ആത്മകഥകൾ അമിതമായി വായിക്കുന്നതും ഇഷ്ടപ്പെടുന്നതും ഒരു തരം മനോരോഗമാണ്. എന്റെ ആ രോഗാവസ്ഥയാകട്ടെ ഗുരുതരവുമാണ്. [അരോഗാവസ്ഥ എന്നു വായിക്കല്ലെ. 'ആ' കഴിഞ്ഞിട്ട് സ് പെയ്സുണ്ട്. എന്റെ ഏറ്റവും പ്രിയപ്പെട്ട മലയാളം വാക്കാണ് 'ആ'. This/that എന്നർത്ഥം. വംശനാശം നേരിടുന്ന വാക്കാണ് 'ആ'. അതിന്റെ കടുത്ത ആരാധകനായ ഞാൻ പോലും അത് കുറേക്കാലമായി ഉപയോഗിക്കാറില്ല. ഈയിടെ വായിച്ച മുണ്ടശ്ശേരിയുടെ ആത്മകഥയിൽ - കൊഴിഞ്ഞ ഇലകള് - ഡാൽമേഷ്യന്റെ കുത്തുകൾ പോലെ, ബർഗറിലെ വെളുത്ത എള്ളിന്മണികൾ പോലെ, തൂവിപ്പരന്നു കിടക്കുന്ന ആകളെ കണ്ടപ്പോൾ, സന്തോഷമായി, വീണ്ടും ഉപയോഗിക്കാൻ കോൺഫിഡൻസായി].
പറഞ്ഞുവന്നത് മനോരോഗത്തെപ്പറ്റിയാണല്ലൊ. എന്റെ രോഗത്തിന്റെ വിശദാംശങ്ങളുംകൊണ്ട് ചെന്നാൽ പി. എം. മാത്യു വെല്ലൂരുപോലും ഹോപ്.ലെസ്സ് കേസായി എന്നെ മടക്കും. ഫ്രോയിഡ് ഉണ്ടായിരുന്നെങ്കിൽ എന്നെ കേസ് സ്റ്റഡിയാക്കും. മറ്റുള്ളവന്റെ സ്വകാര്യതകൾ പറഞ്ഞു നടക്കുന്നതിനേക്കാൾ മോശമാണ് രഹസ്യമായി അവ അറിയാനാഗ്രഹിക്കുന്നതും അറിയുന്നതും. മഹാന്മാരുടെ ആത്മകഥകൾ കയ്യിൽ ഒത്തുകിട്ടിയാൽ അവ വായിക്കുന്നവരെയും ഞാൻ കിടക്കുന്ന ആശുപത്രിയിൽ കിടത്തണമെന്നല്ല പറഞ്ഞുവരുന്നത്. ഉദാഹരണത്തിന് ഇംഗ്ലീഷിലും മലയാളത്തിലുമായി എത്ര തവണ ഗാന്ധിജിയുടെ ആത്മകഥാപുസ്തകം -
My Experiments with Truth 
- എന്റെ കയ്യിൽ വന്നു. ഞാൻ ആ ഓരോ കോപ്പിയും ഒന്ന് മറിച്ചു നോക്കിയതേയുള്ളു, വായിച്ചില്ല.
ഇക്കഴിഞ്ഞയാഴ്ചയും സമ്മാനമായി കിട്ടി ഒരു ഹാർഡ് ബൗണ്ട് സത്യാന്വേഷണ പരീക്ഷ. സാക്ഷാൽ ജോർജ് ഇരുമ്പയത്തിന്റെ പരിഭാഷ. [ഞാൻ മഹാരാജാസിൽ പഠിയ്ക്കുന്ന കാലത്തൊരിയ്ക്കൽ മലയാളം ഡിപ്പാർട്ട്മെന്റ് ഹെഡ്ഡായിരുന്നു ഡോ. ജോർജ് ഇരുമ്പയം. തികഞ്ഞ അക്കാദമിക്. ബി.എസ്.സി ഫിസിക്സ് ഒന്നാം ക്ലാസിൽ പാസ്സായിട്ടും പീജിയ്ക്ക് മലയാളത്തിനു ചേർന്ന എന്റെ ചങ്ങാതി കട്ടപ്പനക്കാരൻ ഏബ്രഹാം മാത്യു എന്ന അവറാച്ചന്റെ ക്ലാസിലൊരിയ്ക്കാൽ ഇരുമ്പയം സാറ് ചൂടായി. പിള്ളേരൊന്നും സാറിന്റെ ക്ലാസ് ശ്രദ്ധിയ്ക്കുന്നില്ലപോലും. എംടിയുടെ ഏതോ നോവലായിരുന്നു സാറ് പഠിപ്പിച്ചുകൊണ്ടിരുന്നത്. ദേഷ്യം സഹിയ്ക്കവയ്യാതെ സാറ് ഏബ്രാഹിമിനെ നോക്കി ഇങ്ങനെ അലറി: "എംടിയുടെ കഥാപാത്രങ്ങളുടെ പ്രത്യേകതയെന്താണെന്ന് പറയെടോ". ഫിസിക്സുകാരനും കുരുമുളകുവിലമാത്രംനോക്കിയുമായ ഒരു കെഴക്കൻ അച്ചായൻ എന്നാ പറയാനാ എന്നായിരിക്കണം ഇരുമ്പയൻ ഓർത്തത്. "സാർ, M. T.-യുടെ കഥാപാത്രങ്ങൾക്കൊന്നും തന്തയില്ല സർ" , അച്ചായന്റെ തകർപ്പൻ മറുപടി സാറിന്റെ മിണ്ടാട്ടം മുട്ടിച്ചു എന്നു പറഞ്ഞാൽ മതിയല്ലൊ.
