
ഏതെങ്കിലും ഒരു ലോകനേതാവ് ചത്താല്‍ അയാളുടെ മുള്ളീപ്പത്തെറിച്ച മലയാളി കണക്ഷന് (അയാള്ടെ ഡ്രൈവര്‍ടെ അനിയന് കണാരേട്ടന്റെ സുഹൃത്തിന്റെ ഓര്‍മക്കുറിപ്പുകള്‍), ഏതെങ്കിലും ദേശീയനേതാവ് കേരളം സന്ദര്‍ശിക്കാന്‍ വന്നാല്‍ അയാളുടെ പഴയ കുക്കിന്റെ പയറുകൊണ്ടാട്ട സ്മൃതികള്‍... ഇതെല്ലാം മനോരമയുടെ മാത്രം വളിപ്പുകളായിരുന്നു പണ്ട്. ഇപ്പോ ടീവി ചാനലുകളും മത്സരരംഗത്തുള്ളതുകൊണ്ട് എല്ലാവരും പൈങ്കിളികളായി. അങ്ങനെ ഫസ്റ്റ് കാഷ്വാലിറ്റി ബികംസ് ജെനൂയിന്‍ വാര്‍ത്ത. സത്യമോ അസത്യമോ ആകട്ടെ, വളച്ചൊടിച്ചതോ വെള്ളം ചേര്‍ത്തതോ ആകട്ടെ, 'വാര്‍ത്ത' വിപണിയിലിറക്കാന്‍ മത്സരിക്ക് ചേട്ടന്മാരേ. അല്ലാത്തതെല്ലാം പരമബോറ്. ബോറ് മാത്രമല്ല പലപ്പോഴും ഡെയ്ഞ്ചറ്.
ആദ്യമായി ഒരു സക്സസ്ഫുള്‍ നാഷണല്‍ പ്ലെയറെ കിട്ടിയതുകൊണ്ടാകാം നമ്മുടെ മീഡിയ ശ്രീശാന്തിനെ സംബന്ധിച്ച എന്തും ആഘോഷിക്കുന്നത്. ട്വന്റി ട്വന്റി ഫൈനല്‍. ശ്രീശാന്തിന്റെ വീട്ടുകാരെ സമാധാനമായൊന്ന് കളി കാണാന്‍പോലും സമ്മതിക്കാതെ പല ചാനലുകാരും പത്രക്കാരും ക്യാമറാ സംഘങ്ങളുമായി അവിടെ തമ്പടിച്ചിരിക്കുന്നു. അത് ക്ഷമിക്കാമെന്നു വയ്ക്കാം. അതിനിടയില്‍ ഗോവണിയിറങ്ങിവരുന്ന ശ്രീശാന്തിന്റെ അമ്മയുടെ ഷോട്ട്. അവര്‍ കളി കണ്ടില്ലത്രെ. മകന് ബോള്‍ ചെയ്യുമ്പൊ ടെന്‍ഷന്‍ സഹിക്കാതെ അവര്‍ പൂജാമുറിയിലായിരുന്നുപോലും. പൂജാമുറിയിലിരിക്കുന്നതും പൂജിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതുമെല്ലാം തികച്ചും പെഴ്സണലായ കാര്യങ്ങളല്ലെ? അത് വാര്‍ത്തയാക്കുന്നത് അവരുടെ സ്വകാര്യതയില്‍ കൈകടത്തലല്ലേ? അതിനേക്കാള്‍ മോശം അതിന്റെ റിലിജിയസ് കോണൊട്ടേഷനാണ്. എല്ലാ അമ്മമ്മാരും പൂജിച്ചോളുവെന്നൊ പൂജിച്ചേ പറ്റുവെന്നോ ഒക്കെയുള്ള ധ്വനി (മാനസനിളയില്‍). ചാനലുകാരോട് മത്സരിക്കാന്‍ പത്രക്കാര് ഇനി എന്തു ചെയ്യും? നേര്‍ച്ചകളുടെ രശീതികള്‍ അടിച്ചുമാറ്റി സ്കൂപ്പാക്കും. അമ്മയെ വരെ (മറ്റേ അമ്മയെ) ഇത്തരം താരങ്ങള്‍ ആരാധിക്കുന്നുണ്ടാവും. അമ്മയുടെ ചാനലില്‍ അത് കാട്ടിക്കൊട്ടെ. സാധാമാധ്യമങ്ങളും ആ വഴി പോണോ? അര്‍പ്പണ ബോധത്തിന്റെയും കായികക്ഷമതയുടേയുമെല്ലാം മോഡലുകളാക്കേണ്ടവരെ മതങ്ങളുടേയും ആള്‍ദൈവങ്ങളുടേയും പരസ്യങ്ങളിലെ മോഡലുകളാക്കുന്നത് ക്യാമറയുടെ അര്‍ത്ഥമറിയാത്തവരാണ്. ചിലതിനെല്ലാം മറ വേണം. ക്യാ-മറ എന്ന് വിഗ്രഹിക്കുന്നവര്ക്ക് എന്ത് മറ? ശ്രീശാന്തിന്റെ അമ്മ പൂജിക്കട്ടെ. ദാറ്റ് ഈസ് നണ്ണോഫ് മൈ ബിസിനസ്, പ്ലീസ്.