Saturday, February 2, 2008

ലോകം ഒരു ഞരമ്പുരോഗിയെ നിര്‍മിക്കുന്നു


അയാളുടെയുള്ളിലെ കെട്ടുപോയ കവിതക്കനലിനെ വീണ്ടും ഊതി ഉണര്‍ത്തിയത് ബ്ലോഗാണ് എന്ന് വിഷ്ണുപ്രസാദ് എഴുതിയിരുന്നു. വായിക്കാനും മനസ്സിലാക്കാനും ആളെക്കിട്ടുന്നത് എഴുതുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ജീവന്മരണപ്രശ്നം തന്നെ. എന്റെ ഉള്ളീക്കെടന്ന് ചാവാന്‍ പോയ ഒരെഴുത്തുകാരനും ഓക്സിജന്‍ തന്നത് ബ്ലോഗാണ്. വിഷ്ണുമാഷിന്റെ കവിതകള്‍ വായിക്കാനാളുണ്ടായപ്പോള്‍ അങ്ങേര്‍ക്ക് എഴുതാനും ആവേശമായി. ഞാനെഴുതുന്നതും വായിപ്പിക്കാനാണ്. അങ്ങനെയൊരാക്രാന്തം പണ്ടേ ഉണ്ടായിരുന്ന കാരണം സ്ക്കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ സ്വന്തം രചനകളില്‍ ചിലത് അച്ചടിപ്രസിദ്ധീകരണങ്ങളില്‍ വെളിച്ചം കണ്ടു.

ആദ്യമായി വന്നത് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ എഡിറ്ററായ അസാധുവില്‍. പിന്നെ മനോരമയിലെ ഫലിതബിന്ദുക്കളില്‍, ഹരികുമാര്‍ ചെയര്‍മാനായിരുന്നപ്പോള്‍ കേരള യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച കലാലയകവിതയില്‍, മാതൃഭൂമി ബാലപംക്തിയില്‍, കോളേജ് മാഗസിനുകളില്‍, ഭാഷാപോഷിണിയില്‍, സമകാലിക മലയാളത്തില്‍... പിന്നീട് ഒരു മാഗസിന്റെ എഡിറ്ററായപ്പോള്‍ പല പേരുകളിലും എഴുതി.

അങ്ങനെയിരിക്കെ, അതിന്റെ വരുംവരായ്കകളൊന്നുമറിയാതെ, ഒരു നാള്‍ ഗള്‍ഫുകാരനായി. ഗള്‍ഫ് ജീവിതമോ - അത് പലരെയും ചെയ്തപോലെ മെല്ലെ മെല്ലെ എന്നെയും കുളിപ്പിച്ച് കിടത്തി. ബ്ലാഗ്യവശാല്‍ ഒരുനാള്‍ ഞാനും ബ്ലോഗില്‍ വന്നുപെട്ടു. കുഴൂര്‍ വിത്സണ് നന്ദി.

ഇപ്പോള്‍ ബ്ലോഗും അച്ചടിമാധ്യമവും തമ്മില്‍ കൊമ്പ് കോര്‍ക്കുമ്പോള്‍ (ഹരികുമാര്‍ കലാമൌമുദിയിലൂടെ, കുറേ ബ്ലോഗന്മാര്‍ ബ്ലോഗുകളിലൂടെ) രണ്ട് മാധ്യമങ്ങളുടേയും രുചിയറിഞ്ഞ ഒരാളെന്ന നിലയില്‍ എനിക്കൊന്നും പറയാനില്ലെന്നതാണ് സത്യം, അഥവാ പറഞ്ഞുതുടങ്ങിയാല്‍ ചിലപ്പോള്‍ നീണ്ടുപോകുമെന്നും. (കുഴൂര്‍ വിത്സന്റെ ആദ്യകവിതാസമാഹാരത്തിന് അവതാരിക എഴുതിയ ഹരികുമാര്‍ തന്നെയാണ് ഇപ്പോള്‍ അങ്ങേരെ പുച്ഛിക്കുന്നത് എന്നൊരു തമാശ തല്‍ക്കാലം ഓര്‍മിപ്പിക്കാതെവയ്യ).

