Wednesday, November 28, 2007

നോക്കിയാ മതി, നമുക്ക് കണ്ടുപിടിക്കാം


മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചയാളെ മനസാ ഗുരുവായ് വരിച്ച് അമ്പുകള്‍ എയ്തു വിടുന്ന പോലെ സന്ദേശങ്ങളയക്കുന്ന തലമുറയെ തംബ് ജനറേഷന്‍ എന്നു വിളിച്ചതാരാണാവോ? (റേഷന്‍ കടയില്‍ പോയിട്ടില്ലാത്ത ഒരു ജനറേഷന്‍ എന്നാണ് ഞാനവരെ വിളിക്കുക). ഏകലവ്യന്‍ എങ്ങനെ എസ്സെമ്മെസ് അയക്കുമെന്ന് പണ്ടൊരു നാള്‍ ഈ ബ്ലോഗില്‍ ചോദിച്ചിരുന്നു. ഇപ്പോള്‍ ചോദിക്കാന്‍ തോന്നുന്നത് മറ്റൊന്നാണ് - കമ്മ്യൂണിക്കേഷന്‍ വിപ്ലവം നമ്മളെ എവിടെ എത്തിച്ചു? (എന്റെ പ്രിയ ലതാഗാനം പോലെ - യെ കഹാം ആ ഗയെ ഹം?)

ചെറിയ ക്ലാസുകളിലെ സയന്‍സ് ടെക്സ്റ്റുകളില്‍ ഒരോ പാഠം കഴിയുമ്പോഴും കുറച്ച് എക്സര്‍സൈസുകളുണ്ടാവും. അതിന്റെ മലയാളം തലക്കെട്ട് എക്സാറ്റ്ലി എങ്ങനെയായിരുന്നുവെന്നത് മറന്നുപോയിരുന്നു. ദേവനെ വിളിച്ച് ഓര്‍മ പുതുക്കി. (അഞ്ചാം ക്ലാ‍സ് വരെ മാത്രമോ മറ്റോ മലയാളം പഠിച്ചിട്ടുള്ള ആ മനുഷ്യനോടുള്ള ബഹുമാനം കൂടി. അവനവനോടുള്ള പുഞ്ഞത്തിന് ബഹുമാനങ്ങളായി). അതെ, നമുക്ക് കണ്ടുപിടിക്കാം.

നിങ്ങളുടെ മൊബൈല്‍ ഫോണെടുക്കുക. മിക്കവാറും അതൊരു നോക്കിയാ ആയിരിക്കുമല്ലൊ (എന്തായാലും മറ്റ് ബ്രാന്‍ഡ് മൊബൈലുകളിലും ഇതുണ്ടാവും). Menu-വില്‍ Log-ഇല്‍ പോവുക. അവിടെ Call duration നോക്കുക. അതില്‍ All calls' duration നോക്കുക. എത്രയുണ്ട്? ക്ലയന്റ് സര്‍വീസിംഗ് രംഗത്ത് പയറ്റുന്ന എന്റെ Nokia 6125-ല്‍ ഈ നിമിഷം വരെ ഞാന്‍ സംസാരിച്ച മൊത്തം കോളുകളുടെ ദൈര്‍ഘ്യം 690 മണിക്കൂര്‍, 17 മിനിറ്റ്, 4 സെക്കന്റ്. വെറും ഒന്നര വര്‍ഷം മാത്രം പഴക്കമുള്ള ഒരു ഫോണാണെന്റേതെന്നോര്‍ക്കണം. (കൃത്യമായിപ്പറഞ്ഞാല്‍ 2006 ജൂണില്‍ വാങ്ങിയത്). അതായത് ഒന്നരക്കൊല്ലത്തിനിടെ 28 ദിവസം മുഴുവന്‍ ഞാന്‍ ഫോണിലായിരുന്നു. (വിളിച്ച കോളുകളുടേയും വന്ന കോളുകളുടേയും ഇനം തിരിച്ചുള്ള കണക്കും കിട്ടും.) ഓഫീസിലെയും വീട്ടിലെയും ലാന്‍ഡ് ഫോണുകളില്‍ സംസാരിച്ചത് വേറെ. കുടുംബം കൂടെയില്ലാത്തവര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, സ്വന്തം ബിസിനസ് നടത്തുന്നവര്‍... ഇത്തരക്കാരുടെയെല്ലാം ഫോണുകളില്‍ എന്തായിരിക്കും സ്ഥിതി?

