Sunday, September 30, 2007

ശ്രീശാന്തിന്റെ അമ്മ പൂജിക്കട്ടെ



ഏതെങ്കിലും ഒരു ലോകനേതാവ് ചത്താല്‍ അയാളുടെ മുള്ളീപ്പത്തെറിച്ച മലയാളി കണക്ഷന്‍ (അയാള്‍ടെ ഡ്രൈവര്‍ടെ അനിയന്‍ കണാരേട്ടന്റെ സുഹൃത്തിന്റെ ഓര്‍മക്കുറിപ്പുകള്‍), ഏതെങ്കിലും ദേശീയനേതാവ് കേരളം സന്ദര്‍ശിക്കാന്‍ വന്നാല്‍ അയാളുടെ പഴയ കുക്കിന്റെ പയറുകൊണ്ടാട്ട സ്മൃതികള്‍... ഇതെല്ലാം മനോരമയുടെ മാത്രം വളിപ്പുകളായിരുന്നു പണ്ട്. ഇപ്പോ ടീവി ചാനലുകളും മത്സരരംഗത്തുള്ളതുകൊണ്ട് എല്ലാവരും പൈങ്കിളികളായി. അങ്ങനെ ഫസ്റ്റ് കാഷ്വാലിറ്റി ബികംസ് ജെനൂയിന്‍ വാര്‍ത്ത. സത്യമോ അസത്യമോ ആകട്ടെ, വളച്ചൊടിച്ചതോ വെള്ളം ചേര്‍ത്തതോ ആകട്ടെ, 'വാര്‍ത്ത' വിപണിയിലിറക്കാന്‍ മത്സരിക്ക് ചേട്ടന്മാരേ. അല്ലാത്തതെല്ലാം പരമബോറ്. ബോറ് മാത്രമല്ല പലപ്പോഴും ഡെയ്ഞ്ചറ്.

ആദ്യമായി ഒരു സക്സസ്ഫുള്‍ നാഷണല്‍ പ്ലെയറെ കിട്ടിയതുകൊണ്ടാകാം നമ്മുടെ മീഡിയ ശ്രീശാന്തിനെ സംബന്ധിച്ച എന്തും ആഘോഷിക്കുന്നത്. ട്വന്റി ട്വന്റി ഫൈനല്‍. ശ്രീശാന്തിന്റെ വീട്ടുകാരെ സമാധാനമായൊന്ന് കളി കാണാന്‍പോലും സമ്മതിക്കാതെ പല ചാനലുകാരും പത്രക്കാരും ക്യാമറാ സംഘങ്ങളുമായി അവിടെ തമ്പടിച്ചിരിക്കുന്നു. അത് ക്ഷമിക്കാമെന്നു വയ്ക്കാം. അതിനിടയില്‍ ഗോവണിയിറങ്ങിവരുന്ന ശ്രീശാന്തിന്റെ അമ്മയുടെ ഷോട്ട്. അവര് കളി കണ്ടില്ലത്രെ. മകന്‍ ബോള് ചെയ്യുമ്പൊ ടെന്‍ഷന്‍ സഹിക്കാതെ അവര് പൂജാമുറിയിലായിരുന്നുപോലും. പൂജാമുറിയിലിരിക്കുന്നതും പൂജിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതുമെല്ലാം തികച്ചും പെഴ്സണലായ കാര്യങ്ങളല്ലെ? അത് വാര്‍ത്തയാക്കുന്നത് അവരുടെ സ്വകാര്യതയില്‍ കൈകടത്തലല്ലേ? അതിനേക്കാള്‍ മോശം അതിന്റെ റിലിജിയസ് കോണൊട്ടേഷനാണ്. എല്ലാ അമ്മമ്മാരും പൂജിച്ചോളുവെന്നൊ പൂജിച്ചേ പറ്റുവെന്നോ ഒക്കെയുള്ള ധ്വനി (മാനസനിളയില്‍). ചാനലുകാരോട് മത്സരിക്കാന്‍ പത്രക്കാര് ഇനി എന്തു ചെയ്യും? നേര്‍ച്ചകളുടെ രശീതികള്‍ അടിച്ചുമാറ്റി സ്കൂപ്പാക്കും. അമ്മയെ വരെ (മറ്റേ അമ്മയെ) ഇത്തരം താരങ്ങള്‍ ആരാധിക്കുന്നുണ്ടാവും. അമ്മയുടെ ചാനലില്‍ അത് കാട്ടിക്കൊട്ടെ. സാധാമാധ്യമങ്ങളും ആ വഴി പോണോ? അര്‍പ്പണ ബോധത്തിന്റെയും കായികക്ഷമതയുടേയുമെല്ലാം മോഡലുകളാക്കേണ്ടവരെ മതങ്ങളുടേയും ആള്‍ദൈവങ്ങളുടേയും പരസ്യങ്ങളിലെ മോഡലുകളാക്കുന്നത് ക്യാമറയുടെ അര്‍ത്ഥമറിയാത്തവരാണ്. ചിലതിനെല്ലാം മറ വേണം. ക്യാ-മറ എന്ന് വിഗ്രഹിക്കുന്നവര്‍ക്ക് എന്ത് മറ? ശ്രീശാന്തിന്റെ അമ്മ പൂജിക്കട്ടെ. ദാറ്റ് ഈസ് നണ്ണോഫ് മൈ ബിസിനസ്, പ്ലീസ്.

