Sunday, June 15, 2008

ഭൂമിയില്‍ ഇപ്പോള്‍ മഴ പെയ്യുകയാവും

മനുഷ്യര്‍ ജീവിക്കുന്ന ഭൂമിയില്‍ ഇപ്പോള്‍ മഴ പെയ്യുന്നുണ്ടാവും. അറേബ്യന്‍ ഗ്രഹത്തില്‍ ജീവിതപര്യവേഷണത്തിന് പോയിരിക്കുന്ന ഏതൊരു ഏഷ്യന്‍ ബഹിരാകാശ സഞ്ചാരിയെയും പോലെ എനിക്കും ഇപ്പോള്‍ ആ മഴ മനസ്സുകൊണ്ട് കൊണ്ട് കാല്‍പ്പനി പിടിച്ച് കിടക്കാന്‍ കൊതിയുണ്ട്.

അരുത്, മഴയെപ്പറ്റി ഒരിക്കലും കാല്‍പ്പനികനാകരുത് എന്ന് തീരുമാനിച്ചിട്ടുള്ളതാണ്. പട്ടിണി കിടന്നിട്ടില്ലെങ്കിലും റേഷനരിച്ചോറുണ്ട് വളര്‍ന്ന സവര്‍ണബാല്യത്തില്‍ത്തന്നെ തലച്ചോററിയാതെ എടുത്തിട്ടുള്ളതാണ് ആ തീരുമാനം. [ആ തീരുമാനത്തിന് അന്നനുഭവിച്ചിട്ടുള്ള വ്യാജവും നിര്‍മിതവുമായ മിഡ് ല്‍ ക്ലാസ് സ്നേഹപ്പട്ടിണിയുമായി ബന്ധമൊന്നുമില്ല]. നിങ്ങളുടെ രാഷ്ട്രീയം നിങ്ങളുടെ തലച്ചോറിന്റെ തീരുമാനവുമല്ല.

അമ്മയും അച്ഛനും സര്‍ക്കാരുദ്യോഗസ്ഥരായിരുന്നു. അതുപോലെ തന്നെയായിരുന്നു അന്നത്തെ ഭൂരിപക്ഷം സ്കൂള്‍കൂട്ടുകാരുടേയും സ്ഥിതി - മിക്കവാറും എല്ലാവരും മിഡ്ല്‍ ക്ലാസ്. എങ്കിലും ആ 'മിക്കവാറു'മിന് പുറത്ത് ഒരു വലിയ ലോകമുണ്ടെന്ന് അന്നേ അറിഞ്ഞിരുന്നു. ഇടവത്തിലും കര്‍ക്കടകത്തിലും തുലാത്തിലുമെല്ലാം മഴ മുറുകുമ്പോള്‍ തുരുത്തുകളില്‍ നിന്ന് വന്നിരുന്ന കുട്ടികള്‍ ദിവസങ്ങളോളം ആബ്സെന്റായിരിക്കും. ചെറിയ പഴമ്പിള്ളിത്തുരുത്തുകാര്‍ക്ക് കടക്കാനുണ്ടായിരുന്ന ചെറിയ കടത്തില്‍പ്പോലും വഞ്ചി ഇറക്കാന്‍ പറ്റാത്ത അവസ്ഥയാണെങ്കില്‍ വലിയ പഴമ്പിള്ളിത്തുരുത്തുകാരുടെ കാര്യം പറയാനുണ്ടോ?

പാലിയം കടവ് എന്നറിയപ്പെടുന്ന ചെറിയ പഴമ്പിള്ളിത്തുരുത്തുകാരുടെ കടവിലെ പുഴ, കെട്ടിയവന്റെ വീട്ടിലേയ്ക്ക് പെരിയാറിന് കൂട്ടുപോകുന്ന മെലിഞ്ഞ ഏഴാംക്ലാസുകാരി കസിനാണെങ്കില്‍, വലിയ പഴമ്പിള്ളിത്തുരുത്തിനും കരിപ്പായിക്കടവിനുമിടയില്‍ സാക്ഷാല്‍ പെരിയാറാണ്. [വലിയ പഴമ്പിള്ളിത്തുരുത്ത് - വിപി തുരുത്ത് - ചിത്രത്തില്‍ മാര്‍ക്ക് ചെയ്തിരിക്കുന്നു. പെരിയാര്‍ കടലില്‍ ചേരുന്നതിന് വളരെയൊന്നും മുമ്പല്ലാതെയാണ് പെരിയാറിനെ രണ്ടാക്കിക്കൊണ്ടുള്ള വിപി തുരുത്തിന്റെ കിടപ്പ്]


ചമ്രവട്ടത്തേയ്ക്ക് കെട്ടിച്ചിരിക്കുന്ന ചേച്ചി, വയസ്സായ വിധവയേപ്പോലെ ഉണങ്ങുന്ന മേടത്തിലും, എത്രയോ കാലം കൂടി കാമഭ്രാന്തനായ കെട്ടിയവനെ കാണാന്‍ പോകുന്ന കാമഭ്രാന്തിയായ കെട്ടിയോളുടെ അപകടകരമായ പുളപ്പിനെ പുറംശാന്തത കൊണ്ട് മറയ്ക്കുന്നവളാണ് പെരിയാര്‍. എങ്കില്‍ ആറാന ചത്ത് ഒഴുകിപ്പോയാല്‍ മാത്രം ആഘോഷിച്ചിരുന്ന തോറാനപ്പെരുന്നാളിന്, തിരുവാതിര ഞാറ്റുവേലയ്ക്ക്, അവളുടെ കണ്ണില്‍ നോക്കാനോ കമന്റടിയ്ക്കാനോ അവള്‍ക്ക് കുറുകെ കടത്തുവഞ്ചി കുത്താനോ ധൈര്യമുള്ള ആണുങ്ങളുണ്ടോ? [കടത്തുവഞ്ചി 'തുഴയുകയോ? ച്ഛായ്, അത് മറ്റേ നിളയിലോ വല്ല പേട്ട കായലിലോ.

