Thursday, February 14, 2008

Google AdSenseന്റെ ചെക്കു വന്നു! പണമുണ്ടാക്കുന്നത് പാപമാ?



ബ്ലോഗ് തുടങ്ങിയത് പണമുണ്ടാക്കാനല്ല. പിന്നെയെന്തിന് ബ്ലോഗുകളില്‍ Google AdSense വക പരസ്യങ്ങളിടുന്നു എന്നു ചോദിച്ചാല്‍ പരസ്യവ്യവസായരംഗത്ത് ജോലി ചെയ്ത് കുബൂസ് മേടിക്കുന്ന ഒരാളുടെ പരീക്ഷണകൌതുകം കൊണ്ടുമാത്രമാണ് അങ്ങനെ ചെയ്യുന്നത് എന്നാണുത്തരം. എന്തായാലും പരസ്യക്കൂലിയിനത്തില്‍ ഗൂഗ്ളില്‍ നിന്നുള്ള ആദ്യ ചെക്കന്‍ വന്നു. നല്ല beautiful ഇംഗ്ലീഷ് എഴുതിയിരുന്ന ഡൊറോത്തി പാര്‍ക്കറുടെ നല്ല beautiful ആയ ഒരു ഇംഗ്ലീഷ് വാചകം ഓര്‍ത്തു: The two most beautiful English words are 'Cheque Enclosed'. എന്റെയീ മലയാളം ബ്ലോഗിലെ പരസ്യങ്ങളില്‍ ക്ലിക്കിയതിനോ താഴത്തെ സെര്‍ച്ച് വിന്‍ഡോയിലൂടെ മഷിനോട്ടം നടത്തിയതിനോ ആണോ ഈ ചില്ലറ തടഞ്ഞത് എന്ന് നിശ്ചയം പോരാ. കാരണം മലയാളം ബ്ലോഗുകളിലെ പരസ്യങ്ങള്‍ക്ക് പണം കിട്ടുന്നില്ല എന്നൊരു പരാതി ആരോ ബ്ലോഗിയതോര്‍ക്കുന്നു. ബ്ലോഗിലെ പരസ്യങ്ങള്‍ക്ക് ഗൂഗ്ള്‍ പണം തരുന്നില്ല എന്ന അതിലും വലിയ പൊതുപരാതി പരിഹരിക്കാനാണ് ഈ പരസ്യപ്പെടുത്തല്‍. ചിലപ്പോള്‍ manraman എന്ന ഇംഗ്ലീഷ് ബ്ലോഗ് വഴി വന്നതാവാനും മതി എന്ന് ജാമ്യം.

ഓണ്‍ലൈന്‍ ഇടപാടുകളുടെയെന്നപോലെ ഓണ്‍ലൈന്‍ പരസ്യമേഖലയുടെയും വളര്‍ച്ച അത്ഭുതകരമാണ്. citibankനെപ്പോലുള്ള വമ്പന്മാര്‍ ഇപ്പോള്‍ ഏറ്റവുമധികം പരസ്യപ്പണം ചെലവാക്കുന്നത് ഓണ്‍ലൈനിലാണത്രെ. തങ്ങളുടെ ക്ലയന്റിസിന്റെ പരസ്യങ്ങളിട്ട് അവര്‍ക്ക് വരുമാനം കൂട്ടിയതിന് മനോരമ ഓണ്‍ലൈനിന് പരസ്യക്കൂലിയിനത്തില്‍ വന്‍തുകയാണ് കഴിഞ്ഞ വര്‍ഷം ഗൂഗ്ള്‍ നല്‍കിയതെന്നും കേട്ടിരുന്നു. അലെക്സയില്‍ പോയി നോക്കുമ്പോള്‍ മനോരമയുടെയും മാതൃഭൂമിയുടെയുമെല്ലാം റാങ്കുകളും തകര്‍പ്പന്‍! ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ നിന്നുള്ള പ്രതികരണവും വരുമാനവും അതിന് ചെലവാക്കുന്ന ഓരോ ചില്ലിക്കാശുമായി താരതമ്യം ചെയ്ത് നോക്കാമെന്നതാണ് ഈ മാധ്യമത്തിന്റെ ഒരു സവിശേഷത. പ്രതികരണത്തിന് മാത്രം കാശു കിട്ടുന്ന രീതിയാണ് അതിലും ശാസ്ത്രീയം. ഐപി അഡ്രസ്സുകള്‍ ആര്‍ക്കും പൊക്കാമെന്നതുകൊണ്ട് ആളെ വെച്ച് ക്ലിക്കാം എന്ന ബുദ്ധിയൊന്നും ഇവിടെ ഓടുകയുമില്ല. എന്നാല്‍ ഇതിനേക്കാളെല്ലാം എന്നെ അത്ഭുതപ്പെടുത്തിയത് പരസ്യമാധ്യമം എന്ന നിലയില്‍ ജിമെയിലിന്റെ ഉപയോഗമാണ്.