സിനിമാതാരം ജഗതി ശ്രീകുമാറിനും പുഴ ഡോട്ട് കോമിലെ ഐകണൊക്ലാസ്റ്റ് മിറര്‍സ്കാങ്കാരന്‍ ശശിധരന്‍ പി. പോലും അംഗീകരിക്കുന്ന ജേര്‍ണലിസ്റ്റായ വിജു വി. നായര്‍ക്കും മൊബൈല്‍ ഫോണില്ലെന്ന് കേട്ടിരിക്കുന്നു. ശരിയോ എന്തോ? മൊബൈല്‍ ഫോണുകള്‍ക്കിടയില്‍ വെച്ച് മുട്ട പുഴുങ്ങിയ കഥ ഒരിക്കലും ഞാന്‍ വിശ്വസിക്കുകയില്ല. (അതു സംബന്ധിച്ച മേതിലിയന്‍ ലേഖനത്തില്‍ നിന്ന് ഒരു ക്വോട്ടഡ് വാചകം വാചകമേളയിലാക്കി മേതിലിനേയും വായനക്കാരെയും ചവിട്ടിത്തേച്ച കാര്യം വെള്ളെഴുത്ത് എഴുതിയിരുന്നല്ലൊ. അത് മേതിലിനും മറ്റെല്ലാ എഴുത്തുകാര്‍ക്കും പാഠമായിരിക്കട്ടെ. ഓരാ വാചകമെഴുതിയ ശേഷവും രണ്ടു വട്ടം വായിച്ച് സ്വയം എഡിറ്റുക. മറ്റുള്ളവരെ ഉദ്ധരിക്കാതിരിക്കുക. അഥവാ ഉദ്ധരിക്കേണ്ടി വന്നാലും സ്വന്തം വാചകങ്ങളിലാക്കി, വിദഗ്ദമായി എഴുതുക. പണ്ടൊരു റഷ്യന്‍ പ്രധാനമന്ത്രി ന്യൂയോര്‍ക്കില്‍ പ്ലെയിനിറങ്ങിയപ്പോള്‍ പത്രക്കാര്‍ ചോദിച്ചുപോ‍ലും ന്യൂയോര്‍ക്കിലെ ചുവന്ന തെരുവുകളെപ്പറ്റി എന്താ അഭിപ്രായം എന്ന്. തന്ത്രം പിടികിട്ടാതെ പോയ റഷ്യന്‍ പ്രധാനമന്ത്രി തിരിച്ച് ചോദിച്ചത്രെ ‘ന്യൂയോര്‍ക്കില്‍ ചുവന്ന തെരുവുണ്ടോ?’യെന്ന്. പിറ്റേന്ന് പത്രങ്ങള്‍ എന്താണ് വെണ്ടയ്ക്ക നിരത്തിയത്? റഷ്യന്‍ പ്രധാനമന്ത്രി ന്യൂയോര്‍ക്കില്‍ വന്നയുടന്‍ ചുവന്ന തെരുവ് ചോദിച്ചെന്ന്.)

മൊബൈല്‍ ഫോണുകള്‍ക്കിടയില്‍ വെച്ച് മുട്ട പുഴുങ്ങിയ കഥ ഒരിക്കലും ഞാന്‍ വിശ്വസിക്കുകയില്ല. എന്നാല്‍ ‘ഇപ്പോള്‍ ഇവിടെ ജീവിക്കുക’ എന്ന സോര്‍ബ പഠിപ്പിച്ച മന്ത്രം മറന്ന്, സമയത്തെയും ദൂരത്തെയും തോല്‍പ്പിക്കാന്‍ ശ്രമിച്ച് മൊബൈലില്‍ ചെവി ചേര്‍ത്ത്, ഇപ്പോള്‍ ഞാനുള്ള സ്ഥലകാലങ്ങളെ മിസ്സാക്കുന്നത് ഇന്ത്യയിലിരുന്ന് ഒരു കുഞ്ഞുണ്ടാക്കാമെന്നോര്‍ത്ത് ഒരു കോഴിയിട്ട മുട്ടയെ സമയദൂരങ്ങള്‍ക്കകലെയിരുന്ന് ഞാന്‍ പൊരിച്ചു തിന്നുന്ന പൊലെയാണ്. നോക്കിയാ മതി, നമുക്ക് കണ്ടുപഠിക്കാം.

