Thursday, December 6, 2007

ഒരു സവര്‍ണഹിന്ദു ബാബറി മസ്ജിദ് ഓര്‍മിക്കുന്നു


ഇനി ഒരു തൊണ്ണൂറില്‍ ജീവിക്കില്ലെന്നുറപ്പുള്ളതുകൊണ്ട് ഇങ്ങനെ എഴുതാം - മഹാരാജാസില്‍ പഠിച്ച് പൊളിറ്റിക്കല്‍ സയന്‍സില്‍ എമ്മേയെടുത്ത് തൊണ്ണൂറ് മാര്‍ച്ചിലാണ് കെ കെ എക്സ്പ്രസ്സിലെ ഒരു എസ് കോച്ചില്‍ ദില്ലിക്ക് പോയത് - എസ് കോച്ചുകളിലും എഐ ഫ്ലൈറ്റുകളിലും ബാംഗ്ലൂര്‍ക്കുള്ള ബസ്സുകളിലും തലമുറകളായി വിട്ടുപൊയ്ക്കൊണ്ടിരിക്കുന്ന മലയാളിശരീരങ്ങളിലൊന്നായി.

വിജയന്‍, മുകുന്ദന്‍, ആനന്ദ്, സക്കറിയ, ഏഷ്യാനെറ്റ് തുടങ്ങും മുമ്പുള്ള പിടിഐയിലെ ശശികുമാര്‍, കാര്‍ട്ടൂണ്‍ വരച്ച് ഊണുകഴിച്ചിരുന്ന രവിശങ്കര്‍, ഉണ്ണി... ദില്ലി അന്നും സമ്പന്നമായിരുന്നു. അവരിലൊരാളാ‍യിക്കളായാം എന്ന അഡ്വാന്‍സ് അഹങ്കാരവുമായാണ് പോയത്. അറുപതുകളില്‍ ജനിച്ചവര്‍ ലോകം മാറ്റി മറിയ്ക്കുമെന്ന് അന്നേ കേട്ടിരുന്നു. ലോകം മാറി മറിയുമ്പോള്‍ കേരളത്തിലെ ഏതെങ്കിലും കിണറ്റില്‍ കിടന്ന് പേക്രോം പേക്രോം എന്ന് കരയുന്നതിനു പകരം ഇന്ത്യയുടെ തലയില്‍ത്തന്നെയിരുന്ന് ലോകത്തിന്റെ ചെവി തിന്നുകളയാമെന്ന് മോഹിച്ചിരിക്കണം. അമ്പതുകളിലും (ബില്‍ ഗേറ്റ്സ്) അറുപതുകളിലും (???) എഴുപതുകളിലും (ഗൂഗ് ള്‍ സ്ഥാപകരിലൊരാളായ സെര്‍ജി ബ്രിന്‍) ജനിച്ച ഒരുപാട് ആണ്‍കുട്ടികള്‍ ലോകം മാറ്റിമറിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാനിതാ ഇരുകാലി ഒട്ടകങ്ങളിലൊന്നായി റെസീവിംഗ് എന്‍ഡിന്റെ ഏറ്റവും ഈയറ്റത്ത് ഇത് കീയിന്‍ ചെയ്യാനിരിക്കുന്നു. ജീവിതം കിതച്ചോടുന്ന വഴികള്‍ ആര്‍ക്കറിയാം?

മന്ദിര്‍ മസ്ജിദ് വിവാദം പുകഞ്ഞു കത്താന്‍ തുടങ്ങിയിരുന്ന ഒരു കാലത്താണ് ദില്ലിയില്‍ ചെന്നു പെട്ടത്. ആ നവംബറിലെ ഒരു പകല്‍. ഇണപ്പക്ഷികളെ അമ്പെയ്യാന്‍ ലാക്കാക്കി നില്‍ക്കുന്ന കാട്ടാളനോട് 'മാ നിഷാദാ'യില്‍ പാടിത്തുടങ്ങിയ ആദ്യകാവ്യത്തിന്റെ മഷിയില്‍ മുക്കിത്തന്നെ ഒരു കാര്‍ട്ടൂണ്‍ വരച്ചു. വീഎച്ച്പിയായിരുന്നു കാട്ടാളന്‍. ഹിന്ദുവും മുസല്‍മാനും ഇണപ്പക്ഷികളായി. അന്നു തന്നെ അതുംകൊണ്ട് ചാണക്യപുരിയിലെ സത്യമാര്‍ഗില്‍ താമസിക്കുന്ന ഓ. വി. വിജയനെ കാണിയ്ക്കാന്‍ പോയി. ഏറ്റവും ബഹുമാനം തോന്നിയിട്ടുള്ള ഒരാളില്‍ നിന്നാണ് ഏറ്റവും വലിയ കോമ്പ്ലിമെന്റ് കിട്ടിയതെന്നോര്‍ത്താല്‍മതി - ഈ രാത്രി വെളുപ്പിയ്ക്കാം. 'ഇറ്റ്സ് എ damn ഗുഡ് ഐഡിയ' പ്രശംസകള്‍ക്ക് പിശുക്കനായിരുന്ന വിജയന്‍ പറഞ്ഞു. ('ഡാം ഗുഡ്' പ്രയോഗം ശരിയോ എന്ന് പലരും സംശയിക്കുന്നത് കേട്ടിട്ടുണ്ട്. എന്തൊ!). പക്ഷേ വര വിജയന് ബോധിച്ചില്ല. അങ്ങനെ വിജയന്‍ തന്നെ കടലാസും ഇന്ത്യനിങ്കും നിബ്ബും തന്ന് പലവട്ടം വരപ്പിച്ചു. ഒടുവില്‍ വരയില്‍ തൃപ്തനായിട്ടല്ലെങ്കിലും സ്റ്റേറ്റ്സ്മാന്റെ എഡിറ്ററെ ഫോണില്‍ വിളിച്ചു - ഞാനൊരു ചെറുപ്പക്കാരനെ അയാള്‍ വരച്ച കാര്‍ട്ടൂണുമായി വിടുന്നുണ്ട്. ഒന്ന് നോക്കൂ. പിറ്റേന്നത്തെ സ്റ്റേറ്റ്സ്മാനിലെ പേജ് ത്രീയില്‍ അടിച്ചുവന്ന കാര്‍ട്ടൂണാണ് ഇതോടൊപ്പം. 90 നവംബര്‍ 19-ലെ പത്രം.

92-ല്‍ ദില്ലി വിട്ട് ബോംബെയിലെത്തി. അതിനും എത്രയോ മുമ്പ്, 1989-ല്‍, ബെര്‍ലിന്‍ മതില്‍ നിലമ്പൊത്തിയിരുന്നു. ആരോ കൊഴച്ചുവെച്ച മാവുരുള പോലിരുന്ന ഭൂമിയെ ആഗോളവത്കരണം മെല്ലെ മെല്ലെ പരത്താന്‍ തുടങ്ങിയിരുന്നു. 93-ല്‍ കൊച്ചിയില്‍ തിരിച്ചെത്തുമ്പോള്‍ എമ്മെസ് ഡോസ്, വലിയ നേര്‍ത്ത ഫ്ലോപ്പികള്‍, അരമണിക്കൂറെടുക്കുന്ന ഈ-മെയില്‍ സന്ദേശങ്ങള്‍...അതെല്ലാം അവിടെയുമെത്തിയിരുന്നു. ഇതിനെല്ലാമിടയില്‍, 1992 ഡിസംബര്‍ 6-ന് അതും സംഭവിച്ചു. ഹിന്ദു കര്‍സേവകര്‍ ബാബറി മസ്ജിദ് പൊളിച്ച് നിരപ്പാക്കി. എന്റെ കാര്‍ട്ടൂണ്‍ വിഫലമായി. അതെ, ഇന്നേയ്ക്ക് പതിനഞ്ച് വര്‍ഷം മുമ്പാണ് ഇന്ത്യയുടെ ചരിത്രത്തിലെ തീരാക്കളങ്കങ്ങളിലൊന്നായ ആ കരസേവ നടന്നത് (സുവര്‍ണക്ഷേത്രത്തില്‍ പട്ടാളത്തെ കേറ്റിയതിന്റെ പ്രായശ്ചിത്തത്തിന് ഗ്യാനി സെയിത്സിംഗിനെക്കൊണ്ട് സുവര്‍ണക്ഷേത്രത്തില്‍ വരുന്നവരുടെ ചെരിപ്പ് തുടപ്പിച്ച പരിപാടിയെയാണ് ‘കര്‍സേവ’ എന്ന് ആദ്യം വിളിച്ചുകേട്ടത്!).

ബാബറി മസ്ജിദ് നിന്നിടത്തു തന്നെയാണ് യഥാര്‍ത്ഥത്തില്‍ ശ്രീരാമന്‍ ജനിച്ചതെങ്കില്‍പ്പോലും; ബാബറോ മറ്റാരെങ്കിലുമൊ തന്നെയാണ് അവിടത്തെ അമ്പലം തകര്‍ത്ത് മസ്ജിദ് പണിഞ്ഞതെങ്കില്‍പ്പോലും ആ മസിജിദ് പൊളിക്കാന്‍ പാടില്ലായിരുന്നു. ഇന്ത്യയുടെ ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന മതേതരത്വം നേരിട്ട അവസാന പരീക്ഷണമായിരുന്നു ഡിസംബര്‍ 6. കഷ്ടം, നമ്മളന്ന് തോറ്റുപോയി. അതിന് മുമ്പും പിമ്പുമുള്ള എത്രയോ പരീക്ഷണങ്ങളില്‍ ഇനി ജയിച്ചിട്ടെന്ത്? പ്രസിഡന്റ് മുസല്‍മാനും പ്രധാനമന്ത്രി സിഖുകാരനും യഥാര്‍ത്ഥ പ്രധാനമന്ത്രി കത്തോലിക്കക്കാരിയുമാണെന്നുള്ള കൊസ്മെറ്റിക് പവര്‍പോയന്റുകള്‍ പടച്ച് തെളിച്ചുവിട്ടിട്ടെന്തിന്?