തുടര്‍ച്ചയായി ബ്ലോഗ് ചെയ്തപ്പോള്‍ തലച്ചോറ് വീണ്ടും ഉണര്‍ന്നു. മറന്നുകിടന്ന ഒരു പഴയ കുറ്റിപ്പെന്‍സില്‍ വീണ്ടും കൂര്‍പ്പിച്ചെടുത്ത പോലെ. അങ്ങനെ കുറേനാള്‍ മുമ്പെഴുതിയ പോസ്റ്റുകളിലൊന്നായിരുന്നു കേരളം ഒരു ബ്രാന്‍ഡാലയം. അത് ഒന്നുകൂടി വികസിപ്പിച്ച് അയച്ചത് രണ്ടു ലക്കം മുമ്പ് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ മുഖലേഖനമായി വന്നു. വികസിപ്പിച്ചെങ്കിലും ആഴവും പരപ്പും പോരായിരുന്നു എന്ന് സ്വയം തോന്നിയിരുന്നത് കൊണ്ട് (നമ്മുടെ കഴിവുകളും കഴിവുകേടുകളും രാഷ്ട്രീയത്തിന്റെ പോരായ്മകളും നമ്മളേക്കാള്‍ മറ്റാര്‍ക്കറിയാം!) കിക്ക് ഒട്ടും അതിരുകവിഞ്ഞില്ല. നന്നായി വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ചിലരും അതേ അഭിപ്രായം പറഞ്ഞു.

ബ്ലോഗിംഗ് തന്ന അതിനേക്കാള്‍ വലിയ കിക്ക് മിനിങ്ങാന്നാണുണ്ടായത്. മിനിങ്ങാന്ന്, ജനുവരി 31-ന്, ലോകപ്രശസ്ത കോളമിസ്റ്റ്, 140-ലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള, രണ്ട് പുലിസ്റ്റര്‍ നേടിയിട്ടുള്ള നിക്കോളാസ് ഡി. ക്രിസ്റ്റോഫ് അദ്ദേഹത്തിന്റെ ന്യൂയോര്‍ക്ക് ടൈംസ് കോളത്തില്‍ എഴുതിയ The Dynastic Question വായിച്ചപ്പോള്‍. അതിന് മൂന്നു നാള്‍ മുമ്പാണ്, ജനുവരി 28-ന്, ഈ ബ്ലോഗിലെ ഡൈനാസ്റ്റി മണക്കുന്നല്ലോ എന്ന പോസ്റ്റ് പിറന്നത്. ഇറാക്ക് മുതല്‍ ഡ്രൈവിംഗ് ലൈസന്‍സ് വരെയുള്ള വിഷയങ്ങളാല്‍ ചൂടുപിടിച്ച ഇപ്രാവശ്യത്തെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരു പ്രധാനവിഷയം സംശയാസ്പദമാംവിധം സ്പര്‍ശിക്കപ്പെടാതിരിക്കുന്നതിലേയ്ക്കാണ് ക്രിസ്റ്റോഫ് വിരല്‍ചൂണ്ടുന്നത്. അതെ, ഹിലാരി ഇക്കുറി ജയിച്ചാല്‍, 1989 മുതല്‍ രണ്ട് കുടുംബങ്ങളില്‍ പ്രസിഡണ്ട്പദവി ഒതുങ്ങുന്നത് അമേരിക്കന്‍ ജനാധിപത്യത്തെ ക്ഷീണിപ്പിക്കില്ലേ എന്ന ‍ആര്‍ജവമുള്ള ചോദ്യം ക്രിസ്റ്റോഫ് ഉന്നയിക്കുന്നു.

