

സീന്‍ 1: എണ്‍പതുകളുടെ അവസാനം. ചാവറ കള്‍ച്ചറല്‍ സെന്ററില്‍ കൊച്ചിന് ഫിലിം സൊസൈറ്റി നടത്തുന്ന സിനിമാ ക്യാമ്പില്‍ ഛായാഗ്രാഹകന്‍ സണ്ണി ജോസഫിന്റെ ക്ലാസ്. ഒരു കുട്ടി വാട്ടര്‍ട്ടാപ്പില്‍ നിന്ന് വെള്ളം കുടിക്കുന്ന ഒരു ഫോട്ടോയുടെ പേപ്പര്‍ കട്ടിംഗ് കാണിച്ച് അതിനെ അടിസ്ഥാനമാക്കി രണ്ടു മിനിറ്റുള്ള ഒരു സിനിമയുടെ തിരക്കഥയെഴുതാന്‍ എക്സര്‍സൈസ് ഇട്ടു കൊടുക്കുന്ന സണ്ണി ജോസഫ്. തിരക്കഥയെഴുതുന്ന ക്യാമ്പംഗങ്ങള്‍. കട്ട് ടു ബ്ലോഗന്നൂര് 2007.
സീന്‍ 2: കിക്കോഫിന് തൊട്ടുമുമ്പുള്ള ഒരു ഫുട്ബോള്‍ ഗ്രൌണ്ട്. ഗാലറികള്‍ ആര്‍ത്തിരമ്പുന്നു. ഭാവനയും അനുഭവവുമാണ് ഇവിടെ മാറ്റുരയ്ക്കുന്ന ടീമുകള്‍. വൈക്കം മുഹമ്മദ് ബഷീറാണ് അനുഭവം ടീമിന്റെ ക്യാപ്റ്റന്‍. എംടി, കോവിലന്... അങ്ങനെ ചില ടീമംഗങ്ങളെ തിരിച്ചറിയാനാവുന്നുണ്ട്. ഭാവനയുടെ ക്യാപ്റ്റന്‍ വി. കെ. എന്‍. പ്രധാന താരങ്ങള്‍ തകഴി, സേതു, എന്‍. എസ്. .മാധവന്, സക്കറിയ, സുഭാഷ് ചന്ദ്രന് തുടങ്ങിയവര്‍. കട്ട് ടു ബ്ലോഗന്നൂര് 2007.
മലയാളത്തില്‍ വായിച്ച ഏറ്റവും നല്ല സാഹിത്യപഠനങ്ങളിലൊന്ന് ഒരനുസ്മരണലേഖനമാണ് - വി.കെ.എന്‍. മരിച്ചതിന്റെ പിറ്റേമാസം ഭാഷാപോഷിണി പ്രസിദ്ധീകരിച്ച എന്‍. എസ്. മാധവന്റെ ലേഖനം. ആധുനിക മലയാള സാഹിത്യത്തിന് വി.കെ.എന്‍ നല്കിയ പ്രധാന സംഭാവനയായി ഭാവനയെ പ്രതിഷ്ഠിക്കുകയാണ് ഈ ലേഖനത്തിലൂടെ മാധവന്. പിന്നീട് പലപ്പോഴും ആ നിരീക്ഷണം ഓര്‍മയില്‍ വന്നു. അങ്ങനെയാണ് ഭാവനയില്‍ രണ്ട് ഫുട്ബോള്‍ ടീമുകള്‍ പിറവിയെടുക്കുന്നത്. ഇതു രണ്ടും വാട്ടര്‍ടൈറ്റ് കമ്പാര്‍ട്ടുമെന്റുകളല്ലെന്ന് ആദ്യമേ പറയട്ടെ. മാധവന്റെ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ബഷീര്‍വിമര്‍ശനവും ഇവിടെ ഓര്‍ക്കാം, അതിന് വര്‍ഗീയവിഷം പുരട്ടിയ ചെറിയ മനുഷ്യരേയും. നിന്റെ ഓര്‍മയ്ക്ക് എന്ന കഥയ്ക്ക് പില്ക്കാലത്ത് എംടി എഴുതിയ അനുബന്ധക്കുറിപ്പും ഓര്‍ത്തുപോകുന്നു. അതു പ്രകാരം, ആ കഥയില്‍ ഭാവനയുടെ ലവലേശമില്ലെന്ന് പറയണം - മനോഹരമായ ആ കഥ ജീവിതത്തില്‍ നിന്ന് അങ്ങന്നെ പകര്‍ത്തിയത്. അതല്ല ഭാവനയുടെ കാര്യം. ഭാവനയുടെ ചക്രവാളത്തിന് അതിരില്ല. സുഭാഷ് ചന്ദ്രന്റെ ‘ഉരുളക്കിഴങ്ങ് തിന്നുന്നവര്‍’ എന്ന കഥ നോക്കൂ - ഡച്ച് കലാമാന്ത്രികന്‍ വാങ്ഗോഗിന്റെ വിഖ്യാതമായ potato eaters എന്ന പെയ്ന്റിംഗില് കണ്ണും നട്ടിരുന്ന സുഭാഷിന്റെ ഭാവന പറന്ന ആകാശദൂരമാണ് ഉരുളക്കിഴങ്ങ് തിന്നുന്നവര്‍ എന്ന ഹോണ്ടിംഗ് ചെറുകഥയായി നാമനുഭവിച്ചത് (ടീയാര്‍ ‘ചിത്രകലയും ചെറുകഥയും’ എന്ന പുസ്തകമെഴുതുമ്പോള്‍ സുഭാഷ് കഥയെഴുതിത്തുടങ്ങിയിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ ടീയാര്‍ ഈ കഥയെപ്പറ്റി എന്തെഴുതിയേനെ?)