പൈങ്കിളിപ്പാട്ടുകാരാ, പെരിയാറിനെ വിട്ടുപിടി.]

എങ്കിലും തുരുത്തുകാരിലേറെയും ചെത്തുകാരുടെ മക്കളായിരുന്നു. അതുകൊണ്ട് അവരുടെ മഴക്കാല വറുതി ഏതാനും ആബ്സെന്റുകളില്‍ ഒതുങ്ങി. അതായിരുന്നില്ല ദിവസക്കൂലിപ്പണിക്കാരുടെ മക്കളുടെ സ്ഥിതി. കല്‍പ്പണിക്കാരുടെ മക്കള്‍, ആശാരിമാരുടെ മക്കള്‍, വാലമ്മാരുടെ മക്കള്‍ [അരയന്മാര്‍ കടലില്‍ മീന്‍പിടിക്കുന്നവരാണെങ്കില്‍ കായലിലും പുഴയിലും മീന്‍പിടിക്കുന്നവരാണ് വാലന്മാര്‍ എന്നാണ് അന്നും ഇന്നും ധരിച്ചുവെച്ചിരിക്കുന്നത്], ചുമട്ടുകാരുടെ മക്കള്‍, തലച്ചുമടായി സാധനങ്ങള്‍ വിറ്റു നടന്നിരുന്നവരുടെ മക്കള്‍ [ചെറുനാരങ്ങേയ്... എന്ന് ഒരീണത്തില്‍ നീട്ടിവിളിയ്ക്കുന്ന ഹമീദ്, ഡഡ്ഡി നിക്കറ് ഡഡ്ഡി നിക്കറ് എന്ന് നിര്‍ത്താതെ പാടിക്കൊണ്ടുപോകുന്ന പൊക്കം കുറഞ്ഞ ആ തടിയന്‍...], ചെറുകിട പീടികനടത്തിപ്പുകാരുടെ മക്കള്‍, കണ്ണി കിളയ്ക്കല്‍ വേലി കെട്ടല്‍ കൊളം വെട്ടല്‍ പുല്ലു പറിയ്ക്കല്‍ തുടങ്ങിയ പൊറമ്പണികള്‍ ചെയ്യുന്നവരുടെ മക്കള്‍... മഴക്കാലം അവരുടെയെല്ലാം വയറ്റത്തടിയ്ക്കുന്നത് ഓരോ തവണയും കണ്ടു. പിന്നീട് വരുന്ന ഒരു സീസണിനും കരകയറ്റാനാകാത്ത ആഴങ്ങളിലേയ്ക്ക് ഓരോ പേമാരിയും അവരെ കൊണ്ടുപോയി. ['പില്‍ക്കാലം' അവരില്‍ പലരെയും രക്ഷപ്പെടുത്തി. എങ്കിലും ഇറ്റുകഞ്ഞിത്തെളി കിട്ടാതെ വയറ്റിലെച്ചോരഞരമ്പ് പുകഞ്ഞ് അവര്‍ താണ്ടിയ കഷ്ടകാണ്ഠത്തിന്‍ കടുംകറ, ഓറഞ്ചുനീരില്‍ ഹിമക്കട്ട ചാലിച്ച് പകരുന്ന ശീതതീക്ഷ്ണമാം പെഗ്ഗുകള്‍ക്ക് മായ്ക്കാന്‍ കഴിയുമോ? പണക്കാരായാലും 'മുജ്ജന്മജീവിതം' ഏല്‍പ്പിച്ച കോമ്പ്ലക്സുകള്‍ മറ്റുള്ളവര്‍ക്ക് അളന്നും അളക്കാതെയും കൊടുത്ത് അവരില്‍ ചിലരെങ്കിലും ഇരകളായി തുടരുന്നു].

പിന്നീട് എറണാകുളം നഗരവാസിയായപ്പോഴും മഴയോട് കാല്‍പ്പനികത തോന്നിയില്ല. ദിവസക്കൂലിയ്ക്കായി കടലില്‍ പോകുന്നവരോട് ജോഗ്രഫിക്കലായി കൂടുതല്‍ അടുത്തതുകൊണ്ടാവാം, മാര്‍ക്കറ്റിലെ ചുമട്ടുകാരെയും ചെറുകിട കച്ചവടക്കാരെയും ഓട്ടോറിക്ഷ ഓടിയ്ക്കുന്ന അടുത്ത വീട്ടിലെ ചിന്നമ്മച്ചേച്ചിയേയും കണ്ടതുകൊണ്ടാവാം, നനഞ്ഞൊലിയ്ക്കുന്ന ചെറിയ ചേരിക്കുടിലുകള്‍ എറണാകുളത്തും കണ്ടതുകൊണ്ടാകാം [അലക്കിയിട്ട തുണികള്‍ ഉണങ്ങാത്തതുകൊണ്ടല്ല]... മഴക്കാലത്തു മാത്രം മനസ്സ് കമ്മ്യൂണിസ്റ്റായത്. [കറന്റുപോകുമ്പോള്‍ മാത്രം വിയര്‍ക്കുന്നവരെപ്പറ്റി എന്തുപറയാനാണ്? അതുപോലെ മഴക്കാലത്തു മാത്രം, അതും മനസ്സുകൊണ്ട് മാത്രം കമ്മ്യൂണിസ്റ്റാകുന്നവരെപ്പറ്റി എന്തു പറഞ്ഞിട്ടെന്തിനാണ്?]