ഹിലാരിയ്ക്ക് രണ്ട് ടേം കിട്ടിയാല്‍ (ഒരാള്‍ക്ക് രണ്ട് ടേം കൊടുക്കലും അവിടെ ശീലമായല്ലൊ. അതാണല്ലൊ 22-ആം ഭേദഗതിയോടെ ഒരാള്‍ക്ക് പരമാവധി രണ്ട് ടേമായി പരിമിതപ്പെടുത്തിയത്. അല്ലായിരുന്നെങ്കില്‍ ഇന്ന് അമേരിക്കയില്‍ ഒരെട്ടു വര്‍ഷത്തേയ്ക്കു കൂടി പ്രസിഡന്റാവാന്‍ തികച്ചും യോഗ്യന്‍ ബില്‍ ക്ലിന്റനാണെന്ന് ഒരുപാടാളുകള്‍ കരുതുന്നത്രെ), ഹിലാരിയ്ക്ക് രണ്ട് ടേം കിട്ടിയാല്‍, ഇന്ന് ജീവിച്ചിരിക്കുന്ന അമേരിക്കക്കാരില്‍ 40% പേരുടേയും ജീവിതത്തില്‍ ബുഷ്, കിന്റണ്‍ എന്നീ രണ്ടേ രണ്ട് കുടുംബങ്ങളില്‍ നിന്നുള്ള പ്രസിഡന്റുമാരേ ഉണ്ടാവുകയുള്ളുവെന്നോര്‍ക്കണം. എന്നെന്നേയ്ക്കും ബുഷ്-ക്ലിന്റണ്‍ എന്നൊരു രസികന്‍ വെബ്സൈറ്റ് ഒരുപടി കൂടി കടന്ന് 2017-ല്‍ ജബ് ബുഷിനേയും 2025-ല്‍ ഷെത്സി ക്ലിന്റനേയും 2033-ല്‍ ജെബിന്റെ മകന്‍ ജോര്‍ജ് പി. ബുഷിനേയും 2041-ല്‍ ഷെത്സിയുടെ കെട്ട്യോനെയും 2049-2057 കാലഘട്ടത്തില്‍ ബുഷിന്റെ മകള്‍ ജെന്നയേയും പ്രസിഡന്റുമാരായി സങ്കല്‍പ്പിച്ച് ചിരിക്കുന്ന (ഞെട്ടുന്ന) കാര്യവും ക്രിസ്റ്റോഫ് പരാമര്‍ശിക്കുന്നു. ക്രിസ്റ്റോഫിന്റെ ബ്ലോഗില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും ലോകമെങ്ങുമുള്ള അച്ചടിപ്പത്രങ്ങള്‍ പുന:പ്രസിദ്ധീകരിക്കുന്ന കോളത്തിലൂടെ ക്രിസ്റ്റോഫ് അഭ്യര്‍ത്ഥിക്കുന്നു (നോക്കൂ ബ്ലോഗും പ്രിന്റും കൈ കോര്‍ക്കുന്നത്. കോര്‍ക്കണമെന്ന് നിര്‍ബന്ധമാണേല്‍ കൈ കോര്‍ക്കിന്‍ മനുഷ്യമ്മാരേ, കൊമ്പ് വേട്ടക്കാര് കൊണ്ടുപോയി ചുവരില്‍ വെയ്ക്കും).

ജനാധിപത്യം ലോകമെങ്ങും വ്യാപിക്കും ഇല്ലെങ്കില്‍ വ്യാപിപ്പിക്കും എന്ന് അമേരിക്ക തന്നെ വീമ്പിളക്കുന്ന ഒരു കാലഘട്ടത്തില്‍ത്തന്നെ, ലോകമെങ്ങുനിന്നുമുള്ള കാറ്റുകളെ ഡൈനാസ്റ്റി മണക്കുന്നതിന്റെ വിധിവൈപരീത്യത്തെപ്പറ്റിയാണ് ഈ ബ്ലോഗില്‍ എഴുതിയിരുന്നത്. ഇതിങ്ങനെ ഞാന്‍ തന്നെ പറയേണ്ടി വരുന്നത് ഒരു പരമബോറന്‍ ഏര്‍പ്പാടാണെന്ന് അറിയാതെയല്ല. എങ്കിലും പറയാതെ വയ്യ. കാരണം 'മുലയെന്നു കേള്‍ക്കുമ്പോള്‍' എന്നൊരു പോസ്റ്റിട്ടപ്പോള്‍, അതിനു മുമ്പോ പിമ്പോ സീരിയസ്സായി എന്തെങ്കിലും എഴുതാന്‍ ശ്രമിച്ചപ്പോഴൊന്നും ഒരിക്കലും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ലാത്ത ഒന്നു രണ്ട് അതിഗൌരവക്കാര്‍ അവരുടെ പുരികങ്ങള്‍ ഉയര്‍ത്തിക്കാ‍ട്ടാന്‍ കമന്റ് ഗാലറിയില്‍ വന്നുപോവുകയുണ്ടായി.. അവര്‍ ഈ കുറിപ്പ് വായിക്കുമെന്ന് എനിക്കൊരു പ്രതീക്ഷയുമില്ല. എങ്കിലും അവരുടെ കമന്റുകള്‍ വായിച്ചതോര്‍മിക്കുന്ന ആരാനുമുണ്ടെങ്കില്‍ അവരുടെ നേര്‍ക്കുള്ളതാണ് ഈ ആത്മപ്രശംസ. എനിക്ക് മാപ്പു തരണം - അന്നത്തെയാ പോസ്റ്റിനും കമന്റുകള്‍ക്കും അതെല്ലാം ഒടുവില്‍ ഏകപക്ഷീയമായി ഡിലീറ്റിയതിനുമല്ല - ഈ ആത്മപ്രശംസയ്ക്ക്.