2001 സെപ്തംബര്‍ 11 (ട്രേഡ് സെന്റര്‍ ആക്രമണം), 2002 ഫെബ്രുവരി-മാര്‍ച്ച് (ഗുജറാത്ത് കലാപം), 2003 മാര്‍ച്ച് 18-ന് തുടങ്ങിയ ഇറാക്ക് ആക്രമണം... മനുഷ്യന്‍ പിന്നെയും പിന്നെയും തോറ്റുകൊണ്ടേയിരിക്കുന്നു. ചില ദിവസങ്ങള്‍ ജീവിതത്തെ എന്നെന്നേയ്ക്കുമായി മാറ്റിമറിയ്ക്കുമെന്ന് ചെറിയ കാര്യങ്ങളുടെ മുഖക്കുറിപ്പില്‍ അരുന്ധതി പറഞ്ഞത് എത്ര നേര്!

ജര്‍മനികള്‍ക്കിടയിലുണ്ടായിരുന്ന ബെര്‍ലിന്‍ മതിലും റഷ്യയ്ക്കും പാശ്ചാത്യലോകത്തിനുമിടയിലുണ്ടായിരുന്ന അയണ്‍ കര്‍ട്ടനും കൊഴിഞ്ഞുപോയി. എന്നാല്‍ അറബ് ലോകത്തിനും പാശ്ചാത്യലോകത്തിനുമിടയില്‍ അദൃശ്യമായ ഒരു കൂറ്റന്മതില്‍ ഉയര്‍ന്നു വന്നിരിക്കുന്നു. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ഓരോ ശ്വാസത്തിലും അവരുടെ ദേശസ്നേഹം തെളിയിക്കേണ്ട ഗതികേടായിരിക്കുന്നു. സാധാ ഹിന്ദുക്കള്‍ക്ക് ചന്ദനക്കുറിയോ കുങ്കുമപ്പൊട്ടോ തൊടാന്‍ ഭയമായിരിക്കുന്നു. കടപ്പുറങ്ങളില്‍ ആരൊക്കെയോ ചുട്ചോറ് വാരിക്കുന്നു, വാരുന്നു. ചോരയും കണ്ണീരും കലങ്ങിയ വെള്ളത്തില്‍ ആരൊക്കെയോ മീന്‍ പിടിയ്ക്കുന്നു.

ഒട്ടകമായിത്തീര്‍ന്ന ഒരു സവര്‍ണഹിന്ദുവിന് എന്തുചെയ്യാന്‍ കഴിയും? മുപ്പത്തിമൂന്ന് കോടി ഹിന്ദുദൈവങ്ങളേയും വിശ്വസിക്കുന്ന ഹൃദയവും അഹം ബ്രഹ്മാസ്മി, രണ്ടില്ല ഒന്നേയുള്ളു എന്നീ തിയറികള്‍ ആസ്വദിക്കുന്ന തലച്ചോറും അയാള്‍ എന്തുചെയ്യും? തുണിയില്ലാതെ ഹനുമാനെയും സരസ്വതിയേയും സീതയേയും വരച്ചുകാണുമ്പോള്‍ അയാളുടെ വികാരം തരിമ്പും നോവുന്നില്ല. അത് പക്ഷേ അയാള്‍ ഹിന്ദുവല്ലാത്തതുകൊണ്ടല്ല, അങ്ങനെയും ഒരു ഹിന്ദുവായതുകൊണ്ടാണ്. ബുഷ്ഷിനേയും നരേന്ദ്രമോഡിയേയും എതിര്‍ക്കുമ്പോഴും ബിന്‍ ലാദന്റെ കൂടെ നില്‍ക്കാന്‍ അയാളെ കിട്ടില്ല. അയാള്‍ക്ക് ചന്ദനക്കുറി തൊടണമെന്നുണ്ട്. അദ്വാ‍നിയുടെ പോളിഷ്ഡ് ചോരക്കൊതിയും പള്ളിപൊളിച്ചെന്ന മഹാപാപവും സദ്ദാം ഹുസൈന്റെ ഏകാധിപത്യവും നരനായാട്ടും അയാള്‍ക്ക് ഓര്‍മയുണ്ട്. മലയാളികളെല്ലാം ഒന്നുകില്‍ കൃസ്ത്യാനി, അല്ലെങ്കില്‍ മുസ്ലീം, അല്ലെങ്കില്‍ സിപീയെം, അല്ലെങ്കില്‍ തീര്‍ച്ച ബീജേപ്പി എന്ന് തിയറിയുണ്ടാക്കുന്നവര്‍ ക്രൂരന്മാരുടെ സ്വര്‍ഗത്തിലാണെന്ന് പറയണമെന്നയാള്‍ക്കുണ്ട്.
ബാബറി മസിജിദിന്റെ ഓര്‍മയ്ക്ക് അയാള്‍ക്ക് റഫീക്കിനെ കെട്ടിപ്പിടിച്ച് കരയണമെന്നുണ്ട്. വികാരത്തേക്കാളധികം വിചാരം ചേര്‍ത്ത കണ്ണീര്‍. ഭീരുവിന്റെ നിറമില്ലാത്ത ചോര.

65 comments:

R. said...

അറുപതുകളിലും (ലിനസ് ടോര്‍വാള്‍ഡ്സ്?)
---

എന്റെ രണ്ടു തുള്ളി കണ്ണുനീര്‍.
- മറ്റൊരു സവര്‍ണ ഹിന്ദു.

മുസ്തഫ|musthapha said...

"ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ഓരോ ശ്വാസത്തിലും അവരുടെ ദേശസ്നേഹം തെളിയിക്കേണ്ട ഗതികേടായിരിക്കുന്നു. സാധാ ഹിന്ദുക്കള്‍ക്ക് ചന്ദനക്കുറിയോ കുങ്കുമപ്പൊട്ടോ തൊടാന്‍ ഭയമായിരിക്കുന്നു..."

നല്ല നിരീക്ഷണം!

പിരാന്തന്‍ said...
This comment has been removed by the author.
പിരാന്തന്‍ said...

മലയാളികളെല്ലാം ഒന്നുകില്‍ കൃസ്ത്യാനി, അല്ലെങ്കില്‍ മുസ്ലീം, അല്ലെങ്കില്‍ സിപീയെം, അല്ലെങ്കില്‍ തീര്‍ച്ച ബീജേപ്പി എന്ന് തിയറിയുണ്ടാക്കുന്നവര്‍ ക്രൂരന്മാരുടെ സ്വര്‍ഗത്തിലാണെന്ന് പറയണമെന്നയാള്‍ക്കുണ്ട്.
ബാബറി മസിജിദിന്റെ ഓര്‍മയ്ക്ക് അയാള്‍ക്ക് റഫീക്കിനെ കെട്ടിപ്പിടിച്ച് കരയണമെന്നുണ്ട്.


ബാബരിമസ്ജിദിന്റെ ഓര്‍മ്മയ്ക്ക് റഫീക്കിനെ കെട്ടിപ്പിടിച്ചു കരയണമെന്നു പറയുമ്പോള്‍, റഫീക്കിനെ നിങ്ങള്‍ മാപ്പളയാക്കിയല്ലൊ വിഴുങ്ങല്‍സ്... അപ്പോ നിങ്ങള്‍ക്ക് കെട്ടിപ്പിടിച്ച് കരയാന്‍ വേണ്ടത് ആരെയാണ് ? നിങ്ങള്‍ മുസ്ലിം അവസ്ഥയില്‍ പരിതപിക്കുന്നു എന്നു കാണിക്കാന്‍ ഒരു മുസ്ലിം തന്നെ വേണം അല്ലെ. അത് മുസ്ലിംകളോട് സഹതപിക്കാനല്ലെ ഭായി ? അതിലും ചിലപ്പൊ ആരെങ്കിലുമൊക്കെ കപടമതേതരത്ത്വം കാണും. മാധവന്റെ ‘തിരുത്ത്‘ അതിറങ്ങിയ കാലത്ത് വായിക്കപ്പെട്ടപോലെയല്ലല്ലോ ഈ അടുത്ത കാലത്ത് വായിക്കപ്പെട്ടത്, വായനക്കാര്‍ അതു പിന്നെയും തിരുത്തിയില്ലെ മാഷേ...

പിന്നെ റഫീഖ്; അയാള്‍ പാവം, ഇന്ത്യന്‍ മുസ്ലിമാണെന്ന് എങ്ങനെയൊക്കെ തെളിയിക്കണമെന്ന് പകച്ചിരിക്കുകയാണ്. ഒരു ലിബറല്‍ മുസ്ലിമിന്റെ ഗതികേട് !

ശെഫി said...

അഗ്രജന്‍ പറഞ്ഞതു തന്നെ വീണ്ടും പറയുന്നു

Rammohan Paliyath said...