23 comments:

Sujith Bhakthan said...

മൊബൈല്‍ ഫോണ്‍ ഇപ്പോള്‍ ആധുനിക യുഗത്തിലെ മനുഷ്യനു ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത ഒരു വസ്തു തന്നെയാണെന്നാണ്‌ എന്റെ അഭിപ്രായം. പാട്ടുകേള്‍ക്കാനും റേഡിയോ ആസ്വദിക്കാനും ക്യാമറയായി ഉപയോഗിക്കുവാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനുമൊക്കെ സാധിക്കുന്ന ഒരു മള്‍ട്ടിപ്പര്‍പ്പസ് വസ്തുവല്ലെ ഈ മൊബൈല്‍ ഫോണ്‍.

R. said...

സ്വാലോ, ആശയത്തോട് യോജിപ്പുണ്ട്.

പക്ഷേ, എന്റെ ജീവിതം തിരിച്ചു തന്ന വസ്തുവാണത്.

umbachy said...

സിംകാര്‍ഡിനു ക്യൂ നില്‍ക്കുന്ന കേരളം,
മാനാഞ്ചിറ ഫോണാപ്പീസിലെ ക്യൂ കണ്ടിട്ട് മുമ്പൊരു ലേഖനം എഴുതീരുന്നു. ആ പടം പ്രസിദ്ധപ്പെടുത്താന്‍ വേണ്ടി. പത്രത്തിലാവുമ്പോള്‍ അങ്ങനെ പല അഭ്യാസങ്ങള്‍ ആവശ്യമായി വരും.
റേഷന്‍ കാര്‍ഡിനിപ്പോള്‍ അത്ര നീണ്ട ക്യൂ ഉണ്ടാവാറില്ല,

Meenakshi said...

മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ അതൊരു അവശ്യ വസ്തുവായി മാറിക്കഴിഞ്ഞിരിക്കുന്നു

ശ്രീഹരി::Sreehari said...

മൊബൈല്‍ ഫോണ്‍ എന്റെ ജീവിതത്തില്‍ ഒരുപാട് ഗുണപരമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു.

myexperimentsandme said...

എറിയാന്‍ ബെസ്റ്റ് എറിക്കിന്റെ മോന്‍ എറിക്‍സണാണെങ്കിലും നോക്കിയെറിയണമെങ്കില്‍ നോക്കിയായില്‍ നോക്കി എറിക്ക്‍സണ്‍ കൊണ്ടെറിയണം എന്നാണ് ഫോണ്‍ കണ്ടാലറിയാത്തവര്‍ ഏറുകൊണ്ടെങ്കിലുമറിഞ്ഞുള്ളൊരിണ്ടല്‍ മമ മണ്ടന്‍ സിദ്ധാന്തം.

രേഖാമേനോന്‍ എല്ലാം രേഖപ്പെടുത്തുന്നതുകൊണ്ടല്ലേ കൊല്ലത്തില്‍ ഒരു മാസം ഫോണിലും രണ്ടരമാസം ടോയ്‌ലറ്റിലും മൂന്നരമാസം കാറിലും പത്ത് മാസം ചൊറിയും കുത്തി വായിനോക്കി(യ)യും പോയെന്നൊക്കെ തോന്നുന്നത്. പണ്ടത്തെ ആള്‍ക്കാര്‍ കാളവണ്ടിയില്‍ ചിലവഴിച്ച സമയം എന്താ‍യാലും ഇപ്പോഴത്തെ ആള്‍ക്കാര്‍ ചിലവഴിക്കുന്നില്ല എങ്കിലും ഒന്നും രേഖപ്പെടുത്താത്ത ജീവിതമാണെങ്കില്‍ മനഃസമ്മാനദാനം കൂ‍ടുമോ കുറയുമോ കൂട്ടുവെട്ടുമോ?

