Sunday, August 26, 2007

കേരളം ഒരു ബ്രാന്‍ഡാലയം


അയിത്തം തുടങ്ങിയ സങ്കല്‍പ്പിക്കാനാവാത്ത വിധം ഭീകരമയ അനാചാരങ്ങളാല്‍ ചീഞ്ഞുനാറിയിരുന്ന ജാതിവ്യവസ്ഥ കണ്ടിട്ടാണ് വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയം എന്നു വിളിച്ചത്. വര്‍ഷങ്ങള്‍ക്കുശേഷം മറ്റൊരു ജാതിവ്യവസ്ഥ കേരളത്തെ ഭ്രാന്താലയമാക്കിക്കൊണ്ടിരിക്കുന്നു - ബ്രാന്‍ഡുകളുടെ ജ്യാതിവ്യവസ്ഥ. ഈ ബ്രാ‍ന്‍ഡാലയത്തില്‍ ജാതികളുടെ നില മാറി മറിയുമെന്നതുമാത്രമാണ് ഒരു വ്യത്യാസം. ഉദാഹരണത്തിന് കാര്‍ ജാതിയിലെ സവര്‍ണനായിരുന്ന മാരുതി എയ്റ്റ് ഹണ്ട്രഡ് ഇപ്പോള്‍ താഴെപ്പോയി. ബ്രാഹ്മണനോ ക്ഷത്രിയനോ ആകണമെങ്കില്‍ ഹോണ്ടാ അക്കോഡെങ്കിലും വേണം. ഇങ്ങനെ സ്വന്തമായുള്ള ബ്രാന്‍ഡുകളാണ് ഒരാളുടെ സോഷ്യല്‍ സ്റ്റാറ്റസ്സും അതുവഴി പഴയ ജാതിവ്യവസ്ഥ വഴി നിര്‍ണയിക്കപ്പെട്ടിരുന്ന സ്ഥാനമാനങ്ങളും കാട്ടിത്തരുന്നത്. അത്ഭുതകരമായ സംഗതി അതല്ല - വെളുത്തേടനോ വെളക്കത്തലയോ എന്നെല്ലാം ചോദിച്ചിരുന്ന ഉപജാതികള്‍പോലും വ്യക്തം. ജാതി നോക്കിയയായിട്ട് കാര്യമില്ല, 3310, എന്‍ എന്ന അമ്പലവാസി വര്‍ഗം, കമ്മ്യൂണിക്കേറ്ററില്‍ അവസാനിക്കുന്ന വെള്ളായ്മ. ഇങ്ങനെ ഏത് കാറ്റഗറിയിലും സവര്‍ണ, അവര്‍ണ ബ്രാന്‍ഡ് ഉടമസ്ഥതകള്‍ പുതിയ വേര്‍തിരിവുകളുണ്ടാക്കുന്നു. നിങ്ങളുടെ മൊബൈല്‍ ഏത് മോഡല്‍? നോക്കിയ എന്നു പറഞ്ഞാല്‍പ്പോരാ, മോഡല്‍ നമ്പര്‍ കൂടി പറയണം. ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ...

ഡ്യൂറോഫ്ലെക്സ്റ്റിന്റെ കിടക്കയിൽ കിറ്റെക്സിന്റെ വിരിപ്പിൽ ഉറക്കെമെണീറ്റ് കെ.എസ്. എടുത്തുകളഞ്ഞ് നെസ്കാപ്പി കുടിച്ച് പ്യാരിവെയറിലിരുന്ന് കോൾഗേറ്റ് തേച്ച് പാരഷൂട്ട് തേച്ച് ലക്സ് തേച്ച് ഈസ്റ്റേൺ പുട്ടും മിൽമ കണ്ണന്ദേവൻ ചായയും കഴിച്ച് വിഐപിയും അലൻ സോളിയും ഇൻഡിഗോ നാഷനുംബാറ്റയും ധരിച്ച് ഹീറോ ഹോണ്ടയിൽ ഇറങ്ങുന്നതിന്റെ പേരും ജീവിതം എന്നായതുകൊണ്ട് Life is what happens to us while we are busy making plans എന്ന മഹദ്വചനം Life is what happens to us while we are busy consuming some brands എന്നോ while we are being busily consumed by some brands എന്നോ തിരുത്തുകയായിരിക്കും ഈ സന്ദർഭത്തിൽ അഭികാമ്യം.

8 comments:

chithrakaran ചിത്രകാരന്‍ said...

