Thursday, October 4, 2007

സങ്കടത്തിനപ്പുറം


ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു - വിജയന്‍ മാഷോട് ആദ്യമായും അവസാനമായും സംസാരിച്ചത് വെറും ഒരു മാസം മുമ്പാണ്. മാഷിന്റെ അടുത്ത ശിഷ്യന്മാരായ കവിയൂര്‍ ബാലനും ഷാജിയും ദുബായില്‍ നിന്ന് മാഷെ ഫോണ്‍ ചെയ്തപ്പോള്‍ ഞാനും സംസാരിക്കുകയായിരുന്നു. വെല്ലിച്ഛന്‍ മഹാരാജാസില്‍ മാഷിന്റെ സഹപാഠിയായിരിക്കുമെന്ന് ഊഹിച്ചത് ശരിയായിരുന്നു (സിന്ദൂരപ്പൊട്ട് ബാച്ചില്‍ - 1957 - പാര്‍ലമെന്റിലെത്തന്നെ യങ്ങസ്റ്റ് എം.പിയായിരുന്നു വെല്ലിച്ഛന്‍). അതെല്ലാം പറഞ്ഞ്, പ്രതീക്ഷിക്കാത്ത വിധം മാഷ് പെഴ്സണലായി. "അതൊരു കാലം" എന്നു വരെ പറഞ്ഞു നിര്‍ത്തി. നാട്ടില്‍ ചെല്ലുമ്പോള്‍ വീട്ടില്‍ വരുമെന്നും കാണണമെന്നുമുള്ള ആഗ്രഹം ഞാന്‍ പറഞ്ഞു. പിന്നെ രണ്ടാഴ്ച മുമ്പ്, എറണാകുളം പ്രസ് ക്ലബ്ബ് റോട്ടിലെ സിഐസിസി ബുക്ക് ഹൌസില്‍ നിന്ന് റിയാസ് വിളിക്കുന്നു - പുസ്തകങ്ങള്‍ ഏതൊക്കെ വാങ്ങിക്കൊണ്ടു വരണമെന്ന് ചോദിക്കാന്‍. എം. എന്‍. വിജയന്റെ കിട്ടാവുന്ന എല്ലാ പുസ്തകങ്ങളും എന്ന് പറയാന്‍ തോന്നിച്ചതെന്ത്? 6 പുസ്തകങ്ങളുമാ‍യി റിയാസ് വന്നു. ആറും വായിക്കാത്തവ. വായിച്ച് പരിചയിച്ചതൊന്നും കിട്ടിയില്ല. നന്നായി എന്ന് മനസ്സിലോര്‍ത്തു.

ജനകീയാസൂത്രണത്തെപ്പറ്റിയാണല്ലൊ മാഷ് പറഞ്ഞു നിര്‍ത്തിയത്. ഏതാനും വര്‍ഷം മുമ്പ് മറ്റൊരു മഹാരജാസുകാരന്‍ കൂടിയായ തോമസ് ഐസക് അമേരിക്കയില്‍ നിന്ന് വരും വഴി ദുബായില്‍ ഇറങ്ങിയത് ഓര്‍ക്കുന്നു. അന്ന് അമേരിക്കക്കാര്‍ ജനകീയാസൂത്രണത്രെ 'റിയല്‍ യുട്ടോപ്യ' എന്നു വാഴ്ത്തിയെന്ന് പറഞ്ഞു കേട്ടിരുന്നു. അമേരിക്കക്കാര്‍ സ്തുതിക്കുമ്പോള്‍ അത് സൂക്ഷിക്കണമല്ലോ എന്ന് അന്നേ വിചാരിച്ചതാണ്. പിന്നെ മാഷും കൂട്ടരുമാണ് അതിന്റെ ഉള്ളുകള്ളികള്‍ തുറക്കാന്‍ തുടങ്ങിയത്. സത്യത്തില്‍ ജനകീയാസൂത്രണം എന്തായിരുന്നു? പരീക്ഷണശാല എന്ന ചുളുവില്‍, അധികാരം ജനങ്ങള്‍ക്ക് എന്ന മറവില്‍ കേരളത്തിലെ ഭരണവ്യവസ്ഥയെ തകര്‍ക്കാനുള്ള അരാഷ്ട്രീയ അജണ്ടയായിരുന്നോ അത്? മുള്ളുകൊണ്ട് മുള്ളെടുക്കുന്നതുപോലെ കേരളത്തിന്റെ ഉപദേശീയ ഇന്റഗ്രിറ്റിയെ, അതിന്റെ മാനവികരാഷ്ട്രീയത്തെ ഷണ്ഡവല്‍ക്കരിക്കാനുള്ള ശ്രമം? അറിഞ്ഞും അറിയാതെയും പലരും അതിന് കൂട്ടുനിന്നോ? കാണാപ്പാഠ വിദ്യാഭ്യാ‍സം, അശാസ്ത്രീയം എന്നെല്ലാം ആക്ഷേപിച്ച് ഗണിത അടിത്തറയും മറ്റും തകര്‍ക്കാനുള്ളതായിരുന്നു ഡി.പി.ഇ.പി. വക പ്രകൃതിവിദ്യാഭ്യാസം എന്ന ആരോപണവും ശരിയായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു. (World is Flat എന്ന പുസ്തകത്തില്‍ അടിസ്ഥാന വിദ്യാഭ്യാസ രംഗത്ത് അമേരിക്കയ്ക്ക് സംഭവിച്ച വീഴ്ചകളെപ്പറ്റി പറയുമ്പോള്‍ ഹ്യൂമാനിറ്റീസും ക്രിയേറ്റിവിറ്റിയുടെ പേരിലുള്ള സമ്പ്രദായങ്ങളുമാണ് അമേരിക്കയുടെ അടിത്തറ തകര്‍ക്കുന്നതെന്നും കണക്കിന്റെയും സയന്‍സിന്റെയും ബേസിക്സ് കുത്തിയിരുന്ന് കഷ്ടപ്പെട്ട് പഠിക്കണമെന്നും ഫ്രീഡ് മാന്‍ പറയുമ്പോള്‍ അമ്പട സായിപ്പേ എന്ന് ആരും പറഞ്ഞുപോവും). വിദ്യാഭ്യാസം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ഏല്‍പ്പിക്കാനുള്ള (ഈയിടെ ഏറെ വിവാദമുയര്‍ത്തിയ) നീക്കവും ഒരു ഗൂഡാലോചനയല്ലേ? രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയേണ്ട കുട്ടി ഉടുതുണിയില്ലാതെ നില്‍ക്കുമ്പോള്‍, കുട്ടീ, നീയും നഗ്നനാണെന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരുന്ന ഒരു മനസ്സ് ഇല്ലാതാകുമ്പോള്‍ ബാക്കിയാവുന്നത് angst മാത്രം.