റഫീക്ക് മുസ്ലീം, ഞാന്‍ ഹിന്ദു - തല്‍ക്കാലം അതങ്ങനെ തന്നെ ഇരുന്നൊട്ടെ. മതസൌഹാര്‍ദ്ദമല്ല മതേതരസൌഹാര്‍ദ്ദമാണ് വേണ്ടത് എന്ന് ഞാനും വിശ്വസിക്കുന്നുണ്ട്. പക്ഷേ അതിന് കൊറച്ച് ദൂരം പോകാനുണ്ട് ചങ്ങാതീ. തല്‍ക്കാലം ഞാന്‍ സര്‍വമതപ്രാര്‍ത്ഥനാടൈപ്പ് മതേതരത്വത്തില്‍ വിശ്വസിക്കുന്നുമില്ല. ആരെങ്കിലും എന്തെങ്കിലും വായിച്ചോട്ടെ. കണ്ണട വെയ്ക്കുന്നതിന് പകരം കണ്ണാടി പിടിച്ചാല്‍ നമുക്കെന്ത് ചെയ്യാന്‍ പറ്റും. മാധവനെയും ഹിഗ്വിറ്റയിലെ ജബ്ബാറ് എന്ത് മതമായിരുന്നുവെന്നും അയാളുടെ ബഷീര്‍ വിമര്‍ശവും അത് കൊറേപ്പേര് വായിച്ച രീതിയും വിട്. ആനന്ദിനെ വരെ ആറെസ്സെസ്സാക്കിയ ലോകമല്ലേ, ഞാനാര്, കപടനെങ്കില്‍ കപടന്‍.

അഭയാര്‍ത്ഥി said...

sreeramറാം റാം .
ഹേ റാം - (പാലിയത്തിനെയാണ്‌ കേട്ടൊ).
ദില്ലി ദിനങ്ങളെഴുതുമ്പോള്‍ വരികളിലെ വിദ്യുദ്‌ പ്രവാഹം വായിക്കുന്നവരില്‍ കാന്തിക വലയമുണ്ടാക്കുന്നുണ്ട്‌ . പൊള്ളവാക്കല്ല .
റാം മോഹന്റെ ബീത്തെ ഹുവെ ലം കാ കഹാനി വായിക്കുവാന്‍ വളരെ ഇഷ്ടം തോന്നുന്നു. പ്രത്യേകിച്ചും നമ്മുടെ സാംസ്കാരികവുമായി ബന്ധപ്പെട്ടുള്ള.

ഒരിക്കലും പേരെടുത്തു പറഞ്ഞവരില്‍ നിന്നും നിങ്ങള്‍ മോശക്കാരനാവുന്നില്ല.
അറിയപ്പെടുന്നവരേക്കാള്‍ അറിയാത്ത എത്രയോ പ്രതിഭകള്‍. വായിക്കപ്പെട്ടവയേക്കാള്‍ വായിക്കപ്പെടാത്ത അറിവിന്റെ പുസ്തകങ്ങള്‍.
കണ്ടവയേക്കാള്‍ കാണാത്ത നല്ല കാഴ്ച്ചകള്‍.
കേട്ടവേയേക്കാള്‍ കേള്‍ക്കാത്ത നല്ല ഗാനങ്ങള്‍.

ഒരു ജന്മവും മറ്റൊന്നിനേക്കാള്‍ മെച്ചപ്പെട്ടതാകുന്നില്ല. വെട്ടിപ്പിടിക്കുന്നവന്റെ വേലിക്കുള്ളിലെ സ്വത്താകുന്നു യശസ്സും സപ്തയ്ശ്വര്യങ്ങളും.
നേട്ടങ്ങള്‍ക്കും കണക്കുകളുണ്ട്‌
നഷ്ടപ്പെടുന്നവക്കും കണക്കുകളുണ്ട്‌ - എന്നില്‍ നിന്നപഹരിക്കപ്പെട്ടവ... ഞാന്‍ നേടിയവ...

ഈ അപഹരണത്തിന്റേയും അവരോഹണങ്ങളുടേയും കഥ ഒരുപാട്‌ റാം മോഹന്‌ പറയാനുണ്ടാകും. നഷ്ടശിഷ്ടങ്ങളുടെ ബാക്കി പത്രങ്ങളുണ്ടാകും..

എഴുതുക- അറിയട്ടെ.

പിരാന്തന്‍ said...

അതെ, കണ്ണടയ്ക്ക് പകരം കണ്ണാടിയാണ് എന്നതാണ് പ്രശ്നം. കളറടിച്ച കണ്ണാടി, സുതാര്യത കുറഞ്ഞത്.
ആനന്ദിനെ ആര്‍എസ്സ്എസ്സ് ആക്കിയതും മതേതരഹിന്ദു മുസ്ലിമിനോട് സഹതപിച്ചും കുറിവരയ്ക്കാതെ നടന്നും ഉത്സവത്തിനു പോവാതെയും മതേതരത്വം വെളിപ്പെടുത്തണമെന്നു ആവശ്യപ്പെടുന്നതും, ഇന്ത്യന്‍മുസ്ലിം ദേശീയത ഓരോ വഴിമുക്കിലും വിളിച്ചുപറയണമെന്നു പറയുന്നതും ഒരേ (അ)ബുദ്ധിയുടെ സൃഷ്ടിയല്ലെ ? (അതുരണ്ടും കണ്ണാടിയിലെ ഇമേജ് പോലെ ഇടവും വലവും തിരിഞ്ഞിട്ടാണെങ്കിലും)

പള്ളീയില്‍ പോവാതെ: ആ ശഫിയുടെയും വിഴുങ്ങല്‍സിന്റെയും കമന്റ്സ് മറുമൊഴിയിലൊക്കെ വന്നല്ലോ, പിരാന്തന്റെ ചൊല്ല് അവിടെ കണ്ടില്ല. ഇനി ബുദ്ധിസ്ഥിരതാപ്രശ്നം കാരണം നുമ്മക്ക് വിലക്കാണോ ?... പാവം ഞാന്‍..

കാവലാന്‍ said...

അത്രയേറെ സത്യമായതിനാല്‍മാത്രം പറയട്ടെ,
കണ്ണീരെന്‍ കണ്ണില്‍ ‍നിന്നു പെയ്യാന്‍ പോലുമാവാതെവറ്റിപ്പോകുന്നു.
തൊണ്‍ടയിലൊരു വിലാപത്തെ ഞാന്‍ മരിക്കാന്‍ വിടുന്നു.
ഹിന്ദു...!
ആരോ പതിച്ചു നല്‍കിയ പേരും പേറി,
രാഷ്ട്രീയം തുന്നിയുടുപ്പിച്ച കീറക്കുപ്പായവുമായ്
സദാചാര സാമൂഹ്യ രാക്ഷസന്മാരേച്ചു കെട്ടിയ ദംഷ്ട്രകളൂം തൂക്കി
ഇനിയും ചുരത്താനിത്തിരി മുലപ്പാലും കരുതി-
മൂകമെങ്കിലുമുള്‍തരിപ്പോടെയവള്‍ കാത്തിരിക്കുന്നു മക്കളെ,
അവള്‍ ഭാരതസംസ്കാരം...

Umesh::ഉമേഷ് said...

നല്ല, ഹൃദയസ്പര്‍ശിയായ ലേഖനം.

myexperimentsandme said...

പറയേണ്ട കാര്യങ്ങള്‍ പറയേണ്ട പോലെ പറയുമ്പോള്‍ നെഞ്ചില്‍ തട്ടും- തട്ടി, ശരിക്കും.

കഷ്ടം, നമ്മളന്ന് തോറ്റുപോയി. അതിന് മുമ്പും പിമ്പുമുള്ള എത്രയോ പരീക്ഷണങ്ങളില്‍ ഇനി ജയിച്ചിട്ടെന്ത്?

prasanth kalathil said...

സ്വാലോക്കിളി,
അതെ, ചില തോല്‍വികള്‍ എന്നും പിന്‍തുടരും, എല്ലാ വിജയങ്ങളേയും ചെറുതാക്കിക്കൊണ്ട്. ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലായി.

മനോജ് കുമാർ വട്ടക്കാട്ട് said...

നല്ല കാര്‍ട്ടൂണ്‍. നല്ല ലേഖനം.

ഒളിഞ്ഞും തെളിഞ്ഞും അമ്പെയ്യുന്നവരെ എല്ലാവരും ഒരിക്കല്‍ തിരിച്ചറിയുമെന്ന് തന്നെ പ്രത്യാശിക്കാം :)

umbachy said...

കരഞ്ഞു,
കണ്ണില്‍ ഇപ്പോഴും നനവ് ബാക്കിയുണ്ട്.
രാം..ആ കണ്ണീര്‍ ഞാന്‍ ഏല്‍ക്കുന്നു,
ഉഷ്ണമഴയേല്‍ക്കുന്നൊരാളുടെ
മനസ്ഥാപങ്ങളോടെ.
നമുക്ക് ഹിന്ദുവും മുസല്‍മനും ആയിത്തന്നെ
തുടരുന്നതിന്
തകര്‍ക്കപ്പെട്ട പള്ളിയുടെ
അനാഥമായ ബാങ്കൊലി തുണയായാല്‍
എത്ര മഹഭാഗ്യം...
എന്‍ എസ് മാധവന്‍റെ
കഥയിലെ
ഡോക്റ്റര്‍ ഇഖ്ബാലിന്‍റെ മനസ്സല്ല എനിക്ക്.
ഇന്ന് ഞാന്‍ എങ്ങനെയാണ്
നിങ്ങളുടെ മുസ്ലിം സുഹൃത്തായത് എന്നറിയുന്നു.
അറിവായ് സ്നേഹമുണ്ടെങ്കില്‍...?

അലിഅക്‌ബര്‍ said...

