Monday, December 17, 2007
നളിനി ജമീലയുടെ മൊബൈല്‍ നമ്പര്‍
ദിനപത്രങ്ങളില്‍ ചരമവാര്‍ത്തകള്‍ക്കായി ദിവസേന ഒരു പേജ് മാറ്റിവെയ്ക്കുന്ന ലോകത്തിലെ ഏകഭാഷ മലയാളമാണോ? എന്താണിതിന്റെ പിന്നിലെ സൈക്കോളജി [അതോ സോഷ്യോളജിയോ]? ചരമപ്പേജില്ലാതെ ഒരു പത്രമിറക്കാന്‍ ഏതെങ്കിലും പത്രമുതലാളിയ്ക്കോ പത്രാധിപര്‍ക്കോ ചങ്കൂറ്റമുണ്ടാവുമോ? എന്നായിരിക്കും അങ്ങനെയൊരു മലയാള ദിനപത്രം പുറത്തുവരിക?
അമേരിക്കയിലും മറ്റും പ്രചാരത്തിലുള്ളതുപോലെ നെയ്ബര്‍ഹുഡ് [ചുറ്റുവട്ട] പത്രങ്ങള്‍ വന്നാല്‍ അവര്‍ക്കീ വാര്‍ത്തകള്‍ ഏറ്റെടുക്കാനാവുമോ? അത്തരം ജനകീയാസൂത്രിത പത്രങ്ങള്‍ എന്നു കേട്ടാല്‍ പത്രമുത്തശ്ശിമാരുടെ ബീപ്പി കൂടുമോ? അപ്പോഴും ചങ്കരന് കയറിയ തെങ്ങുംവഞ്ചി തിരുനക്കരെ തന്നെയായിരിക്കുമോ? ചരമവാര്‍ത്ത പത്രരൂപത്തില്‍ത്തന്നെ വരണോ? ഇന്നലെ ചെയ്തോരബദ്ധം മൂഡര്‍ക്ക് ഇന്നത്തെയാചാരമായതാണോ? ലോക്കലായി വന്നാല്‍പ്പോരാ, ആലപ്പുഴേലെ ബന്ധുക്കളും കോഴിക്കോട്ടെ കൂട്ടുകാരും അറിയാന്‍ അതുപോരായെന്ന് പറയുമോ? ഇതൊരു മനോരോഗമാണോ?
ചരമവാര്‍ത്ത നാട്ടുകാരെ അറിയിക്കാന്‍ വേറെ മാര്‍ഗമൊന്നുമില്ലേ? ടെക്നോളജി പുരോഗമിച്ചിട്ടും ഇതിനൊരു പ്രതിവിധിയില്ലേ? ഒരു സാധാ മലയാളിയുടെ ചരമവാര്‍ത്ത പരമാവധി എത്ര പേരെ ബാധിക്കും? എത്ര സ്ഥലങ്ങളില്‍ ബാധിക്കും? ഒരു ഗ്ലാസ് ചായ തിളപ്പിക്കാന്‍ ഒരു മന്ന് വിറക് കത്തിയ്ക്കണോ? ടെലിവിഷന്‍ ചാനലുകളേയും ഇനി ചരമവാര്‍ത്തകള്‍ കീഴടക്കുമോ? ഇന്നത്തെ ആചാരം നാളത്തെ ശാസ്ത്രമാകുമോ? വാര്‍ത്തകള്‍ പോലും സ്പോണ്സര് ചെയ്യപ്പെടുന്ന ടെലിവിഷനില്‍ ചരമവാര്‍ത്തകള്‍ ആര് സ്പോണ്സര് ചെയ്യും? ശവപ്പെട്ടി കച്ചവടക്കാര്‍? വിഷാദഗാനകാസറ്റുകാര്‍? മധ്യതിരുവിതാംകൂറിലെ മോര്‍ച്ചറി ബിസിനസ്സുകാര്‍? അല്ലെങ്കില്‍ പ്ലാച്ചിമടയെപ്പറ്റി പറയുന്ന വാര്‍ത്ത കൊക്കക്കോളയോ പെപ്സിയോ സ്പോണ്സര് ചെയ്യുന്ന പോലെ മരണവാര്‍ത്തകള്‍ സ്പോണ്സര് ചെയ്യാന്‍ മരുന്നു കമ്പനികളും ഹെല്‍ത്ത് ഡ്രിങ്കുകളും തയ്യാറാവുമോ?
നമ്മുടെ പത്രങ്ങളെ ചാക്കാലപ്പത്രങ്ങള്‍ എന്നും വിളിക്കാമോ? അതോ ഇത് സാമൂഹ്യവത്കരണത്തിന്റെ ഉദാത്തമാതൃകയാണോ? ഹോള്‍സെയില്‍-കം-റീട്ടെയ്ല്‍ ജനകീയാസൂത്രണം? റിയല്‍ യുട്ടോപിയയിലേയ്ക്കുള്ള പാതയിലെ ഒരു ഇഷ്ടിക? ‘ചരമവാര്‍ത്തകളുടെ രാഷ്ട്രീയം’ എന്ന പേരില്‍ ഒരു ലേഖനമെഴുതാന്‍ ലെഫ്റ്റിസ്റ്റായി ഭാവിക്കുന്ന ഏതെങ്കിലും പെറ്റിബൂര്‍ഷ്വാ ബുദ്ധിജീവിക്ക് സ്കോപ്പുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ ആഗോളവത്കരണത്തിന്റെ സ്വാധീനത്തെ വെളിപ്പെടുത്തുന്നുവോ? ബഹുസ്വരങ്ങളെ ഒറ്റശബ്ദം കൊണ്ട് തമസ്കരിക്കല്‍?
