Sunday, December 9, 2007

ടിപ്പു കൊടുക്കുന്നതിനെപ്പറ്റിയുള്ള ചില ടിപ്പുകള്‍


യാഹൂ, എമ്മെസ്സെന്‍ തുടങ്ങിയ മിക്കവാറും പോര്‍ട്ടലുകളില്‍ ടിപ്പു കൊടുക്കലിനെപ്പറ്റിയുള്ള ടിപ്പുകള്‍ ലഭ്യമാണ്. അവയില്‍ ഭൂരിപക്ഷവും പക്ഷേ വിരുന്നുകാരെ [വിനോദ/ബിസിനസ് സഞ്ചാരികളെ/സന്ദര്‍ശകരെ] മാത്രം ഉദ്ദേശിച്ചാണ്. അതുകൊണ്ടു തന്നെ ഹോട്ടല്‍, റെസ്റ്റൊറന്റ്, ടാ‍ക്സി തുടങ്ങിയ താല്‍ക്കാലിക ഒഴുക്കിടങ്ങളില്‍ ഫ്ലോട്ടിംഗ് ജനം നല്‍കേണ്ട ടിപ്പുകളാണ് അവയുടെ പ്രതിപാ‍ദ്യം. [ജപ്പാനില്‍ ഏത് സ്ഥലത്തും ടിപ്പു കൊടുക്കുന്നത് അപമാനിക്കുന്നതിന് തുല്യമാണെന്ന് ഒരിടത്ത് വായിച്ചു. തന്നെ?]. ലണ്ടനില്‍ ടാക്സികളില്‍ ടിപ്പ് നിര്‍ബന്ധമാണെന്ന് കേട്ടിരിക്കുന്നു. ടിപ്പ് കൊടുക്കാത്തവരെ അവിടത്തെ ടാക്സി ഡ്രൈവേഴ്സ് പല തരത്തില്‍ ഉപദ്രവിക്കുമത്രേ. ലണ്ടനിലെ നാടക തീയറ്ററുകളില്‍ വര്‍ഷങ്ങളോളം കളിച്ച അഗതാ ക്രിസ്റ്റിയുടെ ‘മൌസ്ട്രാപ്പ്‘ എന്ന നാടകം കാണാന്‍ ടാക്സിയില്‍പ്പോയ ഒരു ബംഗാളി ബുദ്ധിജീവി ടിപ്പു കൊടുക്കാതെ ഇറങ്ങിപ്പോയി. ഉടനെ ടാക്സി ഡ്രൈവര്‍ അങ്ങൊരെ തിരികെ വിളിച്ച് ചെവിയില്‍ ഇങ്ങനെ പറഞ്ഞു: “സര്‍, ഈ നാടകത്തില്‍ ഡിറ്റക്ടീവ് തന്നെയാണ് കൊല നടത്തുന്നത്”. അതിലും ഭേദം ടിപ്പു കൊടുക്കുക തന്നെ.

കുറച്ചധികം കാലമോ ദീര്‍ഘകാലമോ പുറംനാടുകളില്‍ തങ്ങേണ്ടവര്‍ കൊടുക്കേണ്ട ടിപ്പുകളെപ്പറ്റി അധികം വിവരങ്ങള്‍ ലഭ്യമല്ല. ബോംബെയില്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ ടിപ്പ് നല്‍കണമെന്ന് ഒരലിഖിത നിയമമുണ്ട്. തൊണ്ണൂറ്റി രണ്ടിനും മൂന്നിനുമിടയ്ക്കുള്ള കാലത്ത് ഇതറിയാതെ രണ്ടാമതും ഒരു കടയില്‍ മുടി വെട്ടാന്‍ കയറിയപ്പോള്‍ കിട്ടിയ ല്യൂക്ക് വാം സ്വീകരണം ഓര്‍ക്കുന്നു. ഹെയര്‍ കട്ട് ബോറായിപ്പോയത് മന:പ്പൂര്‍വമാണെന്നറിയാന്‍ കുറച്ചുനാളെടുത്തു.