മതമല്ല, രാഷ്ട്രീയമാണ് വില്ലന് എന്നു തോന്നുന്നു. പൊട്ടിപ്പൊളിഞ്ഞ സിദ്ധാന്തങ്ങള് മനുഷ്യരെ മതിലുകളുടെ ഇരു പുറത്താക്കി. ഉച്ചക്കു ഊണു കഴിക്കാന് അപ്പുറത്തെ ജാനക്യേടത്തിടെ വീട്ടില് പാത്രവുമായി പോയി പുളിഞ്ചാറ് വാങ്ങിക്കൊണ്ടു വരുമായിരുന്നു. അവരുടെ മകന് ശാഖയില് പോയിത്തുടങ്ങിയതില്പ്പിന്നെ തീറ്റയും കുടിയും നിര്ത്തി. ഹിന്ദുക്കളുടെ വീട്ടില്നിന്നും ഒന്നും കഴിക്കാന് പാടില്ലെന്ന ഉമ്മയുടെ പഴയ ആശയം പണിപ്പെട്ടാണ് തിരുത്തിയെടുത്തത്. അതെല്ലാം പാളി. തൊപ്പി വെച്ച് പള്ളിയില് പോകാന് തുടങ്ങുകയും എം എ ബേബിയേയും തോമസ് ഐസകിനെയും ഒരു വേള കുമ്മനം രാജശേഖരനേയും പോലെ താടി വളര്ത്തുകയും ചെയ്തപ്പോള് പുറത്തു ചിലര് അവന് എന് ഡി എഫില് ചേര്ന്നുവെന്ന് അടക്കം പറഞ്ഞു. ആലോചനകളില്ലാത്ത അതിവിപ്ലവകാരികളെപ്പറ്റി ലേഖനമെഴുതി മനുഷ്യബന്ധങ്ങളില് മതവിശ്വാസം വിള്ളലുകളുണ്ടാക്കരുതെന്ന് പറയുന്നയാളാണ് ഞാനെന്നൊന്നും പാവം ഗ്രാമവാസികള്ക്കറിയില്ല.

Pramod.KM said...

നല്ല കുറിപ്പ്.

Rasheed Chalil said...

നല്ല കുറിപ്പ്...

Kuzhur Wilson said...

ചില ദിവസങ്ങള്‍ ജീവിതത്തെ എന്നെന്നേയ്ക്കുമായി മാറ്റിമറിയ്ക്കുമെന്ന് ചെറിയ കാര്യങ്ങളുടെ മുഖക്കുറിപ്പില്‍ അരുന്ധതി പറഞ്ഞത് എത്ര നേര്!

SunilKumar Elamkulam Muthukurussi said...
This comment has been removed by the author.
SunilKumar Elamkulam Muthukurussi said...

രാംജി,

സൌദിയിലിരുന്ന്‌ ഒരു “സവര്‍ണ്ണ ഹിന്ദു” എന്ന് പറയപ്പെടുന്നവന്റെ നെടുവീര്‍പ്പുകള്‍...
അക്കാലത്ത് എന്തൊക്കെ അനുഭവിച്ചു എന്നറിയാമോ? ജോലി ചെയ്തിരുന്ന സ്ഥാപനം നല്ലതായിരുന്നതിനാല്‍ അവര്‍ നല്ലോം ഹെല്പ് ചെയ്തൂ (ഇക്കാമയില്‍ മതം മാറ്റി തന്നു!)
ജോലി നഷ്ടപ്പെട്ടവരെയും അറിയാം.
നെടുവീര്‍പ്പുകളുടെ കാര്യത്തില്‍ സാദാ സവര്‍ണ്ണ ഹിന്ദുവും മുസല്‍മാനും ഒരു പോലെ തന്നെ. എനിക്ക്‌ രണ്ടും അനുഭവം ഉണ്ട്‌.
എന്താ പറയാന്ന്‌ നിശ്ചല്ല്യ..
സ്നേഹപൂര്‍വ്വം,
-സു-

Sanal Kumar Sasidharan said...

മറ്റൊന്നും വായിച്ചില്ല.വായിക്കാനായി പിഡീഫ് ആക്കുന്നു.
ഒരു ചെറിയകാര്യം ചൂണ്ടിക്കാട്ടുന്നു.വോട്ടിംഗിനുള്ള ഓപ്ഷനില്‍ “വേണ്ട“ എന്നുപറയാന്‍ ഒരു സാധ്യതയുമില്ല.അങ്ങനെ അഭിപ്രായമുള്ളവരും ഉണ്ടാകും എന്ന കാര്യം വിസ്മരിച്ചുവോ?എന്റെ അഭിപ്രായം അതാണോ അല്ലയോ എന്നതവിടെ നില്‍ക്കട്ടെ.നമ്മുടെ എല്ലാ കണ്ണടകള്‍ക്കും ഒറ്റക്കാലുകളേ ഉള്ളു എന്നു തോന്നുന്നു.ഒരു വശം ചെരിഞ്ഞേ ഇരിക്കൂ.ഇത് കാഴ്ച്ചയെ കൊല്ലും കുരുടന്മാരെ സഹായിക്കും.

Rammohan Paliyath said...

ചില കാര്യങ്ങള്‍ക്ക് ഓപ്ഷന്‍സ് നല്ലതല്ല സനാതന്‍.

പിരാന്താ, നിങ്ങടെ കമന്റ് തടയാനായി ഞാന്‍ ഒന്നും ചെയ്തിട്ടില്ല കെട്ടൊ. മറുമൊഴിയില്‍ പോകാറേ ഇല്ല. വിത്സണ്‍ പറഞ്ഞു, ഒരിക്കല്‍ സബ്സ്ക്രൈബ് ചെയ്തു, അത്രമാത്രം.

പിരാന്തന്‍ said...

swallow swallow
littile swallow
(ഇതു പണ്ട് കോളേജില്‍ പടിച്ചതാണേ)

അയ്യോ മാഷ് അങ്ങനെ ചെയ്തെന്നല്ല, ഇതെങ്ങനെയെന്നു സംശയിക്കുകയായിരുന്നു. തെറ്റിദ്ദാരണയ്ക്കിടയാക്കിയതിന് മാപ്പാക്കണം...

ഓപ്ഷന്‍സ് എപ്പോഴും നല്ലതല്ല്ലെന്നാണ് മാഷുടെ നില എന്നത് പോസ്റ്റ് കണ്ടപ്പോളെ തോന്നിയിരുന്നു. ശരിയാണ്, സ്വാതന്ത്ര്യം എന്നാല്‍ പോക്രിത്തരത്തിനുള്ള ലൈസന്‍സായി ഏടുക്കരുതല്ലൊ. (ഇതു പല ബ്ലോഗുകള്‍ക്കും ബാധകമാണെന്ന് തോന്നാറുണ്ട്) സിദാന്റെ പെങ്ങളെ തേവിടിശി എന്നു വിളിച്ച മറ്റരാസ്സിയുടെത് സ്വാതന്ത്ര്യപ്രഖ്യാപനമായി കരുതാന്‍ പറ്റില്ല.

അരവിന്ദ് :: aravind said...

തകര്‍ത്തത് തകര്‍ന്നു പോയി. കൂട്ടിയോജിപ്പിക്കാമെങ്കില്‍ യോജിപ്പിക്കണം.
മുറിവുണ്ടാവുന്നതല്ല പരാജയം, അതുണക്കാന്‍ കഴിയാതിരിക്കുന്നതാണ് , അതില്‍ വീണ്ടും കുത്തി ചോര വരുത്താന്‍ അനുവദിക്കുന്നതാണ് എന്ന് വിശ്വസിക്കുന്നു.

(ബൈ ദ ബൈ, ബാബറി മസ്‌ജിദ് തകര്‍ക്കലിന്റെ ആണ്ട് ബലിക്ക് പരസ്യമായി കണ്ണീരൊഴുക്കിയില്ലെങ്കില്‍ ഫാസിസ്റ്റ്-ഹോക്കിഷ് സവര്‍ണ്ണ ഹിന്ദു ആകുമോ എന്നും എനിക്കാശങ്ക.)

കാര്‍ട്ടൂണ്‍ ഉഗ്രന്‍. എണ്ണം പറഞ്ഞ ഒരു ആശയം.

simy nazareth said...

കാന്തി ഉണ്ടായിരുന്നേല്‍ ഹിന്ദുക്കള്‍ തന്നെ ആ പള്ളി കെട്ടിക്കൊടുക്കണം എന്നു പറഞ്ഞേനെ. നിരാഹാരവും കിടന്നേനെ. (ഉമ്മന്‍ ചാണ്ടി മോഡലില്‍ ഒരു ദിവസത്തെ നിരാഹാരമല്ല).

യേശു ഉണ്ടാരുന്നേല്‍ മുസ്ലീങ്ങള്‍ പള്ളിപൊളിച്ച ഹിന്ദുക്കളോടു ക്ഷമിക്കണം എന്നു പറഞ്ഞേനെ. അവിടെ അവര്‍ക്ക് അവിടെ മുസ്ലീങ്ങള്‍ ഉത്സാഹിച്ചൊരു അമ്പലം കെട്ടിക്കൊടുക്കാനും പറഞ്ഞേനെ.

കാന്തീം യേശൂം ഒന്നും ഇപ്പൊ ലോകത്തില്ലാത്തോണ്ട് സ്വാലോടെ കരച്ചിലില്‍ പങ്കണം എന്നുണ്ട്. പക്ഷേ തല മരച്ചിരിക്കുന്നോണ്ട് ഒന്നും തോന്നുന്നില്ല. പള്ളിപൊളിച്ചെന്നോ? ആം. സദ്ദാം കുറേപ്പേരെ കൊന്നെന്നോ? ആം. ബുഷും കുറെപ്പേരെ കൊന്നെന്നോ? ആം. കുറെപ്പേര്‍ പട്ടിണിയും വെള്ളപ്പൊക്കവും രോഗവും ഒക്കെ പിടിച്ചു ചത്തെന്നോ? ആം. ബിപാഷേന്റെ പുതിയ പടം ഇറങ്ങിയെന്നോ? എവിടെ എവിടെ എവിടെ?