അതുകൊണ്ട് മഴക്കവിതകള്‍ വായിക്കാതെ തള്ളി. എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്ന മഴഫീച്ചറുകള്‍ എന്നും ഓക്കാനമുണ്ടാക്കി. മഴയെ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫര്‍മാരുടെ മിടുക്കിനോട് ഒരു പിണ്ണാക്കും തോന്നിയില്ല. മഴപ്പുസ്തകം കണ്ടപ്പോള്‍ ചുണ്ടു കോട്ടി.

ഏങ്കിലും ഭൂമിയില്‍ ഇപ്പോള്‍ മഴക്കാലമായിരിക്കുമെന്നോര്‍ക്കുമ്പോള്‍ മഴയെ ഓര്‍ത്ത് ഇതാദ്യമായി കാല്‍പ്പനികനാകാന്‍ തോന്നുന്നു. അതോ ഉള്ളില്‍ ചാകാതെ കിടന്നിരുന്ന കപട പെറ്റിബൂര്‍ഷ്വാ തലയുയര്‍ത്തുന്നതോ?

ദുബായിലെ [ഓര്‍ക്കുന്നു - ദില്ലിയിലേയും] ജൂണ്‍ ജൂലായ്കള്‍ ചുട്ട് പൊരിയുമ്പോളാണ് കേരളം നനയുന്നത് എന്നതായിരിക്കണം ഇപ്പോളത്തെ ഈ ഇടയിളക്കത്തിന്റെ ഒരു കാരണം.

മറ്റൊന്ന് നൊമാദിന്റെ ‘ഒരുമിച്ച് നനയുമ്പോഴും തനിയെ’ എന്ന ഉള്ള് തൊടുന്ന കവിതയാണ്. അത് വായിക്കാന്‍ നൊമാദിന്റെ ബ്ലോഗില്‍ ചെല്ലുമ്പോള്‍ അവിടെ ഇടിവെട്ടിപ്പെയ്യുന്ന ഇടവപ്പാതിയേയും കേള്‍ക്കാം. ടെക്നോളജിയുടെ കാലത്തെ കാവ്യസ്വാദനത്തിന്റെ സാധ്യതകള്‍ ആര്‍ക്ക് പ്രവചിക്കാന്‍ കഴിയുമായിരുന്നു? ഒരു ഗിമ്മിക്കായി തോന്നാത്ത വിധവും അത് മാത്രമായി ഡോണ്‍ലോഡ് ചെയ്ത്, വോള്യം കൂട്ടിയിട്ട്, പുതപ്പില്‍ ചുരുണ്ടുകിടക്കാന്‍ തോന്നുംവിധവും ആ മഴ അത്രമേല്‍ സ്വാഭാവികം. [നൊമാദിന്റെ കവിതകള്‍ക്കൊന്നിനും ഇത്തരം താങ്ങുകളുടെ ആവശ്യമില്ലെന്നത് വേറെ കാര്യം].

തീര്‍ന്നില്ല. നൊമാദിന്റെ കവിത, സമാനഭാവങ്ങള്‍ എവിടെയൊക്കെയോ പങ്കുവെയ്ക്കുന്ന ഗണ്‍സ് ആന്‍ഡ് റോസസിന്റെ പ്രസിദ്ധമായ നവംബര്‍ റെയിന്‍ എന്ന കിടിലന്‍ ഗാനത്തെയും ഓര്‍മിപ്പിച്ചു. തൊണ്ണൂറുകളുടെ തുടക്കത്തില്‍, എംടീവി ഇന്ത്യയില്‍ വന്ന കാലത്ത് കണ്ട അതിന്റെ ഗംഭീര വിഡിയോയും മറക്കുവതെങ്ങനെ? ഇതാ ലിങ്ക് - ഒരു കൊല്ലം മുമ്പ് മാത്രം അപ്.ലോഡ് ചെയ്തിരിക്കുന്ന ഈ വിഡിയോ ലിങ്ക് 1.6 കോടി തവണ ആളുകള്‍ കണ്ടുകഴിഞ്ഞു! ലിറിക്സ് ഇവിടെ.