ചില ഇന്ത്യന്‍ ഹോട്ടല്‍ സപ്ലയര്‍‍മാര്‍ (ലോകത്ത് എവിടെയായാലും) ഓര്‍ഡറെടുക്കുന്നതിന് മുമ്പു തന്നെ ടിപ്പിനു വേണ്ടിയുള്ള ദാഹം മുഖത്തു പ്രദര്‍ശിപ്പിച്ചിട്ടുണ്ടാവും. തീറ്റ തീരാറാ‍കുന്തോറും അത് ആക്രാന്തമാകും. നോട്ടം, ശരീരഭാഷ എന്നിവയിലെല്ലാം അത് തുളുമ്പും. നമ്മള്‍ ഹോട്ടലില്‍ നിന്ന് പുറത്തു കടക്കും മുമ്പു തന്നെ എല്ലാം മറന്ന് ടിപ്പെത്രയെന്നറിയാനുള്ള അവരുടെ ഓട്ടം ഫിനിഷിംഗ് പോയന്റിലെത്തും. ടിപ്പൊന്നുമില്ലെങ്കില്‍ ഒരു ഷോക്കിംഗ് ശാ‍പം, കുറവാണെങ്കില്‍ പവര്‍കട്ട്, കൊള്ളാമെങ്കില്‍ ഒരു തിളക്കം - കണ്ണുകള്‍ കള്ളം പറയില്ല. ആദ്യമാദ്യം ഈ പരവേശം കാണുമ്പോള്‍ പുച്ഛം തോന്നിയിരുന്നു. അവരുടെ വേതനവും ജീവിതനിലവാരവും അറിഞ്ഞു തുടങ്ങിയപ്പോള്‍ അത് തൊണ്ടയില്‍ നിന്ന് പുറത്തുവരാത്ത ഒരു സങ്കടക്കെട്ടായി. എങ്കിലും പഴയ പരിഹാസച്ചിരിക്ക് മാപ്പില്ല. നിയമം അറിയില്ലെന്നത് കുറ്റം ചെയ്യാനുള്ള ലൈസന്‍സല്ല. അറിവില്ലായ്മ നിഷ്കളങ്കതയുമല്ല. ലൈംഗികത്തൊഴിലാളിയുടേയും തോട്ടിയുടെയും കഥകള്‍ പലതും വായിച്ചു. പക്ഷേ ഹോട്ടല്‍പ്പണിക്കാരുടെ ‘ശബ്ദങ്ങള്‍‘ ഒരിക്കലേ കേട്ടുള്ളൂ.

ഒരിക്കലും ആരും ടിപ്പു കൊടുക്കാത്ത നാടന്‍/ഇടനാടന്‍ ഹോട്ടലുകളുടെ കാര്യമോ? ഒരു ചെറുകിട ഹോട്ടലില്‍ പാത്രം കഴുകിയിരുന്ന കാലത്തെപ്പറ്റി ശിഹാബുദീന്‍ പൊയ്ത്തുംകടവ് എഴുതിയതോര്‍ക്കുന്നു. ചില്ലലമാരയില്‍ ചൊരിഞ്ഞിട്ടിരിക്കുന്ന പഴമ്പൊരികള്‍ വിറ്റുതീരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുമായിരുന്നുവത്രെ. [തീര്‍ന്നില്ലെങ്കില്‍ തിന്നാന്‍ കിട്ടും എന്നൊന്നും കരുതണ്ട, അത് മറ്റ് അവതാരങ്ങളാവും.] വിറ്റു തീര്‍ന്നാല്‍ അലമാരയില്‍ വിരിച്ചിരിക്കുന്ന കടലാസ് എടുത്തുകളയണം. അപ്പോള്‍ കടലാസില്‍ കൊഴിഞ്ഞുകിടക്കുന്ന പഴമ്പൊരിയുടെ മൊരിഞ്ഞ തുമ്പിന്‍ കഷ്ണങ്ങള്‍ (tips!) പെറുക്കി വീട്ടില്‍ കൊണ്ടുപോയി താഴേള്ളേങ്ങള്‍ക്ക് കൊടുക്കാം. മൊരിഞ്ഞ ആ മൈദമുത്തുകള്‍ക്ക് ശിഹാബുദ്ദീന്‍ ‘ആ‍റാം വിരല്‍’ എന്നു പേരിട്ടു. ചിലര്‍ക്ക് ജീവിക്കാന്‍ അഞ്ചുവിരലുകള്‍ പോരാ.

