Thursday, September 13, 2007

വികാ‍രജീവികള്‍ രാഷ്ടീയം പറയുമ്പോള്‍


പുലിത്തോലിട്ട പശു എന്ന് ഇന്ത്യയെ വിളിക്കാമോ എന്ന് ശങ്കിച്ചപ്പോള്‍ രാജ്യങ്ങള്‍ക്കിടയില്‍ ആട്ടിന്തോലിട്ട ചെന്നായ്ക്കളുണ്ടൊ എന്ന് ആലോചിച്ചു. പെട്ടെന്നു തന്നെ രണ്ട് പേരുകള്‍ മനസ്സില്‍ പൊന്തിവന്നു - സ്വിറ്റ്സര്‍ലന്‍ഡും സ്വീഡനും. വര്‍ഷങ്ങള്‍ക്കു മുമ്പ് ഓ. വി. വിജയന്‍ ഈ രാജ്യങ്ങളെ വിമര്‍ശിച്ചെഴുതിയ ലേഖനം ഓര്‍മ വന്നു. ഓ. വി. വിജയന്‍ ഇവരെ ആട്ടിന്തോലിട്ട ചെന്നായ്ക്കള്‍ എന്ന് വിളിച്ചില്ല. എങ്കിലും ആ ലേഖനത്തിന്റെ അടിസ്ഥാനത്തില്‍ നമുക്കങ്ങനെ വിളിക്കാം. രാഷ്ട്രീയ നപും സകങ്ങളാണ് ഈ രാജ്യങ്ങള്‍, എന്നാല്‍ ചേരി ചേരയുമല്ല. ചേരയല്ലെങ്കില്‍പ്പിന്നെ എന്ത് എന്നു ചോദിച്ചാല്‍ നിര്‍ബന്ധമാണേല്‍ പെരുമ്പാമ്പുകള്‍ എന്നും വിളിക്കാം. എന്ത് ഇന്റര്‍നാഷണല്‍ പ്രശ്നത്തിലും ഇവര്‍ ന്യൂട്രലാണ്. ഇങ്ങനെ ന്യൂട്രലായതുകൊണ്ട് സമാധാനം തലങ്ങും വിലങ്ങും കളിയാടുകയാണ്. പെര്‍ ക്യാപിറ്റ ഇന്‍ കം, സംസ്ക്കാരം, സിനിമ... എല്ലാം ഒന്നിനൊന്ന് മെച്ചം. സ്വിസ് വാച്ചുകള്‍, ചോക്കലേറ്റുകള്‍, സ്വീഡിഷ് ജയന്റ്സായ ബര്‍ഗ്മാന്‍, ഐകിയ, എറിക്സണ്‍... എന്തിനധികം, ഭൂമിയിലെ സ്വര്‍ഗങ്ങള്‍ തന്നെ രണ്ടും.

എന്നാല്‍ വെള്ളതേച്ച ഈ ശവക്കല്ലറകള്‍ക്കുള്ളില്‍ കര്‍ത്താവ് പറഞ്ഞപോലെ അസ്ഥികളും അശുദ്ധിയും നിറഞ്ഞിരിക്കുന്നു. ലോകത്തിലെ കള്ളപ്പണം മുഴുവന്‍ കാത്തുസൂക്ഷിക്കുന്നത് സ്വിസ് ബാങ്കുകള്‍. ആ‍ഫ്രിക്കയിലെ ഡിക്ടേറ്റേഴ്സ്, ഇറ്റാലിയന്‍ മാഫിയ, റഷ്യന്‍ ആയുധരാജാക്കള്‍, ഇന്ത്യയിലെ കൈക്കൂലിക്കാര്‍, എന്തിന് ടെറസിസത്തിനാണെന്ന് പറഞ്ഞ് പിരിക്കുന്ന പണം പോലും അമുക്കുന്നവരുടെ ഡിവൈന്‍ അഭയ കേന്ദ്രം. ലോകത്തിലെ ഏറ്റവും വലിയ ആയുധനിര്‍മാണ കേന്ദ്രങ്ങളിലൊന്നാണ് സ്വീഡന്‍. മൂന്നാം ലോക രാജ്യങ്ങളെ അടിമുടി ആയുധമണിയിക്കലാണ് സ്വീഡന്റെ താല്‍പ്പര്യം. ആഫ്രിക്കയിലെ ഡിക്ടേറ്റേഴ്സിനു മാത്രമല്ല വലിയ ജനാധിപത്യങ്ങള്‍ക്കും കൈക്കൂലി കൊടുത്ത് അവര്‍ കച്ചവടം നടത്തും. ബോഫോഴ്സ് മറന്നിട്ടില്ലല്ലൊ - മ്മടെ രാജാവ് ഗാന്ധീരെ ആപ്പീസ് പൂട്ടിച്ച തോക്ക്. അവനാള് സ്വീഡിഷാ. എന്തിന്, ഈ ബോഫോഴ്സിന്റെ ഉടമയല്ലാരുന്നോ ആല്‍ഫ്രഡ് നോബെല്‍! ഡൈനാമിറ്റ് കണ്ടുപിടിച്ച മഹാന്‍. അതിന്റെ കുറ്റബോധം കൊണ്ടല്ലിയൊ ഇതിയാന്‍ നോബെല്‍ പ്രൈസ് ഉണ്ടാക്കിയെ! (ടോള്‍സ്റ്റോയിക്കും കസാന്‍സാക്കിസിനും ഗാന്ധിക്കും കൊടുക്കാത്തതുകൊണ്ട്, ഗോള്‍ഡിംഗിനും കിസിഞ്ചര്‍ക്കും കൊടുത്തതുകൊണ്ട്, ഒരു പന്ന പന്ന പ്രൈസ്!). ഇവരാണ് ചേരത്തോലിട്ട പെരുമ്പാമ്പുകള്‍. ശാന്തി വിളയാടുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. ആല്പ്സിലെ സാനിറ്റോറിയങ്ങള്‍. ആരെയും വിഴുങ്ങും.

