെങ്കിലും ഫില്ല് ചെയ്യാന്‍ പറ്റി. ജയ് ഹിന്ദ്!!

വല്യമ്മായി said...

ലിസിറ്റ്ലെ മൂന്നും ഒമ്പതുമേ ഞാന്‍ വായിച്ചിട്ടുള്ളൂ,പിയുടെ മൂന്ന് ആത്മകഥകളും ഒരു പുസ്തകത്തിലാണ് പുതിയ പതിപ്പില്‍.
മാധവിക്കുട്ടിയുടെ വിഷാദം പൂക്കുന മരങ്ങളും ആത്മകഥയുടെ ഗണത്തില്‍ പെടുത്താമെന്ന് തോന്നുന്നു.

Dinkan-ഡിങ്കന്‍ said...

ആത്മകഥകളുടെ അമൂര്‍ത്തതയായി പറയാറുള്ള സാല്‍‌വദോര്‍ ദാലീടെ The Secret Life of Salvador Dalí. പറഞ്ഞ് കണ്ടില്ല. ദാലി പെയിന്റര്‍ ആണോ സാഹിത്യകാരനാണോ എന്ന് ഉല്പ്രേക്ഷ ഉണ്ടാക്കുന്ന ഒന്നായിരുന്നു അത്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുന്നതു തുടങ്ങിയുള്ള വിവരണം :)

prasanth kalathil said...

ഒരുപാട് വായിക്കുന്ന ഒരു സൂഹൃത്തിനിഷ്ടപ്പെട്ടത് മേക്കപ്പ്മാൻ എം. ഓ. ദേവസ്യയുടെ ആത്മകഥ.

ഇ.എം.എസിന്റെ ആത്മകഥയിലും (വയിച്ചില്ല) ‘ഞാൻ’ തീരെ കുറവാണെന്ന് വായിച്ചിരുന്നു. എന്റെ കഥ ആത്മകഥകളുടെ കൂട്ടത്തിൽ പറയാമെങ്കിൽ, ദേശത്തിന്റെ കഥ മറക്കരുത്.

വായിക്കേണ്ടത് :
ആരോടും പരിഭവമില്ലാതെ, ഒരു കാലഘട്ടത്തിന്റെ കഥ - എം.കെ.കെ നായർ

Rammohan Paliyath said...

എന്റെ എക്കാലത്തെയും ഏത് കാറ്റഗറിയിലെയും ഫേവറൈറ്റുകളിലൊന്നാ‍യ ‘ആരോടും പരിഭവമില്ലാതെ’യെ മറന്നതിന് സ്വയം തോന്നിയ പരിഭവം മാറുകയില്ല. അതുപോലെ വിട്ടുപോയതാണ് ലീ ഇയാക്കോക്കയുടെ An Autobiography, മലയാറ്റൂരിന്റെ സർവീസ് സ്റ്റോറി, ഓർമകളുടെ ആൽബം എന്നിവ.

ആ‍ത്മകഥകൾ എന്ന് സ്ട്രിക്റ്റ് ലി പറയാനാവില്ലെങ്കിലും എന്റെ മഹാരാജാസ് ഗുരുനാഥനും അമൽ നീരദിന്റെ പിതാവുമായ സി. ആർ. ഓമനക്കുട്ടന്റെ ജനശക്തിയിൽ കോളമായി വന്ന ഓർമക്കുറിപ്പുകൾ ഈയിടെ സമാഹാരമായി വന്നത് - 1) നീ സത്യം, ജ്ഞാനം, ആനന്ദം 2) നിറം പിടിപ്പിയ്ക്കാത്ത നേരുകൾ - രണ്ടും അതീവ മനോഹരം. സാറെഴുതുന്ന മലയാളഗദ്യം ഇപ്പോൾ ചെത്തി ഇറക്കിയ അല്ലിക്കള്ളുപോലെ ലളിതമധുരം. അതിനപ്പുറം ആത്മകഥകൾ എഴുതാതെ പോയ ഒരുപാട് പേരുടെ ആത്മകഥാക്കുറിപ്പുകൾക്ക് പകരമായും, ‘ഞാൻ’ അധികമില്ലാത്ത ഈ കുറിപ്പുകൾ നിലനിൽക്കും [പി. ജെ. ആന്റണി, ജഗതി എൻ. കെ. ആചാരി അങ്ങനെ പലരുടേയും].

നീ സത്യം, ജ്ഞാനം, ആനന്ദം - ആ തലക്കെട്ട് കണ്ട് ഞെട്ടണ്ട. ഓട്ടൊബയോഗ്രഫി ഓഫെ യോഗി മാതിരിയുള്ള ഒരു ദാർശനിക വ്യഥയുമില്ല അതിൽ. നിത്യകാമുകനും താംബൂലപ്രിയനും ഫലിതഭാഷണകുശലനുമായ സാറ് ഒരു കാലത്ത് പ്രേമിച്ചിരുന്ന മൂന്ന് പട്ടത്തി സഹോദരിമാരുടെ പേരുകളാണവ.

വായിക്കാനാഗ്രഹിക്കുന്നവയുടെ കൂട്ടത്തിൽ മാർകേസിന്റെ Living to Tell the Tale, തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമകൾ, കെ. പി. കേശവമേനോന്റെ കഴിഞ്ഞ കാലം, ഡി. ബാബു പോളിന്റെ കഥ ഇതുവരെ, സ്വദേശാഭിമാനിയുടെ എന്റെ നാടുകടത്തൽ, കല്യാണിക്കുട്ടിഅമ്മയുടെ വ്യാഴവട്ടസ്മരണകൾ, സോണി സ്ഥാപകൻ അകിയോ മൊറിറ്റയുടെ Made in Japan, Autobiography of a Yogi എന്നിവയും ചേർക്കുന്നു. എം. ഒ. ദേവസ്യയുടെ ആത്മകഥ നാനയിലോ മറ്റോ കണ്ടതോർക്കുന്നു. വായിക്കേണ്ടതായിരുന്നു. പുസ്തകമായി വന്നോ?

നാനയിൽ പണ്ട് പേരു വെയ്ക്കാതെ വന്ന നടി ശ്രീരേഖയുടെ ആത്മകഥ ആരുടേതായിരുന്നോ ആവോ? അത് പ്രസിദ്ധീകരിക്കപ്പെടാതിരിയ്ക്കാൻ ഒരുപാട് സമ്മർദ്ദങ്ങൾ അക്കാലത്തുണ്ടായിരുന്നു എന്ന് കേട്ടിരുന്നു.

എഴുതപ്പെടാനാഗ്രഹിക്കുന്ന മറ്റൊരാത്മകഥ കോവിലന്റെയും എന്റെ അമ്മയുടേയുമൊക്കെ വില്ലേജുകാരനായ ഉജാല രാമചന്ദ്രന്റേതാണ്. റെക്കിറ്റ് ആൻഡ് കോൾമാൻ എന്ന മൾട്ടിനാഷനൽ ഭീമന്റെ റോബിൻ ബ്ലൂവിനേക്കൊണ്ട്, അതിന്റെ കൊക്കുകൊണ്ട്, ക്ഷ മ്മ ച്ച എന്നെല്ലാം എഴുതിച്ച കണ്ടാണശ്ശേരിക്കാരൻ.

ദാലിയുടേതിന്റെ കൂട്ടത്തിൽ വാങ്ഗോഗ് തിയോക്കയച്ച കത്തുകളും പെടുത്താം.