കനഡയില്‍ സിറ്റിസണായി സസുഖം വാഴുന്ന ഒരു ചേച്ചി പഴയൊരു വിരുന്നോര്‍ത്താല്‍ ഇപ്പഴും കരയും. ചേച്ചി പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഒരു ദിവസം കൂട്ടുകാരിയുടെ വീട്ടില്‍ പോയതായിരുന്നു. കൂട്ടിന് അനിയനേയും കൂട്ടി. ചേച്ചിയുടെ വീട്ടിലന്ന് ദാരിദ്യം സുഖമായി വാഴുന്ന കാലമാണ്. കൂട്ടുകാരിക്കിതറിയാം. അതുകൊണ്ട് അവര്‍ പരമാവധി വിഭവങ്ങളോടെ വിരുന്നൊരുക്കി. നല്ല ചക്കപ്പഴവുമുണ്ടായിരുന്നു - ചൊളപ്പറിച്ച് വിളമ്പിയത്. ചേച്ചിയുടെ നാലഞ്ചു വയസ്സുകാരനായ അനിയന്‍ ഓരോ ചുളയും തിന്ന ശേഷം കുരുവെടുത്ത് കുരുവിന്റെ മൂട്ടിലുള്ള ആ ഇളമ്മധുരമുള്ള തുമ്പുകളും (tips!) തിന്നു തീര്‍ത്തു.

ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൂറു രൂപ ടിപ്പ് കൊടുക്കുന്നവര്‍ ഇടത്തരം ഹോട്ടലില്‍ ഇരുന്നൂറും ചെറുകിട ഹോട്ടലില്‍ മുന്നൂറും നാട്ടുമ്പുറത്തെ ചായപ്പീടികയില്‍ നാനൂറും കൊടുക്കുന്നതാണ് നീതി.
കമ്മേഴ്സ്യല്‍ സെക്സ് വര്‍ക്കേഴ്സിന്റെ സേവനം (ഹൊ, അതെന്തൊരു വര്‍ക്ക്!) ഹോം ഡെലിവറിയായി നല്‍കുന്ന ഒരു സ്ഥലമുണ്ട്. അവിടെ ആ വര്‍ക്കറിനോടൊപ്പം വരുന്ന പുരുഷകേസരി പണി തീരും വരെ വാതില്‍ക്കല്‍ കാത്തു നില്‍ക്കും. കൂലി അയാള്‍ക്കാണ് കൊടുക്കേണ്ടത്! ജോലിക്കാരിക്ക് മാസശമ്പളമായിരിക്കുമോ എന്തൊ! അവര്‍ക്ക് ടിപ്പ് കൊടുക്കാതിരിക്കുന്നത് വ്യഭിചാരത്തേക്കാള്‍ വലിയ പാപം തന്നെ.
ഒരിക്കല്‍ മാ‍ത്രം സേവനം ഉപയോഗപ്പെടുത്തുന്ന സന്ദര്‍ഭങ്ങളില്‍ ആദ്യമേ തന്നെ ടിപ്പ് കൊടുക്കുന്നതല്ലേ ബുദ്ധി? (ഇത് ലൈംഗിക ജ്യൂസ് വാങ്ങുന്നതില്‍ മാത്രമല്ല കെട്ടൊ, എല്ലാ മേഖലയിലും). ഇങ്ങനെ ചെയ്താല്‍ ടിപ്പ് കൊടുക്കുന്നയാളിന് നല്ല സേവനം ഉറപ്പുവരുത്താന്‍ പറ്റും, ടിപ്പ് കിട്ടുന്നയാളിന് ‘കിട്ടുമോ ഇല്ലയൊ കിട്ടുമോ ഇല്ലയോ’ എന്ന ചങ്കിടിപ്പില്ലാതെ സേവനം കാഴ്ചവെയ്ക്കാം. വിശേഷിച്ചും നിങ്ങളൊരിന്ത്യക്കാരനാണെങ്കില്‍ ടിപ്പ് ആദ്യമേ കൊടുക്കുകയാണ് നല്ലതെന്ന് തോന്നുന്നു - ടിപ്പ് കൊടുക്കുന്നതില്‍ ഇന്ത്യക്കാര്‍ക്കുള്ള പേരുദോഷം മാനേഴ്സ്, പാമ്പാട്ടി, അഴിമതി എന്നിവരോളം സ്ട്രോങ്ങാണെന്നാണ് കമന്റാവസ്ഥസൂചന.

20 comments:

myexperimentsandme said...

ജപ്പാനില്‍ പൊതുവെ ടിപ്പില്ല. ടോക്കിയോ റെയില്‍‌വെ സ്റ്റേഷനിലെ മൂത്രപ്പുരകളില്‍ ഇവിടെ ടിപ്പും സ്വീകരിക്കും എന്നെഴുതിവെച്ചിട്ടുണ്ട്.

നാട്ടിലെ ഒരു ഹോട്ടലില്‍ വയറുനിറച്ച് കഴിച്ചിട്ടിറങ്ങിപ്പോയപ്പോള്‍ ഒരു സപ്ലൈര്‍ പുറകെ വന്ന് പറഞ്ഞു-എന്തെങ്കിലും ടിപ്പായി തരണം. എല്ലാവരും ചമ്മിപ്പോയി.