ഇന്റര്‍നാഷനള്‍ കോള്‍ വിളിച്ചാല്‍ ഇംഗ്ലീഷില്‍ കൊച്ചും വലുതുമായ വര്‍ത്തമാനങ്ങള്‍ പറഞ്ഞു തന്ന് സുഖിപ്പിച്ച് ടെലികോം കമ്പനികളുമായി കൂട്ടുചേര്‍ന്ന് കോടികളുണ്ടാക്കിയിരുന്ന ഫാര്‍ ഈസ്റ്റിലെ ചില കമ്പനികളെ ഓര്‍ക്കുന്നോ? അത്തരം സേവനത്തിന്റെ മലയാളം വെര്ഷന് ആരംഭിച്ച് ആ നമ്പറുകള്‍ക്കായി ഒരു പേജ് നീക്കിവെയ്ക്കണോ? ആ പേജ് ചരമപ്പേജുകളേക്കാള്‍ പോപ്പുലറാവുമോ? അതികാലത്തു എഴുന്നേറ്റു പത്രക്കാരന് വന്നാറെ മലയാളിയുടെ ഞരമ്പുകള്‍ തളിര്‍ത്തു പൂ വിടരുകയും നിശ്വാസങ്ങള്‍ പൂക്കയും ചെയ്തുവോ എന്ന് നോക്കാന്‍ പറ്റുമോ?
ദിനപത്രങ്ങളില്‍ ചരമവാര്‍ത്തകള്‍ക്കായി ദിവസേന ഒരു പേജ് മാറ്റിവെയ്ക്കുന്ന ലോകത്തിലെ ഏകഭാഷ മലയാളമാണോ? എന്താണിതിന്റെ പിന്നിലെ സൈക്കോളജി [അതോ സോഷ്യോളജിയോ]? ചരമപ്പേജില്ലാതെ ഒരു പത്രമിറക്കാന്‍...
Subscribe to:
Post Comments (Atom)
41 comments:
ഒരുമാതിരി മനുഷ്യനെ പറ്റിക്കുന്നോ? നളിനി ജമീലയുടെ മൊബൈല്‍ നംബര് എവിടെ?
കുരങ്ങന്റെ ഹൃദയം എവിടെ?
സത്യത്തില്‍ ഈ സംശയം പണ്ടേ ഉണ്ടായിരുന്നു.
കഞ്ഞിക്കുഴിയില്‍ ഒരു കുഞ്ഞിക്കുട്ടന്‍ മരിച്ചത്, കൊല്ലങ്കോട്ടെ വായനക്കാരനെ അറിയിച്ചിട്ടെന്തു കാര്യം?. ഒരു ഫുള്‍പേജ് അതിനായി മാറ്റിവച്ച് എന്തൂട്ടാ ഇവരീ കാണിക്കുന്നെ.. എന്നാലും ഒരു കാര്യം..
കോട്ടയത്തുള്ള ഒരമ്മച്ച് കുറച്ച് നാള് മുമ്പ് പറഞ്ഞതാ "മനോരമ കിട്ടിയാല്‍ ഞാനാദ്യം നോക്കുന്നത് ചരമപ്പേജാ... ബന്ധത്തിലും സൊന്തത്തിലും പെട്ട ആരെങ്കിലും പോയോന്നറിയാനാന്നേ... "
'ഒരു ചതുരം നിനക്കായും കാത്തിരുക്കുന്നു' എന്ന സത്യം കാലത്തെ തന്നെ പറഞ്ഞു തന്നു മനസു ശുദ്ധീകരിക്കുകയാണൊ ഈ പത്രങ്ങള്‍..ആ.......
എന്നാലും ആ തലക്കെട്ട് കലക്കി റാംജീ.. ഡിപ്ളോമാറ്റി കുസൃതി
ആ തലക്കെട്ട് കലക്കി...
എന്റെ അഭിപ്രായം,ചരമങ്ങള്ക്കും വിവാഹങ്ങള്‍ക്കും മാത്രമല്ല, ജനനങ്ങള്‍ക്കും രണ്ടു പേജ് നീക്കി വെക്കണമെന്നാണ്. ആശുപത്രിയിലെ രോഗികളുടെ ലിസ്റ്റുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ പരിചയക്കാര് വല്ലവരും സുഖ:മില്ലാതെ കിടക്കുകയാണെങ്കില്‍ അതു കൂടെ അറിയാമായിരുന്നു.
ജീവന് റ്റീവി (വിഐപി?) ചരമങ്ങള്‍ കാണിക്കാറുണ്ട്.
പോസ്റ്റിനേക്കാല്‍ കലക്കിയത് തലക്കെട്ട് തന്നെ . പോസ്റ്റ് മോശമാണ് എന്ന് ഇതിനര്‍ത്ഥമില്ല കേട്ടോ. വളരെ പുതുമയുള്ള ആശയങ്ങള്‍,
ചരമവാര്‍ത്തയും കല്യാണവാര്ത്തയുമില്ലാതെ പത്രമിറക്കുകയോ.. ആരു വായിക്കും. നല്ല ചിന്ത.
(തലക്കെട്ടില്‍ പറഞ്ഞ നമ്പര്‍ ചോദിച്ച ആള്‍ക്ക് കൊടുക്കാമാരുന്നു!!)