സിം‌കാര്‍ഡ് പോലത്തെ സ്ലിം ബ്യൂട്ടി...
സിം‌കാര്‍ഡ് പോലത്തെ സ്ലിമ്മായ ഫോണ്‍...
അ(സിം)പ്രേം‌ജി...

(എന്നെ (താലി)ബാന്‍ ചെയ്താല്‍ ഞാന്‍ കരയും ):)

ഒരു ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ ലൈനില്‍ -
എന്നെ വഴിതെറ്റാതെ നേര്‍വഴിക്ക് നയിച്ച ജി.പി.എസ് ഉള്ള മൊബൈല്‍ ഫോണിന്...

Rammohan Paliyath said...

ആ ‘മ മ’ എന്ന വിക്കലിന്, വിക്കാരിമഷ്ടയ്ക്ക് ഇന്ത പട്ട് + എ.

വെള്ളെഴുത്ത് said...

നോക്കിയയാണപ്പം എറിക്സണല്ലേ? അതെന്തായാലും വക്കാരിയും സ്വാളൊയും കൂടി ഭാഷയില്‍ കളിയ്ക്കുന്ന കളിയിതെന്താണപ്പാ.. ഓടിയെത്താന്‍ പറ്റണില്ലടോ...(കിതയ്ക്കുന്നു)

Rammohan Paliyath said...

പണ്ടൊരു നാടകസ്ക്രിപ്റ്റില്‍ ‘ഇന്‍സ്പെക്ടര്‍ (ഉലാത്തുന്നു)’ എന്ന് കണ്ട് ആ ഇന്‍സ്പെക്ടര്‍ സ്റ്റേജില്‍ കയറി പറഞ്ഞുപോലും ‘ഉലാത്തുന്നു’ എന്ന്. അപ്പോള്‍ കോണ്‍സ്റ്റബിള്‍ (മൌനം) പറഞ്ഞത്രെ: ‘മൌനം’ എന്ന്

ഭൂമിപുത്രി said...

ഒരു ‘മൊബൈലി’യായിട്ടു അധികം കാലമായില്ല.
എങ്കിലും വീട്ടിനുപുറത്തെക്കിറങ്ങുമ്പോള്‍,
ഇതെടുക്കാനെങ്ങാനുംവിട്ടുപോയാല്‍പ്പിന്നെ,
M.G അണ്ണന്‍ പറയുന്നപോലെ,
‘യെന്തരോ..വൊരു’അങ്കലാപ്പാണ്‍.
ഇതിന്റെ മന:ശ്ശാസ്ത്രത്തെപ്പറ്റി അല്പം തമാശയോടെ ആലോചിക്കാറുണ്ട്.

myexperimentsandme said...

മൌനം മൌനമായി പറഞ്ഞ ആ കോണ്‍‌സ്റ്റബിളിന് സല്യൂട്ട് :)

വെള്ളെഴുത്തച്ഛാ, ഇതെല്ലാം വായിച്ച് അവസാനം “പോഡാ ഫോണ്‍” എന്ന് പറയാന്‍ തോന്നിയാല്‍ അതിന്നുത്തരവാദി ഞാനുമല്ല, പരുന്തുമല്ല, തിരയുമല്ല, പിന്നെയാരാ? അങ്ങേക്കടലില് അന്തിയുറങ്ങുന്ന ആ അണ്ണന്‍, സബോളയണ്ണന്‍ :)

Rammohan Paliyath said...

സുജുവേ, രജീഷേ, മീനുവേ, ശ്രീഹരിയേ, ഭൂമിപുത്രിയേ, ഒരു പരിധി കഴിയുമ്പോ ഏത് കണ്‍ വീനിയന്‍സും അടിമത്തമാകുമെന്നേ ഞാന്‍ പറഞ്ഞുള്ളു. ഒരു തരം ഒബ്സെസ്സീവ് കമ്പത്സീവ് ന്യൂറോസിസ്. (ഏന് തേനും തിനയും കിട്ടാതായപ്പോ ബ്ലോഗിംഗിനോട് അടിമക്ഷന്‍ വന്ന പോലെ. എന്റെ മലദൈവങ്ങളേ, ഹോയ്). അതു മൂലം നേട്ടങ്ങളുണ്ടായ പോലെ നഷ്ടങ്ങളുമുണ്ടാകും. പിന്നെ മൊബൈലുണ്ടായിരുന്നെങ്കില്‍ വന്ദനത്തിന്റെ ക്ലൈമാക്സ് നന്നായേനെ, പടം ക്ലിക്കായേനെ, അങ്ങനെ എന്തെല്ലാം നമ്മള്‍ മുന്നേ പറഞ്ഞതാ.