എന്തായാലും മഴയുടെ അകാല്‍പ്പനികതയിലേയ്ക്ക് തിരിച്ച് എറിയപ്പെടാതെ വയ്യ. വൃഷണത്തിന് കുത്തിപ്പിടിയ്ക്കുന്ന തമിഴ് ദളിത് കവിതയുമായി അത് ചെയ്യുന്നത് ആതവന്‍ ദീക്ഷണ്യ. [തമിഴ് ദളിത് കവിതകളുടെ ഈ പരിഭാഷാഭാഗം എടുത്തുചേര്‍ക്കുന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്ന്. പരിഭാഷകര്‍ എന്‍. ഡി. രാജ് കുമാറും എന്റെ പഴയ ചങ്ങാതിമാരിലൊരാള്‍ കൂടിയായ കെ. എന്‍. ഷാജിയും]


“താമസിക്കാന്‍ വീടും തിന്നാന്‍ ചോറുമുണ്ടെങ്കില്‍
സൌകര്യമായിരുന്ന് എഴുതാം ഇല്ലേടാ # * @ ?
ഒന്നോര്‍ത്തോ -
മഴയെപ്പോഴും ജനാലയ്ക്കു പുറത്താണ് നിനക്ക്
ഞങ്ങള്‍ക്കത്
സ്വന്തം വയറ്റിപ്പിഴപ്പിനു മീതെയും!”

34 comments:

പ്രിയ said...

:) " മനുഷ്യര്‍ ജീവിക്കുന്ന ഭൂമിയില്‍ ഇപ്പോള്‍ മഴ പെയ്യുന്നുണ്ടാവും. അറേബ്യന്‍ ഗ്രഹത്തില്‍ ജീവിതപര്യവേഷണത്തിന് പോയിരിക്കുന്ന ഏതൊരു ഏഷ്യന്‍ ബഹിരാകാശ സഞ്ചാരിയെയും പോലെ എനിക്കും ഇപ്പോള്‍ ആ മഴ മനസ്സുകൊണ്ട് കൊണ്ട് കാല്‍പ്പനി പിടിച്ച് കിടക്കാന്‍ കൊതിയുണ്ട്..."


കാല്‍പ്പനികയായിരുന്നു അന്നും ഇന്നും മിക്കവാറും എന്നും.എന്തൊക്കെ ആയാലും മഴയെ സ്നേഹിക്കതിരിക്കാന്‍ ആവുമോ. ആര്ത്തലച്ച മഴയായാലും ചാറ്റല്‍ മഴയായാലും, അതിന്റെ അകവും പുറവും തണുപ്പിക്കുന്ന ആ കുളിര് മറ്റൊരു ചിന്തക്കും കെടുത്താനാവുന്നില്ല. ഞാന്‍ കമ്മ്യൂണിസ്റ്റ് അല്ല. ആവാനും വയ്യ

നന്ദി പറയണോ അതോ സെന്റ്റിയാവണോ :)

Anonymous said...

Water condensed from atmospheric vapor and falling in drops to the surface of earth

thats all about rain

ത്രിശങ്കു / Thrisanku said...

അറേബ്യന്‍ ഗ്രഹത്തിലിരിക്കുമ്പോള്‍ ചിക്കന്‍‌ഗുനിയയെ പേടിക്കണ്ടല്ലോ എന്നാണ് ഭൂമിയിലുള്ളവര് പറയണത്.

:)

നജൂസ്‌ said...

ഉമ്മൂമാക്ക്‌ മഴ ബേജാറാണ്‌. കുളത്തില്‍ ആദ്യത്തെ ചാറല്‍ വീഴുമ്പോഴേ പറയും അത വരുന്നു കൂത്തിച്ചി മഴ. മഴക്കപ്പുറത്തേക്ക്‌ യാത്രയായ ഉമ്മൂമ്മ ചുരുട്ട്‌ വലിച്ച്‌ ഉമ്മറത്തിണ്ണയിലിരിക്കുന്നതാണെനിക്ക്‌ മഴയെന്ന്‌ മൊഴിയുബോള്‍ ആദ്യമോര്‍മ്മവരുന്നത്‌. അതു മാത്രമെ ഇനി ഭൂമിയെ കുറിച്ച്‌ ഓര്‍മ്മയുള്ളൂ...

യാരിദ്‌|~|Yarid said...

മഴയെ വെറുത്തിരുന്ന ഒരു സമയമുണ്ടായിരുന്നു. പക്ഷെ ഇപ്പൊ മഴ പെയ്യാനായിട്ടാണ്‍ പ്രാര്‍ത്ഥിക്കുന്നത്. നാട്ടിലായിട്ടു പോലും മഴയത്തിറങ്ങി നടക്കാനും ( തമ്പാനൂരിലല്ല) മഴ പെയ്യുന്നതു കാണാനും ജനാലചില്ലിനകത്തു കൂടി കോരിച്ചൊരിയുനന മഴയെ നോക്കിക്കൊണ്ട് കിടക്കാനും ( ചുമ്മാ പറയുന്നതല്ല).. വല്ലാത്ത ഒരു അനുഭവം തന്നെയാണത്..!

ഇങ്ങനെയൊക്കെ ഒന്നെഴുതാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..എഴുതാനറിയാവുന്നവരു പലരുമുള്ളപ്പോ എന്തിനു വെറുതെ അബദ്ധം കാണിക്കുന്നതെന്നു ദൈവത്തിനു തോനിക്കാണും..

പ്രിയ ചോദിച്ചതു പൊലെ സെന്റിയാവണൊ> നന്ദി പറയണൊ?

നസീര്‍ കടിക്കാട്‌ said...

പാവം,മഴ

സാല്‍ജോҐsaljo said...

-മഴയെ ഇഷ്‌ടമല്ലെന്നെങ്കിലും-
മഴയെപ്പറ്റി രണ്ടുവരി
എഴുതാത്ത ആരുണ്ട്?

