Thursday, August 23, 2007

ദുബായില്‍ ഒരു ചായക്കുറി


അമ്മവീട്ടിലെ ഒരു വെക്കേഷന്‍ കാലത്ത് ആദ്യവും അവസാനവുമായി ഒരു ചായക്കുറിയില്‍ പങ്കെടുത്ത സന്ധ്യ കഴിഞ്ഞിട്ട് ഇപ്പോള്‍ മുപ്പതുവര്‍ഷമെങ്കിലും കഴിഞ്ഞുകാണും. ഊക്കന്‍ അയ്യപ്പന്‍ അയാളുടെ പുരമേയാനുള്ള പണമുണ്ടാക്കാനായിരുന്നു ആ‍ ചായക്കുറി നടത്തിയത്. “വാ, മ്മ്ക്ക് അയ്യപ്പന്റെ ചായക്കുറിക്ക് പോയിട്ട് വരാം,” തെക്ക് ന്ന് വെക്കേഷനു വന്ന മരുമകനെ ചായക്കുറിക്കു പോകുമ്പോള്‍ കൂടെക്കൂട്ടാമെന്ന് കേശാമ കരുതിയതെന്താണാവോ? ഗോവിന്ദന്റെ ചായക്കടയിലെ ബെഞ്ചിലിരുന്ന് നാട്ടുവിശേഷങ്ങള്‍ പറഞ്ഞുകൊണ്ട് കുറെ ആളുകള്‍ പരിപ്പുവടയും ഉഴുന്നുവടയും ചായയും കഴിച്ചു (കുഞ്ഞായിരുന്ന എനിക്ക് പപ്പടവടയും സുഖിയനും വെള്ളച്ചായയും). പിന്നെ ഓരോരുത്തരായി എഴുന്നേറ്റ് ഗോവിന്ദന് പൈസ കൊടുത്ത് സ്ഥലം കാലിയാക്കി.

 “ഇന്തെന്ത് ചായക്കുറി” ഞാന്‍ ചോദിച്ചു. “ഇവരെല്ലാം കൊടുത്ത പൈസ അയ്യപ്പനുള്ളതാ. ഗോവിന്ദന്റെ വക അയ്യപ്പന് നല്ലൊരു ഡിസ്ക്കൌണ്ടും കിട്ടും. അങ്ങനെ അയാള്‍ പെര മേയും,” കേശാമ പറഞ്ഞു തന്നു. കടമല്ല, തിരിച്ചുകൊടുക്കേണ്ട, ദാനം സ്വീകരിക്കുകയാണെന്ന ദുരഭിമാനവും വേണ്ട. ചായക്കുറിയുടെ നന്മകളുണ്ടായിരുന്നെങ്കില്‍ കുടുംബആത്മഹത്യകള്‍ പെരുകുമായിരുന്നോ? ചായക്കുറി കണ്ടുപിടിച്ചതാര്? ബംഗ്ലാദേശിലെ ഗ്രാമീണ്‍ ബാങ്ക് വിപ്ലവത്തിന് മുഹമ്മദ് യൂനുസിന് നോബെല്‍ പ്രൈസ് കൊടുത്ത സ്ഥിതിക്ക് ചായക്കുറി കണ്ടുപിടിച്ചയാള്‍ക്ക് എന്തു കൊടുക്കണമായിരുന്നു?