അവറാച്ചൻ അതു പറഞ്ഞപ്പോൾ ഞാനവന് കവി ലോഡ് ബൈറന്റെ കഥ പറഞ്ഞുകൊടുത്തു. അഞ്ചാം ക്ലാസിലോ മറ്റോ പഠിയ്ക്കുമ്പോൾ മഹാവികൃതിയായിരുന്നത്രെ
Byron
. സാറ് ക്ലാസിലുണ്ടെങ്കിലും വായ അടയ്ക്കുന്ന പരിപാടിയില്ല. ഒരു ദിവസം ഒരു സാറിന് പകരം വന്ന മറ്റൊരു സാറ്, ബൈറന്റേയും കൂട്ടുകാരുടെയും വായിട്ടലയ്ക്കലിൽ പൊറുതി മുട്ടി ഒടുക്കം ഒരു ഉപായം കണ്ടുപിടിച്ചു. ബൈറന് കവിത അന്നേ വീക്ക്നെസ്സാണെന്നറിയാമായിരുന്ന ആ അധ്യാപകൻ കവിത എഴുതാൻ ഒരു വിഷയമിട്ടുകൊടുത്തു. എല്ലാവരും ഒരു കവിത എഴുതിനെടാ എന്നു പറഞ്ഞ് ഇനി കുറേ നേരത്തേയ്ക്ക് ബൈറനേതാവും കൂട്ടരും മിണ്ടാതിരിയ്ക്കുമല്ലോ എന്നു കൊതിച്ച് അങ്ങേര് ഒന്നുറങ്ങാൻ കിടന്നു. കാനായിലെ കല്യാണമായിരുന്നു അദ്ദേഹം കൊടുത്ത കവിതാവിഷയം. വിഷയം കൊടുത്ത് അദ്ദേഹം ഉറങ്ങാൻ കിടന്നില്ല, അപ്പോഴേയ്ക്കും കുഞ്ഞുബൈറന്റെ ബഹളം പിന്നെയും കേട്ടു തുടങ്ങി. "കവിതയെഴുതാനല്ലേടാ നിന്നോട് പറഞ്ഞേ" എന്നു പറഞ്ഞ് അദ്ദേഹം ചൂരൽ വീശി ഓടിച്ചെന്നു. "കവിതയെഴുതിക്കഴിഞ്ഞു സാർ" കണ്ണുകളിൽ ഒരു കുസൃതിച്ചിരിയോടെ കുഞ്ഞുബൈറൺ കമഴ്ത്തി വെച്ചിരുന്ന നോട്ടുപുസ്തകം നീട്ടി. അതിൽ ഒരു വരി മഹാകവിതയുണ്ടായിരുന്നു. "When water saw it's Lord, it blushed!". "വെള്ളം അതിന്റെ നാഥനെ കണ്ടപ്പോൾ അത് തുടുത്തുപോയി" എന്ന്. കാനായിലെ കല്യാണവേദിയിൽ വെച്ച് കർത്താവ് ഈശോ മിശിഹാ വെള്ളം വീഞ്ഞാക്കിയതിനേക്കാൾ വലിയ മാജിക്കായിരുന്നു കുഞ്ഞുബൈറൺ കാഴ്ച വെച്ചത്.
