വിരഹം, വിഷാദം, ഭ്രാന്ത്, മടുപ്പ്... അറേബ്യയിലെ ഭൂരിപക്ഷം ഏഷ്യക്കാരും കടന്നുപോകുന്ന പരീക്ഷണങ്ങള്‍ അനേകം. കുമാരനാശാന്‍ പാടിയപോലെ സ്ഫുടതാരകള്‍ കൂരിരുട്ടിലുണ്ടിടയില്‍ ദ്വീപുകളുണ്ടു സിന്ധുവില്‍. കൃഷി തീരെ ഇല്ലാത്തതുകൊണ്ട് തിന്നാനുള്ളതെല്ലാം ഇറക്കുമതി ചെയ്യണം. കൃഷിയുള്ളിടത്ത്, ഫോര്‍ എക്സാമ്പ്ള്‍, നമ്പൂരി പറഞ്ഞപോലെ, ചക്ക സീസണില്‍ മോരും ചക്ക്യോണ്ട് തന്നെയായിരിക്കും. ഇവിടെ അതിന്റെ ആവശ്യമില്ലല്ലൊ. ആയതിനാല്‍ ഏറ്റവും ബെസ്റ്റ് തന്നെ അതാതിടങ്ങളില്‍ നിന്നെത്തുന്നു.
തായ് അരി, ടുണീഷ്യന്‍ ഈന്തപ്പഴം, ശ്രീലങ്കന്‍ കുടമ്പുളി, കെനിയന്‍ ചക്ക, കൊളംബിയന്‍ വാഴപ്പഴം, ഫിലിപ്പീന്‍ വാളമ്പുളി, ഇറാനിയന്‍ അത്തിപ്പഴം, ചിലിയന്‍ പെയര്‍, ഡാനിഷ് ബട്ടര്‍, ഓസ്ട്രേലിയന്‍ മട്ടണ്‍, അമേരിക്കന്‍ ആപ്പ്ള്‍, പാക്കിസ്ഥാനി മാമ്പഴം, ചൈനീസ് ഇഞ്ചി, ബ്രസീലിയന്‍ കാപ്പി, ക്യൂബന്‍ പഞ്ചസാര, ഇന്ത്യന്‍ ചായ, കംബോഡിയന്‍ റമ്പൂട്ടാന്‍, മലേഷ്യന്‍ മാങ്കോസ്റ്റിന്‍... മണ്ണിന്റെ വൈവിധ്യമത്രയും അങ്ങനെ അറേബ്യയിലെ ഹതഭാഗ്യരെത്തേടിയെത്തുന്നു. മലബാറിയുടേതടക്കമുള്ള ഓര്‍ഡിനറി രുചിമുകുളങ്ങളുടെ പൂര്‍ണവസന്തം. ഭൂമിപ്പെണ്ണിന്റെ പുളിയും കയ്പ്പും ചവര്‍പ്പും മധുരവും ഒത്തുചേരുന്ന മണ്ണിന്റെ മഹാസമ്മേളനം.
No comments:
Post a Comment