Wednesday, June 18, 2008

കക്കൂസിലെ ഒളിച്ചിരിപ്പ് മതിയായില്ലേ?

ലെബനോണ്‍

കുട്ടിക്കാലത്ത് മാതൃഭൂമി പത്രത്തിലെ തലക്കെട്ടുകളിലാണ് ലെബനോണ്‍ ബെയ്റൂട്ട് ലെബനോണ്‍ ബെയ്റൂട്ട് എന്ന് സ്ഥിരം വായിച്ചിരുന്നത്. അവിടെ സ്ഥിരമായി എന്തോ പ്രശ്നമുണ്ടെന്നും ആ‍ളുകള്‍ മരിച്ചുകൊണ്ടിരിക്കയാണെന്നും മനസ്സിലാക്കിയിരുന്നു. ബെയ്റൂട്ട് എന്നാല്‍ തോക്കിന്റെ ബയണറ്റ് പോലൊരു സാധനം എന്ന ദൃശ്യചിന്ത ഉണ്ടായിരുന്നതായും ഓര്‍ക്കുന്നു. വായിച്ചു തുടങ്ങിയ കാലത്ത് ഇഷ്ടപ്പെട്ട കവികളിലൊരാളായ ഖലീല്‍ ജിബ്രാന്‍ ലെബനോണ്‍‍കാരനാണെന്നും അക്കാലത്തു തന്നെ മനസ്സിലാക്കി. സോളമന്റെ അഷ്ടപദിയില്‍ "കാന്തേ ലെബാനോനെ വിട്ടു എന്നോടുകൂടെ, ലെബാനോനെ വിട്ടു എന്നോടുകൂടെ വരിക" എന്നു വായിച്ചപ്പോള്‍ ലെബനോനെ വില്ലന്‍സ്ഥാനത്തു പ്രതിഷ്ഠിച്ചു. ഒരു നസ്രാണി കാമുകിയുടെ കല്യാണം കഴിഞ്ഞകാലത്ത് ആ വരികള്‍ എഴുതിക്കൊടുത്തു. അവളിപ്പോള്‍ ലെബനോന്റെ മക്കളെയും പെറ്റ് സുഖമായോ ദു:ഖമായോ എവിടെയെങ്കിലും ജീവിച്ചിരിക്കുന്നുണ്ടാവും.

ദുബായില്‍ വന്നപ്പോള്‍ ധാരാളം ലെബനോണ്‍കാരെ കണ്ടു. വെളുത്ത അറബികള്‍. എനിക്ക് കുബൂസ് വാങ്ങിത്തരുന്ന പരസ്യ വ്യവസായം ദുബായില്‍ ലെബനോണ്‍കാരുടെ കൈകളിലാണ്. അഡ് വെര്‍ടൈസിംഗിലെ ലെബനീസ് മാഫിയ എന്നാണ് ഇവിടെ കേള്‍ക്കുന്ന ഒരു പ്രയോഗം. [അഡ് വെര്‍ടൈസിംഗിലെ മലബാറി മാഫിയയും അത്ര മോശമല്ല]. മിഡ്ല്‍ മാനേജ്മെന്റ് ലെവലില്‍ പരസ്യ വ്യവസായരംഗത്ത് മാത്രമല്ല മിക്കവാറും എല്ലാ മേഖലകളിലും ലെബനോണികളാണ് മലബാറികളുടെ എതിരാളികള്‍. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യും എന്നതാണവരുടെ പ്രധാനമികവ്.
റഫീക് ഹരീരി 
ഫാഷനില്‍ പാരീസിനേക്കാള്‍ മുമ്പിലാണ് ബെയ്റൂട്ട് നഗരം എന്നും കേട്ടു. സിറിയ ലെബനോണില്‍ കൈ കടത്തുന്നു എന്നും കേട്ടു. അങ്ങനെ ലെബനോണില്‍ രണ്ട് പക്ഷമുണ്ടെന്നും അറിഞ്ഞു - അമേരിക്കയോട് ചായ്‌വുള്ളവരും സിറിയയോട് ചായ്‌വുള്ളവരും. ഇതില്‍ അമേരിക്കയോട് ചായ്‌വുള്ള റഫീക് ഹരീരി എന്ന അതീവ സമ്പന്നനായിരുന്ന ഒരു ബിസിനസ്സുകാരന്‍ ഇടക്കാലത്ത് ലെബനോന്റെ പ്രധാനമന്ത്രിയായിരുന്നു. ഇദ്ദേഹം 2005-ലെ വാലന്റൈന്‍സ് ഡേയ്ക്ക് വധിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ കൊലയ്ക്കു പിന്നില്‍ സിറിയയുണ്ടെന്ന ആരോപണം ഇന്നും കേള്‍ക്കുന്നു.

കക്കൂസ്

കക്കൂസിനെപ്പറ്റി മലയാളത്തില്‍ ആദ്യമായി എന്തെങ്കിലും എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ളവരില്‍ ഒരാളാണ് ഞാന്‍. കക്കൂസിനെപ്പറ്റി എന്നു തന്നെയായിരുന്നു ആ ലേഖനത്തിന്റെ തലക്കെട്ട്. 1980-കളില്‍ ബീഏയ്ക്ക് പഠിക്കുന്ന കാലത്ത് മാതൃഭൂമി ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ചു. [അതിനു പുറമേ ബാലപംക്തിയില്‍ എന്റെ വക ഒന്നു രണ്ട് കാര്‍ട്ടൂണുകളും കവിതകളും വന്നു. അക്കാലത്ത് ബാലപംക്തിയില്‍ സ്ഥിരമായി കാര്‍ട്ടൂണിയിരുന്ന രണ്ടു പേരാണ് ഇ. സുരേഷും സജ്ജീവും. സജ്ജീവ് എന്നു പറഞ്ഞാല്‍ ബ്ലോഗന്നൂരിലെ യഥാര്‍ത്ഥ പുലിയായ സജ്ജീവ് ബാലകൃഷ്ണന്‍ തന്നെ - കേരള ഹ ഹ ഹ. കഴിഞ്ഞ ദിവസമാണ് ആളെ തിരിച്ചറിഞ്ഞത്] കുറേക്കാലത്തേയ്ക്ക് കുറേപ്പേര്‍ ആ കക്കൂസ് ലേഖനത്തിന്റെ പേരിലാണ് എന്നെ ഓര്‍മിച്ചിരുന്നത്. എന്തിന്, വത്സേച്ചി എനിയ്ക്ക് കക്കൂസ് രാമന്‍ എന്ന് ഒരു പേരുവരെ ഇട്ടു.
കക്കൂസിലിരുന്നുള്ള ഏകാഗ്രമായ വായനാസുഖത്തെപ്പറ്റിയും പൂക്കളുടെ മണം നിറഞ്ഞു നില്‍ക്കുന്നപൂജാമുറികളില്‍ നിന്ന് തീട്ടത്തിന്റെ മണം മുറ്റി നില്‍ക്കുന്ന കക്കൂസുകളിലേയ്ക്ക് ചന്ദനത്തിരികള്‍ മാറ്റി സ്ഥാപിയ്ക്കുവിന്‍ എന്നും ഞാന്‍ എഴുതി. ഇന്ത്യന്‍ കക്കൂസുകളില്‍ ഒരാള്‍ തൂറി ഇറങ്ങിപ്പോയാല്‍ അവിടെ തങ്ങി നില്‍ക്കുന്ന അയാളുടെ സിഗ്നേചര്‍ മണം എങ്ങനെ ഒഴിവാക്കാം എന്നും അതില്‍ എഴുതിയിരുന്നു. ക്ലോസറ്റിന്റെ സ്ലോപ്പില്‍ തീട്ടക്കണ്ടിയെ ഇരിയ്ക്കാന്‍ അനുവദിക്കാതെ അപ്പപ്പോള്‍ത്തന്നെ കുറേശ്ശെ വെള്ളമൊഴിച്ച് ഒഴുക്കിവിടുക - അതാണതിന്റെ പ്രതിവിധി.

