Saturday, November 17, 2007

സൂപ്പര്‍മാന്റെ ഭൂമിയില്‍ ഹനുമാന്റെ ഉത്സവം



ഉപകാരം ചെയ്തവരെ നമ്മള്‍ ഒന്നുകില്‍ ഉപദ്രവിക്കും, അല്ലെങ്കില്‍ പ്രത്യുപകാരം ചെയ്യും. പ്രത്യുപകാരം മറക്കുന്ന പൂരുഷന്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നാണ് രാമായണം കിളിപ്പാട്ടില്‍ എഴുത്തച്ഛന്‍ എഴുതിയിരിക്കുന്നത് (അതാണ് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലിന്റെ ഒറിജിന്‍). ഉപകാരം മറന്ന് ഇന്‍ഡിഫറന്റായിത്തീരുന്ന ബന്ധങ്ങളുമുണ്ട്. വളിവയറന്നായമ്മാരുടെയും മറ്റും ആത്മകഥകളില്‍ കാണുന്ന പോലെ 'ഞങ്ങടെ വടക്കേപ്പുറത്ത് വന്ന് കഞ്ഞിവെള്ളം കുടിച്ചിരുന്നതാ അവന്റെ അമ്മ, ഇപ്പൊ അവനൊക്കെ ആരാ' എന്നിങ്ങനെയുള്ള ഫ്യൂഡലിസ്റ്റിക് നൊസ്റ്റാള്‍ജിയകളെ ഉപകാരവും മനുഷ്യത്വവും കമ്മ്യൂണിസവുമെല്ലാമായി സ്വയം തെറ്റിദ്ധരിക്കുന്ന കടുത്ത രാഷ്ടീയവാദികളുമുണ്ട്. (ഭാഷാപോഷിണികളില്‍ അച്ചടിച്ചുവരുന്ന ആത്മകഥകളിലായിരിക്കില്ല, സവര്‍ണര്‍ മാത്രമുള്ള കള്ളുകുടി ഏമ്പക്കങ്ങളിലും മറ്റുമാണ് ഇത്തരം തേറ്റകള്‍ പുറത്തുകാണുക).

രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാം അയോദ്ധ്യാമടവീം വിദ്ധി, ഗച്ഛ തഥാ യഥാ സുഖം (രാമനെ ദശരഥനായും സീതയെ അമ്മയായും അടവിയെ (വനത്തെ) അയോദ്ധ്യയായും കരുതുക എന്നതാണ് ഈ വരികളുടെ ഒരര്‍ത്ഥം) - ഇതാണ് രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം എന്നാണ് പന്തിരുകുലകഥ. എന്നാ‍ല്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച കഥാസന്ദര്‍ഭം ഇതല്ല. അതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകവും ഇതാകാന്‍ വഴിയില്ല. സംസ്കൃതമറിയാത്തതുകൊണ്ട് മൂലവും കയ്യില്‍ക്കിട്ടാത്തതുകൊണ്ട് വള്ളത്തോളിന്റെ പരിഭാഷയും വായിച്ചിട്ടിലാത്തതുകൊണ്ട് പ്രത്യുപകാരത്തെപ്പറ്റിയുള്ള ആ കഥാസന്ദര്‍ഭത്തെപ്പറ്റി കേട്ടറിവേയുള്ളു. തനിക്ക് ഏറ്റവുമധികം ഉപകാരങ്ങള്‍ ചെയ്തു തന്ന ഹനുമാനോട് സരയുവിലിറങ്ങി എന്നെന്നേയ്ക്കുമായി മറയുന്നതിനുമുമ്പ് ശ്രീരാമന്‍ പറയുന്ന യാത്രാമൊഴിയാണ് എന്റെ മനസ്സു തൊട്ടത്. 'നിങ്ങളെനിക്ക് ഒരുപാട് ഉപകാരങ്ങള്‍ ചെയ്തു തന്നു. പ്രത്യുപകാരം ചെയ്യാന്‍ എനിക്കൊരു അവസരം കിട്ടാതെ പോകട്ടെ' എന്നാണത്രെ ശ്രീരാമന്‍ ഹനുമാനോട് പറഞ്ഞത്. ആദ്യമായി അമ്മ ഇതു പറഞ്ഞു കേട്ടപ്പോള്‍, ബാലമനസ്സില്‍ അതിന്റെ അര്‍ത്ഥം തെളിഞ്ഞില്ല. പകരമായി എന്നെങ്കിലും ഒരുപകാരം ചെയ്തു തരാമെന്നു പറഞ്ഞാല്‍ എന്നെങ്കിലും നിങ്ങള്‍ക്കതിന്റെ ആവശ്യമുണ്ടാകട്ടെ എന്നും അര്‍ത്ഥമാകുമല്ലൊ. എന്റെ പ്രത്യുപകാരം സ്വീകരിക്കാനും മാത്രം ഒരവസ്ഥ, പരസഹായം വേണ്ടിവരുന്ന ഒരു സന്ദര്‍ഭം... അങ്ങനെ ഒന്നുമുണ്ടാകാത്ത യഥാര്‍ത്ഥ സൌഖ്യമാണ് ശ്രീരാമന്‍ ഹനുമാന് ആശംസിച്ചത്. എന്താണിവിടുത്തെ മൂലശ്ലോകം? എന്തായാലും തായ് ലന്‍ഡിലെ ലോപ്ബുരി (Lopburi) പട്ടണവാസികള്‍ ഈ ശ്ലോകത്തെപ്പറ്റി കേട്ടിട്ടില്ലെന്നു തോന്നുന്നു. അതുകൊണ്ടാണ് എല്ലാ വര്‍ഷവും നവംബര്‍ അവസാനവാരം അവര്‍ ആ പട്ടണത്തില്‍ വസിക്കുന്ന വാനരര്‍ക്ക് വിരുന്നൊരുക്കുന്നത്. (ശ്രീരാമന് വാനരശ്രേഷ്ഠനായ ഹനുമാന്‍ ചെയ്തു കൊടുത്ത ഉപകാരങ്ങളുടെ നന്ദിസൂചകമായിട്ടാണത്രെ ഈ വിരുന്നൂട്ട്). ഈ പട്ടണത്തിനുള്ളില്‍ത്തന്നെ പട്ടണജീവിതത്തോടിണങ്ങി സ്വതന്ത്രജീവിതം നയിക്കുന്ന അറുന്നൂറിലേറെ വാനരര്‍ അക്കാരണംകൊണ്ടു തന്നെ ടൂറിസ്റ്റുകള്‍ക്കും അനിമല്‍ ബിഹേവിയര്‍ സയന്റിസ്റ്റുകള്‍ക്കും കൌതുകമാണെന്നിരിക്കെയാണ് വര്‍ഷാവര്‍ഷമുള്ള ഈ വാനരോത്സവം. അതുകൊണ്ടുതന്നെ ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് ഇതുകാണാന്‍ ലോപ്ബുരിയെലെത്തുന്നത്. മൂവായിരത്തിലധികം കിലോ വരുന്ന പഴങ്ങളും മറ്റുമാണ് ഇവിടെ നഗരചത്വരത്തില്‍ ഇങ്ങനെ കാഴ്ചവെയ്ക്കപ്പെടുന്നത്. കൂടെ നഗരവാസികളായതുകൊണ്ട് ഈ വാനരര്‍ക്ക് പ്രിയം വന്നുപോയ പെപ്സി പോലുള്ള കാന്‍ഡ് പാനീയങ്ങളും. ലോകമെങ്ങും ലക്ഷക്കണക്കിന് മനുഷ്യര്‍ പട്ടിണി കിടക്കുമ്പോഴാണോ ഈ തെമ്മാടിത്തരം എന്ന് ചോദിക്കുന്നവരുണ്ടാകും. ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ എന്ന ചെറുകഥ അവര്‍ക്ക് വായിക്കാന്‍ കൊടുക്കാം. സര്‍പ്പക്കാടിന് തീയിട്ട വൈലോപ്പിള്ളിക്കവിതയെ കവിത എന്ന നിലയില്‍ ഇന്നും വായിക്കാം. എന്നാല്‍ നൂറ്റാണ്ടുകളായിത്തുടരുന്ന പരിസ്ഥിതിപീഡനത്തിലൂടെ നമ്മള്‍ തന്നെ ആ കവിതയുടെ രാഷ്ട്രീയം മാറ്റിയെഴുതി. അന്ധവിശ്വാസത്തിന്റെ വിഷപ്പല്ലുകള്‍ കളഞ്ഞാല്‍ വിഷസര്‍പ്പങ്ങളെയും ജീവിക്കാനനുവദിക്കുന്ന പരിസ്ഥിതിപ്രേമമായി സര്‍പ്പക്കാവുകളെ വായിക്കാം.