അങ്ങനെ ഒരു നാള്‍ നമ്മുടെ കവിയുമെത്തി സ്വീഡനില്‍. സ്റ്റോക് ഹോമിലെ വസന്തം എന്നെങ്ങാന്‍ ഒരു കവിതയും എഴുതി ‘സമര്‍പ്പണം പഴ്സ്ലോനോ ര്‍ക്ലോവ്സിക്കിക്ക്’ എന്ന് ബ്രാക്കറ്റിലെഴുതി നിര്‍ത്തിയിരുന്നേല്‍ സഹിക്കാമായിരുന്നു. നല്ല കവിത മാത്രം എഴുതാനറിയുന്ന ആള്‍, നല്ല കവിത എഴുതാന്‍ മാത്രമറിയുന്ന ആ‍ള്‍ എന്തുചെയ്യുന്നു? പാല്‍പ്പൊടി തീര്‍ന്നു, ടിന്നും തുരുമ്പിച്ചു, എന്നിട്ടും സ്വീഡനിലെ രാഷ്ട്രീയക്കാരെ സ്തുതിച്ച് ഇപ്പോഴും ചിലച്ചുകൊണ്ടിരിക്കുന്നു. മന്ത്രി സൈക്കിളില്‍ പോയി, നല്ല റോഡുകള്‍, അഴിമതിയില്ല... ഏതോണ്ടൊരു ജാതി അപ്പൊളിറ്റിക്കല്‍ എന്നാറൈ അച്ചായമ്മാര് നടത്തുന്ന വളിപ്പന്‍ നിരീക്ഷണങ്ങള്‍. അങ്ങേരില്‍ നിന്നായതുകൊണ്ട്, അങ്ങേരുടെ തന്നെ ഭാഷയില്‍ പ് ഫഫ! എന്നാട്ടാന്‍ തോന്നും.

പുള്ളിക്കാടിന് സാഹിത്യത്തിന് നോബെല്‍ പ്രൈസും കിട്ടി സിനിമയില്‍ സൂപ്പര്‍സ്റ്റാറുമായെന്നിരിക്കട്ടെ... അങ്ങേരുടെനെ ഒരു സ്വിസ് ബാങ്കില്‍ അക്കൌണ്ട് തുടങ്ങും. ഹന്ത ഭാഗ്യം ജനാനാം, രണ്ടും സംഭവിച്ചില്ല. ബാലചന്ദ്രനിതെന്തുപറ്റി എന്ന് പെരിങ്ങ്സ് ചോദിക്കുന്നു. ബാലചന്ദ്രനിനി എന്തു പറ്റാന്‍ പെരിങ്ങ്സേ? 56 ശതമാനം ഹിന്ദുക്കളും ബീഫ് തിന്നുന്ന നാട്ടില്‍ കാളയും കാളനും എന്നെല്ലാം എഴുതി ആളുകളെ പ്രകോപ്പിക്കുന്ന കുഞ്ഞു മനുഷ്യരുമായാണ് കൂട്ട്. എന്നാലും എം ടിയെപ്പോലെയായിരുന്നു ബാ‍ലചന്ദ്രന്‍ - നല്ല വായന, എഴുത്തിലും ഭാവത്തിലും അതിന്റെ അഹന്ത തീരെയില്ല താനും. എന്നിട്ട് ഓ. വി. വിജയനെപ്പൊലും വായിച്ചത് ഓര്‍മയില്ലെന്നൊ? ഛായ്! ലജ്ജാവഹം! മരണശേഷമുള്ള കാലസര്‍പ്പം വിഴുങ്ങലിനേക്കാള്‍ പേടിക്കണം ജീവിച്ചിരിക്കെയുള്ള പടിഞ്ഞാറന്‍ പെരുമ്പാമ്പുകളുടെ വിഴുങ്ങലുകളെ എന്ന് കുമരകം രഘുനാഥോ ജോളി ഈശോയോ മറ്റൊ അങ്ങേര്‍ക്ക് പറഞ്ഞുകൊടുത്തിരുന്നെങ്കില്‍!