അശനിപാതമെന്നെഴുതിയതിനെ വിലോലിനിയെന്ന് തിരുത്തിയെഴുതാന്‍ സുഹൃത്തുപറഞ്ഞതോര്‍ക്കുന്നു. എസി കൂട്ടിയിട്ട് പുറത്തെ ഡ്രില്ലിംഗിന്റെ ശബ്‌ദം ഞാന്‍ മഴയെ നിരുപിച്ച് ആസ്വദിക്കുകയായിരുന്നെന്ന് ഇന്നുവരെ ഞാനാരോടും പറഞ്ഞിട്ടുമില്ല.

good one

സാല്‍ജോҐsaljo said...

ബ്ലോഗ് ഒരു തുറന്ന മാധ്യമവും താങ്കള്‍ ഒരു തുറന്ന എഴുത്തുകാരനുമാണെന്നിരിക്കേ തുറന്ന കമന്റുകള്‍ക്കെന്തിനീ അപ്രൂവല്‍ ബോസ്?

Rammohan Paliyath said...

തുറ അവിടെ നില്‍ക്കട്ടെ. തറയെപ്പറ്റി പറയാം. അതിന്റെ അടിത്തറയ്ക്കും അടിയില്‍, തവളകള്‍ രാത്രിയാവാന്‍ കാത്തിരിയ്ക്കുന്ന പോടുകള്‍ക്കും അടിയിലെ, പരമാവധി തറയാണ് പലപ്പോളും ഞാന്‍. അതിന്റെ ആവിഷ്കാരത്തിനും കൂടിയാണ് ഈ ബ്ലോഗ്. അതിലും താഴേയ്ക്ക്, ഈ ബ്ലോഗിനേക്കാള്‍ താഴേയ്ക്ക് പോകാന്‍, ആരെയും അനുവദിക്കാന്‍ വയ്യ. അറ്റ് ലീസ്റ്റ് ഈ ബ്ലോഗിലെങ്കിലും.

വായനകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി സാല്‍ജോ. ഞാന്‍ ഒരു സാമൂഹ്യവിരുദ്ധനല്ലെന്ന് സ്വയം തോന്നുന്ന കാലത്ത് ഈ മോഡറേഷന്‍ [കട] പൂട്ടിയേക്കാം.

സാല്‍ജോҐsaljo said...

:D

riyaz ahamed said...

മഴയൊരിക്കല്‍ പനമ്പാട്ടു വന്ന് നാലു വയസ്സുകാരനെ വെള്ളുവന്‍ചിറക്കല്‍ കൂട്ടിക്കൊണ്ടു പോയി. അവിടെ ആളുകള്‍ വലയെറിയുന്നുണ്ടായിരുന്നു. രാത്രിയില്‍ അവര്‍ കുടവും കത്തിയുമായി ഏറ്റുമീന്‍ പിടിക്കാനിറങ്ങി. അപ്പോള്‍ കല്ലുകള്‍ക്കിടയിലെ തവളകള്‍ 'തോട്ടീന്നാരും കേറണ്ട മീനേ' എന്നു കൂട്ടത്തോടെ കരഞ്ഞു.

പിന്നെ, വെള്ളം കെട്ടിയ വഴിയിലൂടെ കാലുകൊണ്ട് പടക്കം പൊട്ടിച്ച് ക്ലാസ്സ്‌ കഴിഞ്ഞെത്തി 'പനി പിടിക്കും ചെക്കാ' എന്നു പഴി കേട്ട് തോര്‍ത്തു കൊണ്ട് തല തോര്‍ത്താന്‍ കുനിഞ്ഞ് നിന്ന് ചരിഞ്ഞു നോക്കുമ്പോള്‍ വലിയ മാലപ്പടക്കങ്ങളുമായി വന്ന് പേടിപ്പിച്ചു. അടുത്ത മഴക്കാലത്തിനുള്ളില്‍ വീടുപണി തീര്‍ക്കണം എന്ന ആധി പൊരുളറിയാതെ കേള്‍ക്കുമ്പോള്‍ തിമര്ത്തു പെയ്തു.

രാത്രികളില്‍ ഉറക്കം മാറ്റി വെച്ച് പുസ്തകങ്ങള്‍ കരണ്ടു തീര്‍ക്കുമ്പോള്‍ മഴ കൂടെ വന്നു നിന്നു. പേരില്ലാത്ത വ്യഥകളില്‍ സ്വയം നഷ്ടപെടുമ്പോള്‍ തോരാതെ നിന്ന് 'ഞാനിവിടെയുണ്ട് പഴയതു പോലെ' എന്നു മഴ. തുറന്നിട്ട ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ തൊഴുത്തിലെ പശുക്കള്‍ ഉറങ്ങാതെ മഴ നോക്കി നില്‍ക്കുന്നു. നിലാവില്‍, വാഴയിലകള്‍ വെളിച്ചപ്പാടിനെ പോലെ മഴ കൊണ്ട് വിറച്ചു.