കല്യാണവാര്‍ത്ത ഇല്ലാതായി. ഇപ്പോ ഏത് പത്രത്തിലാ വാര്‍ത്തയായി ‘വിവാഹിതരായി’ ഉള്ളെ? ഉണ്ടോ? കാശുകൊടുത്തിടുന്ന പരസ്യമല്ല ഉദ്ദേശിച്ചത്. ചരമം ഇങ്ങനെ വാര്‍ത്തയാക്കണോ, അതറിയാക്കാന് വേറെ മാര്ഗങ്ങളില്ലെ എന്നാണ് ചോദ്യം.
സമ്മതിച്ചു കേട്ടോ. നാട്ടിമ്പുറത്തൊരു പഴഞ്ചൊല്ലുണ്ട് മണ്ങ്ങെറിഞ്ഞു വാളേപ്പിടിക്കണം..ന്ന്.
കേട്ടിട്ടുണ്ടോ????? ഇല്ലെങ്കില്‍ വന്നുകാണുക.
വട്ടോനിട്ട് വാളേപ്പിടിക്കണം എന്നാ എറണാകുളത്തു വെച്ച് കേട്ടത്. എര്ണാളമായതോണ്ട് ഏത് നാട്ടീന്നും വന്നതാവാം അത്. അവിടെ എല്ലാരും വരുന്നതല്ലേ. ബ്രാലില്ലാത്ത കൊളത്തില് വട്ടന്‍ രാജാവ് എന്ന് പടിഞ്ഞാറന്‍ കൊച്ചിയിലും അരൂര്‍ ഭാഗത്തും പറയും. ആ വട്ടന്‍ തന്നെ ഈ വട്ടന്‍. ചേന്ദമംഗലത്ത് ഞങ്ങളതിനെ ‘വട്ടൂറി’ എന്നു വിളിച്ചു. ഓടോ എന്ന് തലക്കെട്ടില്‍ തന്നെ ബ്രാക്കറ്റിലിടണമായിരുന്നോ? ;-0
ഈ വക നമ്പരൊന്നും എന്റടുത്ത് ചെലവാകൂല്ല. ഞാന്‍ ഇവിടെ വന്നിട്ടേയില്ല...:-)
''I have never killed a man, but I have read many obituaries with a lot of pleasure''
Clarence Darrow
സിവില്‍ ലിബര്‍ട്ടിയുടെ അപ്പോസ്തലനായിരുന്ന ഡോറോ പറഞ്ഞിതിനെക്കാള് അപ്പുറം എന്തു പറയാന്‍. ചരമ പേജിന്റെ പേരു മാറ്റി വിനോദപേജ് എന്നാക്കുകയാണെങ്കില്‍ രാം മോഹന്‍ ഈ ചോദ്യം ഇനി ചോദിക്കേണ്ടി വരികയില്ല എന്നു തോന്നുന്നു.
പിന്നെ, obitury writers എന്നൊരു കൂട്ടം ജേണലിസ്റ്റുകള്‍ ഇവിടെയില്ല എന്ന പേരിലെങ്കിലും, ഈ പാപത്തിന്റെ ശമ്പളം മലയാളികള്‍ക്കു മാത്രമായി കൊടുക്കാതിരിക്കാമായിരുന്നു
btw..ഫ്രോയ്ദിന്റെ പടം തന്നെ: സൈക്കോളജി, തെറ്റിയിട്ടില്ല :)
മലയാളത്തില്‍ മാത്രമേയുള്ളോ എന്ന സംശയം ചോദിക്കുകയായിരുന്നു ഞാന്‍. ജേണലിസ്റ്റുകളുടെ വയറ്റുപ്പിഴപ്പിനെ പരിഹസിച്ചിട്ടുമില്ല. എന്തുകൊണ്ട് വായനക്കാര്‍ ഇതാഗ്രഹിക്കുന്നു? ഒരാളുടെ മരണം കുറച്ചുപേര്‍ക്ക് മാത്രം പ്രസക്തമായിരിക്കെ അത് മാസ് കമ്മ്യൂണിക്കേഷനില്‍ സ്ഥാനം പിടിക്കുന്നതിന്റെ വേസ്റ്റ് ഓഫ് സ്പെയിസ്...
അതാണു ഞാന്‍ ഡോറോയുടെ ക്വോട്ടിലൂടെ പറയാന്‍ ശ്രമിച്ചത്..മറ്റുള്ളവരുടെ മരണങ്ങള് ഒരു തരം പ്ലഷര്‍ ഉണ്ടാക്കുന്നുണ്ട്..വേട്ടയാടാനുള്ള പ്രേരണ ഒതുക്കി ജീവിക്കുന്ന നമ്മുടെ നാഗരികതയുടെ ബാധ്യത..
അച്ഛന്റെയും അമ്മയുടെയും മരണങ്ങള് പോലും, ഏതൊക്കെയോ അര്‍ത്ഥത്തില്‍ സന്തോഷം ഉണ്ടാക്കുന്നുണ്ട്..ഏറ്റവും കുറഞ്ഞത് ഒരു ബാധ്യത തീര്‍ന്നു എന്ന രീതിയിലെങ്കിലും..കളക്ടിവ് സബ്കോണ്ഷ്യസിനെ കുറിച്ചു പറയുന്നിടത്ത് ലെക്കാന്‍ ഇക്കാര്യത്തില്‍ ഫ്രോയ്ദുമായി തര്‍ക്കിക്കുന്നുണ്ട്..
മരണം, രതി വീണ്ടും രതി, മരണം എന്നോ മറ്റോ ആണ് ഫ്രോയ്ദിയ്ന് സോഷ്യല്‍ കോമ്പ്ലകസുകളെ ആരോ ചുരുക്കി വായിച്ചത്..മീഡിയാ എക്സ്പ്ലോഷനു ശേഷം ഇക്കാര്യത്തില്‍ ഒരു വീണ്ടും വായന കൌതുകതരമായിരിക്കും..