ജിമെയിലില്‍ ഇംഗ്ലീഷില്‍ വരുന്ന മെയിലുകള്‍ നോക്കുക - മെയിലിലെ സന്ദേശത്തിന്റെ വിഷയവുമായോ ഇനി അഥവാ വിഷയമില്ലെങ്കില്‍ത്തന്നെ സന്ദേശത്തിലെ വാക്കുകളുമായോ ബന്ധമുള്ള പരസ്യങ്ങളാണ് സൈഡില്‍ ഉണ്ടാവുക. ബന്ധം എന്നു പറയുമ്പോള്‍ വിശാലഹൃദയത്തോടെ ചിന്തിക്കണമെന്നു മാത്രം. ഉദാഹരണത്തിന് ഞാന്‍ Compose Mail എടുത്ത് Gandhi എന്ന് ഇംഗ്ലീഷില്‍ അടിച്ച് ഡ്രാഫ്റ്റായി സേവ് ചെയ്ത് ക്ലോസ് ചെയ്ത് വീണ്ടും ആ ഡ്രാഫ്റ്റ് തുറന്നു നോക്കുമ്പോള്‍ ആണ്ടെ കെടക്കുന്നു സൈഡില്‍ Gandhi Girls എന്ന ലിങ്ക്. പേടിയ്ക്കണ്ട ജീവന്‍സാഥി എന്ന matrimonial site-ന്റെ പരസ്യമാണ്. ആ മെയില്‍ കിട്ടുന്നയാളും ആ പരസ്യം കാണും. ഇതിനെയാണ് height of personalisation എന്ന് എനിക്ക് വിളിക്കാന്‍ തോന്നുന്നത്. ഗാന്ധിയേയെങ്കിലും വെറുതെ വിട്ടുകൂടേ എന്നാണ് ചോദ്യമെങ്കില്‍ ഇല്ല എന്നാണ് ഉത്തരം. കമ്മ്യൂണിസ്റ്റ് ചൈനയോടാണ് മത്സരം. അവര്‍ക്ക് എന്തുമാവാം എന്നില്ലല്ലോ. (കൂടുതല്‍ അടി പിടിയ്ക്കണമെങ്കില്‍ കഥകളിത്തലയില്‍ ടൈഗര്‍ബാം പുരട്ടുമ്പോള്‍ എന്ന പോസ്റ്റിന് കഴിഞ്ഞദിവസം കിട്ടിയ കമന്റ് വായിക്കുക.