മാധവിക്കുട്ടിയുടെ വിഷാദം പൂക്കുന്ന മരമോ? കേട്ടിട്ടില്ല. അപ്പോൾ നീർമാതളമോ? അലസതകൊണ്ട് വലിയ ആത്മകഥ എഴുതാൻ മടിയ്ക്കുമ്പോൾ അത് കുറിപ്പുകളായി ചിതറുന്നത് സ്വാഭാവികം. എനിവെ, സംതിങ്ങ് ഈസ് ബെറ്റർ ദാൻ നത്തിംഗ്.

Rammohan Paliyath said...

അശോക് കർത്താ പറയുന്നതിനോട് യോജിക്കുന്നു. എങ്കിലും ആത്മകഥകൾ കയ്യിൽക്കിട്ടിയാൽ വായിക്കാതിരിയ്ക്കാനാവില്ല.

ദലൈലാമയെ കയ്യിൽക്കിട്ടിയാലും വായിക്കുമെന്ന് തോന്നുന്നില്ല. അമേരിക്കക്കാരുടെ ചൈനാവിരുദ്ധ പരിപാടികൾ നടത്താൻ നിന്നുകൊടുത്തതിന് പുള്ളിയോട് തോന്നിയിട്ടുള്ള അലർജി മാറുന്നില്ല്ല.

positron said...

"സത്യസന്ധമെന്ന് പറയാവുന്ന ഒന്നും മഹാത്മാഗാന്ധി പോലും എഴുതിയിട്ടില്ല"
ശരിയാണു. എന്റെ സത്യാന്വേഷണ പരീക്ഷകള്‍ ഒരു പരസ്യപ്പുസ്തകം മാത്രമാണു. സ്വാതന്ത്ര്യസമരം എന്ന പരിപാടിയുടെ. അതുകൊണ്ടാണല്ലോ 1929 ലെ ലാഹോറ് സമ്മേളനത്തിന്റെ അന്തര്‍ധാര അതില്‍ കുറിക്കാത്തത്. അത് കുറിച്ചാല്‍ ഒരുപാട് അപകടങ്ങള്‍ ഉണ്ടായേനെ. ഇതൊരു ഉദാഹരണം മാത്രം.അണ്‍ഗനെ എത്രയോ. സത്യാന്വേഷണ പരീക്ഷകള്‍ അര്‍ദ്ധസ്ത്യാന്വേഷണപരീക്ഷകള്‍ എന്ന് പുനര്‍ നാമകരണം ചെയ്യുന്നത് നന്നായിരിക്കും!

അശോക് കർത്താ said...

ആത്മകഥയെഴുതിയ പലരേയും നേരില്‍ പരിചയപ്പെടുമ്പോള്‍ അവരുടെ ചെറ്റത്തരം ക്ണ്ട് അന്തം വിട്ടുപോയിട്ടുണ്ട്. ഇത് മലയാളത്താന്മാരുടെ കാര്യം. വിദേശ ആത്മകഥകളില്‍ പലതിലും കഥയെഴുതുന്ന വ്യക്തി തന്നെ ഒരു കാലഘട്ടത്തില്‍ രേഖപ്പെടുത്തുന്നതായാണു കാണുക. പാശ്ചാത്യന്റെ ജീവിത ശൈലിയില്‍ അത് തെറ്റല്ല. പക്ഷെ സര്‍വ്വവും ഞാനെന്ന് ജീനില്‍ കോറിയിട്ടിരിക്കുന്ന ഇന്ത്യാക്കാരനു കഥകളില്‍ വ്യത്യസ്ഥതകാണാനാവുമോ? ജീവിതം കഥയായി തെറ്റിദ്ധരിക്കാതിരിക്കാന്‍ രചനകളിലും ദൃശ്യാവിഷ്കാരങ്ങളിലും ഒരുപാട് നിബന്ധനകള്‍ നമ്മുടെ മനീഷകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജാക്കന്മാരും, മാന്ത്രികതയും, പിന്വലിക്കാനാവുന്ന അസ്ത്രങ്ങളും, മനുഷ്യാതീത ശക്തിയുള്ള കപിരൂപികളുമൊക്കെയായിട്ട് കഥയുടേയും കലയുടേയും ലോകം വേറെയാക്കിയിരിക്കുന്നു. അല്ലെങ്കില്‍ അരണ്‍ഗില്‍ കാണുന്നതിനെ അനുകരിച്ച് ജീവിതത്തില്‍ പോയാല്‍ സമൂഹമാകെ നരകിക്കും എന്നവര്‍ മനസിലാക്കി. ഇന്ന് നാം അനുഭവിക്കുന്നത് അത്തരമൊരു ദുരന്തമല്ലേ? ഇത്തരം വിഷത്തിലെ പൊട്ടാസ്യം സയനൈഡാണു ആത്മകഥകള്‍.
***********************************
(ആരോടും പരിഭവമില്ലാതെ......അതൊരു നല്ല മനുഷയ്ന്റെ ചോരയും മാംസവുമാണു, ഏത് ഗണത്തില്‍ പെടുത്തിയാലും.)

അശോക് കർത്താ said...

വി.കെ.എന്‍ ആത്മകഥ എഴുതിയിട്ടുണ്ടോ?

Rammohan Paliyath said...

അനുബന്ധം: എഴുത്തുകാരല്ലാത്തവർ - അവർ സെലിബ്രിറ്റികളായാലും മീൻ കച്ചവടം നടത്തുവന്നവരായാലും - മികച്ച ആത്മകഥകൾ എഴുതുമെന്ന് പ്രതീക്ഷിക്കുക വയ്യ. അതുകൊണ്ട് അത്തരം ആത്മകഥകൾക്കു പിന്നിൽ മറ്റുള്ളവരുടെ കറുത്തതോ ഇരുനിറമുള്ളതോ വെളുത്തതോ ആയ കരങ്ങൾ പ്രവർത്തിക്കുക സ്വാഭാവികം. നളിനി ജമീലയുടേതടക്കം അങ്ങനെ സംഭവിച്ചതും വിവാദമായതുമാണല്ലൊ. ഇയാക്കോക്കയുടെ പ്രസിദ്ധ ആത്മകഥയുടെ ചട്ടയിൽത്തന്നെ സഹ-എഴുത്തുകാരന്റെ പേരുണ്ട്: വില്ല്യം നൊവാക്. പാശ്ചാത്യരാജ്യങ്ങളിൽ ആ പതിവ് അവർ നിലനിർത്തുന്നു. എന്നാൽ നമ്മുടെ നാട്ടിൽ ആ മര്യാദ പല കാരണങ്ങളാൽ പുലർന്നു കണ്ടിട്ടില്ല.

നമ്മുടെ ആത്മകഥാശേഖരത്തിലെ മാസ്റ്റർപീസുകളിലൊന്നായ സി. കേശവന്റെ ജീവിതസമരം അദ്ദേഹത്തിന്റെ മകൻ കെ. ബാലകൃഷ്ണനും മയ്യനാട് കെ. ദാമോദരനും ചേർന്ന് ഗോസ്റ്റ് റൈറ്റ് ചെയ്തതാണെന്ന് അന്നേ കേട്ടിരുന്നു. ഹാസ്യനടൻ എസ്. പി. പിള്ളയുടെ ആത്മകഥ ജനയുഗത്തിൽ ഖണ്ഡ:ശ്ശ വന്ന കാലത്ത് സൂപ്പർഹിറ്റായിരുന്നു. എന്നാൽ പിള്ളയാശാൻ അത് പുസ്തകരൂപമാക്കാൻ ചെന്നപ്പോളേയ്ക്കും ഗോസ്റ്റ് റൈറ്റർ അതിന്റെ റോയൽറ്റി മറ്റാർക്കോ വിറ്റ് പുട്ടടിച്ചിരുന്നു.

