Wednesday, September 12, 2007

പുലിത്തോലിട്ട പശു?


വെള്ളിയാഴ്ചത്തെ ന്യൂയോര്‍ക്ക് ടൈംസിന്റെ ഫ്രണ്ട് പേജില്‍ കേരളാ മോഡലിന്റെ അന്തസാരശൂ‍ന്യതയെപ്പറ്റി വായിക്കും മുമ്പു തന്നെ,
കൃത്യമായിപ്പറഞ്ഞാല്‍ സ്വാതന്ത്ര്യദിനത്തിന്റെയന്ന്, ഇങ്ങനെ വിചാരിച്ചതാണ്: ഏതെങ്കിലും ഒരു ഇന്ത്യക്കാരന്‍ ഇന്ത്യക്ക് പുറത്തെവിടെയെങ്കിലും ഇന്ത്യയിലേതിനേക്കാള്‍ മോശം അവസ്ഥയില്‍ ജീവിക്കുമ്പോള്‍ ഇന്ത്യ സ്വതന്ത്രയായെന്ന് പറയാന്‍ പറ്റുമോ? കേരളാ മോഡലിനേക്കാള്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം ഇന്ത്യ പുലിയായതാണല്ലൊ. ഇന്ത്യ തിളങ്ങുന്നു. ഇന്ത്യ സൂപ്പര്‍ പവര്‍. കേരളാമോഡലിന് നല്‍കിയ കടുത്തവിലയാണ് ഗള്‍ഫ് കുടിയേറ്റം. ഗള്‍ഫ് കുടിയേറ്റം മൂലം കേരളത്തിലെ എക്സ് നമ്പര്‍ ഓഫ് മനുഷ്യജീവികള്‍ ദാരിദ്ര്യരേഖയ്ക്ക് മുകളിലെത്തിയെങ്കില്‍ അക്കരെയും ഇക്കരെയുമായി ഏതാണ്ട് എക്സ് x 1.5 മനുഷ്യജീവികളെങ്കിലും ലൈംഗികദാരിദ്ര്യരേഖയ്ക്ക് കീഴിലായെന്നതാണ് സത്യം. ലൈംഗികദാരിദ്ര്യം അവിടെ നില്‍ക്കട്ടെ. വൈകാരിക ദാരിദ്ര്യമോ? ആറ്റില്‍ കളഞ്ഞാലും അളന്ന് കളയണമെന്നാണ് പഴമൊഴി. ഇതൊന്ന് പഠിക്കാന്‍പോലും ആര്‍ക്കും പറ്റിയില്ല. പ്ലാനിംഗ് കമ്മീഷന്‍ വൈസ് ചെയര്‍മാനായിരുന്ന ഐ. എസ്. ഗുലാത്തിയുടെ ഭാര്യ ലീലാ ഗുലാത്തി എഴുതിയ in the absense of their men തുടങ്ങിയ ഒന്നു രണ്ട് പഠനങ്ങളാണ് ആകെ ഉണ്ടായത്. ഇന്നത്തെ സ്ഥിതിയോ - മലയാളികള്‍ക്കു പിന്നാലെ തമിഴരും ഏറ്റവും ഒടുവില്‍ ഗള്‍ഫിലെ കണ്‍സ്ട്രക്ഷന്‍ ബൂമിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് തെലുങ്കരും പല ഉത്തരേന്ത്യന്‍ സംസ്ഥാനക്കാരും ഗള്‍ഫിലെ വെയിലു കൊള്ളാന്‍ വരുന്നു. അതെന്ത് വെയിലാണെന്നറിയാമോ? ഒന്ന് കൊണ്ടാലേ മനസ്സിലാവൂ. കോണ്ട്രാക്റ്റ് ലേബറിന്റെ വാരിക്കുഴികള്‍, ലേബര്‍ ക്യാമ്പുകളിലെ ജീവിതം, ഫാമിലി സ്റ്റാറ്റസ് ഇല്ലായ്മ... ഇങ്ങനെ ഒരാളെങ്കിലും ജീവിക്കുമ്പോള്‍ ഇന്ത്യ പുലിയാകുമോ? അതോ ഇന്ത്യയിപ്പോഴും പുലിത്തോലിട്ട പശു തന്നെയോ? ആ‍ട്ടിന്തോലിട്ട ചെന്നായ ആകുന്നതിനേക്കാള്‍ ഭേദമാണോ പുലിത്തോലിട്ട പശുവാകുന്നത്?

4 comments:

ബയാന്‍ said...

ഗള്‍ഫിലെ വെയിലിന്റെ കാഠിന്യം ചിത്രങ്ങള്‍ ക്കു ഒപ്പിയെടുക്കാന്‍ പറ്റാറില്ല; നിര്‍മ്മാണ തൊഴിലാളികളികളുടെ ദൈന്യതയാര്‍ന്ന മുഖം കാണുമ്പോള്‍ എനിക്കു കുറ്റബോധം തോന്നാറുണ്ട്. നമ്മുടെ നാടിന്റെ മക്കളാണല്ലോ ഇവര്‍.

chithrakaran ചിത്രകാരന്‍ said...

വളരെ നല്ല പൊസ്റ്റ് സുഹൃത്തേ !!!
വിദേശമലയാളിയുടെ ചിലവില്‍ ഒരു മനുഷ്യനായിത്തീര്‍ന്നവന്‍ എന്ന നിലയില്‍ അവരോടുള്ള അകൈതവമായ നന്ദിയും,കടപ്പാടും മനസ്സില്‍ വച്ചുകൊണ്ടുതന്നെ പറയട്ടെ.
വിദേശത്ത് മാസം എത്ര ലക്ഷമോ, കോടിയോ ശംബളം ലഭിക്കുന്ന ജോലിയാണെങ്കിലും... അത് അന്യന്റെ അടുക്കളപ്പണിക്കു പോകുന്ന അത്രതന്നെ അഭിമാനം കുറഞ്ഞ ജോലിയാണ്.

മക്കളെയെങ്കിലും ആ ആത്മാഭിമാനമില്ലാത്ത ജോലിയില്‍ നിന്നും വിലക്കാനായി വിദ്യാഭ്യാസത്തിന്റെയും, അനുഭവത്തിന്റേയും,കഷ്റ്റപ്പാടിലില്‍ വളര്‍ത്തി ദാസ്യ മനോഭാവത്തില്‍നിന്നും രക്ഷ പ്രാപിക്കേണ്ടിയിരിക്കുന്നു.

എന്ന്,... ഗള്‍ഫ് മലയാളിയുടെ വിയര്‍പ്പിന്റെ വില മനസ്സിലാക്കിയ ഒരു മലയാളിയായ ചിത്രകാരന്‍.

WITS said...

Adipoli... u really seem to be getting into that Citizen Journalist mode!

ത്രിശങ്കു / Thrisanku said...

പൊതുവെ പറഞ്ഞാല്‍, ലെവന്‍ പുലി തന്നാ കേട്ടാ.
കേരളത്തില്‍ എന്തുകൊണ്ട്, ഗള്‍ഫിലെ അതെ കണ്‍സ് ട്രക്ഷന്‍ ബൂം ഉണ്ടാകുന്നില്ല? നാം മലയാളികള്‍ മനസ്സുവെയ്ക്കാഞ്ഞിട്ടല്ല്ലേ? നമുക്ക് ഹര്‍ത്താലും, പൊളിച്ചടുക്കലുകളും മതിയോ?

Related Posts with Thumbnails