പഞ്ചരില്‍ എല്ലാവരും ടിപ്പുസുല്‍ത്താന്മാരാവുമെന്ന് കേട്ടത് ശരിയാണോ ആവോ. അവിടെല്ലാം ടിപ്പ് വീതം വെക്കലാണത്രേ. നാട്ടിലെ ടിപ്പുകള്‍ അവരവര്‍ക്കാണെങ്കില്‍ ടിപ്പില്‍ സോഷ്യലിസം എങ്ങിനെ കൊണ്ടുവരും?

മൂര്‍ത്തി said...

നാസറുദ്ദീന്‍ മുല്ലയോ മറ്റോ ടിപ്പ് കൊടുത്ത ഒരു കഥയില്ലേ?
ആദ്യം ചെന്നപ്പോള്‍ മോശം സേവനമായിരുന്നു. മുല്ല ഒന്നും പറയാതെ ഒരു സ്വര്‍ണ്ണനാണയം ടിപ്പ് കൊടുത്തു. പിന്നീട് ചെന്നപ്പോള്‍ നല്ല ഒന്നാം തരം സേവനം. മുല്ല ഒരു ചെമ്പ് നാണയം മാത്രം കൊടുത്തു. സേവകന്‍ ചോദിച്ചു “ കഴിഞ്ഞ തവണ ഞാന്‍ അത്ര നന്നായി പെരുമാറിയില്ല. എന്നിട്ടും സ്വര്‍ണ്ണം തന്നു. ഇത്തവണ ഇത്ര നന്നായി പെരുമാറിയിട്ടും ചെമ്പ് മാത്രമോ?” മുല്ല പറഞ്ഞു..”ചെമ്പ് കഴിഞ്ഞ തവണത്തെ നിന്റെ സേവനത്തിന്. സ്വര്‍ണ്ണം ഇപ്പോഴത്തേതിന്.” :)

ഒരു “ദേശാഭിമാനി” said...

ചില സില നീറുന്ന സത്യങ്ങള്‍!

വേണു venu said...

സര്‍, ഈ നാടകത്തില്‍ ഡിറ്റക്ടീവ് തന്നെയാണ് കൊല നടത്തുന്നത്”.
നിന്‍റെ നാടകം ഞാന്‍‍ കൊളമാക്കിയേ...

‘ആ‍റാം വിരല്‍’വായിച്ച് കണ്ണു കലങ്ങി...

അഭയാര്‍ത്ഥി said...

ടിപ്പു സള്‍ട്ടന്‍ പണ്ട്‌ പടയോട്ടക്കാല്‍ത്ത്‌ ടിപ്പ്‌ കൊടുക്കുന്നവര്‍ക്ക്‌ ടിപ്പ്‌
കൊടുത്തിരുന്നതായി......


ബാറിലെ മസാല ദോശക്ക്‌(മദാലസ എന്നെ നിങ്ങള്‍ പറയും) അമ്പത്‌ ടിപ്പിടുന്ന
മുയലാളി കൂട്ട്വാരന്‍ മുള്ളാന്‍ പോവുമ്പൊ അമ്പത്‌ മാറ്റി 2 രൂപ ഇട്ട്‌ എണീറ്റ്‌ പോരുമായിരുന്നു.
പുള്ളിക്ക്‌ അല്‍പ്പം മസാലയുള്ളവരെ കണ്ടാല്‍ വലിയ ടിപ്പിടുന്ന ദൗര്‍ബല്യം.
എനിക്ക്‌ അനാവശ്യമായി വലിയ നോട്ട്‌ പറക്കുന്നത്‌ കണ്ടാല്‍ അടിച്ച്‌ മാറ്റാനുള്ള ദൗര്‍ബല്യം.

ടിപ്പുണ്ടായിട്ടും നടക്കാതെ പോകുന്നു മണ്ണില്‍ മനുഷ്യന്റെ സ്വാര്‍ത്ഥ മോഹങ്ങള്‍
കാശുണ്ടായിട്ടും ടിപ്പാതെ പോകുന്നു പിശുക്കാല്‍ മനുഷ്യന്റെ സ്വാര്‍ത്ഥ വിചാരം...
എന്നൊക്കെ കവികള്‍ പാടീയിട്ടുണ്ടോ?