നമ്മുടെ അവറാച്ചനും മോശമായില്ല. എം. എം. മലയാളം ഒന്നാം ക്ലാസിൽ പാസായി. പിന്നെ ഒറ്റച്ചാൻസിന് സി. എ. എഴുതിയെടുത്തു. ഒരു സിയേക്കാരിയെ കെട്ടി. കുറച്ചുനാൾ എറണാകുളത്ത് പ്രാക്റ്റീസ് ചെയ്ത് 'ഗൾഫിനു' വന്നു. കുറച്ചു നാൾ ദുബായിൽ ജോലി 'ചെയ്തേച്ചും' അമേരിക്കയില്പ്പോയി താമസിച്ച് സി.പി.എ. എടുത്തു. യു.എ.ഇ.യിൽ തിരികെ വന്ന്, ഇപ്പോൾ ഷാർജയിൽ ഷെയ്ക്ക് കുടുംബത്തില്പ്പെട്ട ഒരു ഗ്രൂപ്പിന്റെ ഫിനാൻസ് ഹെഡ്ഡായി വിലസുന്നു]
ഞാൻ മഹാന്മാരുടെ ആത്മകഥകൾ വായിച്ചിട്ടില്ല എന്നൊന്നും പറയുന്നില്ല. സത്യം പറഞ്ഞാൽ വലിയ, നല്ല മനുഷ്യരുടെ ആത്മകഥകളാണ് വായിച്ചിട്ടുള്ളവയിൽ ഏറെയും. വലിയ മനുഷ്യന്മാരും ചിലപ്പോൾ ചെറിയ കാര്യങ്ങളും ക്രിമിനൽ ആക്റ്റുകളും ചെയ്യുമെന്നും ആത്മകഥകളിലൂടെയെങ്കിലും അവയെല്ലാം അറിയാമെന്നും അങ്ങനെ ആശ്വസിയ്ക്കാമെന്നുമായിരിക്കണം എന്നേപ്പോലുള്ളവരുടെ പ്രതീക്ഷകൾ.
എങ്കിലും ചില ആത്മകഥകൾ പ്രതിപാദ്യവിഷയങ്ങൾ കൊണ്ടോ കണ്ണുകളീറനാക്കുന്ന ആത്മാർത്ഥതകൊണ്ടോ രചനാസൗഭഗം കൊണ്ടോ എന്റെ പ്രാഥമികമായ ഉപബോധ വായാനോദ്ദേശങ്ങളെ വിസ്മരിപ്പിച്ചുകളഞ്ഞിട്ടുണ്ട്.
അക്കൂട്ടത്തിലെ ചിലത് ഇതാ. ഇഷ്ടമോ മികവ് പ്രകാരമോ അല്ല നമ്പറിംഗ്. ഓർമ വരുന്ന ക്രമത്തിൽ നിരത്തുന്നു എന്ന് മാത്രം.
1. ചാർളി ചാപ്ലിന്റെ ആത്മകഥ [ഇംഗ്ലീഷാണ് വായിച്ചത്, വായിക്കേണ്ടത് -
My Autobiography
]
2. കസാന്ദ്സാകിസിന്റെ
'Report to Greco'
3. പി. കുഞ്ഞിരാമൻ നായരുടെ 'കവിയുടെ കാല്പ്പാടുകൾ' [അതിനു മുമ്പും പിമ്പും പി. വേറെ രണ്ട് ആത്മകഥകൾ എഴുതിയിട്ടുണ്ട്. മനോരമ വാരികയിൽ വന്ന നിത്യകന്യകയെത്തേടി, എന്നെ തിരയുന്ന ഞാൻ എന്നിവ.]
4. ചെറുകാട് ഗോവിന്ദപ്പിഷാരടിയുടെ ജീവിതപ്പാത
5. മുണ്ടശ്ശേരിയുടെ കൊഴിഞ്ഞ ഇലകൾ
6. Pablo Neruda - Memoirs
7. ഫാദർ വടക്കന്റെ 'എന്റെ കുതിപ്പും കിതപ്പും'
8. ക്രൈമിൽ പ്രസിദ്ധീകരിച്ച, നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്ന കോട്ടയം ശാന്തയുടെ ആത്മകഥാ ഖണ്ഡങ്ങൾ.

9. മാധവിക്കുട്ടിയുടെ/
Kamala Dasന്റെ എന്റെ കഥ, My Story 
[രണ്ടും ഒന്നാന്തരം, തമ്മിൽ വലിയ ബന്ധമൊന്നുമില്ലെങ്കിലും]
10. നളിനി ജമീല [ഓതെന്റിക് എന്നു പറഞ്ഞിറങ്ങിയ രണ്ടാമത്തേത് വായിച്ചിട്ടില്ല]
11. എസ്. ഗുപ്തൻ നായരുടെ 'മനസാസ്മരാമി'
12. ടി. ജെ. എസ്. ജോർജിന്റെ 'ഘോഷയാത്ര' ['ഞാൻ' ഏറ്റവും കുറവുള്ള, അല്ലെങ്കിൽ തീരെയില്ലാത്ത, ഏത് ലോകഭാഷയിലും എഴുതപ്പെട്ടിട്ടുള്ള ഏറ്റവും മികച്ച ആത്മകഥകളിലൊന്ന്].