നിര്‍ഭാഗ്യവശാല്‍ അന്ന് ബാലപംക്തി എഡിറ്റു ചെയ്തിരുന്നയാള്‍, തീട്ടം എന്ന് ഞാന്‍ പലവട്ടം എഴുതിയിരുന്നതെല്ലാം കാഷ്ടം എന്നാക്കിയിരുന്നു. അതിന്റെ സങ്കടം ഇന്നും ബാക്കി നില്‍ക്കുന്നു.

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ തല ചെറുകഥാ മത്സരത്തില്‍ യു. പി. സെക്ഷനില്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ സമ്മാനമായി കിട്ടിയ ഓ. വി. വിജയന്റെ മൂന്ന് കിടിലന്‍ നീണ്ടകഥകളുടെ സമാഹാരമായ 'ഒരു നീണ്ടരാത്രിയുടെ ഓര്‍മയ്ക്കായി' എന്ന പുസ്തകത്തിലെ 'എണ്ണ' എന്ന കഥ അതിനിടെ പല വട്ടം വായിച്ചിരുന്നതാണ് 'തീട്ടം' എന്നെഴുതാന്‍ എനിക്ക് കോണ്‍ഫിഡന്‍സ് തന്നത്.

ചാലാച്ചിച്ചെട്ടിയാര്‍ ഡെപ്പിയില്‍ നിന്ന് തീട്ടക്കണ്ടി പോലൊരു പദാര്‍ത്ഥമെടുക്കുന്നതും റൌക്കയഴിച്ച് കൊങ്ങന്‍ മുലകള്‍ പുറത്തു ചാടിച്ച് പാലെടുത്ത് ആ പദാര്‍ത്ഥം മുലപ്പാലില്‍ ചാലിയ്ക്കുന്നതുമെല്ലാം മറക്കുന്നതെങ്ങനെ? [സാഹിത്യം തന്ന ആദ്യത്തെ ഉദ്ധാരണങ്ങള്‍!]. പിന്നീട് വളരെക്കഴിഞ്ഞ് രാഷ്ട്രപതിയ്ക്ക് തൂറാന്മുട്ടിയതു കൂടിയായപ്പോള്‍ [ധര്‍മപുരാണം] തീട്ടവിജ്ഞാനീയം [scatology] കുട്ടിക്കളിയല്ല എന്ന് ബോധ്യമായി.

[പ്ലാച്ചിമടയെപ്പറ്റിയും ആഗോളവത്കരണത്തെപ്പറ്റിയുമെല്ലാമുള്ള ഏറ്റവും നല്ല ഡോക്യുമെന്റ് ഇപ്പോളും അതിനെല്ലാം വര്‍ഷങ്ങള്‍ക്കു മുമ്പേ എഴുതപ്പെട്ട 'എണ്ണ' എന്ന ആ നീണ്ടകഥ തന്നെ. ആ സമാഹാരത്തിലെ അരിമ്പാറ എന്ന കഥയോ - അന്നു മുതല്‍ ഇന്നുവരെയുള്ള പല വായനകളില്‍ അതിനെന്തെന്ത് അര്‍ത്ഥങ്ങള്‍!]

ശോധനയെപ്പറ്റിയുള്ള നായമ്മാരുടെ ഒബ്സെഷനും ഈ കക്കൂസ്പ്രേമത്തോട് ചേര്‍ത്തുവായിക്കുക.

ഇന്‍സ്റ്റലേഷന്‍

vivek vilasini
എഴുപതുകളില്‍ പ്രചാരത്തില്‍ വന്ന ഒരു കലാരൂപമാണ് ഇന്‍സ്റ്റലേഷന്‍. ഇന്ന് ലോകത്തുള്ള പ്രമുഖ ഇന്‍സ്റ്റലേഷന്‍ കലാകാരന്മാരില്‍ മലയാളികളുമുണ്ട് - എന്റെ സുഹൃത്ത് വിവേക് വിലാസിനി അടക്കം.എങ്കിലും ഇന്‍സ്റ്റലേഷന്‍ എന്നു പറഞ്ഞാല്‍ ഇപ്പോളും പല മലയാളികള്‍ക്കും പരിചിതമല്ല. ആര്‍ട്ട് എന്നാല്‍ ചിത്രകലയും ശില്‍പ്പകലയും മാത്രമെന്നാണ് ഭൂരിപക്ഷം മലയാളികളും ഇപ്പോളും ചിന്തിക്കുന്നത്. ഇന്‍സ്റ്റലേഷന് പലപ്പോഴും ശില്‍പ്പകലയുമായി ബന്ധമുണ്ടാകും. എന്നാല്‍ വിഡിയൊ, ശബ്ദം, കമ്പ്യൂട്ടര്‍, ആളുകള്‍, അവരുടെ അഭിനയ പ്രകടനങ്ങള്‍ തുടങ്ങിയ പലതും ഇന്‍സ്റ്റലേഷനില്‍ ഉപയോഗപ്പെടുത്താം.