ആധുനികമനുഷ്യന്‍ ആര്‍ത്തിമുഴുത്ത് പാര്‍ക്കുന്ന നഗരങ്ങള്‍ക്ക് നടുവിലും അടവിയാണെന്നോര്‍ത്ത് കഴിഞ്ഞോളണമെന്ന് ശ്രീരാമന്‍ ഹനുമാന്റെ പിന്മുറക്കാരെ നിശബ്ദമായി അനുഗ്രഹിച്ചിട്ടുണ്ടാവുമോ?

19 comments:

ബാബുരാജ് said...

'നിങ്ങളെനിക്ക് ഒരുപാട് ഉപകാരങ്ങള്‍ ചെയ്തു തന്നു. പ്രത്യുപകാരം ചെയ്യാന്‍ എനിക്കൊരു അവസരം കിട്ടാതെ പോകട്ടെ'

തീര്‍ച്ചയായും ഇതിലും ശ്രേഷ്ടമായ ഒരു വാചകം കിട്ടാന്‍ പാടാണ്. കാണിച്ചു തന്നതിന് നന്ദി

krish | കൃഷ് said...

ചിത്രത്തെക്കാളും അതിന്‍റെ ചരിത്രവും വിശ്വാസവും വിവരിച്ചത് ഇഷ്ടമായി.

Umesh::ഉമേഷ് said...

ശ്രീരാമന്‍ മരിക്കുന്നതിനു മുമ്പു ഹനുമാനോടു പറഞ്ഞതായി വാല്മീകിരാമായണത്തില്‍ (ഉത്തരകാണ്ഡം പ്രക്ഷിപ്തമാണെന്നാണു പണ്ഡിതാഭിപ്രായം) പറഞ്ഞിരിക്കുന്നതു് ഇതു മാത്രമേ ഉള്ളൂ:

ജീവിതേ കൃതബുദ്ധിസ്ത്വം
മാ പ്രതിജ്ഞാം വൃഥാ കൃഥാഃ
മത്‌കഥാഃ പ്രചരിഷ്യന്തി
യാവല്ലോകേ ഹരീശ്വര
താവദ് രമസ്വ സുപ്രീതോ
മദ്വാക്യമനുപാലയന്‍


ലോകത്തില്‍ രാമകഥ പ്രചരിക്കുന്നിടത്തോളം കാലം ഹനുമാന്‍ സന്തോഷത്തോടെ ജീവിച്ചിരിക്കും എന്നു ചുരുക്കിപ്പറയാം.

പ്രത്യുപകാരത്തിന്റെ കാര്യം മറ്റെവിടെയോ ആയിരിക്കാനാണു സാദ്ധ്യത.

സഹയാത്രികന്‍ said...