ഒരു ഞരമ്പുപേഷ്യന്റിനെ അയാളുടെ രോഗത്തിന്റെ പേരില്‍ പരിഹസിയ്ക്കുന്നവര്‍ക്ക് അയാള്‍ ഗൌരവമായി എന്തെങ്കിലും പറയാന്‍ ശ്രമിക്കുമ്പോള്‍ ഇമ്പേഷ്യന്റായെങ്കിലും ഒന്നു വന്ന് അവരുടെ കേള്‍വി രേഖപ്പെടുത്തുകയെങ്കിലും ചെയ്യേണ്ട ചുമതലയുണ്ട്.

യെരുശലേം പുത്രിമാരേ, നിങ്ങളങ്ങോരെ കണ്ടെങ്കില്‍ ഇവിടെ ഇങ്ങനെയും ചിലത് സംഭവിക്കുന്നുണ്ടെന്ന് അങ്ങേരോട് അറിയിക്കേണം എന്നു ഞാന്‍ നിങ്ങളോടു ആണയിടുന്നു.

18 comments:

Rammohan Paliyath said...

തലക്കെട്ടിന് മാധവിക്കുട്ടിയുടെ ‘ലോകം ഒരു കവയിത്രിയെ നിര്‍മിക്കുന്നു’ എന്ന തലക്കെട്ടിനോട് കടപ്പാട്

Anonymous said...

You dont have to prove yourself to anyone, man; not anymore. I thought you already had slept over it.

aathmaprazamsa alpam aavam; oru marunninu ;)

Satheesh said...

താങ്കളെപ്പോലുള്ളവരുടെ ബ്ലോഗ് സ്ഥിരമായി വായിക്കുന്ന ഒരാളാണ്‍ ഞാന്‍. ചില സാങ്കേതിക കാരണങ്ങളാല്‍ ഓഫീസില്‍ നിന്ന് കമന്റ് ചെയ്യാന്‍ പറ്റാത്തത് കൊണ്ട് അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റാറില്ല!
ഇത്രയും നല്ല ഒരു ബ്ലോഗ് ആക്റ്റീവായി വെക്കുന്നതിന്‍ ആയിരം നന്ദി!

Anonymous said...

ദയവായി Stop attacking blogs/ബ്ലോഗുകളെ അക്രമിക്കുന്നതു നിര്‍ത്തുക എന്ന ഹരജിയില്‍ ഒപ്പുവയ്ക്കുകകയും കൂടുതല്‍ പേര്‍ക്ക് ലിങ്ക് അയച്ചുക്കുകയും ചെയ്യുക.

Rammohan Paliyath said...

ഇതില്‍ ഞാനൊപ്പിട്ടിട്ടില്ല. ഹരികുമാറിനോട് ഒരുപാട് കാര്യങ്ങളില്‍ വിയോജിപ്പുണ്ട്. അങ്ങേര് എഴുതുന്നതെല്ലാം എഡിറ്റാതെ പബ്ലിഷുന്ന കൌമുദി എഡിറ്ററോട് അതിലും വലിയ വിയോജിപ്പുണ്ട്. ആ ഉത്തരവാദിത്തം നിറവേറ്റാത്ത എഡിറ്ററോട് എന്തെങ്കിലും അപേക്ഷിച്ചിട്ടെന്തു കാര്യം?

വിഷ്ണു പ്രസാദ് said...