ഉദാഹരണത്തിന് വിവേകിന്റെ ഒരു ഇന്‍സ്റ്റലേഷനെപ്പറ്റി പറയാം. പരുപരുത്ത പ്രതലമുള്ള ഒരിനം ഹാന്‍ഡ് മെയ്ഡ് പേപ്പര്‍ 20 സെമീ വീതിയും 20 സെ മീ നീളവുമുള്ള കഷ്ണങ്ങളാക്കി മുറിച്ച് ഫ്രെയിമുകളിലാക്കി. അങ്ങനെ മുപ്പത് ഫ്രെയിമുകള്‍. ഒരു മഞ്ഞുകാലത്ത് ദില്ലിയില്‍ വിവേക് താമസിച്ചിരുന്ന വീടിനു പുറത്ത് ഒരു ദിവസം ഈ മുപ്പത് ഫ്രെയിമുകളും കൊണ്ടുവെച്ചു. ഒന്നാം ദിവസം കഴിഞ്ഞപ്പോള്‍ ഒരു ഫ്രെയിം മാത്രം അകത്തേയ്ക്കേടുത്തു. രണ്ടാം ദിവസം വേറൊരു ഫ്രെയിം അകത്തേയ്ക്കെടുത്തു. ഇങ്ങനെ മുപ്പതാം ദിവസം കഴിഞ്ഞപ്പോഴേയ്ക്കും മുപ്പത് ഫ്രെയിമുകളും അകത്തെത്തി. മുപ്പതാം ദിവസത്തെ ഫ്രെയിം കാണണമായിരുന്നു - മുപ്പത് ദിവസം പുറത്തിരുന്നതിനാല്‍ പൊടിയും ചെളിയും പിടിച്ച് അതാകെ കടുംതവിട്ട് നിറമാര്‍ന്നിരുന്നു. ഇരുപത്തൊമ്പതാം ദിവസം അകത്തേയ്ക്കെടുത്തതില്‍ കടുപ്പം കുറച്ച് കുറവായിരുന്നു. അങ്ങനെ ഒന്നാം ദിവസമെടുത്തതിലേയ്ക്കേത്തുമ്പോള്‍ അഴുക്കിന്റെ അംശം താരതമ്യേന തീരെ കുറവായിരുന്നെങ്കിലും ഇല്ലെന്ന് പറയാനുമാവില്ലായിരുന്നു. ഈ മുപ്പത് ഫ്രെയിമുകളും നിരത്തി വെച്ചതായിരുന്നു വിവേകിന്റെ ഇന്‍സ്റ്റലേഷന്‍. ദില്ലി നഗരത്തിലെ പരിസരമലിനീകരണത്തെപ്പറ്റി അതിനേക്കാള്‍ തീവ്രമായ ഒരു കലാസൃഷ്ടി സങ്കല്‍പ്പിക്കുക അസാധ്യം.

ചിലപ്പോള്‍ ഒരു സ്ഥലത്ത് മാ‍ത്രമേ ഒരു ഇന്‍സ്റ്റലേഷന് പ്രസക്തിയുണ്ടാകൂ. പെയ്ന്റിംഗോ ശില്‍പ്പമോപോലെ പലയിടത്തും കൊണ്ടു നടന്ന് പ്രദര്‍ശിപ്പിക്കാനോ കാശുകൊടുത്ത് വാങ്ങി വീട്ടില്‍ക്കൊണ്ടുപോയി വെയ്ക്കാനോ പറ്റാത്തവ.

ലെബനോണ്‍, കക്കൂസ്, ഇന്‍സ്റ്റലേഷന്‍

nada sehnaoui
ലെബനോണ്‍, കക്കൂസ്, ഇന്‍സ്റ്റലേഷന്‍ - ഇവ തമ്മില്‍ എന്ത് ബന്ധം എന്ന് നിങ്ങള്‍ വിചാരിച്ചേക്കാം. നാദ സെഹ്നാഉയി എന്ന 48-കാരിയായ ലെബനീസ് കലാകാരിയുടെ ഇന്‍സ്റ്റലേഷനാണ് "15 വര്‍ഷം കക്കൂസിലൊളിച്ചിരുന്നത് മതിയായില്ലേ"" [Haven't fifteen years of hiding in the toilets been enough?]. ബെയ്റൂട്ട് നഗരഹൃദയത്തിലെ ഒരു വെളിമ്പ്രദേശത്ത് നിരത്തിയിരിക്കുന്ന അറുന്നൂറ് വെളുത്ത ടോയ്ലറ്റ് സീറ്റുകളാണ് ഈ ഇന്‍സ്റ്റലേഷന്‍. 1973 ഏപ്രില്‍ 15-ന് ആരംഭിച്ച ലെബനീസ് ആഭ്യന്തരയുദ്ധത്തിന്റെ ഓര്‍മയ്ക്കാണ് സെഹ്നാഉയിയുടെ ഈ ചോദ്യം. 1991 വരെ നീണ്ടു നിന്ന ലെബനീസ് ആഭ്യന്തരയുദ്ധം അവിടെ ജനിച്ചു വളര്‍ന്ന ആളുകളുടെ ജീവിതത്തെ എന്നെന്നേയ്ക്കുമായി മാറ്റി മറിച്ചു. എപ്പോള്‍ വേണമെങ്കിലും ബോംബ് വീണേക്കാമെന്ന് പേടിച്ച് ഒരു ജനത ജീവിതം തള്ളിനീക്കിയ ദിനരാത്രങ്ങള്‍. ബോംബ് വീഴുമ്പോള്‍ കക്കൂസില്‍ കയറി ഒളിക്കുകയായിരുന്നു അവര്‍ ചെയ്തിരുന്നത്. ചില്ലുജനാലകള്‍ ഇല്ലാത്ത ഒരേയൊരു മുറിയാണല്ലൊ കക്കൂസ്. അതായിരുന്നു ബോംബ് വീഴുമ്പോള്‍ കക്കൂസിനുള്ളിലെ ഒളിച്ചിരുപ്പിനെ സുരക്ഷിതമാക്കിയത്.

ഇന്ന്, ഒന്നര ദശകത്തിന്റെ ഇടവേളയ്ക്കു ശേഷം ലെബനോണ്‍ വീണ്ടും ഒരു ആഭ്യന്തരയുദ്ധത്തിന്റെ പടിവാതില്‍ക്കല്‍ വന്നു നില്‍ക്കുമ്പോള്‍ സെഹ്നാഉയി ചോദിക്കുകയാണ് മതിയായില്ലേ എന്ന്. ലെബനോണെ വിട്ട് സ്പോര്‍ട്സ് പേജിലേയ്ക്ക് ഓടിച്ചെന്ന എന്റെ കുട്ടിക്കാല നിഷ്കളങ്കതയുടെ വള്ളിക്കളസം സെഹ്നാഉയിയുടെ ചോദ്യത്തിനു മുന്നില്‍ ഉരിഞ്ഞുപോകുന്നു. എന്റെ പന്ന കക്കൂസ് ലേഖനത്തിന്റെ ഓര്‍മയെ ടോയ് ലറ്റിലിട്ട് ഫ്ലഷ് ചെയ്യാന്‍ കൈ തരിക്കുന്നു. ദുബായില്‍ ലെബനോണികളെ കാണുമ്പോള്‍ തോന്നിയിരുന്ന ജുഗുപ്സയുടെ സ്ഥാനത്ത്, വാതില്‍ ഉള്ളില്‍ നിന്നടയ്ക്കാ‍ന്‍ കൊളുത്തോ കുറ്റിയോ ഇല്ലാത്ത കക്കൂസിലിരിക്കുമ്പോള്‍ ആരോ കയറി വന്നാലെന്നപോലെ, ലജ്ജ തോന്നുന്നു.

31 comments:

Rammohan Paliyath said...

