Tuesday, August 28, 2007

നിങ്ങള്‍ ഒരു മീനായിരുന്നെങ്കില്‍


നിങ്ങള്‍ ഒരു മീനായിരുന്നെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ സൈസിനെപ്പറ്റിയായിരിക്കുമോ അതോ നിങ്ങള്‍ ജീവിക്കുന്ന ജലാശയത്തിന്റെ സൈസിനെപ്പറ്റിയായിരിക്കുമോ വ്യാകുലപ്പെടുക? നിങ്ങള്‍ ഏറ്റവും വലിയ സ്വര്‍ണമത്സ്യമായാലും ഒരു അക്വേറിയത്തിലാണ് വാസമെങ്കിലോ? നിങ്ങള്‍ മഹാസമുദ്രത്തിലെ ഒരു കൊഴുവ (എലിയാസ് ചൂട എലിയാസ് നത്തോലി)യായി ഒരു സ്രാ‍വിന്‍ കുഞ്ഞിന് സെറിലാക്കാവുമോ? അല്ലെങ്കില്‍ അതിന്റെ തള്ളയായി ഫിഷിംഗ് ബോട്ടിനുള്ളിലെത്തി പിടയ്ക്കുമോ? നിങ്ങള്‍ ഏത് മീനാണ്? കുളങ്ങള്‍ ഇല്ലതായിക്കൊണ്ടിരിക്കുന്ന മലയാളത്തിലെ ഒരു എന്‍ഡേഞ്ചേഡ് മാനത്തുകണ്ണിയോ (പൂച്ചുട്ടി)? അതോ ബക്കറ്റുകള്‍ മുങ്ങിക്കുളി നിര്‍ത്തിയ ഒരു കിണറ്റിലെ വട്ടനോ (എലിയാസ് വട്ടൂറി. ബ്രാലില്ലാത്ത കുളത്തില്‍ വട്ടന്‍ രാജാവ് എന്ന് പഴമൊഴി). കളമശ്ശേരി പ്രീമിയര്‍ ജംഗ്ഷനില്‍ ‘ഉണ്ണിമേരി ഉണ്ണിമേരി’ എന്ന് വിളിച്ച് വില്‍ക്കപ്പെടുന്ന നിരത്തിക്കിടത്തിയ കിളിമീന്‍ (പുതിയാപ്ലക്കോര എലിയാസ് സുല്‍ത്താന്‍ ഇബ്രാഹിം) കൂട്ടങ്ങളില്‍ നിങ്ങള്‍ക്ക് വ്യക്തിത്വം നഷ്ടപ്പെടുമോ? ബ്ലാങ്ങാട്ടെ മണല്‍പ്പുറത്ത് നിങ്ങള്‍ ഉപ്പില്‍ക്കുളിച്ച് വെയില്‍ കൊള്ളുകയാണോ? അതോ നിങ്ങളെ ടിന്നില്‍ വാങ്ങാന്‍ കിട്ടുമോ? എവിടെയാണ് നിങ്ങള്‍?

6 comments:

simy nazareth said...

നല്ല അഴുക്കവെള്ളത്തിലാറാളെപ്പറ്റിക്കുന്ന വരാല്‍ (ബ്രാല്‍)

ദേവന്‍ said...

ഞാന്‍ ഒരു ആഫ്രിക്കന്‍ മുഷി (clarias gariepinus) ആണ്‌. ചുറ്റുമുള്ള സകലതും, ശക്തി കുറഞ്ഞ സഹോദരങ്ങളെവരെ തിന്നൊടുക്കുന്നവന്‍.

Visala Manaskan said...

കടു!

Rasheed Chalil said...

അക്വേറിയത്തിലാണെങ്കില്‍ വെറുതെ പുറത്തേക്ക് നോക്കികിടക്കാം(യിരിക്കാം).

valmeeki said...

വ്യാകുലതേ, മീനിനെയെങ്കിലും വെറുതെ വിട്ടുകൂടെ. ആവശ്യത്തിന് മാനവജന്മമുണ്ടല്ലോ

രാമചന്ദ്രന്‍ said...

ഒരുമീനായിരുന്നെങ്കില്‍- ചൂണ്ടയില്‍ കൊരുക്കാന്‍ ചുണ്ടും പിളര്‍ത്തി തെക്കു വടക്ക്
കിഴ്ക്കു പടിഞ്ഞാറ് ഞെട്ടിത്തിരിഞ്ഞ് നേട്ടോട്ടം നീന്തിയേനെ, അല്ലെങ്കില്‍ വലയില്‍, അതുമല്ലെങ്കില്‍ ഒഴുക്കിനെതിരെ നീന്തി ഒരു കുരുത്തിയില്‍..

എന്നിട്ട് എണ്ണയില്‍ പൊരിഞ്ഞ് മൊരിഞ്ഞ്, വൈനും ഉമിനീരുമായി കലര്‍ന്ന് ഏതെങ്കിലും കോമളാങ്കിയുടെ, ചുണ്ടു വഴി, തൊണ്ട വഴി, കരള്‍ വഴി...
ഇല്ല്യ-യാത്ര അവിടെ നിക്കട്ടെ..

നടക്കാത്ത മല്‍സ്യാവതാര സ്വപ്നം



Related Posts with Thumbnails