ഏകെജിയുടെ ആത്മകഥ മറ്റൊരു രൂപത്തിൽ ഇംഗ്ലീഷിലായിരുന്നു ആദ്യം ഇറങ്ങിയത്. മലയാളത്തിൽ വന്നത് പരിഭാഷയായിരുന്നു. രണ്ടും ഏകെജി എഴുതിയതാകാൻ തരമില്ല. അതൊരു കുറവുമല്ല. എങ്കിലും പേനയുന്തിയവരുടെ പേരുകൾ കാണാൻ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നേനെ.

ഇപ്പോൾ ചെറിയ ആത്മകഥകളുടേയും [ഒരനുകാലികത്തിന്റെ ഒറ്റലക്കത്തിൽ തീരുന്നവ] പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ആത്മകഥകളുടേയും കാലമാ‍ണല്ലൊ. ഇതിൽ അമ്പലവാസികൾ, കഥകളികലാകാരന്മാർ തുടങ്ങിയ സവർണ വിഷയികളുടെ കാര്യത്തിൽ എൻ. പി. വിജയകൃഷ്ണൻ തുടങ്ങിയവർ സ്പെഷലൈസ് ചെയ്യുമ്പോൾ വീട്ടുവേല, മീൻ കച്ചവടം, മോഷണം, മനോവിഭ്രാന്തി തുടങ്ങിയ പാർശ്വവത്കൃതമേഖലകളിൽ താഹാ മാടായി, വി. കെ. ശ്രീരാമൻ എന്നിവർ മിടുക്കു കാണിയ്ക്കുന്നു.

ഭാഷാപോഷിണിയുടെ എഴുത്തുകാരന്റെ ദേശം എന്ന സീരിസിൽ നമ്മുടെ പല ജയന്റ്സും എഴുതിയത് മനോഹരമായ ആത്മകഥാചുരുക്കങ്ങളായിപ്പോയതും ഓർക്കുക. അക്കൂട്ടത്തിൽ എന്നെ ആകർഷിച്ചത് സച്ചിദാനന്ദൻ, ആറ്റൂർ, സേതു എന്നിവരുടേതും കവിത കൊണ്ട് ഒരിയ്ക്കലും എന്നെ ആകർഷിയ്ക്കാത്ത എ. അയ്യപ്പന്റേതും. [ആരാന്റമ്മയ്ക്ക് പ്രാന്തുപിടിയ്ക്കുമ്പോൾ കാണാൻ നല്ല ചേല്!].

വലിയ ആത്മകഥ എഴുതാൻ മടിച്ചിട്ടോ എഴുതാൻ വലിയ കഥകൾ ഇല്ലാഞ്ഞിട്ടോ അപ്പപ്പോളത്തെ സാമ്പത്തിക ആവശ്യങ്ങൾക്കോ വേണ്ടി ചെറിയ ഉപ-ആത്മകഥകളോ ആത്മകഥാകുറിപ്പുകളോ അനുഭവങ്ങളോ ഓർമകളോ എഴുതപ്പെട്ടതും നമ്മുടെ ഭാഷയിൽ ധാരാളം. പ്രതിഭയോ അനുഭവങ്ങളോ ഉള്ളവർ എന്തെഴുതിയാലും അതിലെല്ലാം അവരുടെ ഒപ്പുകൾ വീഴും. പി.യുടെ നിത്യകന്യകയെത്തേടി എന്ന ഒന്നാം ആത്മകഥ മനോരമ ആഴ്ചപ്പതിപ്പിലാണ് സീരിയലൈസ് ചെയ്തതെന്നോർക്കുക. മനോരമയുടെ തെക്കൻ വായനക്കാർ അതിൽ പ്രതീക്ഷിച്ചത് വള്ളുവനാടൻ പെണ്ണുങ്ങളുമായുള്ള പി.യുടെ വേഴ്ചകളുടെ വിശദാംശങ്ങളാണ്. അന്ന് മനോരമയിൽ വന്നിരുന്ന നീണ്ടകഥകളെ മാതൃകയാക്കൂ എന്നായിരുന്നു സർക്കുലേഷൻ മാനേജരിൽ നിന്നു കിട്ടിയ സമ്മർദ്ദം. പി പരാജയപ്പെട്ടെന്ന് പറയേണ്ടതില്ലല്ലൊ. അങ്ങനെ മലയാള ഗദ്യത്തിന് ഒരു കാവ്യപുസ്തകം കൂടി സ്വന്തമാ‍യി.

എന്റെ കഥ കള്ളമായിരുന്നെന്ന് മാധവിക്കുട്ടി തന്നെ പറഞ്ഞു. പിന്നീട് വന്നതാണ് നീർമാതളം പൂത്ത കാലം തുടങ്ങിയവ. ക്രിയേറ്റീവ് റൈറ്റിംഗ് ഉണ്ടാകാതിരിയ്ക്കുമ്പോൾ ക്രിയേറ്റീവ് റൈറ്റേഴ്സിന് എളുപ്പം ചെയ്യാവുന്ന പണിയായി ആത്മകഥാകുറിപ്പുകളെഴുതൽ. അത്തരമൊരു റൈറ്റേഴ്സ്-ബ്ലോക്ക്-ഇടവേളയിൽ ക്രിയേറ്റീവ് പ്രതിഭ, അനുഭവസമ്പത്ത്, കവിത തോൽക്കുന്ന ഗദ്യം എന്നിവ ചേർന്നപ്പോൾ ഉണ്ടായ മാസ്റ്റർപീസാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ചിദംബരസ്മരണ.

പ്രിയ എ. എസിന്റേതായി മൂന്ന് സമാഹാരങ്ങളാണ് ഇത്തരം കുറിപ്പുകളുടേതായി വന്നത്. മൂന്നും പോപ്പുലറായി. സുഭാഷ് ചന്ദ്രന്റെ മധ്യേയിങ്ങനെ എന്ന പുസ്തകത്തിന്റെ ഒരു ഭാഗത്തെ ഉപതലക്കെട്ടു തന്നെ ആത്മം എന്നാണ്. ഇക്കൂട്ടത്തിൽ വന്ന ശ്രീബാല കെ. മേനോന്റെ 19 കനാൽ റോഡും ഹൈലി റീഡബ് ൾ തന്നെ. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ പുതിയ ആത്മകഥകളൊക്കെയും ഇങ്ങനെ ചുരുങ്ങിപ്പോകുന്നു. എന്നേപ്പോലുള്ള മനോരോഗികളെ കിടത്തി ചികിത്സിപ്പിയ്ക്കേണ്ട പൂങ്കുടിൽ മനകളുടെ സ്ഥാനത്ത് ബ്ലിസ്റ്റർ പാക്കിൽ മാനസമിത്രം ചതുരഗുളികയായി കിട്ടുന്ന സൂപ്പർമാർക്കറ്റുകൾ ഉയരുന്നു.