നയന്‍ താരയെ ഗുണ്ടകള്‍ പിന്തുടരുന്നതെന്തിന്?

മറ്റൊരു പിരാന്തന്‍

Unknown said...

"ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് ഓരോ ശ്വാസത്തിലും അവരുടെ ദേശസ്നേഹം തെളിയിക്കേണ്ട ഗതികേടായിരിക്കുന്നു. സാധാ ഹിന്ദുക്കള്‍ക്ക് ചന്ദനക്കുറിയോ കുങ്കുമപ്പൊട്ടോ തൊടാന്‍ ഭയമായിരിക്കുന്നു..."
---
ഇന്ത്യയില്‍ ജീവിക്കാന്‍ എന്തവകാശം എന്ന ചോദ്യങ്ങളെ നേരിടേണ്ടി വന്ന അനേകം സന്ദര്‍ഭങ്ങളെ ഓര്‍ക്കുന്നു.
പൊട്ടും കുറിയും കാണുമ്പോള്‍ ഒരറപ്പുമില്ലാതെ എനിക്കു നിങ്ങളോട് സംസാരിക്കാമെങ്കില്‍, എന്റെ തൊപ്പി കണ്ടിട്ട്, താടി കണ്ടിട്ട് നിങ്ങള്‍ എന്തിനിങ്ങനെ സൂക്ഷിച്ചു നോക്കുന്നു കൂട്ടരേ?...

tk sujith said...

വര,വരി ഉഗ്രന്!എന്നും വരുന്നുണ്ട് ഇവിടെ.

വല്യമ്മായി said...

ലേഖനം നന്നായി.പക്ഷെ വോട്ടിങ്ങില്‍ വേണ്ട എന്ന ഓപ്ഷന്‍ വേണമെന്നു തന്നെയാണ് അഭിപ്രായം.

സര്‍‌വ്വവ്യാപിയായ ദൈവത്തെ എവിടെ നിന്നു വേണമെങ്കിലും വിളിക്കാം,കൂട്ടം ചേര്‍ന്ന് പ്രാര്‍ത്ഥിക്കാനും യാത്രക്കിടയിലുള്ള പ്രാര്‍ത്ഥനകള്‍ക്കും സമൂഹ്യമായ മറ്റ് ചര്‍ച്ചകള്‍ക്കും ഉള്ള പരിപാവനാമായ ഒരു സ്ഥലം എന്നതിലുപരി അത് ഒരു പ്രത്യേകയിടത്ത് വേണമെന്ന് ഒരു യഥാര്‍ത്ഥ മുസ്ലീം ഒരിക്കലും ശഠിക്കില്ല. പൈസയും അദ്ധ്വാനവും അനാവശ്യമായി ചെലവഴിച്ച് പ്രാര്‍ത്ഥിക്കാന്‍ ആളുകളില്ലാത്ത സൗധങ്ങള്‍ കെട്ടിപ്പൊക്കുന്നതിലും അര്‍ത്ഥമില്ല.

ആ പ്രദേശത്തെ മുസ്ലീങ്ങള്‍ക്ക് പ്രാര്‍‌ത്ഥിക്കാന്‍ വേറെയിടമുള്ളീടത്തോളം അല്ലെങ്കില്‍ പള്ളി പണിയാന്‍ വേറെ സ്ഥലമുള്ളിടത്തോളം അവിടെ തന്നെ പള്ളി പണിയണമെന്ന് ശഠിക്കാന്‍ ഒരു മുസ്ലീമെന്നെ നിലക്ക് എനിക്കൊരിക്കലും കഴിയില്ല.

നിര്‍മ്മല said...

വളരെ നല്ല ലേഖനം. ജാതിയും രാഷ്ട്രീയവുമായി നുമ്മ ബിസിയല്ലെ, ഈശ്വരനേം മനുഷ്യേനേം കാണാനെവിടെ നേരം!

മൂര്‍ത്തി said...

വളരെ നന്നായിട്ടുണ്ട്..

സു | Su said...

നല്ല ലേഖനം. ലോകത്ത് മനുഷ്യര്‍ ഇല്ല. എല്ലാം പാര്‍ട്ടിക്കാരും, വിവിധമതക്കാരുമായി, വേര്‍തിരിഞ്ഞുപോയി.
(ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു. കുറേ നാളായി. ജനനത്തിനും, മരണത്തിനും ഇടയിലുള്ള നേര്‍ത്ത മതിലില്‍ക്കൂടെ നടക്കുമ്പോള്‍, മനസ്സിലൊരു മതിലും കെട്ടുന്ന മനുഷ്യരെന്ന് പറഞ്ഞത് അതിലാണ്.)

Anonymous said...

Nte Ram moha
peruthu nandhi. delhiye nte manassil pinnem kondittathinu. polikkatha palli 3 thavanaya ee kannondu kandath. policha palli kandappo sahikkanayillatto. ullilu oru viswasi eppoyum chura manthunnundu. madhavettante 'thiruth' vayichappo neettalu ithiri onnu kuranju. delheele savarna media friendste pedachilu kandappo samadanayi. ippo tha nente kurippum. deva prasanathilu prayaschitham ennonnille? polichath puthukki paniyathe ath theerumo? ee mappilakku athonnum areella. swasthi

mca nazer
dubai

Rammohan Paliyath said...

"those who forget history are condemned to repeat" ennanu aravinde parayunnathu. ende abhiprayatthil ini jenikkan pokunna kuttikalodum pallipolicha katha paranju kodukkanam. palli avidetthanne paninjalum paranju kodukkanam. kannadachu iruttakki aa iruttukondu ottayadachittenthinu? thummiyal therikkunna ella mookukalum therikkatte.

Rammohan Paliyath said...

vallyamayee, angane parayunnathe ningade maryada. ingane parayandathu njangade kadama. athoru palliyennathinekkal oru symbol ayi mariyirunnu. vibheeshananeyum sugreevaneyum sahodaranglodu adippicha ramande oru kaliyayirikkum ennu vicharichu vidaan vayyatha symbol

തറവാടി said...

സിമി , അതാണു കാര്യം :)

ദേവന്‍ said...

വായിച്ചു തീര്‍ന്നു. ആനന്ദ്‌ പട്വര്‍ദ്ധ്വന്റെ രാം കേ നാം കണ്ടു തീര്‍ന്നപ്പോള്‍ ഇരുന്നതുപോലെ ഞാന്‍ ദാ കുത്തിയിരിപ്പുണ്ട്‌.ഈ ഇരിപ്പാണു കൊഴപ്പം. കുത്തിയെണീറ്റ്‌ എന്തെങ്കിലും ചെയ്യാനുള്ളതിനുപകരം..

പരാജിതന്‍ said...

സ്‌റ്റേറ്റ്‌സ് മാനിലെ എഡിറ്റര്‍ മാധവന്റെ കഥയിലെ പത്രാധിപരെപ്പോലെയായിരുന്നെങ്കില്‍ രാം മോഹന്റെ കാര്‍‌ട്ടൂണിലെ RAM MANDIR STIR വെട്ടിക്കളഞ്ഞിട്ട് VHP-RSS-BJP എന്നോ HINDU FANATICISM എന്നോ എഴുതുമായിരുന്നു, അല്ലെങ്കില്‍ എഴുതിക്കുമായിരുന്നു.

അതു പോട്ടെ, പള്ളിപൊളിക്കല്‍ സമയത്ത് മലയാളിക്കു വേണ്ടി എഴുതപ്പെട്ട ഏറ്റവും ശക്തമായ കുറിപ്പ് സവര്‍‌ണഹിന്ദു പോയിട്ട് വെറും ഹിന്ദു പോലുമല്ലായിരുന്ന അബു എബ്രഹാമിന്റേതായിരുന്നു (‘ഒരു വടക്കന്‍ വീരഗാഥ’ എന്ന തലക്കെട്ടിലെന്നോര്‍‌മ്മ.): യൂസഫലി കേച്ചേരി എഴുതി നൌഷാദ് ഈണമിട്ട, രാമനെക്കുറിച്ചുള്ള ഭജന്‍ റേഡിയോയില്‍ കേട്ടാനന്ദിക്കുന്ന മലയാളി കട്ടയും ചുമന്ന് അയോദ്ധ്യയ്ക്കു പോയതിന്റെ പരിഹാസ്യതയെപ്പറ്റി.

Rammohan Paliyath said...