സ്വന്തം വലിപ്പത്തെ തിരിച്ചറിയുന്നത് ചെറിയ കാര്യമല്ല.എഴുത്തുകാരനെ/കാരിയെ സംബന്ധിച്ച് അംഗീകാരം ജീവജലം തന്നെയാണ്.മലയാളം ബ്ലോഗുകള്‍
ഒരു രാം മോഹന്‍ പാലിയത്തിനെ ഈ ശൈശവത്തില്‍ നിര്‍മിച്ചിട്ടുണ്ടെങ്കില്‍(നിര്‍മിച്ചു എന്നൊന്നും പറയാനാവില്ല,തടഞ്ഞുകിടന്ന ഒരു പുഴയെ തുറന്നു വിട്ടു എന്നേ പറയാനാവൂ.എറണാകുളത്തിന്റെ ഓര്‍മയ്ക്ക് വായിച്ചവര്‍ അത് മറക്കുമോ) വരുംകാലങ്ങളില്‍ ഈ മാധ്യമം എന്തൊക്കെ സൃഷ്ടിക്കുകയില്ല.അച്ചടി മാധ്യമങ്ങള്‍ വെറുതെയല്ല പരിഭ്രാന്തരാവുന്നത്...

Rammohan Paliyath said...

ആദ്യവാചകം ഞാന്‍ ചൊറിച്ചുമല്ലി. സ്വന്തം ചെറുപ്പത്തെ തിരിച്ചറിയുന്നത് വലിയ കാര്യമല്ല.

നിഷാന്ത് said...

പ്രിയ രംമോഹന്‍,
താങ്കള്‍ എഴുതുന്നതൊക്കെ സസൂക്ഷ്മം വായിക്കുകയും, ആസ്വദിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. പക്ഷെ കമന്റാത്തത് ഒരിക്കല്‍ താങ്കള്‍ ചെയ്ത ഒരു കാര്യത്തോടുള്ള എന്റെ പ്രതിഷേധം മൂലമായിരുന്നു!

അതെന്തുമാവട്ടെ, ശൈലിയിലും ഉള്ളടക്കത്തിലും വ്യത്യസ്തത നല്കുന്ന താങ്കള്‍ ബൂലോകത്തിന് ഒരു മുതല്കൂട്ടു തന്നെയാണ്.
...................................
ഒരു വിയോജിപ്പ്,
"ഇപ്പോള്‍ ബ്ലോഗും അച്ചടിമാധ്യമവും തമ്മില്‍ കൊമ്പ് കോര്‍ക്കുമ്പോള്‍ (ഹരികുമാര്‍ കലാമൌമുദിയിലൂടെ, കുറേ ബ്ലോഗന്മാര്‍ ബ്ലോഗുകളിലൂടെ) രണ്ട് മാധ്യമങ്ങളുടേയും രുചിയറിഞ്ഞ ഒരാളെന്ന നിലയില്‍ എനിക്കൊന്നും പറയാനില്ലെന്നതാണ് സത്യം."

--ഇതില്‍ കൊമ്പ് കോര്‍ക്കുന്ന പ്രശ്നം ഒന്നുമില്ല.
ഒരു മനുഷ്യന് എന്തുമാത്രം അഹങ്കാരത്തിന്റെ കൊടുമുടി കയറാമെന്ന് അങ്ങേരു തന്റെ ബ്ലോഗില്‍ പലവട്ടം തെളിയിച്ചു.

അവസാനം ഒരു രക്ഷയുമില്ലന്നായപ്പോള്‍ സ്വന്തം ഉമ്മറത്ത്‌ കേറിനിന്നു തുണിപൊക്കികാണിച്ചു!
അത് നാറിത്തരമല്ലേ?

siva // ശിവ said...

ഞാനെന്തു പറയാന്‍...

പപ്പൂസ് said...

എനിക്കതു വീണ്ടും ചൊമച്ചുറില്ലാന്‍ തോന്നുന്നു, സ്വന്തം ചെറുപ്പത്തെ തിരിച്ചറിയുന്നത് വലിയ കാര്യം തന്നെ. എങ്കില്‍ വളരാനുള്ള ത്വരയും അറിയാനുള്ള ആവേശവുമുണ്ടാവും.

Rammohan Paliyath said...