13. നെഹ്രുവിന്റെ സെക്രട്ടറിയായിരുന്ന എം. ഒ. മത്തായിയുടെ
'Reminiscences of Nehru Age'
14.സുൾഫിക്കർ അലി ഭൂട്ടോയുടെ
'If I am Assassinated'
15. കവിയും പത്രപ്രവർത്തകനുമായിരുന്ന
Dom Moraesന്റെ My Father's Son 
[ഇതിന്റെ രണ്ടാം ഭാഗം -
My Son's Father 
- വായിക്കാൻ കിട്ടിയിട്ടില്ല.]
16. ബഷീറിന്റെ 'അനുരാഗത്തിന്റെ ദിനങ്ങൾ'
17. മനോരമ വാരികയിൽ വന്ന നടി മല്ലികയുടെ സ്മരണകൾ
18. അജിതയുടെ ഓർമക്കുറിപ്പുകൾ
19.
Mussoliniയുടെ My Autobiography
20. അമർത്യാനന്ദയുടെ അർധവിരാമം
21. എം. കെ. കെ. നായരുടെ ആരോടും പരിഭവമില്ലാതെ
22.
Lee Iacocca's An Autobiography
23. മലയാറ്റൂരിന്റെ സർവീസ് സ്റ്റോറി, ഓർമകളുടെ ആൽബം
24. സി. ആർ. ഓമനക്കുട്ടന്റെ 1) നീ സത്യം, ജ്ഞാനം, ആനന്ദം 2) നിറം പിടിപ്പിയ്ക്കാത്ത നേരുകൾ
25. ബാലചന്ദ്രൻ ചുള്ളിക്കാട് - ചിദംബരസ്മരണ
26. ശ്രീബാല കെ. മേനോൻ - 19, കനാൽ റോഡ്
27. പ്രിയ എ. എസ്. - കഥബാക്കി, ഒഴുക്കിൽ ഒരില, മായക്കാഴ്ചകൾ
28. സുഭാഷ് ചന്ദ്രൻ - മധ്യേയിങ്ങനെ
29.
Aubrey Menen - A Space within the Heart 
[സുന്ദറിന്റെ പരിഭാഷയാണ് വായിച്ചത് - ഹൃദയത്തിനുള്ളിലെ ഒരിടം]]
ആത്മകഥകളുടെ തന്നെ കൂട്ടത്തിലാണ് റോസി തോമസ്, രാധാലക്ഷ്മി പത്മരാജൻ, സീതാലക്ഷ്മി ദേവ്, പ്രഭാ നാരായണപിള്ള, പാർവതി പവനൻ, വയലാറിന്റെ ഭാരതിത്തമ്പുരാട്ടി എന്നിവരുടെ സ്മരണകളേയും ഞാൻ കൂട്ടിയത്.
ഈ പുസ്തകങ്ങളും ഇവ എഴുതിയവരുമൊമൊക്കെ ഇങ്ങനെ ഗ്രേറ്റും ഗ്രേറ്റസ്റ്റുമൊക്കെയാണെങ്കിലും എന്റെ വായനകളോ - വെറും അരാഷ്ട്രീയനായ ഒരു വളിവയറൻ നായരുടെ വായനകൾ. നമ്മൾ ഒരു പുസ്തകവും വായിക്കുന്നില്ല, പുസ്തകങ്ങൾ നമ്മളെ വായിക്കുന്നതേയുള്ളു എന്ന് ആവർത്തിച്ചോട്ടെ ഞാൻ?