നന്നായി വിവരണം ... പുതിയ അറിവ്...
ഞാനും “രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാം അയോദ്ധ്യാമടവീം വിദ്ധി, ഗച്ഛ തഥാ യഥാ സുഖം “ എന്ന വരരുചിയുടെ കഥയേ കേട്ടിരുന്നുള്ളൂ...
'നിങ്ങളെനിക്ക് ഒരുപാട് ഉപകാരങ്ങള്‍ ചെയ്തു തന്നു. പ്രത്യുപകാരം ചെയ്യാന്‍ എനിക്കൊരു അവസരം കിട്ടാതെ പോകട്ടെ'
ഇത് മനോഹരം.
:)

ഉമേഷ് ജി യ്ക്കും നന്ദി.
:)

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല ലേഖനം. പരിച്ചയപെടുത്തലിനു നന്ദി.
ഉമേഷ്ജി ആ സപ്പ്ലിമെന്റിനു നന്ദി.

Rammohan Paliyath said...

ബ്ലോഗിംഗ് തുടങ്ങിയ കാലം മുതലേ ‘ഉമേഷ്ജി ഉമേഷ്ജി’ എന്ന് കേട്ടിരുന്നതുകൊണ്ട് ഈ പ്രത്യുപകാരകഥയെപ്പറ്റി മെയില്‍ വഴി ചോദിച്ചറിയണമെന്നേ വിചാരിച്ചിരുന്നുള്ളു. ഈയാഴ്ചത്തെ മങ്കി ഫെസ്റ്റിവലാണ് ഇതൊരു പോസ്റ്റാക്കാന്‍ നിമിത്തമായത് (അത് അങ്ങനെ തന്നെയാണ് അറിയപ്പെടുന്നത് - monkey festival എന്ന്). ഉമേഷ്, ഈ പ്രത്യുപകാരത്തിന്റെ കാര്യം എവിടെയെങ്കിലുമുണ്ടോന്ന് ഒന്നു തപ്പണേ. വിഷ് ലിസ്റ്റില്‍ ഒരു ടെലസ്കോപ്പ് കഴിഞ്ഞാല്‍ അടുത്തതാണ് വള്ളത്തോളിന്റെ പരിഭാഷ.

Rammohan Paliyath said...

ഉമേഷ്, രാമം ദശരഥം... എന്ന ശ്ലോകത്തിന് രണ്ടു മൂന്ന് അര്‍ത്ഥങ്ങളുണ്ടെന്ന് ഇന്നലെ രാജ് (പെരിങ്സ്)പറയുന്നുണ്ടായിരുന്നു. കിട്ടുമോ? വിറകെടുത്തൂ വിറകെടുത്തൂ.

വല്യമ്മായി said...

നല്ല സന്ദേശം.

വല്യമ്മായി said...
This comment has been removed by the author.
ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഞാന്‍ കഴിഞ്ഞ september ല്‍

ഇവിടെയും,


ഇവിടെയും,

ഇതിനെ കുറിച്ച്‌ പറഞ്ഞിരുന്നു.
"മയ്യേവ ജീര്‍ണ്ണതാം യാതു യത്ത്വയോപകൃതം ഹരേ" ഇതാണ്‌ മൂലശ്ലോകം

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"നരഃ പ്രത്യുപകാരാര്‍ത്ഥീ വിപത്തിമഭികാംക്ഷതി"

എന്നു കാരണവും രണ്ടാം പാദമായി പറഞ്ഞു

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

രാമനെ ദശരഥന്‍- ദശം (ചിറക്‌) രഥന്‍ (വാഹനമായുള്ളവന്‍- വിഷ്ണു) ആയും സീതയെ മാ - ലക്ഷ്മി-(മാ രമാ മംഗലദേവതാ എന്ന്‌ അമരകോശം) ആയും കാണണം , ഇവര്‍ പോയി ക്കഴിഞ്ഞ അയോദ്ധ്യയെ അടവി - കാട്‌ ആയും കാണണം എന്ന്‌ വേറൊരര്‍ത്ഥം

എതിരന്‍ കതിരവന്‍ said...