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ [86/14, ജൂണ്‍ 8 ലക്കം] പ്രസിദ്ധീകരിച്ച ലേഖനം, കുഴി കൂര്‍ ചമയങ്ങളോടെ... [ച്ചാല്‍ ഹൈപ്പര്‍ലിങ്കുകളോടെ എന്ന് വായിക്കുക].

മാതൃഭൂമിയും കിന്‍ഡ്ലില്‍ ഹൈപ്പര്‍ലിങ്കുകളോടെ വായിക്കാവുന്ന വള്ളിത്തല മുറിക്കും കാലം ഉടന്‍ വരുമായിരിക്കും.

http://www.amazon.com/gp/product/B000FI73MA/ref=amb_link_6369712_3/105-3593714-7656441?pf_rd_m=ATVPDKIKX0DER&pf_rd_s=center-1&pf_rd_r=1FPCNV5W159TJEB0A125&pf_rd_t=101&pf_rd_p=408937701&pf_rd_i=507846

G.MANU said...

ഇത് വായിച്ചപ്പോ ഒരു സംശയം മാത്രം ബാക്കി
‘റാം മോഹന്‍ എന്ന എഴുത്തുകാരന്‍ അക്ഷരയാത്രയിലെ ബസില്‍ നിന്ന് ഏതു സ്റ്റോപ്പിലാണിറങ്ങിയത്.. എന്തിനാണിറങ്ങിയത്..’

‘വള്ളിക്കാവമ്മ ഈ വാഹനത്തിന്റെ ഐശ്വര്യം’ എന്ന ബോര്‍ഡു നോക്കി ‘ചക്കുളത്തമ്മ ഏത് സ്റ്റോപ്പിലാണിറങ്ങിയത്’ എന്ന് ഒരു കവി ചോദിച്ചപോലെ

ബ്ലോഗില്ലായിരുന്നെങ്കില്‍ താങ്ങളെ ഞങ്ങള്‍ക്ക് നഷ്ടമായേനെ.....

Joker said...

ശ്രീ.ഒ.വി.വിജയന്റെ ധര്‍മപുരാണം പിന്നീട് കുറെ തിരുത്തലിന് ശേഷം പുനപ്രസിദ്ധീകരിച്ചു എന്നു കേട്ടിരുന്നു ശരിയാണോ എന്നറിയില്ല.

“ധര്‍മപുരിയില്‍ പ്രജാപതിക്ക് തൂറാന്‍ മുട്ടി “ അങ്ങനെ മറ്റോ ആണ് അതിന്റെ തുടക്കം.

നന്ദി നല്ല പോസ്റ്റ്

സന്തോഷ്‌ കോറോത്ത് said...

മാതൃഭൂമിയില്‍ വായിച്ചിരുന്നു .. ചമയങ്ങള്‍ക്ക് നന്‍ട്രി :)

Kaithamullu said...

റാം,
അടുത്ത കാലത്ത് വായിച്ച കാമ്പുള്ള ഒരു പോസ്റ്റ്.
വളരെ നന്ദി.
യാ‍ത്ര തുടരുക, ഒരു സ്റ്റോപ്പിലും ഇറങ്ങണ്ടാ!
--
“.....വാതില്‍ ഉള്ളില്‍ നിന്നടയ്ക്കാ‍ന്‍ കൊളുത്തോ കുറ്റിയോ ഇല്ലാത്ത കക്കൂസിലിരിക്കുമ്പോള്‍ ആരോ കയറി വന്നാലെന്നപോലെ, ലജ്ജ തോന്നുന്നു.“
---
നമിക്കുന്നൂ പ്രഭോ!

un said...

മാതൃഭൂമിയില്‍ വായിച്ചിരുന്നു. സനാതനന്‍ തന്റെ ബ്ലോഗിന്റെ പേര് കക്കൂസെന്നാക്കി മാറ്റിയത് ഈയിടെയല്‍ളേ?
ചില വിവാദഇന്‍സ്റ്റലേഷനുകളെക്കുറിച്ച് എന്റെ ബ്ലോഗില്‍ മുമ്പെഴുതിയിരുന്നു. വാര്‍ത്തകള്‍ ഇവിടെ, ഇവിടെയും

നജൂസ്‌ said...

നല്ല എഴുത്ത്‌. ലെബനോനെ കുറിച്ച്‌ പറഞ്ഞപ്പൊ നിസാര്‍ ഗബ്ബാനിയെയും ഓര്‍ത്തു. ജോക്കര്‍ പറഞ്ഞത്‌ ശരിയാണ്‌ നോവല്‍ തുടങ്ങുന്നതങ്ങന്നെതന്നെയാണ്‌.

തൂറല്‍ ഒരുതരത്തിലുള്ള ലൈങ്കികത തന്നെയാണ്‌.

aneeshans said...

ലെബനോണും, കക്കൂസും, ഇന്‍സ്റ്റലേഷനും ഒന്നുചേരുന്ന കവലയില്‍ നിന്ന് തിരിച്ചാണ് വായിച്ചത്.
നനാജാതി മണം നിറഞ്ഞ ഒരു ചതുരപ്പെട്ടിയില്‍ നിന്ന് എന്തെന്ത് കാഴ്ചകളിലേക്കാണ് നമ്മള്‍ ചിതറുന്നത്. കക്കൂസ് സുരക്ഷിതത്വത്തിന്റെ ഒരു സിംബല്‍ ആയി മാറുന്നിടത്ത് നിന്ന് വായന്യ്ക്ക് എകാഗ്രത തരുന്ന, ആലോചിക്കാന്‍ ഇഷ്ടം പോലെ സ്വാതന്ത്ര്യമുള്ള ഒരിടത്തേക്കുള്ള യാത്ര. ആ പിന്‍ വഴികളില്‍ കാത്തിരിക്കുന്ന ഒരു ഐറണി കുത്തിവലിക്കുന്നുണ്ട്. ഒരു പക്ഷേ വെറുമൊരു പോസ്റ്റ് ആകാമായിരുന്ന ഒരു വിഷയത്തെ ഒരു മാജിക്ക് കാരനെ പോലെ പ്രെസന്റ് ചെയ്തതിനു ഒരു ക്ലാപ്പ്.

ഇവിടെ എന്ത് മാത്രം റെലവന്റ് ആവും എന്നറിയില്ല,എന്നാലും ഒരു വട്ടം കാണാം. ഒരു യു റ്റ്യൂബ് വീഡിയോയുടെ ലിങ്ക് ചേര്‍ക്കുന്നു. 24 മണിക്കൂറില്ലേ ഒരു 10 മിനുട്ട് എങ്ങട്ടും പോകാണ്ടെ ഒന്നു കണ്ട് നോക്കൂ :)
http://www.youtube.com/watch?v=ppAn0LNU_V8

രാജേഷ് ആർ. വർമ്മ said...