പരാജിത്, ഞാനെഴുതിയിരുന്നല്ലോ, കാട്ടാളന്റെ പുറത്ത് ‘വീഎച്ച്പി’ എന്നാണ് ഞാന്‍ മുദ്ര കുത്തിയിരുന്നത്. വിജയനാണത് മന്ദിര്‍ മസ്ജിദ് സ്റ്റിര്‍ എന്നാക്കാന്‍ പറഞ്ഞത്. അങ്ങനെ ഒരു ‘തിരുത്ത്’. അതിനെ പക്ഷേ റിവേഴ്സ് ഗിയറിലുള്ള തിരുത്ത് എന്ന് വിളിക്കാന്‍ തോന്നുന്നില്ല; അദ്ദേഹത്തിന് എല്ലാ കാര്യങ്ങളിലുമുണ്ടായിരുന്നെന്ന് തോന്നിയ സമഗ്രബോധത്തിന്റെ റിഫ്ലക്ഷനായിട്ടേ തോന്നിയുള്ളു. വേറൊരു കാര്‍ട്ടൂണില്‍ ഞാന്‍ ‘പുത്തിജീവി’ എന്ന് ഒരിടത്ത് മെന്‍ഷന്‍ ചെയ്തിരിക്കുന്നതു കണ്ട് അദ്ദേഹം പറഞ്ഞു “‘ബുദ്ധിജീവി’ എന്നു തന്നെ എഴുതണം. യുവര്‍ ഹൂമര്‍ ഷ്ഡ് ബി ഡിഗ്നിഫൈഡ്” എന്ന്. കുറേക്കാലം കഴിഞ്ഞ് എന്റെ അന്നത്തെ സഹമുറിയനായിരുന്ന ഉണ്ണി രാജന്‍ ശങ്കര്‍ ഒരിക്കലദ്ദേഹത്തെ കണ്ടു. ഞാനന്ന് ബോംബെക്കാരനായിരുന്നു. പല മലയാളികളോടും ചോദിച്ചിരുന്നതുപോലെ അദ്ദേഹം ഉണ്ണിയോടും ചോദിച്ചു ‘ഒരു രാമ്മോഹനെ അറിയോ’ എന്ന്. ഉവ്വെന്നു പറഞ്ഞപ്പോള്‍ ബിബീമ്മി ബാങ്കിന്റെ എന്റെ പേര്‍ക്കുള്ള ആ ഡേറ്റ് തീര്‍ന്നു പോയ ചെക്കെടുത്ത് കൊടുത്തു. സ്റ്റേറ്റ്സ്മാന്‍കാര് എന്റെ പേരില്‍ കെയറോഫ് ഓ. വി. വിജയന്‍ വിലാസത്തിലയച്ച കവറില്‍. നാട്ടിലെ ശേഖരത്തില്‍ (അന്യഗ്രഹത്തിലെ പൂര്‍വജന്മത്തില്‍) അതിപ്പഴും കാണും.

Mr. K# said...

ഹയ്, എന്താവിടെ ഒരു ആള്‍ക്കൂട്ടം. നമ്മുടെ പാവം റഫീക്കീനെ എല്ലാവരും വളഞ്ഞു വച്ചിരിക്കുകയാണല്ലോ‍. ഇതെന്താ റഫീക്കിനെ ഞെക്കിക്കൊല്ലാന്‍ നോക്കുന്നോ. ഓഹ്, കെട്ടിപ്പിടിക്കുന്നതാണല്ലേ. ദൈവമേ ഇന്നു ഡിസംബര്‍ 6 ആണല്ലോ. എല്ലാവരും കുറച്ചു വഴി തരൂ. ഞാനും റഫീക്കിനെ കെട്ടിപ്പിടിച്ചൊന്നു കണ്ണീരൊഴുക്കട്ടേ. ഞാനും ഒരു മതേതരനാണേ, വഴി തരൂ. പ്ലീസ്. റഫീക്കേ, ഈ കണ്ണിലൂടെ, കവിളിലൂടെ ഒഴുകുന്ന കണ്ണീര് കാണുന്നില്ലേടാ.
ഹോ ഒരു തരത്തില്‍ രക്ഷപ്പെട്ടു. ഇന്ന് റഫീക്കിനെ കെട്ടിപ്പിടിക്കാന്‍ മറന്നിരുന്നെങ്കില്‍ പിന്നെ മതേതരനാണെന്നു പറഞ്ഞിട്ടെന്തു കാര്യം.

ഓടോ‍:
ഈ സവര്‍ണ്ണന് എന്നു പറഞ്ഞാ എന്താ‌‌? സംവരണം ഇല്ലാത്തവന്‍ എന്നാണോ അര്‍ത്ഥം‌?

Rammohan Paliyath said...

:-0.

അപ്പൊ ആ കരച്ചിലും കെട്ടിപ്പിടിത്തവും ഒഴിവാക്കിയേക്കട്ട്! ബാക്കി ഓക്കെ?

ഞാ മതേതരക്കാരനല്ല കെട്ട. സവര്‍ണം മാത്രോമല്ല. സവര്‍ണ ഹിന്ദു. എന്നു പറഞ്ഞാ എന്താ എന്ന് എനിക്കും അറിയാമ്മേലാ. മറ്റുള്ളോര് അങ്ങനെ ഒരു തലക്കെട്ട് ഇങ്ങോട്ട് ചാര്‍ത്തിത്തരും മുമ്പ് സ്വയം വിനയം കൊണ്ടതാ.

വിനയാര്‍ന്ന സുഖം കൊതിക്കയി-
ല്ലിനിമേല്‍ ഞാനസുഖം വരിയ്ക്കുവാന്‍
മനമല്ലല്‍ കൊതിച്ചു ചെല്ലുകില്‍
തനിയേ കൈവിടുമീര്‍ഷ്യ ദുര്‍വിധി എന്ന് ആശാനെ വായിച്ച് കൊതിച്ചു പോയതാ.

റഫീക്കേ, നിന്റെ പിടുത്തം വിട്ട്. നീ ഗെറ്റ് ലോസ്റ്റ്. എനിയ്ക്ക് ശാഖയ്ക്ക് പോകാന്‍ സമയമായി. നീ പകല്‍ എല്‍ഡീഎഫ്, രാത്രി എന്‍ഡീഎഫ്, അല്ലേ?

അരവിന്ദ് :: aravind said...

രാം മോഹന്‍ജീ
തെറ്റുകള്‍ തിരുത്തി, മറന്നു, ക്ഷമിച്ച്, ഒരുമിച്ച് മുന്നോട്ട് പോകുക എന്നതാണ് നല്ലത് എന്ന് തോന്നുന്നു. വേട്ടയുടെ ഓര്‍മകള്‍ ഇരകളില്‍ ദുഖവും പകയും വേട്ടക്കാരനില്‍ ശൊഉര്യവും കാഴ്ചക്കാരില്‍ കൊഉതുകവും ജനിപ്പിക്കുമായിരിക്കും!

മുഗളന്മാര്‍ വന്ന് നാട് നശിപ്പിച്ച(?) കഥ വടക്കേന്ത്യക്കാരന്‍ പിള്ളേര്‍ക്ക് എന്നുമെന്നും പറഞ്ഞു കൊടുത്താല്‍? (ഈ കഥ പറച്ചില്‍ ഇപ്പോള്‍ ഉള്ളതാണല്ലോ)
ചാതുര്വര്‍ണ്യത്തിന്റെ അടിമത്തം അവര്‍ണ്ണന്‍ തലമുറകള്‍ക്ക് കൈമാറിയാല്‍?
ചാതുര്വര്‍ണ്യത്തിന്റെ പൊള്ളയായ ആഡ്യത്തം സവര്‍ണ്ണന്‍ മക്കള്‍ക്ക് കൈമാറിയാല്‍?
ഗോധ്രയിലെ മനുഷ്യക്കൊലയും , ട്രെയിന്‍ കത്തിച്ചതും എല്ലാം ഭാവനക്കൊത്ത് ഒരോരുത്തര്‍ വിളമ്പിയാല്‍? അങ്ങനെ ചരിത്രത്തിന്റെ അല്ലാ തെറ്റുകളും..ആര്‍ക്കാണ് നിഷ്പക്ഷമായി പറയാന്‍ കഴിയുക? എവിടെയാണ് കഥ പറച്ചില്‍ തുടങ്ങുക?

ഭാവിയും നശിച്ചു പോകുകയേയുള്ളൂ. നമുക്ക് പറയാനും അടിക്കാനും കൊല്ലാനും, അഭിമാനിക്കാനും, വെറുക്കാനും എല്ലാം ഒരു പാസ്റ്റ്.

Rammohan Paliyath said...

അരവിന്ദ്, “ഭാവിയും നശിച്ചു പോകുകയേയുള്ളൂ. നമുക്ക് പറയാനും അടിക്കാനും കൊല്ലാനും, അഭിമാനിക്കാനും, വെറുക്കാനും എല്ലാം ഒരു പാസ്റ്റ്” എന്ന നിങ്ങളുടെ ലാസ്റ്റ് വാചകത്തിലെ ലാസ്റ്റ് വാക്ക് ‘പോസ്റ്റ്’ എന്നാക്കി വായിച്ചു ഞാന്‍. പൊറ്റകള്‍ മാന്തി പുണ്ണുകളാക്കിയെങ്കില്‍ എനിക്ക് റിഗ്രറ്റുണ്ട്. ശരിയാണ്, ഭാവി പ്രവചിക്കുന്നതിനേക്കാള്‍ വിഷമമാണ് ഭൂതകാലത്തെ വിലയിരുത്താന്‍. സെന്‍ ആന്‍ഡ് ദ് ആര്‍ട്ട് ഓഫ് മോട്ടോര്‍സൈക്ക് ള്‍ മെയിന്റനസിന്റെ തുടക്കത്തില്‍ പറയണ പോലെ ‘എന്റെ ഫിഡ്രയൂസേ, തെറ്റേത് ശരിയേത് എന്നെനിക്ക് ഒന്ന് പറഞ്ഞു തായോ’

simy nazareth said...

ഇരിക്കട്ടന്നേ. എഴുതിയതെല്ലാം ശരി. കളക്ടീവ് കോണ്‍ഷ്യസ്നെസ്സ് എന്ന ഒന്നുണ്ട്. കേരളത്തിലെ കളക്ടീവ് കോണ്‍ഷ്യസ്നെസ്സ് ഗുജറാത്തിലേതില്‍ നിന്നും വ്യത്യസ്ഥമാക്കുന്നതിനു ഇങ്ങനത്തെ പോസ്റ്റുകള്‍ക്കും തിരിഞ്ഞുനോട്ടങ്ങള്‍ക്കും ഒരു നല്ല പങ്കുണ്ട്. അല്ലെങ്കില്‍ നമ്മുടെ പോപ്പ് തലമുറയില്‍ വല്ലൊ കുമ്മനവും കേറി മേയും. ഇതുവായിച്ച് ഒരുത്തനെങ്കിലും ചിന്തിച്ചെങ്കില്‍ അത്രയുമായി. നമ്മുടെ വെള്ളെഴുത്ത് പറയുന്നതുപോലെ - “അല്പം ചിന്തിച്ചാലെന്ത്?”