വള്ളത്തോളിന്റെ പരിഭാഷ:
അവനോടിതുരച്ചോതീ
ഹനുമാനോടു രാഘവന്‍
‘പ്രതിജ്ഞ പോക്കൊലാ, ജീവി-
ച്ചിരിപ്പാന്‍ നിശ്ചയിച്ച നീ
പാരിലെന്‍ കഥയെന്നോളം
പ്രചരിക്കും ഹരീശ്വര
അന്നോളവും രമിച്ചാലും
നന്ദിച്ചെന്‍ വാക്കു കാത്തു നീ’
ഏവം പെരിയ കാകുത്സ്ഥന്‍
ചൊന്നപ്പോളാഞ്ജനേയനും
അതീവ ഹര്‍ഷമുള്‍ക്കൊണ്ടി-
ട്ടൊരു വാക്യമുണര്‍ത്തിനാ‍ാന്‍
‘എന്നോളം ശുദ്ധി നല്‍കും നിന്‍
കഥ പാരില്‍ നടക്കുമോ
അന്നോളം മന്നില്‍ വാഴ്വന്‍, നിന്‍-
ആജ്ഞ പാലിച്ചു കൊണ്ടു ഞാന്‍‘.

കേരളത്തില്‍ വടക്കെങ്ങാണ്ട് ഓണത്തിനു കുരങ്ങൂട്ടു നടത്താറുണ്ടെന്നു വാര്‍ത്തയും പടവും കണ്ടിരുന്നു.

ഡെല്‍ഹിയില്‍ ടെറസ്സില്‍ പോയിരുന്ന മേയറെ കൊന്നത് ദളിത് അവര്‍ണ കുരങ്ങുകളായിരിക്കും.

പാമ്പു വളര്‍ത്തല്‍ കേന്ദ്രം ചുട്ടെരിക്കുന്നത് ‘ഇസങ്ങള്‍ക്കുമപ്പുറം’ എന്ന പുതിയ ലേഖനത്തില്‍ പേരു വരാന്‍ വേണ്ടിയായിരിക്കും.

Umesh::ഉമേഷ് said...

എന്റെ കയ്യിലുള്ള രാമായണം ബോംബെയിലെ ഒരു ഫുട്പാത്ത് കച്ചവടക്കാരനോടു വാങ്ങിയതാണു്. ഉള്ളടക്കം, സൂചിക, അര്‍ത്ഥവിവരണം തുടങ്ങിയവ ഇല്ല. രണ്ടു പേജുകള്‍ ഇവിടെ കാണാം. വരിയൊക്കെ തിരിച്ചു് സുന്ദരമായി ഇംഗ്ലീഷില്‍ അര്‍ത്ഥത്തോടു കൂടി രണ്ടു വാള്യത്തില്‍ ഒരെണ്ണം വാങ്ങിയതു വീട്ടിലിരിക്കുകയാണു്. ഓരോ തവണയും വിമാനം കയറുമ്പോള്‍ രാമായണത്തെ പലപ്പോഴും ചക്കച്ചുള ഉപ്പേരി പിന്തള്ളുന്നു. ഈയിടെ ലഗേജിന്റെ ലിമിറ്റ് വളരെ കുറയ്ക്കുകയും ചെയ്തു :-(

മേല്‍പ്പറഞ്ഞ പുസ്തകത്തില്‍ രാമന്റെ സ്വര്‍ഗ്ഗാരോഹണത്തിനു മുമ്പുള്ള കാര്യങ്ങള്‍ പറയുന്ന ഉത്തരകാണ്ഡം സര്‍ഗ്ഗങ്ങള്‍ 107-109, ശ്രീരാമപട്ടാഭിഷേകത്തിനു മുമ്പുള്ള യുദ്ധകാണ്ഡം സര്‍ഗ്ഗങ്ങള്‍ 129-130, ഹനുമാന്‍ സീതയെക്കണ്ടിട്ടു തിരിച്ചു വന്നതിനു ശേഷമുള്ള കാര്യങ്ങള്‍ പറയുന്ന സുന്ദരകാണ്ഡം സര്‍ഗ്ഗങ്ങള്‍ 64-68 എന്നിവ വായിച്ചു നോക്കി. ഈ ശ്ലോകം കിട്ടിയില്ല. ഡോ. പണിക്കരുടെ കമന്റു കണ്ടതിനു ശേഷം ഒന്നു കൂടി ഓടിച്ചു വായിച്ചു. ആ ശ്ലോകം കണ്ണില്‍ തടഞ്ഞില്ല.