ഇതൊ

ക്കെയാണെങ്കിലും എന്റെ ഫേവറിറ്റ് ആത്മകഥ ഇതൊന്നുമല്ല കെട്ടൊ. അത് പരസ്യവ്യവസായത്തിന്റെ പിതാവായ
Claude Hopkins
-ന്റെ മൈ ലൈഫ് ഇൻ അഡ്വർടൈസിംഗ് എന്ന ചെറിയ ആത്മകഥാപുസ്തകമാണ്. എന്നു വായിക്കുമ്പോൾ 'ഓ, അതിയാള് ജോലി ചെയ്യുന്ന ഫീൽഡിലുള്ള ഒരാളുടെ ആത്മകഥയായതുകൊണ്ടാവും' എന്ന് വിധിയ്ക്കാൻ വരട്ടെ. ആധുനിക പരസ്യവ്യവസായത്തിന്റെ തലതൊട്ടപ്പൻ എന്നുവിളിക്കാവുന്ന ഡേവിഡ് ഒഗില്വി അദ്ദേഹത്തിന്റെ
Ogilvy on Advertising 
എന്ന മോഡേൺ ക്ലാസിക്കിൽ പറയുന്നത് ഹോപ് കിൻസിന്റെ സയന്റിഫിക് അഡ്വർടൈസിംഗ് എന്ന കിത്താബ് ഏഴു വട്ടം വായിക്കാതെ നിങ്ങൾ ഒരു അഡ്വർടൈസിംഗ് ഏജൻസിയിൽ പ്യൂണിന്റെ പണി പോലും ചെയ്യാൻപോകരുതെന്നാണ്. അങ്ങനെയുള്ള ഒരാളുടെ ആത്മകഥയാണ് My Life in Advertising എന്നു പറയുമ്പോൾ അതിൽ മുഴുവൻ അഡ്വർടൈസിംഗായിരിക്കും എന്ന് ഊഹിച്ചെങ്കിൽ തെറ്റി. ആത്മാവിന്റെ അടിത്തട്ട് കാണാവുന്ന ഹ്യുമിലിറ്റിയാണ് ഹോപ്കിൻസിന്റെ ആത്മകഥയുടെ ജീവൻ. പിന്നെ ഒരു പരസ്യമെഴുത്തുകാരന് മാത്രം വശമുള്ള വശീകരണശക്തിയും.
ആദ്യവാചകം കേൾക്കൂ: "എന്റെ ജീവിതത്തിലെ പ്രധാനസംഭവം നടക്കുന്നത് ഞാൻ ജനിക്കുന്നതിന് ഒരു വർഷം മുമ്പാണ് - എന്റെ അമ്മയായി ഒരു സ്കോട്ടിഷ് സ്ത്രീയെ എന്റെ അച്ഛൻ തെരഞ്ഞെടുത്തു."
പിന്നെ നിങ്ങൾ ആ പുസ്തകം നിലത്തുവെയ്ക്കില്ല. വീടുകൾ കയറിയിറങ്ങി സാധനങ്ങൾ വിൽക്കലായിരുന്നു ക്ലോഡിന്റെ ആദ്യകാല ജോലി. പരസ്യമെഴുതാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ഇത്തരം നേരിട്ടുള്ള വില്പ്പന നടത്തി അടിസ്ഥാന പരിചയമാർജിച്ചിരിക്കണമെന്ന് ക്ലോഡ് നിഷ്കർഷിക്കുന്നു. മറ്റൊരു രസകരമായ കാര്യമുണ്ട് - ക്ലോഡ് ഒരിയ്ക്കലും പണക്കാർക്കുവേണ്ടിയുള്ള ഉത്പ്പന്നങ്ങൾക്കുവേണ്ടി പരസ്യവാചകങ്ങൾ എഴുതിയില്ല. അവയോട് പുച്ഛമോ അസൂയയോ ഒന്നുമുണ്ടായിട്ടല്ല. പിന്നെ? “ഞാനൊരു പണക്കാരനായിരുന്നിട്ടില്ല. അതുകൊണ്ട് അവരുടെ മനോനില ഒരിയ്ക്കലും എനിയ്ക്കറിയില്ല. എനിയ്ക്കറിയാത്ത കാര്യത്തെപ്പറ്റി ഞാൻ എഴുതുകയില്ല” എന്നാണ് ക്ലോഡ് എഴുതുന്നത്.
മറ്റൊരു സുന്ദരൻ വാചകവും ഓർമയിൽ തിളങ്ങുന്നു: When you are going up, nothing is a hardship. ആദ്യകാല കഷ്ടപ്പാടുകളെപ്പറ്റി പറയുന്നിടത്താണ് അത്. ആദ്യമായി വായിച്ചപ്പോൾ, ആ വാചകം വായിച്ച്, പുസ്തകം ഒരു മിനിറ്റ് അടച്ചുവെച്ച് “When you are coming down, say from the comforts of a five star hotel to a three star hotel, everything will be hardships എന്ന് ആലോചിച്ചതുമോർക്കുന്നു.
ജനാർദ്ദന

ക്കുറുപ്പ് [എന്റെ ജീവിതം], പുനത്തിൽ കുഞ്ഞബ്ദുള്ള [നഷ്ടജാതകം], സി. കേശവൻ [ജീവിതസമരം], Sony സ്ഥാപകൻ
Akio Morita [Made in Japan
] എന്നിവരുടെ ആത്മകഥകൾ വായിക്കാൻ എടുത്തുവെച്ചിരിക്കുന്നു.