മലയാളത്തില്‍ ബ്ലോഗിയാല്‍ പരസ്യക്കൂലി കിട്ടുകയില്ലെങ്കില്‍ ഇതുപോലെ ധാരാളം ഇംഗ്ലീഷ് വാക്കുകള്‍ sprinkle ചെയ്ത് നോക്കുക. നമ്മുടെ നിത്യജീവിതം ഇംഗ്ലീഷ് വാക്കുകളാല്‍ നിറഞ്ഞുതുളുമ്പുമ്പോള്‍ ബ്ലോഗിനെ മാത്രം എന്തിന് ഒഴിവാക്കണം? കാരണം മൂന്നു തരം പരസ്യങ്ങളാണ് ഗൂഗ്ള്‍ നല്‍കുന്നത്. റെഫറല്‍ പരസ്യങ്ങള്‍, search വക, content-നോട് ബന്ധപ്പെട്ടവ. ഉള്ളടക്കത്തോട് ഗൂഗ്ളിന് ബന്ധപ്പെടണമെങ്കില്‍ ഇംഗ്ലീഷ് വാക്കുകള്‍ വിതറിയാലല്ലേ കാര്യമുള്ളു?

പരസ്യമില്ലാത്ത ഭാഷാപോഷിണിയും Economic & Political Weekly-യും മാത്രമേ വായിക്കൂ എന്ന് ശഠിക്കുന്നവര്‍ക്ക് അതാവാം. അതിനേക്കാള്‍ ചിലപ്പോള്‍ ജീവിതത്തോട് ബന്ധമുളളത് സിറ്റിബാങ്കില്‍ ഒരൌക്കൌണ്ട് തുറക്കലുമാവാം. മാത്രമല്ല പരസ്യങ്ങളിലുള്ളതിനേക്കാള്‍ കച്ചവടതാല്‍പ്പര്യം ഇന്ന് വാര്‍ത്തകള്‍ക്കും ലേഖനങ്ങള്‍ക്കുള്ളിലുമാണ് ഒളിഞ്ഞിരിക്കുന്നതെന്ന് ഇന്ന് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണല്ലോ. Public Relations എന്നത് കോടികളുടെ വ്യവസായമാണിപ്പോള്‍. Page 3 എന്ന സിനിമ ഓര്‍ക്കുമല്ലോ. ബോംബെ ടൈംസിന്റെ സിറ്റി ടൈംസില്‍ റിബണ്‍ മുറിയ്ക്കലിന്റെ പടം വരുത്തണേന് റേറ്റ് കാര്‍ഡുള്ള കാലമാണ്. മുജാഹിദ് സമ്മേളനത്തിന് പ്രസംഗിയ്ക്കാന്‍ വീരേന്ദ്രകുമാറിനെ ക്ഷണിക്കുന്നതും കോട്ടയത്തെ ബേക്കറിയുടെ ഉദ്ഘാടനത്തിന് മിസ്സിസ് കെ. എം. മാത്യുവിനെ ക്ഷണിച്ചിരുന്നതും എന്തിനാണെന്ന് ഏത് പോലീസുകാരനും അറിയാം. ഇതെക്കെയാണേലും കച്ചവടതാല്‍പ്പര്യങ്ങളോടുള്ള മലയാളിയുടെ പുഞ്ഞം ഇന്നും തൊലിപ്പുറത്ത് അധരവ്യായാമം നടത്തുന്നു. പണമുണ്ടാക്കല്‍ മഹാപാപം.

പരസ്യങ്ങളെയോ ബ്രാന്‍ഡുകളെയോ കണ്ണടച്ചെതിര്‍ക്കാന്‍ ഒരു ലേഖനത്തിലും പറഞ്ഞില്ല. പരസ്യങ്ങളിലൂടെ ജീവിക്കുന്ന ഞാന്‍ മലര്‍ന്ന് കിടന്ന് തുപ്പുകയോ? അതുകൊണ്ട് ബ്ലോഗില്‍ പരസ്യമിട്ട് (അത് ബ്ലോഗിന്റെ ലുക്കിനും നല്ലതാണ് എന്നാണെന്റെ പക്ഷം) ചുമ്മാ ഗൂഗ്ളുകാരെ ഒരു മലയാളം ഓളം ചെറുതായെങ്കിലും അറിയിപ്പിക്കാന്‍ തയ്യാറുള്ളവര്‍ ഇവിടെ ക്ലിക്കി ആഡ്സെന്‍സില്‍ അംഗത്വമെടുത്താട്ടെ. ഗൂഗ് ള്‍ വഴിയല്ല, നേരിട്ട്, കാനാടി ചാത്തന്റെ ഒരു 125 x 125 ബട്ടണ്‍ പരസ്യമിട്ട് (നെറ്റി ചുളിക്കാതെ, അത് പിക്സല്‍ സൈസാ. പരസ്യത്തിന്റെ ചെറിയൊരു സമചതുരം) ഒരു നൂറു രൂബാ ഉണ്ടാക്കിയാല്‍ എനിക്ക് മതിയായി.