കക്കൂസിലിരുന്ന് ഈ പോസ്റ്റുവായിച്ചതിന്റെ സുഖം ഫ്ലഷായിപ്പോയതെന്തുകൊണ്ട്‌? സെഹ്നാഉയിയുടെ ഇന്‍സ്റ്റലേഷന്‍ കാണുമ്പോള്‍ ഇത്‌ ഓര്‍മ്മവന്നതെന്തുകൊണ്ട്‌?

വെള്ളെഴുത്ത് said...

പരസ്പരബന്ധമില്ലെന്നു തോന്നും മട്ടില്‍ മൂന്നു വരി (മൂന്നുകാര്യങ്ങള്‍) പറയുക, നാലാമത്തേതുകൊണ്ട് അവയെ കൂട്ടിയിണക്കുക. ഇതല്ലേ ഹൈക്കുവിന്റെ ആഖ്യാനശില്പം?

Unknown said...

ലെബോണും കക്കൂസും മനസിന്റെ ചുവരുകളില്‍
ചായകൂട്ടുപോലെ പടര്‍ന്നു പിടിച്ചു .ജീവിതത്തിന്റെ ഏടുകള്‍ എഴുത്തിന്റെ പടവുകള്‍ ഓര്‍മ്മപെടുത്തുന്ന
ചിന്തകള്‍ നന്നായി
ഒരഥത്തില്‍ ഇന്ന് വായീച്ച കുറിപ്പുകളില്‍
ഏറെ ആഴമുള്ള വായന പകര്‍ന്ന ഒരു ലേഖനം തന്നെ ഇത്

സാല്‍ജോҐsaljo said...

പ്രജാപതിക്കു തൂറാന്‍ മുട്ടി എന്ന തുടക്കം കണ്ട്, അയ്യേന്നു പറഞ്ഞ് ആരും കാണാതെ തിരികെ വച്ചിട്ട് പോയവനാണ് ഞാന്‍. തീട്ടം, വളി എന്നൊക്കെ മലയാ‍ളത്തിന്റെ തനത് ഭാഷാശൈലികള്‍ കാണുമ്പോള്‍ ഒരു വൈക്ലബ്യം ഇന്നും.വിജയന്‍ മാഷിനെ ഓര്‍ത്തിട്ട് മണിക്കൂറുകളേ ആയുള്ളൂ.

ലബനോന്റെ താഴ്വരയെ പറ്റിയും ലബനോന്‍ സുന്ദരിയെപ്പറ്റിയും ബൈബിളില്‍ വായിച്ചിട്ടുള്ളതുകൊണ്ടാവാം ലബനോന്‍ എന്നും മോഹിനിയായിട്ടാണ് തോന്നിയിട്ടുള്ളത്. [ഇപ്പോ മോഹനായും!]

അടുത്ത് വായിച്ച ഏറ്റവും നല്ല ലേഖനം.

സാല്‍ജോҐsaljo said...

ഫീഡ് ബ്‌ര്‍ണര്‍ കൃത്യവിലോപം കാട്ടുന്നു. ഇപ്പോള്‍ മാത്രമാണിതു മെയിലില്‍ കിട്ടിയത്. ചെക്ക് ചെയ്യൂ..

Rammohan Paliyath said...

വെള്ളെഴുത്തെ, ഹൈകുവിനെപ്പറ്റി ഒരു പിടിപാടുമില്ല. പണ്ടു ചെറിയ കുന്കുമത്തില്‍ ചില പരിഭാഷകള്‍ വായിച്ചതോര്‍ക്കുന്നു. സാധാ ചെറു കവിതകള്‍. സ്വന്തം ചെരുകവിതകളെയും ഹൈകുകള്‍ എന്ന് വിളിച്ചിരുന്നത് ആ അറിവിന്ടെ ബലത്തിലായിരുന്നു. നിങ്ങള്‍ പറഞ്ഞ പോലാണോ ഹൈകുവിണ്ടേ ഫോം? എന്കില്‍ ഏറ്റവും നല്ല ഹൈകു കാളിടാസണ്ടേ 'ക ഖ ഗ ഘ' എന്ന സമസ്യാ പുരാണം തന്നെ.

അഴിക്കൊടിറെണ്ടേ വാക്ക് കസര്‍ത്തുകലെക്കാള്‍ സാനുമാഷിണ്ടേ ആഴമുള്ള പ്രസങ്ങമാണ് എനിയ്ക്കിഷ്ടം. സാനുമാഷ് പലപ്പോഴും പ്രസങ്ങ മാതൃകയായി പറഞ്ഞു കേട്ടിട്ടുള്ളതോ മുന്ടസേരിയെയും. ഇങ്ങനെ ഒരു മുണ്ടശ്ശേരി ട്ടെക്നിക്കുന്ടെന്നു സാനു മാഷ്‌ പറഞ്ഞു കേട്ടിട്ടുണ്ട്. ഒരു മുലയില്‍ നിന്നു ഒരു കാര്യം പറയും. വേറൊരു മൂലയില്‍ നിന്നു വേറൊരു കാര്യം. അങ്ങനെ മൂന്നാല് കാര്യം പറഞ്ഞു ഒടുവില്‍ നാലും കൂടി മൂട്ടും. പിന്നെ അതിന്ടെ മോളില്‍ തൊടാന്‍ ഒരാള്‍ക്കും പട്ടില്ലത്ത്രെ. ഇതെഴുതുമ്പോള്‍ അതൊന്നും ഓര്‍ത്തില്ല. മാത്രമല്ല ഏറ്റവും ഫാസ്ടായി എഴുതിയ പോസ്ടുമാണ് - അര മണിക്കുറില്‍ തീര്ന്നു. പോസ്ടാന്‍ എഴുതിയതാ. പിന്നെയാണോര്‍ത്തത് മാത്രുഭുമിയ്ക്കയക്കമെന്നു.

Rammohan Paliyath said...

രാജേഷേ, ആ ലിന്കിലെ ഇന്‍സ്ടല്ലേശന്‍ ക്ലീഷേ ച്ചുവച്ചു . കുരിഷിണ്ടേ ഉപയോഗം എത്ര കുറി ആവര്‍ത്തിച്ചതാ. ഇതിന്റെ രാസ്ത്രീയം ഉണ്ടോ അതില്‍?

നോമാടിണ്ടേ ലിന്കിലെ ഷോര്‍ട്ട് ഫിലിം സുപ്പര്‍. അതെങ്ങനെ ഓടോ ആവും? അത് തന്നെ ഇത്. നേതി നെതിയ്ക്ക് വല്ല ഒപ്പോസിട്ടുമുന്ടെന്കില്‍ അത്.

മനുവേ, രാജും ചോധിചിര്‍ന്നു ബ്ലോഗില്ലയിരുന്നെന്കില്‍ നിങ്ങള്‍ എന്ത് ചെയ്തേനെ എന്ന്? വേണമെന്നു കരുതി ഇറങ്ങിപ്പോവുന്നതല്ല.

കൈതമുള്ളിന്ന്റെ പേരു മാറ്റി - കൈതപ്പൂ.