ശരിയാ. ചക്കര്‍ അഥവാ ചുറ്റിക്കളി.
മൃതി നിര്വികാരത്താല് ജീവിതം കെടുത്തുമ്പോള്‍
രതിയോ വികാരത്താല്‍ ജീവിതം കൊളുത്തുന്നു.
മലയാളികള്‍ മാത്രം ഈ വേട്ടമനസ്സിനെ അതിജീവിച്ചിട്ടില്ലെന്നാണോ?
മലയാളികളുടെ മാത്രം പ്രശ്നമാണോ ചരമ പേജ്?? മറ്റു പല ഇന്ത്യന്‍ പ്രാദേശിക പത്രങ്ങളിലും ഞാന്‍ ഇതു കണ്ടിട്ടുണ്ട്. പടിഞ്ഞാറിന്റെ കാര്യത്തില്‍ ധാരണ പോര. പക്ഷേ, ന്യൂയോര്‍ക്ക് ടൈംസിലെ ഏറ്റവും പ്രശസ്തനായ ജേണലിസ്റ്റ് ഒബിച്ച്വറി വ്രൈറ്റര്‍ ആണെന്ന് കേട്ടിട്ടുണ്ട്..
അതെല്ലാം വിഐപികളുടെ മരണവാര്ത്തകളാണോ? അതോ മലയാളത്തില്‍ കാണുന്നപോലെ സാധാരണക്കാരുടെ മരണങ്ങളുടെ വാര്‍ത്തകള്‍ക്കായി ഒരു പേജ് തന്നെ മറ്റ് ഇന്ത്യന്‍ ഭാഷകളിലും nytയിലും ഉണ്ടെന്നോ?
ടൈംസില്‍ ഇല്ല എന്നാണു തോന്നുന്നത്..പക്ഷേ, പല ഇന്ത്യന്‍ പ്രാദേശിക പത്രങ്ങളിലുമുണ്ട്..
ഏറ്റവും നല്ല obituary columns വരുന്നത് The Economist ല്‍ ആണ്. വളരെ മനോഹരമായ ഭാഷയില്‍ ഒരു ചരമകോളം.ഒരാള്‍ മരിച്ചുകഴിഞ്ഞാല്‍ അയാളെക്കുറിച്ച് നല്ലതുമാത്രമേ പറയാവൂ എന്ന നാട്ടുനടപ്പ് തീരെ പാലിക്കാത്തവര്‍.Lucianao Pavarotti യുടെ obituary Economistല്‍ വന്നത് ഇങ്ങനെ:-
Wherever he went, he made sure to surround himself with home comforts: espresso machines, prosciutto-slicers, bottles of Lambrusco, his blotter and pens laid out exactly as they would be on his desk in Modena, and a secretary?nubile, pretty, obliging?who would hold up cue cards for him in the wings and who, when needed, would warm his extra-marital bed.
നമ്മുടെ.... .......മരിച്ചുകഴിഞ്ഞ് ഏതെങ്കിലും മലയാളപത്രം അങ്ങേരുടെ പീഡനക്കേസ് എഴുതുമോ. (കുത്തിട്ടത് പൂരിപ്പിക്കാന്‍ ദൈവം സഹായിച്ച് കേരളത്തില്‍ ധാരാളം പേരുകളുണ്ട്)
ചരമവാര്‍ത്തകളെ കണ്ണടച്ചു വിശ്വസിച്ചോളൂ.
ചിന്തിക്കേണ്ടുന്ന വിഷയം...
In Kerala they are planning to put up advertisements on the side of mobile mortuary, coz it draws much attention in crowds. You can even write encomiums for the dead person inside it, instead of wreaths, as well. commercialisation on dead people!.. kunjubi.
In Kerala they are planning to put up advertisements on the side of mobile mortuary, coz it draws much attention in crowds. You can even write encomiums for the dead person inside it, instead of wreaths, as well. commercialisation on dead people!.. kunjubi.
വടൂസേ, നീ പറഞ്ഞത് വാര്‍ത്താമൂല്യമുള്ള വിഐപി മരണങ്ങളുടെ കാര്യം. നമ്മുടെ പത്രങ്ങള്‍ ഒരു പേജ് ന്യൂസ്പ്രിന്റും മഷിയും എഫര്‍ട്ടും റീച്ചും വേസ്റ്റാക്കുന്നത് കുറച്ച് പേര്‍ക്ക് മാത്രം പ്രസക്തമായ ഒറ്റപ്പെട്ട മരണങ്ങളുടെ സമാഹരണത്തിലും പ്രസിദ്ധീകരണത്തിലും. ഇതിന് ഇതിനേക്കാള്‍ പ്രായോഗികവും കോസ്റ്റ് എഫിഷ്യന്റുമായ മാര്‍ഗങ്ങളില്ലേ ആവോ? ജി.മനു പറഞ്ഞ അമ്മാമ്മയ്ക്ക് കിട്ട്വേം വേണം.
കുഞ്ചുമ്പീ, മൊബൈല്‍ മോര്‍ച്ചറികളോ? തിരുവല്ലയിലെയും മറ്റും മോര്‍ച്ചറി ബിസിനസ്സിനെപ്പറ്റി പണ്ടൊരു മാഗസിനില്‍ ഞാന്‍ ‘മനുഷ്യന് ചത്താലും പന്തീരായിരം’ എന്നൊരു സബ്-ഹെഡ്ഡ് ഇട്ടത് ഓര്‍ക്കുന്നു. ഹാ വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിന് കൊടിപ്പടം താഴ്ത്താന്‍ എന്നു പറഞ്ഞത് ഇതിനെപ്പറ്റിത്തന്നെ.