വടൂസ്കി എഴുതിയിരിക്കുന്നു ഡിനാസ്റ്റി എന്നല്ലേ ഉച്ചാരണം എന്ന്. ശരിയാ. പക്ഷേങ്കില് ഇനി മാറ്റാന്‍ വയ്യ. ഡൈനാസ്റ്റി മണക്കുന്നല്ലോ കാറ്റേ എന്ന പാട്ടിന്റെ ഈണത്തിനൊപ്പിച്ച് എഴുതിപ്പോയില്ലേ!

simy nazareth said...

ചില സാഹിത്യകാരന്മാര്‍ ഞരമ്പുരോഗികള്‍ മാത്രമല്ല, വികാരജീവികളുമാണ്. സാധാരണ മനുഷ്യര്‍ക്ക് (അങ്ങനെ ഒന്നുണ്ടോ ആവോ) പെട്ടെന്നു മറന്നുപോവുന്ന പലതും പ്രസ്തുതവര്‍ഗ്ഗത്തിന്റെ ഓര്‍മ്മയില്‍ ഇടയ്ക്കിടയ്ക്ക് കടിച്ചുകൊണ്ടിരിക്കും. സാധാരണ മനുഷ്യര്‍ക്ക് ഇവരുടെ പ്രശ്നങ്ങള്‍ മനസിലാവില്ല. മനശാ‍സ്ത്രജ്ഞന്മാര്‍ ഇതിനു പല അബ്നോര്‍മാലിറ്റികളുടെയും പേരുവിളിക്കും എങ്കിലും കലാകാരന്‍ എന്ന പേരായിരിക്കും ഈ രോഗത്തിനു ഏറ്റവും ഇണങ്ങുക.

രോഗവിവരങ്ങള്‍ ക്ഷമിച്ചിരിക്കുന്നു. ഇനിയും പഴയ പോസ്റ്റിന്റെ കാര്യവും പറഞ്ഞോണ്ടുവന്നാല്‍ പ്രായം നോക്കാതെ ചീത്തവിളിക്കേണ്ടിവരും. എഴുത്തു തുടരട്ടെ.

വെള്ളെഴുത്ത് said...

കുഴൂര്‍ എങ്ങനെ ഹരികുമാറിന്റെ കൈയില്‍ ചെന്നുപ്പെട്ടു..അല്ലെങ്കില്‍ തിരിച്ച് ഹരികുമാര്‍ എങ്ങനെ....? പിന്നെ ഒരിക്കല്‍ അവതാരിച്ചിട്ട് പുച്ഛിക്കുന്നതില്‍ വലിയ അപാകതയില്ല. വേണമെങ്കില്‍ “അതിനു ശേഷം ഞാന്‍ വിളക്കുവച്ചു വായിച്ചു നേടിയ അറിവുവച്ചുനോക്കുമ്പോള്‍..” എന്നു വീമ്പാമല്ലോ.. അങ്ങനെ പരഞ്ഞിട്ടുമുണ്ടല്ലോ.. ഉദാ- ‘സങ്കീര്‍ത്തനം പോലെ‘യ്ക്ക് അവതാരികയെഴുതിയ രാജകൃഷ്ണന്‍ തന്നെ ആ പുസ്തകത്തെ അതിന്റെ സെയിത്സ് കണ്ട് അന്തംവിട്ട് തള്ളിപ്പറഞ്ഞില്ലേ..രമണനെ തള്ളിപ്പറഞ്ഞ മുണ്ടശ്ശേരി പിന്നീട് അതിന്റെ പ്രശംസിച്ചില്ലേ...ഈ ഞാന്‍ തന്നെ...... (ഹാ പോട്ട് മാഷേ.. ഇനി അതില്‍ പിടിച്ച് തൂങ്ങി....) ഇനി ഓഫ്.. ഇവിടെ വന്ന കില്ലാടികളുടെയല്ലാതെ താങ്കള്‍ ആരുടെ കമന്റാണ് ഇനിയും കിട്ടിയിരുന്നെങ്കില്‍ എന്നാലോചിക്കുന്നത്...? ആളിനെ എനിക്കു മന്‍സ്സിലായി.. പക്ഷേ കുതിര തന്നെ കാര്യം പറയട്ടേ.... (ഇതില്‍ കുറെ തമാശകളുണ്ടേ... അതു മനസ്സിലാവാതെ പോകരുത്!..അനുഭവം കൊണ്ടു പറഞ്ഞു പോയതാണ്.. ) :)