വായിക്കാൻ ആഗ്രഹിക്കുന്ന ആത്മകഥകൾ 1) ഏ. പി. ഉദയഭാനു - എന്റെ കഥയും അല്പ്പം 2) കേശദേവിന്റെ എതിർപ്പ് [ദേവിന്റെ ഒരു രണ്ടാം ആത്മകഥ കയ്യിലുണ്ട്] 3)
My Story - Marilyn Monroe 
4) കമ്മ്യൂണിസ്റ്റ് നേതാവ് കെ. സി. ജോജ്ര് 5) നെഹ്രു 6) കുമ്പളത്ത് ശങ്കുപ്പിള്ള, 7) തിക്കോടിയൻ 8) വി. ടി. ഭട്ടതിരിപ്പാട് 9) എൻ. എൻ. പിള്ള 10) ഹിറ്റ് ലർ -
Mein Kampf 
11) ബർഗ്മാൻ [
Magic Lantern
] 12) ജസ്റ്റിസ് കെ. ടി. തോമസ് 13) മാർകേസിന്റെ
Living to Tell the Tale 
14) തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമകൾ 15) കെ. പി. കേശവമേനോന്റെ കഴിഞ്ഞ കാലം 16) ഡി. ബാബു പോളിന്റെ കഥ ഇതുവരെ 17) സ്വദേശാഭിമാനിയുടെ എന്റെ നാടുകടത്തൽ, 18)കല്യാണിക്കുട്ടിഅമ്മയുടെ വ്യാഴവട്ടസ്മരണകൾ 19)
Paramhansa Yogananda-യുടെ Autobiography of a Yogi
എഴുതപ്പെടാൻ ആഗ്രഹിക്കുന്ന ആത്മകഥകളുടെ കൂട്ടത്തിൽ എം.ടി. വാസുദേവൻ നായരുടെ ആത്മകഥയാണ് മുന്നിൽ; തൊട്ടുപിന്നാലെയുണ്ട് ഉജാല രാമചന്ദ്രന്റെ ആത്മകഥ. എഴുതപ്പെട്ടിരുന്നെങ്കിൽ എന്ന് വ്യാമോഹിക്കുന്നവയിൽ ആദ്യത്തേത് സഖാവ് ആർ. സുഗതന്റെയും രണ്ടാമത്തേത് നരേന്ദ്രപ്രസാദിന്റേതും.
ഒരു കാലത്ത് ഗാന്ധിജിയുടെ ആത്മകഥയും ഞാൻ വായിക്കുമായിരിക്കും. തീർച്ചയായും അതർഹിയ്ക്കുന്ന വായന എനിയ്ക്ക് കൊടുക്കാൻ പറ്റുമെന്നോ അത് വായിയ്ക്കാൻ ഞാനർഹനായി എന്നോ ആയിരിക്കില്ല അപ്പോൾ അതിന്റെ അർത്ഥം.
അനുബന്ധം:
എഴുത്തുകാരല്ലാത്തവർ - അവർ സെലിബ്രിറ്റികളായാലും മീൻകച്ചവടക്കാരായാലും - മികച്ച ആത്മകഥകൾ എഴുതുമെന്ന് പ്രതീക്ഷിക്കുക വയ്യ. അതുകൊണ്ട് അത്തരം ആത്മകഥകൾക്കു പിന്നിൽ മറ്റുള്ളവരുടെ കറുത്തതോ ഇരുനിറമുള്ളതോ വെളുത്തതോ ആയ കരങ്ങൾ പ്രവർത്തിക്കുക സ്വാഭാവികം. നളിനി ജമീലയുടേതടക്കം അങ്ങനെ സംഭവിച്ചതും വിവാദമായതുമാണല്ലൊ. ഇയാക്കോക്കയുടെ പ്രസിദ്ധ ആത്മകഥയുടെ ചട്ടയിൽത്തന്നെ സഹ-എഴുത്തുകാരന്റെ പേരുണ്ട്: വില്ല്യം നൊവാക്. പാശ്ചാത്യരാജ്യങ്ങളിൽ ആ പതിവ് അവർ നിലനിർത്തുന്നു. എന്നാൽ നമ്മുടെ നാട്ടിൽ ആ മര്യാദ പല കാരണങ്ങളാൽ പുലർന്നു കണ്ടിട്ടില്ല. നമ്മുടെ ആത്മകഥാശേഖരത്തിലെ മാസ്റ്റർപീസുകളിലൊന്നായ സി. കേശവന്റെ ജീവിതസമരം അദ്ദേഹത്തിന്റെ മകൻ കെ. ബാലകൃഷ്ണനും മയ്യനാട് കെ. ദാമോദരനും ചേർന്ന് ഗോസ്റ്റ് റൈറ്റ് ചെയ്തതാണെന്ന് അന്നേ കേട്ടിരുന്നു. ഹാസ്യനടൻ എസ്. പി. പിള്ളയുടെ ആത്മകഥ ജനയുഗത്തിൽ ഖണ്ഡ:ശ്ശ വന്ന കാലത്ത് സൂപ്പർഹിറ്റായിരുന്നു. എന്നാൽ പിള്ളയാശാൻ അത് പുസ്തകരൂപമാക്കാൻ ചെന്നപ്പോളേയ്ക്കും ഗോസ്റ്റ് റൈറ്റർ അതിന്റെ റോയൽറ്റി മറ്റാർക്കോ വിറ്റ് പുട്ടടിച്ചിരുന്നു.