ഈ അടുത്ത കാലത്ത് ഞാന്‍ സ്ഥിരമായി ആ പേജ് നോക്കുന്നത് അതില്‍ എന്റെ പടം ഉണ്ടോ എന്നു നോക്കാനാണ്. നല്ല പോസ്റ്റ്.
തരിവളക്കയ്യാലെന്നെ വിളിച്ചതെന്തിന് നീ ജമീലാന്ന് പാടാന്‍ തോന്നുന്നു വീര റാം മോഹരെ.
മോഹിപ്പിച്ച് പാലിക്കാത്ത റാം മോഹന്‍ പാലിയത്ത് പരീക്ഷണം വീണ്ടും. എവിടെ ജമീല എന്ന നൈറ്റ് ഇന്‍ ഗേളിന്റെ നമ്പര്‍?.
സത്യം പറയാലൊ ഒരു പത്രത്തിലെ എനിക്കേറ്റവും പ്രിയംകരമായ അല്ലേങ്കില് അരിച്ചുകുറുക്കി വായിക്കുന്ന പേജ് ചരമത്തിന്റേതാണ്.
തുരുത്തുകള്‍ ഉണ്ടാക്കി സ്വയം ഉള്‍വലിയുന്ന എന്നേപോലൊരാള്ക്ക് പലപ്പോഴും അടുത്തവരുടെ മരണവാര്‍ത്ത (സ്കൂള്‍, കോളേജ്, ബന്ധു, അരിചയങ്ങളുടെ) അറിയുന്നതിതിലൂടെ.
മരണവാര്‍ത്ത എന്നെ ചിരിപ്പിച്ചിട്ടുമുണ്ട്. എന്റെ അച്ചന്റെ മരണ വാര്‍ത്ത എക്സ്പ്രെസ്സില്‍ വന്നതിങ്ങനെ സ്വാതന്ത്ര്യ സമര സേനാനിയും, അവിഭക്ത കൊണ്ഗ്രസിന്റെ അനിഷേധ്യ നേതാവുമായിരുന്ന...
ചിരിക്കാതെന്ത് ചെയ്യും. സ്വാതന്ത്ര്യ സമരം തറികളോടായിരുന്നു സിലോണില്‍.
എന്നേപ്പോലെത്തന്നെ മരണവാര്‍ത്ത വായിക്കുന്നവരാണ് അധികവും.
നമ്മുടെ മനസ്സാക്ഷി അങ്ങിനെയാണീപ്പോള്. അയല്പക്കത്തുള്ളവരും ഭൂഖണ്ഡങ്ങള്‍ക്കകലെ.
പത്രവായന തുടങ്ങിയ നാള് മുതല്‍ തിരിഞ്ഞിട്ടുനോക്കാത്ത ഒരു പേജായിരുന്നു ചരമപ്പേജ്. എന്നാല്‍ എന്റെ പ്രായമായ ചില ബന്ധുക്കളൊക്കെ പത്രം വന്നാല്‍ ആദ്യം ആ പേജ് നോക്കുന്നതും പരിചയക്കാരുടെയോ പഴയകാല സുഹൃത്തുക്കളുടെയോ ഒക്കെ ചരമവാര്‍ത്ത കണ്ട് നെടുവീര്‍പ്പിടുന്നതും കണ്ടിട്ടുണ്ട്.
ചരമപ്പേജിനെ വെറുത്ത ഞാന്‍ ഒരു കൊല്ലത്തോളം ചിത്രഗുപ്തനാകേണ്ടിവന്നു എന്നത് വിരോധാഭാസമാവാം. പത്രമോഫീസുകളില്‍ ചരമപ്പേജിന്റെ ചുമതലയുള്ളയാള്‍ക്ക് - അതാരായിരുന്നാലും - ചുമത്തിക്കിട്ടുന്ന വിളിപ്പേരാണ് ചിത്രഗുപ്തന്. തലയില്‍ അല്‍പ്പസ്വല്‍പ്പം ആള്‍ത്താമസമുള്ള സഹപത്രാധിപന്മാര്ക്ക് ഏറ്റവും എളുപ്പം ചെയ്യാവുന്ന പേജാണ് പത്രത്തിന്റെ ഒന്നാംപേജെങ്കില് ഏറ്റവും മുഷിപ്പിക്കുന്ന മടുപ്പുളവാക്കുന്ന യാന്ത്രികവേലയാണ് ചരമപ്പേജ് എഡിറ്ററുടേത്. കുനുകുനാന്ന് കുഞ്ഞുകുഞ്ഞുചരമങ്ങള് അവരുടെ ബന്ധുമിത്രാദികളുടെ പേരുസഹിതം സഞ്ജയന തീയതി പോലും തെറ്റാതെ, അബദ്ധത്തിലെങ്കിലും ഒരു ഫോട്ടോ പോലും മാറാതെ അടുക്കിവയ്ക്കുന്ന പഹയനെ സമ്മതിക്കണം. പേജിനേഷന്‍ സോഫ്റ്റ്വെയറുകളില് വൃത്തിയായി വാര്‍ത്ത അടുക്കിവയ്ക്കാന്‍ പഠിക്കുന്നതിന് ഏറ്റവും ഉപകാരപ്പെടുക ഒരുപക്ഷെ ചരമപ്പേജാവും.
