Friday, October 26, 2007

ശുക്ലസഞ്ചി എന്ന മാര്‍ക്കറ്റ് ഇക്കണോമി


കുറേ വാങ്ങലുകാര്‍ക്ക് ഒരു വില്‍പ്പനക്കാരന്‍ മാത്രമുള്ളതിനെ monopoly എന്നു വിളിക്കുമെന്ന് നമുക്കെല്ലാമറിയാം. കേരളത്തില്‍ വൈദ്യുതി കച്ചവടം നടത്തുന്ന കെഎസ്ഈബിയാണ് അധമോദാഹരണം (ഉത്തമന്‍ വല്ലോമുണ്ടോ?). ഇതിന്റെ നേരെ ഓപ്പോസിറ്റ് അവസ്ഥയുമുണ്ട് - കുറേ വില്‍പ്പനക്കാര്‍ക്ക് ഒരു വാങ്ങല്‍കാരന്‍ മാത്രമുള്ള അവസ്ഥ. അതിന്റെ പേര് monopsony. എന്റെ അറിവില്‍ കേരളത്തില്‍ത്തന്നെ അതിനും ഉദാഹരണനുണ്ട്. വയനാട്ടിലെ ചുണ്ടേലിലും മറ്റും സ്ഥിരോത്സാഹികളായ അച്ചായന്മാര്‍ കൃഷി ചെയ്തുണ്ടാക്കുന്ന കൊക്കോ മുഴുവനും വാങ്ങുന്നത് ഒറ്റയൊരാളാണ് - ആഗോളഭീമനായ കാഡ്ബറീസ്.

മൈക്രോസോഫ്റ്റിന്റെ ബണ്ട് ല്‍ കച്ചവടത്തിനെതിരെ യൂറോപ്യന്‍ യൂണിയനില്‍ കേസ് നടക്കുന്നതിനെപ്പറ്റി വായിച്ചപ്പോള്‍ പണ്ടു പഠിച്ച ഈ വാക്കുകള്‍ വീണ്ടും ഓര്‍ത്തു. മൈക്രോസോഫ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കൂടെ വിന്‍ഡോസ് മീഡിയാ പ്ലേയര്‍ കൂടി ചേര്‍ത്ത് (അങ്ങനെ പലതും ചേര്‍ത്ത്) മാര്‍ക്കറ്റിനെ ഒറ്റയ്ക്ക് വിഴുങ്ങാന്‍ ശ്രമിക്കുന്ന മൊണൊപ്പൊളി പൊളിക്കാനായിരുന്നല്ലോ കേസ്. കേസിന്റെ ഏറ്റവും ഒടുവിലത്തെ സ്ഥിതിയെന്താണെന്നറിഞ്ഞില്ല. ഇനി അതെന്തായാലും മാര്‍ക്കറ്റ് ഇക്കണോമിയെ കയറൂരി വിട്ടാല്‍ മാര്‍ക്കറ്റിന് മൊത്തം പൊള്ളും എന്ന് ക്യാപ്പിറ്റലിസ്റ്റുകള്‍ക്ക് മനസ്സിലായത് നല്ല കാര്യം.

അല്ലെങ്കിലും ക്യാപ്പിറ്റലിസ്റ്റുകളെ മാത്രം എങ്ങനെ കുറ്റം പറയും? ഇതിനേക്കാളെല്ലാം ക്രൂരമായ ഒരു മാര്‍ക്കറ്റ് ഇക്കണോമിയിലല്ലേ ഓരോ മനുഷ്യനും സൃഷ്ടിക്കപ്പെടുന്നത്? ശുക്ലസഞ്ചി എന്ന മാര്‍ക്കറ്റ് ഇക്കണോമി! (നിര്‍)ഭാഗ്യവശാല്‍, 100% കയറ്റുമതി യൂണിറ്റായ ഈ മാര്‍ക്കറ്റിനെ മൊണൊപൊളിയാക്കുന്നത് ഈ മാര്‍ക്കറ്റിന്റെ ഒരേയൊരു കയറ്റുമതി മാര്‍ക്കറ്റാണ് - ഗര്‍ഭപാത്രം എന്ന മൊണോപ്സണി. അതെ, ഒരൊറ്റ അണ്ഡം മാത്രം ഒരൊറ്റ പുംബീജത്തെ ഏറ്റുവാങ്ങാന്‍ കാത്തിരിക്കുന്ന മൊണൊപ്പൊളിയുടെയും മൊണൊപ്സണിയുടേയും ഒരു റെയര്‍ കോമ്പിനേഷന്‍ (അവസാനനിമിഷമേ ആര്‍ക്കാണ് - ഏത് പുംബീജത്തിനാണ് - മൊണൊപ്പൊളി എന്നറിയൂ എന്നൊരനിശ്ചിതത്വം ഉണ്ടെന്നൊരു വ്യത്യാസവുമുണ്ട്. എന്തായാലും കയ്യൂക്കുള്ള ഒരേയൊരുത്തന്‍ കാര്യക്കാരനാവുന്ന മൊണോപ്പൊളി തന്നെ ഇത്). മൊണോപ്പൊളിയും മോണോപ്സണിയും ചേര്‍ന്നുള്ള ഈ റെയര്‍ കോമ്പിനേഷനെ എനിയ്ക്കൊരു പേരിടാന്‍ തൊന്നുന്നു - സോളോപ്പൊളി എന്ന്.