രത്നാകരന് എന്ന വേട്ടക്കാരന് മാനാസാന്തരം വന്ന് തപസ്സിരുന്നു. അയാളെ ഒരു ചിതല്‍പ്പുറ്റ് വിഴുങ്ങി. ഒടുവില്‍ മനസ്സ് തെളിഞ്ഞ് പുറത്തു വന്നയാളാണ് വാത്മീകി എന്നാണ് കഥ. ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയില്‍ കടലിന്നിന്നടില്‍ പാലം പോലെ ഒരു സാധനമുണ്ടെന്ന് ആരെങ്കിലും വാത്മീകിയോട് പറഞ്ഞുകാണുമോ? അതിന്റെ പുറത്ത് തീര്‍ത്തും ഭാവനയില്‍ ഒരു കഥ മെനഞ്ഞതായിരിക്കുമോ ആദികവി? ഇന്‍ഫെര്‍ട്ടിലിറ്റി ട്രീറ്റ്മെന്റ്, പ്രവാസം, 10 തലകളുള്ള വില്ലന്‍, വിമാനത്തില്‍ വന്നിറങ്ങുന്ന മുനി, പരസ്പരം കാലു വാരുന്ന സഹോദരന്മാര്... ചിതല്‍പ്പുറ്റിനുള്ളിലിരുന്ന് സാന്ദ്രീകൃതമായ ഭാവനയ്ക്ക് എന്തു തന്നെ സാധ്യമല്ല!
പൊട്ടറ്റോ തിന്നുന്ന യൂറോപ്യന്‍സിനെ കണ്ടിരുന്നെങ്കി രത്നാകരന് ഒരു ചെറുകഥയെഴുതിയേനെ. ഒരു കടല്‍പ്പാലത്തെ ചെറുകഥയിലൊതുക്കുന്നതെങ്ങനെ? അത് ഇതിഹാസമായി. (ഈ ഫോര്‍മേഷനെ ആദാമിന്റെ പാലം എന്ന് വിളിക്കുന്നതില്‍ തെറ്റുണ്ടൊ എന്ന് നിരീശ്വരവാദിയായ കരുണാനിധി പറഞ്ഞില്ല).
ഉരുളക്കിഴങ്ങും സവാളയുമെല്ലാമുള്ള കാലത്താണോ രത്നാകരന് ജീവിച്ചിരുന്നതെന്നതിന് തെളിവില്ല. എന്തായാലും ഒരുപാട് ഫലമൂലങ്ങളെപ്പറ്റി രാമയാണത്തില്‍ പറയുന്നു. പോരാതെ ഒരു രസികന്‍ വരത്തെപ്പറ്റിയും. സീതാന്വേഷണത്തിന് സഹായിച്ചതിന്റെ പ്രത്യുപകാരാര്‍ത്ഥം ‘പക്വഫലങ്ങള്‍ കപികള്‍ ഭക്ഷിക്കുമ്പോളൊക്കെ മധുരമാക്കി ചമച്ചീടുക’ എന്നൊരു വരം കുരങ്ങുകള്‍ക്ക് ലഭിക്കുന്നു. അതായത് കുരങ്ങന്മാര് ഏത് പഴുത്ത പഴം തിന്നാലും അത് മധുരമായിരിക്കുമെന്ന്!).
കരുണാനിധി പറഞ്ഞത് ശരിയാണെന്ന് വരുമോ? നമ്മുടെയെല്ലാം ജീവിതത്തേക്കാള്‍ വലിയ കെട്ടുകഥയായിരിക്കുമോ രാമായണം?