ദുബായിലെ കൂടിക്കൊണ്ടിരിക്കുന്ന വാടക പേടിച്ച് ഷാര്‍ജയിലേക്കോടുന്ന ജിഷി സാമുവല്‍ വീടുമാറ്റച്ചെലവുകള്‍ (പ്രധാനമായും മൂന്നു മാസവാടക അഡ്വാന്‍സ് ) മീറ്റ് ചെയ്യുന്നതിനായി ഒരു കുറിക്കല്ല്യാണം നടത്തണമെന്നു പറാഞ്ഞപ്പോഴാണ് കണ്ടാണശ്ശേരിക്കാരുടെ ചായക്കുറി ഓര്‍ത്തത്. കോഴിക്കോട്ടുകാര്‍ക്ക് അത് കുറിക്കല്ല്യാണമെന്ന് ഇപ്പോളറിഞ്ഞു. മലപ്പുറത്തിതിന് പണപ്പയറ്റെന്നാണ് പറയുന്നതെന്നും ജിഷി തന്നെ പറഞ്ഞു തന്നു. അപ്പോളാണ് ഞങ്ങളുടെ ചായക്കുറിക്ക് മാത്രമുള്ള ഒരു വിശേഷം ഞാന്‍ ജിഷിക്ക് പറഞ്ഞുകൊടുത്തത്. ചായകുടി കഴിഞ്ഞ് പണം കൊടുക്കുമ്പോള്‍ ചായക്കടക്കാരന്‍ തുക എത്രയാണെന്ന് വിളിച്ചു പറയും. (‘പാലിയത്ത് കേശവന്‍ നായര്‍ മുപ്പതു രൂപ’ എന്ന് ചെവിയിലിപ്പോളും മുഴങ്ങുന്നു). അതുകൊണ്ട് ഒരു ഗുണമുണ്ട് - പിശുക്കന്മാരും ഒന്ന് കയ്യയക്കും. ഇതെല്ലാം കുറുമാലിപ്പുഴയ്ക്ക് തെക്ക് കേട്ടുകേള്‍വിപോലുമില്ലാത്ത കാര്യങ്ങളാണെന്നും രേഖപ്പെടുത്തേണ്ടിയിരിക്കുന്നു.

9 comments:

കുട്ടന്‍സ്‌ | S.i.j.i.t.h said...

ഉത്തരമലബാറിലെ ഗ്രാമങ്ങളില്‍ ഇത്തരത്തിലുള്ള പണപയറ്റുകള്‍ പതിവായിരുന്നൂ..നവീന പേര്‍സണല്‍ ലോണുകളേക്കാളും,റെഡി ക്രെഡിറ്റ് ലോണുകളേക്കാളും,നാട്ടിന്‍പുറങ്ങളില്‍ സജീവവമാവുന്ന പാണ്ടി ബ്ലേഡുകളേക്കാളും ഒക്കെ വളരേയധികം നല്ലത്..

ഒരു മൈക്ക് സെറ്റും,മേശയും,സ്റ്റൂളും,കുറേ ചായഗ്ലാസ്സുകളും,പേരെഴുതി കാശിടാന്‍ അടുക്കിവെച്ചിരിക്കുന്ന ചെറിയ കവറുകളും ..പേരാമ്പ്രയിലെ തറവാട്ട് വീട്ടില്‍ നടന്ന പണപ്പയറ്റ് ദൃശ്യങ്ങള്‍ ഇപ്പോഴും മനസ്സിലുണ്ട്..
അച്ചച്ചന്റെ പഴയ ഡയറികളിലൊന്നില്‍ അടുത്തിടെ കണ്ട പയറ്റ് കണക്കുകള്‍ ഓര്‍മ്മയിലേക്ക് വന്നത് യാദൃശ്ചികമാവാം..
എത്രയോ കല്യാണങ്ങള്‍,എത്രയെത്ര പുരമേയലുകള്‍,എത്രയെത്ര കുടുംബങ്ങള്‍ രക്ഷപ്പെട്ടിട്ടുണ്ടാവണം..

മൊബയിലും,ചാനലും,ഇന്റര്‍നെറ്റും,സാന്‍‌ട്രോ കാറും,മെട്രോ റെയിലും ഒന്നും ഇല്ലാത്ത ആ കാലങ്ങളൊക്കെയായിരുന്നൂ നല്ലതെന്നു തോന്നുന്നൂ..

myexperimentsandme said...

ചായക്കുറി ആദ്യമായിട്ട് കേള്‍ക്കുന്നു. ഇത് പുനരുജ്ജീവിപ്പിച്ചാലെന്താ? പറ്റുമോ?