ബില്‍ ഗേറ്റ്സിനെ ഞാന്‍ കുറ്റം പറയുകയില്ല. ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ലോക മാര്‍ക്കറ്റ് മൈക്രോസോഫ്റ്റിന്റെ കുത്തകയാവട്ടെ. സെര്‍ച്ച് എന്‍ ജിനുകളും അപ് ലോഡിംഗ് സൈറ്റുകളും ഈ-മെയിലും ഗൂഗ് ളിന്റെ കക്ഷത്തിലിരിക്കട്ടെ. ബോംബെ സിറ്റിയിലെ ഇലക്ട്രിസിറ്റി കച്ചവടം റിലയന്‍സ് ഒറ്റയ്ക്കു തിന്നട്ടെ. ഞാന്‍ ദൈവത്തിനോട് പ്രാര്‍ത്ഥിക്കുന്നത് മറ്റൊരു കാര്യമാണ് - മൊണോപ്പൊളിയുള്ള മാര്‍ക്കറ്റ് കാറ്റഗറികളിലെല്ലാം മോണോപ്സണിയും വേണം. നമ്മുടെ സന്താനോല്‍പ്പാദനച്ചന്തയിലെ ആ കട്ടയ്ക്ക് കട്ടയ്ക്കുള്ള മത്സരവും മത്സരമില്ലായ്മയും പോലെ.

കാഡ്ബറീസിന്റെ ചോക്കലേറ്റ് മുഴുവന്‍ ഒരൊറ്റ കുട്ടി വാങ്ങും. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ മുഴുവന്‍ ഒരൊറ്റ ഡിസ്ട്രിബ്യൂട്ടര്‍ വാങ്ങും. എന്തിന് റീടെയ് ല്‍ മേഖലയില്‍പ്പോലും എല്ലാ കടകളുടേയും ചില്ല് പൊട്ടും - ഒരേ കടല്‍ ഒരേ കടയാവും. കമ്പനികള്‍ക്കോ രാജ്യങ്ങള്‍ക്കോ മേഖലകള്‍ക്കോ വ്യക്തികള്‍ക്കോ മൊണോപ്പൊളികള്‍ വീതിക്കപ്പെടും. മാര്‍ക്കറ്റ് ഇക്കണോമിയുടെ ക്രൂരനിയമങ്ങള്‍ ആര്‍ക്കറിയാം?

11 comments:

-Prinson- said...

കാഴ്ചപാടുകള്‍ക്ക് ഒരു പുതുമയൊക്കെയുണ്ട്..കൊള്ളാം. :)

R. said...

4 ദിവസം മുന്‍പ് M$ പറഞ്ഞു - മതി, ഞങ്ങ ഇനി അപ്പീലിനു പോന്നില്ലാന്ന്. കണ്ടറിയാം ഫര്‍തര്‍ സ്റ്റെപ്സ്!

Jayakeralam said...

A new theme...good writing style
Thank you

-------------------------
സ്നേഹപൂര്‍വ്വം
ജയകേരളം എഡിറ്റര്‍
ജയകേരളം കണ്ട് അഭിപ്രായം അറിയിക്കുമല്ലൊ.
http://www.jayakeralam.com

simy nazareth said...

പുരുഷബീജത്തിനു ഒരു അണ്ഡപാത്രം മാത്രമോ?

ഒരു പുരുഷന്‍ പല സ്ത്രീകളുടെയും കൂടെ ശയിക്കയോ ഒരു സ്ത്രീ പല പുരുഷന്മാരുടെകൂടെയും ശയിക്കയോ ചെയ്താല്‍ ഈ നിയമം എല്ലാം തെറ്റിയില്ലേ?

ഒരേ സഞ്ചിയില്‍ നിന്നും വരുന്ന ബീജങ്ങളുടെയും ഒരേ ഗര്‍ഭപാത്രത്തില്‍ ഉറങ്ങുന്ന അണ്ഡങ്ങളുടെയും ഒരു മത്സരവും ഉണ്ട്.

ഇനിയിപ്പൊ എന്തിനാ സൊളോപ്പൊളി എല്ലായിടത്തും? വെറുതേ ഒരു ചിന്ത എന്നേ ഉള്ളോ?

എന്തായാലും ആ നിയമത്തിനും ഉദാഹരണങ്ങള്‍ ഉണ്ട്. ഇന്ത്യന്‍ ആര്‍മി, റെയില്‍‌വേ തുടങ്ങിയവയുമായി ബന്ധപ്പെട്ട 1 സപ്ലയര്‍ , 1 കണ്സ്യൂമര്‍ ഉദാഹരണങ്ങള്‍. (തിരക്കിപ്പിടിക്കാന്‍ മടി).