എന്നാല്‍ ചരമപ്പേജില്‍ മരിക്കാത്തയാളുടെ ചരമവാര്‍ത്ത പ്രസിദ്ധീകരിച്ച സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. കോട്ടയം മംഗളത്തില്‍ സംഭവിച്ച അത്തരമൊരു കഥ ഒരിക്കല്‍ ശങ്കര്‍ ഹിമഗിരി കേരളകൌമുദി ആഴ്ചപ്പതിപ്പില്‍ എഴുതിയിരുന്നു. അപ്പന് അത്യാസന്നനിലയില്‍ കിടന്നപ്പോള്‍ മൂത്തമകനാണ് ഫോട്ടോയും സ്വന്തം കൈപ്പടയില്‍ എഴുതിത്തയ്യാറാക്കിയ ചരമ വാര്‍ത്തയുമായി പരിചയക്കാരനായ ചിത്രഗുപ്തന്റെ അടുക്കലെത്തിയത്. വളരെ ആവേശത്തിലായിരുന്നു, മകന്. പേജ് വിടാറാവുമ്പം ഫോണ്‍ വിളിക്കാനും മരിച്ചെങ്കില്‍ മാത്രം പ്രസിദ്ധീകരിക്കാനും ഏര്‍പ്പാടാക്കി മകന് പോയി. രാത്രി വിളി വന്നില്ല. ചരമം കയറിയതുമില്ല.
ആറുമാസത്തിന് ശേഷം ഒറിജിനല്‍ ചിത്രഗുപ്തന്റെ ഓഫ് ഡേയില്‍ അന്നത്തെ ചിത്രഗുപ്തനായി ചാര്‍ജ് വഹിച്ച ജൂണിയര്‍ സബ് എഡിറ്റര്‍ പേജ് നിറയ്ക്കാന്‍ ചരമങ്ങള്‍ കിട്ടാതെ വിഷമിച്ചു. (അങ്ങനേയും ചില ദിവസങ്ങളുണ്ട് പത്രമോഫീസില്‍. ഒരുത്തനും മരിച്ച് പണ്ടാരമടങ്ങിയില്ലല്ലോ തമ്പുരാനേ എന്ന് ക്രൂരമായി ചിന്തിച്ചുപോകുന്ന നിമിഷങ്ങള്‍. വലിയ അപകടങ്ങളും ദുരന്തങ്ങളുമുള്ള ദിവസമാണ് പത്രമോഫീസിലെ ഏറ്റവും ലൈവ്ലിയായ ദിനം.) ജൂനിയര്‍ സീനിയറിന്റെ മേശ തപ്പി. സാധാരണഗതിയില്‍ തലേന്ന് പേജില്‍ കയറാതെ പോയ ചരമങ്ങള്‍ ഡ്രോയിലിടുക പതിവുണ്ട്. പിറ്റേന്ന് അതെടുത്തു കൊടുക്കും. അപ്പോഴതാ കിടക്കുന്നു, വടിവൊത്ത അക്ഷരത്തില്‍ പഴയ ചരമവാര്‍ത്തയും പടവും. രണ്ടാമതൊന്നാലോചിക്കാതെ സംഗതി അച്ചില്‍ കയറ്റി.
പിറ്റേന്നാണ് ബഹളം. രാവിലെ പത്രമോഫീസില്‍ തെറിവിളികളുടെ പൂരം. അന്വേഷണമായി. അപ്പോള്‍ ജൂനിയര്‍ താന്‍ കൊടുത്ത വാര്‍ത്തയുടെ ഒറിജിനലും ചിത്രവും ഹാജരാക്കി. മരിക്കാത്തയാള്‍ തന്നെ കൊന്നവരെ തിരക്കി രാവിലെ പത്രമോഫീസിലെത്തിയപ്പോള് ഈ വാര്‍ത്തയും പടവുമാണ് കാണിച്ചുകൊടുത്തത്. ആഗതന് ഒന്നും പറയാതെ പോയി.
പിന്നെയും കുറേനാള്‍ കഴിഞ്ഞ് മരിച്ചയാളെയും തേടി നമ്മുടെ ജൂനിയര്‍ പത്രാധിപര്‍ പാലായില്‍ അയാളുടെ വീട്ടിലെത്തി. അതിനകം തന്നെ മരിച്ച ____ അച്ചായന് എന്ന വിളിപ്പേരുവീണ കക്ഷി വളരെ സര്‍കാസ്റ്റിക് ആയി പയ്യനെ സ്വീകരിച്ചു. കഥയൊക്കെ പറഞ്ഞിരുന്നപ്പോള്‍ ചുവരില്‍ ഒരു ചെറുപ്പക്കാരന്റെ ഫോട്ടോ. അന്ന് ചരമവാര്‍ത്ത നല്കാന് വന്ന മകനാണ് ചത്ത് ചിത്രമായി ചുവരില്‍ തൂങ്ങുന്നത്. അപ്പന് വന്ന അതേ രോഗം വന്നായിരുന്നു പെട്ടെന്നൊരുനാള്‍ മകന് മരിച്ചത്. സ്വത്ത് ഭാഗം വയ്ക്കുന്നതിന് അപ്പന് എതിരായിരുന്നു. അപ്പന് അത്യാസന്നനിലയിലായപ്പോഴേ ചരമവാര്‍ത്തയുമായി ഓടാന്‍ മകനെ പ്രേരിപ്പിച്ചത് അതായിരുന്നത്രേ...