7 comments:

പപ്പൂസ് said...

കാത്തിരിക്കുകയാ ഞാന്‍! എണ്‍പത്തഞ്ച് ഡോളറായി. നൂറായാലേ അവരയച്ചു തരികയുള്ളൂ എന്നു പറയുന്നു. ഒരു പാപവുമില്ല, പണമുണ്ടാക്കുന്നതില്‍! കൂടുതല്‍ വിപണിമൂല്യമുള്ള കീ വാക്കുകളുടെ ഒരു ലിസ്റ്റും തരപ്പെടുത്തിയിട്ടുണ്ട്. പരീക്ഷിച്ചിട്ടില്ലെന്നു മാത്രം. എപ്പോഴോ സെര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയതാണ്.

മലയാളം ബ്ലോഗില്‍ ഇംഗ്ലീഷ് വാക്കുകളുപയോഗിച്ചതു കൊണ്ട് കണ്ടന്‍റ് ആഡ്സ് ഡിസ്‍പ്ലേ ആവില്ലെന്നു തോന്നുന്നു. റെഫറല്‍ ആഡ്സ് ആണ് വിശ്വാസ്യം. അതു പോലെ മാഷിന്‍റെ ഇംഗ്ലീഷ് ബ്ലോഗില്‍ റെഫറല്‍ ആഡ്‍സിലും ചേരുക കണ്ടന്റ് ആഡ്‍സ് ആണെന്നും തോന്നുന്നു, മൂല്യം കൂടുതലാണ്. അതുകൊണ്ടു തന്നെ ഇംഗ്ലീഷ് വാക്കുകളിട്ട് മാഷിന്‍റെ ഈ ബ്ലോഗിന്‍റെ വായനാസുഖം കളയേണ്ടതില്ലെന്നു തോന്നുന്നു.

എന്നാലും ആദ്യത്തെ പാരഗ്രാഫില്‍ പരീക്ഷണകൌതുകമെന്ന് പറഞ്ഞിടത്തൂന്നു പോയി ഒടുക്കം എത്തിച്ചേര്‍ന്ന ലൈന്‍ അത്രക്കങ്ങോട്ട് ശരിയാണോ? ;-) ആഡ്‍സെന്‍സിലേക്ക് ആളെക്കൂട്ടിയാല്‍ ഇനി കാശു തരൂല്ലാന്ന് ഗൂഗിളാന്റി മദാമ്മ ഭാഷയിലീയിടെ ഒരെഴുത്തിട്ടിരുന്നു.

ഈ പ്രൊഫൈലില്‍ കേറി നോക്കിയാല്‍ ആഡൊന്നും കാണില്ല ട്ടോ. ഞാനതൊക്കെ സായിപ്പിന്റെ ഭാഷക്കു ബ്ലഡിക്കേറ്റ് ചെയ്തു, പണ്ടേ. ;-)

പപ്പൂസ് said...