Rammohan Paliyath said...

ഇത്രയും കേട്ടപ്പൊ ഒരു സംശയം. നൂറ്റൊന്ന് ആവര്‍ത്തിച്ച ആ പഴഞ്ചന്‍ വളിപ്പ് വായ്ക്കരിയും വെള്ളായിയപ്പനും കേട്ടിട്ടില്ലേന്ന്? മൂന്ന് ഭാര്യമാരുടെ സംസാരം.1: എന്റെ ചേട്ടന് എറക്ഷനൊണ്‍ട് 2: എന്റെ ചേട്ടന് സീമെനൊണ്ട് 3: ഹൊ, എന്റെ ചേട്ടന് നോക്കിയാ മതി

ദിലീപ് വിശ്വനാഥ് said...

എന്റെ ഒരു സുഹൃത്ത്, വളരെ ഉയ‌ര്‍ന്ന ചുമതല വഹിക്കുന്ന ഒരു ഉദ്യോഗസ്ഥ, ഇതുവരെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ല, വീട്ടില്‍ കമ്പ്യൂട്ടറും ഇല്ല. ഇപ്പോഴും പുസ്തകങ്ങള്‍ വായിക്കുന്ന, കത്തുകള്‍ എഴുതുന്ന അവര്‍ എനിക്കു ഒരു അത്ഭുതം തന്നെയാണ്.

Anonymous said...

please see this link for more info on this popular urban legend on cooking eggs with mobile phones.

Rammohan Paliyath said...

വാറന്‍ ബുഫ്ഫെറ്റിന്റെ മേശപ്പുറത്ത് കമ്പ്യൂട്ടറില്ലെന്നും അങ്ങേര് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ലെന്നും കേട്ടിരിക്കുന്നു. ശരിയോ എന്തോ!

Anonymous said...

690 മണിക്കൂര്‍, 17 മിനിറ്റ്, 4 സെക്കന്റ്...My god... This would have costed you minimum AED 12,000....Hide this post from pravasi bandu Shamsudheen...

വെള്ളെഴുത്ത് said...

വാറന്‍ ബഫറ്റാല്ലേ.. ശരി തന്നെ! ഞാന്‍ ഇന്നലെ പോയി നോക്കി(യാ)

Visala Manaskan said...

:)

വാക്കുകള്‍ പൊട്ടിച്ച് വക്കാരി സ്വാലോ ദ്വയം കളിക്കുന്ന കളി സൂപ്പര്‍ ഡ്യൂപ്പറ്.

Visala Manaskan said...
This comment has been removed by the author.
Visala Manaskan said...

:)

വാക്കുകള്‍ പൊട്ടിച്ച് വക്കാരി സ്വാലോ ദ്വയം കളിക്കുന്ന കളി സൂപ്പര്‍ ഡ്യൂപ്പറ്.

chithrakaran ചിത്രകാരന്‍ said...

ഒരു മൊബൈല്‍ വര്‍ത്തമാനം. വെറും 15 കൊല്ലം മുന്‍പ് ആലോചിക്കാന്‍പോലും സാധിക്കാതിരുന്ന കാര്യം!

Peelikkutty!!!!! said...

ഈ നെറ്റ്വെര്‍‌ക്കും‌ സിഗ്നല്‍‌സും‌ എല്ലാം‌ ഒരു സുപ്രഭാതത്തില്‍‌ ഇല്ലാണ്ടായാ...നൂറുകൊല്ലം‌ കഴിഞ്ഞ്‌ ഒരു കുട്ടിക്ക് വിശ്വസിക്കാമ്പറ്റോ ..കൈയ്യില് ഒരു ചെറിയ പെട്ടിം‌ വച്ചോണ്ട് എല്ലാരും‌ മിണ്ടീരുന്നൂ‍ൂ‍ൂ‍ൂന്ന് ????
:)

Related Posts with Thumbnails