എന്റെ സുഹൃത്തുക്കളായ ജോർജ് ജോസഫ് കെ.യും ലത്തീഫ് മമ്മിയൂരും അവരുടെ ഓരോ കഥാസമാഹാ‍രങ്ങൾക്ക് ആമുഖമായെഴുതിയ ആത്മകഥാകുറിപ്പുകളാണ് അവരുടെ കഥകളേക്കാൾ എനിക്ക് പ്രിയപ്പെട്ടവ എന്ന അനുഭവം കൂടി ഇവിടെ പങ്കുവെയ്ക്കാതെങ്ങനെ?

മറ്റൊരു പ്രധാനകാര്യം ബഷീറിനെയും എംടിയേയും പോലുള്ള മഹാന്മാരായ എഴുത്തുകാർ സമഗ്രമായ ആത്മകഥകൾ എഴുതുന്നതിൽ നിന്ന് വിട്ടുനിന്നതെന്തേ എന്ന ചോദ്യമാണ്. അവരുടെ ജീവിതാനുഭവങ്ങൾ തന്നെയാണ് പലപ്പോഴും അവരുടെ സാഹിത്യമായത്. ഉദാഹരണത്തിന് എംടിയുടെ നിന്റെ ഓർമയ്ക്ക് എന്ന മനോഹരമായ ചെറുകഥയെടുക്കുക. അത് അദ്ദേഹത്തിന്റെ ആത്മകഥയിലെ ഒരധ്യായം തന്നെ. ആ ഒരു നേർ അനുഭവം പൊടിപ്പും തൊങ്ങലുമില്ലാതെ പകർന്നു വെച്ചതാണ് ആ കഥ. മലയാളത്തിലെ എഴുത്തുകാരെ ഇങ്ങനെ ഭാവനയുടേയും അനുഭവത്തിന്റേയും രണ്ട് ടീമുകളായി തിരിച്ച ഒരു നോട്ടം ഇവിടെ - രത്നാകരൻ ഉരുളക്കിഴങ്ങ് തിന്നിട്ടുണ്ടൊ?

Rammohan Paliyath said...

രത്നാകരൻ ഉരുളക്കിഴങ്ങ് തിന്നിട്ടുണ്ടൊ: http://valippukal.blogspot.com/2007/10/blog-post_31.html

Anonymous said...

nice write up. I am not sure whether you have read memoirs of a geisha. Even though its a fiction, its interesting to note the similarities between nalini jameela's book and "geisha".

അശോക് കർത്താ said...

“ജീവിതാനുഭവങ്ങൾ തന്നെയാണ് പലപ്പോഴും അവരുടെ(ക്രിയേറ്റീവ് റൈറ്റേഴ്സിന്റെ) സാഹിത്യമായത്“
കൃത്യമായ നിരീക്ഷണം.
സാഹിത്യം/കല/വ്യവസായം ഒക്കെ കൊണ്ട് അറിയപ്പെടുന്ന ഒരാള്‍ അയാളുടെ ജീവിതം ഉരുക്കിയൊഴിച്ചാണു അത് തയ്യാറാക്കുന്നത്. അതൂഴിവാക്കിയാല്‍ അയാളുടെ ജീവിതം പലപ്പോഴും പരമദയനീവുമായിരിക്കും. പിന്നെയവര്‍ ആത്മം എഴുതിയാല്‍ അത് മിക്കവാറും ഫിക്ഷനാകും.
“സുഭാഷ് ചന്ദ്രന്റെ മധ്യേയിങ്ങനെ എന്ന പുസ്തകത്തിന്റെ “********
ദൈവമേ അദ്ദേഹം അതും ചെയ്തിട്ടുണ്ടോ?
ഹ..ഹാ

അശോക് കർത്താ said...

രത്നാകരൻ ഉരുളക്കിഴങ്ങ് തിന്നിട്ടുണ്ടൊ: http://valippukal.blogspot.com/2007/10/blog-post_31.html

അവിടെ പോയിരുന്നു.
ഒരു സംശയം?
താങ്കള്‍ തന്നെയാണോ സുഭാഷ് ചന്ദ്രന്‍?

jijijk said...

Sorry, ഈ പോസ്റ്റ് പാളിപോയതു എവിടെയാണെന്നറിയാമോ? ആത്മകഥ എന്നതു ആത്മരതിയായി കണ്‍ഫ്യൂസ് ചെയ്തപ്പോള്‍. നല്ല ആത്മകഥകളായി അവതരിപ്പിച്ച എല്ലാ ഉദാഹരണങ്ങളും ശുദ്ധ Narcissism ആണേ!

ഗുപ്തന്‍ said...

സംഗതി പതിവുപോലെ ഫീകരം.:)

യേശു ക്രിസ്തു ആത്മകഥ എഴുതിയിരുന്നെങ്കില്‍ ലോകചരിത്രം മാറിപ്പോയേനെ എന്ന് തോന്നിയിട്ടുണ്ട്. ബിജെപി ഹിന്ദുമതത്തെ ഹൈജാക്ക് ചെയ്യുന്നതുകാണുമ്പോല്‍ കൃഷ്ണനും രാമനും ഒക്കെ അതാകാമായിരുന്നു എന്നും.
(അനു: സത്യാന്വേഷണ പരീക്ഷണങ്ങള്‍ എഴുതാതിരുന്നെങ്കില്‍ ഗാന്ധിജിക്ക് നാരായണഗുരുവിന്റെ ഗതികേട് വന്നേനേ എന്നും തോന്നിയിട്ടുണ്ട്.)

ഒള്ളതു പറഞ്ഞാല്‍ ഒരുപാടൊന്നും വായിച്ചിട്ടില്ല. എന്‍ എന്‍ പിള്ള ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവര്‍ മാത്രം മലയാളത്തില്‍. (മാധവിക്കുട്ടീനെ വിശ്വസിക്കരുത്! ആത്മകഥയുടെ കാര്യത്തില്‍)

ഗാന്ധിജി അഡോള്‍ഫ് ഹിറ്റ്ലര്‍ (ആഹാ എന്തൊരു കൂട്ട്!) എന്നീരണ്ടെണ്ണം ഇംഗ്ലീഷില്‍. സൌണ്ട് ഓഫ് മ്യൂസിക് കണ്ടത്രില്ലില്‍ അതിന്റെ പുസ്തകം ജര്‍മന്‍ ഒറിജിനല്‍ തപ്പിപ്പിടിച്ചു വായിച്ചു: ജര്‍മന്‍ പഠിക്കുന്നകാലമായിരുന്നതുകൊണ്ടാവാം -- വേണ്ടിയിരുന്നില്ല എന്നു തോന്നി.


ഓര്‍മയില്‍ പിന്നെയുള്ളത് ഓബ്രിമെനന്റെ ഹൃദയത്തില്‍ അല്പം ഇടവും തെത്സുക്കോ കുറോയാനഗി സ്വന്തം ബാല്യത്തെക്കുറിച്ചെഴുതിയ ടോട്ടോചാന്‍: ജനാലക്കരികിലെ വികൃതിക്കുട്ടി എന്ന പുസ്തകവുമാണ്.

****************

ജോണ്‍ എബ്രഹാം ആത്മകഥ എഴുതിയിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടില്ലേ?