ടീപ്പുന്നതിനേക്കാള്‍ കപ്പുന്നതെനിക്കിഷ്ടം(അടിച്ചുമാറ്റുക).
അതിനൊരു ആധികാരികതയുണ്ട്‌.
ടിപ്പ്‌ വാങ്ങുന്നവന്‌ യാചകന്റെ മുഖമാണ്‌.
കക്കുന്നവന്‌ ഒരു അഗ്രസറുടെ തുള്ളിമുഖം- കുട്ടി സീസര്‍.

ടിപ്പ്‌ വാങ്ങരുത്‌ ടിപ്പ്‌ കൊടുക്കരുത്‌ ടിപ്പ്‌ പറയരുത്‌.
ടിപ്പ്‌ ടോപ്പായിര്‍ക്കുവാന്‍ ഇതാണ്‌ നല്ലത്‌. ഈദാണെ സത്യം.

Satheesh said...

ടിപ്പിന് ഒരു ജനറല്‍ റൂള്‍ ഉണ്ടാക്കുക ബുദ്ധിമുട്ട് തന്നെ. സിംഗപ്പൂരില്‍ ടിപ്പ് പരിപാടി ഇല്ല- ഹോട്ടലിലായാലും ടാക്സിയിലായാലും. കൊടുത്താല്‍ വാങ്ങൂല എന്ന കടും‌പിടുത്തവുമില്ല! :)
ഓട്ടോയില്‍ വന്നിറങ്ങിയിട്ട് ഓട്ടോക്കാരനുമായി 2 രൂപക്ക് വഴക്കടിച്ച്, ഭക്ഷണം കഴിഞ്ഞിട്ട് വെയിറ്റര്‍ക്ക് 10രൂപ ടിപ്പ് കൊടുക്കുന്ന ഒരു മാന്യദേഹത്തെ ഒരിക്കല്‍ മദ്രാസില്‍ കണ്ടിരുന്നു!

അനംഗാരി said...

അമേരിക്കയില്‍ ടിപ്പ് നിര്‍ബന്ധമാണ്.ടിപ്പ് കൊടുക്കാതെ പോയാ‍ല്‍ സംസ്കാരമില്ലാത്തവന്‍ എന്ന ചീത്തപ്പേര് കേള്‍ക്കേണ്ടി വരും.ഹോട്ടലില്‍,ടാക്സിയില്‍, ബാര്‍ബര്‍ഷോപ്പില്‍ അങ്ങിനെ എവിടെയും ബില്ലിന്റെ 20 ശതമാനമാണ് ടിപ്പ്.ഹോട്ടലുകളില്‍ വേതനം കണക്കാക്കുന്നത് ടിപ്പിനെ അടിസ്ഥാനപ്പെടുത്തിയാണ്.ഉദാഹരണത്തിന് സെര്‍വര്‍ക്ക് വേതനം 3.25 ഡോളറാണ് മണിക്കൂറില്‍.ബാക്കി തുക അവന്‍ ടിപ്പില്‍ നിന്ന് ഉണ്ടാക്കണം.ടാക്സിയില്‍ 20 ശതമാനം ഗ്രാറ്റുവിറ്റി എന്നാണ് അറിയപ്പെടുന്നത്.
അതുകൊണ്ട് തന്നെ നല്ല സേവനം പ്രതീക്ഷിക്കാം.
ഒരിക്കല്‍ ഒരു ചൈനീസ് റെസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ച് കൊണ്ടീരിക്കുമ്പോള്‍ ടിപ്പ് നല്‍കാതെ പോയ ഇന്‍ഡ്യാക്കാ‍രനും,മാനേജരും തമ്മില്‍ കശപിശ നേരിട്ട് കണ്ടതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല:)

ദിലീപ് വിശ്വനാഥ് said...

TIPS - To Insure Proper Service.

simy nazareth said...

അമേരിക്കയില്‍ ഏതു റെസ്റ്റാറന്റില്‍ കയറിയാലും മിനിമം 15% കൊടുക്കണം. യൂറോപ്പില്‍ മിക്ക സ്ഥലത്തും അങ്ങനെതന്നെ. അല്ലെങ്കില്‍ രണ്ടാമതു പോവുമ്പോള്‍ വേറെ വെയ്റ്ററെ കിട്ടണേ എന്നു പ്രാര്‍ത്ഥിക്കുന്നതാവും നല്ലത്.