14 comments:

simy nazareth said...

ക്യാ-മറ കലക്കി!

എന്നാലും ശ്രീശാന്തിന്റെ അമ്മ കണ്ടിടത്തോളം വളരെ മീഡിയ-സാവ്വി ആണ്. അമ്മമാരിലും വേണ്ടേ ഒരു സെലിബ്രിറ്റി ഒക്കെ?

ല്ലപ്പുറത്ത് ആഞ്ജലീനാ ജോളിക്കും മഡോണയ്ക്കും പ്രൈവസി പ്രശ്നങ്ങള്‍. ഇപ്പുറത്ത് ശ്രീശാന്തിന്റെ അമ്മയ്ക്കും :-) സെലിബ്രിറ്റികളുടെ ഓരോ കാര്യങ്ങളേ.

Sherlock said...

പോട്ടെ..സാരല്യ...

ആ അമ്മയെ കുറ്റം പറയണ്ട..കാക്കയ്ക്ക് തന്‍ കുഞ്ഞ് പൊന്‍ കുഞ്ഞ്..ഇതൊക്കെ വാര്‍ത്തയാക്കുന്ന മാധ്യമങ്ങളെ പറഞ്ഞാല്‍ മതി..

ഗുപ്തന്‍ said...

ക്യാ-മറ !!! ha ha ha

Rammohan Paliyath said...

അവര് മീഡിയാ സാവിത്രി ആയിക്കോട്ടെ. ആവണം. let her tell the mallus how she brought up such a smart son. ഞാന്‍ മാധ്യമങ്ങളെ മാത്രമേ പറഞ്ഞുള്ളു മഹേഷേ.

കുഞ്ഞന്‍ said...

ഞാന്‍ ഫസ്റ്റേ....... ഇല്ലെങ്കില്‍ കഞ്ഞിയില്ല..പിന്നെ എന്തുചെയ്യും, പാവം ക്യാ-മറ പയ്യന്‍സുകള്‍, പേ-ന പയ്യന്‍സുകള്‍ !

സു | Su said...

ക്യാമറ, ക്യാമറയ്ക്കിഷ്ടമുള്ളത് കാണിക്കും. ശ്രീശാന്തിന്റെ അമ്മയെകാണിക്കും, അച്ഛനെ കാണിക്കും, പെങ്ങള്‍, സീരിയല്‍ നടിയേയും കാണിക്കും. നിങ്ങളൊക്കെ ആരാ ചോദിക്കാന്‍? ഞങ്ങളു കാട്ടിത്തന്നില്ലെങ്കില്‍ നിങ്ങളൊക്കെ എങ്ങനെ കാണും?