പതിവുപോലെ ആ പടം മീറ്റര്‍ ചായയെ ഓര്‍മ്മിപ്പിച്ചു. മലയാളിക്ക് ആഗോളവ്യാപകമായി മാര്‍ക്കറ്റ് ചെയ്യാന്‍ പറ്റിയ സംഗതി-ചായയടി. ആലപ്പുഴക്കാരും പാലക്കാടുകാരും ചേര്‍ന്ന് ജപ്പാനില്‍ ഇപ്പോല്‍ തന്നെ ഇറക്കി സംഗതി. ചായ ഓര്‍ഡര്‍ ചെയ്താല്‍ സംഗതി നമ്മുടെ അടുത്ത് കൊണ്ടുവന്ന് അടിച്ച് തരും. മീറ്റര്‍ ചായ ഉണ്ടാവുന്നത് കണ്ട് ജപ്പാന്‍ കാരൊക്കെ വണ്ടറടിച്ചിരിക്കുന്നു. ഇവിടെ കാണാം.

'ങ്യാഹഹാ...!' said...

nice

വക്കാരിച്ചന്‍,

ആ കേരള ഹോട്ടല്‍ ലിങ്കിനു നന്ദി.. ഒരു പുതിയ അറിവ്‌,

'ങ്യാഹഹാ...!'

Cibu C J (സിബു) said...

കോഴിക്കോട് ആറീസി കാലത്ത്‌ പരിചയമുണ്ടായിരുന്ന കുറിക്കല്യാണം തന്നെയാണ് ഈ ചായക്കുറി എന്നു തോന്നുന്നല്ലോ.. അവിടെ കൂടെ ഉച്ചത്തില്‍ പാട്ടും വച്ചിട്ടുണ്ടാവും. ആഴ്ചയില്‍ മൂന്നുനാലെണ്ണം വീതം കേട്ടിരുന്നു അടുത്തുള്ള ചായക്കടയില്‍ നിന്നും.

Cibu C J (സിബു) said...

ഓരോപോസ്റ്റിന്റേയും കൂടെയുള്ള ചിത്രങ്ങള്‍ ഇതിനെ എന്തു മനോഹരമാക്കുന്നു എന്ന്‌ പറയാതെ വയ്യ.

Rammohan Paliyath said...

നെറ്റിലൂടെ ചായക്കുറി നടത്താം. ചായയുണ്ടാവില്ല. കാര്‍ഡുവഴിയോ പേപാല്‍ വഴിയോ മറ്റോ കാശ് കൊടുക്കാം. ബ്ലോഗ് ലോക കാരുണ്യത്തിന്റെ മറ്റൊരു എക്സ്റ്റെന്‍ഷന്‍. മലബാറിലും വടക്കന്‍ കൊച്ചിയിലും പല പേരുകളില്‍ പല മോഡസ് ഓപ്പറാണ്ടികളില്‍ ഇത് നടന്നിരുന്നു. സ്പിരിറ്റ് സെയിം തന്നെ.

myexperimentsandme said...

ഞാന്‍ ചുമ്മാ ഒരു മോഡലീസാ ഓപ്പറാണ്ടിക്ക ആലോചിക്കുകയായിരുന്നു.

നമ്മള്‍ ഒരു ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്താന്‍ തീരുമാനിക്കുന്നു (ഈബേ, അമേയ്സണ്‍, ആമസോണ്‍...). ഒരേ സാധനത്തിന്റെ വില 30, 35, 40, 45 ഡോളറുകളാണ്-പല കച്ചവടക്കാരുടെ പല വിലകള്‍. സാധാരണ ഗതിക്ക് നമ്മള്‍ 30 ഡോളറിന് കിട്ടുന്ന സ്ഥലത്തുനിന്നും സാധനം വാങ്ങും. പക്ഷെ അതിനുപകരം നമ്മള്‍ 35 ഡോളറിന് സാധനം വാങ്ങുന്നു - എന്നിട്ട് 5 ഡോളര്‍ എന്തെങ്കിലും നല്ല കാര്യത്തിന് ചിലവാക്കുന്നു.

ഇതുപോലാണോ അത്?

Rammohan Paliyath said...

ബ്ലോഗിന്റെ പേരാണ് വളിപ്പുകള്‍

myexperimentsandme said...

അപ്പം എന്റെ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഓഫ് ടോപ്പിക്കായില്ല എന്നര്‍ത്ഥം :)

Related Posts with Thumbnails