Monday, September 10, 2007

2010-ല്‍ എന്തു സംഭവിക്കും?


1959-ല്‍ എന്തു സംഭവിച്ചു, 1977-ല്‍ എന്തു സംഭവിച്ചു എന്നെല്ലാം രാഷ്ട്രീയ നേതാക്കന്മാരുടെ പ്രസംഗങ്ങളെ പരിഹസിച്ചിരുന്ന മിമിക്രിക്കാരെ ഓര്‍ക്കുന്നോ? അതില്‍ വലിയൊരു പാഠമുണ്ടായിരുന്നു - നമ്മള്‍ അധികവും പിന്നോട്ടു മാത്രം നോക്കുന്നവരാണെന്ന്. 2010-ഓടെ ലോകത്ത് ഇംഗ്ലീഷ് സംസാരിക്കുന്ന ഏറ്റവുമധികം ആളുകളുള്ള രാജ്യം ഇന്ത്യയാകും എന്ന് World is Flat-ല്‍ വായിച്ചപ്പോള്‍ ആ പാഠം ഓര്‍ത്തു. സായിപ്പിന്റെ മക്കളുടെ തൊഴിലിന് ഇന്ത്യക്കാര്‍ ഭീഷണിയാകുന്ന ആംഗ് ളിലാണ് ഇതവര്‍ കാണുന്നത്. നമ്മുടെ ഭാഷകള്‍ക്ക് ഇത് ഭീഷണിയാവുമോ എന്നാണ് നമ്മള്‍ കാണേണ്ടത്. ഭാഷ എന്നു പറയുമ്പോള്‍ സാഹിത്യം എഴുതാനും സാഹിത്യം വായിക്കാനും പത്രമാസികകള്‍ അച്ചടിക്കാനുമുള്ള മാധ്യമം എന്നു മാത്രമേ ഞാനടക്കമുള്ള സാധാ മലയാളി വിചാരിക്കുന്നുള്ളു. വായന മരിക്കുമൊ എന്നൊക്കെയാണ് പിന്നീടു വരുന്ന മണ്ടന്‍ ചോദ്യങ്ങള്‍. മനുഷ്യനുള്ളിടത്തോളം മറ്റേ വായനയെങ്കിലും നിലനില്‍ക്കും എന്ന് വിചാരിച്ചോണ്ടാ മതി. തെക്കേമേരിക്കയിലെ സ്പാനിഷ്, പോര്‍ട്ടുഗീസ് കോളനിവത്കരണം അവിടത്തെ ഭാഷകളെ കൊന്നു. എന്നിട്ടെന്താ, തമ്പുരാന്മാരുടെ അതേ ഭാഷയില്‍ അസ്റ്റൂറിയാസും മാര്‍കേസുമെല്ലാം തദ്ദേശീയ തീമുകളില്‍ ലോകോത്തര സാഹിത്യം ചമച്ചു. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഇന്തോ-ആംഗ്ലിക്കന്‍ സാഹിത്യം അതിന്റെ എഴുന്നൂറയലത്ത് എത്താന്‍ ശ്രമിക്കുക പോലും ചെയ്തില്ല (ആണുങ്ങടെ കാര്യം പറയുമ്പൊ അരുന്ധതി, ഖുശ്വന്ത് എന്നെല്ലാം പറഞ്ഞേക്കല്ല്). അതേ സമയം മുളാറ്റോകള്‍ (യൂറോപ്യന്‍-ലാറ്റിനമേരിക്കന്‍ സങ്കരസന്തതികള്‍) പെരുകിയിട്ടു പോലും തെക്കേഅമേരിക്കക്കാര്‍ അവരുടെ തനിമ നിലനിര്‍ത്തി. നമ്മളോ, ഇല്ലം വിറ്റു, അമ്മാത്തേയ്ക്കുള്ള വഴിയും മറന്നു. ഇംഗ്ലീഷ് ഭാഷ പഠിക്കും മുമ്പേ ഇംഗ്ലീഷുകാരായിത്തീര്‍ന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുന്നു. മലയാളം എഴുതാനും വായിക്കാനും അറിയാത്തവരെക്കൊണ്ടുപോലും മലയാളം ടൈപ്പ് ചെയ്യിപ്പിക്കുന്ന യൂണികോഡ് പോലുല്‍ള്ള സ്ഫുടതാരകള്‍ ഈ കൂരിരുട്ടിലുണ്ടെങ്കിലും 2010 എന്നു കേള്‍ക്കുമ്പോള്‍ പേടിയാവുന്നു. സായിപ്പിനേക്കാള്‍ പേടിയാവുന്നു.