6 comments:

myexperimentsandme said...

ടോള്‍സ്റ്റോയിക്കും കസാന്‍സാക്കിസിനും ഗാന്ധിക്കും കൊടുക്കാത്തതുകൊണ്ട്, ഗോള്‍ഡിംഗിനും കിസിഞ്ചര്‍ക്കും കൊടുത്തതുകൊണ്ട്, ഒരു പന്ന പന്ന പ്രൈസ്!).

ഒരേ നുള്ള്, ഒരേ നുള്ള് (സേം പിഞ്ചുവാവ). സമാധാനത്തിനുള്ള നോബോള് ഗാന്ധിജിക്ക് കൊടുക്കാതിരിക്കാന്‍ അണ്ണന്മാര്‍ ഉണ്ടാക്കിയ തിയറിയൊക്കെ എവിടെയോ വായിച്ചിരുന്നു.

രാജ് said...

സ്വീഡനില്‍ തുടങ്ങി ബാലചന്ദ്രനിലെത്തിച്ച വിധം നന്നായിട്ടുണ്ട്. ടൈറ്റിലും കൊള്ളാം, കെ.ഇ.എന്നെ കൊള്ളിച്ചതും കൊള്ളാം ;)

Santhosh said...

കുറിപ്പ് ഇഷ്ടപ്പെട്ടു. രാജാവും പുള്ളിക്കാടും എന്നൊക്കെ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല. സിനിമാവാരികകള്‍ ഗോസിപ്പെഴുതുന്ന ശൈലിയായിപ്പോയില്ലേ? പേര് പേരായിത്തന്നെ പറയൂ.

Rammohan Paliyath said...

അതൊരു ടെം പ്റ്റേഷനാണ്. അതിജീവിക്കാന്‍ വിഷമം. അവനവനെപ്പറ്റി അത്രയെങ്കിലും സമ്മതിക്കുന്നതുകൊണ്ടാണ് ‘വളിപ്പുകള്‍’ എന്ന പേര്. ഒരു കാര്‍ട്ടൂണില്‍ ‘പുത്തിജീവി’ എന്ന് എഴുതിയിരിക്കുന്നത് കണ്ട് ‘ബുദ്ധിജീവി എന്നു തന്നെ വേണം, യുവര്‍ ഹ്യൂമര്‍ ഷുഡ് ബി ഡിഗ്നിഫൈഡ്’ സാക്ഷാല്‍ ഓ. വി. വിജയന്‍ ഉപദേശിച്ചിട്ടുള്ളതാണ്. അങ്ങേരെ പരാമര്‍ശിക്കുന്ന ഒരു പോസ്റ്റില്‍ത്തന്നെ ഇങ്ങനെ ചിലതു വന്നല്ലൊ, കഷ്ടം. സത്യം പറഞ്ഞാല്‍ അത് കീയിന്‍ ചെയ്യുമ്പോള്‍പ്പോലും ആ അഡ്വൈസ് ഞാനോര്‍ത്തതാണ്. പട്ടിയുടെ വാല് കുഴലിലിട്ടാല്‍ കുഴല് വളയുന്നത് മിച്ചം. നിങ്ങള്‍ ചൂണ്ടിക്കാട്ടിയതു കൂടാതെ ഇനിയും ഉണ്ട് ഇതുപോലുള്ള വളിവളിപ്പന്‍ വീഴ്ചകള്‍. വലിയ ആളുകളില്‍ നിന്ന് വാത്സല്യം കിട്ടിയിട്ടും ഡിഗ്നിറ്റി ഉണ്ടാക്കാന്‍ പറ്റാത്ത ഒരാളായിപ്പോയി. നന്ദി, നേരെയാവാന്‍ ഇനിയും ശ്രമിക്കാം, നിങ്ങള്‍ക്കുവേണ്ടിയല്ല, എനിക്കു വേണ്ടി.

Unknown said...

Good one :)

sunilraj said...

കൊള്ളാം ...

Related Posts with Thumbnails