*****************

ആ ബൈറണ്‍ കഥയില്‍ ഒരു വശപിശക് . Nympha pudica Deum vidit, et erubuit – ബുദ്ധിമതിയായ ജലകന്യക ദൈവത്തെ കണ്ടു അവള്‍ ലജ്ജാവിവശയായി എന്നത്
Richard Crashaw 1635ല്‍ എഴുതിയ Epigrammatum sacrorum liber, എന്ന പുസ്തകത്തിലെ വരികള്‍ ആണ്. വളരെ പ്രശസ്തം. കാനായിലെ കല്യാണം തന്നെ വിഷയം എന്ന് തോന്നുന്നു- കാരണം പുസ്തകത്തിന്റെ തലക്കെട്ട് ദൈവിക കാര്യങ്ങളെക്കുറിച്ച് എന്നാണ് സൂചിപ്പിക്കുന്നത്. അതെങ്ങനെ ബൈറന്റെ തലയില്‍ വന്നു എന്ന് വര്‍ണ്യത്തിലാശങ്ക. http://en.wikipedia.org/wiki/Richard_Crashaw ഇവിടെ ആളിന്റെ ജീവചരിത്രമുണ്ട് ഈ വരിയില്ല. എങ്കിലും ഉറപ്പാണ്.

ഗുപ്തന്‍ said...

.

ഗുപ്തന്‍ said...

ശ്യൊ.. Nympha pudica ബുദ്ധിമതിയായ [ജല]കന്യകയല്ല..മോഡസ്റ്റ് ആയ എന്നാണ്. ഈ അടക്കമൊതുക്കം എന്ന പറട്ടവാക്കല്ലാതെ അല്ലാതെ അതിന് മലയാളമൊന്നും ഇല്ലേ ?

Rammohan Paliyath said...

കർത്താവേ, അതു ഞാനല്ല. എന്റെ ഫോട്ടോയും സ്ഥലജലവിഭ്രമങ്ങളുമുണ്ട് പ്രൊഫൈലിൽ. സുഭാഷ് മഹാരാജാസിൽ എന്റെ ജൂനിയറായിരുന്നു. കടുങ്ങല്ലൂരുകൂടെ പാസു ചെയ്യുമ്പോ ഫാര്യയോട് ഇതാണ് സുഭാഷിന്റെ വീട് എന്നു പറഞ്ഞ് ഒരു വലിയ ഓലക്കുടിൽ കാണിച്ചുകൊടുക്കാറുണ്ടായിരുന്നു ഞാൻ. നുണ. വിക്കിമാപ്പിയ വന്നപ്പോൾ ആദ്യം കാണാനാഗ്രഹിച്ചത് അതിന്റെ സത്യാവസ്ഥയായിരുന്നു. സുഭാഷിനോട് മെയിൽ ചെയ്ത് അത് കണ്ടുപിടിച്ചു.

മെർകുഷിയോ, നിങ്ങൾ പത്തുപേരും പറഞ്ഞത് ഞാനും അംഗീകരിച്ചിരിക്കുന്നു. എനിക്ക് ചികിത്സ വേണ്ടതുണ്ട് എന്ന് ഞാനാദ്യമേ പറഞ്ഞിരുന്നല്ലൊ. നല്ല ആത്മകഥകളുടെ ഒരു ലിസ്റ്റ് തന്നാൽ വായിക്കാൻ ശ്രമിക്കും. പക്ഷേ വായിക്കുന്നത് ഞാൻ തന്നെയായിരിക്കും. ഹാ, കഷ്ടം.

ഗുപ്തരേ, ആ പിരിയഡ് ഇഷ്ടപ്പെട്ടു. ഇത്തരം കഥകൾ അധികവും വെച്ചുകെട്ടലുകളായിരിക്കും എന്നറിയാതെയല്ല. എങ്കിലും കേൾക്കാൻ രസമുള്ളവയെ ആവർത്തിക്കാതിരിക്കുന്നതെങ്ങനെ? എന്തായാലും റിച്ചാർഡ് ക്രാഷായുടെ നമ്പരിനേക്കാൾ എനിക്ക് ബോധിച്ചത് ബൈറണിൽ ആരോപിയ്ക്കപ്പെട്ടതുതന്നെ.

ടോട്ടോചാൻ വായിക്കാൻ കിട്ടിയിട്ടില്ല. എന്നാൽ ഒബ്രിയുടേതിന്റെ മലയാളപരിഭാഷ വായിച്ചിട്ടുണ്ട്.അതോർക്കാതിരുന്നത് മഹാപാപമായിപ്പോയി - കാരണം ഒരു കാലത്ത് അതെന്റെ ഡിയറസ്റ്റ് ആയിരുന്നു, അതുവഴി അതിന്റെ പരിഭാഷകൻ സുന്ദറുമായി [കലാകൗമുദിയിലെ പണ്ടത്തെ ഫേമസ് ഫീച്ചറെഴുത്തുകാരൻ] ചങ്ങാത്തത്തിലുമായതാണ്.

ജോൺ ഏബ്രഹാത്തിന്റെ ആത്മകഥയ്ക്കു മുൻപേ ഞാൻ സുരാസുവിന്റെ ആത്മകഥ വാങ്ങിയേനെ.

Rammohan Paliyath said...

ചേനക്കാര്യം: മെർകുഷിയോ, ആ വള്ളത്തോൾവിമർശത്തിന് ഞാൻ തന്ന ലിങ്ക് നോക്കിയോ?

ഗുപ്തന്‍ said...

ഹൊ കമന്റ് ട്രാക്ക് ചെയ്യാന്‍ വേണ്ടി ഇട്ട പീരീയഡിനെ കൂടുതുറന്നു വിട്ടതും പോരാ അന്തകുന്തത്തിനിന്തക്കുത്തും... ജയിച്ചു!!

ടോട്ടോയും മെനനും മലയാളം പരിഭാഷ വായിച്ചതുകൊണ്ടാണ് ഒരുമിച്ചിട്ടത്. പീഡിയെഫ് വായിക്കുന്ന ദുശ്ശീലം ഉണ്ടെങ്കില്‍ പുസ്തകമിവിടെയുണ്ട് ഇംഗ്ലീഷില്‍: http://www.scribd.com/doc/7119967/TottochanThe-Little-Girl-at-the-Window ഡൌണ്‍ലോഡ് ബട്ടനില്‍ നിന്ന് പീഡീയെഫോ വേഡോ സെലെക്റ്റ് ചെയ്യണം.

ജോണ്‍ സൂരാസു കമന്റില്‍ പ്രതിഷേധിച്ച് ബ്ലോഗടച്ചു പ്രതിഷേധത്തിനും അതില്‍ വഴങ്ങിയില്ലെങ്കില്‍ ഭീകരാക്രമണത്തിനും ആഹ്വാനം ചെയ്യുന്നു :))

Anonymous said...

ആരാ ഈ ജോണും സുരാസുവും കള്ളുകുടിയന്‍സാ?


മെര്‍ക്കു ഈ പോസ്റ്റു തന്നെ ആത്മരതിയായില്ലേന്നൊരു... (കമന്റുകള്‍ സാക്ഷ്യം)

Rammohan Paliyath said...

അനോൻസ്, പോസ്റ്റല്ല, ബ്ലോഗ് മൊത്തം തന്നെ ആത്മരതിയാ. സ്വയംബ്ലോഗം.

vadavosky said...

ഭാഷാപോഷണിയുടെ ആത്മകഥാ സീരീസില്‍ ഏറ്റവും touching ആയത്‌ ഉമ്പാച്ചിയുടേയും കലാമണ്ഡലം ഹൈദരാലിയുടേതുമായിരുന്നു. ഒരു ആത്മരതിയുമില്ല.

jijijk said...