ഇന്ത്യനിങ്കിലെഴുതി മൈദമാവു കുഴച്ചു ചുമരില്‍ പതിച്ച പോസ്റ്ററുകള്‍ മഴവെള്ളം നക്കിത്തുടക്കുമ്പോള്‍ നശിച്ച മഴയെന്നോര്‍ത്ത് കാമ്പസ് വരാന്തയില്‍ കലിപ്പു കയറി നില്‍ക്കുമ്പോഴും മഴ നിര്‍ത്താതെ തിമര്‍ത്തു പെയ്‌തു. തമ്മിലടിക്കുമ്പോഴും മുഷ്ടി ചുരുട്ടിയെറിഞ്ഞ് തൊണ്ട പൊട്ടിക്കുമ്പോഴും മഴ വന്ന് ചെണ്ടമേളം മുറുക്കി. അസുരതാളം. പിന്നെ ചിലപ്പോള്‍ ദേശ്, യമന്‍...

അവസാനം, വാര്‍ദ്ധക്യം ബാധിച്ചൊരു മഴ ദുബൈയില്‍ പെയ്തപ്പോള്‍ പറഞ്ഞു, 'ഇതല്ല, ഇതല്ല നീ. ഇതൊരു നിഴല്‍ മാത്രം. നീയുണ്ടായിരുന്നു എന്നതിന്റെ ഒരോര്‍മ്മ. '

Rammohan Paliyath said...

എന്നാലിത് നേരത്തേ പറയാമായിരുന്നില്ലേ രിയാസേ, ഞാന്‍ മിണ്ടാതിരുന്നേനീം.

എതിരന്‍ കതിരവന്‍ said...

Rain, rain go away
Come again another day.

Every cloud has a silver lining.

അഭയാര്‍ത്ഥി said...

ചേമ്പിലയിലെ തുള്‍മ്പുന്ന വെള്ളം, കുളിപ്പിക്കുമ്പോള്‍ കുതറുന്ന വാഴയില(ബുദ്ധിയുള്ള പെണ്ണുങ്ങളുടെ എസ്സേയെസ്‌ വാഴയില അല്ല),
അട്ടറ വെള്ളം(മഴ തോരുമ്പോള്‍ ഇറ്റുവീഴുന്ന), ഒറു തിളക്കല്‍, പൂപ്പല്‍, ഈറന്‍, ശിതന്‍, കരിമ്പനടി , കുളത്തിലും പുഴയിലും
വട്ടം വര്‍ക്കുന്ന വലിയ വെള്ളത്തുള്ളികള്‍, ഇല്ലത്തമ്മ കുളിച്ചുവരുമ്പോഴത്തെ ആയിരം മക്കള്‍ പിന്നാലെ.
മണ്ണിര, പര്‍ജ്ജന്യ ഗര്‍ജ്ജനം.

എന്‍ വിയുടെ ഒരു കവിതയില്‍ മുക്രയിടുന്ന കാമം ജ്വലിക്കുന്ന മേഘമെന്ന കാളക്കൂറ്റനെ പറ്റി പറയുന്നു.
കാമാതുരനായി മുക്രയിടുന്ന അവന്റെ കണ്ണുകളില്‍ നിന്ന്‌ വൈദ്യുത സ്പുലിംഗങ്ങള്‍ ഭൂവാം ധേനുവില്‍ പതിക്കുന്നു.
കീഴോട്ടുകുതിക്കുന്ന അവന്റെ ശൗര്യത്തിന്ന്‌ കീഴെ വസുന്ധര അല്‍പ്പം ഭയാശങ്കകളോടെ പിന്‍ വലിയുന്നു.
അഭിസാരോല്‍സവമടങ്ങുമ്പ്പോള്‍ ധരിത്രിയില്‍ സുഭിക്ഷതയുടെ പച്ചനാമ്പുകള്‍ പിറവിയെടുക്കുന്നു.

നമ്മളുപേക്ഷിച്ചതെന്തെന്ന്‌ തിരിച്ചറിയുമ്പ്പോഴേക്കും......

അള്‍സറിന്റെ കുരുക്കള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം നേട്ടങ്ങളുടെ പട്ടികയില്‍ നമുക്ക്‌ മിനിമം ചേര്‍ക്കാനുള്ളവ.
നമ്മുടെ മക്കള്‍ക്കു പകരാനുള്ള പൈതൃകവും ഇതൊക്കെ ത്തന്നെ.

പെരിയാറെ പെരിയാറെ പര്‍ബേദ നിരയുടെ പനി നീരെ
കുളിരും കൊണ്ട്‌ കുണിങ്ങി നടക്കുന്ന മലയാലി പെന്നാണ്‌ നീ
മഴക്കാലത്തിവള്‍ ....

Rammohan Paliyath said...

പോസ്റ്റാക്കേണ്ട കാര്യങ്ങള്‍ അഭയാര്‍ത്ഥി ഇവിടെ വന്ന് കമന്റുകളാക്കുന്നതിന്റെ ഉത്തരവാദി ഞാനല്ല, ഞാനല്ല, ഞാനല്ല. ഒപ്പ്.

മനുസ്മൃതി said...

മഴയെ metaphor ആക്കി "മേഘം പൂത്തു തുടങ്ങി" പോലുള്ള ഗാനങ്ങള്‍ സമ്മാനിച്ച മലയാളത്തിന്‍റെ കാല്‍പനിക ചലച്ചിത്രകാരനെപ്പോലുള്ളവരെ മറക്കാനാവുന്നില്ല............. പുറത്തു മഴ പെയ്യുന്നുണ്ടോ.........?

മിന്നാമിനുങ്ങുകള്‍ //സജി.!! said...