ഏകെജിയുടെ ആത്മകഥ മറ്റൊരു രൂപത്തിൽ ഇംഗ്ലീഷിലായിരുന്നു ആദ്യം ഇറങ്ങിയത്. മലയാളത്തിൽ വന്നത് പരിഭാഷയായിരുന്നു. രണ്ടും ഏകെജി എഴുതിയതാകാൻ തരമില്ല. അതൊരു കുറവുമല്ല. എങ്കിലും പേനയുന്തിയവരുടെ പേരുകൾ കാണാൻ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നേനെ.
ഇപ്പോൾ ചെറിയ ആത്മകഥകളുടേയും [ഒരനുകാലികത്തിന്റെ ഒറ്റലക്കത്തിൽ തീരുന്നവ] പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ആത്മകഥകളുടേയും കാലമാണല്ലൊ. ഇതിൽ അമ്പലവാസികൾ, കഥകളികലാകാരന്മാർ തുടങ്ങിയ സവർണ വിഷയികളുടെ കാര്യത്തിൽ എൻ. പി. വിജയകൃഷ്ണൻ തുടങ്ങിയവർ സ്പെഷലൈസ് ചെയ്യുമ്പോൾ വീട്ടുവേല, മീൻ കച്ചവടം, മോഷണം, മനോവിഭ്രാന്തി തുടങ്ങിയ പാർശ്വവത്കൃതമേഖലകളിൽ താഹാ മാടായി, വി. കെ. ശ്രീരാമൻ എന്നിവർ മിടുക്കു കാണിയ്ക്കുന്നു.
ഭാഷാപോഷിണിയുടെ എഴുത്തുകാരന്റെ ദേശം എന്ന സീരിസിൽ നമ്മുടെ പല ജയന്റ്സും എഴുതിയത് മനോഹരമായ ആത്മകഥാചുരുക്കങ്ങളായിപ്പോയതും ഓർക്കുക. അക്കൂട്ടത്തിൽ എന്നെ ആകർഷിച്ചത് സച്ചിദാനന്ദൻ, ആറ്റൂർ, സേതു എന്നിവരുടേതും കവിത കൊണ്ട് ഒരിയ്ക്കലും എന്നെ ആകർഷിയ്ക്കാത്ത എ. അയ്യപ്പന്റേതും. [ആരാന്റമ്മയ്ക്ക് പ്രാന്തുപിടിയ്ക്കുമ്പോൾ കാണാൻ നല്ല ചേല്!].
വലിയ ആത്മകഥ എഴുതാൻ മടിച്ചിട്ടോ എഴുതാൻ വലിയ കഥകൾ ഇല്ലാഞ്ഞിട്ടോ അപ്പപ്പോളത്തെ സാമ്പത്തിക ആവശ്യങ്ങൾക്കോ വേണ്ടി ചെറിയ ഉപ-ആത്മകഥകളോ ആത്മകഥാകുറിപ്പുകളോ അനുഭവങ്ങളോ ഓർമകളോ എഴുതപ്പെട്ടതും നമ്മുടെ ഭാഷയിൽ ധാരാളം. പ്രതിഭയോ അനുഭവങ്ങളോ ഉള്ളവർ എന്തെഴുതിയാലും അതിലെല്ലാം അവരുടെ ഒപ്പുകൾ വീഴും. പി.യുടെ നിത്യകന്യകയെത്തേടി എന്ന ഒന്നാം ആത്മകഥ മനോരമ ആഴ്ചപ്പതിപ്പിലാണ് സീരിയലൈസ് ചെയ്തതെന്നോർക്കുക. മനോരമയുടെ തെക്കൻ വായനക്കാർ അതിൽ പ്രതീക്ഷിച്ചത് വള്ളുവനാടൻ പെണ്ണുങ്ങളുമായുള്ള പി.യുടെ വേഴ്ചകളുടെ വിശദാംശങ്ങളാണ്. അന്ന് മനോരമയിൽ വന്നിരുന്ന നീണ്ടകഥകളെ മാതൃകയാക്കൂ എന്നായിരുന്നു സർക്കുലേഷൻ മാനേജരിൽ നിന്നു കിട്ടിയ സമ്മർദ്ദം. പി പരാജയപ്പെട്ടെന്ന് പറയേണ്ടതില്ലല്ലൊ. അങ്ങനെ മലയാള ഗദ്യത്തിന് ഒരു കാവ്യപുസ്തകം കൂടി സ്വന്തമായി.
