Sunday, September 2, 2007

മരണലക്ഷണങ്ങള്‍





ജീവിതലക്ഷണങ്ങളെപ്പറ്റി എഴുതിയതല്ലേ, മരണലക്ഷണങ്ങളെപ്പറ്റി എഴുതാതിരിക്കുന്നത് ശരിയല്ലല്ലോ. അഷ്ടാംഗഹൃദയത്തിലെ വികൃതിവിജ്ഞാനീയം എന്ന അദ്ധ്യായത്തില്‍ വിശദീകരിച്ചിരിക്കുന്ന മുന്നു തരം മരണലക്ഷണങ്ങളുടെ സംഗ്രഹവും മലയാള പരിഭാഷയുമാണ് കുന്നംകുളം പഞ്ചാംഗം പ്രസ്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകം. എന്റെ കയ്യിലിരിക്കുന്നത് കൊല്ലവര്‍ഷം 1126-ല്‍ പുറത്തിറങ്ങിയ എഡിഷന്റെ ഒരു കോപ്പി. സമാഹരണവും വ്യാഖ്യാനവും കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്. രോഗമില്ലാത്തവര്‍ക്കു മരണമടുത്താ‍ലുണ്ടാകുന്ന മരണലക്ഷണങ്ങള്‍, രോഗികളുടെ മരണലക്ഷണങ്ങള്‍, സ്വപ്നങ്ങളിലൂടെയുള്ള മരണലക്ഷണങ്ങള്‍ ഇവയാണ് ഈ മുന്നു തരം. ഇതാ ഒരു സാമ്പ് ള്‍:

മൂര്‍ദ്ധനി വംശലതാദീനാം സംഭവോ, വയസാം തഥാ
നിലയോ, മുണ്ഡതാ, കാകഗൃദ്ധ്രാദേ: പരിവാരണം. (മൂര്‍ദ്ധാവിങ്കല്‍ മുള വള്ളികള്‍ ചെടികള്‍ മുതലായ്തു മുളച്ചുവെന്നും പക്ഷികള്‍ വന്നു കൂടുകെട്ടി എന്നും തല മുഴുക്കെ ക്രോപ്പു ചെയ്തതായും കാക്കകള്‍, പരുന്തുകള്‍ മുതലായ പക്ഷികള്‍ നാലു പുറവും വന്നു വളഞ്ഞതായും സ്വപ്നത്തില്‍ തോന്നിയാല്‍ അവന്റെ ആയുസ്സ് അവസാനിച്ചിരിക്കുന്നു. (സര്‍ റിയലിസത്തില്‍ സാക്ഷാല്‍ ദാലി തോറ്റുപോകുന്ന വിളയാട്ടമാണ് ഇതുപോലെ ഇനിയങ്ങോട്ട്).

ഭാഗ്യവശാല്‍ ഈ പുസ്തകത്തില്‍ ചില നല്ല സ്വപ്നങ്ങളെപ്പറ്റിയും പറയുന്നുണ്ട് (പുസ്തകത്തിന്റെ പേരിനോട് അനീതി പുലര്‍ത്തിയിട്ടാണെങ്കിലും). ഉദാ: ശരീരത്തില്‍ മുഴുവന്‍ രക്തം പുരണ്ടിരിക്കുന്ന രാക്ഷസനെ കാണുന്നവനും, കുട, കണ്ണാടി, വിഷം ഇതുകളെ ലഭിച്ചതായി കാണുന്നവനും വെളുത്ത വസ്ത്രങ്ങളും പുഷ്പ്ങ്ങളും കിട്ടിയതായി കാണുന്നവനും അശുദ്ധമായ ചെളി മുതലായതു പുരണ്ടിരിക്കുന്ന മാങ്ങ മുതലായ ഫലങ്ങളെ സിദ്ധിച്ചതായി തോന്നുന്നവനും ശുഭഫലങ്ങള്‍ ഉണ്ടാകുന്നതാണ്.

ഇവയ്ക്കെല്ലാം പുറമേ നാലാമദ്ധ്യാ‍യമായി ജ്യോതിഷ പ്രകാരമുള്ള മരണലക്ഷണങ്ങളേയും ഈ പുസ്തകം പരിചയപ്പെടുത്തുന്നു. മന:ശ്ശാസ്ത്രം മാസിക ഓര്‍മയുണ്ടോ? അതിലെ ചോദ്യാവലിക്ക് ഉത്തരങ്ങളെഴുതി കിട്ടുന്ന മാര്‍ക്ക് നോക്കിയാല്‍ നൂറില്‍ നൂറ്റൊന്നു പേര്‍ക്കും വട്ടുണ്ടെന്ന് കണ്ടെത്താം, അതുപോലെ തന്നെയാണ് മരണലക്ഷണങ്ങളുടെയും, അല്ല, മരണത്തിന്റെ തന്നെ കാര്യം. ആ പിംഗളകേശിനി ഓരോ ചുവടിലും നമ്മുടെ കൂട്ടുകാരിയല്ലെ?

2 comments:

ശ്രീ said...

നല്ല പോസ്റ്റ്.
പണ്ട് എവിടെയോ വായിച്ചിട്ടുണ്ട്. ഈ അറിവുകള്‍‌ പങ്കു വച്ചതിനു നന്ദി.
:)

രാജേഷ് ആർ. വർമ്മ said...

ഈ വകുപ്പില്‍ പെട്ടതാണെന്നു തോന്നുന്നു ഒരു പുസ്തകത്തിന്റെ ശകലം പണ്ടു വായിച്ചിരുന്നു: "രോമകൂപങ്ങളിലൂടെ ചുവപ്പും പച്ചയും നിറമുള്ള പുഴുക്കള്‍ പുറത്തുവരുന്നതു കണ്ടാല്‍ (സ്വപ്നത്തിലല്ല) മരണം വൈകാതെ സംഭവിക്കും എന്നു മനസ്സിലാക്കണം." ഈ ലക്ഷണം നോക്കി ഡോക്ടറെ കാണാന്‍ പോകണോ എന്നു സംശയിച്ചിരിക്കുന്നവരെക്കുറിച്ച്‌ ആലോചിച്ചുപോയി.

Related Posts with Thumbnails