Rammohan Paliyath said...

ithippol simi parana polayallo vellezhutthe, pazhaya karyam vittille? ee parayil ethra thamashayundennu kandu pidiykkamo koottukare ennoru pamkthi thudangan paranjalo balaremakkarodu? oru mookkilla chiriyan. :-)

nishante, bloggers ennoru community manobhavam enik enjoy cheyyan pattunnilla. njan oru blogger ennathinekkal enik oru blog undu ennu paranjotte njan? nammal vere palathumaanu. blog ellavandem akashamanu. chilar poo viriykkum, chilar vali vidum, chilar chandanatthri katthiykkum, chilar kachiya ennayude manam paratthum.

Unknown said...

bloggers ennoru community manobhavam enik enjoy cheyyan pattunnilla. njan oru blogger ennathinekkal enik oru blog undu ennu paranjotte njan? nammal vere palathumaanu. blog ellavandem akashamanu. chilar poo viriykkum, chilar vali vidum, chilar chandanatthri katthiykkum, chilar kachiya ennayude manam paratthum. ബ്ലോഗിനെ പറ്റിയുള്ള ഈ വിലയിരുത്തല്‍ എനിക്കേറെ ഇഷ്ടപ്പെട്ടു . ശരിയായ നിരീക്ഷണം ! ഈ വാക്കുകള്‍ ഞാന്‍ എന്റെ കമന്റ് കലക്‍ഷനില്‍ ചേര്‍ത്ത് വയ്ക്കുന്നു .

umbachy said...

വലിച്ചിട്ട തുരപ്പുകളേ...

വെള്ളെഴുത്ത് said...

balaremakkarodu? oru mookkilla chiriyan. :-)
എന്തരാണൊ എന്തോയിത്..? പക്ഷേ സിമി പറഞ്ഞത് വായിച്ചു. “ശ്ശോ ! ആകെ നാണക്കേടായി.. പറയേണ്ടായിരുന്നു !“

Suraj said...

"... ബ്ലോഗ്ഗേഴ്സ് എന്നൊരു കമ്മ്യൂണിറ്റി മനോഭാവം എനിക്ക് enjoy ചെയ്യാന്‍ പറ്റുന്നില്ല. ഞാന്‍ ഒരു ബ്ലോഗര്‍ എന്നതിനേക്കാള്‍ എനിക്ക് ഒരു ബ്ലോഗ് ഉണ്ട് എന്നു പറഞ്ഞോട്ടെ ?.. "

വളരെ വളരെ പ്രസക്തമായ ഈ നിരീക്ഷണത്തിന് - ഹാറ്റ്സ് ഓഫ് !
മലയാളിയുടേത് ഒരു ചെറിയ കമ്മ്യൂണിറ്റിയായതുകൊണ്ടും പ്രവാസത്തിന്റെ ചൂടാണ് ബ്ലോഗിംഗിന്റെ പ്രധാന സോഴ്സ് ഒഫ് എനര്‍ജി എന്നതുകൊണ്ടുമാവണം ബൂലോകം എന്ന ഒരു കമ്മ്യൂണിറ്റി മനോഭാവം ഉരുത്തിരിഞ്ഞു വരുന്നത്. അതു കൊണ്ടുകൂടിയാകാം ആരെഴുതുന്നുവെന്നതിന് എന്തെഴുതുന്നുവെന്നതിനേക്കാള്‍ പ്രാധാ‍ാന്യം വരുന്നതും. ബ്ലോഗുകളും ബ്ലോഗര്‍മാരും മലവെള്ളം പോലെ വന്ന് ഈ കായല്‍ ഒരു മഹാസാഗരമാകുമ്പോള്‍ തീരാവുന്ന പ്രശ്നമേയുള്ളൂ ഇതില്‍.

(പിന്നെ ആരാണ് ആ ഗൌരവക്കാരനും യെരുശലേമിന്റെ 'പുത്രി'മാരും ? കിണറ്റുവക്കത്തിരുന്ന് കിണ്ണാരം പറയുന്ന അലക്കുകാരിയുടെ anxiety എനിക്കു ഫീല്‍ ചെയ്യുന്നു...ശ്ശ്...ഹാ...പറയൂ സ്വാളോ പറക്കൂ!)

Related Posts with Thumbnails