എന്റെ കഥ കള്ളമായിരുന്നെന്ന് മാധവിക്കുട്ടി തന്നെ പറഞ്ഞു. പിന്നീട് വന്നതാണ് നീർമാതളം പൂത്ത കാലം തുടങ്ങിയവ. ക്രിയേറ്റീവ് റൈറ്റിംഗ് ഉണ്ടാകാതിരിയ്ക്കുമ്പോൾ ക്രിയേറ്റീവ് റൈറ്റേഴ്സിന് എളുപ്പം ചെയ്യാവുന്ന പണിയായി ആത്മകഥാകുറിപ്പുകളെഴുതൽ. അത്തരമൊരു റൈറ്റേഴ്സ്-ബ്ലോക്ക്-ഇടവേളയിൽ ക്രിയേറ്റീവ് പ്രതിഭ, അനുഭവസമ്പത്ത്, കവിത തോൽക്കുന്ന ഗദ്യം എന്നിവ ചേർന്നപ്പോൾ ഉണ്ടായ മാസ്റ്റർപീസാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ചിദംബരസ്മരണ. പ്രിയ എ. എസിന്റേതായി മൂന്ന് സമാഹാരങ്ങളാണ് ഇത്തരം കുറിപ്പുകളുടേതായി വന്നത്. മൂന്നും പോപ്പുലറായി. സുഭാഷ് ചന്ദ്രന്റെ മധ്യേയിങ്ങനെ എന്ന പുസ്തകത്തിന്റെ ഒരു ഭാഗത്തെ ഉപതലക്കെട്ടു തന്നെ ആത്മം എന്നാണ്. ഇക്കൂട്ടത്തിൽ വന്ന ശ്രീബാല കെ. മേനോന്റെ 19 കനാൽ റോഡും ഹൈലി റീഡബ് ൾ തന്നെ. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ പുതിയ ആത്മകഥകളൊക്കെയും ഇങ്ങനെ ചുരുങ്ങിപ്പോകുന്നു. എന്നേപ്പോലുള്ള മനോരോഗികളെ കിടത്തി ചികിത്സിപ്പിയ്ക്കേണ്ട പൂങ്കുടിൽ മനകളുടെ സ്ഥാനത്ത് ബ്ലിസ്റ്റർ പാക്കിൽ മാനസമിത്രം ചതുരഗുളികയായി കിട്ടുന്ന സൂപ്പർമാർക്കറ്റുകൾ ഉയരുന്നു.
എന്റെ സുഹൃത്തുക്കളായ ജോർജ് ജോസഫ് കെ.യും ലത്തീഫ് മമ്മിയൂരും അവരുടെ ഓരോ കഥാസമാഹാരങ്ങൾക്ക് ആമുഖമായെഴുതിയ ആത്മകഥാകുറിപ്പുകളാണ് അവരുടെ കഥകളേക്കാൾ എനിക്ക് പ്രിയപ്പെട്ടവ എന്ന അനുഭവം കൂടി ഇവിടെ പങ്കുവെയ്ക്കാതെങ്ങനെ?
മറ്റൊരു പ്രധാനകാര്യം ബഷീറിനെയും എംടിയേയും പോലുള്ള മഹാന്മാരായ എഴുത്തുകാർ സമഗ്രമായ ആത്മകഥകൾ എഴുതുന്നതിൽ നിന്ന് വിട്ടുനിന്നതെന്തേ എന്ന ചോദ്യമാണ്. അവരുടെ ജീവിതാനുഭവങ്ങൾ തന്നെയാണ് പലപ്പോഴും അവരുടെ സാഹിത്യമായത്. ഉദാഹരണത്തിന് എംടിയുടെ നിന്റെ ഓർമയ്ക്ക് എന്ന മനോഹരമായ ചെറുകഥയെടുക്കുക. അത് അദ്ദേഹത്തിന്റെ ആത്മകഥയിലെ ഒരധ്യായം തന്നെ. ആ ഒരു നേർ അനുഭവം പൊടിപ്പും തൊങ്ങലുമില്ലാതെ പകർന്നു വെച്ചതാണ് ആ കഥ. മലയാളത്തിലെ എഴുത്തുകാരെ ഇങ്ങനെ ഭാവനയുടേയും അനുഭവത്തിന്റേയും രണ്ട് ടീമുകളായി തിരിച്ച ഒരു നോട്ടം ഇവിടെ -
രത്നാകരൻ ഉരുളക്കിഴങ്ങ് തിന്നിട്ടുണ്ടൊ?