Monday, August 20, 2007

പ്രണയത്തിനും കവിതക്കുമിടയില്‍

നീയെന്നെയുപേക്ഷിച്ചാല്‍
ഹൃദയം തകര്‍ന്നീടും
ഭ്രാന്തനായ് ദരിദ്രനായ്
ഞാന്‍ മഹാകവിയാകും.



നാമൊന്നായ് ജീവിച്ചാലോ
ഹൃദയം നിറഞ്ഞീടും
ശാന്തനായ് സമ്പന്നനായ്
കവിത മറക്കും ഞാന്‍.

പ്രേമമേ ചൊല്ലൂ ഞാനെന്‍
കവിതക്കുഞ്ഞുങ്ങള്‍തന്നച്ഛനാകണോ
പെണ്ണിലമ്മിഞ്ഞപ്പാലുണ്ടാക്കും
കവിത രചിക്കണോ?

4 comments:

Sanal Kumar Sasidharan said...

കൊള്ളാം..വളരെ ഇഷ്ടമായി
അയ്യപ്പപ്പണിക്കര്‍ ഇതേമട്ടില്‍ സാരമുള്ളൊരു കവിതയെഴുതിയിട്ടുണ്ട്.സാരം മാത്രമേ ഓര്‍മയുള്ളു.അതിങ്ങനെ
“ആദ്യത്തെ പ്രേമം‌പോലെ
മറ്റൊന്നുമില്ല പാരില്‍
ഉണ്ടെങ്കിലതു രണ്ടാം
പ്രേമമെന്നറിഞ്ഞാലും
രണ്ടാകും പ്രേമം‌പോലെ
ഇല്ല മറ്റൊന്നും പാരില്‍
മൂന്നാമതവസരം
കിട്ടിയാലതു മാത്രം...“
:)
പ്രേമത്തെ കുറച്ചു കാണിച്ചതല്ല കേട്ടോ.പ്രേമത്തിന് പ്രണയികളുടേതില്‍ നിന്നും വ്യത്യസ്തമായ ഒരസ്തിത്വമുണ്ടെന്നു തോന്നുന്നു.

umbachy said...

എന്‍റെ കൂട്ടുകാരിയൊരുത്തി കവിത എഴുതാന്‍ തുടങ്ങിയപ്പോള്‍ അവളുടെ വീട്ടില്‍ വലിയ പുകിലായി..
ബാപ്പാക്കും ഉമ്മാക്കും പേടി.
കവിത എഴുതിക്കോട്ടെ സാരമില്ല സമയത്തിനങ്ങ് കെട്ടിച്ചു വിട്ടാല്‍ മതി, അപ്പൊ യഥാര്‍ത്ഥ സൃഷ്ടി പുറത്ത് വന്നോളും എന്ന് പറഞ്ഞു പള്ളിയിലെ മൌലവി..അതിന്ന് പിന്നെയും ഓര്‍ത്തു പോയി

Rammohan Paliyath said...

ശരിയാ, രണ്ടിനും ഉള്ള ഊര്‍ജം, കൊതി സെയിമാണെന്നു തോന്നും ചിലപ്പോള്‍. കവിതയിലൊരു വിതയുണ്ടല്ലൊ.

Anonymous said...

love is forever as long as it lasts എന്നോ മറ്റോ ഒരു മഹദ് വചനം കൂടി ഇല്ലേ :p

ഈ കവിതയുടെ അവസാനവരികൾ... ആമേനിലെ സോളമനോട് ശോശന്ന ചോദിക്കുന്നുണ്ട്, പള്ളീ ചേർന്ന് അച്ചനാകണോ അതോ എന്നെ കെട്ടി എന്റെ പിള്ളേരുടെ അച്ഛനാകണോ എന്ന്.

ഗുപ്തൻ :)

Related Posts with Thumbnails