ഫിലഡെല്ഫിയയില്‍ കുറച്ചുനാള്‍ ഉണ്ടായിരുന്നപ്പോള്‍ പതിനൊന്നു ഡോളറിന്റെ ഓട്ടത്തിനു നാലുഡോളര്‍ ടിപ്പുകൊടുത്തു. ഡ്രൈവര്‍ തിരിഞ്ഞ് ചോദിച്ചു. നിങ്ങള്‍ എനിക്ക് ടിപ്പുതരുന്നു. ഇന്ത്യക്കാര്‍ ഒന്നും ഇങ്ങനെ ടിപ്പുതരാറില്ല. എന്തുകൊണ്ടാണത്? വേറെ ഒരു ടാക്സിക്കാരനു ആദ്യം കുറെ നാള്‍ തെറ്റി ഒരു ഡോളര്‍ മാത്രം ടിപ്പുകൊടുത്തുകൊണ്ടിരുന്നു. ദിവസവും വരുന്ന ടാക്സിക്കാരന്‍ പറഞ്ഞു: “തേങ്ങ്സ് ഫോര്‍ ദ് വണ്‍ ഡോളര്‍”. ഞാന്‍ ടാക്സി മാറ്റി.

ദുബൈ ഇല്‍ ടാക്സി ഡ്രൈവര്‍മാര്‍ പാവങ്ങളാണ്. കേറുന്നവരൊക്കെ ഒന്നോ രണ്ടോ ദിര്‍ഹം ടിപ്പുകൊടുത്താല്‍ അവര്‍ക്കു നാട്ടിലേയ്ക്കു ചെറിയൊരു തുക അയയ്ക്കാന്‍ പറ്റും. ആരെങ്കിലും ഒക്കെ കൊടുക്കുന്നുണ്ടോ ആവോ. ദുബൈ എയര്‍പോര്‍ട്ടിലെ ഡ്രൈവര്‍മാര്‍ പറയുന്നത് പാശ്ചാത്യരാണ് നന്നായി ടിപ്പുകൊടുക്കുക എന്നാണ്.

ഇവിടെ ചെറിയ ചായക്കടകളില്‍ കയറി അത്താഴവും കഴിച്ച് ഇറങ്ങുമ്പോള്‍ ഞാന്‍ ടിപ്പുകൊടുക്കാറില്ല.

umbachy said...

സാലോക്കിളിയുടെ
ഒരു കാല് പൊരിച്ചത് ടിപ്പ്...

ടിപ്പിക്കല്‍ മലയാളി
ടിപ്പ്
കൊടുക്കുന്നതും
നാലാളെ അറിയിക്കും എന്നനുഭവം.

Rammohan Paliyath said...

കമ്മേഴ്സ്യല്‍ സെക്സ് വര്‍ക്കേഴ്സിന്റെ സേവനം (ഹൊ, അതെന്തൊരു വര്‍ക്ക്!) ഹോം ഡെലിവറിയായി നല്‍കുന്ന ഒരു സ്ഥലമുണ്ട്. അവിടെ ആ വര്‍ക്കറിനോടൊപ്പം വരുന്ന പുരുഷകേസരി പണി തീരും വരെ വാതില്‍ക്കല്‍ കാത്തു നില്‍ക്കും. കൂലി അയാള്‍ക്കാണ് കൊടുക്കേണ്ടത്! ജോലിക്കാരിക്ക് മാസശമ്പളമായിരിക്കുമോ എന്തൊ! അവര്‍ക്ക് ടിപ്പ് കൊടുക്കാതിരിക്കുന്നത് വ്യഭിചാരത്തേക്കാള്‍ വലിയ പാപം തന്നെ.

ഒരിക്കല്‍ മാ‍ത്രം സേവനം ഉപയോഗപ്പെടുത്തുന്ന സന്ദര്‍ഭങ്ങളില്‍ ആദ്യമേ തന്നെ ടിപ്പ് കൊടുക്കുന്നതല്ലേ ബുദ്ധി? (ഇത് ലൈംഗിക ജ്യൂസ് വാങ്ങുന്നതില്‍ മാത്രമല്ല കെട്ടൊ, എല്ലാ മേഖലയിലും). ഇങ്ങനെ ചെയ്താല്‍ ടിപ്പ് കൊടുക്കുന്നയാളിന് നല്ല സേവനം ഉറപ്പുവരുത്താന്‍ പറ്റും, ടിപ്പ് കിട്ടുന്നയാളിന് ‘കിട്ടുമോ ഇല്ലയൊ കിട്ടുമോ ഇല്ലയോ’ എന്ന ചങ്കിടിപ്പില്ലാതെ സേവനം കാഴ്ചവെയ്ക്കാം. വിശേഷിച്ചും നിങ്ങളൊരിന്ത്യക്കാരനാണെങ്കില്‍ ടിപ്പ് ആദ്യമേ കൊടുക്കുകയാണ് നല്ലതെന്ന് തോന്നുന്നു - ടിപ്പ് കൊടുക്കുന്നതില്‍ ഇന്ത്യക്കാര്‍ക്കുള്ള പേരുദോഷം മാനേഴ്സ്, പാമ്പാട്ടി, അഴിമതി എന്നിവരോളം സ്ട്രോങ്ങാണെന്നാണ് കമന്റാവസ്ഥസൂചന.

