Saturday, September 8, 2007

തലയ്ക്കു മീതേ ഗൂഗ്ളാകാശം താഴെ ഗൂഗ്ള്‍ ഭൂമി


ഗൂഗ്ള്‍ എര്‍ത്തിന്റെ കൂടെ ഇപ്പൊ ഗൂഗ്ള്‍ ആകാശവുമുണ്ട്. സിബു വഴി കുറിഞ്ഞി ഓണ്‍ലൈന്‍ വഴി വിവരമറിഞ്ഞയുടന്‍ ഓടിച്ചെന്നു. ഒന്ന് മുങ്ങിക്കുളിച്ചു. ഇനി വിക്കി സ്ക്കൈയ്യും വരുമായിരിക്കും. അവിടെ ഭാഗ്യത്തിന് ആരും വൈഫ് ഹൌസ് അടയാളപ്പെടുത്തില്ല. ആദ്യമായി ഗൂഗ് ള്‍ എര്‍ത്ത് കണ്ട രാത്രിയില്‍ പണ്ട് കണ്ട മനോഹരമായ ഒരു ഷോര്‍ട്ട് ഫിലിം വീട്ടിലെ മോണിട്ടറില്‍ പുനര്‍നിര്‍മിച്ചു. ഒരു തടാകത്തില്‍ ഒരു ചെറിയ തോണി. അതില്‍ മുഖത്തോടു മുഖം നോക്കിയിരിക്കുന്ന രണ്ട് യാത്രക്കാര്‍. അതൊരു പെയ്ന്റിംഗ് പോലെ നിശ്ചലമായിരുന്നു. പെട്ടെന്ന് ക്യാമറ പിന്നോട്ട് സഞ്ചരിച്ചു തുടങ്ങി. ഇപ്പോള്‍ തടാകത്തിനു ചുറ്റുമുള്ള കാട് കാണാം. ക്യാമറ വേഗതയോടെ പിന്നോട്ട് തന്നെ. കാടിനു ചുറ്റുമുള്ള നരച്ച നാടുകളെയും ചെറുതാ‍ക്കി ചിത്രം കൂടുതല്‍ വിശാലമാകുമ്പോള്‍ തെളിയുന്നത് അമേരിക്ക. പിന്നെ ഭൂമി. പിന്നെയും പിന്നോട്ട് പോകുമ്പോള്‍ ഭൂമിയുടെ അടുത്ത് അമ്പിളിമാമന്‍. മറ്റു ഗ്രഹങ്ങള്‍, സൂര്യന്‍, സൌരയൂഥം, പിന്നെയും പിന്നോട്ടു പോകുമ്പോള്‍ അങ്ങനെ അനേകം ഗ്യാലക്സികള്‍ (?), നക്ഷത്രപ്പൊട്ടുകള്‍... ഒടുവില്‍ സ്ക്രീനില്‍ ഇരുട്ടുനിറഞ്ഞു. ഉടന്‍ ക്യാമറ മുന്നോട്ടെടുത്തു. നക്ഷത്രപ്പൊട്ടുകള്‍, ഗ്യാലക്സികള്‍, അതാ നമ്മുടെ സൌരയൂഥം, അതില്‍ വിടര്‍ന്നോരു കല്യാണസൌഗന്ധികമായ ഭൂമി, അമേരിക്ക, ആ നരച്ച നാടുകള്‍, അതേ കാട്, പിന്നെയും അടുപ്പിയ്ക്കുമ്പോള്‍ കാടിനു നടുവിലെ ആ തടാകം, തോണിയില്‍ രണ്ടു യാത്രക്കാര്‍. പിന്നെയും ക്യാമറ അടുത്തേയ്ക്ക് പോകുകയാണ്. ഒരു യാത്രക്കാരന്റെ കയ്യിന്റെ ക്ലോസപ്പ്, അതിലൊരു കൊതുകിന്റെ ക്ലോസപ്പ്, കൊതുക് കുത്തുന്ന ഭാഗം, ആ കോശം, കോശങ്ങള്‍ക്കുള്ളില്‍ നമ്മള്‍ സ്ക്കൂളില്‍ വരച്ചു പഠിച്ച ഭാഗങ്ങള്‍, അങ്ങനെ വേഗത്തില്‍ ക്യാമറ ഉള്ളിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ ആ ഭാഗങ്ങള്‍ക്കുള്ളില്‍ എന്തെല്ലാമോ വിശദാംശങ്ങള്‍, (ഡി എന്‍ എയുടെ വാടകവീടുകള്‍?), പൈപ്പുകള്‍, മഴവില്ലുകള്‍, വൃത്തങ്ങള്‍, നക്ഷത്രപ്പൊട്ടുകള്‍ പോലെ എന്തൊക്കെയോ... ഒടുവില്‍ പക്ഷേ ക്യാമറ ചെന്നെത്തുന്നത് ഇരുട്ടില്‍ തന്നെ. ആ ഇരുട്ടില്‍ വെറും രണ്ടു മിനിറ്റില്‍ അവസാനിച്ച ആ സിനിമയുടെ ടൈറ്റിലുകള്‍ തെളിയുമ്പോള്‍ ഭരതന്‍ സാറും മത്തായി മാഞ്ഞൂരാനും (പ്രകാശത്തിലേയ്ക്ക്) വില്‍ ഡ്യൂറന്റും (story of philosophy) പരിചയപ്പെടുത്തിയ ദാര്‍ശനികര്‍ പറഞ്ഞു തന്നതിനേക്കാള്‍ വലിയ സത്യങ്ങള്‍ അതിനേക്കാള്‍ ലളിതമായി അകത്തു കയറിയതു പോലെ. എന്നിട്ട്... എന്നിട്ട് ഒരു ഉപകാരവുമുണ്ടായില്ല. ശങ്കരന്റെ തെങ്ങുവഞ്ചി തിരുനക്കര തന്നെ.

4 comments:

സാല്‍ജോҐsaljo said...

മാക്രോ-നാനോ ക്രോസം!

SHAN ALPY said...

wish you
a good progress

സാല്‍ജോҐsaljo said...

microcosm, macrocosm എന്നാ ഉദേശിച്ചത്...! തെറ്റിപ്പോയി..

അപ്പു ആദ്യാക്ഷരി said...

പുതിയ അറിവിന് നന്ദി. പോയി നോക്കട്ടെ.

Related Posts with Thumbnails