Anonymous said...

ബ്ലഡി മേരിയും കക്കൂസും കൂടി വാ‍യിച്ച് അതിന്റെ കമന്റും കണ്ടപ്പോള്‍ തോന്നിയതാണ്: ആന കാഷ്ഠിക്കുന്നത് കണ്ട് അണ്ണാന്‍ കാഷ്ഠിച്ചാലോ?

installation എന്ന ഒന്നിനെ പറ്റി തന്ന അറിവിന് നന്ദി.

അഭയാര്‍ത്ഥി said...

ഹായ്‌ ഹായ്‌
എന്താത്‌
കണ്ടി പുരാണോ
അതോ കുണ്ടീപുരത്തിന്റെ ഇതിഹാസോ.
എന്തായാലും ബഹു ജോറ്‌ന്നേ

നമ്മള്‌ പാലട കുടിക്കാന്ന്‌ വിചാരിക്ക്വാ
ചില്ല്‌ ഗ്ലാസില്‌ കൊഴുത്ത്‌ കിടക്കണ അവനെങ്ങട്‌ വായില്ല്ക്യൊഴിക്കാ.
കണ്ട്യായൊ - ഇല്ല
അവന്‍ നമ്മൂടെ കണ്ഠത്തില്‍ പാല്‍ കണ്ടനാവുമ്പൊ തുപ്പല്‌ കേറ്യങ്ങട്‌ പിടിക്കും.
കണ്ട്യായൊ? ഇല്ല
പിന്നെ ചെറുകുടല്‌ വങ്കുടല്‌ പാന്‍ക്രിയാസ്‌ ലിവറ്‌ എന്‍സൈമുകള്‌ ബെയില്‌ അങ്ങനെ ഗോസായി ഭാഷേല്‌ള്ള എല്ലാരും കൂടി കുത്തിമറയാണ്‌.
കണ്ട്യായൊ?. ഇല്ല

എല്ലാ പോഷണോം ഊറ്റിട്‌ത്ത്‌ ബാക്കീള്ള പിണ്ഠം മുക്ക്യങ്ങട്‌ വിട്ടാല്‍ കണ്ട്യായൊ- ആയി.

അതാണ്‌ പാല്‍പ്പായസം കണ്ട്യാക്കണ ബിസിനസ്സ്‌.

ഈ ശാസ്ത്രങ്ങട്‌ മനസ്സിലായാല്‍ ഈ പിണ്ഠ്‌ തന്നെ കണ്ടീന്ന്‌ കാണുമ്പോ നാറ്റല്ല്യങ്കെ കയ്യിലെടുത്തൊന്ന്‌ നോക്കാന്ന്‌ തോന്ന്വാര്‍ന്നു.

ഇത്‌പോലെ ഓര്‍മ്മ്യൊക്കെ മുക്കീട്ട്‌ വിടാന്‍ പറ്റ്യാ ഒരാശ്വാസാര്‍ന്നേ. പിന്നൊന്ന്‌ ഫ്ലഷ്‌ വലിച്ചാ മതീല്ലൊ .......

ഡോറില്ലാത്ത ഈ കക്കൂസുകള്‍ക്കിടേലൊളിച്ചിര്‌ന്ന്‌ കെടക്കട്ടെ നോന്റേം ഒര്‌ കഷ്ണം

Rammohan Paliyath said...

അഭയാര്‍ത്ഥീ, ദേ, അത് പോവുന്ന ഒച്ച. ബ്ലും...

കൃഷിക്കാരനും കാര്‍ഷികത്തൊഴിലാളിയും അവിവാഹിതനും പഴയ എസ്സെസ്സെത്സി ഫസ്റ്റ് ക്ലാസുകാരനുമായിരുന്ന ഒരമ്മാവന്‍ പണിയൊന്നുമെടുക്കാത്തവരെ ‘ചോറ് തീട്ടാക്കണ മെഷീന്‍’ എന്നു വിളിച്ചിരുന്നു.

അ(നോനിമ)സ്സേ, കമന്റിനു പിന്നിലെ ചേതോവികാരം പിടികിട്ടി. കമന്റ് മനസ്സിലായില്ല. ആന(ഓനിമസ്‌) ആര്? ബ്ലഡി മേരിയിലെ ഫലിതം ഒറിജിനലായി ഉണ്ടാക്കിയ ആളോ? അണ്ണനാര്? സംഭവം ക്ലിയറല്ല. ബ്ലഡും കക്കൂസും കൂടി കൂട്ടിക്കൊഴയ്ക്കല്ലെ. നാട്ടിന്‍പുറത്ത് കേട്ട ഒരുഗ്രന്‍ പഴഞ്ചൊല്ലുണ്ട്: ‘തീട്ടം തിന്നണെങ്കി അരിശസ്സുള്ളോന്റെ തീട്ടം തിന്നണോ’ന്ന്.

സെഹ്നാ ഉയി നിരത്തിവെച്ചിരിക്കുന്ന 500 ടോയ്ലറ്റ് സീറ്റുകള്‍ കണ്ട് രാത്രി അതിന്മേല്‍ ചെന്നിരുന്ന് അനോനിമസ്സായി ആരെങ്കിലും കാര്യസാധ്യം നടത്തിയോ എന്ന് ചോദിച്ചാല്‍ അറിയാമ്മേല.

ഗുരുജി said...

രാം മോഹന്‍ പാലിയത്തിന്റെ ലേഖനം മാതൃഭൂമിയില്‍ വായിച്ചിരുന്നു. അതിങ്ങനെ ഒരാള്‍ ആയിരുന്നു എന്നറിയില്ലായിരുന്നു. അറിഞ്ഞപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. മറ്റൊരു ബ്ലോഗ്ഗറായ കുഴൂര്‍ വില്‍സന്റെ ഒരു ലേഖനവും ഇതേ ലക്കത്തിലുണ്ട്. തത്തകള്‍ കൂട്ടത്തില്‍ കൂടുമോ എന്ന പേരില്‍. നിങ്ങളൊക്കെയുള്ളപ്പോള്‍ ഈ ബൂലോകത്തില്‍ ഇനി എന്തിന്റെ കുറവാണ്?? ഞാന്‍ ഇനി ഇവിടെനിന്നും പോകില്ല..

Rammohan Paliyath said...

തത്തകള്‍ കൂട്ടത്തില്‍ കൂട്ടുമോ?

രാജേഷ് ആർ. വർമ്മ said...

അയ്യോ രാംമോഹനാ, പറയാതെ വിട്ടതിനു മാപ്പ്‌. ആ പടത്തില്‍ കണ്ടത്‌ ഒരു ഇന്‍സ്റ്റലേഷന്‍ കലാരൂപമല്ല, നോര്‍മണ്‍ഡി ബീച്ച്‌ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ശവപ്പറമ്പാണ്‌.

Rammohan Paliyath said...