വിന്‍സ് said...

അമേരിക്കയില്‍ ടാക്സിയിലും വെയിറ്റേര്‍സ് സെര്‍വ് ചെയ്യുന്നിടങ്ങളിലും സെല്‍ഫ് സെര്‍വ് അല്ലാത്ത എവിടെയും ടിപ്പ് കൊടുക്കുക എന്നുള്ളതു സാമാന്യ മര്യാദയില്‍ ഉള്ളതാണു. ഇന്ത്യാക്കാര്‍ക്ക് ടിപ്പ് കൊടുക്കുക എന്നു പറയുന്നതു വല്ലത്ത ഒരു വിഷമം ഉണ്ടാക്കുന്ന കാര്യം ആയിട്ടാണു എനിക്കു തോന്നിയിട്ടുള്ളത്. ഇന്ത്യാക്കാരെ വെയിറ്റേര്‍സിനും മറ്റും ഒരു മതിപ്പും ഇല്ലാതിരിക്കാന്‍ കാരണവും അവരുടെ ടിപ്പ് കൊടുക്കുന്നതിലെ പിശുക്കാണു. സാധാരണ ടിപ്പ് കൊടുക്കുന്നതു 10 ശതാമാനത്തിലും 15 ശതമാനത്തിലും ഇടയില്‍ ആണ്. നല്ല സര്‍വീസ് ആണെങ്കില്‍ നമ്മുടെ ഇഷ്ടം അനുസരിച്ചു 20% വരെ കൊടുക്കുന്നതാണു ഒരു പതിവു.

ഒരിക്കല്‍ ഐഹാപ്പ് എന്ന കടയില്‍ വെയിറ്റര്‍ക്ക് 5 സെന്റ് ടിപ്പ് ആയി കൊടുത്തിട്ടു ‘കീപ് അപ്പ് യുവര്‍ ഗ്രേറ്റ് ജോബ്’ എന്നു പറഞ്ഞും മറ്റൊരിക്കല്‍ ഒരു വെയിറ്റര്‍ക്ക് 20 ഡൊളറിന്റെ ബില്ലിനു 10 ഡോളര്‍ ടിപ്പും കൊടുത്തിട്ടുണ്ട്.

ഇതു നാട്ടില്‍ ചെയ്യാന്‍ ശ്രെമിച്ചപ്പോള്‍ എന്നെ അതില്‍ നിന്നും വിലക്കിയതു കൂടെ ഉണ്ടായിരുന്നവര്‍ ആണ്. ബില്ല് എത്ര ആയാലും അവിടത്തെ കണക്ക് അഞ്ചു രൂപ അല്ലെങ്കില്‍ പത്തു രൂപ ആണു. ചെറിയ കടയിലോ മറ്റോ ആണെങ്കില്‍ അവിടെ ടിപ്പ് എന്നൊക്കെ പറയുന്നതു കേട്ടിട്ടു പോലും ഇല്ല.

സെല്‍ഫ് സെര്‍വ് അല്ലാത്ത എല്ലാ ഇടത്തും ടിപ്പ് കൊടുക്കണം. ഇതു സെര്‍വ് ചെയ്യുന്നവരുടെ ജോലിയെ നമ്മള്‍ ബഹുമാനിക്കുന്നു എന്നു കാണിക്കുവാന്‍ വേണ്ടി ആണു എന്നാണു ഞാന്‍ കരുതാറ്. മലയാളികളും പട്ടേലുമാരും ആണു ടിപ്പ് കൊടുക്കുന്നതില്‍ പുറകോട്ട് എന്ന് എനിക്കു തോന്നുന്നു.

Rammohan Paliyath said...

every shah, paterl and metha എന്നു പറയണം വിന്‍സേ, every unni, sunny and ummer എന്ന് പറയേണ്ടതുപോലെ

Kaithamullu said...

