Tuesday, September 11, 2007

തേയ്ക്കാത്ത എണ്ണ ധാര



കഴിഞ്ഞ തലമുറയിലെ അച്ഛന്മാര്‍ പലരും സ്നേഹം പ്രകടിപ്പിക്കുന്നതില്‍ വിമുഖരായിരുന്നു. ചിലരുടെ കയ്യില്‍ ഇല്ലാഞ്ഞിട്ട് (അവര്‍ക്ക് ഇമോഷണല്‍ ഇന്റലിജന്‍സ് ഇല്ലായിരുന്നെന്ന് സായിപ്പിന്റെ ഭാഷയില്‍ പറയാം). ബാക്കിയുള്ളവരില്‍ ഭൂരിപക്ഷം പേരും സ്നേഹം പുറത്തുകാട്ടാതെ റഫ് ആന്‍ഡ് ടഫ്ഫായി അഭിനയിച്ചു. അങ്ങനെയൊക്കെയായിരുന്നു നാട്ടുനടപ്പ്. വിശേഷിച്ചും ആണ്മക്കളോട് ചില അച്ഛന്മാര്‍ ശത്രുത തന്നെ വെച്ചു പുലര്‍ത്തി (മക്കളെ പുലര്‍ത്താന്‍ മറന്നവരും). ചുള്ളിയുടെ താതവാക്യം മുതല്‍ യോസയുടെ Third Bank of the River വരെ രേഖാമൂലമുള്ള തെളിവുകള്‍ ധാരാളം.

ഭാഗ്യവശാല്‍ ഇവരില്‍ പലരും അപ്പൂപ്പന്മരായപ്പോള്‍ അവരുടെ പുറന്തോട് പൊട്ടി. ചകിരിയുടേയും ചെരട്ടയുടേയും മതിലുകള്‍ പൊളിച്ച് വാത്സല്യത്തിന്റെ കരിക്കുംവെള്ളം പുറത്തേയ്ക്കൊഴുകി. മകന്‍ വളര്‍ന്നു വരുമ്പോഴെല്ലാം ബലം പിടിച്ച് അവനോട് ഗ്യാപ്പിട്ടിരുന്ന ഒരു ദേഹം പിന്നീട് മകന് മകനുണ്ടായപ്പോള്‍ ആ കുഞ്ഞിനെ പുറത്തിരുത്തി ആന കളിക്കുന്നതു കണ്ടപ്പോള്‍ ആ കുഞ്ഞിന്റെ അച്ഛമ്മ സന്തോഷക്കണ്ണീരോടെ പറഞ്ഞുകേട്ടതാണ് എനിക്കേറ്റവുമിഷ്ടപ്പെട്ട ഒരു പഴഞ്ചൊല്ല്. “തേയ്ക്കാത്ത എണ്ണ ധാര“ എന്നാണ് ആ അമ്മ പറഞ്ഞത്.

തേച്ചു കുളിക്കാത്ത എല്ലാ എണ്ണയും നമുക്ക് ധാര കോരേണ്ടി വരും. എല്ലാ വിലകളും പിഴ സഹിതം അടച്ചു തീര്‍ക്കേണ്ടി വരും. സ്നേഹത്തിന്റെ ഒരര്‍ത്ഥമാണ് എണ്ണ എന്നു കൂടി ഓര്‍ത്തോളൂ. മകന് മകനുണ്ടാവും മുമ്പേ ചില മനുഷ്യര്‍ മരിച്ചു പോകും - ഹാ, കഷ്ടം, അവരുടെ മേത്ത് ആര് ഉണ്ണിമൂത്രം ഒഴിക്കും? അതുകൊണ്ട് ഇന്നു പഠിക്കാനുള്ള പാഠങ്ങള്‍ ഇന്നു തന്നെ പഠിക്കുക. ഒന്നും നാളേയ്ക്ക് നീട്ടിവെയ്ക്കല്ലേ എന്റെ പൊന്നച്ഛാ.

10 comments:

സുല്‍ |Sul said...

ആത്മപരിശോധനയാണോ?

Rammohan Paliyath said...

തൊപ്പി പാകള്ളോര്‍ക്കൊക്കെ ഇടാം

സിദ്ധാര്‍ത്ഥന്‍ said...

കമന്റിടാനൊരു പോസ്റ്റ് നോക്കിയിരിക്ക്യായിരുന്നു. സംഗതികള്‍ എല്ലാം കാണുന്നുണ്ടു് എന്നെങ്കിലും മിനിമം കാണിക്കണമല്ലോ.

പുറന്തോടു് സത്യത്തില്‍ പൊട്ടിക്കണമെന്നാഗ്രഹമില്ലാഞ്ഞിട്ടല്ല, പലര്‍ക്കുമതിനു് സാധിക്കാഞ്ഞിട്ടാണു്. പിന്നെ ഒരു സത്യമുള്ളതു് കാലപുരവാസി കരാളരൂപങ്ങള്‍ പല മക്കള്‍ക്കും ഫ്ലാഷ്ബാക്കില്‍ ധാരയായനുഭവപ്പെടുന്നുവെന്നതാണു്. പഴഞ്ചൊല്ലു ശരിയാവാന്‍ വേണ്ടിയായിരിക്കും.
;)

(എണ്ണയുടെ പര്യായമാണു് സ്നേഹം.അല്ലെങ്കില്‍, സ്നേഹത്തിനു് എണ്ണ എന്നര്‍ത്ഥവുമുണ്ടെന്നും ആവാം.)