പഴയ ‘ലിങ്ക’ത്തിനു ശേഷം പുതിയ ‘സ്വയംബ്ലോഗം’ കലക്കി. പതിവു പോലെ!!

smitha adharsh said...

ആത്മ കഥകളുടെ ലിസ്റ്റില്‍പ്പെടുത്തവുന്നവയില്‍ ഭേദപ്പെട്ടെ കുറച്ചു കൂടി പറയട്ടെ..
പൂര്‍ണ്ണമായും ആത്മ കഥകള്‍ ആവണം എന്നില്ല.അങ്ങനെയല്ലെങ്കില്‍ എന്നെ തല്ലാന്‍ വരരുതു പ്ലീസ്..
മൃണാളിനി സാരാഭായ് - പുസ്തകത്തിന്റെ പേരു ഓര്‍മ്മയില്ല
അജീത് കൌര്‍ - പുസ്തകത്തിന്റെ പേരു ഒട്ടും ഓര്‍ക്കുന്നില്ല
എം.ടി.വാസുദേവന്‍ നായര്‍ - അമ്മയ്ക്ക്,സ്നേഹാദരങ്ങളോടെ ( രണ്ടിലും ആത്മ കഥാംശം ഉണ്ടെന്നു എം.ടി.തന്നെ അവകാശപ്പെടുന്നു)
ചലച്ചിത്രനടനും,സംവിധായകനും ആയ ശ്രീനിവാസന്‍ - പടച്ചോന്റെ തിരക്കഥകള്‍.
സത്യന്‍ അന്തിക്കാട് - ഓര്‍മ്മകളുടെ കുടമാറ്റം.
മമ്മൂട്ടി - കാഴ്ചപ്പാട്
സംവിധായകന്‍ കമല്‍ - ഓര്മ്മച്ചിത്രം
ഇതെന്താ..മുഴുവന്‍ സിനിമക്കാരെ ചുറ്റിപ്പറ്റി എന്നോര്‍ത്ത് കണ്ണ് മിഴിക്കണ്ട,അക്ഷര വിരോധിയായ എന്റെ സ്വന്തം ഭര്‍ത്താവിനെ ഒരു വായനക്കാരനാക്കാന്‍ പരിശ്രമിച്ചതിന്റെ ബാക്കി പത്രം ആണ് ഇതെല്ലാം..മൂപ്പര് നല്ല അസ്സല്‍ സിനിമ പ്രേമി.അപ്പൊ,സിനിമയും ആയി ബന്ധപ്പെട്ടവരുടെ പുസ്തകങ്ങള്‍ എങ്കിലും വായിക്കുമല്ലോ എന്ന് വിചാരിച്ചു കഴിഞ്ഞ തവണ വാങ്ങിക്കൂട്ടിയ പുസ്തകങ്ങള്‍ എല്ലാം സിനിമാക്കാരുടെ.പക്ഷെ, അത് ഏറ്റു.കക്ഷി,നല്ല കുട്ടിയായി വായിച്ചു.അതില്‍ ഇന്നസെന്റ് ന്റെ "മഴക്കണ്ണാടി",
കല്പനയുടെ "ഞാന്‍ കല്പന",
മുകേഷ് ന്റെ "മുകേഷ് കഥകള്‍"
ഇതെല്ലാം പെട്ടു.പുസ്തകം വാങ്ങിയപ്പോള്‍,ചിലവാക്കിയ കാശ് നഷ്ടമായി എന്ന് ഒരിയ്ക്കലും തോന്നിയതെ ഇല്ല. അത് സത്യം.
ഇവരെല്ലാം ഷൂട്ടിങ് ഇടവേളകളിലെ നേരമ്പോക്കുകള്‍ പുസ്തകമായി എഴുതിക്കൂട്ടിയതല്ല എന്നൊരു സാക്ഷ്യപത്രം എനിക്ക് തരാന്‍ കഴിയും. പിന്നെ,മാധവിക്കുട്ടി പൂനയിലെയ്ക്ക് ചേക്കെറുന്നതിന് മുന്പായി "ആത്മ കഥാംശം നിറയുന്ന ഒരു ലേഖന സമാഹാരം" എന്ന് വിശേഷിപ്പിച്ചു കൊണ്ടു ഒരു കൃതി കൂടി പുറത്തിറക്കിയിട്ടാണ് കൊച്ചി വിട്ടത്."ബുധനിലാവ് ".വാര്‍ദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളും,മലയാളി വായനക്കാരുടെ "തെറിക്കത്തുകളിലൂടെയുള്ള സ്നേഹപ്രകടനത്തെപ്പറ്റിയും" അവര്‍ അതില്‍ വിവരിക്കുന്നുണ്ട്....
വാസസ്ഥലമായ മരം കാണുവാന്‍ ബുദ്ധിമുട്ടുന്ന ഒരു കുരുടിപ്പറവയായി അവര്‍ അതില്‍ സ്വയം വിശേഷിപ്പിക്കുന്നുണ്ട്.
പൂര്‍ണ്ണമായും ആത്മകഥകളെ മാത്രം ഉള്‍ക്കൊള്ളിച്ചു കൊണ്ടു ഒരു ലിസ്റ്റ് ഉണ്ടാക്കുകയാണെങ്കില്‍ ഞാന്‍ പറഞ്ഞവയൊന്നും അതില്‍ ഇടം പിടിക്കാന്‍ വഴിയില്ല.മൃണാളിനി സാരാഭായിയുടെ ഒഴിച്ച്.ഇത്ര എഴുതിയതല്ലേ..ഒന്നു കൂടി പറയട്ടെ..ലീല മേനോന്‍ന്റെ "നിലയ്ക്കാത്ത സിംഫണി" ഈ ലിസ്റ്റില്‍ കണ്ടതെ ഇല്ല..!! എന്തുകൊണ്ട്??
വായിക്കാന്‍ വിട്ടു പോയതാണോ,അതോ,അതിനുള്ള നിലവാരം ഇല്ലെന്നു തോന്നിയിട്ടോ?എന്റെ അറിവ് ശരിയാണെങ്കില്‍ ലീല മേനോന്‍ അതിനെ "ബയോഗ്രഫി" എന്ന് തന്നെയാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ഹൃദയത്തെ സ്പര്‍ശിച്ച ഒരു കൃതിയായി തന്നെ എനിക്കതിനെ തോന്നി കേട്ടോ.
പോസ്റ്റ് ഒരുപാടു ഇഷ്ടപ്പെട്ടു എന്ന് ഞാന്‍ ആദ്യമേ പറയാന്‍ വിട്ടു പോയി.സോറി.

Sundaran said...

http://www.amazon.com/Words-Jean-Paul-Sartre/dp/0394747097

Sundaran said...

And no need to be afraid of Dylan Thomas too.
www.amazon.com/Portrait-Artist-As-Young-Dog/dp/0811202070

Rammohan Paliyath said...

സുന്ദരൻ ജി, വേഡ്സിനെപ്പറ്റി കേട്ടിട്ടേയുള്ളു, തൊട്ടിട്ടില്ല. ഡിലാൻ തോമസിന്റെ പന്തു മാത്രമേ അറിയാം [മേതിൽ].

സ്മിത പറഞ്ഞവയിൽ മുകേഷിന്റേത് നന്നായിരുന്നെന്ന് കേട്ടു. ലീലാ മേനോൻ എന്നു കേട്ടപ്പോൾ ലീലാ ദാമോദരമേനോന്റെ വിധവാവിലാപവും ഓർത്തു: ചേട്ടന്റെ നിഴലിൽ.