ഇതു് എവിടെയോ വായിച്ച ഓര്‍മ്മയുണ്ടായിരുന്നു. ഇപ്പോള്‍ മനസ്സിലായി ഡോ. പണിക്കരുടെ ബ്ലോഗിലാണു വായിച്ചതു്. ഡോ. പണിക്കര്‍ക്കു നന്ദി. എങ്കിലും ഈ ശ്ലോകം എവിടെയാണെന്നുള്ള ശ്ലോകം ഇപ്പോഴും ബാക്കി നില്‍ക്കുന്നു.

Umesh::ഉമേഷ് said...

കഴിഞ്ഞ കമന്റിലെ അവസാനത്തെ വാക്യം "എങ്കിലും ഈ ശ്ലോകം എവിടെയാണെന്നുള്ള ചോദ്യം ഇപ്പോഴും ബാക്കി നില്‍ക്കുന്നു." എന്നായിരുന്നു ഉദ്ദേശിച്ചതു്.

തെറ്റു പറ്റിയതിനാല്‍ അതിനി ഇങ്ങനെ വായിക്കുക.

എങ്കിലും ഈ ശ്ലോകം എവിടെയാണെന്നുള്ള ശോകം ഇപ്പോഴും ബാക്കി നില്‍ക്കുന്നു.

:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വടക്കെ ഇന്ത്യയില്‍ പ്രചാരത്തിലുള്ള വാല്‌മീകിരാമായണത്തില്‍(ഞാന്‍ പരിശോധിച്ച രണ്ട്‌ പ്രസിദ്ധീകരണങ്ങളില്‍) ഈ ശ്ലോകം ഇല്ല. ഇതേ അര്‍ഥം ധ്വനിപ്പിക്കുന്ന ശ്ലൊകവും ഇല്ല.
ഞാന്‍ ചെറുപ്പത്തില്‍ കേട്ടിട്ടുള്ളതതാണ്‌. പിന്നെ പ്രമാണത്തിനു വേണ്ടി വേണമെങ്കില്‍ സഞ്ജയന്റെ (എം ആര്‍ നായര്‍) വാക്കുകള്‍ ഉദ്ധരിക്കാം- "----സീതയെ കണ്ടു എന്നു പറയുന്ന ഹനുമാന്റെ തലയില്‍ കൈകള്‍ വച്ചു കൊണ്ട്‌---" ഈ വാക്കുകളില്‍ നിന്നും ഈ ശ്ലോകം സുന്ദരകാണ്ഡത്തിന്റെ അവസാനം ഉള്ളതാണ്‌ എന്നു വരുന്നു.

vadavosky said...

This is the English version. THE RAMAYANA ( Valmiki) translated by Arshia Sattar, Viking Penguin, 1996
In Uttarakanda Rama’s last words to Hanuman :-

‘ Then Rama turned to Hanuman “ You had decided to live on earth. Do not break that vow now. As long as my story prevails on earth, best of monkeys, so long shall you live and keep your promise”

In Yuddhakanda second Sloka, Rama says :-

“ Now that the mighty Hanuman has seen Sita, myself, Lakshmana and the entire family have been saved. But I am ashamed of the fact that there is nothing I can do in return for Hanuman that would please him as much as he has pleased me. This affectionate embrace is all I possess now and all I have to offer”

ഭൂമിപുത്രി said...

ഈ വരികള്‍ എവീടുന്നു കിട്ടിയതായാലും,ആശയം
അതിമനോഹരം!
നന്ദി റാംമോഹന്‍

Anonymous said...

nalla discussion. blog anuarthamaakunnu. bloginte oru nalla vasam inginathe arthavathaaya, vaividhyamulla, lokamembaadum ninnulla feedbackukal thanne.

Related Posts with Thumbnails