Monday, September 3, 2007

വെള്ളച്ചോര്‍ ഗുണപാഠം


ഫ്രിഡ്ജിനു മുമ്പുള്ള കാലത്ത് അത്താഴത്തിനു ശേഷം ബാക്കി വരുന്ന ചോറ് കേടു കൂടാതെ സൂക്ഷിച്ചിരുന്നത് വെള്ളമൊഴിച്ചു വെച്ചിട്ടായിരുന്നു. തൃശൂക്കാര് പിറ്റേന്നിതിനെ വെള്ളച്ചോര്‍ എന്നു വിളിച്ചു, തെക്കര്‍ പഴഞ്ചോറെന്നും. രാവിലെ ഇവനെ മോരൊഴിച്ചോ കടുമാങ്ങ കൂട്ടി ഞരടിയോ പച്ചമുളക് കൂട്ടിക്കടിച്ചോ അകത്താക്കുന്നതായിരുന്നു തൃശൂരെ നെല്‍ക്കൃഷി നിലവിലുള്ള പോക്കറ്റുകളില്‍ അടുത്ത കാലം വരെ പ്രാതല്‍. ഇഡ്ഡലി, ദോശ തുടങ്ങിയ വരത്തന്‍ ആഡംബരങ്ങള്‍ പ്രചാരത്തിലായിട്ട് കാല്‍നൂറ്റാണ്ടായിട്ടില്ല. വെള്ളച്ചോര്‍ കഴിച്ചാല്‍ ശരീരം നന്നാവും എന്നൊരു വിശ്വാസം തെക്കും വടക്കും ഒരുപോലെ നിലനിന്നിരുന്നു. അക്കാലത്തെ ഒരു കഥ: തൃശൂര്‍ പടിഞ്ഞാറെക്കോട്ടയിലെ ഒരു പ്രൈമറി സ്ക്കൂള്‍. കറുത്തു മെലിഞ്ഞ പയ്യനെ നോക്കി തമിഴ് ബ്രാഹ്മണനായ ഇംഗ്ലീഷ് മാഷ് പറഞ്ഞു: എടാ, രാവിലെ എന്നും വെള്ളച്ചോറ് ശാപ്പിട്, നിന്റെ ശരീരം നന്നാവും. ഉടനെ പയ്യന്‍: “അത്താഴത്തിനു തന്നെ പൊത്തും പിടിയുമാ സാറേ, പിന്നെ വേണ്ടേ വെള്ളച്ചോര്‍!” കണ്ടര് എന്നു പേരായ ഈ പയ്യന്‍ പിന്നീട് പഠിച്ചു മിടുക്കനായി ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ ഉദ്യോഗസ്ഥനായി, ഡി എഫ് ഒ ആ‍യി ഈയിടെ റിട്ടയര്‍ ചെയ്തു. ഗുണപാഠം: ഉപദേശിക്കാന്‍ എളുപ്പമാണ്. പക്ഷേ ഉപദേശിക്കുന്നതിനു മുമ്പ് ഉപദേശിക്കപ്പെടുന്ന ആളുടെ ഭാഗത്തു നിന്നു കൂടി ഒന്നാലോചിക്കണം.

2 comments:

Visala Manaskan said...

:) ഞാ‍ന്‍ ഉപദേശം നിര്‍ത്തി!

PS(പ്രത്യേക ശ്രദ്ധക്ക്): വെള്ളച്ചോര്‍ കഴിച്ചാണ് ഞാന്‍ പുഷ്ടിമ പ്രാപിച്ചത്.

R. said...

വടക്ക് (മലബാര്‍) ഈ പോഷകവസ്തു 'കുളുത്തത്'(തണുത്തത് എന്നര്‍ത്ഥം) എന്നും ചുരുക്കി 'കുളുത്ത' എന്നും പറഞ്ഞു പോരുന്നു.

Related Posts with Thumbnails