ഫൈനല്‍ നടക്കുമ്പോള്‍, അവരുടെ വീട്ടിലെ ടി.വി. യ്ക്കു മുന്നില്‍, ചാനലുകാരുടെ ക്യാമറാവയറുകളില്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുകയായിരുന്നു എല്ലാവരും. മര്യാദയ്ക്ക്, കളി കാണാന്‍ പോലും വിടില്ലേ മാദ്ധ്യമങ്ങള്‍?

പിന്നെ അവര്‍ക്ക് വിഷമം ഇല്ലെങ്കില്‍ നമ്മളെന്തിന് വിഷമിക്കുന്നു? കാണിച്ചോട്ടെ, വേണമെങ്കില്‍ കണ്ടാല്‍പ്പോരേ?

ഓ.ടോ. മാഷേ, അതു മഹേഷ് ആല്ല, ജിഹേഷാ. ;)

un said...

മാത്യു ഹെയ് ഡന്റെ അമ്മയും ഓസ്ടേലിയന്‍ മീഡിയയും എങ്ങനെയാണൊ ആവോ?? എല്ലാം സഹിക്കാം.. ശ്രീശാന്തിന്റെ അമ്മയുടെ യിന്‍ഗ്ലീഷിലുള്ള ഇന്റര്‍വ്യു ഒഴിച്ച്..!!!

സുല്‍ |Sul said...

രാമനിക്കാ
ആ ക്യാ-മറ കലക്കി.

-സുല്‍

മുസാഫിര്‍ said...

എഴുത്ത് നന്നായി.ഹിന്ദിയിലെ ചില ന്യൂസ് ചാനലുകളെ വെച്ച് നോക്കുമ്പോള്‍ ഇത് ഭേദമാണെന്ന് തോന്നുന്നു.അവര്‍ക്കു എന്നും എന്തെങ്കിലും ബ്രേക്കിങ്ങ് ന്യൂസ് കിട്ടും പാമ്പ് പാലുകുടിച്ചതോ,അമ്മായിയമ്മ മരുമകളെ തല്ലിയതോ മറ്റോ.തനി ‘മ’ സ്റ്റൈലു തന്നെ.കാലത്തെ ചായകുടിക്കാന്‍ കടയില്‍ പോകുമ്പോള്‍ ദിവസവും കാണുന്നതാണ്.മലയാളത്തില്‍ ഇനിയും ചാനലുകള്‍ പെരുകിയാല്‍ ആ അവസ്ഥ വന്നു കൂടായ്കയില്ല.

[ nardnahc hsemus ] said...

മീഡിയയുടെ ഈയൊരു നീക്കത്തില്‍, ശ്രീശാന്തിന്റെ വീട്ടുകാര്‍ക്ക് എന്തെങ്കിലും എതിരഭിപ്രായങള്‍ ഉള്ളതായി അവരെ മുഖഭാവങളില്‍ കാണാന്‍ കഴിഞില്ല.. മറിച്ച്, ശ്രീശാന്തിന്റെ മാതാപിതാക്കള്‍ അവരെ സ്വീകരണമുറിയില്‍ സല്‍ക്കരിച്ച് ഇരുത്തിയിരിയ്ക്കുന്നതും അവരോടൊപ്പം മാ‍ച്ചിന്റെ പുരോഗമനത്തിനനുസരിച്ച് ആസ്വദിയ്ക്കുന്നതുമാണ് കാണാന്‍ കഴിഞത്...

ഗൌതം ഗംഭീറിന്റെയും ഇര്‍ഫാന്‍ പത്താന്റെയും വീടുകളിലും ‘കളികാണല്‍’ മീഡിയക്കാര്‍ പ്രക്ഷേപണം ചെയ്തിരുന്നെങ്കിലും, അവിടൊന്നും ശ്രീശാന്തിന്റെ വീട്ടിലെപോലെ ഒരു ‘സല്‍ക്കാരനയം‘ കാണാന്‍ കഴിഞില്ല...