10 comments:

myexperimentsandme said...

സങ്കടത്തില്‍ പങ്ക് ചേരുന്നു. സങ്കടത്തിനുമപ്പുറം:

ഡീപ്പീയീപ്പിയൊക്കെ നല്ലൊരു പരിപാടിയാണെന്നായിരുന്നു ഞാനോര്‍ത്തിരുന്നത്. പക്ഷേ ജപ്പാന്‍‌കാര്‍ക്കും മറ്റും ഇന്ത്യക്കാരുടെ കണക്കിലും മറ്റുമുള്ള മിടുക്കിനെ (കാണാപ്പാഠം പഠിച്ചാണെങ്കിലും) പറ്റിയുള്ള അഭിപ്രായം കാണുമ്പോള്‍ നമ്മുടെ രീതി മോശമല്ലായിരുന്നോ എന്നൊരു കണ്‍ഫ്യൂഷന്‍ ഇപ്പോള്‍. പക്ഷേ പഠനം കാണാപ്പാഠം മാത്രമായി പോകുന്നോ എന്ന സംശയം പിന്നെയും.

വേണു venu said...

ദുഃഖത്തിലെപ്പോഴേ പങ്കു ചേര്‍ന്നു.
രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയേണ്ട കുട്ടി ഉടുതുണിയില്ലാതെ നില്‍ക്കുമ്പോള്‍,
മാഷേ എന്താ പറയുക.
നമിക്കുന്നു...

മൂര്‍ത്തി said...

ജനകീയാസൂത്രണത്തെപ്പറ്റി പ്രൊ.പ്രഭാത് പട്നായിക് എഴുതിയ ഈ ലേഖനം കൂടി നോക്കുക. ഒരു തിയററ്റികല്‍ നോട്ട്..ആദ്യ പാരഗ്രാഫ് താഴെ കൊടുക്കുന്നു.

The ''Peoples' Plan campaign'' in the Indian state of Kerala, which led to the devolution of nearly a third of the Plan outlay of the State to Local Self Government Institutions (LSGIs) to spend on projects of their choice, has of late generated much controversy. Many have even argued that ''decentralization'' is a part of the imperialist agenda and that the Left's adoption of it represents a capitulation (which can be explained only through the ''erroneous'' activities and understanding of some leading Comrades). This entire line of criticism however misses a basic point, namely that the ''decentralization'' proposed by the Left, propagated through the Peoples' Plan campaign, and implemented during the years of LDF rule is fundamentally different from the ''decentralization'' promoted by the World Bank and other imperialist agencies. While the ''decentralization'' agenda of the Left is a means of carrying class-struggle forward, of buttressing the class-strength of the rural poor by developing institutions where they can, in principle, assert themselves directly and hence more effectively, the ''decentralization'' promoted by the imperialist agencies has precisely the opposite objective, of blunting class-struggle, of encouraging a scenario of ''obedient-and-supplicant-villagers-being-patronized-by-NGOs'', and of substituting the concept of the ''Rights'' of the people by the concept of ''Self-Help''. In pushing their agenda, it is in the interests of the imperialist agencies to pretend as if there is no difference between their programme and the Left programme. But for that very reason it is essential for the Left to emphasize in every possible manner the difference between the two agendas, to highlight the specificity of the imperialist agenda, if it is to defeat the latter.

vimathan said...