വായിച്ച് ഇഷ്ടപ്പെട്ടവയിൽ വൈലോപ്പിള്ളിയുടെ കാവ്യലോകസ്മരണകളും കെ. പി. അപ്പന്റെ ഹ്രസ്വമെങ്കിലും ഗംഭീരമായ ആത്മകഥാകുറിപ്പുകളും എഴുതാൻ വിട്ടുപോയി.

അപ്പന്റെ ഓർമയിൽ, തിരസ്കാരത്തിൽ അദ്ദേഹം എടുത്തുചേർത്തിരുന്ന ഷെനെ വചനവും ഓർമവന്നു: ലോകം എന്നെ തിരസ്കരിച്ചു, ലോകത്തെ ഞാനും.

വഡൂസേ, ഹൈദരാലിയേയും ഉമ്പാച്ചിയേയും ഞാൻ കണ്ടില്ലെന്നു തോന്നുന്നു.

ആത്മരതിക്കാരനായതുകൊണ്ടായിരിക്കും മറ്റുള്ളവരുടെ ആത്മരതി എഞ്ചോയ് ചെയ്യാൻ പറ്റുന്നത്

prasanth kalathil said...

കെ. പി. അപ്പന്റെ ആത്മകഥാക്കുറിപ്പുകൾ: അത് അപ്പന്റെ ഏതെഴുത്തും പോലെ അതിമനോഹരമായിരുന്നു (പൊതുവെ നിരൂപകർക്ക് അന്യമായ സൌന്ദര്യാത്മകമായ ഭാഷ).

അദ്ദേഹം മരിച്ചത് അറിഞ്ഞിട്ടാണോ തൊട്ട് മുൻപത്തെ കമന്റിൽ ആ പേര് കയറിയത് ?

Rammohan Paliyath said...

Last night, talked about K P Appan with Basheer Mechery, a story writer and a friend of mine. And remembered his short but beautiful autobiograph and wanted to include it in the list. And today morning, there came the joker who has no stage sense.

അശോക് കർത്താ said...

ആത്മകഥാ സാഹിത്യത്തെപ്പറ്റി അഭിപ്രായ ഭിന്നതയുണ്ടെങ്കിലും വായനാ സുഖമുള്ള അനേകം രചനകളുടെ പേരുകല്‍ ചര്‍ച്ചയിലൂടെ കടന്ന് വന്നത് നന്നായി. അവ ലിസ്റ്റാക്കി ഇട്ടാല്‍ കൊള്ളാം. പിന്നീട് ഒരു റഫറന്‍സിനും വേറെ ആര്‍ക്കെങ്കിലും പറഞ്ഞുകൊടുക്കാനും. ഇത്തരം ചര്‍ച്ചകള്‍ കൊള്ളാം. അതു പോലെ “സ്വയംബ്ലോഗം“ എന്ന പ്രയോഗവും. പക്ഷെ ഒരു കൊയപ്പമൊണ്ട്...മനോരമ, മാതൃഭൂമ്യാദികള്‍ എന്നാണു ഇതൊക്കെ മോഷ്ടിക്യാ എന്ന് പറയാനാവില്ല.

നിസ്സംഗന്‍ said...

ആത്മകഥകള്‍ക്കിടയില്‍ മലയാറ്റൂരിന്റെ സര്‍വീസ് സ്റ്റോറി വളരെ മനോഹരമായ ഒന്നായി തോന്നിയിരുന്നു , മാക്സിം ഗോര്‍ക്കിയുടെ My Apprenticeship ന്റെ മലയാള പരിഭാഷ പരിശീലനം വായിച്ചതില്‍ വെച്ച് ഏറ്റവും സത്യ സന്ധത നിറഞ്ഞ ആത്മഭാഷണമാണ് ..

Rammohan Paliyath said...

സർവീസ് സ്റ്റോറിയും മലയാറ്റൂരിന്റെ തന്നെ ഓർമകളുടെ ആൽബവും എഴുതാൻ വിട്ടതാ. ആൽബം ഈയിടെയാണ് വായിച്ചത്. എന്ത് സുന്ദരൻ പ്രോസ്.

റഷ്യൻ ആത്മകഥയെപ്പറ്റി പറഞ്ഞപ്പളാ വർഷങ്ങളായി കയ്യിലുണ്ടായിരുന്നിട്ടും വായിക്കാൻ തുടങ്ങാഞ്ഞ സേഫ് കണ്ടക്റ്റിനെ ഓർത്തത്. പാസ്റ്റർനാക്കിന്റെ ഹ്രസ്വമായ ആത്മകഥ. ആ ബുക്ക് നാട്ടിൽ കുടുങ്ങി. ഷിവാഗോയും വായിച്ചിട്ടില്ല. പക്ഷേ ഡേവിഡ് ലീനിന്റെ സിനിമ ഈയിടെ കണ്ടു. വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാനാവാത്തവിധം ഹോണ്ടിംഗ്. പക്ഷേ നായികയുടെ പേരായിരുന്നു നോവലിനും സിനിമയ്ക്കുമിടേണ്ടിയിരുന്നത്. സുമലതയുടെ ക്ലാരയ്ക്കു വേണ്ടിയുള്ള ഒരു ഒർക്കുട്ട് കമ്മ്യൂണിറ്റി കണ്ടപ്പോൾ julie christieയുടെ ലാറ ആന്റിപ്പോവ എവിടെ എന്ന് നോക്കിപ്പോയി.

Anonymous said...

dont miss nananju poyi enkilum jwala by K Balakrishnan

Sunil

Anonymous said...

പാലിയത്തേ,
നിങ്ങളുടെ ഇഷ്ടഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ അടിയന്റേയും പുത്തകം ചേര്‍ത്തതില്‍ വല്യ ഒപകാരം! ഞാന്‍ താനല്ലയോ നീ എന്ന്‌ ഒരു അദൈ്വതിക്ക്‌ ആപല്‍ശങ്ക തോന്നിയതും ക്ഷ പിടിച്ചു. സത്യം പറഞ്ഞാല്‍ കുമാരി നളിനി ജമീലയുടെ സര്‍ഗവൈഭവത്തിനു മുന്നില്‍ നമ്മളൊക്കെ ആര്‌? അവള്‍ വരികള്‍ക്കിടയ്‌ക്ക്‌ വായിക്കുമ്പോള്‍ വരിയുടയാതെ സൂക്ഷിക്കാന്‍ നമ്മള്‍ പെടുന്ന പാട്‌!

Rammohan Paliyath said...

ഹ ഹ ഹ അതു ഫയങ്കര ഡബ് ൾ തമാശയായിപ്പോയി സുഭാഷേ - ഞാൻ സുഭാഷാണോ എന്നു ഇവിടെ ചോദിച്ചയാൾ - ജി. അശോക് കുമാർ കർത്താ -സുഭാഷിനെപ്പോലെ ഒരു വിഷുപ്പതിപ്പ് കഥാവിന്നറായിരുന്നു. സുഭാഷ് ഈയിടെ എഡിറ്റ് ചെയ്ത് മാതൃഭൂമി ഇറക്കിയ പാദമുദ്രകൾ എന്ന വിഷുപ്പതിപ്പ് സൃഷ്ടികളുടെ സമാഹാരത്തിലുമുണ്ട് കർത്താവിന്റെ കർമ്മം എന്നാണറിവ്. സഭാഷ്!