Rammohan Paliyath said...

ശ്രീശാന്തിന്റെ വീട്ടുകാരുടെ പീയാര്‍ ക്രാന്തമല്ലായിരുന്നു ഞാനുദ്ദേശിച്ചത്. സെക്കുലര്‍ തിരുമേനി നടിക്കുന്ന മാധ്യമങ്ങള്‍ അന്ധവിശ്വാസം പോയിട്ട് വിശ്വാസം പോലും പരത്താന്‍ പാടില്ല. അതല്ലേ സെക്യുലറിസം? മതസൌഹാര്‍ദ്ദമല്ല മതേതര സൌഹാര്‍ദ്ദമാണ് സെക്യുലറിസം

kichu / കിച്ചു said...

രാംജി..

ആ അമ്മയും ഒന്നു ഷൈന്‍ ചെയ്തോട്ടെ... വിട്ടുകള..

അതിനു മഹാ‍ാ‍ാ‍ാ‍ാ...... താല്പര്യമുള്ളവരാകുമ്പോള്‍ പ്രത്യേകിച്ചും.
അവരത് നന്നായി ആസ്വദിക്കുന്നുണ്ടാവും..

പിന്നെ സു പറഞ്ഞപോലെ “പിന്നെ അവര്‍ക്ക് വിഷമം ഇല്ലെങ്കില്‍ നമ്മളെന്തിന് വിഷമിക്കുന്നു?“ !!!!!!!

മാധ്യമക്കാര്‍ക്കും ജീവിച്ചുപോകാനുള്ള തത്ത്രപ്പാട്.
എന്തായാലും കൊള്ളാം..
പാവം കാഴ്ച്ചക്കാര്‍!!!!!

Anonymous said...

വായനക്കാ‍ര്‍ പലരും പോയന്റ് മിസ്സ് ചെയ്തു എന്ന് തോന്നുന്നു...

rajesh said...

ശ്രീശാന്തിന്റെ അമ്മക്ക്‌ ഈ ചാനല്‍കോമരങ്ങള്‍ വീട്ടില്‍ക്കയറുന്നത്‌ ഇഷ്ടമില്ല എന്നു തന്നെ ഇരിക്കട്ടെ. അവരെയെല്ലാം അടിച്ചു ഗേറ്റിനു വെളിയില്‍ ആക്കി എന്നിരിക്കട്ടെ. അടുത്ത ദിവസത്തെ പത്രത്തില്‍ വരുന്നത്‌ എന്തായിരിക്കും "ശ്രീശാന്തിന്റെ അമ്മയുടെ അഹങ്കാരം " "മകന്‌ എവിടെ നിന്ന് ഈ അഹങ്കാരം ഒക്കെ കിട്ടി എന്നിപ്പോള്‍ മനസിലായി" "ഇത്രയ്ക്ക്‌ കാണിക്കാന്‍ ഇവനെന്തിരിക്കുന്നു"എന്നിങ്ങനെ അവരെ വച്ചേക്കുമോ നമ്മള്‍? ആ പാവം ചെറുക്കനും സമാധാനമായി കളിക്കാന്‍ ഒക്കുകയില്ല ഇതുകാരണം.

അതിലും ഭേദം ഇവന്മാര്‍ക്കൊക്കെ ചായയും കൊടുത്ത്‌ വീട്ടില്‍ക്കേറ്റി ഇരുത്തുന്നതു തന്നെയാണ്‌. നമ്മള്‍ മാത്രമല്ലേ ഈ ബ്ലോഗ്ഗ്‌ വായിക്കൂ. പത്രത്തില്‍ ഒരു negative news വന്നാല്‍ എത്രയോ ആള്‍ക്കാര്‍ അതു വായിക്കും.

പിന്നെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്‌ ശരിയാണ്‌. അവരുടെ privacyയില്‍ കൈ കടത്തുന്നത്‌ എന്തായാലും തെറ്റു തന്നെയാണ്‌

Related Posts with Thumbnails