Mr. K# said...

ഒരു ‘നിശ്ചയമില്ലയൊന്നിനും‘
വരുമോരോ ദശ വന്നപോലെ പോം.
വിരയുന്നു മനുഷ്യനേതിനോ
തിരിയാ ലോകരഹസ്യമാര്‍ക്കുമേ.

Rammohan Paliyath said...

സിമി, പോപ്പ് തലമുറ എന്നുദ്ദേശിച്ചത് മറ്റേ പോപ്പാ?

:-)

രാജേഷ് ആർ. വർമ്മ said...

കുറെക്കാലമായി ഈവഴി വന്നിട്ട്‌. എന്നാല്‍പ്പിന്നെ ആള്‍ത്തിരക്കുള്ള പോസ്റ്റില്‍ത്തന്നെയാകട്ടെ. ആദ്യമേ ബ്ലോഗിന്റെ പേരുമാറ്റിയതില്‍ ഒരു പ്രതിഷേധം. ammachi.orgനെ amma.org ആക്കിയതു കണ്ടപ്പോള്‍ തോന്നിയതുപോലെ തോന്നി. ആ പേരുമാറ്റത്തിന്റെ പിന്നിലും ഈ പേരുമാറ്റത്തിന്റെ പിന്നിലുമുള്ള കാരണമറിഞ്ഞുകൂടാ. വായനക്കാരുടെ സമ്മര്‍ദ്ദം ആയിരിക്കുമോ? വളിപ്പുകള്‍ക്കു തുല്യമായി മറ്റൊരു വാക്കില്ല. വളിയുടെ പ്രണവാക്ഷരത്തിന്റെ മാറ്റൊലിയുള്ള വാക്ക്‌ അതൊന്നേയുള്ളൂ. എന്നും എനിക്ക്‌ ഈ ബ്ലോഗ്‌ വളിപ്പുകളായി തുടരും, റാം മോഹന്‍ വളിപ്പനും.

അരവിന്ദു പറയുന്നതിനോടു യോജിക്കാന്‍ കഴിയുന്നില്ല. മാപ്പിനു മറവി അത്യന്താപേക്ഷിതമല്ല.

വിജയന്‌ കാര്‍ട്ടൂണെന്നല്ല ഒന്നും വരയ്ക്കാനറിയില്ലായിരുന്നു എന്നും ആശയങ്ങളുടെ ശക്തികൊണ്ടു മാത്രമാണ്‌ അദ്ദേഹം രക്ഷപെട്ടുപോയതെന്നും വിശ്വസിക്കുന്ന കാര്‍ട്ടൂണിസ്റ്റുകളും വായനക്കാരും മലയാളികളിലുണ്ട്‌. അദ്ദേഹത്തിനു പറയാനുള്ള കാര്യത്തിനു കാര്‍ട്ടൂണ്‍ രൂപം കൊടുക്കാന്‍ അദ്ദേഹത്തിന്റെ വരയ്ക്കു മാത്രമേ കഴിയുമായിരുന്നുള്ളൂ എന്നും തന്റെ മനസ്സിലുള്ള കാര്‍ട്ടൂണിനെ അതേപടി കടലാസിലാക്കാന്‍ അദ്ദേഹത്തിനു കഴിവുണ്ടായിരുന്നു എന്നുമാണ്‌ എന്നും തോന്നിയിട്ടുള്ളത്‌. തന്റെ പരിമിതികളെ മൂടിവെയ്ക്കാതെ അവയെ ചൂഷണം ചെയ്യുന്ന രചനാതന്ത്രം. വര ശരിയാവാത്തതിനു താങ്കളുടെ കാര്‍ട്ടൂണ്‍ മാറ്റി വരപ്പിച്ച അദ്ദേഹത്തെക്കുറിച്ചുള്ള ഇക്കഥ ഈ തോന്നലിനെ ശരിവെക്കുന്നു.

സലാം!

Rammohan Paliyath said...

തമ്പുരാനേ, കാണാത്തതുകൊണ്ട് ഞാന്‍ വിളിക്കാന്‍ തുടങ്ങുകയായിരുന്നു. ഞാന്‍ വളിപ്പനായി തുടരുന്നു. പക്ഷേ ഈ ബ്ലോഗിംഗ് ഒരു പ്രൊഫഷനായ പോലെ. ഇത് ആത്മഭാഷണത്തേക്കാള്‍ ഒരു മാധ്യമം ആയ പോലെ. തോന്നലായിരിക്കും. ഉപബോധത്തില്‍ സമ്മര്‍ദ്ദം ഏശിയിട്ടുമുണ്ടാവും. എന്തായാലും എനിക്കീ ജന്മത്ത് വളിപ്പനല്ലാതാകാനാവില്ല. ഇടയ്ക്ക് ആഗ്രഹം തോന്നാറുണ്ടെങ്കിലും. വിജയന്‍ എനിക്ക് ഒന്നാന്തരം കാര്‍ട്ടൂണിസ്റ്റാണ്. ഹൊറിസോണ്ടല്‍ രൂപത്തില്‍ ഡിസി ഇറക്കിയ ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം എന്ന വിറ്റുപോകാഞ്ഞ പുസ്തകം കണ്ടിട്ടുണ്ടൊ? ഹി വാസ് സിമ്പ്ലി ഗ്രേറ്റ്

എതിരന്‍ കതിരവന്‍ said...

കഴിഞ്ഞ് വെള്ളിയാഴ്ച പേള്‍ ഹാര്‍ബര്‍ ഓര്‍മ്മ ദിവസമായിരുന്നു. എന്താണോ ജപ്പാനെതിരെ ആരും ഒന്നും പറഞ്ഞു കേട്ടില്ല.

ഈയിടെ ഒരു ഹിന്ദി സിനിമ കണ്ടു. ഒരു മുസ്ലിം, അതും ഒരു സ്ത്രീ ആണ് സംവിധാനം. പ്രധാന റോളിലും മുസ്ലിം. ചിത്രത്തിന്റെ പേരോ ‘ഓം ശാന്തി ഓം’‍ തിയേറ്റര്‍ ഫുള്‍ ആയിരുന്നു.

രാജേഷ് ആർ. വർമ്മ said...

റാം കാ നാം, ഇത്തിരി നേരമ്പോക്ക്‌ എന്റെ പുസ്തക ഷെല്‍ഫിലുണ്ട്‌: ഡെമി നാലിലൊന്നുകള്‍ക്കും എട്ടൊലൊന്നുകള്‍ക്കുമിടയില്‍ ഒതുങ്ങാതെ അങ്ങനെ തുറിച്ചു നില്‍ക്കുന്നു.

കതിരേ, പേള്‍ ഹാര്‍ബറിനെക്കുറിച്ചു രണ്ടുമൂന്നു കൊല്ലം മുമ്പെടുത്ത വന്‍ ബജറ്റ്‌ ചിത്രം കണ്ടിരുന്നോ? പന്നപ്പടമാണെങ്കിലും അത്തരം ഒരു ബ്ലോക്ക്‌ ബസ്റ്റര്‍ ബാബറി മസ്ജിദിന്റെ പശ്ചാത്തലത്തിലുണ്ടാകണമെങ്കില്‍ കാലം എത്ര പിടിയ്ക്കും?

Inji Pennu said...

pseudo secular! എന്ന വാക്ക് ഞാന്‍ പഠിച്ചത് ഈ കാലയളവിലാണ്. ആവശ്യത്തിനും അനാവശ്യത്തിനും ജയിക്കാനും തോല്‍ക്കാനും സ്യൂഡോ എന്ന പദം ഉപയോഗിക്കാമെന്നും ഞാന്‍ പഠിച്ചു. ബേബിബൂമര്‍ പോലെ സ്യൂഡോ!

Rammohan Paliyath said...

രാജേഷേ, പേള്‍ ഹാര്‍ബര്‍ കണ്ടില്ല. വളരെ ചെറിയ പ്രായത്തില്‍ അന്ന് ടീനേജറായിരുന്ന ചേട്ടനോടൊപ്പം തൃശൂര്‍ രാഗത്തില്‍ കണ്ട ടോറ ടോറ ടോറയാണ് ആകെ കണ്ടിട്ടുള്ള സെക്കന്റ് വേള്‍ഡ് വാര്‍ സിനിമ എന്നു തോന്നുന്നു. സെക്കന്റ് വേള്‍ഡ് വാര്‍ വ്യക്തിജീവിതങ്ങളില്‍ ഉണ്ടാക്കിയിട്ടുള്ള മാറ്റങ്ങളെപ്പറ്റിയുള്ള ക്ലാസിക് യൂറോപ്യന്‍ സിനിമകളും ചിലത് കണ്ടിട്ടുണ്ട്. ചര്‍ച്ചിലിന്റെ ചരിത്രം വായിച്ചുകൊണ്ടിരിക്കുന്നു. നാലാമത്തെ വാല്യമായി. നമ്മുടെ മന്ത്രിമാരുടെ മാതാപിതാക്കള്‍ ക്രാന്തദര്‍ശികളാണ് - അതല്ലേ അവര്‍ക്ക് ബേബി, നീലലോഹിതദാസ് എന്നെല്ലാം പേരിടുന്നത്.

Rammohan Paliyath said...

ഇഞ്ചി, സ്യുഡോ-സെക്കുലര്‍ എന്ന് ഏറ്റവുമധികം ഉപയോഗിക്കുന്നത് വീഎച്ച്പ്പിക്കാരാണ്. അത് ഏറ്റുപാടാന്‍ എത്ര എളുപ്പം. അങ്ങനെ നോക്കിയാല്‍ ആരും സെക്കുലറല്ലെന്ന് കാണാം. ഡെഫ്നിഷന്റെ കുഴപ്പമായിരിക്കുന്നു. ഹിന്ദി സിനിമയെ വിളിച്ച് വിളിച്ച് ‘ബോളിവുഡാക്കി’യ പോലെ. എന്ത് വുഡ്!