വേണേല്‍ ആ മൂല്യമുള്ള വാക്കുകളുടെ സാമ്പിള്‍ കുറച്ചെണ്ണം പിടിച്ചോ. കൂടുതല്‍ വേണെങ്കില്‍ ഞാന്‍ മെയിലയച്ചു തരാം. ഇതു നാലെണ്ണം ഞാനിവിടെ ഇട്ടതുകൊണ്ട് ബ്ലോഗില്‍ നല്ല കിടിലന്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍, എനിക്കൊരു പെഗ്ഗ്. ;-) ചുമ്മാ...

$78.01 school loan consolidation
$76.54 college loan consolidation
$74.93 car insurance quotes
$74.78 auto insurance quotes
$74.23 school consolidation
$71.71 consolidation college
$67.42 consolidation student
$67.27 sell structured settlement
$66.84 structured settlements

simy nazareth said...

ഹെന്റെ ചേട്ടാ, ഞാന്‍ ശിഷ്യപ്പെട്ടു. എന്റെ ബ്ലോഗുനിറയെ പരസ്യം വിതറി. ഇനി ഇംഗ്ലീഷില്‍ കഥയെഴുതിത്തുടങ്ങുകയാണ് എന്റെ അടുത്ത ജീവിതലക്ഷ്യം.

ബ്ലോഗ് മീറ്റിനു വരുന്നോ? മീറ്റാം. ദാണ്ടെ ഇവിടെ ഒന്നു ക്ലിക്കൂ

Santhosh said...

പണമുണ്ടാക്കുന്നതില്‍ സന്തോഷം. താങ്കളുടെ ബ്ലോഗ് ആര്‍ക്കൈവ് വിജറ്റ് പേയ്ജിന്‍റെ അടിയിലേയ്ക്കുതള്ളാതെ വലതുവശത്ത് ആദ്യം കൊടുത്താല്‍ സ്ക്രോള്‍ ചെയ്യാതെ പോസ്റ്റുകളില്‍ എത്തിപ്പെടാമായിരുന്നു.

:)

മാവേലി കേരളം said...

ഇവിടെ ക്ലിക്കി അംഗത്വമെടുത്താട്ടെ എന്നു പറയുന്നു. ഗൂഗിള്‍ വഴിയല്ല നേരിട്ട്,എന്ന്

പക്ഷ് അവിടെ ക്ലിക്കുമ്പോള്‍ നേരിട്ടു ഗൂഗിലിലേക്കാണല്ലോ പോകുന്നത്.

Rammohan Paliyath said...

മാവേലീ, www.google.com/adsense - ഈ സൈറ്റില്‍ പോയി നിങ്ങടെ ജി-മെയില്‍ അക്കൌണ്ടുപയോഗിച്ച് ആഡ്സെന്‍സില്‍ അംഗത്വമെടുക്കാം. അമേരിക്കയിലാണെങ്കില്‍ ടാക്സ് കൊടുക്കണം. പാതാളത്തില്‍ ടാക്സുണ്ടോ?

Anonymous said...

മാഷേ അഭിനന്ന്തനങ്ങള്‍. ഈ മേഖലയില്‍ 4 വര്ഷത്തെ പരിചയം വച്ചു പറയുവാ, 10 രൂപ എന്കി 10 രൂപ. അതൊരു സന്തോഷം തന്നെ ആണേ.

@പപ്പൂസ് :

വെറുതെ high paying keywords തപ്പി സമയം കളയല്ലേ! എന്‍ടെ കയ്യ് ഒരുപാടു പോള്ളിയതാ. ലക്ഷക്കണക്കിന് കാശു വെറുതെ കളഞ്ഞൂ. ഗൂഗിള്‍ Penalty എന്ന് ഒന്നു സേര്ച്ച് ചെയ്തു നോക്കൂ. നല്ല interesting പോസ്റ്റുകള് ഇടാന്‍ നോക്ക്. കാശു താനെ വരും.

@ സിമി : പരസ്യം ഒരുപാടു വേണ്ട. രണ്ടു എണ്ണം മതി ഒരു പേജീല്, കൂടിയാല്‍ മൂന്ന്.

Related Posts with Thumbnails