ഒരിക്കല്‍ക്കൂടി നിങ്ങള്‍ക്കാ സ്ഥലം സന്ദര്‍ശിക്കേണ്ടി വരും എന്ന് തോന്നുന്നുവെങ്കില്‍, നിശ്ചയമായും, ടിപ് കൊടുത്തിരിക്കണം.(especially restaurants)

(Tip കൊടുക്കാതെ, അല്പം വഴക്കുമിട്ട് പിരിഞ്ഞു എന്ന് കരുതുക; അടുത്ത പ്രാവശ്യം അവര്‍ തരുന്ന സ്വീകരണം എത് തരത്തിലുള്ളതായിരിക്കും എന്ന് , വെയ്റ്റര്‍ ആയി ജോലി ചെയ്തിട്ടുള്ള എന്റെ ഒരു നാട്ടുകാരന്‍ പറഞ്ഞെനിക്കറിയാം. അത് ഇപ്പോ പരസ്യമാക്കൂല്യാ...)

Anonymous said...

മനസ്സിരുത്തി വായിച്ചു, നോട്ടു കുറിച്ചു.
ഭക്ഷണസംബന്ധിയാണല്ലൊ, എന്നു കണ്ട് വന്നതാണ്. നല്ല എഴുത്ത് !

നാടന്‍ said...

കൊച്ചിയിലെ ഒരു ഹോട്ടലില്‍ "ടിപ്‌ താഡാ ..." എന്ന് വെയിറ്റര്‍ നിശബ്ധം പറഞ്ഞത്‌ ഇങ്ങനെ. ആകെ ബില്ല് 400 രൂപ. 500 രൂപ നോട്ട്‌ കൊടുത്തു. ബാക്കി കൊണ്ട്‌ വന്നത്‌, 20 ന്റെ ഒരു നോട്ട്‌, 10 ന്റെ 7 നോട്ട്‌, 5 ന്റെ 2 നോട്ട്‌. ഇനി ചെയിഞ്ജ്‌ ഇല്ലാത്തത്‌ കാരണം ടിപ്‌ ഇടാന്‍ കഴിയാതെ പോണ്ട എന്ന് വിചാരിച്ച്‌ കാണും. അല്ലെങ്കില്‍ ആ ഹോട്ടലില്‍ 100 ന്റെ ഒറ്റ നോട്ട്‌ കാണില്ലായിരിക്കും (ഇത്‌ ഞാന്‍ വിശ്വസിക്കില്ല കേട്ടോ.)

പൈങ്ങോടന്‍ said...

നിങ്ങളൊക്കെ ഇവിടെ വെറും അഞ്ചും പത്തും ടിപ്പു കൊടുക്കുന്നതിനെപ്പറ്റി സംസാരിക്കുന്നു.
എന്നാലിവിടെ ആഫ്രിക്കയില്‍ 1000ല്‍ കുറഞ്ഞ ടിപ്പിന്റെ പരിപാടിയില്ല.
മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയാല്‍ വണ്ടി നോക്കുന്ന സെക്യൂരിറ്റിക്കാരനു കൊടൂക്കും 1000 ടിപ്പ്.
വളരെ ചുരുക്കമായേ ഹോട്ടലീന്ന് ഭക്ഷണം കഴിക്കൂ..പക്ഷേ അവിടേം കൊടുക്കും ഒരു 5000 ടിപ്പ്
ഇത്രേം ടിപ്പുകൊടുക്കുന്ന എന്നെപ്പറ്റി ഇപ്പോ എന്തു തോന്നുന്നു.


പ്ലീസ്...ദയവുചെയ്ത് ഇവിടത്തെ കറന്‍സിയുടെ മൂല്യം ചോദിക്കല്ലേ :)

കൊച്ചുമുതലാളി said...

:)

മാവേലി നാടു വാണീടും കാലം..
ടിപ്പുകളെല്ലാര്‍ക്കുമൊന്നു പോലെ..
ആമോദത്തോടെ വാ‍ങ്ങീടും കാലം......

ഇങ്ങനെയും പാടാം..

Palluruthy Today said...

mudi vettu kaaran tip kittillennu nerathe arinjo?

Unknown said...

ടിപ്പിനു പകരം ന്യായമായ ശമ്പളം സപ്ലയര്‍മാര്‍ക്ക് കൊടുത്ത് അവര്‍ക്ക് ഭക്ഷണത്തിന്റെ വില ആവശ്യമെങ്കില്‍ കൂട്ടിയാല്‍ പോരേ ? അതിനു പകരം ഭക്ഷണവില കുറവ്, പിന്നെ നിങ്ങ ടിപ്പ് കൊടുത്തോളൂ എന്ന നയം ചേമ്പിലെ നയമാണ്

Related Posts with Thumbnails