ഓണ്‍ സെക്കന്റ് തോട്ട്സ്, അനോനിമസ്സേ, ആനയുടെ തൂറലിനെപ്പറ്റി അധികം ഞെളിയാതെ. മിക്കവാറും ആനകള്‍ ചാവുന്നത് എരണ്ടക്കെട്ട് എന്ന അസുഖം വന്നിട്ടാണ്. മീന്‍സ് കോണ്‍സ്റ്റിപ്പേഷന്‍. ആടിനെപ്പോലെയോ അണ്ണാനെപ്പോലെയോ തൂറുന്നത് ആനയെപ്പോലെ തൂറാതിരിക്കുന്നതിനേക്കാള്‍ ജീവന്മരണ ഭേദം. അതോ അണ്ണാനെപ്പോലെ തൂറി ജീവിച്ചിരിക്കുന്നതിനേക്കാള്‍ നല്ലത് ആനയെപ്പോലെ മലബന്ധം വന്ന് ചാവുന്നതോ?

deepdowne said...

വിവേകിന്റെ ഇന്‍സ്റ്റലേഷന്‍ ആശയം നന്നായിരിക്കുന്നു.
കൊച്ചിയിലെ കാശി ആര്‍ട്ട് കഫെയില്‍ ഒന്ന് കണ്ടിരുന്നു. ഏതാണ്ട് ഒരടിയോളം നീളം വരുന്ന സ്ലിം ബ്യൂട്ടികളായ കുറെ പുലികളെ തറയില്‍ ഒരു ബറ്റാലിയന്‍ പോലെ നിര്‍ത്തിയിരിക്കുന്നു. അത്‌ 'ഇന്‍സ്റ്റലേഷന്‍' ആണെന്ന്‌ ഇപ്പോഴാണ്‌ മനസ്സിലായത്‌.

അനാഗതശ്മശ്രു said...

നല്ല പോസ്റ്റ്..
മുലയും തീട്ടയും എന്നൊക്കെ എഴുതിയാല്‍ ചീത്ത പറയുന്ന ബ്ളോഗ് വായനക്കാര്‍ കുറയട്ടെ.
എന്റെ ഒരു മുലക്കഥ ഒരു റ്റീം ബ്ളൊഗില്‍ നിന്നു എടുത്തു മാറ്റേണ്ടി വന്ന
അവസ്ഥ ഒര്‍ മ്മ വന്നു.. തീട്ടത്തെ കാഷ്ടമാക്കിയ എഡിറ്ററുടെ
മാനസികാവസ്ഥ

Artist B.Rajan said...

നന്നെ ചെറുപ്പത്തില്‍ അച്ഛന്റെ നെഞ്ചത്തുപോലും മലവിസര്‍ജ്ജനം ചെയ്താല്‍ അത്‌ തൂറലാവുന്നില്ല.റാം മാതൃഭുമിയില്‍ വിസര്‍ജ്ജിച്ചത്‌ ആവിധത്തില്‍പ്പെടുത്തിയാണ്‌ ഞാന്‍ കണ്ടത്‌.
എന്നാല്‍ കാരണവന്മാര്‍ക്ക്‌ അടുപ്പിലും പുരപ്പുറത്തും തൂറാം.എന്നുവിചാരിച്ച്‌ ഒ.വി.വിജയന്‍ പുരപ്പുറം മുഴുവന്‍ തൂറി നാറ്റിച്ചില്ല എന്നോര്‍ക്കണം.അദ്ദേഹം അടിയന്തിരാവസ്ഥയുടെ മുന്‍ നിഴല്‍ കണ്ട്‌ പേടിച്ചുതൂറിപ്പോയതായിരുന്നു. മുന്‍ നിഴല്‍ കാണാന്‍ വിധിയില്ലാത്തവര്‍ ക്ഷമിക്കുക നിങ്ങള്‍ക്ക്‌ ഇറണ്ടകെട്ടി മരിക്കാം.അടിയന്തിരാവസ്ഥയില്‍ അങ്ങിനെ മരിച്ചവരുടെ പ്രേതാല്‍മാക്കള്‍ ഇപ്പോഴും ഇടതു വലതു കണ്ടം ചാടി പ്രസംഗിച്ചും പഴയ കവിതകള്‍ ഓര്‍ത്തുപാടിയും സീരിയലുകളില്‍ തന്തവേഷങ്ങള്‍ കെട്ടിയും യശപ്രര്‍ത്ഥികളായി കഴിയുന്നുണ്ട്‌.അടിയന്തിരാവസ്ഥ നേരിട്ടറിഞ്ഞ്‌ ഇടികൊണ്ട പലരും ക്ഷയം പിടിച്ചുമരിച്ചു. ബാക്കിയായവര്‍ കാവിയില്‍ ഒളിച്ചു.വെടിതീര്‍ന്നവര്‍ ഭാഗ്യവാന്മാര്‍...ഇന്നിന്റെ സൗന്ദര്യം അവര്‍ക്കുള്ളതല്ലല്ലോ.
ഓ.വി.വിജയനും ഒടുവില്‍ ഗുരുസാഗരത്തിലൂടെ ഒളിച്ച്‌ തലമുറയെന്ന മാജിക്കല്‍ അനിമേഷന്‍ തിരക്കഥയുമായി രംഗം വിട്ടു.
റാം മോഹന്‍ എഴുതുന്നതുകണ്ടപ്പോള്‍ അസൂയയായിരുന്നൂ.സൂക്ഷ്മാംശം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്ന നിരീക്ഷണങ്ങള്‍.(ചിരട്ടപ്പാത്രങ്ങളുടെ ചിയേഴ്സ്‌ മുതലായവ)
കക്കൂസില്‍ ഇഷ്ടം പോലെ സ്ഥലം ലഭ്യമാണെന്നിരിക്കെ, എന്തിനായിട്ട്‌ പുരപ്പുറത്ത്‌ തന്നെ സാധിക്കുവാന്‍ വാശിപിടിക്കുന്നു.ഇത്രകണ്ട്‌ കൂടുതല്‍ തൂറാനായിട്ട്‌ ഇതിനുമാത്രം മലമുണ്ടോ ഉള്ളില്‍.
സഭ്യം സഭ്യേതരം എന്നിവ ആപേക്ഷികവും വ്യക്തിഗതവുമാണെന്നിരിക്കെ അഭിപ്രായപ്രകടനത്തിനുയോഗ്യനല്ലെങ്കിലും വിടുവായത്തരം പറയുകയാണെന്ന് കൂട്ടിയാല്‍മതി.
റാം മോഹന്‍, മുന്‍പില്‍ എഴുതിത്തീര്‍ക്കാന്‍ എത്രയെത്ര താളുകള്‍ ബാക്കിയുണ്ട്‌ എന്ന അറിവാണ്‌ എഴുത്തിന്റെ ആല്‍മാവ്‌... ഇളിച്ചുകാട്ടുന്ന സഹബ്ലോഗന്റെ പ്രശംസയെക്കാള്‍ തിരിച്ചറിവിന്റെ ശക്തിയില്‍ താങ്കള്‍ കാതലായി എഴുതിക്കാണാനാണ്‌ എന്റെ ആഗ്രഹം.