ശരിയാണു സുഹൃത്തേ... പണപൊങ്ങച്ചത്തിന്റെ അടുക്കുകള്‍ വളരെ വ്യക്തമായി പ്രകടിപ്പിക്കപ്പെടുന്നത് കാറുകളുടെ ബ്രാന്‍ഡിലും മൊബൈലിലുമായിരിക്കുന്നു. അതുകോണ്ട് ജാതിക്കയറ്റം കിട്ടാന്‍ ഇപ്പോള്‍ കാറും ഫോണും മാറ്റിക്കോണ്ടിരിക്കണം. മുന്‍പ് ഇത് പുതിയ വീടിന്റെ നിര്‍മാണ പൊങ്ങച്ചത്തിലായിരുന്നു. പക്ഷേ വീട് ചുമന്നു നടക്കാവുന്ന ജാതി ബ്രാന്‍ഡ് അല്ലാത്തതിനാല്‍ പരിമിതിയുണ്ടായിരുന്നു.
കാറുകളുടെ മലവെള്ളപ്പാച്ചില്‍ തുടങ്ങിയതോടെ ആ പ്രശ്നം മാറിക്കിട്ടി.
പക്ഷേ ... പഴയ ജാതിഭ്രാന്ത് തന്നെയാണ് കേമന്‍ അതു മാറ്റാന്‍ കഴിയുമായിരുന്നില്ല...
ഭീകരം...!!
താങ്കള്‍ക്ക് ചിത്രകാരന്റെ ഓണാശംസകള്‍ !!!

myexperimentsandme said...

സൈക്കിളിലുമുണ്ടായിരുന്നു ജാതിവ്യവസ്ഥ. ബി.എസ്.എ തിളങ്ങുന്ന സ്റ്റിക്കറൊക്കെയുള്ള സവര്‍ണ്ണ മുന്നോക്ക സൈക്കിളായിരുന്നു. ഹീറോ അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും (ശരിക്കും അദ്ധ്വാനിക്കണമായിരുന്നു, ഹീറോ ചവിട്ടാന്‍, നല്ല ചവിട്ട് ഭാരം). ഇതിനിടയ്ക്ക് മധ്യവര്‍ഗ്ഗത്തിന്റേതായി ഹെര്‍ക്കുലീസും.

ബസ്സുകളില്‍ ലൈലാന്‍ഡായിരുന്നു മുന്നോക്കക്കാരന്‍. ടാറ്റാ പിന്നോക്കത്തിന്റേതും. പിള്ളയുടെ കൊട്ടാരക്കര ഡിപ്പോയില്‍ ലൈലാന്‍ഡിന്റെ കേയെസ്സാര്‍ട്ടീസീയേ ഉണ്ടാവുമായിരുന്നുള്ളൂ. ചില ഡിപ്പോകളില്‍ ടാറ്റാ മാത്രവും. പക്ഷേ ഇതിനിടയ്ക്ക് പത്രാസുമായി വോളോവോ വന്നപ്പോള്‍ ജാതിവ്യവസ്ഥ പുനര്‍‌നിര്‍വ്വചിക്കപ്പെട്ടു.

Unknown said...

അതെയതെ. പണ്ട് 8085 ആയിരുന്ന പ്രോസസറുകളെല്ലാം പി 1 വന്നപ്പൊ കീഴ്ജാതിയായി. പിന്നെ വന്ന് വന്ന് ഇപ്പൊ കോര്‍ റ്റൂ ഡുവോയും ഏ എം ഡി അത്‌ലോണ്‍ 64 ബിറ്റ് മാത്രം സവര്‍ണ്ണ പ്രോസസറുകളും, ബാക്കിയെല്ലാം താഴേക്കിടയിലുള്ള അവര്‍ണ്ണ അടിമത്തത്തിന്റെ പ്രതീകങ്ങളുമായി. ഈ വ്യവസ്ഥ മാറണം. 8085 ന്റെ സ്പീഡ് കൂട്ടി കോര്‍ റ്റൂ ഡുവോയ്ക്കൊപ്പം എത്തിക്കണം.

ബൂലോകര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍...

ദിവാസ്വപ്നം said...

:-)

കടവന്‍ said...

8086 ന്റെ സ്പീഡ് കൂട്ടി കോര്‍ റ്റൂ ഡുവോയ്ക്കൊപ്പം എത്തിക്കണം,,,ഹല്ല പിന്നെ

Rammohan Paliyath said...

മാതൃഭൂമിയിൽ വന്ന ഈ കുറിപ്പിന്റെ പൂർണരൂപം ഇവിടെ:
http://paliyath.googlepages.com/cover.jpg
http://paliyath.googlepages.com/pg1.jpg
http://paliyath.googlepages.com/pg2.jpg
http://paliyath.googlepages.com/pg3.jpg
http://paliyath.googlepages.com/pg4.jpg

ചന്തു said...

വളരെ താമസിച്ചാണു കണ്ടത്.വളരെനല്ല നിരീക്ഷ്ണം.

ബിനീഷ്‌തവനൂര്‍ said...

kindly give a link its mathrubhumi print jpeg or other scanned copy file.

Related Posts with Thumbnails