വേണു venu said...

പുതുമയുള്ള ചിന്തകള്‍‍. .:)

അരവിന്ദ് :: aravind said...

സ്വാളോ..ഈ പോസ്റ്റിന്റെ ലോജിക് മനസ്സിലായില്ല.

മൊണോപൊളി എന്നാല്‍ കച്ചവടക്കാരനെ സംബന്ധിച്ചാണ്.അല്ലാതെ അത് വില്‍ക്കുകയും വാങ്ങികയും ചെയ്യുന്ന സാധനത്തിനെ വെച്ചല്ല.ആണോ?
ബീജം കയറ്റുമതിയുടെ അവകാശം മൊണോപൊളിയാണ്. റ്റെസ്ട്ട്യൂബ് ഒക്കെയുണ്ടെനിലും മൊണോപോളി മാറി ഒലിഗോപൊളിയൊന്നും വന്നിട്ടില്ല. ബേരിയേര്‍സ് ഓഫ് എണ്ട്രിയോ, ഇകോണമീസ് ഓഫ് സ്കെയിലോ എന്താച്ചാ ആവാം കാരണം.അല്ലാതെ മാര്‍ക്കെറ്റ് ഒന്നിനേയും മൊണോപൊളി ആക്കുന്നില്ല. സപ്ലൈ ആക്കുമായിരിക്കും.

മോണൊപൊളിയും മൊണോപ്‌സണിയും എങ്ങനെ ഒന്നാകും? ഇനി ഒരു വിധത്തില്‍ അതു പോലെ വന്നാല്‍ അതല്ലേ മാര്‍ക്കെറ്റ്? (നേര്‍പ്പിച്ച് പറഞ്ഞാല്‍)

:-)

Rammohan Paliyath said...

പുരുഷബീജത്തിന് ഒരു അണ്ഡപാത്രമല്ലേയുള്ളു, എന്താ സംശയമുണ്ടോ - ഒരു ബാച്ചില്‍ ഒറ്റയൊന്നിന് ഒറ്റ അണ്ഡത്തിലേയ്ക്കേ എത്താന്‍ പറ്റൂ. കാമങ്ങള്‍ കുറേയുണ്ടാവും. അതിന്റെ കാര്യമല്ല പറഞ്ഞത്. ഒരു ബാച്ചിനെയാണ് ഞാന്‍ ഒരു മാര്‍ക്കറ്റായി കല്‍പ്പിച്ചത്. ഒരേ ഗര്‍ഭപാത്രത്തില്‍ അണ്ഡങ്ങളോ? ഒറ്റ അണ്ഡമേ ഉണ്ടാവൂ ഒരു ടൈമില്‍. 28 ദിവസത്തില്‍ ഒറ്റയൊരെണ്ണം. 28 ദിവസത്തില്‍ ഒരു ദിവസം മാത്രം ഇറക്കുമതി സ്വീകരിക്കുന്ന ഒരു തുറമുഖം. റെയില്‍ വേയുടെ സപ്ലയര്‍മാര്‍ക്കൊക്കെ വേണെങ്കില്‍ വേറെ പോയി സപ്ലെ ചെയ്യാമല്ലോ. കാഡ്ബറീസിന്റെ കാര്യത്തില്‍ അതിനൊന്നും സ്കോപ്പില്ല. വറുത്ത് പാലും വെള്ളത്തിലിട്ട് അവനവന്‍ കുടിയ്ക്കുകയേ പിന്നെ നിവര്‍ത്തിയുള്ളൂ.

ദിലീപ് വിശ്വനാഥ് said...

സോളോപ്പൊളി ഇഷ്ടപെട്ടു.

absolute_void(); said...

ഒരു ചെറിയ തെറ്റ് ചൂണ്ടിക്കാണിക്കാനാണ്. മുംബയ് നഗരത്തില് വൈദ്യുതി വിതരണം നടത്തുന്നത് റിലയന്സല്ല. റിലയന്സും ടാറ്റയും സബര്ബുകളിലെ വൈദ്യുതി വിതരണമാണ് നടത്തുന്നത്. നഗരത്തില് BEST അഥവാ ബോംബെ ഇലക്ട്രിക് സപ്ളൈ ആന്റ് ട്രാന്സ്പോര്ട്ട് എന്ന സര്ക്കാര് വക കോര്പ്പറേഷനാണ് നടത്തുന്നത്. മുബൈക്കും സബര്ബുകള്ക്കും പുറത്ത് അത് മഹാവിതരണ് ആണ് നടത്തുന്നത്.

സാല്‍ജോҐsaljo said...

:|

Anonymous said...

remember you translated the book the book translated me? please write to kalavara@gmail.com will be in ernakulam 6th evening, you know who i am; take care and please mail

Related Posts with Thumbnails