തുറന്നിട്ട ജാലകത്തീനു മുന്നില്‍ അങ്ങകലെനിന്നും ആര്‍ത്തിരമ്പി വരുന്ന ആ മഴയേയും നോക്കി അങ്ങനെ ഇരിക്കാന്‍ എന്തു സുഖമാണ്

siva // ശിവ said...

മഴ എല്ലായ്പ്പോഴും എന്നൊപ്പമായിരുന്നു. പ്രണയിച്ചു തുടങ്ങുമ്പോഴും.....പിന്നെ ഒരുനാള്‍ എന്നെ ഉപേക്ഷിച്ച് അവള്‍ നടന്നു മറഞ്ഞപ്പോഴും മഴയായിരുന്നു.....ഇവിടെ ഇപ്പോള്‍ മഴയാണ്....അകലെ...ഒരുപാടകലെ അവളുടെ നാട്ടിലും ഇപ്പോള്‍ മഴ പെയ്യുകയാവാം....ഈ പോസ്റ്റിന് ഒരുപാട് നന്ദി....ഇതൊക്കെ ഓര്‍മ്മിപ്പിക്കുന്നതിന് നന്ദി....

സസ്നേഹം,

ശിവ.

siva // ശിവ said...

എനിക്ക് ഈ ബ്ലോഗ് പോസ്റ്റിന്റെ ലിങ്ക് തന്ന യാരിദ്‌|~|Yarid ന് നന്ദി....

aneeshans said...

ആദ്യമായാണ് ഒരു കവിത എഴുതി കഴിഞ്ഞ് ഇതു കുറെ പേരെങ്കിലും വായിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചത്.

കാരണം ആ കവിതയ്ക്ക് കാരണം ഒരു അമ്മയായിരുന്നു. എന്റെ അമ്മയാണ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ഒരു പടം ലാപ്റ്റോപ്പിന്റെ റൈറ്റ് ആരൊയില്‍ മാഞ്ഞു പോയെങ്കിലും ഉള്ളില്‍ കനത്തു. സങ്കടം പോലെന്തോ തിങ്ങി നിറഞ്ഞു.

ഇവിടെ അത് പരിചയപ്പെടുത്തിയതിനു നന്ദി. വിസിറ്റര്‍ ലിസ്റ്റില്‍ പുതിയ രാജ്യങ്ങള്‍, ഒരിക്കലും കേള്‍ക്കാത്ത പേരുകള്‍. ആരെല്ലാമൊ ഒരമ്മയെ കണ്ടു എന്നറിയുന്നതില്‍ സന്തോഷം.

സ്നേഹത്തോടെ.

sambharam said...

കൊതിപ്പിച്ചു ......
ഓടുവീടിന്റെ പാത്തിയിലൂടെ ചാടിവരുന്ന
വെള്ളത്തില്‍ നിന്നു ഒരു കുളി ...
കശുമാവിന്റെ മുകലീന്നു കുളത്തിലേക്ക്‌
തലയും കുത്തി ......
പാടത്തു നിറഞ്ഞ വെള്ളത്തില്‍ ഒരു
ഫുട്ബാള്‍ കളി..........
പാത്തി വീട് പോയി.........കുളം പോയി........പാടം പോയി........
......................
.............

Rammohan Paliyath said...

വിക്കിമാപ്പിയയിലൂടെ നോക്കിയാല്‍ കാണാവുന്ന വലിയ പഴമ്പിള്ളിത്തുരുത്തിന്റെ ഫോട്ടോ ചേര്‍ത്ത് അപ്ഡേറ്റി. പെരിയാര്‍ കടലില്‍ ചേരുന്നതിന് വളരെയൊന്നും മുമ്പല്ലാതെയാണ് പെരിയാറിനെ രണ്ടാക്കിക്കൊണ്ടുള്ള വിപി തുരുത്തിന്റെ കിടപ്പ്.

ഇടുക്കിയില്‍ 10 ദിവസം കറന്റുണ്ടാക്കാനുള്ള വെള്ളം മാത്രം എന്ന് പത്രം പറയുന്നു. അതുകൊണ്ട് അറേബ്യന്‍ ഗ്രഹത്തില്‍ ചികുന്‍ ഗുനിയ മാത്രമല്ല പവര്‍കട്ടും കൊതുകും ഇല്ല എന്ന് പറയാം.

വിജയലക്ഷ്മിയുടെ ‘മഴ തന്‍ മറ്റേതോ മുഖം’, സച്ചിദാനന്ദന്റെ ‘മഴയുടെ നാനാര്‍ത്ഥങ്ങള്‍’ എന്നിവയും ഓര്‍ത്തുകൊള്ളുന്നു.

Rammohan Paliyath said...

ആദ്യം കമന്റിയ അനോനീ, എങ്കില്‍ ജീവിതത്തെ പദാര്‍ത്ഥങ്ങളുടെ സ്ഥാനചലനം മാത്രം എന്നും നിര്‍വചിക്കാം.

പാമരന്‍ said...

മാഷെ.. ഒരു പിശര്‍ മഴ നനഞ്ഞ സുഖം.. നന്ദി..!

റിയാസ്‌ അഹമ്മദിന്‍റെ കമന്‍റിനും ചേര്‍ത്താണ്‌ നന്ദി..

Unknown said...