രാം, ദുഖത്തില്‍ പങ്ക് ചേരുന്നു. താങ്കള്‍ വല്യച്ചനെ കുറിച്ച് എഴുതിയല്ലൊ. അത് ചേന്ദമംഗലത്തെ ടി സി എന്‍ മേനോന്‍ ആണൊ?

Anonymous said...

Dukkhathil pankucherunnu.
Viswanatha Menon vallichchan aano?

Rammohan Paliyath said...

വെല്ലിച്ഛന്‍ ടി.സി.എന്‍. മേനോന്‍

Rammohan Paliyath said...

പട്നായിക് ഇപ്പോള്‍ പ്ലാനിംഗ് കമ്മീഷന്‍ വൈസ് ചെയര്‍മാനല്ലെ? ‘ലെഫ്റ്റ് ഗവണ്മെന്റിന്റെ’ എന്നൊരു അജറ്റീവ് വെയ്ക്കുന്നില്ല. മാവോയുടെ സാംസ്ക്കാരിക വിപ്ലവം (മൂന്നാര്‍) മുതല്‍ സാന്റിയാഗോ മാര്‍ട്ടിന്‍ വരെ നീണ്ടു കിടക്കുന്ന ഒരു അടവുനയം എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. അതുകൊണ്ട് പട്നായിക് പറഞ്ഞതില്‍ ലെഫ്റ്റ് എന്ന പ്രയോഗം വിഴുങ്ങാന്‍ വിഷമം. പ്രത്യേകിച്ചും ഡിപീ‍ഈപ്പി മുതല്‍ പുതിയ തദ്ദേശസ്വയംഭരണക്കാരെ വിദ്യാഭ്യാസമേല്‍പ്പിക്കാനുള്ള നീക്കം വരെ പരിഗണിക്കുമ്പോള്‍. റൈറ്റ് ചെയ്യുന്നത് എങ്ങനെ റൈറ്റാവും?

Anonymous said...

A question regarding your concern about Thomas Isaac's programme.

Why do US try to domolish india's expertise in Basics of Maths & Science, as they are not strong in it and they need India's resources in these areas for thier advancement?

umbachy said...

നഗ്നനാരികള്‍
(എഴുത്താശാന്റെ പേര് മറന്നോയി)
മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍
വന്നു തുടങ്ങിയ ആഴ്ച മാഷെ വീട്ടില്‍ ചെന്ന്
കണ്ടിരുന്നു,
മാതൃഭൂമി ആഴ്ചപ്പതിപ്പും കാഴ്ചപ്പതിപ്പായി
എന്നു തമാശിച്ചപ്പോള്‍
മാഷ് എഴുന്നേറ്റു പോയി
വലിയ രണ്ട് ഇംഗ്ലീഷ് കിതാബുകള്‍
എടുത്തു വന്നു,
വായിച്ച് അര്‍ത്ഥം പറയാന്‍ തുടങ്ങി..
മനുഷ്യ ലൈംഗികതയെ
സാമ്രാജ്യത്വ ലൈംഗികത തനിക്കാക്കി
വെടക്കാക്കുന്നതിനെ പറ്റിയായിരുനു അന്നത്തെ
വര്‍ത്തമാനം മുഴുവനും.
സാരി നീ ചെരിച്ചേറ്റിപ്പോകെ
നിന്‍ മൃദുരോമചാരുവാം കണങ്കാല്‍
കണ്ടെനിക്ക് പാവം തോന്നി,
എന്ന വരികള്‍ മൂളി
കണ്ണീര്‍പ്പാടത്തും അന്നിറങ്ങി.

Rammohan Paliyath said...

desmond morris ആണ് naked ape-ഉം naked woman-ഉം എഴുതിയത്. അതും സാമ്രാജ്യത്വമാണെന്നാണൊ മാഷ് പറഞ്ഞെ? എന്റെ പരിമിതമായ അറിവുവെച്ച് മോറിസ് പുലിയാ. പുപ്പുലി. കിത്താബ്സ് രണ്ടും ഇവിടെ കയ്യിലുണ്ട് ഉമ്പേ

Related Posts with Thumbnails