മുസാഫിര്‍ said...

:-) , നിരീക്ഷണം ശരിയാണ്.

Unknown said...

Good one.

സാജന്‍| SAJAN said...

bell is the bell when it rings!

രാജേഷ് ആർ. വർമ്മ said...

പല്ലു കേടുവരുമെന്ന കാരണം കൊണ്ട്‌ മക്കള്‍ക്ക്‌ ഒരിക്കല്‍പ്പോലും കപ്പലണ്ടിയല്ലാതെ മിഠായി വാങ്ങിച്ചുകൊടുത്തിട്ടില്ലാത്ത ഒരച്ഛന്‍ നിത്യേന കൊച്ചുമക്കള്‍ക്കുവേണ്ടി മഞ്ച്‌ വാങ്ങിക്കുന്നതറിയാം. "മക്കള്‍ക്കുപോലും കൊടുക്കാതെ കൂട്ടിവെച്ച്‌ അര്‍ത്ഥക്കൊഴുപ്പുകൊണ്ടഴുകുന്ന" പ്രസ്തുത എണ്ണ കൊച്ചുമക്കള്‍ക്കാകുമ്പോള്‍ തലമറന്നു തേക്കുന്നതും കണ്ടിട്ടുണ്ട്‌. അതുകൊണ്ട്‌ grandparents are not as good at parenting as parents are എന്നൊരു വശം കൂടി.

myexperimentsandme said...

തലമറന്ന് എണ്ണ, തേക്ക്, മാഞ്ചിയം, ഈട്ടി...

പിന്നെ ആ ഹിന്ദി പഴം ചൊല്ലും - അധികമായാല്‍ അമൃ തും വിഷം

അതുരണ്ടും കൂടി അപ്ലൈ ചെയ്യണോ?

ടോട്ടല്‍ സ്നേഹം ഈസ് എ കോണ്‍‌സ്റ്റന്റ്. അതുകൊണ്ട് ഇന്നല്ലെങ്കില്‍ നാളെ അത് കിട്ടും-നമുക്കല്ലെങ്കില്‍ നമ്മുടെ പിള്ളേര്‍ക്ക് :)

chithrakaran ചിത്രകാരന്‍ said...

നല്ല നിരീക്ഷണം. താങ്കളുടെ ഈ പൊസ്റ്റിന് ധാരാളം വായനക്കാരുണ്ടാകട്ടെ എന്നും,ഈ ആശയം പ്രചരിക്കട്ടെ എന്നു ആഗ്രഹിക്കുന്നു... ആശംസിക്കുന്നു.
ചിത്രകാരന്റെ അച്ഛന്‍ മക്കളോട് വളരെ ഗൌരവക്കാരനായിരുന്നു. എന്നാല്‍ അച്ഛന്റെ മനസ്സിലെ സ്നേഹക്കടല്‍ ചിത്രകാരനു കാണാനാകുമായിരുന്നു.... അനിയന്മാര്‍ക്ക് അത് അത്രക്ക് കഴിഞ്ഞിരുന്നില്ലെന്നാണ് ചിത്രകാരന്റെ തോന്നല്‍. ആ സ്നേഹക്കടലിന്റെ ഓര്‍മ്മ ഇപ്പോഴും മനസ്സില്‍ വിങ്ങലുണ്ടാക്കുന്നു.
30 കിമി ദൂരമുള്ള കോളേജിലേക്ക് ബികോംപഠനത്തിന് എന്നും രാവിലെ ആറുമണിക്കുള്ള ബസ്സില്‍ കയറിപ്പറ്റുന്ന മകനെ ബസ്സ്റ്റാന്റില്‍ ഒരു കോണില്‍ നിന്ന് സിഗരറ്റ് പുകച്ചുകൊണ്ട് ശ്രദ്ധിക്കാതെ ശ്രദ്ധിക്കുന്ന ചിത്രകാരന്റെ അച്ഛന്‍ ഇന്നും മുന്നിലുണ്ട്.

അച്ഛന്‍ മക്കള്‍ ബന്ധത്തില്‍ ഇപ്പോള്‍ കാതലായ മാറ്റം വന്നിട്ടുണ്ടെന്നാണ് തോന്നുന്നത്.
ഭാവുകങ്ങള്‍...!!!

Santhosh said...

എണ്ണയ്ക്ക് സ്നേഹമെന്ന് അര്‍ഥമുണ്ടോ, സ്നേഹത്തിന് എണ്ണ എന്നുകൂടി അര്‍ഥമുണ്ട് എന്നതല്ലേ ശരി? ഉള്ളൂര്‍ പറഞ്ഞതു നോക്കുക.

Related Posts with Thumbnails