ഞാനിവിടെ എഴുതിയത് ഊഹാപോഹമല്ല. ശരിക്കും സംഭവിച്ചതുതന്നെയാണ്. ഇവരുടെ പേരും വിലാസവും സഹിതമാണ് സംഭവം നടക്കുമ്പോള്‍ മംഗളത്തില്‍ സബ് എഡിറ്ററായിരുന്ന കേരള കൌമുദിയുടെ മാഗസിന് എഡിറ്റര്‍ (ഫീച്ചര്‍ ഡെസ്ക്) സരസമായി ഇക്കാര്യം ആഴ്ചപ്പതിപ്പിലെഴുതിയത്. ഒരു പക്ഷെ കാര്‍ട്ടൂണിസ്റ്റ് സുജിത്ത് വിചാരിച്ചാല്‍ ആ ലേഖനത്തിന്റെ യൂണിക്കോഡ് രൂപം സംഘടിപ്പിച്ച് വെബ്ബില്‍ പ്രസിദ്ധീകരിക്കാനായേക്കും.
ചരമപ്പേജ് ഒരു നെഗറ്റീവ് പേജാണെന്നാണ് എന്റെ അഭിപ്രായം. എന്നാല്‍ ചരമപ്പേജിനെ വെല്ലുന്ന യാഥാര്‍ത്ഥ്യമാണ് ടൈംസ് ഓഫ് ഇന്ത്യയുടെ പുള്ളൌട്ട് ആയ ബോംബെ ടൈംസിന്റെ പേജ് ത്രീ. ഇത്രത്തോളം ദുഷിപ്പ് വേറേത് പേജില്‍ കാണുമോ ആവോ!
ആ അനുഭവകഥയ്ക്ക് കമന്റില്ല. നോ കമന്റ്സ്. നമോവാകം.
സിനിമയായും വന്ന മുംബൈയിലെ പേജ് ത്രീയുടെ കാര്യം. അതിന്റെ നാറ്റം ഇപ്പോള്‍ കൂടിയിരിക്കയാണത്രെ. ന്യൂസ് ഫോട്ടോസ് (വിശേഷിച്ചും ഉദ്ഘാടന റിബണ്‍ മുറികളുടേയും മറ്റും) കൊടുക്കാന്‍ ലക്ഷങ്ങളാണ് ടൈംസ് വാങ്ങുന്നത്. റേറ്റ് കാര്‍ഡ് അടിച്ച് പീയാര്‍ ഏജന്‍സികളിലൂടെയാണ് പിരിവ് - അത്രയെങ്കിലും ഭാഗ്യം.
ഓഫായി റ്റൈറ്റില്‍ ഇട്ട പോസ്റ്റില്‍ ഡിസ്കഷന് നൂറേല് നൂറായി ഓണ്‍.... ബ്ലോഗിംഗിന്റെ കെമിസ്ട്രിയില്‍ ഒരു പുതിയപാഠം...
വിടില്ല ഞാന്‍....
ഇനീം ഇമ്മാതിരി റ്റൈറ്റില്‍ ഇട്ടാല്‍ പേജ് ഹെഡിംഗ് തുറന്നിട്ട വലിപ്പീരുകള്‍ എന്നാക്കേണ്ടതാണ്...
താങ്കളുടെ ചൂണ്ടയിലെ അത്യാകർഷണ ഇരയിൽ കുടുങ്ങിയ പരൽമീനുകളിൽ ഈ ഞാനും. ......ഉൾപ്പെട്ടതിൽ കുണ്ഠിതം തോന്നുന്നു.[ഹി.ഹി.ഹി.ഹ.ഹഹഹഹ]
അധുനിക വാ൪ത്താവിനിമയ ബന്ധങ്ങൾ പുരോഗതിയിലേക്ക് കടക്കുന്നതിനു മുൻപ് ആശ്രയമായിരുന്നത് പത്രം തന്നെയായിരുന്നു. മിക്ക പ്രവാസികളുടെയും ആദ്യനോട്ടം ചരമകോളം തന്നെയായിരുന്നു. പക്ഷെ ഇലക്ട്റോണിക് മെയിലുകൾ പ്രചുരപ്രചാരംനേടിയതോടെ ഇതിനു കുറച്ചു മാറ്റം വന്നു. പക്ഷെ ഇപ്പോഴും മുൻപേജുകളേക്കാൾ പ്രധാന്യം കൽപിക്കുന്ന അനുവാചക൪ കുറവല്ലാത്തതിനാൽ താങ്കളുടെ നിഗമനങ്ങളോട് പൊരുത്തപ്പെടാൻ പ്രയാസം.