എന്റെ ചേരാനെല്ലൂർ കർത്താവേ എന്ന് എൻ. എസ്. മാധവൻ വിളിക്കുന്നത് പിന്നെയും കേട്ടു ഞാൻ. ബ്ലോഗന്നൂരിലിപ്പോൾ എന്റെ അറിവിൽ രണ്ട് കർത്താക്കാന്മാരുണ്ട്. എന്തിനധികം!

Anonymous said...

ഇംഗ്ലീശ് നന്നവാന്‍ ഡികന്സ് വായിച്ചു, സറി. സന്‌ഡേ മംഡേ വീക്കിലി ധ്യാനിച്ചു, സറി. പച്ചേ, it's lord ല് എവെടിന്റ്‌ നായു? ഭൂമി മാലയാളത്തില്‍ നാം ഒരു എഡിറ്ടന്‍ ആയിരുന്നു എന്നതുംസറി. സാറെ സമയകുറവ് കൊണ്ട് ഓവര്‌സൈട് ആയത് ആയിരിക്കും എന്ന് സമാധാനിക്കുന്നു. അതോ 99.9% മല്ല്ലുകളുടെയും അസ്സല്‍ സഹോദര എന്നാറിയോ സാര്? Pottukuttan ariyatha.......

Anonymous said...

ഇംഗ്ലീശ് നന്നവാന്‍ ഡികന്സ് വായിച്ചു, സറി. സന്‌ഡേ മംഡേ വീക്കിലി ധ്യാനിച്ചു, സറി. പച്ചേ, എവെടിന്റ്‌ നായു? ഭൂമി മാലയാളത്തില്‍ നാം ഒരു എഡിറ്ടന്‍ ആയിരുന്നു എന്നതുംസറി. . സാറെ സമയകുറവ് കൊണ്ട് ഓവര്‌സൈട് ആയത് ആയിരിക്കും എന്ന് സമാധാനിക്കുന്നു. അതോ 99.9% മല്ല്ലുകളുടെയും അസ്സല്‍ സഹോദര എന്നാറിയോ സാര്

Dr.Kanam Sankar Pillai MS DGO said...

ബി.കല്യാണി അമ്മ,
റോസി തോമസ്,
രാധാലക്ഷ്മി പത്മരാജന്‍ ,
സീതാലക്ഷ്മി ദേവ്,
പ്രഭാ നാരായണപിള്ള,
പാര്‍വതി പവനന്‍,
വയലാറിന്‍റെ ഭാര്യ ഭാരതിത്തമ്പുരാട്ടി
എന്നിവരുടെ സ്മരണകള്‍ വായിക്കാന്‍ സാധിച്ചു.

ഭര്‍ത്തൃ വിയോഗത്തിനു ശേഷം എഴുതിത്തുടങ്ങിയവരാണ് മിക്കവരും.
പ്രമീളാനായര്‍ വിവാഹമോചനത്തിനു ശേഷം എഴുത്തുകാരിയായി\
അറിയപ്പെട്ടു.എങ്കിലും എം.ടിയെ കുറിച്ചൊന്നും എഴുതിയില്ല.
ഒന്നിച്ചു താമസ്സിച്ച കാലത്തു തന്നെ അവര്‍ എഴുതിത്തുടങ്ങാഞ്ഞതു
കാര്യമായി.അല്ലെങ്കില്‍ ഭര്‍തൃ സഹായത്താല്‍ എഴുതപ്പെട്ടതെന്നു
ദോഷൈകദൃക്കുകള്‍ പറഞ്ഞേനെ.

വീണ്ടും ഒരു ജന്മം കിട്ടിയാല്‍ സി.ജെയുടെ ഭാര്യ ആകേണ്ട
എന്ന ആഗ്രഹം പറഞ്ഞു നമ്മെ ഞെട്ടിച്ച റോസി തോമസ്സിന്‍ റേതാണ്
എറ്റവും നല്ലകൃതി (സ്മരണകള്‍) എന്നു പലരും എഴുതി കണ്ടു.
എന്നാല്‍ അതീവ ബുദ്ധിമാന്മാരും കിറക്കരും ആയ ഭര്‍ത്താക്കന്മാരെ
കിട്ടിയ റോസി.പ്രഭാ നാരയണപിള്ള എന്നിവരെ താരതമ്യപ്പെടുത്തിയാല്‍
പ്രഭാ നാരായണപിള്ളയുടെ സ്മരണകള്‍ക്കു ഞാന്‍ കൂടുതല്‍ മാര്‍ക്കു
നല്‍കും.

Rammohan Paliyath said...

Sanakarappillai Sir, Ende athmakathayile oru page saarinullathayiriykkum. Pandu Janayugam vayicha kalam orkkumbol. Thanks. Rammohan

വാക്കുകളുടെ വൻകരകൾ said...

have yu read bergmann's magic lantern and bulgakov's blacksnow?

K.P.Sukumaran said...

കിട്ടാവുന്നിടത്തോളം ആത്മകഥകള്‍ വായിക്കണമെന്നാണ് എന്റെ അഭിപ്രായം. എന്തെന്നാല്‍ യാഥാര്‍ഥ്യങ്ങളോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന ഫിക്‍ഷനുകളാണ്. അതേ സമയം ആത്മകഥ എഴുതുന്നതിനോട് എനിക്ക് യോജിപ്പുമില്ല. ആരും അവനവന്റേതായ ഒരു തെളിവുകളും അവശേഷിപ്പിക്കരുത് എന്ന് വെറുതെ ഞാന്‍ കരുതുന്നു. ഒരാളുടെ ജീവിതം,ജീവിച്ചു തീര്‍ന്നതിന് ശേഷം ഒരു നുണയാണ് എന്ന് ഓഷോവില്‍ നിന്ന് വായിച്ചത്കൊണ്ട് എന്നില്‍ രൂപപ്പെട്ട കരുതലാണിത്.

Rahim Teekay said...

'ഞാന്‍' എന്ന കേമപ്പെട്ട സംഭവത്തെ തഴുകിതലോടി ഉണര്‍ത്തി ആനന്ദമൂര്‍ച്ചയില്‍ എത്തുന്നതിന്റെ മികച്ച ഉദാഹരണങ്ങളാണ്‌ മിക്ക ആത്മകഥകളുമെന്ന് എസ്.ശാരദക്കുട്ടി.(ആത്മാവ്‌ പറയുന്ന കള്ളങ്ങള്‍)

അഴീക്കോടിന്റെ ആത്മകഥ മാതൃഭൂമിയില്‍ തുടരന്‍ വായിക്കേണ്ടി വന്നത്തിന്റെ മനം പിരട്ടല് ഇപ്പോഴും മാറിയിട്ടില്ല.

Indian said...

Claude Hopkins ന്‍റെ ആത്മകഥയുടെ മലയാളം പരിഭാഷ കിട്ടുമോ സഹോദര ?

Rammohan Paliyath said...

ക്ലോഡ് ഹോപ്കിന്‍സിന്റെ ആത്മകഥ, ഇംഗ്ലീഷ് കിതാബ് എന്റെ കയ്യിലുണ്ട്. അതിന്റെ പിഡീഎഫും തപ്പിയാല്‍ കിട്ടിയേക്കും. മലയാള പരിഭാഷ ആരും ചെയ്തു കാണാന്‍ സാധ്യതയില്ല. വളരെ ലളിതമായ ഇംഗ്ലീഷാണ്. ചെറിയ ചെറിയ വാചകങ്ങള്‍.

Related Posts with Thumbnails