Thursday, August 30, 2007

ബാര്‍ട്ടര്‍ കാര്‍ഡ്


ഞാന്‍ പഠിച്ച സ്ക്കൂളിന്റെ പ്ലേഗ്രൌണ്ടിന് ഒരോമനപ്പേരുണ്ട് - മാറ്റപ്പാടം. കറന്‍സി നോട്ടുകള്‍ പ്രചാരത്തിലാകുന്നതിന് മുമ്പുള്ള കാലത്ത് ‘മാറ്റം’ എന്ന പേരില്‍ ബാര്‍ട്ടര്‍ അടിസ്ഥാനത്തില്‍ വിഷുവാണിഭം നടന്നിരുന്നതുകൊണ്ടാണ് ഇങ്ങനെ പേരുവന്നത്. കറന്‍സി വന്നെങ്കിലും എല്ലാ വിഷുത്തലേന്നും മാറ്റം ഇപ്പോഴുമുണ്ട്. ഇഞ്ച, മുറം, വിശറി, ചുരയ്ക്ക (കള്ളിന്‍ കുടത്തിനു പകരം, ചെത്തുകാര്‍ക്ക്), ചട്ടീം കലോം, എല്ല് (ചെത്തുകാര്‍ക്ക്), കുമ്മട്ടിങ്ങ (aka തണ്ണിമത്തന്‍/ബത്തക്ക), പന്നി, താറാ‍വ്, ഒരു ഗ്ലാസിന് രണ്ടര രൂപയ്ക്ക് ശശി വില്‍ക്കുന്ന ഗോതമ്പു പായസം, ചെരട്ട കൊണ്ടുണ്ടാ‍ക്കിയ കിടുമണ്ടി എന്ന കളിപ്പാട്ടം (exclusive!) - ഇതൊക്കെയായിരുന്നു മാറ്റത്തിന്റെ ഹൈലൈറ്റ്സ്. ബിലീവ് ഇറ്റ് ഓര്‍ നോട്ട്, പായസം ഒഴിച്ച് മറ്റെല്ലാമുണ്ടായിരുന്നു 2007-ലെ മാറ്റത്തിനും. മാറ്റത്തിനെ ഓര്‍ത്തത് ബാര്‍ട്ടര്‍ കാര്‍ഡ് കണ്ടപ്പോള്‍. പണം കൊടുക്കാതെയുള്ള സര്‍വീസുകളുടേയും പ്രൊഡക്ട്സിന്റേയും ക്രയവിക്രയമാണ് ബാര്‍ട്ടര്‍ കാര്‍ഡ് വഴിയും നടപ്പാകുന്നത്. സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ബാര്‍ട്ടര്‍ കാര്‍ഡില്‍ ചേരാം. ഡയറക്ടറി നോക്കി വാങ്ങലും വില്‍ക്കലും നടത്താം, കാര്‍ഡില്‍ പോയന്റുകള്‍ നിറയ്ക്കാം, ഈ പോയന്റുകള്‍ ഉപയോഗിച്ച് മറ്റ് അംഗങ്ങളില്‍ നിന്ന് ആവശ്യമുള്ളത് ആവശ്യമുള്ളപ്പോള്‍ വാങ്ങാം... സംഗതി simple. ചെറിയ അഡ്മിഷന്‍ ഫീസ് മാത്രം പണമായി കൊടുക്കണം. ബാര്‍ട്ടര്‍ കാര്‍ഡിനും മുമ്പേ ഇടപാടുകാരുമായി ബാര്‍ട്ടര്‍ നടപ്പാക്കിയ ഒരു മാഗസിന്‍ ഉടമയുണ്ടായിരുന്നു കൊച്ചിയില്‍. ഒടുവില്‍ അയാളുടെ ബാക്കോഫീസ് നിറയെ സാധനങ്ങള്‍ കൊണ്ട് നിറഞ്ഞു. ശമ്പളത്തിന് പകരം സ്റ്റെബിലൈസറും മുളകുപൊടിയും കൊടുത്തു തുടങ്ങി. ഞാനങ്ങേരോട് പറഞ്ഞു: ബാങ്കുകാരുമായേ ബാര്‍ട്ടര്‍ ബിസിനസ് ചെയ്യാവൂ. സൈക്ക്യട്രിസ്റ്റുമായി ഒരിക്കലും ബാര്‍ട്ടര്‍ ബിസിനസ് ചെയ്യരുത്.

2 comments:

അനോണി ആന്റണി said...

http://bobanmoly.blogspot.com/2007/08/blog-post_2012.html

Rammohan Paliyath said...

അത് തെരഞ്ഞെടുത്ത വളിപ്പുകളായിരിക്കും

Related Posts with Thumbnails