6 comments:

ഉറുമ്പ്‌ /ANT said...

(ആണുങ്ങടെ കാര്യം പറയുമ്പൊ അരുന്ധതി, ഖുശ്വന്ത് എന്നെല്ലാം പറഞ്ഞേക്കല്ല്).
Excellent..

രാജേഷ് ആർ. വർമ്മ said...

തെക്കേയമേരിക്കയില്‍ യൂറോപ്യന്‍ ഭാഷകള്‍ നാടന്‍ ഭാഷകളെ കൊന്നതുകൊണ്ടാവാം സ്പാനിഷില്‍ സാഹിത്യമുണ്ടായത്‌. ഇന്ത്യയില്‍ ഇംഗ്ലീഷ്‌ സാഹിത്യം ഗതിപിടിക്കാത്തതിന്റെ അര്‍ത്ഥം ഇനിയും നമ്മുടെ ഭാഷകളില്‍ കുറച്ചെങ്കിലും പ്രാണന്‍ ബാക്കിയുണ്ടെന്നായിരിക്കുമോ?

Rammohan Paliyath said...

തെക്കേ അമേരിക്കക്കാരന്‍ അവന്റെ കൊളോണിയല്‍ യജമാനന്റെ ഭാഷയില്‍ എഴുതിയതിനോളമൊന്നും വരില്ല മിക്കവാറും ഇന്ത്യന്‍ എഴുത്തുകാര്‍ അവരുടെ മാതൃഭാഷകളില്‍ എഴുതിയവ. ഒരു ഖണ്ഡേക്കര്‍, ഒരു താരാശങ്കര്‍... ഇങ്ങനെ എണ്ണാം. അതിന് ഒരുപാട് റീസണ്‍സും കാണും. സാഹിത്യമല്ല ഇഷ്യു. ഭാഷയുടെ അനേകം ആവിഷ്ക്കാരങ്ങളില്‍ മാത്രമല്ലെ സാഹിത്യം? സംസാരഭാഷയും മറ്റുമായി ഇംഗ്ലീഷ് വരുമോ? സംസ്ക്കാരം കടലെടുക്കുമോ?

Rammohan Paliyath said...

കമന്റും എഡിറ്റാന്‍ പറ്റണം. ആവിഷ്ക്കാരങ്ങളില്‍ ‘ഒന്നു’ മാത്രമല്ലെ സാഹിത്യം എന്ന് വായിക്കണം.

ഉണ്ണിക്കുട്ടന്‍ said...

പേടിക്കണ്ട് 2010 ആവുമ്പോഴേക്കും ഒരോ വീട്ടിലും അറ്റ്ലീസ്റ്റ് ഒരു മലയാളം ബ്ലോഗറെങ്കിലും വേണമെന്നൊരു നിയമം നമുക്കെ സമരം ചെയ്തു കൊണ്ടു വരാമെന്നേ..
അങ്ങനെ വന്നാല്‍ മലയാളത്തിന്റെ ഭാവി 'ഭദ്രം' :)

sunilraj said...

ദുബായില്‍ ഒരു മലയാളി സുഹൃത്ത്‌ വീട്ടില്‍ കുട്ടികളോട്‌ ഇംഗ്ലീഷ്‌ ല്‍ സംസാരിക്കുന്നതിനു കാരണം പറഞ്ഞതു മലയാളം പഠിച്ചതു കൊണ്ടു എന്തു പ്രയോജനം എന്നാണു.

വയസായ സ്വന്തം അഛനേയും അമ്മയേയും നോക്കുന്നതുകൊണ്ടു പ്രയോജനം ഇല്ല എന്നു പറയുന്നതിനു തുല്ല്യമാണു ആ പറഞ്ഞതു.

അതുകൊണ്ടു മലയാള ഭാഷ യുടെ ചരമം അടുത്തുകൊണ്ടിരിക്കുകയാണു എന്നു എനിക്കു തോന്നുന്നു.

Related Posts with Thumbnails