ഹേ! ബഹളം തീര്‍ന്നില്ലേ? ചരമകോളം പോലെ തന്നെ അനാവശ്യമായി എനിക്ക് തോന്നിയ ഒന്നാണ് സിനിമകളുടെയും ടി.വി. പരിപാടികളുടെയും ഒടുക്കം അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഡ്രൈവറുടെയടക്കം പേര് എഴുതിക്കാണിക്കുന്നതിനെക്കുറിച്ച്.ഈ ശുദ്ധ മണ്ടത്തരത്തെ കുറിച്ച് ഞാന്‍ ഒരു പോസ്റ്റ് ഇട്ടെങ്കിലും പലരും എനിക്ക് വട്ടാണെന്നാണ് നിനച്ചത്. (ഇപ്പോഴല്ലേ മനസ്സിലായത് തലക്കെട്ടിന്റെ പ്രശ്നമായിരുന്നു എന്ന് :)
അതിനോടെനിക്ക് യോജിപ്പില്ല പേരയ്ക്കേ. അത് പണിയെടുത്തവരുടെ ക്രെഡിറ്റ് കൊടുക്കുന്നതല്ലേ. സിനിമയും ടീവിയുമെല്ലാം ടീം വര്‍ക്കാ. ആത്മസംതൃപ്തിയും പ്രധാനമാ. പാലു കൊണ്ടുവരുന്ന ഡ്രൈവറുടെ പേര് പറ്റിയാല്‍ കൊടുക്കണം. പക്ഷേ ഡെയിലി ആള് മാറിയാല്‍ പ്രായോഗികമാവില്ല. അല്ലെങ്കില്‍ കവറിന്റെ പുറത്ത് അച്ചടിക്കാമായിരുന്നു. വ്യക്തിത്വം അംഗീകരിക്കുമ്പോള്‍ വ്യക്തിത്വം വികസിക്കും. ഇന്നത്തെ ലൈറ്റ്ബോയി നാളെ സംവിധായകനാവും. മരണവാര്‍ത്തയിലൂടെ സ്പേയ്സും മറ്റും വെയ്സ്റ്റാക്കുമ്പോള് അങ്ങനെ ഒരു നേട്ടവുമില്ല. പിന്നെ മനു പറഞ്ഞ ആ കോട്ടയത്തെ അമ്മാമ്മയുടെ കാര്യം - അതിന് നമ്മള് റിസര്‍ച്ച് ചെയ്ത് നോക്കണം എന്താണ് പ്രായോഗികവും ചെലവു കുറഞ്ഞതുമായ പോംവഴി എന്ന്.
തലക്കെട്ട് നന്നായാല്‍ എപ്പഴും കൊള്ളാം. തലക്കെട്ട് മാത്രം നന്നായാ എപ്പഴും കൊള്ളത്തില്ല. പോസ്റ്റ് മാത്രം നന്നായാലും എപ്പഴും കൊള്ളത്തില്ല.
ആശയം പോട്ടെ.. ഒക്കെ ചോദ്യങ്ങളില്‍ ഒരു പോസ്റ്റ്..ഒ അബ്ദുറഹ്മാന് ഉദാഹനങ്ങളെഴുതി കോമയിട്ട് ഉദാഹരനങ്ങളെഴുതി ഒറ്റവാക്യത്തില്‍ ഒരു എഡിറ്റോറിയലെഴുതിയി്രുന്നു, മുന്‍പ് മാധ്യമത്തില്‍... ഞാന്‍ അതുകൊണ്ടു നടക്കുവായിരുന്നു...ഫാവത്തില്‍ മാത്രമല്ല കാര്യം രൂപത്തിലും കൊറെയൊക്കെയൊണ്ട്..
വെള്ളെഴുത്തേ, രൂപത്തിലും കാര്യമുണ്ടെന്ന് ശ്രദ്ധിച്ചതില്‍ സന്തോഷം. (രൂപായിലുമുണ്ട് കാര്യം). അബ്ദുറഹിമാന് കഴിഞ്ഞാഴ്ച ഇവിടെയുണ്ടായിരുന്നു - ദുബായില്‍. ഇത്തരം പരീക്ഷണങ്ങള്‍ കൂടി നടത്തുന്ന ആളാണെന്നറിഞ്ഞിരുന്നെങ്കില്‍ കാണാന്‍ കിട്ടിയ അവസരം കളയില്ലായിരുന്നു. അതിനെ സ്കാന്ഡ് കോപ്പി കിട്ടാന്‍ വകുപ്പുണ്ടോ? രൂപത്തിനേക്കാള്‍ പ്രധാനമാണ് ഏത് മാധ്യമമാണ് എന്നും എനിക്കിപ്പോള്‍ തോന്നുന്നു - മാര്‍ഷല്‍ മക് ലുഹന് പുസ്തകത്തിന് പേരിട്ടപോലെ ‘മീഡിയം ഈസ് ദ മെസേജ്’.
Very nicce!
താങ്കള്‍ക്കത് പറയാം. താല്കാലിക പത്ര പ്രവര്‍ത്തകനായി മാതൃഭൂമിയെ സേവിച്ച് വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ കഷ്ടപ്പെട്ടിരുന്ന കാലത്ത് എനിക്ക് ഒരു ചരമവാര്‍ത്തക്ക് ഉണ്ടായിരുന്ന പ്രാധാന്യം പറഞ്ഞറിയിക്കാന്‍ പറ്റില്ല. അതിനു വേണ്ടി ആരെങ്കിലും മരിച്ച് കാണണേ എന്ന് ഒരിക്കലും പ്രാര്‍ത്ഥിച്ചിട്ടില്ലെങ്കിലും അതിന് കിട്ടിയിരുന്ന പണത്തിന്റെ മൂല്യം ഇപ്പോഴും മറക്കാനകുന്നില്ല. പാവപ്പെട്ട കൂലി എഴുത്തുകാര്‍ ഇപ്പോഴും എപ്പോഴും ഉണ്ട്. സമയം വന്നാല്‍ എല്ലാരും മരിക്കും. അതിന്റെ ഫോട്ടോ പത്രത്തില്‍ വന്ന് കണ്ടാല്‍ ചില ബന്ധുക്കള്‍ക്കെങ്കിലും ഒരു സമാധാനമോ മറ്റോ കാണും അതോണ്ട് ഏതെങ്കിലും ഒരു പാവപ്പെട്ട മകന്റെയും അമ്മയുടെയും വയര്‍ ഒരു നേരത്തെക്കു കൂടി നിറയുകയാണെങ്കില്‍ അത് നിറയട്ടെ.
Post a Comment