Tuesday, September 4, 2007

മാര്‍കേസിന്റെ മലയാളി പിതാവ്


മാര്‍കേസിനെ മലയാളിയാക്കിയതില്‍ ഏറ്റവും പ്രധാന പങ്കു വഹിച്ചയാളാണ് ഗ്രിഗറി റബ്ബാസ. പക്ഷേ പല മലയാളികള്‍ക്കും ഇങ്ങൊരെ അറിയില്ല. പോര്‍ട്ടുഗീസ്, സ്പാനിഷ് ഭാഷകളില്‍ രചിക്കപ്പെട്ട കൃതികള്‍ ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തുന്ന കാര്യത്തില്‍ മുടി ചൂടിയ മന്നന്‍. ക്യൂബയില്‍ നിന്ന് അമേരിക്കയിലേയ്ക്ക് കുടിയേറിയ ഒരു കുടുംബത്തില്‍ ന്യൂയോര്‍ക്കില്‍ ജനനം. ജുലിയൊ കൊര്‍ത്തസാര്‍, മാര്‍കേസ്, എന്റെ പ്രിയ ജോര്‍ജ് അമാദോ തുടങ്ങിയ ലാറ്റിനമേരിക്കന്‍ ജയന്റ്സിന്റെ മാസ്റ്റര്‍പീസുകള്‍ ഒറിജിനലുകളെ വെല്ലുന്ന മനോഹാരിയതയോടെ ഇംഗ്ലീഷികരിച്ച മാന്ത്രികന്‍. കൊര്‍ത്തസാറിന്റെ ഉപദേശ പ്രകാരം ഏകാന്തതയുടെ നൂറു വര്‍ഷം റബ്ബാസയെക്കൊണ്ട് ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിക്കിട്ടാന്‍ വേണ്ടി മാര്‍കേസ് 3 വര്‍ഷം കാത്തിരുന്നു - റബ്ബാസ ഏറ്റെടുത്തിരുന്ന മറ്റ് പ്രൊജക്റ്റുകള്‍ തീര്‍ന്ന് അദ്ദേഹത്തിന്റെ ഷെഡ്യൂള്‍ ഓപ്പണാകാന്‍ വേണ്ടി. കാത്തിരിപ്പിന് ഫലമുണ്ടായി. പരിഭാഷ തന്റെ സ്പാ‍നിഷ് ഒറിജിനിലിനേക്കാള്‍ മനോഹരം എന്ന് മാര്‍കേസ് പറഞ്ഞതായാണ് കഥ. 1970-ലാണ് റബ്ബാസ ഏകാന്തത വിവര്‍ത്തനം ചെയ്തത്. പില്‍ക്കാലത്ത് റബ്ബാസ മാര്‍കേസിന്റെ Autumn of the Patriarch, Chronicle of a Death Foretold, Leafstorm തുടങ്ങിയവയും പരിഭാഷപ്പെടുത്തി. കോളറയോ എന്നു ചോദിക്കണ്ട - സമയം കിട്ടിക്കാണില്ല. കൊര്‍ത്തസാറിന്റെ മാസ്റ്റര്‍പീസായ Hopscotch, യോസയുടെ Conversation in the Cathredal, അമാദോയുടെ Captains of the Sand... ഇങ്ങനെ പത്തിലേറെ മാസ്റ്റേഴ്സിന്റെ ഇരുപതിലേറെ കൃതികള്‍. ചുരുക്കിപ്പറഞ്ഞാല്‍ ലാറ്റിനമേരിക്കന്‍ ഫിക്ഷന്റെ പ്രളയവാതില്‍ ശരിക്കും തുറന്നിട്ടത് റബ്ബാസയാണെന്നു പറയാം. എങ്കിലും മാര്‍കേസിന്റെയും മറ്റും പുസ്തകങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ അത് യഥാര്‍ത്ഥത്തില്‍ സാധ്യമാക്കിയ റബ്ബാസമാരുടെ പേരുണ്ടാകാറില്ല. ഡോ. എസ്. വേലായുധനും മറ്റും സ്പാനിഷില്‍ നിന്ന് നേരിട്ട് മലയാളീകരിച്ചെന്ന് വിചാരിച്ചോട്ടെയെന്നോ?

3 comments:

Kalidas Pavithran said...

informative post,, remember the role played by Prof M.Krishnan Nair through varabhalam in introducing the Latin American literary geniuses to us...

വല്യമ്മായി said...

വിവരങ്ങള്‍ക്ക് നന്ദി.

വെള്ളെഴുത്ത് said...

അതൊരു വലിയ പ്രശ്നമല്ല. ആരത് ഇംഗ്ലീഷിലാക്കിയാലും നമുക്കതു ലഭിച്ചു എന്നതേ കണക്കാക്കേണ്ടതുള്ളൂ..ബര്‍ബോസ വലിയ കഷിയാനെങ്കില്‍ ഇതുപോലുള്ള ലേഖനങ്ങളിലൂടെ അതു പുറത്തു വന്നുകൊള്ളും.. അതുവച്ച് മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്യുന്ന കൃതികളുടെയെല്ലാം രണ്ടോ നാലോ കൈമറിഞ്ഞു വരുന്ന കൈകാര്യകര്‍ത്താക്കളെ നാം അറിഞ്ഞു വച്ചെന്നുവച്ച് നമ്മുടെ വായന ഒരു തരത്തിലും മാറി മറിയാന്‍ പോകുന്നില്ല.യുവാന്‍ റൂള്‍ഫോയുടെ പെഡ്രോ പരാമോ പണ്ട് വിലാസിനി വിവര്‍ത്തനം ചെയ്തിരുന്നു. ഒരു തലമുര വായിച്ചു രോമാഞ്ചം കൊണ്ട പുസ്തകമാണത്. ഇപ്പോള്‍അതിനു പുതിയ വിവര്‍ത്തനം ജയകൃഷ്നന്‍ തയ്യാറാക്കുമ്പോഴാണ് പരയുന്നത് വിലാസിനി ലെസാന്‍ഡര്‍ കെമ്പിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തെയാണത്രേ അവലംബിച്ചത്. ആ വിവര്‍ത്തനം സാക്ഷാല്‍ റൂള്‍ഫോയ്ക്കു തന്നെ തൃപ്തികരമായിരുന്നില്ലന്ന്...എന്നിട്ട്? പുതിയ വിവര്‍ത്തകന്റെ സാധൂകരണം കൊണ്ട് നമുക്ക് നേട്ടമെന്താണ്.. വീണ്ടുമൊരു കോപ്പി...

Related Posts with Thumbnails