ഇനി വിവേകിന്റെ വിലാസങ്ങളെക്കുറിച്ച്‌
ജനിച്ചനാള്‍ മുതല്‍ ത്രിമാനവീക്ഷണജ്ഞാനം വരദാനമായിക്കിട്ടിയതുകൊണ്ട്‌ നെഴ്സറിമുതല്‍ വരയെന്ന ആവേശം സൊരുക്കൂട്ടി കേമന്‍ എന്നപേരുനേടിയെടുത്ത്‌ ഒടുവില്‍ ഫൈനാര്‍ട്സില്‍ അഞ്ചുവര്‍ഷം കൊണ്ട്‌ ക്രമപ്പെടുത്തിയെടുത്ത ഒരു കലയുമായി പുറത്തുവന്ന് വരക്കാന്‍ ക്യാന്‍ വാസില്ലാതെ തെണ്ടിനടക്കുന്നവന്റെ നെഞ്ചത്ത്‌ കയറി നിന്ന് വിസര്‍ജ്ജിക്കുന്നവരുടെ കൂടെയാണയാള്‍..

ഡല്‍ ഹിയില്‍ കട്ടിംഗ്‌ ഒായില്‍ അഡിക്ടീവ്‌ വിറ്റുനടന്ന വിവേക്‌ ദുബായില്‍ വിനെയില്‍ കട്ടിംഗ്‌ വിറ്റു. വാക്‌ പ്രാഗല്‍ഭ്യം കൊണ്ട്‌ നേടാവുന്ന ആ തൊഴിലിലും ഒന്നുമാകാതെ വര തൊഴിലാക്കിയവന്റെ കഞ്ഞിപ്പാത്രം തട്ടിപ്പറിച്ച്‌ ഇന്‍സ്റ്റലേഷന്‍ കലയുമായി വിലസുന്നു. ആരാണീ ഇന്‍സ്റ്റലേഷന്‍ കാര്‍? എന്തിനവര്‍ ശില്‍പകലയുടെ മറപിടിക്കുന്നു?.
മറ ആവശ്യമയിവരുന്നൂ?.
ദല്‍ ഹിയില്‍ കുറച്ചു പേപ്പര്‍ മഞ്ഞത്തുവെച്ച്‌ മലിനീകരണമളക്കുന്നത്‌ സയന്‍സുമായി ബന്ധപ്പെട്ട ഒരു പരീക്ഷണ പ്രക്രിയയാണ്‌. അതും ശില്‍പകലയുമായി എന്ത്‌ ബന്ധം. വായിച്ചുള്ള അറിവും അല്‍പം കമ്പ്യൂട്ടര്‍ സോഫ്റ്റ്‌ വേര്‍ പരിചയവും വാക്‌ ചാതുരിയും ഉണ്ടെങ്കില്‍ കലാകാരന്റെ ചട്ടിപ്പറിക്കാം എന്ന അറിവ്‌ അയാളെ ശില്‍പിയാക്കി, കലാകാരനാക്കി.ശിവകാശി തീപ്പെട്ടിപ്പടം സ്കാന്‍ ചെയ്ത്‌ മുറിച്ചൊട്ടിച്ച്‌ പ്രിന്റെടുത്ത്‌ സാധാരണക്കാരെ പറ്റിക്കാന്‍ കഴിയും.ഒന്നും ഒരുകാലത്തും ഒരുപോലെയാവില്ല.ആരേയും എല്ലായ്പോഴും പറ്റിക്കാനുമാവില്ല.വ്യാജന്മാര്‍ ചവറ്റുകുട്ടയില്‍ അന്ത്യവിശ്രമം കൊള്ളുകതന്നെ ചെയ്യും.സത്യം പറയുന്നവന്റെ നാവറുത്തതുകൊണ്ട്‌ സത്യം സത്യമല്ലാതാവുന്നില്ല.വിവേകിന്‌ ബ്ലോഗ്ഗേശ്വരന്‍ മാപ്പുകോടുക്കട്ടെ....

ഹരിയണ്ണന്‍@Hariyannan said...

ഈ ആഖ്യാനശൈലി മനോഹരമാണ്.
വിവരവിവരണങ്ങള്‍ അതിമനോഹരം!

Glocalindia said...

“ഇന്‍റലിജന്‍സ് ഈസ് പ്ലെന്‍റി, ബട്ട് വേര്‍ ഈസ് ക്യാരക്ടര്‍” എന്ന് ചോദിക്കാന്‍ തോന്നുന്നു....

Rammohan Paliyath said...

ആര്‍ട്ടിസ്റ്റ് രാജന്‍, ദുബായ് ഗര്‍ഹൂദില്‍ നിങ്ങളുടെ അയല്‍ക്കാരനാണ് ഞാന്‍. മറുപടി എഴുതാന്‍ ഇത്തിരി സമയം തരണേ. ഓഫീസില്‍ ബിസിയാ.

ഗ്ലോക്കലിന്ത്യേ, ഞെട്ടിപ്പോയ് ഞാന്‍. ഇപ്പോള്‍, ഓഫീസിലേയ്ക്ക് ഡ്രൈവ് ചെയ്ത് വരും വഴി ക്യാരക്ടറിനെപ്പറ്റിത്തന്നെയാണോര്‍ത്തത്. അത് അടുത്ത പോസ്റ്റാക്കി ഇടാം.

അലിഫ് /alif said...

വൈകിയ വായന; പ്രതികരണം ഇവിടെ - ഒളിക്കാൻ കക്കൂസ് ഇല്ലാത്തവർ..!

Sarija NS said...

മാതൃഭൂമിയില്‍കണ്ടിരുന്നു ഈ ലേഖനം. അതിണ്ടെ തലക്കെട്ടിനെക്കാള്‍ ആകര്‍ഷിച്ചത് റാം‌മോഹന്‍ പാലിയത്ത് എന്ന പേരായിരുന്നു. ചില പാലിയംകാരെ നേരിട്ടു പരിചയവുമുണ്ടായിരുന്നു. പക്ഷെ അവരില്‍ ഇത്ര ശക്തനായ ഒരെഴുത്തുകാരനും ഉണ്ട് എന്നറിഞ്ഞതു മാതൃഭൂമിയില്‍ നിന്നാണ്.

Cartoonist said...

റാമ്മോഹയ്,
ഇപ്പളാണിതു കണ്ടെ.80കൾ, ക്രൈസ്റ്റ്, കൂടലാണിക്യം, ചാലൂടി, മാത്രൂമി, ബാലങ്ങ്തി എല്ലാംകൂടി ഒറ്റവരവാ...

ശൈലീകൃതമായി പറഞ്ഞാൽ...
നന്ദി സുഹൃത്തെ, നന്ദി !

ചുമ്മാ ശുഭം.

Related Posts with Thumbnails