ദിവാസ്വപ്നം said...

“സുവര്‍ണക്ഷേത്രത്തില്‍ പട്ടാളത്തെ കേറ്റിയതിന്റെ പ്രായശ്ചിത്തത്തിന് ഗ്യാനി സെയിത്സിംഗിനെക്കൊണ്ട് ചെരിപ്പ് തുടപ്പിച്ച“

അത് ബൂട്ടാസിംഗായിരുന്നില്ലേ ?

Rammohan Paliyath said...

എന്നാല്‍ ബൂട്ടയും തുടച്ചു കാണും. ഗ്യാനി തുടച്ചു.

G.MANU said...

ദില്ലിയിലെ ചില സംവാദങ്ങളില്‍ ഉണ്ണി ആ പഴയ വരക്കാലങ്ങള്‍ ഓര്‍ക്കാറുണ്ട്‌. 'എനി മോര്‍ പേപ്പര്‍ ടു സൈന്‍' എന്ന അടിയന്തിരാവസ്ഥ കാലത്തെപറ്റിയുള്ള കാര്‍ട്ടൂണിനെ പറ്റി പറയാറുണ്ട്‌. അടിയന്തിരാവസ്ഥയില്‍ ഒരു വര പോലും വരക്കാതിരുന്ന വിജയണ്റ്റെ സങ്കടത്തെപറ്റിയും.. പലതും ഓര്‍മ്മിപ്പിച്ചു ഈ പോസ്റ്റ്‌..

റാംജി..ഒരു ചോദ്യം..എന്തേ കാര്‍ട്ടൂണിംഗില്‍ തുടര്‍ന്നില്ല.. ധിഷണയില്‍ മുക്കിവരക്കുന്ന കാര്‍ട്ടൂണുകള്‍ വംശനാശം നേരിടുകയാണല്ലോ... ഒന്നു ശ്രമിച്ചുകൂടെ... ?

Rammohan Paliyath said...

ഏതുണ്ണിയാ? മെലിഞ്ഞ കാര്‍ട്ടൂണിസ്റ്റോ എക്സ്പ്രസ്സിലെ തടിയന്‍ ജേര്‍ണലിസ്റ്റോ? അവനും കാര്‍ട്ടൂണിസ്റ്റാണേ, എന്റെ എമ്മേ മേറ്റ്. ദില്ലിയില്‍ ഞങ്ങള്‍ ഒന്നിച്ചായിരുന്നു താമസം. ഹരിയാനയില്‍ ചൌതാല കുതിരക്കച്ചവടം നടത്തിയപ്പോള്‍ അവന്‍ ഡെമോക്രസിയുടെ ചരമപ്പരസ്യം വരച്ചു. ഞാനൊരു കാപ്ഷനുമിട്ടു - ചൌത ഉതാല എന്ന്. അത് പാട്രിയറ്റില്‍ വന്നു.

ഇനി കാര്‍ട്ടൂണില്‍ പയറ്റാനോ? രണ്ടീസം കഴിഞ്ഞാല്‍ 41 തികയും. ഇനി വയ്യെന്നുടയോനേ.

G.MANU said...

chautha uthala....oh god..
ente Raaamjeeeeeeeee.........:)

Rammohan Paliyath said...

ഒരു കാര്യം പറയാന്‍ വിട്ടു. എന്റെ എക്കാലത്തെയും പ്രിയ കാര്‍ട്ടൂണിസ്റ്റുകളിലൊരാള്‍ ഗോപികൃഷ്ണനാ. സുജിതും ഒപ്പത്തിനൊപ്പം. അവര് വരയ്ക്കട്ടെ. നമക്ക് കാണാം.

രാജേഷ് ആർ. വർമ്മ said...

ചൗത്താ ഉതാലാ ഏതാ ഭാഷാ? എന്താ അര്‍ത്ഥം?

Rammohan Paliyath said...

ചൌതാ ഉതാല ഹിന്ദിയോ ഹരിയാനക്കാരുടേയോ യുപിക്കാരുടേയോ വല്ല വകഭേദ ഭാഷയോ ആയിരിക്കണം. എന്താ‍യാലും അത് ഹിന്ദിയേക്കാള്‍ വടക്ക് ജീവിക്കുന്ന അഹിന്ദിഫണ്ടകള്‍ക്കിടയില്‍ പരിചിതമാണ്. കാരണം ഇംഗ്ലീഷ് പരസ്യങ്ങളിലെ ചരമപ്പരസ്യങ്ങളുടെ തലക്കെട്ടായും chauta uthala എന്ന് ബോള്‍ഡായി കൊടുക്കും. നാലാം ദിവസത്തെ ചടങ്ങ് എന്നായിരിക്കും അര്‍ത്ഥം. നമ്മുടെ സഞ്ചയനത്തിന്റെ ഈക്വല്‍.

Rammohan Paliyath said...

ഇംഗ്ലീഷ്പത്രങ്ങളുടെ എന്ന് വായിക്കണേ

ബഷീർ said...

ഏതോ ലിങ്ക്‌ വഴി ഇവിടെ വന്നു..
നല്ല ലേഖനം..

ആ ദുര്‍ ദിനത്തില്‍ ഡിസംബര്‍ 6 ,1992.. ഞാന്‍ ബോബെയില്‍ ആയിരുന്നു..

അഗ്രജന്റെ കമന്റില്‍ ഒപ്പ്‌..

ഒരു “ദേശാഭിമാനി” said...

താ‍ങ്കള്‍ താങ്കളുടെ ഹ്രുദയത്തിലുള്ളതു പച്ചയായി വാക്കുകളയി ഇവിടെ തുറന്നു കാണിച്ചു. അതു മുഴുവന്‍ വായിച്ചു ഒരു ദീര്‍ഘനിശ്വാസവും വിട്ട് -കമന്റു പാത്രവും പരതി നോക്കി!

ഇന്നലെകളില്‍ ആരുടെ ഒക്കെയോ അഹംങ്കാരത്തിനും അത്യാര്‍ത്തിക്കും, സ്വാര്‍ത്ഥതക്കും, കയ്യൂക്കിനും, വിവരക്കേടിനും, നെറികേടിനും ഒക്കെ ചരിത്രം ഇടം കൊടുത്തു. ഉണങ്ങിയ ചോരയും, ചീഞ്ഞ മനുഷ്യമാംസവും, ഭീതി പ്പെടുത്തുന്ന അസ്ഥികൂടങ്ങളും, കത്തിചാമ്പലായ ഗ്രാമങ്ങളും ഭാരതാമ്പ എത്രയോ കണ്ടിരിക്കുന്നു.

ഇന്നലെകളില്‍ ചെയ്ത നെറികേടുക്കളെ ന്യായീകരിക്കാന്‍, നെറികെട്ടവരുടെ അടുത്തതലമുറ അതിനേക്കാള്‍ വലിയ നെറികേടു കാണിക്കുന്നു!

അത് ഏതു മതക്കാരനാവട്ടെ, ഏതു നിറക്കാരനാവട്ടെ, ..പിശാചിന്റെ ആത്മാവു പേറുന്ന അവര്‍ നാശത്തിന്റെ സന്ദേശവാഹകര്‍!

നാളത്തെ തലമുറയെപറ്റി ഒര്‍ക്കുമ്പോള്‍ ഇന്നു ഭയമാകുന്നു.

താങ്കള്‍ക്കെന്റെ നമസ്കാരം!

കരീം മാഷ്‌ said...

മറന്നതായിരുന്നു ആ ദിവസം.
തെക്കുമ്മുറിക്കും വടക്കുമുറിക്കുമിടയില്‍ ഇനിയും പുതിയൊരു പള്ളി പണിയണമെന്നും അതിന്റെ ആവശ്യകതയെക്കുറിച്ചു വാദിച്ചവരോടു തര്‍ക്കിക്കാനാവാതെ നിശബ്ദനായപ്പോഴും ഇപ്പോള്‍ ഈ പോസ്റ്റു കണ്ടപ്പോഴും വീണ്ടും ഓര്‍ത്തു.
പ്രശ്നങ്ങളെ ലൈവായി നിര്‍ത്താന്‍ ആര്‍ക്കൊക്കെയാണു ആര്‍ത്തി
ഏതായാലും പൂര്‍ണ്ണ മുസല്‍മാനും യഥാര്‍ത്ഥ ഹിന്ദുവിനുമല്ല.

കരീം മാഷ്‌ said...

മറന്നതായിരുന്നു ആ ദിവസം.
തെക്കുമ്മുറിക്കും വടക്കുമുറിക്കുമിടയില്‍ ഇനിയും പുതിയൊരു പള്ളി പണിയണമെന്നും അതിന്റെ ആവശ്യകതയെക്കുറിച്ചു വാദിച്ചവരോടു തര്‍ക്കിക്കാനാവാതെ നിശബ്ദനായപ്പോഴും ഇപ്പോള്‍ ഈ പോസ്റ്റു കണ്ടപ്പോഴും വീണ്ടും ഓര്‍ത്തു.
പ്രശ്നങ്ങളെ ലൈവായി നിര്‍ത്താന്‍ ആര്‍ക്കൊക്കെയാണു ആര്‍ത്തി
ഏതായാലും പൂര്‍ണ്ണ മുസല്‍മാനും യഥാര്‍ത്ഥ ഹിന്ദുവിനുമല്ല.

Related Posts with Thumbnails