മരങ്ങള്‍ കീഴ്ക്കാംതൂക്കായി കാണുമ്പോള്‍
നാമതിനെ ജലം എന്നു വിളിക്കുന്നു

കെ.എ.ജയശീലന്‍

Rare Rose said...

മഴയുടെ കാല്പനിക ഭംഗിക്കപ്പുറം മഴയെ ഇങ്ങനെ നോക്കിക്കണ്ടതു ഇഷ്ടപ്പെട്ടു....അവസാനത്തെ ചോദ്യം അത് കാണുമ്പോഴും മഴയോടുള്ള ഇഷ്ടം അത് മാറ്റിവെക്കാനാവുന്നില്ല....കടലില്‍ നിന്നും ബാഷ്പീകരിച്ച് നീരാവിയായി മാനത്തു നിന്നും പെയ്തടരുന്ന ജലകണങ്ങള്‍ക്കപ്പുറം എന്തൊക്കെയോ മനസ്സില്‍ നിറക്കാന്‍ കഴിയുന്നതല്ലേ മഴ.....അതുകൊണ്ടു തന്നെ ഭൂമിയില്‍ മാത്രം പെയ്യുന്ന ഈ മഴയില്‍ നനയാതിരിക്കാന്‍ ആവുമോ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ജനലിന്നു പുറത്തുപെയ്യുന്ന മഴ!!!

ഈ മഴയിത്തിരിക്കാന്‍ വൈകിപ്പോയി

Rammohan Paliyath said...

വായിച്ചുകൊണ്ടിരിക്കുന്ന പാര്‍വതി പവനന്റെ ‘പവനപര്‍വം’ എന്ന പുസ്തകത്തില്‍ ഇന്നു വായിച്ച ഭാഗത്തു കണ്ടത്: “അന്ന് മഴക്കാലം വന്നാല്‍ പെരുമഴ. പട്ടിണി. പാവങ്ങള്‍ തകരയും മരച്ചീനിയും ഭക്ഷിച്ചാണ് വിശപ്പടക്കിയിരുന്നത്. ആളുകള്‍ക്ക് ജോലിയില്ല. മഴ പോയി ചിങ്ങമാസം വന്നാലേ കൊയ്ത്ത് തുടങ്ങുകയുള്ളു. ജന്മിമാര്‍ കൊയ്ത്ത് വരുന്നതുവരെയുള്ള നെല്ല് പുഴുങ്ങി പത്തായത്തിലാക്കിക്കഴിഞ്ഞിട്ടുണ്ടാവും. മഴക്കാലം കണ്ട് വീട്ടില്‍ അടച്ചിരിക്കുന്നത് അവര്‍ക്ക് സുഖമുള്ള കാര്യമാണ്.”

ലിങ്കോലന്‍ എന്ന തിങ്കോലന്‍ said...

മലയളീദെ ബൂലോഗത്തു വല്ല്പ്പൊഴും കേറീ ഇറങ്ങുന്ന ഒരുവനാനൂ ഇത്‌. I appreate ur writing താങ്കൾ blog പയ്ങ്ക്ലീക്കും മുകളീൽ നീക്കാനുള്ള ആർജ്ജവം കാട്ടുന്നു.

Anonymous said...

Is it poetry, what you quoted at the end? Ok, we dont define poetry too sharp to include some and exclude some other-

മണിക്കുട്ടി said...

Mazha ellavarkkum oru nostalgia sammanikkunnu...preythekichum oru vere country il jeevikkumbol
nice post...............

subhash said...

വേനല്‍ക്കാലത്ത്‌ എനിക്ക്‌ അത്രയക്കൊന്നും പ്രിയം തോന്നാത്ത ഒരു എഴുത്തുകാരനുണ്ട്‌ മലയാളത്തില്‍. മഴക്കാലത്ത്‌ പക്ഷേ അയാള്‍ എനിക്കു പ്രിയപ്പെട്ടവന്‍. കാരണം അയാളാണ്‌ മഴയുടെ തിരസ്‌കൃത പ്രണയത്തെക്കുറിച്ച്‌ ഇങ്ങനെ എഴുതിയത്‌:
"മഴ ചുംബിച്ച ഓര്‍മ്മ പച്ച നിറത്തില്‍ കിടക്കും മണ്ണില്‍- അതിനു പൂപ്പലെന്നാണ്‌ കളിപ്പേര്‌"
SUBHASH CHANDRAN

പ്രയാണ്‍ said...

മഴ ഒരു മോഹമാണെനിക്ക്..... ഇവിടെ കൊല്ലത്തില്‍ ആകെയുള്ളതു ഒരാഴ്ച്ചമഴക്കാലം (അതുപോലും ഭാഗ്യം പോലെ)...മേഘമിരുണ്ട് മഴ്നൂലായി താഴേക്കു കൈനീട്ടുമ്പോള്‍ ആ വിരല്‍ ത്തുമ്പില്‍ പിടിച്ച് നാട്ടിലേക്കൊരു യാത്ര...

African Mallu said...

ഗുഡ് ഗുഡ് .എങ്കില്‍ പിന്നെ നോമാദിന്റെ കവിത വായിക്കാം എന്ന് കരുതി ചെന്നപ്പോള്‍ ഈ മഴയില്‍ നിന്നും അങ്ങോട്ട്‌ പ്രവേശനം ഇല്ല പോലും .

Related Posts with Thumbnails